2025, ജനുവരി 17, വെള്ളിയാഴ്‌ച
Meiyazhagan
മുഴച്ചു നിൽക്കുന്ന ലാളിത്യം വാരി വിതറാതെ, അധികം 'നന്മമര' മുദ്രാവാക്യ പ്രഘോഷങ്ങളില്ലാതെ -സംവിധായകന്റെ തന്നെ പ്രഥമ ചിത്രത്തിൽ ചിലപ്പോഴെങ്കിലും തോന്നിയത്- എന്നാൽ ഇതിന്റെയൊക്കെ സമികൃതാഹാരം തന്നെയാണ് തന്റെ രാവണൻ കോട്ടയെന്ന് മനോഹരമായി പ്രഖ്യാപിച്ചിരിക്കുന്നു സി പ്രേംകുമാർ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ. പൂര്ണ്ണാര്ത്ഥത്തിൽ ഒരു പ്രേംകുമാർ ചിത്രം. ചില സൃഷ്ടികളെ മനോഹരം എന്ന് പറഞ്ഞാൽ അത് ഭാഷയുടെ പരിമിതിയാകും . 'കാലവും', 'മഞ്ഞും' 'വാരണാസിയും' അനുഭവിച്ച മലയാളിക്ക്, 'അയൽവാസി' 2024'ൽ തന്ന ദൃശ്യാനുഭവം - മെയ്യഴകൻ !
"കേൾക്കുന്നുണ്ടോ എന്നുടെ ഒച്ച " എന്ന് മന്ദസ്വരത്തിലെങ്കിലും മൊഴിയണമെങ്കിൽ സൗഹൃദ വലയത്തിലെ മറ്റാരെങ്കിലും ശക്തമായി കുലുക്കേണ്ടി വരുന്ന ചില സവിശേഷവ്യക്തിത്വങ്ങൾ നമ്മുടെയൊക്കെ സൗഹൃദ വലയങ്ങളിൽ കാണും. അത്തരമൊരു വ്യക്തിത്വമായി അനുഭവപ്പെട്ടു അരുൾമൊഴിയും, അരുൾമൊഴിയെ അവതരിപ്പിച്ച അരവിന്ദ് സ്വാമിയും അരുൾമൊഴിക്കു ജന്മം നൽകിയ പ്രേംകുമാറും. കന്നിചിത്രമായ '96' ഇറങ്ങി ആറുവര്ഷങ്ങള്ക്കു ശേഷം തന്റെ തന്നെ നോവലിന് ചലച്ചിത്ര ഭാഷ്യം കൊടുക്കാൻ എടുത്ത ആ ഇടവേളയിൽ തന്നെയുണ്ട് പ്രേംകുമാർ എന്ന മനുഷ്യന്റെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ഇഴപിരിയിലന്റെ ആഖ്യാന രഹസ്യം . 'റോജക്കും' 'ബോംബെ'യ്ക്കും ശേഷം അവിടെയിവിടെയായി മിന്നി മാഞ്ഞിരുന്ന അരവിന്ദ് സ്വാമി എന്ന നടന്റെ, അരുൾ മൊഴിയെ അടിമുടി ആവാഹിച്ചുള്ള പൂണ്ടു വിളയാടൽ - മെയ്യഴകൻ .
കഥാപാത്രഘടനയിൽ (character design ) തന്നെ - മുന്നേ പറഞ്ഞ ആ പിടിച്ചുകുലുക്കലിന് - മെയ്യഴകൻ ആയി കാർത്തിക്കു പൊലിപ്പിക്കാനുണ്ടായിരുന്നു. സ്വഭാവ സവിശേഷതയാൽ അരുൾ മൊഴിയുടെ 180 ഡിഗ്രി വിപരീത ദിശയിലുള്ള കഥാപാത്രമായി കാർത്തി മനോഹരമാക്കി എന്ന് തന്നെ പറയാം . 'ക്ലിഷേ ' യിലേക്ക് വഴുതി വീഴുമായിരുന്ന പലയിടങ്ങളിലും കാർത്തി രക്ഷപ്പെടുത്തി എന്ന് തന്നെ പറയേണ്ടി വരും. സൗഹൃദത്തിൽ മാത്രം സാധ്യമാകുന്ന കൊടുക്കൽ വാങ്ങലുകൾ മനോഹരമാക്കി ചെയ്ത 'കോംബോ', "ഒരു കഥ സൊല്ലട്ടുമാ" എന്ന വിജയ് സേതുപതിയുടെ ആ പ്രസിദ്ധ സ്റ്റെമെന്റ്റ് മറ്റൊരു രൂപത്തിൽ പൂരിപ്പിച്ചു ഇവിടെ മെയ്യഴകനിലൂടെ അക്ഷരാർത്ഥത്തിൽ .
ചിത്രത്തിന്റെ തുടക്കത്തിൽ പ്രേക്ഷകനൊരുപക്ഷെ ഇഴച്ചിൽ തോന്നിയെങ്കിൽ (എനിക്ക് തോന്നി ) അത് തന്നെയാണ് മുന്നേ പറഞ്ഞ നാം അകപ്പെട്ട ചുഴി. ഒഴിവാക്കാവുന്ന/ ഒഴിവാക്കാൻ പറ്റാത്ത ഓട്ടപ്പാച്ചിലുകളുടെ ചുഴി. അവിടെ നഷ്ടപ്പെടുന്ന , അല്ല സമരസപ്പെടുന്ന, മറുപുറത്തിന്റെ ആസ്വാദനതലം . ഈ ചിത്രന്റെ ആസ്വാദനതലത്തിന്റെ അനുഭൂതിയുടെ ആകെത്തുകയിൽ ആ ഇഴച്ചിൽ അനുഭവം കൂടി ചേർന്നതാണ് (Intentional) എന്ന് തോന്നുന്നു. മേളത്തിൽ തുടക്കത്തിലേ ഓരോ കാലങ്ങളും കൊട്ടി തീർക്കുന്നത് ആസ്വദിച്ചാൽ മാത്രം മേളം ആസ്വാദനതലത്തിൽ നിങ്ങള്ക്ക് അനുഭൂതി തരുന്നുന്നള്ളു എന്ന തത്വം തന്നെ ഇവിടെയും.
എടുത്ത് പറയേണ്ട മറ്റൊന്ന് , ഈ ചിത്രത്തിലെയും (96 ഇലെ തൃഷ) നായിക (എന്ന് പറയാവുന്ന ) കഥാപാത്രം തന്നെ . അരുളിന്റെ സ്വഭാവ സവിശേഷതയുടെ ആവിഷ്കാരം ഹേമയിലൂടെ മാത്രമേ പൂര്ണമാകുന്നുള്ളു ,അതെ സമയം ഹേമ ഫോണിലൂടെ അരുൾമൊഴിയോട് "നാട്ടിൽ പോയപ്പോഴേക്കും നാട്ടു ഭാഷയിലേക്ക് വന്നല്ലോ " എന്നൊക്കെയുള്ള രംഗങ്ങളിൽ കടത്തിയും വെട്ടുന്നു. വ്യക്തമായി കൊത്തിയെടുത്ത വ്യക്തിത്വം സംസാരിക്കുന്ന കഥാപാത്രങ്ങൾ.
ഒരു ക്ലൈമാക്സ് ഇല്ലാതെ, ഒരു ട്വിസ്റ്റും ഇല്ലാതെ, ഇനിയെന്ത് നടക്കും എന്ന് കൃത്യമായി നമുക്കൂഹിക്കാമായിരുന്നിട്ടും നാം ഇരുന്നെങ്കിൽ അത് പറയുന്നത് ആ കാര്യം തന്നെയല്ലേ ? - മനുഷ്യന് പറയാൻ കുറച്ചു കഥകളെ ഉള്ളു എന്നാൽ പറയുന്ന രീതിയിലാണ് കാര്യം!
ചുരുക്കി പറഞ്ഞാൽ ഇതൊരു WEEKEND WATCH'ഇൽ നിങ്ങളെയും കൊണ്ട് തഞ്ചാവൂരിലേക്കും, ആ കാലത്തെ ചുറ്റിപ്പറ്റിയുള്ള ഓർമ്മസ്ഥലികളിലേക്കും ഊളയിടിയിക്കും. അതല്പം കൂടിയെങ്കിൽ , കുറഞ്ഞ പക്ഷം, ഷെയറിട്ടു വാങ്ങിയ 'OCR' അരയിൽ നിന്നെടുത്ത് തുറക്കാൻ നേരം നിലത്ത് വീണു പൊട്ടിയപ്പോൾ ഏതോ പടത്തിൽ ശ്രീനിവാസൻ ചിരിച്ച ആ പ്രസിദ്ധ ചിരി ചിരിച്ച കൂട്ടുകാരനെയെങ്കിലും ഓർക്കും
2021, ജനുവരി 25, തിങ്കളാഴ്‌ച
അവൾ വീണ്ടും വന്നു
ആ വിടവ് നികത്താൻ ഉന്മാദ പരവശനായി മുഖാമുഖ ദർശനത്തിനു പോയപ്പോഴാ കാര്യം പിടി കിട്ട്യേ! ഇത്തവണ പിണക്കത്തിലാ..ഈയിടെയായി ഒരു ഇറ്റലിക്കാരിയായി ലോഹ്യം തുടങ്ങിയത് അവൾക്കത്ര ഇഷ്ടപ്പെട്ടിട്ടില്ല .. തറവാടോക്കെ നശിച്ചെങ്കിലും ഞാനീ നാട്ടിലിങ്ങനെ ഒരു ഗതിയുമില്ലാതെ നടക്കുമ്പോൾ, എന്നെ ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കുണ്ടോ .. അതോ പോട്ടെ നിങ്ങള് ആ വിദേശികളുടെ വായിലും നോക്കി നടന്നോ എന്ന കുട്ടി കുശുമ്പും മറച്ചു വച്ചില്ല.
അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിക്കുന്ന ഓരോ യൂത്തന്മാര് 'കണ്ടുമുട്ടാനുള്ള ഇടങ്ങളിൽ 'ഏതോ ഒരു പരദേശി ഗിനി മദാമ്മയെ മോഡൽ ആക്കിയതോ പോട്ടെ, നിങ്ങളതു വെള്ളമിറക്കി നോക്കിയിരിക്കാലെ എന്ന്..
(https://www.thehindu.com/life-and-style/lamborghinis-promotional-campaign-showcases-a-slice-of-kerala-culture/article33609786.ece)
ഏതോ ഒരു ഗിനിയല്ല തങ്കം, ദേവന്റെ ശിരസും ആനയുടെ ശരീരവുമുള്ള ലംബോദരരുടെ പിന്മുറക്കാരി വല്യേ റോമ തറവാട്ടുകാരിയാ, ആകാരവടിവിൽ ഇവളും ഒട്ടും ...(ഇല്ല മുഴുമിപ്പിച്ചില്ല )...ഒരു നോട്ടം, അത്ര മാത്രം, അത്രയേ ഉണ്ടായുള്ളു എന്നൊക്കെ പറഞ്ഞു നോക്കി .. ങേ ഹേ ....
കണ്ടോ കണ്ടോ നാക്കു പെഴക്കില്യ . യൗവ്വനത്തിലെ സെക്കൻഡ്ഷോ പടത്തിന് , ആശുപത്രിയിലേക്ക് , റെയിൽവേ സ്റ്റേഷനിലേക്ക് ,നാട്ടിലേക്കുള്ള ആദ്യ വരവിൽ നിങ്ങളെ സ്വീകരിക്കാൻ ഒക്കെ ഈ ഞാനേ ഉണ്ടായിരുന്നുള്ളു എന്ന മുനവെച്ച അമ്പ് ഹൃദയത്തിലാ തറച്ചേ
നീയിങ്ങു വന്നേ മുത്തേ എന്നും പറഞ്ഞു ഒന്ന് ഫ്രെയിം സെറ്റ് ചെയ്തപ്പോ ഒരു അര മനസ്സോടെ അവൾ നിന്ന് തന്നു .. എന്നാലും പിണക്കം മുഴുവൻ മാറീട്ടില്ലാ
2020, ഡിസംബർ 29, ചൊവ്വാഴ്ച
K.P. ബാലചന്ദ്രന്റെ വിയോഗം
ചില വ്യക്തികളുണ്ട് . അവർ അവരുടെ സൃഷ്ടികളിൽ മാത്രം ഏർപ്പെട്ടുകൊണ്ട് - ശലഭ സുഷുപ്തി എന്നൊക്കെ അലങ്കാരികഭാഷയിൽ പറയാവുന്നത് - അധികം ഒച്ചപ്പാടുകളില്ലാതെ വ്യാപാരിച്ചുകൊണ്ടിരിക്കും. അവരെ നിങ്ങൾ സാഹിത്യ സദസ്സുകളിൽ കാണില്ല , Limelightഅവർക്കു വിഷയമേ അല്ല. അത്തരം ഒരു വ്യക്തിയുടെ മരണവാർത്ത ഇന്നത്തെ മാതൃഭൂമി പത്രത്തിൽ കണ്ടതാണ് ഈ കുറിപ്പിനാധാരം. കോവിഡ് മഹാമാരിയിൽ മറ്റൊരു പ്രതിഭയുടെ നഷ്ടം കൂടി - വിവർത്തകൻ കെ.പി. ബാലചന്ദ്രൻ. . മാധ്യമം പത്രത്തിന്റെ തലക്കെട്ട് കടമെടുത്താൽ "ഗൂഗിളിലും പേരില്ലാത്ത പ്രശസ്തൻ".
104 ഗ്രന്ഥങ്ങളാണ് വിവർത്തനം ചെയ്തിട്ടുള്ളത്. ഭാര്യ Dr ശാന്തയുമൊത്ത് തൃശൂർ കിഴക്കേ കോട്ടയിൽ ആയിരുന്നു താമസം - 1939 തൃശ്ശൂരിലെ മണലൂരിൽ ജനനം. വിവർത്തനം ചെയ്ത കൃതികളിൽ പ്രധാനപ്പെട്ടവ - ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ. മുഗൾ ഭരണം എട്ടു വാള്യങ്ങൾ, ദില്ലി സുൽത്താനേറ്റ് ഭരണം മൂന്നു വാള്യങ്ങൾ, ടിപ്പുവിന്റെ ചരിത്രം രണ്ടു വാള്യങ്ങൾ, വിഷാദ വിവരങ്ങൾ - https://www.madhyamam.com/kerala/unnamed-celebrity-on-google-writing-should-be-known-not-the-writer-687542.
https://www.mathrubhumi.com/books/news/writer-kp-balachandran-passed-away-1.5315694
വ്യാസഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്വാൻ കെ. പ്രകാശം ആണ് പിതാവ് . ഈയവസരത്തിൽ വിദ്വാൻ കെ പ്രകാശത്തെയും ഒന്ന് സ്മരിക്കേണ്ടതുണ്ട്.. കാരണം ശബ്ദമുഖരിതമായ ഈ കാലത്ത് തന്റെ ഇഷ്ടങ്ങളിൽ അത്യന്തം പാഷൻ കൊണ്ട് മാത്രം ജോലി ചെയ്തു നിശബ്ദ വിപ്ലവം നടത്തുന്നവരും ഈ ലോകത്തുണ്ട് എന്ന ഓർമ്മപ്പെടുത്തലുകളാണിവർ. ഒരുപക്ഷെ ശ്രീ K.P.ബാലചന്ദ്രനിൽ ഈ സ്വഭാവം പിതാവിൽനിന്നും കൈമാറിയതാകാം . 18 പർവ്വങ്ങളിലായി 1,25,000 ശ്ലോകങ്ങളുള്ള ഇതിഹാസം മഹാഭാരതം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് പദാനുപദ പരിഭാഷ നടത്തിയ പ്രതിഭ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റേതിൽ നിന്ന് വ്യത്യസ്തമായി, വിദ്വാൻ കെ പ്രകാശം ചെയ്തത് ഒരു ഗദ്യ തർജ്ജമയായിരുന്നു . വിദ്വാൻ കെ പ്രകാശം - കൂടുതൽ വിവരങ്ങൾക്ക് - 'അഞ്ചുവിളക്ക് '- സി എ കൃഷ്ണൻ (പേജ് 137), പ്രസാധകർ - ഗ്രീൻ ബുക്‌സ്- https://greenbooksindia.com/c-a-krishnan/Anchuvilakku
2020, സെപ്റ്റംബർ 2, ബുധനാഴ്‌ച
രാത്രി
"പൂക്കൾ അതിന്റെ വിരിയലിനെ
നാളേയ്ക്കു മാറ്റിവച്ചേനെ
രാത്രിയിൽ കവിതയില്ലായിരുന്നെങ്കിൽ " - വീരാൻകുട്ടി
2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച
കാത്തിരിപ്പ്
കൂട്ടുകാരൊക്കെ പരീക്ഷ പാസ്സായിട്ടും ഒറ്റ പേപ്പർ 'സപ്പ്ളി ' വന്നോണ്ട്, എവിടെയാണോ അവിടെ തന്നെ കിടക്കേണ്ടി വന്ന 'പതിനാറാമന്റെ' അവസ്ഥ. ടണലിനപ്പുറത്തെ അണയാത്ത ആ വെളിച്ചമെന്ന പ്രതീക്ഷയിലാണവനും ചുറ്റുമുള്ള ഈ ലോകവും!
(കോവിഡ് 19 വ്യാപനത്താൽ കഴിഞ്ഞയാഴ്ച -18th to 23rd August 2020- അടാട്ട് പഞ്ചായത്ത് മുഴുവനായും കണ്ടൈൻമെൻറ് സോൺ ആയിരുന്നു . ഈ ആഴ്ചയിൽ പല വാർഡുകളെയും ഒഴിവാക്കി, പതിനാറാം വാർഡ് ഇപ്പോഴും കണ്ടൈൻമെൻറ് സോൺ ആയി തുടരുന്നു)
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.