2009, ഡിസംബർ 17, വ്യാഴാഴ്‌ച

സ്മരണകള്‍, ഡിസംബറിലൂടെ.

കഥാപുരുഷന്‍: "വ്യത്യസ്ഥതയുടെ വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ച് കൊണ്ട്, രൂപത്തിലും ഭാവത്തിലും അതാതുകാലങ്ങളില്‍ പുതു സങ്കല്‍പ്പങ്ങള്‍ നല്‍കി പ്രകൃതി അവളെ അവതരിപ്പിക്കുന്നു- 12 വ്യത്യസ്ഥ മുഖം മൂടികള്‍ അണിയിച്ചുകൊണ്ട്. കവാടങ്ങളുടെ ദേവനായ 'ജാനസ്സിന്ടെ' ഓര്‍മ്മകളില്‍ ജനുവരിയില്‍ തുടങ്ങി, നമ്മുടെ കഥാപാത്രം ഡിസംബറിന്റെ ഊഴമെത്തുമബോള്‍്, പാലക്കാടന്‍ ചുരം താണ്ടി വരുന്ന വൃശ്ചികക്കാറ്റെന്ന 'MGR' പാറിപ്പറത്തുന്ന മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത വസ്ത്രം ഒതുക്കി വെക്കാന്‍ കഷ്ടപ്പെടുന്ന ജയലളിതയായി മാറുന്നു അവള്‍- ഡിസംബര്‍. 'പാര്‍വ്വണ ചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു, പരിഭവം ഞാന്‍ മറന്നു' എന്ന് പാടുന്ന നായകന്‍റെ മുന്‍പില്‍ ലജ്ജാവതിയായി നില്‍കുന്ന നമ്മുടെ നായിക - ഡിസംബര്‍."

വഴിപോക്കന്‍് : " ഹലോ, എന്താ പരിപാടി? പറയാനുള്ളത് വേഗം പറഞ്ഞു പോയാല്‍ തടി കേടാകില്ല"

കഥാപുരുഷന്‍: "ശരി മാഷേ, കുറച്ചു കൊഴുപ്പ് കൂട്ടാനായി കാച്ചി പോയതാണ്. എന്തായാലും ഉള്ള സ്റ്റോക്ക്‌ കഴിഞ്ഞു, ഇനി പറയാനുള്ളത് വളച്ചു കെട്ടില്ലാതെ തന്നെ പറഞ്ഞോളാം, കഴുത്തില്‍ നിന്ന് കയ്യെടുക്ക്.
അപ്പൊ പറഞ്ഞു വന്നത് ഡിസംബറിനെ പറ്റി. എങ്ങും ഭസ്മത്തിന്റെയും കര്പ്പൂരത്തിന്ടെയും സുഗന്ധത്താല്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷം. ശരണംവിളികളാല്‍ തുടങ്ങുന്ന ദിവസങ്ങള്‍. വൃശ്ചിക കാറ്റിന്റെ കുളിര്‍മ്മയില്‍ മയങ്ങി നില്‍ക്കുന്ന പുലരികള്‍. വെള്ളരിപൂജയുടെ താളലയത്തില്‍ നില്‍ക്കുന്ന സന്ധ്യ സമയത്തെ ആമ്പലംകാവ് ക്ഷേത്ര പരിസരം. ആമ്പലംകാവിലമ്മയുടെ ഇഷ്ട വഴിപാടായ വെള്ളരി പൂജ. അടാട്ടെ ഇളം തലമുറയുടെ ഇഷ്ട വഴിപാടും വെള്ളരി പൂജ. ഇളം തലമുറ എന്ന് പറയുമ്പോള്‍ തുടര്ന്നുളള പ്രയോഗങ്ങള്‍്ക്കു ചില സാങ്കേതിക പ്രയാസങ്ങള്‍ വരുമെന്ന കാരണത്താല്‍, ആ കൂട്ടത്തിന്റെ പ്രതിനിധി എന്ന നിലക്ക് വിവരണങ്ങള്‍ക്കായി നമുക്ക് ഒരുത്തനെ തിരഞ്ഞെടുക്കാം. 13 വയസ്സോളം പ്രായമുള്ള അവനെ നമുക്ക് "അവന്‍" എന്നു തന്നെ വിളിക്കാം.
അവന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ സ്വാദറിയുന്നതും വെള്ളരിപൂജ രാത്രികളില്‍. തുള്ളല്‍കാരനായി വേഷമിടുന്ന അവന് അത് ജീവിതത്തിലെ ആദ്യ അംഗീകാരമായിരുന്നു. ചെണ്ട കൊട്ടിനനുസരണമായി ചുവടു വെക്കുന്ന അവന്‍റെ മനസ്സും കണ്ണും മാധവേട്ടനിലായിരിക്കും. മാധവേട്ടനായിരുന്നു വെള്ളരി പൂജ തുള്ളല്‍ പഠിപ്പിച്ചിരുന്നത്. മാധവേട്ടന്റെ തുള്ളല്‍ കളരിയില്‍ നിന്നും പുറത്തു കടന്നിട്ടുള്ള ശിഷ്യഗണങ്ങള്‍ ഇപ്പോള്‍ എവിടെയൊക്കെയോ ആയി ചിതറി കിടക്കുന്നു. ചുവടുകള്‍ പിഴക്കുമ്പോള്‍ ചെണ്ടക്കോല്‍ കൊണ്ടുള്ള സ്നേഹലാളനം, എവിടെയൊക്കെയോ ഇരുന്ന് ഇത് വായിക്കുന്ന അവന്‍ അയവിറക്കുന്നുണ്ടാകും. രാത്രി ഏഴു മണിയോടെ തുടങ്ങി ഒന്‍പതു മണിയുടെ കളം മായ്ക്കല്‍ തുള്ളലില്‍ അവസാനിച്ചിരുന്ന വെള്ളരിപൂജ ചുരുങ്ങി ചുരുങ്ങി ഏഴരയോടെ അവസാനിക്കുന്ന നിലയിലായി; അതും കാലത്തിന്റെ ആവശ്യകത.

കളം വരയ്ക്കുന്ന പരിപാടിയാണ് വെള്ളരിപൂജയുടെ പ്രധാന ഒരുക്കങ്ങളില്‍ ഒന്ന്. ഈ പണി മിക്കതും കിട്ടിയിരുന്നത് വെള്ളരിപൂജയിലെ അരങ്ങേറ്റകാര്ക്കായിരുന്നു. രണ്ടോ മൂണോ വര്ഷം പഴക്കമുള്ള തുളളല്‍കാര്‍, ഈ അരങ്ങേറ്റകാരുടെ മുന്‍പില്‍ ആശാന്‍മാരായി. അങ്ങിനെ തുടങ്ങി അരങ്ങേറ്റകാരനായ അവന്റെ ട്രെയിനിംഗ്. അരിപ്പൊടിയില്‍ മഞ്ഞളും, ചുണ്ണാമ്പും, പച്ചിലപ്പൊടിയും കൂട്ടി വിവിധ വര്‍ണ്ണങ്ങള്‍ കളങ്ങളായി മാറുമ്പോള്‍ അവന്‍റെ അന്നത്തെ ദിവസം സഫലമാവുകയായിരുന്നു. ഓരോ ദിവസങ്ങളിലും ഓരോ കളങ്ങളായിരുന്നു. അവയ്ക്കോരോന്നിനും ഓരോ പേരുകളും.

പോക്കറ്റ്‌ മണി എന്തെന്നറിയാതിരുന്ന അവന്റെ മുന്‍പില്‍ തുള്ളലിലൂടെയുള്ള വരുമാനം പുതിയ വാതായനങ്ങള്‍ തുറന്നിട്ടു. ഈ പോക്കറ്റ്‌ മണി ചിറ്റിലപ്പിള്ളി മിനി, മുതുവറ താര എന്നീ സിനിമ കൊട്ടകകളിലെ ടിക്കെററ്കളായ് മാറാന്‍ തുടങ്ങിയപ്പോള്‍, അവന്‍ സാമ്പത്തിക ശാസ്ത്രത്തിലെ Law of diminishing marginal utility യും ക്രെഡിറ്റ്‌ സിസ്റ്റവും എന്തെന്നറിഞ്ഞു. പൂജക്കുള്ള സമയം വൈകുമ്പോള്‍ സിനിമക്കു പോകാനുള്ള അവസാനത്തെ ബസ്‌ മിസ്സ്‌ ആകുമോ എന്ന വിങ്ങലായിരുന്നു അവന്‍റെ മനസ്സില്‍. ബസ്‌ മിസ്സ്‌ ആകുന്ന ദിവസങ്ങളില്‍ പൂജ നടത്തിയിരുന്ന പട്ടരെയും ചെണ്ട കൊട്ടിയിരുന്ന മാധവേട്ടനെയും ഉള്ളില്‍ ശപിച്ചിരുന്ന ദിവസങ്ങള്‍.
ഡിസംബറിലെ അവസാനത്തോടെയുള്ള (ധനുമാസത്തില്‍) പള്ളിപ്പാനയില്‍് വെള്ളരിപൂജ അവസാനിക്കുമ്പോള്‍ വരുമാനത്തിന്റെ തുറന്നിട്ട വാതിലുകളായിരുന്നു കൊട്ടിയടക്കപ്പെട്ടിരുന്നത്. Who moved my cheese എന്ന പുസ്തകം അന്നാരും എഴുതിയിരുന്നില്ലെങ്കിലും, പറമ്പിലെ കശുവണ്ടിയും മറ്റും പുതിയ വരുമാന സ്രോതസ്സുകളാണെന്ന അറിവുണ്ടായി അവന്. വെളളരിപൂജ തുള്ളലിനു മുന്‍പത്തെ ഇടവേളകളില്‍, അമ്പലത്തിനു പിന്നിലെ ആലിന്ടെ പരിസരവും മറ്റും, പുത്തനറിവുകളുടെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയായി അവന്. ഒരുനാള്‍ തടുപ്പിള്ളിയില്‍ ആരുമറിയാതെ പൊറോട്ട ഉണ്ടാക്കി വെച്ചതും, തുള്ളല്‍ കഴിഞ്ഞപ്പോളേക്കും ആ പോറോട്ടകള്‍ ആരാരുമറിയാതെ അപ്രത്യക്ഷമായതും മറ്റൊരു കഥ.

പള്ളിപ്പാന എന്ന് പറയുമ്പോള്‍ അവനാദ്യം ഓര്‍മ്മ വരുന്നത് ഉണ്ണിപ്പിണ്ടിയുടെയും മഞ്ഞള്‍ പൊടിയുടെയും മണമാണ്. പാന നാളിലെ കളം അതിഗംഭീരം തന്നെ. തിരിയുഴിച്ചില്‍ നടത്തുന്ന ആള്‍ പാന നാളിലെ നായകനായിരുന്നു. കുരുത്തോല തണ്ടിന്റെ അറ്റത്ത് എണ്ണയില്‍ മുക്കിയ പന്തം കൊണ്ട് മായാജാലങ്ങള്‍ കാട്ടിയിരുന്ന ഈ നായകനിലായിരിക്കും എല്ലാവരുടെയും കണ്ണുകള്‍. ഇക്കാരണം കൊണ്ട് തന്നെ ഒരുപാട് lobbying നടന്നിരുന്ന ഒരു സ്ഥാനമായിരുന്നു അത്.
പാന നാളിലെ രാത്രികള്‍ അതി മനോഹരമാണ്. തുള്ളുന്നവന് അന്ന് രാത്രി ഉറക്കമില്ല. അമ്പലത്തിനടുത്തെ സ്റ്റേജില്‍ ആരെങ്കിലും തല ചയ്ച്ചാല്‍ അന്നവന്റെ കഷ്ടകാലം. അതുപോലെ തന്നെ തുള്ളല്‍കാര്‍ക്കിടയിലെ പഴയകാല വൈരാഗ്യങ്ങള്‍ തീര്ത്തിരുന്നതും ഈ രാത്രി.ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഈ കുടിപ്പകകള്‍ തീര്‍ത്തിരുന്നത്‌. ഒരു ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ കണക്കുകള്‍ ചിലപ്പോള്‍ അടുത്ത വര്‍ഷത്തെ പാന നാളുകള്‍ വരെ നീട്നു നിന്നിരുന്നെന്നു കേട്ട് കേള്‍വി. 'God Father' എന്ന നോവലെഴുതുമ്പോള്‍ 'Puzo' ചേട്ടന്‍ ഇതിനെപ്പറ്റിയൊന്നും അറിഞ്ഞു കാണില്ല . അറിഞ്ഞിരുന്നെങ്കില്‍ ഒരു ലോക്കല്‍ 'Vito Corleone', അടാട്ട് നിന്നും പിറവിയെടുത്തേനെ. Puzo ചേട്ടന്‍ അറിയാതെ തന്നെ ഞങ്ങള്‍ക്കിടയിലെ രഘുവും മൂപ്പനും മറ്റും ഈ വേഷങ്ങള്‍ ആടി തകര്‍ത്തു.
പാന നാളിലെ പുലര്ച്ചക്കുള്ള കളം മായ്ക്കലില്‍് ഈ കൊച്ചു തല്ലു കൂട്ടങ്ങളും അവിടെ വെച്ച് മായ്ക്കപ്പെട്ടിരുന്നു. (അടുത്ത വര്ഷം വരേയ്ക്കും).
പള്ളിപാനക്ക് ചില സ്ഥിരം കാണികള്‍ ഉണ്ട്. അങ്ങിനെ ഒരാളായ പാറു ചേച്ചിയുടെ പേര് കുറിക്കാതെ എങ്ങിനെ ഈ പോസ്റ്റ്‌ പൂര്‍ണ്ണമാകും?
പാനനാളില്‍് പൂജക്ക്‌ ശേഷം ഉപേക്ഷിച്ചിരുന്ന മരം കൊണ്ടുണ്ടാക്കിയ കരണ്ടി, അവന്‍ നിധി പോലെ കാത്തു സൂക്ഷിച്ചിരുന്നു. പാന കഴിഞ്ഞു പിറ്റേ ദിവസം, തന്റെ കളിക്കൂട്ടുകാരിയുമൊത്ത്(അല്ലെങ്കില്‍ കൂട്ടുകാരനുമായി) വീട്ടു മുറ്റത്ത്‌ സാങ്കല്‍പ്പിക കളം വരച്ച്, പൂജയും, തിരിയുഴിച്ചലും, ചെണ്ട കൊട്ടും ഏകാകിയായി നടത്തിയിരുന്ന അവന്‍, അവളുടെ കണ്ണിലെ വീര നായകന്‍.

ഡിസംബറിനെ പറ്റി പറയുമ്പോള്‍ പിന്നയും ഉണ്ട് പറയാന്‍. പാടത്ത് പണിയിലെ വീണ്ടി വലിക്കലിന്റെയും പുല്ലു പറിക്കലിന്റെയും സമയം. ആര്‍മ്മിയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്ക്‌ പൂരത്തിന് ലീവ് കിട്ടാതിരുന്നപ്പോള്‍, "VEENDI VALI STARTED, REACH IMMEDIATELY" എന്ന് കമ്പി അടിച്ചതും, അത് വായിച്ച ശേഷം അദ്ധേഹത്തിന്റെ 'CO' ഇതെന്തൊ പന്തികേടാണെന്ന് കരുതി ഉടനെ ലീവ് അനുവദിച്ചതും മറ്റൊരു ചരിത്രം. ആല്‍ത്തറ പരിസരത്ത് SHUTTLE BADMINTON കളിക്ക് വിരാമമിട്ടിരുന്നതും ഡിസംബര്‍. കാരണം പാലക്കാടന്‍ ചുരം താണ്ടി വരുന്ന MGR കാറ്റ് തന്നെ. ഓര്‍മ്മകള്‍ അങ്ങിനെ പോകുന്നു.

ഇതെല്ലാം വായിക്കുന്ന അടാട്ടുകാരന്‍, കാലിന്മേല്‍ പഴയ മഞ്ഞപ്പൊടിയുടെ പാടുകള്‍ ഉണ്ടോ എന്ന് പരതുന്നുണ്ടെങ്കില്‍ അവനെ കുറ്റം പറയുന്നില്ല; ഈ ഓര്‍മ്മകള്‍ അവന്റെ DNA യില്‍ അലിഞ്ഞു കഴിഞ്ഞു. അവയ്ക്ക് ഒരു പക്ഷെ മങ്ങലേറ്റിട്ടുണ്ടാകാം, പക്ഷെ ഇവയൊന്നുമില്ലാതത അവന്‍ അപൂര്ണണന്‍. നിരര്‍ത്ഥകമായ ദുഖത്തിന്റെ ധാരാളിത്തത്തില്‍ ജീവിക്കുന്ന പ്രവാസിയായ അവന്‍, അതുകൊണ്ട് തന്നെയാണ് ജീവിതസായാഹ്നത്തില്‍ ആല്‍ത്തറയില്‍ തിരിച്ചെത്തുന്നതും, സൃഷ്ടി സ്ഥിതി ലയങ്ങളുടെ ദുരൂഹതയെ ഭയക്കാന്‍ ഇഷ്ടപ്പെടുന്നതും . യുക്തിക്കും വിശ്വാസങ്ങള്‍ക്കും അതീതമായി ഇരുട്ടിന്ടെ ദുരൂഹതയെ അവന്‍ പ്രേമിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ട്.
എല്ലാ അടാട്ടുകാര്‍ക്കും ഈ പോസ്റ്റ്‌ സമര്‍പ്പിച്ചു കൊണ്ട് തല്‍ക്കാലം വിട വാങ്ങുന്നു. അതിനു മുന്‍പ് തുടക്കത്തില്‍ കഴുത്തില്‍ പിടിച്ച വഴിപോക്കനോടുള്ള ഒരു വെല്ലുവിളിയായി ആ മനോഹര വരികള്‍ കടമെടുത്ത് ഇവിടെ കുറിക്കുന്നു.
"സായാഹ്നയാത്രകളുടെ അച്ഛാ, വിട തരിക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ന്ന് തുന്നിയ പുനര്‍ജ്ജനിയുടെ കൂട് വിട്ട് ഞാനിതാ യാത്രയാകുന്നു......................."

2009, ഡിസംബർ 1, ചൊവ്വാഴ്ച

ഇതെന്നാത്തിന്‍ കിളിയാ?

"ഞാന്‍ജോണിക്കുട്ടി. ഇപ്പോള്‍ കുടുംബസമേതം കേരളത്തിന് പുറത്തെവിടെയോ താമസിക്കുന്നു. കഴിഞ്ഞ ആഴ്ച ഇറങ്ങിയ KERALA CAFE എന്ന സിനിമ സമാഹാരത്തിലെ ആദ്യ സിനിമയായ NOSTALGIA' യില്‍ നിങ്ങളെന്നെ കണ്ടു കാണും. മറുനാടന്‍ മലയാളികളുടെ കപട ഗ്രിഹാതുരതയെ പദ്മകുമാര്‍ എന്ന സംവിധായകന്‍ രസകരമായി അവതരിപ്പിച്ചു. ജോണിക്കുട്ടി എന്ന എന്നെ ദിലീപ് എന്ന നടന്‍ സാമാന്യം മോശമില്ലാതെ അവതരിപ്പിച്ചു. പക്ഷെ ഉള്ളത് പറയാലോ, എനിക്ക് കാണിക്കാനുള്ള വിക്രിയകള്‍ മുഴുവനും കാണിക്കാന്‍ സമയം കിട്ടിയില്ല. അതിന് പപ്പേട്ടനെ (സംവിധായകനെ ഞാന്‍ അങ്ങിനെയാ വിളിക്ക്യാ) കുറ്റം പറയാന്‍ പറ്റില്യാട്ട. ആകെ പത്ത് മിനിട്ട് സമയാണ് രഞ്ജിത്ത് കൊടുത്തത്. എളുപ്പല്ല പത്ത് മിനിട്ട് കൊണ്ട് എന്റെ വിക്രിയകള്‍ മൊത്തം കാണിക്കാന്‍. അതുകൊണ്ട് ഞാന്‍ ഈ ബ്ലോഗില്‍ വന്നു, കുറച്ചുകൂടി വിശദീകരിക്കാന്‍.
കപടമായ ഗ്രിഹാതുരതയെ മുഖമുദ്രയാക്കിയ ജോണിക്കുട്ടിമാര്‍ എല്ലാ നാട്ടിലും കാണും.അടാട്ട് ഇല്ല്യേ രാമാ? ഉണ്ടെങ്കിലും അവന്‍ ഇല്ല്യ എന്നെ പറയൂ.

നാട്ടില്‍ വരുമ്പോള്‍ ഞാന്‍ നാടിനെ പറ്റി മൊത്തം കുറ്റം പറയും. നാട്ടിലെ Planning ഇല്ലയ്മ്മ, റോഡുകളുടെ ശോചനീയാവസ്ഥ, രാഷ്ട്രീയത്തിന്റെ അതിപ്രസരം, അങ്ങിനെ അങ്ങിനെ. തിരിച്ചു മറുനാട്ടിലെത്യാലൊ, ദാസേട്ടന്റെ പഴയകാല ഗാനങ്ങളും, ഗ്രാമഭംഗിയെ പറ്റിയുള്ള വാതോരാതെയുള്ള പ്രസംഗവും.

ലീവില്‍ വരുമ്പോള്‍ മുടി നീട്ടി വളര്‍ത്തും, അല്ലെങ്കില്‍ പറ്റ വെട്ടും. ഞാന്‍ സെമി ക്ലാസിക്കല്‍ ടച്ച്‌ ഉള്ള ഗാനങ്ങളാ മൂളിപ്പാട്ടായി കൂടുതലും പാടി നടക്കുക; യേശുദാസിനെ ദാസേട്ടന്‍ എന്നേ വിളിക്കൂ, രവീന്ദ്രനെ രവീന്ദ്രന്‍ മാഷെന്നും. സിനിമയെ പറ്റി പറയുമ്പോള്‍ ജോണിന്റെ അമ്മയെ കാണാന്‍, അടൂരിന്റെ സ്വയം വരം ഇവയൊക്കെ തലങ്ങും വെലങ്ങും പ്രയോഗിക്കും ഞാന്‍. ജോണിനെ മനസ്സിലായി കാണുമല്ലോ? അതെ ജോണ്‍ അബ്രഹാം തന്നെ. നാട്ടിലായിരുന്നപ്പോള്‍് അദ്ധേഹത്തിന്റെ ഒരു സിനിമ പോലും കണ്ടിരുന്നില്ല. പക്ഷെ ഇപ്പൊ അതാണോ സ്ഥിതി. ബുദ്ധിജീവിയായ കോടീശ്വരന്‍ ആകണമെങ്കില്‍ ഇത്തരം കൈക്രിയകള്‍ കൂടിയേ തീരൂ.
കലാഭവന്‍ മണി എന്റെ ജന്മ ശത്രു. അതൊക്കെ കാവാലത്തിന്റെയും കടമ്മനിട്ടയുടെയും കവിതകള്‍ എന്ന് പറയും ഞാന്‍. ശാന്തേ..........
പൂരത്തിന് വരുമ്പോള്‍ ഞാന്‍ തനി നാടനാ. തോര്‍ത്തുമുണ്ട് കൊണ്ട് തലേക്കെട്ടും കെട്ടി കാവി മുണ്ടും ചുറ്റി. കയ്യില്‍ Blackberry നിര്‍ബന്ധം. ഓഫീസിലെ mail access ചെയ്യണ്ടേ? നാട്ടില്‍ ജോലി ചെയ്യുന്നസുഹൃത്തിനോട്‌ പറയും "നീയെത്ര ഭാഗ്യവാന്‍, അവിടെ ജീവിതമുണ്ടോ? വിഷുവുണ്ടോ, കണിക്കൊന്നയുണ്ടോ, ഓണമുണ്ടോ ..." എഴുതാന്‍ പറ്റുമെങ്കില്‍ ബ്ലോഗിലൂടെ നുറുങ്ങു സാഹിത്യവും അടിച്ച് വിടും.

ഇതൊക്കെ പറഞ്ഞപ്പോള്‍ ഒരു സംഭവം ഓര്മ്മ വന്നു. ഞങ്ങളുടെ നാട്ടിലെ ഒരാള്‍ മദ്രാസില്‍ പോയിതിരിച്ചു വന്നു. ഒരു നാള്‍ കാലത്തു പല്ലു തേച്ചു കൊണ്ടിരിക്കുമ്പോള്‍, മുറ്റത്ത്‌ നില്‍കുന്ന കോഴിയെകണ്ടു. മുറ്റമടിച്ചു കൊണ്ടിരിക്കുന്ന അദ്ധേഹത്തിന്റെ അമ്മുമ്മയോടു ചോദിച്ചത്രേ, "ഇതെന്നാത്തിന്‍കിളിയാ" എന്ന്. ചൂല് താഴെയിട്ടു അദ്ധേഹത്തിന്റെ അമ്മൂമ്മ പറഞ്ഞ തൃക്ഷരി ഇവിടെ പറയാന്‍ പറ്റില്ല.
പക്ഷെ അതോടെ തീര്ന്നു അദ്ധേഹത്തിന്റെ ഗ്രിഹാതുരതയും മറ്റും. അതുപോലുള്ള അമ്മുമ്മമാര്‍ ഇന്നില്ലാതെ പോയി, അതൊകൊണ്ട് എന്നെ പോലുള്ള ജോണിക്കുട്ടിമാര്‍ വിളയാടുന്നു.
Excuse me, mobile അടിക്കുന്നു. (Ring tone : വെറുതെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായിഗ്രാമം കൊതിക്കാറുന്ടെന്നും...)

ഞാന്‍ ജോണികുട്ടി, നമ്മള്‍ എല്ലവരിലുമുളള ജോണികുട്ടി. തല്‍ക്കാലം ഞാന്‍ ഇവിടെ നിന്നും വിടവാങ്ങുന്നു. "

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്