2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

- 'നിയോ ലിബറൽ വിപ്ലവം' തോക്കിൻ കുഴലിലൂടെയല്ല'

' വെറ്ററൻ' സഖാവ് ഗോപാൽദാസ് വർഷാവധിക്കു നാട്ടിൽ വന്നിരിക്കുന്നു. ജനിച്ചതേ ഇടതുപക്ഷ ഹൃദയവുമായി രാമദാസന്റെ മകനായി. പാർട്ടി പിളർന്നപ്പോൾ ഏതു ഭാഗത്ത് നിൽക്കണം എന്ന് ഒരു സന്ദേഹവുമില്ലായിരുന്നു അച്ഛൻ രാമദാസന്. മകന് പേരിടുന്നതിലും ഒട്ടും സംശയമുണ്ടായില്ല. ഗോപാലൻ എന്ന് തന്നെയിട്ടുകളഞ്ഞു സഹയാത്രികനായ അച്ഛൻ. ഒന്നാം ക്ലാസ്സിൽ ചേർക്കുമ്പോൾ മകന്റെ പേരിനൊപ്പം ' നായർ' ചേർക്കാനുള്ള ഭാര്യയുടെ നിർബന്ധം ഒരു പുച്ഛച്ചിരിയിൽ ഒതുക്കി -ഭാര്യേ, യൂ ടൂ നാച്ചുറൽ പ്രോലിറ്ററിയേറ്റ് ( പുവർ ഇല്ലിറ്ററേറ്റ് ) എന്ന് വിവക്ഷ.

മകൻ ഗോപു വളർന്നപ്പോൾ 'വിപ്ലവം' പോരാന്ന് തോന്നി. പേരൊന്നു മിനുക്കി. അച്ഛന്റെ പേരിന്റെ ഒരു ഭാഗവും ചേർത്ത് അങ്ങിനെ ഗോപാലൻ 'ഗോപാൽദാസ്' ആയി തൃശ്ശൂർ കേരളവർമ്മ കോളേജിൽ ചേർന്നു പഠിച്ച് പാസ്സായി. 'കൂത്തുപറമ്പും', 'പരിയാരവും' ഒക്കെയായി ക്ലാസ്സിൽ കേറാൻ സമയമില്ലാതിരുന്നിട്ടും പരീക്ഷാഫലം  വന്നപ്പോൾ ഒന്നാമനായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലെ? 
കാൽപ്പനിക കലാലയം സമ്മാനിച്ച താടിയും വടിച്ച് 'ജോലി തെണ്ടൽ' തുടങ്ങിയ നേരത്താണ് പാർട്ടിയിൽ വരുന്ന വലതു വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. പകൽ കൊടുങ്ങല്ലൂരിൽ പ്രസംഗം കേൾക്കൽ, മാസികയിലെ വിമർശനാത്മക ലേഖനങ്ങൾ, ഉച്ചക്ക് "സന്ദേശ" സിനിമകൾ ഇതായി ദിനചര്യ.
"ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം" എന്നത് ശിരസ്സാ വഹിച്ച് ശത്രുത ഇനി കേന്ദ്രത്തിൽ ഇരുന്നു കൊണ്ടു തന്നെയെന്നും പറഞ്ഞ് ഡൽഹിയിലേക്ക് കുടിയേറിക്കളഞ്ഞു "ദാസ്". അപ്പോഴേക്കും മൻമോഹൻ തുറന്നു കഴിഞ്ഞിരുന്നു ഇന്ത്യാ ഗേറ്റ് മുഴുവനായി. സ്ഥലജലവിഭ്രാന്തിയാൽ അവസാനം അയാൾ കർഷകഗ്രാമമായ 'ഗുഡ്ഗാവിൽ' കുടിയേറി, പ്രതികാര ദാഹിയായി സ്വകാര്യ മേഖലയ്ക്ക് തന്നെ തന്റെ സേവനം വാഗ്ദാനം ചെയ്തു. അവിടേയും ' മോഹൻ ലാലായി' എന്ന് പറയേണ്ടതില്ലല്ലോ.

പറഞ്ഞു വന്നത് ദാസ് ലീവിൽ വന്നിരിക്കുന്നു. അതുകൊണ്ടു തന്നെ ജൂൺ മാസമായിട്ടും അന്ന് മഴയുമുണ്ട്. പത്രമെടുത്ത് ഓടിച്ചു. ഇന്നത്തെ ദിവസം? പറഞ്ഞു പുച്ഛിക്കാൻ ഒരു മലയാള സിനിമ തന്നെ കാണാം.

കുളിച്ച് മുണ്ടെടുത്ത് ഖാദി ഹൈബ്രിഡിലുള്ള ഹാഫ് ജുബ്ബയെടുത്തിട്ടു, കറുത്ത കട്ടി കണ്ണട ഫിറ്റ് ചെയ്തു. കണ്ണാടിയിൽ നോക്കി. സവർണ്ണഭാവം ഒട്ടുമില്ല. രൂപം, ഭാവം എല്ലാം പൊളിറ്റിക്കലി കറ കറ കറക്ട്. കാറെടുത്ത് വടക്കോട്ട് വെച്ചടിച്ചു. വഴിയിൽ സുന്നത്ത് ചെയ്ത 'അടാട്ട് കുന്ന്' അവനെ നോക്കി ഇളിച്ചു കാണിക്കുന്നു. കാറിലെ എ.സി ഒന്നു കുറച്ച് നെടുവീർപ്പിട്ടു.ബസ് സ്റ്റോപ്പിൽ ക്ലാസ് മേറ്റ് അയ്യപ്പൻ. 
കാർ ബ്രേക്കിട്ട് ഗോപാൽ:ഇന്ന് പണീല്യേ
എവട്രാ, മഴ്യല്ലേ
ന്നാ വാ, പടത്തിന് പൂവാ
എവടെ തൃശൂർക്കാ
ഔ, എവട്യാന്നറിഞ്ഞാലാ കേറുള്ളോ, വാടാ മ്മടെ പൊഴയ്ക്കപ്പാടത്തും തൊടങ്ങീട്ടില്ല ഒരെണ്ണം.
പോണ വഴിക്ക് ഒന്ന് മിനുങ്ങി, സുന്നത്തിന്റെ തിരുശേഷിപ്പ് മലർന്നടിച്ചു കിടക്കുന്ന കൊയ്യാപ്പാടത്ത് കെട്ടിപ്പൊക്കിയ  മൾട്ടിപ്ലക്സിലെ സുഖശീതളിമയിൽ അയ്യപ്പനും ഗോപാൽ ദാസും 'കമ്മട്ടിപ്പാടം' കാണാൻ. 'പുകയില', 'ശ്വാസകോശം' എന്നിങ്ങനെ ചടങ്ങുകൾ പുരോഗമിച്ചു.

സിനിമ നായകന്റെ മർമ്മരത്താൽ തുടങ്ങി പുരോഗമിക്കുന്നു. ദാസിലെ നിരൂപകൻ ഉണരുന്നു. ഇടതോ, വലതോ ചായ്വ്?, ഇരയോ വേട്ടക്കാരനോ?
ബിംബങ്ങൾ മനസ്സിലിങ്ങനെ മിന്നി മറയുമ്പോൾ ഗാനം ഒഴുകിയെത്തി- "ഇക്കാണും മാമലയൊന്നും, 
നമ്മുടേതല്ലെൻ മകനേ........."
നായകനല്ലാതെ നായകനായ സുന്ദരൻ ദുൽഖർ, കൃഷ്ണൻ 'നായരായി' തിമിർക്കുന്നു. 'ഗംഗ'യായി വിനായകൻ. ഗംഗ, ജയിൽ മോചിതനായ കൃഷ്ണനോട് - " നീ ഞങ്ങൾക്കിടയിലെ സുന്ദരനല്ലെടാ ....."
ഗോപാൽ ദാസ് അയ്യപ്പന് നേരെ മന്ദഹാസം. പുളകിതനായ അയ്യപ്പൻ ചുണ്ടത്ത് വിരൽ വച്ചൊരു വിസിൽ.

രാജീവ്, നീ മിടുക്കനാടോ (ഗോപാൽ ദാസിന്റെ ആത്മഗതം). ഇനിയൊന്നും ആലോചിക്കാനില്ല, പിടിക്കേണ്ട പക്ഷം കൃത്യം. 'നോ മോർ റൂം ഫോർ പുച്ഛം'

സിനിമ തീർന്നു. മാസങ്ങൾക്കു മുന്നേ 'കാവൽക്കാരന്റെ' മരണച്ചോര വീണ കവാടത്തിലൂടെ കാറിൽ പുറത്തേക്ക് കടക്കുമ്പോൾ പുറത്ത് 'പാരിക്കാട്' കോളനിയിലെ 'പിള്ളേർ' ശിങ്കാരി മേളം തകർക്കുന്നു. 
അയ്യപ്പൻ ഗോപാൽ ദാസിനോട് " എറങ്ങണാ "
"വേണ്ട്രാ, ഉച്ചക്ക് ഉണ്ണാൻ വീട്ടിലെത്തണം"
"എന്തൂട്ടാ പടം ലേ"
"പിന്നല്ല, മ്മടെ കത്യല്ലടാ, നിന്നെ ഞാൻ ഈ സ്റ്റോപ്പിലെർക്കാം എനിക്ക് ടൗണിൽ ഒരാളെ കാണാനുണ്ട് "
"ഹം......."
(താൻ പഠിച്ച കലാലയത്തിലെ നന്മ മരങ്ങൾക്കൊപ്പം സെൽഫിയുക്കൽ ഇവനോട് പറയുന്നതെങ്ങിനെ ?)

എല്ലാം തീർത്ത് വീട്ടിൽ കേറുമ്പോൾ തന്റെ നാല് വയസ്സുകാരൻ മകൻ ടിവിയിൽ കലാഭവൻ മണിയുടെ പാട്ടിനൊപ്പം പാടി തിമിർക്കുന്നു.
" അച്ഛൻ മോന് ഇതിലും നല്ലത് കേൾപ്പിക്കാം ട്ടോ "
യൂ ട്യൂബ് എടുത്ത് ടിവിയിൽ കണക്ട് ചെയ്ത് "ഇക്കാണും മാമലയും ", "കറുകറേ കാർമുഖിലുമൊക്കെ " സ്ട്രീമിലിട്ടു കൊടുത്ത് ചാര് കസേരയിലേക്ക്. 

ഭാര്യയോട് : "നേരെത്രായി, ചോറെടുക്ക് "

'ഇക്കാണും മാമലയൊന്നും നിങ്ങടെ തല്ലെൻ മകനേ.'

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.