2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

നെല്ലിയാമ്പതി- ഒരു യാത്രാ വിവരണം.

അഷ്ടദിക്പാലകന്‍മാര്‍ക്കായി 8 JDF സമര്‍പ്പിച്ചുകൊണ്ട് , വടക്കുംനാഥന്റെ തിരുമുറ്റത്ത്‌ നിന്ന് , നെല്ലി ദേവതയുടെ ദേശമായ, നെല്ലികുളത്തിലെ പൊതിയായ (പൊതി എന്നാല്‍ തറ എന്നാണ് ഉത്തര പാലക്കാടന്‍ ഭാഷയില്‍ ) നെല്ലിയാമ്പതിയിലേക്ക് ഞങ്ങള്‍ തുടങ്ങി ആ യാത്ര; മധുരമായ ഓര്‍മ്മകളുടെ നിധികുംഭങ്ങള്‍ പിറവിയെടുത്ത യാത്ര. കൂടെയുണ്ടായിരുന്നു ഞങ്ങളുടെ തള്ള - ആമ്പലംകാവിലമ്മ, മക്കളുടെ രക്ഷക്കായി. കഥകള്‍ ഒരുപാട് പിറവിയെടുത്തു, കേള്‍വിക്കാര്‍ ഏറെയുണ്ടായ് !!!
സൌഹൃദത്തിന്റെ പുതിയ ഭാവങ്ങള്‍് കുറിച്ച, ഓര്‍മ്മകള്‍ പിന്നിലേക്കോടിയ ആ യാത്ര. മക്കള്‍ നടത്തിയ ആ യാത്രയുടെ ഒരു വിവരണ ശ്രമം.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു യാത്രയുടെ ഒരുക്കങ്ങള്‍. ഒരു കൂട്ടുകാരന്റെ കല്യാണവുമായ് ബന്ധപ്പെട്ട് ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒത്തു ചേരുന്നു. മാസങ്ങളായി ഇ-മെയിലിലൂടെ നടക്കുന്ന അവരുടെ ചര്ച്ചകള്‍് പ്രാവര്‍ത്തികമാകുന്നു. അങ്ങിനെയാണ് ഈ യാത്ര നടക്കൂന്നത്. അതിരാവിലെ എട്ടു മണിക്ക് തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും പത്തു മണിക്കേ Tempo traveller നു ചുറ്റും ഭക്ത ജനങ്ങള്‍ എത്തിയുള്ളൂ. ഇയ്യാനി സുനി എന്ന നാട്ടില്‍ തന്നെ കാര്‍ ഓടിച്ചിരുന്ന രസികന്‍ ഒരാളായിരുന്നു സാരഥിയായി; നീലകണ്ടന് മാത്രമല്ലല്ലൊ ഡ്രൈവനെ സാരഥി എന്ന് വിളിക്കാന്‍ അവകാശം. തൃശൂര്‍ കഴിഞ്ഞു അഷ്ടദിക്പാലകന്‍മാര്‍ക്കായി സമര്‍പ്പിച്ച ദ്രവ്യം ഉള്ളില്‍ ചെന്നപ്പോള്‍ എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ മംഗലശ്ശേരി നീലകണ്ടന്മാരായി എന്നത് വേറെ കാര്യം. കണ്ടത്തില്‍ ദ്രാവകം നീലയോ ചുമപ്പോ എന്നത് ചോദ്യം.

പതിനാറോളം പേര്‍ വരുന്ന യാത്ര അവിസ്മരണീയമാക്കിയത്, പോയ ആള്‍ക്കാരുടെ ഒത്തൊരുമ തന്നെയാണ്. ഒരുപാട് പേര്‍ വേറെയും വരുമെന്ന് പറഞ്ഞെങ്കിലും, പലരുടെയും ജോലി സംബന്ധമായ തിരക്കിനാല്‍ നാട്ടില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും കൂടാന്‍ കഴിയാതെ പോയി. അവര്‍ കൂടെ വന്നിരുന്നെങ്കില്‍ ഒന്ന് കൂടെ രസകരമായേനെ.
അടാട്ട് നിന്നും യാത്ര തിരിച്ച വണ്ടി തൃശൂര്‍ ഷൊര്ണൂര് റോട്ടില്‍ എത്തിയപ്പോള്‍, Vigilance ഓഫീസിലേക്ക് ഒരു സൈഡ് വലി വന്നു. അവിടെ ജോലി ചെയ്യുന്ന സുരേഷിനെ (ഞങ്ങളുടെ മൂപ്പന്‍) പൊക്കാന്‍. പക്ഷെ "തൃശൂര്‍ നഗരത്തിന്റെ ക്രമസമാധാനം നോക്കാന്‍ ആര്‍?" എന്ന മൂപ്പന്റെ ചോദ്യത്തിന് മുന്‍പില്‍ കൂട്ടം പകച്ചു നിന്നു. അങ്ങിനെ ആ ശ്രമം വിഫലമായി. ആ ദേഷ്യത്തിന് കാടന്‍ എന്ന ഞങ്ങളുടെ K.K മേനോന്‍ (K.K മേനോന്‍ ബസ്സുമായി യാതൊരു ബന്ധവുമില്ല്യട്ടോ, അവനും പേരിന്ടെ അറ്റത്ത് ഒരു മേനോന്‍് വേണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കാട്ടറബി കാട്ടം മേനോന്‍ എന്ന പേര്‍ K.K മേനോന്‍ ആക്കി ഫിറ്റ്‌ ചെയ്തു കൊടുത്തതാണ്) പഴക്കടയില്‍ നിന്നും ഒരു കുല പഴവുമായി വണ്ടിയില്‍ കയറി. വണ്ടി വടക്കുംനാഥനെ ചുറ്റി കറങ്ങുമ്പോള്‍ പഴക്കുലയുമായി താണ്ഡവമാടി ആമ്പലങ്കാവിന്റെ മക്കള്‍.
അടുത്ത ശ്രമം പാണ്ടി എന്ന സുഹൃത്തിനെ പൊക്കുക എന്നതായി. പുറകില്‍നിന്ന് , JDF എന്തിയ കവികള്‍ കുചേല, കേകാ വൃത്തങ്ങളില്‍ ഓതി- "വിടെട വണ്ടി മദിരാശിയിലേക്ക് "(മാന്നാര്‍ മത്തായി സിനിമയിലെ sequence ഓര്‍ക്കുക). മദിരാശിയില്‍ ജോലി ചെയ്യുന്ന പാണ്ടി നാല് ദിവസത്തെ ലീവില്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഫലിപ്പിച്ച ശേഷമാണ് പിന്നെ വണ്ടി ഒരടി മുന്നോട്ടു നീങ്ങിയത്.

അങ്ങിനെ വണ്ടി എത്തി നിന്നു കോലഴിയില്‍, പാണ്ടിയെയും പൊക്കി നേരെ accelerator അഹങ്കാരത്തോടെ എന്ജിനോട് ഓതി "ഓടെടാ........" വണ്ടി എത്തി നിന്നത് വാണിയംപാറയില്‍. അവിടത്തെ ചെറിയ ഒരു നിര്ത്തലിനു ശേഷം പിന്നെ സ്ക്രീനില്‍ തെളിഞ്ഞത് പോത്തുണ്ടി ഡാം ആയിരുന്നു. പോകുന്ന വഴി അതിമനോഹരമായിരുന്നു. പാലക്കാടന്‍ പാടശേഖരങ്ങളുടെ സൌന്ദര്യം അതിമനോഹരം തന്നെ. ഒരു P.കുഞ്ഞിരാമന്‍ നായര്‍ സ്റ്റൈലില്‍ - "പച്ചപ്പിന്റെ മാറില്‍ പൂണൂലിട്ട തോട് ", "ചളിപ്പാടത്തു താരങ്ങള്‍ പിടിത്താള് പെറുക്കവേ; അലക്കിത്തേച്ച കുപ്പയമിട്ടുലാത്തുന്ന വെണ്മുകില്‍." എന്നൊക്കെ കാച്ചാം.



പോത്തുണ്ടി ഡാം- പ്രകൃതി അതിന്റെ സൌന്ദര്യം ഒരു പിശുക്കും കാണിക്കാതെ പ്രദര്ശിപ്പിച്ചു നില്‍ക്കുന സ്ഥലം. സൂര്യന്‍ തലക്കുമീടെ നിന്ന് വരവേല്‍ക്കുമ്പോള്‍ ഡാമിലെ ജലം കണ്ണാടിയായി. ഡാമിന്റെ അടിവാരത്തെ പൂന്തോട്ടവും, അതിനു മുന്‍പിലെ മരവും, ഡാമിലെ വെള്ളത്തില്‍ കണ്ണാടി നോക്കി ചിരിക്കുന്ന സൂര്യമാനും ആയിരുന്നു ഞങ്ങളെ വരവേറ്റത് . നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഈ ഇടത്താവളത്തില്‍ എത്തിയപ്പോഴേക്കും ഓരോരുത്തരും തേന്‍ നുകര്‍ന്ന് മത്തുപിടിച്ച പൂമ്പാററകളായി പാറി നടന്നു. ഡാം പരിസരത്തേക്കു കയറുവാനായി പൂന്തോട്ടത്തിലൂടെ ചവിട്ടു പടികള്‍ ഉണ്ട്. ഇവ കണ്ടപ്പോള്‍ ഞങ്ങള്‍ക്കിടയിലെ പ്രവീണ്‍ എന്ന പൂമ്പാറ്റ, കാളിദാസന് പോലും വര്‍ണ്ണിക്കാന്‍ വെല്ലുവിളി ഉയര്‍ത്തികൊണ്ട്, "മേഘങ്ങളേ കീഴടങ്ങുവിന്‍" എന്ന് ചൊല്ലി ഒരു പറക്കല്‍ നടത്തി. പടികള്‍ കയറിയപ്പോഴേക്കും തളര്‍ന്നെങ്കിലും, ഉടയാടകള്‍ അഴിഞ്ഞു പോയ പാഞ്ചാലനായി അവന്‍ പൊരുതി, ആ രണഭൂവില്‍. മുകളിലെത്തി കൈകള്‍ മേലോട്ട് ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന പ്രവിയുടെ താങ്ങായി നില്‍ക്കുന്ന ഞങ്ങളുടെ പട്ടാളം എന്ന രാമചന്ദ്രന്‍ നായര്‍ വീണ്ടും അദ്ധേഹത്തിന് ദൌത്യത്തോടുള്ള അര്‍പ്പണബോധം പ്രകടിപ്പിച്ചു അവിടെ. മുകളില്‍ ചുറ്റി കറങ്ങി താഴേക്കുള്ള യാത്രയില്‍ പാണ്ടിയെ എടുത്തു ഓടിയ പട്ടാളത്തിന്റെ പ്രകടനവും ഇവിടെ മറക്കാന്‍ പറ്റില്ല.
അവിടെ നിന്ന് നേരെ നെല്ലിയാമ്പതിയില്‍ എത്തിയപ്പോഴേക്കും ഉച്ചയൂണിനുള്ള സമയമായിരുന്നു. താമസിക്കാനും അവിടെ തന്നെ സൌകര്യം ഉണ്ടായിരുന്നു. എല്ലാവരും ഉച്ചഭക്ഷണത്തിനായി മേശക്കു മുന്‍പില്‍ നിരന്നു നില്‍ക്കുന്ന കാഴ്ച ഒരു തീറ്റ മത്സരത്തിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അതിനിടയില്‍ പട്ടാളത്തിന്റെ Discipline, Discipline എന്ന ആക്രോശങ്ങള്‍, വെടിക്കെട്ട്‌ കഴിഞ്ഞു പൊട്ടാത്ത പടക്കങ്ങള്‍ ചീറ്റുന്ന പോലെ കേള്‍ക്കുന്നുണ്ടായിരുന്നു.

അടുത്ത പരിപാടി Trekking ആയിരുന്നു. Poabs എസ്റ്റേറ്റ്‌ ലെ തേയില തോട്ടങ്ങല്‍ക്കിടയിലൂടെ ഉള്ള നടപ്പാതയില്‍ വരി വരിയായി നടക്കുമ്പോള്‍ ഓര്‍മ്മ വന്നത് NCC ക്യാമ്പിനു ട്രെക്കിംഗ് നടത്തുന്ന cadet'കളെയാണ് . ലക്‌ഷ്യം സീതാര്‍കുണ്ട് എന്ന സ്ഥലമായിരുന്നു.വനവാസകാലത്ത് രാമനും ലക്ഷ്മണനും സീതയും ഇവിടെ താമസിച്ചിരുന്നു എന്ന് ഐതീഹ്യം. വഴിയിലെ മലനിരകളും അവയെ തഴുകുന്ന മന്തമാരുതനും അവര്‍ണ്ണനീയം!!!
ഈ മനോഹാരിതയില്‍ മതി മയങ്ങി വിക്ടര്‍ എന്ന സുഹൃത്തിന് കാല്‍പ്പനികതയുടെ പിടി വള്ളി പൊട്ടി. ആരും മൊബൈല്‍ എടുക്കരുത് എന്ന അലിഖിത നിയമം അവന് കുറച്ചു നേരത്തേക്ക് മറക്കേണ്ടി വന്നു. പിന്നില്‍ നടന്ന് അവന്‍ ഫോണിലൂടെ മധുരമായ സംഭാഷണം തുടങ്ങി. ഇത് കേട്ടുകൊണ്ട് ട്രെക്കിംഗ് Cadets മുന്‍പിലും. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു Alfred Hitchcock സിനിമ പോലെ ഒരു നിശബ്ദതയും ഒരു ദീന രോധനവും, അതിനിടയില്‍ "എത്ര പാട്ടുകളായിരുന്നു, എത്ര നമ്ബറുകളായിരുന്നു അതില്‍ എന്നറിയോ നിനക്ക്?" എന്ന വിട്ടു വിട്ട ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. മുന്‍പില്‍ നടക്കുന്നവര്‍ അപ്പോള്‍ പറയുന്നുണ്ടായിരുന്നു "ഇത് വിക്ടറിന്റെ ശബ്ദമല്ലേ?". തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്നത് പ്രൊഫഷണല്‍ നാടകങ്ങളിലെ നായകനെയും വില്ലനെയും പോലെ മൈക്കിനു മുന്‍പില്‍ നില്‍ക്കുന്ന രഘുവിനെയും വിക്ടറിനെയുമാണ് (background music ആയി വയലിനാല്‍് ഒരു Sorrow tune, എല്ലാ സങ്ങതികളോടും കൂടെ വേണമെന്ന് തോന്നി അപ്പോള്‍). വിക്ടറിന്റെ മൊബൈല്‍ നെല്ലിയാമ്പതിയിലെ കൊക്കയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. അതൊരു ആത്മഹത്യയോ അതോ?സംഗതി എന്താണെന്ന് വച്ചാല്‍, മൊബൈല്‍ ആരും എടുക്കെരുതെന്ന നിയമലംഘനം നടത്തിയതിന്റെ പേരില്‍ മൊബൈല്‍ കൊക്കയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഇന്നും കൊക്കയിലെ മൊബൈലില്‍ നിന്നുള്ള വിളികള്‍ വിക്ടറിനെ നിദ്രാ വിഹീനനാക്കുന്നുണ്ടത്രേ.
ഈ പ്രകടനത്തിന് ശേഷം ഞങ്ങള്‍ സീതര്‍കുണ്ടിന്റെ ഒരറ്റത്തെത്തി. അവിടെ വച്ച് വാര്യര് എന്ന സുഹൃത്ത്‌ ഒരു പുതിയ വിഷയത്തിന്റെ ചര്‍ച്ചക്കുള്ള സ്ഫുരണം ഇട്ടു കൊടുത്തു. അത് കാലാകാലമായി റാവു, പപ്പടം എന്നീ സുഹൃത്തുക്കള്‍ക്കിടയില്‍ നില നിന്നിരുന്ന സൌന്തര്യപ്പിണക്കം തീര്‍ക്കുക എന്നതായിരുന്നു. അസ്തമയ സൂര്യനെ സാക്ഷിയാക്കി, വിക്ടറിന്റെ രോദനത്തിന്റെ പശ്ചാത്തലത്തില്‍ ആ സന്ധിസംഭാഷണം തുടങ്ങി. മാധ്യസ്ഥം സ്വാഭാവികമായി രഘു പട്ടാളം ജോഡി തന്നെ ഏറ്റെടുത്തു. അങ്ങിനെ സായന്തന സൂര്യനെ യാത്രയാക്കി ഞങ്ങള്‍ താമസ സ്ഥലത്തെത്തി. അവിടെ Camp fire നു ചുറ്റും ഇരുന്നുള്ള ഗാനമേളയായിരുന്നു. 80കളിലെയും 90കളിലെയും അവിസ്മരണീയമായ ഗാനങ്ങള്‍്ക്കായിരുന്നു മേല്‍ക്കോയ്മ. ഏഴു സ്വരങ്ങളും, പറന്നു പറന്നു പറന്നു ചൊല്ലാനും, നീലമല പൂങ്കുയിലെയും, നാഥാ നീവരും കാലൊച്ച കേള്‍ക്കുവാനും, അന്തിക്കടപ്പുറത്ത്‌ ഓരോലക്കുടചൂടിയും അഗ്നിദേവന് മുന്‍പില്‍ അര്‍പ്പിക്കപ്പെട്ടു. ഗാനരചയിതാക്കള്‍ മുതല്‍ സംഗീത സംവിധായകന്മാര്‍ വരെ വളരെ ആധികാരികമായ Announcement ന്‍റെ ഊര്ജജത്തില്‍് വിക്ടറും രഘുവും, പുല്ലുവും, പാണ്ടിയും, ഗാനമേള തകര്‍ത്തു. അതിനിടയിലെ പട്ടാളത്തിനെ കുറ്റം പറച്ചിലും, അതിനെതിരെയുള്ള കൊണ്ദൃവിന്റെ പ്രകടനവും പിന്നെയുള്ള ഒത്തുതീര്‍പ്പുകളും മറക്കാന്‍ പറ്റില്ല. അതിനിടയില്‍ പശു എന്ന ഉണ്ണി കൊണ്ദൃവിന് മറന്നു പോയ ആള്‍ക്കാരെ കുറിച്ച് തെറി വിളിക്കാന്‍ ഓര്‍മിപ്പിക്കുന്നത്‌ ഒരു കാഴ്ചയായിരുന്നു. എല്ലാം കഴിഞ്ഞു ഉറക്കത്തിലേക്കു പോയ പലരെയും വിളിച്ചുണര്‍ത്തി നീയുറങ്ങാ എന്ന് ചോദിച്ചു ഇനി ഉറങ്ങിക്കോ എന്നും പറഞ്ഞു വീണ്ടും കിടത്തി. അതിനു മറുപടിയായി അവര്‍ വൈലോപ്പിള്ളിയെയും തോല്‍പ്പിച്ചുകൊണ്ട് ശുദ്ധ മലയാളത്തില്‍ മറുമൊഴി നല്‍കി(കവിതാ രൂപത്തില്‍, വൃത്തം ഏതെന്നു നിശ്ചയമില്ല്യ). എല്ലാം കഴിഞ്ഞ്, ഏവരെയും കിടത്തി ഉറക്കി പട്ടാളം അണിഞ്ഞ ഷൂസുമായി കിടക്കയില്‍ അണഞ്ഞു. ഇതെന്താനെന്നു ചോദിച്ചപ്പോള്‍ "ഒരു പട്ടാളക്കാരന്‍ ഇപ്പോഴും ALERT ആയിരിക്കണം, ഏതു അക്രമങ്ങളെയും നേരിടാന്‍" എന്നായിരുന്നു മറുപടി. (നെല്ലിയാമ്പതിയില്‍ എന്തക്രമം എന്ന് ആലോചിച്ചു നിന്ന ശ്രോതാക്കളുടെ അന്തരങ്കം - പൊട്ടലും ചീറ്റലും)

അടുത്ത ദിവസം കാലത്തെഴുനേറ്റ് ഞങ്ങള്‍ ജോഗിംഗ് നടത്തി. വിസ്തൃതമായി കിടക്കുന്ന നെല്ലിയാമ്പതിയിലെ തോട്ടത്തിന്റെ നടുവിലൂടെ. തിരിച്ചു വരുമ്പോള്‍ ഞങ്ങളെയും കാത്തു കൊട്ന്രു നില്പ്പുണ്ടായിരുന്നു. ഒരു ഡ്രില്‍ മാഷുടെ എല്ലാ വിധ ആര്തിയോടും കൂടി. അത് കണ്ടപ്പോള്‍ പലര്‍ക്കും ഓടാന്‍ പോകേണ്ടെന്നു തോന്നി. പിന്നീടങ്ങോട്ട് ദുശ്ശാസനവധം കഥകളിയായിരുന്നു. ഓരോരുത്തര്‍ക്കും അതൊരു ആര്‍മി ക്യാമ്പ്‌ ആക്കി മാറ്റി കോണ്ട്രൂ എന്ന രാമചന്ദ്രന്‍ നായര്‍.
പിന്നെ കുളിയും കഴിഞ്ഞു തിരിച്ചു പോകാന്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ പലരുടെയും മുഖത്തെ ഭാവം എന്തായിരുന്നെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. തിരിച്ചുള്ള യാത്രയില്‍ "ഇയ്യാനി സുനി" എന്ന ഞങ്ങളുടെ ഡ്രൈവന്‍, കണ്ടറിഞ്ഞു തന്നെ "പള്ളി വാള് ഭദ്രവട്ടകം " എന്ന ഗാനം എടുത്തിട്ടു. അതോടെ അടങ്ങിയ കോമരങ്ങള്‍ വീണ്ടും കൊടുങ്ങല്ലൂര്‍ ഭരണിയിലെ കോമരങ്ങളായി മാറി ടെമ്പോ ട്രാവലറിനുള്ളില്‍.

തിരിച്ചു വടക്കുംനാഥന്റെ തിരുമുററത്തെത്തിയപ്പോഴേക്കും ഒരിക്കലും മറക്കാത്ത ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച ഈ യാത്രയുടെ Flashback ലായിപ്പോയി ഓരോരുത്തരും. അങ്ങിനെ പാവപ്പെട്ടവന്റെ ഊട്ടി യില്‍ പോയി ഓര്‍മ്മകളാല്‍ ഒരുപാട് ധനികരായി ഞങ്ങള്‍ തിരിച്ചെത്തി. വീണ്ടും ഇനിയൊരു യാത്രയുടെ പ്രതീക്ഷകളുമായി......
-------------------------
"പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....
പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....
ഇനിയെല്ലാം മറന്നീടാം, നല്ലച്ചാ ഞാന്‍ ഗമിച്ചീടാം
ചതി പെരുകിയ ദാരികനെ കൊല്ലാന്‍, ചെയ്തു വന്നീടാം
അങ്ങനങ്ങനെ .....
പള്ളിവാള്......
വേതാള വാഹനമേറി, പോകുന്നു തമ്പുരാട്ടീ
ദാരിക പുരി സന്നിധി തന്നില്‍, ചെന്നടുക്കുന്നൂ
അങ്ങനങ്ങനെ .....
പള്ളിവാള്.....
പോരിക പോരിനു വേഗം, അസുരേശാ ദാരികനേ
പരമേശ പുത്രിയകനാകും ഭദ്ര ഞാനെന്നോര്ക്കെടാ
അങ്ങനങ്ങനെ .....
പള്ളിവാള്.....
ചങ്കില്‍് മുഴയില്ലാത്ത പെണ്ണിനോട് പോര്‍ചെയ്യാന്‍
തുനിഞ്ഞിറന്ഗുന്നോനല്ലെടി ദാരികവീരന്‍
അങ്ങനങ്ങനെ .....
പള്ളിവാള്.....

പെണ്ണെന്നു നിനച്ചു നീയും പോരില്‍ നിന്നോഴിഞ്ഞാലും
നിന്‍റെ അന്ത്യമായിയെന്നു നീയുറച്ചോടാ, അങ്ങനെ(2)
എന്റെ പള്ളി വാളിന്‍ മൂര്‍ച്ച ഇന്ന് നീയറിയേണം
നിന്‍റെ ശിരസു നല്ലച്ചനിന്നു കാഴ്ച വെക്കേണം, അങ്ങനെ
പോരിന്നു വന്നൊരു പെണ്ണിനെ കണ്ടിട്ട് പേടിച്ചൊളിക്കുന്നൊ കശ്മലാ നീ
പെണ്ണിന്ടെ കരുത്തൊന്നു കാണേണ്ടേ ദാരികാ പോരിന്നു നീയോന്നിറങ്ങി വാടാ
ആ വാക്ക് കേട്ടൊരു നേരം ഓടിയടുക്കുന്നു ദാരികനും
പിന്നെ പുലിപോലെ ഭദ്രയുമായവന്‍ പോര് തുടങ്ങുന്നു രാപ്പകലായ്
ആ നേരം മേലയം കൊണ്ടമ്മ പള്ളിവാള്‍ വീശുന്നു ശ്രീ കുറുംബാ
ഭദ്രന്റെ അറ്റ ശിരസു അന്നേരം ത്രിക്കയ്യിലേന്തുന്നു തമ്പുരാട്ടീ,(3)
അങ്ങനങ്ങനെ ...
പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്