2012, ഡിസംബർ 23, ഞായറാഴ്‌ച

NEW GENERATION ബുജി + സംസ്കാരികന്‍ ലുക്ക്‌

രാമന്‍ : ടോ പയ്യന്‍, ഞാന്‍ വല്ല്യ ദു:ഖത്തിലാ

പയ്യന്‍സ്: അതെന്താടാ നീ KPAC നടകത്തിലാ ഇപ്പൊ?

രാമന്‍ : പയ്യന്‍, തമാശക്ക് ഞാന്‍ ഈ പോസ്റ്റിന്റെ അവസാനം ചിരിക്കുന്നതാകുന്നു .. ഇപ്പൊ  ഇത് കേള്‍ക്കുക. അതായത്  കാശല്ല വിഷയം . അതെല്ലാ തെണ്ട്യോള്‍ക്കും ഉണ്ട്  ഇപ്പൊ.

പയ്യന്‍സ് : രാമാ, കാര്യം cliche ആകുന്നു, നീ Pranjiettan' ഉം പഠിക്കുന്നു. രഞ്ജിത്തിന്റെ ആ പടത്തിന് ശേഷം ആ മാര്‍ക്കറ്റ്‌ down ആണ് ..അതുകൊണ്ട്  മാറ്റിപ്പിടിക്ക്.

രാമന്‍ : അതല്ലഡേയ്,  ഒരു ഇമേജ് വേണം, എല്ലാം കലര്‍ന്ന ഒരു fusion ഇമേജ് ..

പയ്യന്‍സ് :  അതാണ്‌ കാര്യം, Fusion , നീയെന്നെ നോക്ക്. ചുമ്മാ  കാശുണ്ടാക്കി കാര്യല്ല. ഏത് , ആ, ഇപ്പൊ demand New Generation, അതില്‍ കേറിപ്പിടിക്കണം .

രാമന്‍ : NEW GENERATION എന്ന് പറയുമ്പോള്‍ അനുപ് മേനോന്‍, ആഷിക്ക്  അബു ടീം അല്ലെ?

പയ്യന്‍സ് :  അതല്ലടാ തെണ്ടി, അവര് വല്ല്യേ ടീമോള്. ഞാന്‍ പറേണത് മ്മടെ local കാര്യം. ആ അപ്പൊ അതാ പറഞ്ഞു വരണെ, ഞാന്‍ പറെണ പോല്ല്യങ്ങനെ ചെയ്യാ.
ആദ്യം വേണ്ടത്  ഒരു നല്ല കണ്ണട വാങ്ങാ, Librarian glass. ഒറ്റ നോട്ടത്തില്‍ ഒരു ബുജി + Newgen ലുക്ക്‌ വേണം. ഇത് fusion ന്റെ കാലം , പണ്ടത്തെ പോലെ ഒരു ജുബ്ബയും താടിയും ആയാല്‍ ഒരാള്‍ തിരിഞ്ഞു നോക്കില്ല .. താടി ആകാം പക്ഷെ trim ചെയ്തു നിര്‍ത്തണം (French ആയാലും മുഷിയില്ല്യ ). നാട്ടില്‍ വരുമ്പോള്‍ വസ്ത്രം, അതിലും വേണം Fusion , ഖാദി മിക്സ്‌, short ജുബ്ബ, കാവി മുണ്ട് . സംവിധായകന്‍ രഞ്ജിത്ത് TV യില് interview നു വരുമ്പോള്‍ ഇടുന്ന type സാധനായാലും മതി.

പിന്നെ വേണ്ടത്  കുറച്ചു സാഹിത്യം , അത് കയ്യിലില്ലെങ്കില്‍ കാണാപാഠം പഠിക്കണം. പേരായാലും മതി, Bibhutibhushan, Orhan pamuk , ആനന്ദ്‌ , വിജയന്‍, മാര്‍ക്കേസ് , യോസ,  വിസ്കിമാര്‍ മൊത്തം, കാമു, ബെന്‍ ഒക്രി, മാക്രി കൂക്രി അങ്ങിനെ അങ്ങിനെ. ഇടക്കൊക്കെ ഒരു 'ഹൈക്കു' കവിതയും ആവാം. നീളവും കുറവ് പരിണതഫലമോ അപാരം !!!

'വിധ്വംസക വാങ്മയത്താല്‍ ' petty പണക്കാരെ ഇരുത്തണം .


രാമന്‍ : അത് ഞാനേറ്റു , പിന്നെ നീയെന്നെ അങ്ങനെ കൊച്ചാക്കല്ലെടാ .. ഒരു വെടിക്കുള്ള സാഹിത്ത്യൊക്കെ എനിക്കുണ്ട്. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ വായിച്ച MT സാധനങ്ങളൊക്കെ  കാണാപാഠാ ..

പയ്യന്‍ : ഇതന്ന്യാ നെന്റെ പ്രശ്നനം. ടാ തെണ്ടി, ഈ MT ഒക്കെ ആര്‍ക്കാ ഇഷ്ടാവാത്തെ. ഞാന്‍ പത്തു തവണയാ 'രണ്ടാമൂഴം' വായിച്ചേ, ഇപ്പോഴും വായിക്കുന്നു .പക്ഷെ പരസ്യായി പറയില്ല്യാ . ഏതു .. മ്മടെ മറ്റേ ലുക്ക്‌ ഇല്ല്യേ,  'Newgen ബുജി പണക്കാരന്‍ സംസ്കാരികന്‍' അവിയല് ലുക്ക്‌, അതിനത്‌ കോട്ടം വരുത്തും ..
"വനവാസക്കാലത്ത് ആരുടെ ഊഴമാന്നു നോക്കിയില്ല ", "ഭിക്ഷ ദ്രൗപതിയാണെന്നറിഞ്ഞിട്ടു തന്നെയാണ് മന്ദാ, ഞാന്‍ പറഞ്ഞത് പങ്കിടാന്‍. .., അമ്മ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ ദു:ഖിച്ചു, അമ്മയുടെ മുന്നില്‍ ദുര്ബ്ബലനായി നില്‍ക്കേണ്ടി വന്നതിലുള്ള ദുഃഖം. പിന്നെ അറിയാതെ അടക്കിപ്പിടിച്ച ഒരു ചിരി പൊട്ടി"  എന്നിങ്ങനീള്ള 'രണ്ടാമൂഴം' വരികളില്‍ ഞാന്‍ ഇപ്പോഴും കുടുങ്ങിക്കെടക്കാ .. ഇന്നാലും മിണ്ടി പോകില്ല .. "MT യോ? ഹും പ്രേം നസീര്‍ എന്ന നടന്റെ സ്ത്രൈണ ശരീരത്തില്‍ ഒതുങ്ങുന്ന സ്വത്വല്ലേ അങ്ങേരുടെ സൃഷ്ടികള്‍ക്കുള്ളൂ " എന്നൊക്കെ കാച്ചണം. മനസ്സിലായോ. എത്രയൊക്കെ ഇഷ്ടായാലും വനപ്രസ്ഥാദി മഞ്ഞിന്‍ അസുരവിത്ത് രസായനം സമ്മതിച്ചു കൊടുക്കരുത്. അപ്പൊ ആള്‍ക്കാര് ഒന്ന് നോക്കും.
ലീവില്‍ നാട്ടില്‍ വരുമ്പോള്‍ സാഹിത്യ Academy യില്‍ പോകാ , അവടെ നില്‍ക്കുന്ന foto എടുക്കാ , ഇന്നട്ടത് FB യില്‍ ഇടാ .. FB കാര്യം പിന്നെ. അതില്‍ കുറച്ചു ശ്രദ്ധിക്കാനുണ്ട്.

രാമന്‍ : അപ്പൊ സാഹിത്യം ok , ഇനി?

പയ്യന്‍ : ഇനി വേണ്ടത് സാഹിത്യന്റെ അനിയച്ചാര്‍ സംസ്കാരികന്‍ . ആദ്യം charity യില്‍ കേറി പിടിക്കണം, അതായത്  വെറും charity പോര. അവശ കലാകാരന്മാരെ സഹായിക്ക്യ, അവശ ചിത്രകാരന്മാരുടെ മോഡേണ്‍ art എന്ന ചവറു, വന്‍ വിലക്ക് വാങ്ങി അതും സഹായം എന്ന് പറഞ്ഞു നടക്കാ ഇതൊക്കെയാണ് കളികള്‍. , അല്ലാണ്ട് അമ്പലത്തിലെ പൂരത്തിന് ആന , വെടിക്കെട്ട്‌, പൂരപ്പന്തല്‍ ഇത്യാദി കണ്‍ട്രി പരിപാടികള്‍ sponsor ചെയത് കൂട്യാല്‍ നിന്റെ കാര്യം പോക്കാ . അതും ആയിക്കോ പക്ഷെ മേല്‍പ്പറഞ്ഞ അവശരെ സഹായിച്ച് സമയവും പണവും മിച്ച്ചമുണ്ട്ങ്കില്‍ മാത്രം.

രാമന്‍ : പയ്യന്‍, നീയാളൊരു പുലി തന്ന്യാട്ട , ഒരു മലയാളി അല്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ എന്നേ അംഗീകരിച്ചെനെ. ഇനി അടുത്തത് എന്താന്നു കൂടി പോരട്ടെ

പയ്യന്‍ : ഇനിയുള്ളത് സിനിമ. സിനമയെ പറ്റി അഭിപ്രായം പറയുമ്പോള്‍ വളരെ ശ്രദ്ധിക്കണം. എത്രയൊക്കെ നന്നായാലും ലാല്‍ജോസ്‌ , കമല്‍ , സത്യന്‍ അന്തിക്കാട്‌, പ്രിയദര്‍ശന്‍,  ഇവന്മാരുടെ സൃഷ്ടികള്‍ സംസാരത്തില്‍ വരികയെ പാടില്ല. സിനിമയുടെ കാര്യം വന്നാല്‍ ഇനി പറയുന്ന പേരുകള്‍ മാത്രം പരാമര്‍ശിക്ക്യ. എഴുതി എടുത്തോ വേണങ്കി .  Kieslowski, Polanski, ഇങ്ങനീള്ള വിസ്കി കള്‍, fellini,ബര്‍ഗ്മാന്‍, Godard, kim ki duk, കുറസോവ, അലന്‍ റെനെ, Majid Majidi ഇങ്ങനീള്ള വിദേശികള്‍, അടൂര്‍, ജോണ്‍ അബ്രഹാം, അരവിന്ദന്‍ ഇങ്ങനീള്ള സ്വദേശികള്‍ ..

രാമന്‍ : ഇവന്മാരുടെ ഒക്കെ സൃഷ്ടികള്‍ ഈ സമയംകൊണ്ട് എങ്ങനെ കാണും , കണ്ടാ തന്നെ ഒരു സംഗതി പിടി കിട്ടില്ല്യാ ..

പയ്യന്‍ : കാണാന്‍ നെനക്ക് വേറെ പണിയോന്നുല്ല്യെ , അതിനല്ലടാ ഗൂഗിള്‍ , വിക്കിപീഡിയ സാധനങ്ങള് .. ഓരോരുത്തന്മാര് ഒരു നോവല്‍ വരെ എഴുതുന്നു 'വിക്കി വിക്കി'..

രാമന്‍ : ഓ അങ്ങനെ. "പഹയാ നീ സുലൈമാനല്ലാട്ടാ ഹനുമാനാ "

പയ്യന്‍ : ഇപ്പൊ നീ പറഞ്ഞത് ലാലന്റെ 'വെള്ളാനകളുടെ നാട്' പടത്തിലെ ഡയലോഗ്. ഇതാദ്യം കളയണം. എന്തെങ്കിലും ഇത് പോലെ quote ചെയ്യുമ്പോള്‍ തന്നെ കുറസോവയുടെ മറ്റേ പടത്തിലെ പോലെ. മറ്റ്യാള്ടെ ഈ പടത്തിലെ പോലെ എന്നൊക്കെ പറഞ്ഞെ quote ചെയ്യാവൂ ..പിടി കിട്ട്യ ?

ഇനി പറയാനുള്ളത് Facebook , അവിടയാണ് മ്മടെ പ്രധാന കളി. അവിടെ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നതിന് പ്രകടമായ ആദര്‍ശമാതൃകകല്‍ ഉണ്ട് . തപ്പിയെടുക്കാ, എന്തൊക്കെ ചെയ്യരുത് എന്നതിന് വിജു v നായരുടെ 'ഹെന്തൊരു സൊഗം !' എന്ന ഈ ലേഖനം വായിക്ക്യ.
ലൈക്‌ ചെയ്യുമ്പോള്‍ കണ്ട അണ്ടനടങ്ങോടന്‍ പോസ്റ്റ്‌ ഒന്നും ലൈക്‌ ചെയ്യല്ലേട്ടാ. പോസ്റ്റുമ്പോള്‍ സാമൂഹ്യന്‍ തന്നെ വേണം. അതായത് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ മാത്രം. അതും ഒന്നൊന്നര സീരിയസ് വിഷയങ്ങള്‍. . ...

FB ഗ്രൂപ്പില്‍ ചേരുമ്പോഴും വളരെ ശ്രദ്ധ വേണം 'ആല്‍ത്തറ' മറ്റേ തറ ഇങ്ങനീള്ള കച്ചറ പരിപാടികളില്‍ ഒരിക്കലും active ആകരുത്. അത് നമ്മുടെ 'പക്വത value' കുറയ്ക്കും. എല്ലാം കണ്ടു നിര്‍വൃതിയടയാ, അഭിപ്രായം ഒരിക്കലുമരുത് . ഏറിയാല്‍ ഒരു like ആകാം. അതും അത്യാവശ്യത്തിനു മാത്രം. കണ്ണിക്കണ്ട ഗൃഹാതുര തെണ്ടികള്‍ അവിടെ പൂശുന്ന സാധനങ്ങള്‍  കണ്ടാല്‍ നിനക്കിഷ്ടം തോന്നും. പ്രവാസിയല്ലെ, സ്വാഭാവികം. ('MT എഴുതിയാല്‍ ബാലിശ്ശ നായര്‍ ഗൃഹാതുരം, Orhan Pamuk എഴുതിയാല്‍ സ്വത്വ ദുഖത്തിന്‍ മഹത്തായ ആവിഷ്ക്കാരം' എന്നതാകുന്നു നമ്മുടെ മുദ്രാവാക്യം ) പക്ഷെ അവയെ like പോലും ചെയ്യരുത്. നിഷ്കരുണം അവഗണിക്ക്യ. ഗ്രൂപ്പില്‍ കേറി കണ്ടാല്‍ 'seen by' എന്ന ഒരു പരിപാടി FB ഇട്ടതു നമ്മെ പോലെ അഹോരാത്രം മറ്റേ ലുക്ക്‌നു വേണ്ടി അധ്വാനിക്കുന്ന Fraud കള്‍ക്കുള്ള പാരയാണ്. എന്നാലും കണ്ടില്ലെന്നു നടിക്കണം. നാട്ടില്‍ വച്ച് ആരെങ്കിലും അഭിപ്രായം ചോദിച്ചാല്‍ "ohh no, Smartfone വഴി Access ചെയ്തകൊണ്ട് അങ്ങിനെ ശ്രദ്ധിക്കാന്‍ പറ്റിയില്ല കുട്ടാ, പിന്നെ ഒഫീസില്‍ ഒടുക്കത്തെ തിരക്കല്ലെ" എന്നേ പറയാവൂ. ഏത് , പിടി കിട്ട്യ ?
FB വഴി മഹാനാകാന്‍ എന്തൊക്കെ ചെയ്യണം എന്ന് വേറെ പല മഹാന്മാരും എഴുതിയിട്ടുണ്ട്. അതൊക്കെ തപ്പിയെടുത്ത് വായിക്ക്യ .

രാമന്‍ : ചുരുക്കിപ്പറഞ്ഞാല്‍ ഇതൊക്കെ ചെയ്‌താല്‍ നീ മുന്നേ പറഞ്ഞ ആ ലുക്ക്‌ വരും എന്ന്?

പയ്യന്‍ : അത് നിന്റെ കയ്യിലിരിപ്പ് പോലെ , ഇതൊക്കെ ഇത്ര മാത്രം പറയാനേ പറ്റു , 'ചൂണ്ട കൊടുക്കണം മീന്‍ പിടിക്കാന്‍ പഠിപ്പിക്കരുത്' എന്നതാകുന്നു നമ്മുടെ ശ്രേണിയിലെ പിതൃക്കള്‍   പറഞ്ഞിട്ടുള്ളത്. ഇനിയുള്ള അങ്കം നീ തനിച്ച് .. ഈ പോസ്റ്റിനു ഇപ്പൊ തന്നെ ആവശ്യത്തിലധികം നീളം കൂടുതലാ. നിര്‍ത്തുന്നു.

രാമന്‍ : ഹി ഹി ഹി.. ഈ ചിരി നീ മേല്‍പ്പറഞ്ഞ തമാശക്കും, ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയായും, Kieslowski പണ്ട് ഒരു സിനിമയില്‍ കാണിച്ചപോലെ ഈ പോസ്റ്റ്‌ അവസാനിപ്പിക്കാനും!!!

"കപടലോകത്തിലെന്നുടെ കാപട്യം 
സകലരും കാണ്മതാണെന്‍ പരാജയം "- കുഞ്ഞുണ്ണി മാഷ്‌ - 

-ശുഭം-

2012, ഡിസംബർ 20, വ്യാഴാഴ്‌ച

Mammotty The Best Actor

മരണ മണി മുഴങ്ങുന്ന, മനുഷ്യനെ ബോറടിയുടെ അറ്റം വരെ കാണിച്ച 'സരോജ് കുമാര്‍' മാരുടെ (പ്രേക്ഷക) കൃഷ്ണ മണികള്‍ക്ക് വേണ്ടിയുള്ള  നെറ്റൊട്ടത്തിന്റെ മറ്റൊരു ദൃഷ്ടാന്തം.. 'Mammotty The Best Actor' - അടിയിലെ മണ്ണോലിച്ചു പോകുന്നതറിയാതെ 'താപ്പാന ' കളിക്കുമ്പോള്‍ , സഹാനടന്മാരും സംവിധായകരും ചേര്‍ന്ന പരസ്പര സഹായ സഹകരണ യന്ജം എന്ന ഈ (മറ്റൊരു) ബോറന്‍ പരിപാടി ഇനിയും SEASON കള്‍ ഉണ്ടാകും. നിലനില്പ്പാണല്ലോ വിഷയം.നടന്റെ പേര് വേണ്ട മാധവേട്ടന്‍ നിര്‍ബന്ധിച്ച് പരവശനാക്കിയതിനാലാണ് എന്ന് പറഞ്ഞു അദ്ധേഹത്തിന്റെ തന്നെ 'Pranjiettan' നെ അങ്ങേരു വീണ്ടും വേദിയില്‍ അവതരിപ്പിക്കുന്നു. 'സുരാജ്'  മാരുടെ അസ്സഹനീയമായ തമാശ, 'നമ്പീശന്റ' നൃത്തം ഇങ്ങനെയുള്ള സ്ഥിരം കസര്‍ത്തുകള്‍ , ഒപ്പം ഭാവി നടനെ നടിയെ വാര്‍ത്തെടുക്കാ എന്ന "ധര്‍മ്മസ്ഥാപന പ്രവര്‍ത്തനവും". 'വിള നനയ്ക്കുമ്പോള്‍ ചീരയും നനയുന്നു' എന്നാ ആശ്വാസം. അങ്ങിനെയെങ്കിലും ഏതെങ്കിലും ഒരു കലാകാരന് ഈ താര സിംഹാസനത്തിനു താഴെ എവിടെയെങ്കിലും ഇവരെ കയ്യടിച്ചു വളര്‍ത്തി ഇനിയും താരങ്ങളാക്കി നിര്‍ത്താനുള്ള മറ്റൊരു അവസരം..

2012, നവംബർ 26, തിങ്കളാഴ്‌ച

'ശ്രീ' കള്‍ തന്‍ സ്വത്വ ദുഃഖം

http://www.mathrubhumi.com/story.php?id=320069

"പണ്ടു പണ്ട്,ഒന്തുകള്‍ക്കും മുന്‍പ്,ദിനോസറുകള്‍ക്കും മുന്‍പ്,ഒരു സായാഹ്നത്തില്‍ രണ്ടു (കുടുംബ,ജയ)ശ്രീകള്‍  നടക്കാനിറങ്ങി.അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ?ചെറിയ ശ്രീ വലിയതിനോട് ചോദിച്ചു.പച്ച പിടിച്ച താഴ്വര,ഏട്ടത്തി പറഞ്ഞു.ഞാനിവിടെത്തന്നെ നില്‍ക്കട്ടെ.

എനിക്ക് പോകണം.അനുജത്തി പറഞ്ഞു. (ഐസക്കിന്റെ കാലം കഴിഞ്ഞു , ഇനി ജോസപ്പനാ )
അവളുടെ മുമ്പില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.നീ ചേച്ചിയെ മറക്കുമോ?ഏട്ടത്തി ചോദിച്ചു. 

മറക്കില്ല,അനുജത്തി പറഞ്ഞു.(നീ പോടീ മ്മക്ക് കാണാം)

മറക്കും,ഏട്ടത്തി പറഞ്ഞു.ഇത് കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്‌.ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേയുള്ളൂ. (കീശയില്‍ കാശും, അല്ല ശ്രീയും)

അനുജത്തി നടന്നകന്നു.അസ്തമയത്തിന്റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു.പായല്‍ക്കുരുന്നില്‍നിന്നു വീണ്ടുമവള്‍ വളര്‍ന്നു.അവള്‍ വലുതായി.വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി(കുഞ്ഞുഞ്ഞു :"കര്‍ത്താവേ കുഞ്ഞാപ്പ എവിട്യാവോ? ").മൃതിയുടെ മുലപ്പാലുകുടിച്ചു ചില്ലകള്‍ പടര്‍ന്നു തിടംവച്ചു.കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി (തൊഴിലുറപ്പ്).അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു,അനുജത്തീ,നീയെന്നെ മറന്നുവല്ലോ....(ഐസക്കെ ചതിച്ചു ജോസപ്പന്‍ ). "
പരമപൂജ്യ ഗുരു വിജയന്‍ മാഷോട് മാപ്പ് ...
(ഗുണപാഠം : എതുശ്രീയായലെന്താ , മ്മക്  കീശയില്‍ ശ്രീ വീഴണം )

2012, നവംബർ 20, ചൊവ്വാഴ്ച

വെട്ടും തടയും

കഥാപശ്ചാത്തലം പൊന്നാനി. പൊന്നാനിയിലെ ഒരു അയ്യപ്പന്‍ വിളക്ക് .

മലയാള മാസം വൃശ്ചികം (അതാവാനെ തരമുള്ളൂ). സംഗതി കൊഴുപ്പിക്കാന്‍ കുറച്ചു ആലങ്കാരികന്‍ കേറ്റുന്നു : 'മൂടല്‍ മഞ്ഞിന്റെ മടിത്തട്ടില്‍ സ്വച്ചന്ദമായി വിശ്രമിക്കുന്നു നിലാവ് സുന്ദരി'. ഹൂശ് ...

പാലാഴിമഥനം, ശാസ്‌താവിന്‍െറ ജനനം, ശൂര്‍പകന്‍െറ തപസ്സ്‌, ശൂര്‍പകാസുരവധം, ശൂരപത്മാസുരകഥ, മഹിഷീമര്‍ദനം, പന്തളശ്ശേവുകം, പാണ്ടിശ്ശേവുകം എന്നിങ്ങനെ കഥാഭാഗങ്ങള്‍  കഴിഞ്ഞ് , അവസാന ഇനം  വെട്ടും  തടയ്ക്കും സമയായീന്നു. അയ്യപ്പന്‍ ഒരു വശത്തുന്നു കലാപരിപാടി തുടങ്ങി. കഥയില്‍ വാവര്  തടുക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രമായതിനാല്‍ തടുത്തുകൊണ്ടേയിരുന്നു. മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍, വാവരു  ഇടക്കൊരു വെട്ടു തിരിച്ചും കൊടുത്തു, എന്ന് വായിച്ചാലും വിരോധല്ല്യ .. 
അയ്യപ്പന് ഒടുക്കത്തെ മൂച്ച്. ആഞ്ഞ് ആഞ്ഞ്  വെട്ട് .. വാവര് ഒടുക്കത്തെ ഓട്ടം. വാവരുടെ ഓട്ടം 'ഇരുട്ട്  പുതപ്പായി മൂടിപ്പുതപ്പിച്ചുറങ്ങുന്ന' അപ്പുറത്തെ തെങ്ങിന്‍ പറമ്പിനെ വരെ ഉണര്‍ത്തി. ഇരുട്ടില്‍ വാവര് വീണ്ടും ഓടി . സഖാവ് അയ്യപ്പന്‍ പിന്നാലെ. (വാശീടെ കാര്യത്തില് മൂപ്പരും ഒട്ടും കുറവല്ലല്ലോ. പുലിയെ വംശനാശം നേരിടുന്ന വന്ന്യജീവിയായി അന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ; അന്ന് എന്ന് പറഞ്ഞാല്‍ യുഗങ്ങള്‍ക്കും മുന്നേ എന്ന് , പുലി  'Ready to  accelererate' position ഇല്‍ ferrari ആയി നില്‍ക്കുന്ന അഹങ്കാരവും അയ്യപ്പജിക്ക്). ഗാലറിയില്‍ ആരവങ്ങള്‍.. ..
പറമ്പിന്റെ ആരും കാണാത്ത ഒരു മൂലയില്‍ എത്തിയപ്പോള്‍, വവര്‍ജി താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ 'പോടാ പുല്ലേ' എന്നും പറഞ്ഞ് വലിച്ചെറിഞ്ഞു ,അയ്യപ്പേട്ടന്റെ കഴുത്തിന്‌ കേറിപ്പിടിച്ചു. ഇനി സംഭാഷണം.

വാവര് : " നായിന്റെ മോനെ, നാലാള്  കൂട്യപ്പോ, ഈയ്യങ്ങനെ കേറി ഷൈന്‍ ചെയ്യുല്ലേ. പണ്ട്  കടം വേടിച്ചു തരാത്തേന്റെ ദേഷ്യം യ്യ്  ഇബടെ  തീര്‍ത്താ, പള്ളേല് കത്തി കേറ്റും മ്മള് " 

അയ്യപ്പന്‍:  .,"പിടി വിടു  Mr . വാവര്‍ , ഞാന്‍ മറ്റാരോ രചിച്ച തിരക്കഥയിലെ  വെറും കഥാപാത്രം മാത്രം, ഇതൊക്കെ നാം ആടിയെ തീരു" (വിവര്‍ത്തനം : കാശ് തരുന്നത് കമ്മറ്റിക്കാരാകുന്നു, അവരുടെ വരുമാനം കാണികളുടെ കീശയില്‍ നിന്നാകുന്നു, കാണികളെ രസിപ്പിച്ചേ ഒക്കൂ)

പിടി ഒന്നുടെ മുറുക്കി വാവര് : "ഹമുക്കെ, യ്യ്  പൂരപ്പറമ്പിലെ 'ബാലെ' കളിക്ക്യാ, ഈ തെങ്ങിന്‍ പറമ്പീല്  പട്ടിക്കാട്ടം  ഇണ്ട്ന്നു അനക്ക്  മുന്നേ അറിയൂലടാ ... ഇന്നട്ടാ എന്നെ എടോം വാലോം ല്ല്യാണ്ട് ഓടിച്ചേ"

അയ്യപ്പന്‍:  :,: "ഇല്ല ഒരു തെറ്റ് ആര്‍ക്കും പറ്റും, പിടി വിട്. അടങ്ങാത്ത ആരവങ്ങള്‍ ഉണ്ടായാല്‍ ഏതു മറഡോണയാ ഗോളടിക്കാണ്ടിരിക്ക്യ , ഇനി ഉണ്ടാവില്ല ,പിടി വിടു "

കാഥാന്ത്യം രണ്ടു പേരും വെളിച്ചത്തില്‍ വന്നപ്പോള്‍ ഉറ്റ മിത്രങ്ങളായ കാഴ്ച, ആന്നത്തെ കാണികള്‍ കണ്ടു. അവരുടെ കാതുകള്‍ "അയ്യപപാ  ചങ്ങാതി വളോണ്ട് വെട്ടല്ലേ, വാളോണ്ട് വെട്ട്യാലോ , ..." എന്ന കവിതാ ശകലം, ഉടുക്കിന്റെ താളാത്മകമായ പശ്ചാത്തലസംഗീതത്തില്‍  ശ്രവിച്ചു ... 

'വെട്ടും തടയും' സമാപ്തം .

2012, നവംബർ 15, വ്യാഴാഴ്‌ച

മംഗലം മനോഹരന്‍

അമ്പലംകാവ് എന്ന ഞങ്ങളുടെ മനോഹരമായ സ്ഥലം അടാട്ട് പഞ്ചായത്തിലാണ്. തുടക്കം ഇത്തിരി cliche ആയി, എന്നാലും ഇങ്ങനെ തന്നെ തുടങ്ങാതെ നിര്‍വ്വാഹമില്ല. അമ്പലംകാവ് എന്ന ക്ഷേത്രത്തിന്റെ പേര് ആ സ്ഥലത്തിന്റെതന്നെ പേരായതു സ്വാഭാവികം. 'വേല' എന്നു ഒന്നാം തലമുറയും, 'ഭരണി' എന്ന് രണ്ടാം തലമുറയും, 'പൂരം' എന്ന് മൂന്നാം തലമുറയും ,'ഉത്സവം' എന്നും 'Festival' എന്നും നാലും അഞ്ചും തലമുറയും പറയുന്ന മേടത്തിലെ ഭരണി വേലയുമായി ബന്ധപ്പെട്ടായിരുന്നു അമ്പലംകാവുകാരന്റെ ഓരോ സംഭവവും. 
ഉദാഹരണങ്ങള്‍ : "വൈക്കോല്‍  ഉണക്കിക്കഴിഞ്ഞു വേലയ്ക്കു മുന്നേ പാറപ്പുറം കാലിയാക്കണം", "കൊയ്ത്തു കഴിഞ്ഞു ചാക്കും മുട്ടി നെല്ല് വേലയ്ക്കു മുന്നേ എത്തിക്കണംട്ടാ കണ്ടുന്ന്യേ"(പറഞ്ഞത് തങ്കേച്ചി) , "വേല ഇപ്രാവശ്യം വെള്ളത്തിലാവ്വോ", "ഇപ്രാവശ്യം തൃശൂര്‍ പൂരത്തിന് മുന്‍പോ അതോ കഴിഞ്ഞോ നമ്മടെ പൂരം", "ഓ ഇന്ന് എടവേല്യാലെ, മാസം ഒന്ന് കഴിഞ്ഞു വേല കഴിഞ്ഞിട്ട്"(ഇത് പറയുമ്പോള്‍ മാസം ഒന്ന് 'ദാ' ന്നും പറഞ്ഞു കഴിഞ്ഞതിന്റെ സുഖവും, ഇനിയുള്ള പതിനൊന്നു മാസത്തിന്റെ കാത്തിരിപ്പിന്റെ ദീര്‍ഘവും ഉള്ള സമ്മിശ്ര വികാരം), "മാസം ഒന്ന് കഴിഞ്ഞു വേല കഴിഞ്ഞിട്ട് മാനം കര്‍ക്കണ കാണാനില്ല്യാലോ" (ഇത് സാധാരണയായി പറയേണ്ടത് ഈ കഥയിലെ നിശബ്ദ കഥാപാത്രമായ അച്ചമ്മയാകുന്നു) അങ്ങിനെ, അങ്ങിനെ .. 

വത്സനാട് അടാട്ടായി, അമ്പലംകാവ്‌ ഉണ്ടായി, കോള്‍പ്പടവുകള്‍ ഉണ്ടായി. 'ആക്കറ്റാന്‍' എന്നും, 'പായിപ്പടവ് 'എന്നും, 'ഒമ്പതുമുറി' എന്നും, 'പുത്തന്‍കോള്‍' എന്നും, നാമധേയങ്ങള്‍ വന്നു(സ്വാഭാവികം). ചാലുണ്ടായി, ചാലിലൂടെ വെള്ളമൊഴുകി, നെല്ല് വെതച്ചു, വെതച്ചത് കൊയ്തു , വൈക്കോല്‍ വിറ്റു, പശു ഉള്ളവര്‍ വൈക്കൊലുണക്കി(പാറപപൊറത്ത് ) അമ്പലംകാവില്‍ വേലയുണ്ടായി, വേലയ്ക്കു ആനയുണ്ടായി, ആനകളുണ്ടായി , ആനകള്‍ക്ക് Sponser മാരുണ്ടായി. 

അതായത്  കാലമെന്ന കഥാപാത്രം, സിനിമയില്‍ കാണുന്ന പോലെ 'ദീം' എന്ന് പറഞ്ഞോടീന്ന് സാരം. ("സിനിമ ഒരു കലയല്ല" എന്ന് പറഞ്ഞ M.കൃഷ്ണന്‍ നായരോട് കലഹിക്കുന്നു ഇവിടെ)

സംഭവത്തിനു ഇത്തിരി ചരിത്ര പശ്ചാത്തലവും പോസ്റ്റിനു നീളവും കൂട്ടാന്‍ , രണ്ടു ലോക മഹായുദ്ധങ്ങള്‍ കഴിഞ്ഞു എന്നും, പെട്രോള്‍ ഒഴിച്ച് വണ്ടി ഓടി എന്നും, പെട്രോളിന് വേണ്ടി സദ്ദാം കുവൈറ്റ്‌നെ ആക്രമിച്ചു എന്നും, അമേരിക്ക സഹായത്തിനെത്തി എന്നുമൊക്കെ പറയാമെങ്കിലും, വിശദീകരിക്കാനുള്ള അനുഭവ ജ്ഞാനം കമ്മിയായതിനാലും, റിസര്‍ച്ച് എന്നപേരിലുള്ള മോഷണത്തിന് നേരമില്ലാതതിനാലും ഒരു Para'യില്‍ സങ്ങതി ചുരുക്ക്കുന്നു. (പ്രസാധകനും പേരുമുണ്ടെങ്കില്‍ മിനിമം അമ്പതു  പേജിനുള്ള scope ഉണ്ട്, രണ്ടുമില്ല്യാത്തതിനാല്‍ ഇത്ര മതി എന്നും വായിക്ക്യാ)


പിറക്കാന്‍ പോകുന്ന കഥക്കാസ്പദമായ സംഭവം നടക്കുന്നത് 90കളില്‍., അതും ഒരു ഭരണി വേലക്കാലത്ത്. (നരസിംഹന്‍ ഇന്ത്യയുടെ വാതിലുകള്‍ മന്മോഹനാല്‍ തുറന്നു എന്നും കുവൈറ്റ്‌ ഒന്നാം യുദ്ധം കഴിഞ്ഞു എന്നും ചരിത്ര ബോധമുള്ളവര്‍ ഒരു background ആയി വയിക്ക്യാ)

കഥാപാത്രം 'മംഗലം മനോഹരന്‍'. .. ചോദ്യം: മനോഹരന്‍ എന്തുകൊണ്ട്?
ഉത്തരം: "ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രം" എന്ന നുണ (ബാദ്ധ്യതാ നിരാകരണം എന്നും പറയുന്നു) പറയാന്‍ ഇത്തിരി ചേതമുള്ളോണ്ടും, മനോഹരന്‍ എന്ന പേരില്‍ ഒരാള്‍ അമ്പലംകാവില്‍ എന്റെ അറിവില്‍ ഇല്ല്യാത്തോണ്ടും.. കഴുത്തിനു പിടിക്കില്ല്യാ എന്ന ധൈര്യമുല്ലോണ്ടും. 


അപ്പൊ മേടഭരണി ആണ് പശ്ചാത്തലം. സ്പഷ്ടമായി ഭരണി തലേനാള്‍ .. തലേന്നാള്‍ അമ്പലംകാവിലെ ഉണ്ണികള്‍ കീചകനും രൌദ്രഭീമനും ആടുന്ന നാള്‍. ., ഞ്ച്ചാല്‍ അമ്പലംകാവിലമ്മയും, കട നടത്തുന്ന Sonwin ഉം, ഉണ്ണിമാനും ഒഴിച്ച് എല്ലാരും ബോധം ഭൂപണയ ബാങ്കില്‍ പണയം വയ്ക്കുന്ന സുദിനം. (സാക്ഷര, സദാചാര ഭക്തപ്രിയകള്‍ ക്ഷമിക്ക്യ ). കുഞ്ഞയ്യപ്പേട്ടന്റെ ഭാഷയില്‍ അടിച്ചു പൂഷ് ....
ഓരോ വര്‍ഷത്തെ ഭരണി തലേനാളുകളും ഉണ്ണികള്‍ ഓരോ Brand മായും ആണ് സംവേദനം ചെയ്യാ.
വീണ്ടും ഉദാഹരണങ്ങള്‍  : 1991- ഓ ..OCR(സംഗതി ഗൃഹാതുരനാ അതാ ആ 'ഓ...' ) , 1992- Tuskar (അഥവ മണവാട്ടി ), 1993-OMR , 1994- Honey Bee, അങ്ങിനെ അങ്ങിനെ 2010 ആയപ്പോഴേക്കും JDF, 2012- Romanov... കാലം പോയ പോക്ക്, .. "പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച നരസിംഹാ , മന്മോഹനാ, സ്തോത്രം സ്തോത്രം. അന്ന് ഇടതുപക്ഷ പരിശായി അതിനെയൊക്കെ എതിര്‍ത്തതിനു 'അമ്മ' സമക്ഷം 101 ഏത്തം ..".  വിഷയ ശുഷ്‌ക്കാന്തിയാല്‍ കഥ കുറച്ചു ഫോര്‍വേഡ് ആയി, വായനക്കാര്‍ വീണ്ടും Reverse ചെയ്തു 1992 കളില്‍ നില്‍ക്കണമെന്ന് അപേക്ഷിക്കുന്നു. അപ്പൊ അന്ന് അതായതു മേടത്തിലെ ഭരണി തലേന്നാള്‍ നിലാവുള്ള ഒരു അശ്വതി നാള്‍ രാത്രി.
ഇനിയുള്ള സങ്കേതം തിരക്കഥയുടെ . 

ക്യാമറ Long Focus. ഒരാള്‍ അമ്പലത്തിന്റെ തെക്കേ ഭാഗത്തെ മതിലും ചാരി രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തി, ഒറ്റ നോട്ടത്തില്‍ നിര്‍വ്വാണാവസ്ഥ പൂണ്ട മഹാര്ഷിയെന്നു തോന്നും. ക്യാമറ rolling , ആളെ തിരിച്ചറിയാമെന്നായി, lights on, അതെ മറ്റാരുമല്ല മനോഹരന്‍ തന്നെ. മംഗലം മനോഹരന്‍.. .. ..ക്യാമറ close . അയാള്‍ കഥ എഴുതുകയല്ല. പിറുപിറുക്കുന്നു. ക്യാമറ closeup. 
അമ്പലംകാവിലമ്മയോടു Communist കാരനായിരുന്ന മനോഹരന്റെ ഡയലോഗ്  : "ദേവി, എന്നെ ഇന്നലത്തെ സ്ഥിതിയിലാക്കി തരണേ, ആളറിയാതെ, ശക്തിയെന്തെന്നറിയാതെ അകത്താക്കീതാ ആ 'തസ്കരനെ'." ('Tuskar' എന്നത് ആ വര്ഷം release ആയ 'വീരശൂദ്രന്‍'* മദ്യമാകുന്നു ). Camera focus shift to ground - ലെന്‍സില്‍ മനോഹരന്‍ പാതിയുപേക്ഷിച്ചു പോയ 'പള്ളി വാള്‍'. (ബാക്കിയുള്ള 'പള്ളി വാളും' പുറത്തേക്കെറിഞ്ഞു ഇന്നലത്തെ പോലെ ബോധം തിരികെ താ ദേവി എന്ന് വിവക്ഷ )  
പിന്നീട് മനോഹരന്‍ താഴെ പറയും പ്രകാരം ഒരു 'Taoist' ആയി എന്നത് ചരിത്രം .

'താവോ എന്നാലെന്താണ് ?'

'ബോധമനസ്സ് തന്നെ '

'അതെങ്ങനെ നേടാം?'

'നേടാന്‍ ശ്രമിക്കും തോറും അത് നിന്നില്‍ നിന്ന് അകലുന്നു '

'അതിനോട് അടുക്കാതെ അതെങ്ങിനെ അറിയും?'

'അറിയുന്നതോ അറിയാതിരിക്കുന്നതോ അല്ല കാര്യം. അറിഞ്ഞുവെന്നു തോനുന്നത് ശുദ്ധ വിഭ്രാന്തി . അറിയാതിരിക്കുമ്പോള്‍ പുച്ഛം. തവോവിനെ നീ നേടുമ്പോള്‍ അത് ശുദ്ധമായ ആകാശം പോലെ അനന്തവും പ്രശാന്തവും ആയിരിക്കും. നീ സ്വീകരിക്കുകയോ തള്ളുകയോ  ചെയ്യുന്നതിനൊന്നും അവിടെ പ്രസക്തിയില്ല' .

(താവോ - തെ - ചിങ്ങ് )

*വീരശുദ്രന്‍ - ഒരു V K N കഥാപത്രം .

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

പൂജ വെപ്പ് , ചോദ്യം ഒന്ന് ഉത്തരം പലത്.

വിദൂരതയില്‍ നിന്ന് അച്ഛമ്മ എന്ന  കഥാപാത്രത്തിന്റെ echo യില്‍ ഉള്ള അശരീരി : "കുഞ്ഞാ, ആ പുസ്തകം പൊതിയാനുള്ള പേപ്പര്‍ ഇനി ഇടുത്തോ .."

മുകളിലെ വാചകത്തിന്  തുടര്ച്ച കൊടുക്കാന്‍ പോസ്റ്റ്‌ എഴ്ത്ത്കാരന് ബാദ്ധ്യത ഉള്ളതിനാല്‍ കുഞ്ഞന്‍ എന്ന കഥാപാത്രം രംഗപ്രവേശം ചെയ്തെ മതിയാകൂ.


വായനക്കാരന്‍ : ഡേയ് ഡേയ്, വലിച്ചങ്ങു നീട്ടാതെ കാര്യം പറയടേ.

സ്രഷ്‌ടാവ്‌ : "ക്ഷമി ഗുരോ രചനാരീതിയില്‍   ഒരു മാറ്റം വേണമെന്ന മോഹം, അതൊരു അഹങ്കാരമാണോ:"

വായനക്കാരന്റെ താക്കീതു അവഗണിച്ചു വീണ്ടും സ്രഷ്‌ടാവ്‌ പോസ്റ്റിലേക്ക് .

കുഞ്ഞന്‍ എന്ന കഥാപാത്രസൃഷ്ടിക്കു സമയമായിന്നു സാരം. നാലടി പൊക്കം, ഏഴാം തരത്തില്‍ ('തരം' എന്നത് കേട്ട് മറന്ന ഒരു പദമായകൊണ്ട് ഉപയോഗിച്ചതാണ്, ഇവിടെ ചേരുമോ എന്നറിയില്ല,, തെറ്റാണെങ്കില്‍ ഗൃഹാതുരന്റെ ഗുമ്മന്‍ എന്ന് കരുതി ക്ഷമിക്ക്യ ) പൊറാട്ര വിദ്യാ മന്ദിരത്തില്‍ പഠനം.
നിറം, ജാതി  ഇതൊക്കെ ഇടതുപക്ഷ (എന്ന് നടിക്കുന്ന)എഴുത്തുകാര്‍ക്ക്  തൊട്ടു തീണ്ടായ്മ്മ ആയതിനാല്‍ വര്‍ണ്ണന ഇവിടെ നിര്‍ത്തുന്നു. (കമ്മ്യൂണിസ്റ്റ്‌കാരന്‍ അമ്പലംകാവ് അമ്പലത്തിനു മുന്നിലൂടെ പോകുമ്പോള്‍ "ദേവീ ക്ഷമിക്കണേ, നിലനില്‍പ്പാണ് വിഷയം അവഗണന ഒട്ടുമില്ല  ഈ സഖാവ്  കുട്ടിക്ക്" എന്ന് ഉള്ളില്‍ പ്രാര്‍ത്തിച്ച് , മുഖത്ത്  പുച്ഛ ഭാവവും വരുത്തി നടക്കുന്ന അതേ ഭാവനയാണ് ഇവിടെയും കൊണ്ടുവരാന്‍ ശ്രമിച്ചത്, വിജയിച്ചോ എന്തോ?)

അച്ഛമ്മക്ക്‌ അടുത്ത ഡയലോഗ്  പറയാന്‍ സമയമായീന്നു സാരം.
" വെഷമോള്ള വിഷയൊക്കെ ഇങ്ങ്  എടുത്തോട്ടാ , നെന്റെ അമ്മ ഇന്നാളും  വഴക്ക് പറയണ കേട്ടതാ ഞാന്‍" """"

കുഞ്ഞന്‍: :; മൊത്തത്തില്‍ ഒരു കണക്കു കൂട്ടല്‍. , എത്ര എഴുതിയാലും മാര്‍ക്ക് വീഴുന്നതില്‍ പിശുക്ക് കാണിക്കുന്ന സാമൂഹ്യന്‍ തന്നെ ആദ്യം, അതിനടിയില്‍ ഒരിക്കലും ഓര്‍മ്മ വരാത്ത രാസപദാര്‍ഥങ്ങളുടെ പെരൊളിച്ചിരിക്കുന്ന രസതന്ത്രന്‍, അങ്ങിനെ അങ്ങിനെ.
മൊത്തം വിഷയങ്ങളും പൊതിയില്‍ വരുമെന്ന കാര്യം മണത്തറിഞ്ഞ അച്ഛമ്മ censor  board ആയി വന്നു ഇടപെട്ടു . മൂനെണ്ണത്ത്ലും കൂടുതല്‍ ഒരെണ്ണം വെക്കാന്‍ പറ്റില്ല്യാ (Censor Board ഇടപെട്ടു). എന്റെ രാമായണോം കൂട്യാവുമ്പോള്‍ എന്താവും കെട്ടിന്റെ വലിപ്പം!

കുഞ്ഞന്റെ ആത്മഭാഷണം: "പഠനം ദൈവസമക്ഷം ഏല്‍പ്പിച്ചു പാഠ്യതരപരിപാടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന പരിപാടി നടക്കില്ല്യാന്നു!! ഇവിടെ എങ്ങനെ കലാകാരനും കായികതാരവും ഉണ്ടാവും!!!."
അമ്പലപ്പറമ്പില്‍ നിന്നുള്ള  'കിളിമാസ്സ്' കളിയുടെ കൂക്കി വിളിയുടെ വശീകരിക്കുന്ന മുഴക്കം കുഞ്ഞനെ കര്മ്മനിവാരണത്തിലേക്ക്  നയിച്ചു  .  എണ്ണം മൂന്നും രാമായണവും ചേര്‍ത്ത് ചുരുക്കി അതിനു മുകളിലൂടെ പൊതിഞ്ഞു, വെള്ളക്കടലാസ്സില്‍ പേരും വീട്ടുപേരും എഴുതി ഒട്ടിച്ചപ്പോള്‍ ഈ  വര്‍ഷത്തെ ഏറ്റവും മനോഹരമായ ദിനങ്ങളുടെ തുടക്കത്തിന്റെ വെടി പൊട്ടി എന്ന് . ഔപചാരികമായി പുസ്തകം തൊടരുത് എന്ന് വിലക്ക്  തന്ന സരസ്വതി ദേവി ,  എത്ര നന്ദി പറയണം നിന്നോട് . "എത്ര മനോഹരമായ ആചാരങ്ങള്‍, ഇനിയുമുണ്ടോ ആവോ "..

കുഞ്ഞന്‍ ഓരോ പുസ്തകവെപ്പും ഓരോ കൊല്ലവും മനോഹരമാക്കി , "കഞ്ഞി കുടി" എന്ന ഏകതാനമായ കര്‍മ്മം നിര്വ്വഹിക്കാനുള്ള വിളിയുടെ പുറത്ത്, പലരിലും പരകായപ്രവേശം ചെയ്തു എന്നും , ഭൂലോകത്തിന്റെ പല ഭാഗങ്ങളിലും ചിതറി എന്നും, ഗൃഹാതുരന്റെ ഗുമ്മനടിച്ചു പോസ്റ്റുകള്‍ എഴുതി പെഴച്ചു പോന്നു  എന്നും ചരിത്രം.

വായനക്കാരന്‍: :; "ഡേയ് മാന്യ്യമായ് ആദ്യമധ്യാന്ത്യത്തില്‍ (ഇതൊന്നു ടൈപ്പ് ചെയ്തെടുക്കാന്‍ പെട്ട പാട് ) അവസാനിപ്പിക്കടെ "

സ്രഷ്‌ടാവ്‌ കുഞ്ഞന്‍: :'; "ന്നാ അവസാനിപ്പിക്കല്‍ താഴെ കാണും പ്രകാരം ..."

- ഒരു പാരഗ്രാഫില്‍ കവിയാതെ ഉത്തരം എഴുതുക -

ചോദ്യം :നവരാത്രി കാലത്തെ പൂജ വെപ്പ് എന്നാല്‍ എന്ത്? (അന്നത്തെ മലയാള വര്ഷം അറിയാത്തത് കൊണ്ട്, ക്രിസ്തു വര്ഷം 1992..........)
ഉത്തരം: പൂജ വെപ്പ്, എന്നാല്‍ പുസ്തകം കയ്യോണ്ട് തോടാണ്ടിരിന്ക്കാനുള്ള അവസരം, അമ്പലപ്പറമ്പിലെ കിളിമാസ്‌ കളി, അമ്പലത്തിലെ നാദസ്വരം വായന കെട്ട് കൊണ്ടുള്ള സമയം പോക്ക് , മുള്ളുര്‍ കായലില്‍ വെള്ളം വറ്റിയോ എന്ന് നോക്കല്‍, പാടത്തു മീന്‍പിടിക്കാനുള്ള ഒരു ശ്രമം, വായനശാലയില്‍ പുതിയ കോര്‍ട്ട് ഉണ്ടാക്കല്‍(മഴ മാറി വോളീ ബോള്‍ കളി തുടങ്ങാനുള്ള ഒരുക്കം)
പൂജ വെപ്പ് എന്നാല്‍ എന്ത്? (ക്രിസ്തു വര്ഷം 2012..........)
മുകളില്‍ ഉത്തരം എഴുതിയവന് ആ സ്മരനകളിലൂടെ ഉള്ള ഒരു ഊളിയിടല്‍
ഇപ്പൊ ഈ ചോദ്യത്തിനുത്തരം എഴുതുന്ന CONVENT മഹാന് ഒരു ദിവസം ഏഷ്യാനെറ്റിലൂടെയും, കൈരളിയിലൂടെയും, സൂര്യയിലൂടെയും ഉള്ള ഊളിയിടല്‍...........

2012, ജനുവരി 30, തിങ്കളാഴ്‌ച

ഹൃദയത്തിന്‍ മധുപാത്രം

http://www.youtube.com/watch?v=0TSJ4-Ka1d4
ഇതൊരു പാട്ട് ബ്ലോഗ്‌ ആകുന്നുവോ. എന്ത് ചെയ്യാം, ചില പാട്ടുകള്‍ മനസ്സിനെ എവിടെയൊക്കെയോ കൊണ്ടുപോയി നീയിതിനെ പറ്റി എഴുതിയേ തീരൂ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഈ പാട്ട് കേട്ടതിനു ശേഷം ഇങ്ങിനെ ഒരടിക്കുറിപ്പ് ആവര്ത്തിക്കാനേ എനിക്കും കഴിയൂ. "ശബ്ദത്തിനൊരു വ്യക്തിത്വമുണ്ടെങ്കില്‍ ആതിനെ യേശുദാസ് എന്ന് വിളിക്കാം" . ഒപ്പം എന്പതിന്റെ നിറവിലും "പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ,
മഴവില്ലിന്‍ മണിവര്ണ്ണിപ്പൊട്ടുകളോ?...
അരുമയാം നെറ്റിയില്‍ കാര്ത്തികരാവിന്റെ?
അണിവിരല്‍ ചാര്ത്തി യ ചന്ദനമോ?" എന്നെഴുതിയ തൂലികയുടെ ഉടമെയെയും. കൌമാരത്തിലും വാര്‍ദ്ധക്ക്യം ബാധിച്ച ഇന്നത്തെ തലമുറയോടുള്ള വെല്ലുവിളിയല്ലെ സുഹൃത്തെ ഈ വരികള്‍?
മനസ്സിന് പ്രായമില്ല എന്ന് വിവരിക്കാന് മലയാളിക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല, ONV എന്നീ മൂന്നക്ഷരങ്ങള് ഉള്ളപ്പോള്‍.
കൂടുതല്‍ ഒന്നുമില്ല എഴുതാന്‍.

"ഹൃദയത്തിന്‍ മധുപാത്രം ….
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്
‍ഋതുദേവതയായ് അരികില്‍ നില്ക്കെ , അരികില്‍ നില്ക്കെ …..
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്
‍ഋതുദേവതയായ് അരികില്‍ നില്ക്കെ ..നീയെന്‍ അരികില്‍ നില്ക്കെ

പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ,
മഴവില്ലിന്‍ മണിവര്ണ്ണിപ്പൊട്ടുകളോ?...
അരുമയാം നെറ്റിയില്‍ കാര്ത്തികരാവിന്റെ?
അണിവിരല്‍ ചാര്ത്തി യ ചന്ദനമോ?
ഒരു കൃഷ്ണതുളസിതന്‍ നൈര്മ്മമല്യമോ
നീഒരു മയില്പ്പീ ലിതന്‍ സൗന്ദര്യമോ
നീ ഒരു മയില്പ്പീ ലിതന്‍ സൗന്ദര്യമോ…

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്
‍ഒരു വസന്തം തീര്ക്കും കുയില്മൊലഴിയോ..
കരളിലെ കനല്പോരലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ...
ഒരു കോടി ജന്മത്തിന്‍ സ്‌നേഹസാഫല്യം നിന്‍
‍ഒരു മൃദുസ്പര്ശ‍ത്താല്‍ നേടുന്നു ഞാന്‍...
നിന്‍ ഒരു മൃദുസ്പര്ശ‌ത്താല്‍ നേടുന്നു ഞാന്
‍ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍
‍ഋതുദേവതയായ് അരികില്‍ നില്ക്കെ , അരികില്‍ നില്ക്കെ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍
‍ഋതുദേവതയായ് അരികില്‍ നില്ക്കെ , നീയെന്‍ അരികില്‍ നില്ക്കെ ..."

2012, ജനുവരി 25, ബുധനാഴ്‌ച

മഞ്ഞു പെയ്യുന്ന രാത്രിയില്‍

"മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍

സ്വര്‍ണ്ണ പുഷ്പങ്ങള്‍ കൈയ്യിലേന്തിയ സന്ധ്യയും പോയ്‌ മറഞ്ഞൂ......
ഈറനാമതിന്‍ ഓര്‍മ്മകള്‍ പേറി ഈ വഴി ഞാനലയുന്നു

കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ കാട്ടു പക്ഷി തന്‍ നൊമ്പരം
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
‍കണ്ണു ചിമ്മുന്ന താരകങ്ങളെനിങ്ങളില്‍ തിരയുന്നു ഞാന്‍...
എന്നില്‍ നിന്നുമകന്നൊരാ സ്നേഹ സുന്ദര മുഖഛായകള്
വേദനയോടെ വേര്‍പിരിഞ്ഞാലുംമാധുരി തൂകുമോര്‍മ്മകള്
‍ മഞ്ഞു പെയ്യുന്ന രാത്രിയില്‍എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍""

വരികള്‍ കൊണ്ടും സംഗീതം കൊണ്ടും ഒരു മാസ്മരിക ലോകം സൃഷ്‌ടിച്ച ഗാനം, അല്ല കവിത. ഒരു കാലത്ത് രാത്രികളില്‍ മൊത്തം നേര്‍ത്ത ശബ്ദത്തില്‍ കേട്ടിരുന്ന ആ ദിനങ്ങളെ ഓര്‍ത്തു പോയി.
ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ എത്തിക്കാന്‍ കഴിവുള്ള ഏതാനും ഗാനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഈ ഗാനം മനസ്സിന്റെ അടിത്തട്ടില്‍ നിന്നും മേലേക്കെടുക്കാന് സഹായിച്ച എന്റെ ഒരു ഉറ്റ സുഹൃത്തിനു വേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു. ഒപ്പം O.N.V എന്ന തൂലികത്തുമ്പിനോടും, ഔസേപ്പച്ചന്‍ എന്ന സംഗീതത്തിനും നന്ദി പറയുന്നു.

ആ തൂലികയില്‍ നിന്നും ഇനിയും വേണം ഞങ്ങള്‍ക്ക് ഇതുപോലുള്ള അമ്രുതവര്ഷങ്ങള്‍. ..". ..യയാതിക്ക് മാത്രം എന്തേ ആ വരം കിട്ടാന്‍ ?"എന്ന് ഞങ്ങള്‍ ചോദിക്കുന്നു. വാര്ദ്ധക്യം സ്വീകരിക്കാന്‍ 'പുരു' ക്കള്‍ ഇവിടെ തയ്യാറായി നില്‍ക്കുമ്പോള്‍ ...

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.