2010, മേയ് 26, ബുധനാഴ്‌ച

ആല്‍ത്തറയിലെ വെടിക്കെട്ടുകാര്‍.

അമ്പലത്തിനടുത്തെ ആല്‍ത്തറ ഒരുപാട് തവണ മുന്‍പും വിഷയമായി വന്നിട്ടുള്ളതാണ്. അതിന്റെ കാരണം എന്താണെന്ന് വച്ചാല്‍, ആല്‍ത്തറ അമ്പലംകാവിന്റെ അവിഭാജ്യ ഘടകമാണ്എന്നതാണ്. ആല്‍ത്തറകള്‍ ഓരോ ഗ്രാമത്തിന്റെയും അവിഭാജ്യ ഘടകമാണ് എന്ന് പറയുന്നതാണ് ശരി. സന്ധ്യസമയത്തെ ആല്‍ത്തറയിലെ കൂടിച്ചേരല്‍ ഓരോ അടാട്ട്കാരന്റെയും ദിനചര്യയുടെ ഭാഗമാണ്. പ്രവാസിയായവന്ടെ നിശബ്ദ ദുഖവും. ഒരു കാലത്ത് മുണ്ടന്‍ ജോസേട്ടന്‍ എന്ന പുലിയുടെ മാളത്തില്‍ പരിശീലനം അഭ്യസിച്ച ശിഷ്യന്മാര്‍ പലരും അദ്ധേഹത്തിന്റെ മാളം തകര്‍ത്തപ്പോള്‍ അവരവരുടെ അങ്കത്തട്ട് ആല്‍ത്തറയിലേക്ക് മാറ്റി. പൊതുവേ പറഞ്ഞാല്‍ VKN ബാധ കൂടിയവര്‍. അടാട്ടിന്റെ സ്വന്തം VKN മാര്‍. "പാടാത്ത വീണയും പാടും" എന്ന് പാടി "ഒരു തുള്ളിയകത്ത് ചെന്നാല്‍" എന്നും, "അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ " എന്ന് പാടി "അലമ്പായേനെ" എന്നും, എന്ന് കൂട്ടി ചേര്‍ത്ത് പാടാന്‍ കെല്‍പ്പുള്ളവര്‍.
പദ്മരാജന്‍, ഭരതന്‍ സിനിമാ കളരിയിലൂടെ വളര്‍ന്ന ജയരാജും, ബ്ലെസ്സിയും സ്വതന്ത്ര സംവിധായകരായ പോലെ ഇവര്‍ വാതിച്ചു തിരികൊളുത്തി കൊണ്ടിരുന്നു. അങ്ങിനെ അവിടത്തെ സായന്തനങ്ങള്‍ സ്വര്ഗതുല്ല്യമായി. തൃശൂര്‍ പൂരത്തിന്റെ ജോസേട്ടനെ വെല്ലുന്ന ഗുണ്ടും അമിട്ടും ആല്‍ത്തറയില്‍ പൊട്ടിവിടര്‍ന്നു, ഇപ്പോഴും വിടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഭൂമിക്കു മുകളിലും ആകാശത്തിനു താഴെയും , സമയമുണ്ടെങ്കില്‍ ബഹിരാകാശത്തെ പറ്റിയുമുള്ള വിഷയങ്ങള്‍ ഇവിടെ സംസാരവിഷയം. പൊട്ടി വിടര്‍ന്ന അമിട്ടുകള്‍ക്ക് വര്ണ്ണങ്ങളേറെയായിരുന്നു. ഞങ്ങടെ അനിയേട്ടനും, കൃഷ്ണകുമാരേട്ടനും, ജോസഫേട്ടനും മത്സരിച്ചു തിരി കൊളുത്തി.
അങ്ങിനെ പൊട്ടി വിടര്‍ന്ന ഏതാനും അമിട്ടുകള്‍.

ഒരേ വാഴയില്‍ രണ്ടു കുലകള്‍ - സംവിധാനം ജോസഫ്‌ and Crew

അതെ ആല്‍ത്തറയിലെ ഒരു സന്ധ്യാ നേരം. ചാവക്കടടുത്തു ഒരു വീട്ടില്‍ ഒരു വാഴയില്‍ രണ്ടിനത്തില്‍ പെട്ട കുലകള്‍ എന്ന് Mr.X . ഒരു സൈഡില്‍ പൂവന്‍, മറ്റേ സൈഡില്‍ പളയംകുടന്‍. ഈ അമിട്ട് വിരിഞ്ഞ ഉടനെ ആല്‍ത്തറയിലെ വേദി തിരുവമ്പാടി, പാറമേക്കാവ് വിഭാകങ്ങളെ പോലെ വാക്കുകള്‍ കൊണ്ടു കുടമാറ്റം തുടങ്ങി. ഇത് നടക്കുന്ന പ്രശ്നമേ ഇല്ലെന്നു ശശിയേട്ടന്റെ നേത്രത്തത്തിലുള്ള തിരുവമ്പാടി. "ഏയ് ചെലപ്പോ നടക്കാം" എന്ന് പാറമേക്കാവ്. തര്‍ക്കം രൂക്ഷമായി. ഇതിനിടയില്‍ ഇതെല്ലം കേട്ട് , ബീടി സൈഡ് ചുണ്ടില്‍ വച്ച് ജോസഫേട്ടന്‍ തന്റെ തനതു ശൈലിയില്‍ താളാത്മകമായി" അ വാഴ അവടെ നിന്ന് കൊലച്ചോട്ര, നിങ്ങക്ക് വെല്ല ചെലവൂണ്ട" . അങ്ങനെ അ വിഷയത്തിനു സമാധാനായി.

കേരള ഗവര്‍ണര്‍ മരിച്ചതിങനെ സംവിധാനം Aniyettan and Crew

ഗവര്‍ണര്‍ surjit Singh Barnala തന്നെ ആണെന്നാണ്‌ ഓര്‍മ്മ. ഏതോ ഒരു ചികിത്സയില്‍ വന്ന പിഴവ് മൂലമാണ് ഗവര്ണ്ണ-റുടെ മരണം എന്ന് പത്രങ്ങളില്‍ വിവാദം. വിഷയം പേരാമംഗലം പോലീസ് സ്റ്റേഷനില്‍ വിഷയമായി വന്നു. അന്ന് അനിയേട്ടന്‍ പേരാമംഗലം സ്റ്റേഷനില്‍ ആണ്ജോലി.ഓ അത് പറഞ്ഞപ്പോ ഒരു കാര്യം, അടാട്ടുകാരനല്ലാത്ത വായനക്കാര്‍ക്ക്. അനിയേട്ടന്‍ എന്ന പ്രസ്ഥാനത്തെ കുറിച്ച് ഒരു ചെറിയ ആമുഖം. അദ്ധേഹം ആല്‍ത്തറ പരിസരത്ത് എത്ത്യാല്‍ ആല്‍ത്തറയില്‍ ആള്‍കൂട്ടം തനിയെ വന്നു ചേരും. കാന്തം കടലാസ്സിന്റെ അടിയില്‍ വച്ചാല് കടലാസിലെ മണ്ണ് കാന്തത്തിന്റെ അടുത്തേക്ക് കൂടുന്ന അതെ പ്രതിഭാസം. Faraday's law, Burnauli's theorem എന്നൊക്കെ പോലെ ഇതിനെ "പച്ചുമാന്‍സ് law of marginal utility" എന്ന് പറയും. അനിയേട്ടന്‍ വന്നാല്‍ ആല്‍ത്തറയിലെ utility ഗ്രഫ് കുതിച്ചുയരും.

വിഷയത്തിലേക്ക് തിരിച്ചെത്താം. ഗവര്ണ്ണറുടെ മരണ കാരണമായി പേരാമംഗലം പോലീസിന്റെ വിലയിരുത്തല്‍ ഇങ്ങന്യാത്രേ. "ചുള്ളന്റെ വയറു പോളിച്ച് നോക്ക്യപ്പോ ശക്തന്‍ മര്ക്കെറ്റിലെ പിന്‍ഭാഗം പോല്യെര്‍ന്നു - ആകെ അളിഞ്ഞ്‌ കേടക്കല്ലേ, ഒപ്പറേഷനു മുന്‍പ് എനിമ കൊടക്കാന്‍ മരന്നുടാ, ചുള്ളന്‍ കാല്യായി അത്രേന്നെ. " വളരെ വിഷമകരമായ വിഷയത്തിന്റെ post mortem report പെരാമംഗലം സ്റ്റേഷനില്‍ നിമിഷാര്‍ദ്ധം കൊണ്ട് അങ്ങിനെ അടിക്കുറിപ്പായി.

യുദ്ധം എങ്ങിനെ പരിഹരിക്കാം? സംവിധാനം ജോസഫ്‌ and Crew
കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. എല്ലായിടത്തും ചര്‍ച്ചാവിഷയം യുദ്ധം തന്നെ ഇന്ത്യ ഓരോ പോയിന്റ് പിടിച്ചെടുത്തതും‌ ആല്‍ത്തറയില്‍ വളരെ ആധികാരികമായ് ചര്‍ച്ചാ വിഷയമായികൊണ്ടിരിക്കുന്നു. അതിനിടയില്‍ ജോസഫേട്ടന്റെ കമെന്റ്."ഇത്രയ്ക്കു ബുദ്ധിമുട്ടണ്ട വല്ല കാര്യണ്ട, മ്മട വറീദേട്ടനെ അതിര്തിയിലന്ഗടാ പാര്‍പ്പിച്ചാ മതി. ഒരു മാസത്തിനു പാക്കിസ്ഥാന്‍ മൊത്തം ഇന്ത്യയിലാ "

ഇപ്പൊ ഓര്‍മ്മയില്‍ വന്നത് ഇത്ര മാത്രം. ഇത് ഇനിയും തുടരുന്നതാണ്.

2010, മേയ് 17, തിങ്കളാഴ്‌ച

ഇന്നലെ കണ്ട സിനിമ

ഒരു ബംഗാളി സുഹൃത്തിന്റെ കയ്യില്‍ നിന്ന് വളരെ രസകരമായി ഒരു CD കിട്ടി. തരുമ്പോള്‍ അവന്‍ ഇതാ പറഞ്ഞെ. "ആദ്യം കാണ്, പിന്നെ സംസാരിക്കാം" എന്ന് . സിനിമയുടെ പേര് "Goopy Gyne Bagha Byne" . കര്‍ഷകന്റെ മകനായ ഗൂപി എന്ന ബാലന്‍, അവന്റെ പാട്ട് പാടാനുള്ള ആഗ്രഹവും , നാടോടി - ക്ലാസിക്കല്‍ സമ്മിശ്ര സംഗീതത്തിന്റെ മനോഹരമായ പശ്ചാത്തലവും നമ്മളെ കുട്ടികാലത്തേക്ക് കൊണ്ടെത്തിക്കും.സിനിമ വിവരിക്കുന്നില്ല . തരായാല്‍ കാണുക.
(Meaning of Title:
Gupy gane- Gupy the singer
Bagha Byne- Bagha the Drummer(Dhol മാതിരിയുള്ള സംഗീത ഉപകരണം)

2010, മേയ് 7, വെള്ളിയാഴ്‌ച

സുഖമോ ദേവി


----------------------------------------------
വീണ്ടും ഒരു പൂരം കൊടിയേറി.(അമ്പലംകാവ് പൂരം മെയ്‌ 13 നു. പഴയ ഒരു പോസ്റ്റ്‌ ഇതാ വീണ്ടും )
----------------------------------------------

രാമന്‍: നാണു നായരെ ,
പയ്യന്‍: പയ്യന്‍ സാറേ നു വിളിക്കെടാ ചെക്കാ
രാമന്‍ : പയ്യന്‍ സാറേ, അമ്പലംകാവ് പൂരത്തിനെ പറ്റിയും മറ്റും ചെറിയ ഒരു "കാച്ചിപ്പൊരിക്കല്" ആയാല്‍കൊള്ളാം .
പയ്യന്‍ : ഓ ഗൃഹാതുരന്റെ വിമ്മിഷ്ടം ലെ. അതിന് വാസുവാണ് കേമന്‍. തൂലിക കൊടുക്ക്‌.
വാസു: അത് ഞാനേറ്റു.

"അതിജീവനത്തിനായി അടിച്ചേല്‍പിച്ച പക്ക്‌ാതയുടെ മുഖംമൂടിയോട് വിടചൊല്ലി, നഗരത്തില്‍നിന്നു ഒരു മേടമാസപ്പുലരിയില്‍ ഞാന്‍ അമ്പലംകാവിലെത്തിയനേരം അമ്പലപ്പറമ്പിലെ അരയാലിനോടായ് ചോദിച്ചു "സുഖമോ ദേവി" .
നിലാവില്‍ മതിമയങ്ങി നില്‍ക്കുകയായിരുന്ന "അവള്‍" എന്നെ മന്ദമാരുതനാല്‍ തഴുകി. ലാസ്യമോ, ശ്രിന്കാരമൊ , വാത്സല്യമോ എന്നറിയാത്ത കാറ്റിന്റെ ആ തലോടല്‍ എന്നെ വര്‍ഷങ്ങള്‍്ക്കു പുറകിലേക്കെത്തിച്ചു . അഹങ്കാരത്തിനും ആത്മവിശ്വാസതിനുമിടയിലെ നേരിയ നൂല്‍പ്പാലത്തില്‍ നിന്നിരുന്ന കൌമാരത്തിലേക്ക്.
അമ്പലംകാവിന്റെ താളലയസ്പന്ദനങ്ങള്‍ മറ്റാരേക്കാളും കൂടുതല്‍ അറിയുകയും ആസ്വതിക്കുകയും ചെയ്തിരുന്നു എന്ന് അഹങ്കരിച്ചിരുന്ന ഞങ്ങള്‍.......

നിലാവുള്ള രാത്രിയില്‍ അമ്പലപ്പറമ്പിലെ പാറയില്‍ കിടന്നു നാളെയുടെ സ്വപ്‌നങ്ങള്‍ നെയ്തിരുന്ന ഞങ്ങള്‍ ......

നാളെയെന്തെന്നറിയാഞ്ഞിട്ടും സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഞങ്ങളെ നോക്കി പുഞ്ചിരി തൂകിയിരുന്ന ചന്ദ്രന്‍. ഈ സ്വപ്നങ്ങളുടെ വര്ണപ്പൊലിമയില്‍് അമ്പലംകാവിലെ രാത്രികള്‍ പകലുകളായ് മാറിയിരുന്നു. രജനിയെ പരിണയിച്ച ഞങ്ങളെ അസൂയയോടെ കള്ളനോട്ടം നോക്കിയിരുന്ന പകലുകള്‍ . ഈ സ്വപ്നങ്ങള്‍്ക്കുളള ഉത്തരം തേടലില്‍് ഞങ്ങള്‍ പല നഗരങ്ങളിലായി ഒറ്റപ്പെട്ടു. "ഞങ്ങളെ" വെറും "ഞാന്‍" ആക്കിയ നഗരങ്ങള്‍".

പ്രവാസം- "ബാല്യകൌമാരത്തില്‍ സ്വരുക്കൂട്ടിയ ഛായാബിംബങ്ങളുടെ, ഗന്ധ സ്പര്‍ശത്തിന്റെ തവണകളായുളള പിന്‍വലിക്കല്‍. ജന്മനാട്ടിലേക്കുല്ല ഓരോ മടക്കുയാത്രയുടെ ഒരുക്കങ്ങളും അവന് വര്ണ്ണിക്കാനാവാത്ത വികാരമാകുന്നു. ഓരോ മടക്കുയാത്രയും ഓര്‍മ്മകളുടെ ഉത്സവങ്ങളും.

ആകാശത്തെ മേഘമാലകളെ ചുംബിച്ചു നിലക്കുന്ന പശ്ചിമഘട്ടത്തിന്റെ സൌന്ദര്യം നുകര്‍ന്ന് പാലക്കാടന്‍ ചുരവും താണ്ടി കേരളക്കരയിലേക്ക് വരുമ്പോള്‍ ,മണിയറയിലേക്ക് പ്രവേശിക്കുന്ന നവവധുവിന്റെ ജിഞാസയായിരുന്നു ഓരോ തവണയും. പിന്നീടുള്ള ഓരോ വഴിയോരക്കാഴ്ച്ചകളും ഓര്‍മ്മകളുടെ മധുവിധുവും.

പ്രഭാതത്തെ വരവേല്‍ക്കുന്ന ശിവപുരി. നേരിയ ഇരുട്ടില്‍ സുപ്രഭാത സംഗീതത്തില്‍ ലയിച്ചുനില്‍ക്കുന്ന തേക്കിന്‍കാടും വടക്കുംനാഥനും. പ്രഭുദ്ധനായ മലയാളിക്കു, വാര്‍ത്തകളുടെ പ്രാതല്‍ എത്തിക്കാന്‍ പരക്കം പായുന്ന മുന്‍സിപ്പല്‍ സ്റ്റാന്റിലെ പത്രവിതരനക്കാര്‍. ചന്ദനത്തിരിയുടെ മാസ്മരിക ഗന്ധത്തില്‍ മുങ്ങി നില്‍കുന്ന ബസ്സുകള്‍. പുത്തന്‍ പള്ളിയുടെ സൌന്ദര്യം നോക്കി ഇനിയും മതിവന്നിട്ടില്ലാത്ത രാമവര്‍മ്മ തമ്പുരാന്‍. പാല്‍ക്കാരന്റെ വിളിച്ചുണര്‍ത്തലുകള്‍ . പാല്‍കുപ്പി മതിലിന്മേല്‍ വച്ചു പോയനേരം മതിലും പാല്‍ കുപ്പിയും പറയുന്ന നിഷ്ക്കളങ്കതയുടെ കഥകള്‍. ഈ ദ്രിശ്യങ്ങളിലെല്ലാം ഇത്ര വശ്യ സൌന്ദര്യം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നോ? ഞാന്‍ മധുരനൊമ്പരത്തോടെ സ്മരിക്കുന്നു, ഇതായിരുന്നു നിന്‍റെ നഷ്ടങ്ങള്‍, അല്ലെന്കില്‍് പുതിയ കണ്ടെത്തലുകള്‍.
നഷ്ട ലാഭങ്ങളുടെ തുലനത്തില്‍ സൂര്യന്റെ ആദ്യകിരണം വീണിരുന്നു. അമ്പലംകാവിലെ സുപ്രഭാതം. ഓര്‍മ്മകളുടെ ഭാരം ഇറക്കി വെച്ചു നേരെ ചെന്നത് അമ്പലക്കുളത്തിലേക്ക്. കടവിനും പറയാനുണ്ടായിരുന്നു ഒരുപാടു കഥകള്‍. വൈകുന്നേരത്തെ കളിയും കഴിഞ്ഞു സൂര്യനെയും "മുള്ളൂരെക്ക്" യാത്രയാക്കി ചിലവഴിച്ചിരുന്ന സന്ദ്യകളുടെ കഥകള്‍ . മുങ്ങി നിവര്ന്നപ്പോഴേക്കും കാലം ഒരുപാടായി. ഓര്‍മ്മകള്‍ക്ക് മങ്ങലായോ? ഇല്ല. ഓര്‍മ്മകള്‍ക്കും വീഞ്ഞിനുമുള്ള സ്വഭാവം , പഴക്കം മാധുര്യം വര്‍ധിപ്പിക്കുന്നു"

പയ്യന്‍: "വാസൂ അത് കൊനീആക്(COGNAC) ആയിരുന്നോ?"
വാസു: "രാമാ, കാല്‍കപ്നികതയുടെ വിരസതയില്‍ പയ്യന്‍ തെറി വിളി തുടങ്ങി , തൂലിക നാണു വിനു കൈമാറുന്നു."
പയ്യന്‍:" ഇനി ഞാനും ഒരു പിടുത്തം പിടിക്കാം "

"കുളക്കടവില്‍ നിന്നും നേരെ എത്തിയത് പഴയ പൂര്‍ത്തീകരിക്കാത്ത കഥയിലെ നായകന്മാര്‍ക്കിടയിലേക്ക് ---
"തുലാക്കാറ്റു പോലെ കടന്നുപോയ ഒരു തലമുറ ". (വി.ടി. യോട് സലാം)
കാലമെന്ന കാഥികന്‍ അവരെ വിവിധ ദേശങ്ങളിലെത്തിച്ചപ്പോള്‍ പിന്നീടുള്ള ഓരോ മേട മാസത്തിലുമവര്‍ ഒന്നിച്ചു, കഥകള്‍ പങ്കുവച്ചു . അതില്‍ ദുഖമുണ്ടായിരുന്നു വിരഹമുണ്ടായിരുന്നു ,സന്തോഷമുണ്ടായിരുന്നു
അമ്പലംകവിലംമ്മയുടെ പിറന്നാളിന്‍ തലേനാള്‍ . തന്റെ പൊന്നോമനകളോടായി മുകളില്‍നിന്നൊരു അശരീരി: " ദാഹത്താല്‍ വലയുന്നോ എന്റെ മക്കളെ?". അയലത്തെ സുന്ദരിയുടെതായിരുന്നു അത്. അമ്പലംകാവിലമ്മ കള്ളച്ചിരിയോടെ നോക്കി . അരയാലിനെകൊണ്ട് സംഗീതമാലഭിപ്പിച്ചു. ആശരീരിയെ പിന്‍തുടര്‍ന്ന് അവര്‍ എത്തിയത് ആത്മാക്കളുടെ വിശ്രമ സ്ഥലമായ മുള്ളുര്‍ ഷാപ്പില്‍ . ശാലീന നിലാവില്‍ കുളിച്ചു നില്‍ക്കയായിരുന്നു "ഷാപ്പ്‌" സുന്ദരി . അത് തലമുറകളുടെ സംഗമം ആയി . വൃതഭങ്ങിയറിയട്ടെ എന്ന് കൂട്ടത്തിലൊരുവന്‍ കളിവാക്ക് ചോദിച്ചപ്പോള്‍ നൂറു ജന്മം നോമ്പ് നോറ്റൊരു "ഷാപ്പ്ണി " യാന്നീ രാധയെന്നവള്‍ മറുപടി പറഞ്ഞു (എത്ര കുടിച്ചാലും ബോധം പോകില്ല എന്ന് വായിക്കുക) . കഥകളുടെ നിര അങ്ങിനെ പോകുന്നു ."
പയ്യന്‍: "വാസു ഇനി താനായിക്കോ "
വാസു: " അതെ ഇന്നു പൂരം. ഓരോ നിമിഷവും മണിക്കൂറുകളും ഞങ്ങള്‍ക്ക് മേളപ്പൊരിക്കലാകുമ്പോള്‍ അതില്‍ വര്‍ത്തമാനകാലം ഭൂതകാലമാകുന്നത് നോക്കി നിശ്വസമാടക്കിയിരുന്ന ഞങ്ങളും.
ഇനി ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായി. ഞങ്ങളില്‍ നിന്നും "ഞാന്‍" ലേക്കുള്ള തിരിച്ചു പോക്ക്. പോകാന്‍ നേരം ഞാന്‍ വീണ്ടും ആരാഞ്ഞു. "സുഖമോ ദേവി?" . മറുപടി മഴയായിരുന്നു. വേനല്‍മഴ പുതു മണ്ണില്‍ തീര്‍ത്ത മാസ്മരിക ഗന്ധത്തില്‍ മതിമറന്നു ഞാനങിനെ നിന്നു.
തുലാവര്‍ഷത്തെ വേനല്‍മഴയുടെ പുതു രൂപത്തില്‍ കണ്ടപ്പോള്‍ മഴയുടെ തോഴനായ മണ്ണിന്ടെ കണ്ണുനീരില്‍ കലര്‍ന്ന പുഞ്ചിരിയോ ഈ ഗന്ധം.
ആ കണ്ണുനീര്‍ അമ്പലംകാവിലെ രാത്രികളെ സ്വര്‍ഗതുല്ല്യമാക്കിയിരുന്ന മിന്നമിന്നികളുടെതായിരുന്നോ?
ആ കണ്ണുനീര്‍ വിട ചൊല്ലുന്ന കാമുകിയുടെതായിരുന്നോ? അമ്മയുടേതായിരുന്നോ? ഭാര്യയുടെതായിരോന്നോ?
മഴയില്‍ ലയിച്ച് ഞാന്‍ വീണ്ടും ഉരുവിട്ടു "സുഖമോ ദേവി, സുഖമോ ദേവി, .........."
പയ്യന്‍: " ഇതു പോരെടാ ചെക്കാ?"
രാമന്‍: "പൊടിപൂരം തിരുനാളില്‍ , നിര്‍മാല്യം"
-പിന്നീടുള്ള അവരുടെ പ്രവാസ ദിനങ്ങള്‍ക്കുള്ള ലഹരിയായി ഈ സ്മരണകള്‍. അടുത്ത കാത്തിരിപ്പിന്റെ തുടക്കവും-
*******************************************************************

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്