വിചാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിചാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ജൂലൈ 10, വെള്ളിയാഴ്‌ച

മൊഴിയൊളിപ്പിച്ചൊരാ മുറി!

 

Javed Akhtar  

"Woh Kamra Yaad Aata Hai"

ഒരു സ്വതന്ത്ര പരിഭാഷ 


തേക്കിൻ തടികൊണ്ടുണ്ടാക്കിയ ആ ഭാരമേറിയ വാതിൽ,
തുറക്കുമ്പോഴൊക്കെയും അതൊരു നേർത്ത ശബ്ദമുണ്ടാക്കുമായിരുന്നു;
വളരെ പതുക്കെ, വളരെ താഴ്ന്ന സ്വരത്തിൽ,
അതെന്നോട് എന്തോ ചോദിക്കുന്നതുപോലെ...

മുറിയിൽ വെച്ചിരുന്ന, കരിനിഴൽ വീഴ്ത്തിക്കിടന്ന, ആ പഴയ കറുകറുമ്പൻ മിനുങ്ങൻ മേശ,
അതിന്റെ കൺകോണുകളിലൂടെ എപ്പോഴും എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുമായിരുന്നു.

ഞാൻ വന്നിരിക്കാറുള്ള ആ കസേര,
അതിന്റെ കൈകളിൽ തലചായ്ക്കുമ്പോൾ,
മടിയിലിരുത്തി താരാട്ടു പാടുന്ന,
അമ്മയെപ്പോലെയായി മാറുമായിരുന്നു.

താ, ആ കോണിൽ നിൽക്കുന്ന,
ഒരു വൃദ്ധയായ പരിചാരികയെപ്പോലെ
കണ്ണാടിയെ ശാസിച്ചുകൊണ്ടിരുന്ന,
ആ ചെറിയ പൂപ്പാത്രം...
ചെറുതെങ്കിലും, വളരെ കുസൃതിയുള്ള ഒന്ന്.

വർ രണ്ടുപേരെയും നോക്കി ചിരിക്കുമായിരുന്നു, ആ ജനൽ...
വിവേകം നിറഞ്ഞ ഒരു പുഞ്ചിരി.

നലിലേക്ക് ചാഞ്ഞുനിൽക്കുന്ന ആ വള്ളിച്ചെടി,
ഏതോ പച്ചപ്പാർന്ന രഹസ്യം മന്ത്രിക്കുകയായിരുന്നു.

പുസ്തകങ്ങൾ...
അലമാരയിലും തട്ടുകളിലുമായി,
ഗൗരവമുള്ള അധ്യാപികമാരെപ്പോലെ ഇരിപ്പുണ്ടായിരുന്നു.
എങ്കിലും അവയെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു,
ഞാൻ അവയോട് എന്തെങ്കിലും ചോദിക്കുമെന്നോർത്ത്.

ലയ്ക്കൽ,
ഉറക്കത്തിന്റെ കൂട്ടുകാരനായി,
ക്ഷീണം മാറ്റുന്ന വൈദ്യനായി, ആ മൃദുവായ തലയിണ...
അതിന്റെ മടിയിൽ തലചായ്ച്ചായിരുന്നു
ഞാൻ മേൽക്കൂരയിലേക്ക് നോക്കിക്കിടന്നിരുന്നത്.

മേൽക്കൂരയുടെ പലകകൾക്കിടയിൽ,
ആർക്കറിയാം എത്രയെത്ര കഥകളുടെ കണ്ണികളുണ്ടായിരുന്നുവെന്ന്!

ചെറിയ മേശപ്പുറത്തും, മുന്നിലെ ചുവരിലും
തൂക്കിയിട്ടിരുന്ന ആ ചിത്രങ്ങൾ...
അവ എന്നെ സ്നേഹത്തോടെയും വിശ്വാസത്തോടെയും നോക്കുമായിരുന്നു,
പുഞ്ചിരിക്കുമായിരുന്നു.

വയ്ക്ക് ഒട്ടും സംശയമില്ലായിരുന്നു,
ഒരു ദിവസം...
ഞാൻ അവരെയെല്ലാം ഇങ്ങനെ ഉപേക്ഷിച്ചു പോകുമെന്ന്.
പിന്നീടൊരിക്കലും തിരിച്ചുവരാത്തവിധം...

ഞാൻ ഇപ്പോൾ താമസിക്കുന്ന ഈ വീട്, വളരെ മനോഹരമാണ്.
പക്ഷേ, പലപ്പോഴും ഞാൻ ഇവിടെ നിശബ്ദനായി ഇരുന്ന് ഓർക്കാറുണ്ട്...

ആ മുറി എന്നോട് സംസാരിക്കുമായിരുന്നു.

നിങ്ങൾ വിട്ടുപോന്ന ഏതെങ്കിലും ഒരു മുറി, ഏതെങ്കിലും ഒരു വസ്തു ഇപ്പോഴും നിങ്ങളോട് സംസാരിക്കാറുണ്ടോ? 



2025 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

മനസിന്റെ ഒരു കാര്യേയ്!

ഭാഷ എന്നത് വെറും വാക്കോ വാചകമോ അല്ല, അത് ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമായും, കാലാവസ്ഥയുമായും ചരിത്രവുമായുമൊക്കെ ചേർന്നുള്ള ഒരുല്പന്നമാണെന്നു ഒരു സംശയവുമില്ലല്ലോ? വിവർത്തന സാഹിത്യത്തിൻറെ പരാജയവും (പരാദീനതയും) വിജയവും നോക്കിയാൽ ഈ ഒരു ഘടകം കാണാം. വരികൾ ഒരു ഭാഷയിൽ ഉരുവം കൊള്ളുന്നത് മറ്റൊരു ഭാഷയിൽ പദാനുപദമായി വിവർത്തനം ചെയ്താലുള്ള അവസ്ഥ. ആശയം മൊത്തത്തിൽ ഉൾക്കൊണ്ട് മറ്റൊരു ഭാഷയിൽ അവതരിപ്പിച്ചാലും പലതും ചോർന്നു പോയേക്കാം. ചിലത്  രസകരവുമാകാം. ചിലതു മൂലകൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു സ്വതന്ത്ര സൃഷ്ടിയുമാകാം - ബാലചന്ദ്രൻ ചുളളിക്കാടിന്റെ വിവർത്തന കവിതകൾ. 

പരീക്ഷണം:

 ഈ മനസിന്റെ ഒരു കാര്യേയ് 

കടലാസ്സ് ചിറകുകൾ മാത്രം പിടിച്ച് അവൻ പറന്നു പോകുന്നു, 

പോകാൻ പാടില്ലാത്തേടത്തിക്കൊക്കെ പഹയൻ പോകും 

പ്രായത്തിന്റെ കുന്തോം കൊടച്ചക്രോം ഓനുണ്ടോ 'മനസ്സിലാവുന്നു'

നാക്കിൽ പതിഞ്ഞ മോഹമായകൾ അവനെ വശീകരിക്കുന്നു, ഹൂയ്...

ഓന് മുന്നും പിന്നുമില്ലന്നേയ് 

വള്ളിപൊട്ടിയ എൻ മനം, ഹൂശ് ....




Kaagaz ke do pankh leke, Uda chala jaaye re

Jahaan nahin jaana tha ye, Wahin chala haye re

Umar ka yeh taana baana, samajh na paaye re

Zubaan pe jo moh maaya, Namak lagaye re

Ke dekhe na bhale na jaane na daayre

Disha hara kemon boka
Monn-ta re..

കോട്ടകളെല്ലാം കീഴടക്കിയിട്ടും, മതിലുകളെല്ലാം തച്ചുടച്ചിട്ടും, 
പ്രേമം ഒരു കുറ്റമെന്നോണം കരുതുന്നു പഹയൻ 

ആങ്ങട്ടോ ഇങ്ങാട്ടോന്നും പറഞ്ഞിങ്ങനെ 

ചാടിക്കളിക്കുന്ന കുട്ടിക്കൂരങ്ങൻ 

ഹൃദയമൊന്നുമല്ല പൊന്നോ 

അടിക്കുമ്പോഴെല്ലാം പാറിപ്പറക്കുന്നൊരു 

അഞ്ചാം നമ്പർ പന്തെന്നെ ..



Fateh kare kile saare, bhed jaaye deewareinPrem koi sendh laage.. 
Sendh laage re laage
Agar magar bari bari,
Jiya ko yoon uchhale,
Jiya nahin gend laage, gend laage re laage

ചന്ദനമെന്നു ധരിച്ച് മണ്ണിനെ  

നെറ്റിയിലലങ്കാരമായ് കുറിയിട്ടിരിക്കുന്നു 

നാക്കിൽ പതിഞ്ഞ മോഹമായകൾ അവനെ വശീകരിക്കുന്നു, ഹൂയ്

ആങ്ങട്ടോ ഇങ്ങാട്ടോന്നും പറഞ്ഞിങ്ങനെ 

ചാടിക്കളിക്കുന്ന കുട്ടിക്കൂരങ്ങൻ തന്നെ ഇഷ്ടോ!



Maati ko ye chandan sa, maathe pe sajaye re

Zubaan pe jo moh maaya, namak lagaye re

Ke dekhe na bhale na jaane na daayre

Disha hara kemon boka
Monn-ta re..

---------------------------------------------------------------------------

ഗാനം: Monta Re  

ചിത്രം : Lootera (2013)

Written by Amitabh Bhattacharya, Composed by Amit Trivedi & Sung by Swanand Kirkire & Amitabh Bhattacharya

2020 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കാത്തിരിപ്പ്

കൂട്ടുകാരൊക്കെ പരീക്ഷ പാസ്സായിട്ടും ഒറ്റ പേപ്പർ 'സപ്പ്ളി ' വന്നോണ്ട്,  എവിടെയാണോ അവിടെ തന്നെ കിടക്കേണ്ടി വന്ന 'പതിനാറാമന്റെ' അവസ്ഥ. ടണലിനപ്പുറത്തെ അണയാത്ത ആ വെളിച്ചമെന്ന പ്രതീക്ഷയിലാണവനും ചുറ്റുമുള്ള  ഈ ലോകവും!

(കോവിഡ് 19 വ്യാപനത്താൽ കഴിഞ്ഞയാഴ്ച -18th to 23rd August 2020- അടാട്ട് പഞ്ചായത്ത്  മുഴുവനായും കണ്ടൈൻമെൻറ് സോൺ ആയിരുന്നു . ഈ ആഴ്ചയിൽ പല വാർഡുകളെയും ഒഴിവാക്കി, പതിനാറാം വാർഡ്  ഇപ്പോഴും  കണ്ടൈൻമെൻറ് സോൺ  ആയി തുടരുന്നു)

2012 ജനുവരി 30, തിങ്കളാഴ്‌ച

ഹൃദയത്തിന്‍ മധുപാത്രം

http://www.youtube.com/watch?v=0TSJ4-Ka1d4
ഇതൊരു പാട്ട് ബ്ലോഗ്‌ ആകുന്നുവോ. എന്ത് ചെയ്യാം, ചില പാട്ടുകള്‍ മനസ്സിനെ എവിടെയൊക്കെയോ കൊണ്ടുപോയി നീയിതിനെ പറ്റി എഴുതിയേ തീരൂ എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഈ പാട്ട് കേട്ടതിനു ശേഷം ഇങ്ങിനെ ഒരടിക്കുറിപ്പ് ആവര്ത്തിക്കാനേ എനിക്കും കഴിയൂ. "ശബ്ദത്തിനൊരു വ്യക്തിത്വമുണ്ടെങ്കില്‍ ആതിനെ യേശുദാസ് എന്ന് വിളിക്കാം" . ഒപ്പം എന്പതിന്റെ നിറവിലും "പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ,
മഴവില്ലിന്‍ മണിവര്ണ്ണിപ്പൊട്ടുകളോ?...
അരുമയാം നെറ്റിയില്‍ കാര്ത്തികരാവിന്റെ?
അണിവിരല്‍ ചാര്ത്തി യ ചന്ദനമോ?" എന്നെഴുതിയ തൂലികയുടെ ഉടമെയെയും. കൌമാരത്തിലും വാര്‍ദ്ധക്ക്യം ബാധിച്ച ഇന്നത്തെ തലമുറയോടുള്ള വെല്ലുവിളിയല്ലെ സുഹൃത്തെ ഈ വരികള്‍?
മനസ്സിന് പ്രായമില്ല എന്ന് വിവരിക്കാന് മലയാളിക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല, ONV എന്നീ മൂന്നക്ഷരങ്ങള് ഉള്ളപ്പോള്‍.
കൂടുതല്‍ ഒന്നുമില്ല എഴുതാന്‍.

"ഹൃദയത്തിന്‍ മധുപാത്രം ….
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്
‍ഋതുദേവതയായ് അരികില്‍ നില്ക്കെ , അരികില്‍ നില്ക്കെ …..
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്
‍ഋതുദേവതയായ് അരികില്‍ നില്ക്കെ ..നീയെന്‍ അരികില്‍ നില്ക്കെ

പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ,
മഴവില്ലിന്‍ മണിവര്ണ്ണിപ്പൊട്ടുകളോ?...
അരുമയാം നെറ്റിയില്‍ കാര്ത്തികരാവിന്റെ?
അണിവിരല്‍ ചാര്ത്തി യ ചന്ദനമോ?
ഒരു കൃഷ്ണതുളസിതന്‍ നൈര്മ്മമല്യമോ
നീഒരു മയില്പ്പീ ലിതന്‍ സൗന്ദര്യമോ
നീ ഒരു മയില്പ്പീ ലിതന്‍ സൗന്ദര്യമോ…

ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്
‍ഒരു വസന്തം തീര്ക്കും കുയില്മൊലഴിയോ..
കരളിലെ കനല്പോരലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ...
ഒരു കോടി ജന്മത്തിന്‍ സ്‌നേഹസാഫല്യം നിന്‍
‍ഒരു മൃദുസ്പര്ശ‍ത്താല്‍ നേടുന്നു ഞാന്‍...
നിന്‍ ഒരു മൃദുസ്പര്ശ‌ത്താല്‍ നേടുന്നു ഞാന്
‍ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍
‍ഋതുദേവതയായ് അരികില്‍ നില്ക്കെ , അരികില്‍ നില്ക്കെ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍
‍ഋതുദേവതയായ് അരികില്‍ നില്ക്കെ , നീയെന്‍ അരികില്‍ നില്ക്കെ ..."

2012 ജനുവരി 25, ബുധനാഴ്‌ച

മഞ്ഞു പെയ്യുന്ന രാത്രിയില്‍

"മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍

സ്വര്‍ണ്ണ പുഷ്പങ്ങള്‍ കൈയ്യിലേന്തിയ സന്ധ്യയും പോയ്‌ മറഞ്ഞൂ......
ഈറനാമതിന്‍ ഓര്‍മ്മകള്‍ പേറി ഈ വഴി ഞാനലയുന്നു

കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ കാട്ടു പക്ഷി തന്‍ നൊമ്പരം
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
‍കണ്ണു ചിമ്മുന്ന താരകങ്ങളെനിങ്ങളില്‍ തിരയുന്നു ഞാന്‍...
എന്നില്‍ നിന്നുമകന്നൊരാ സ്നേഹ സുന്ദര മുഖഛായകള്
വേദനയോടെ വേര്‍പിരിഞ്ഞാലുംമാധുരി തൂകുമോര്‍മ്മകള്
‍ മഞ്ഞു പെയ്യുന്ന രാത്രിയില്‍എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍""

വരികള്‍ കൊണ്ടും സംഗീതം കൊണ്ടും ഒരു മാസ്മരിക ലോകം സൃഷ്‌ടിച്ച ഗാനം, അല്ല കവിത. ഒരു കാലത്ത് രാത്രികളില്‍ മൊത്തം നേര്‍ത്ത ശബ്ദത്തില്‍ കേട്ടിരുന്ന ആ ദിനങ്ങളെ ഓര്‍ത്തു പോയി.
ഒരു പ്രത്യേക മാനസിക അവസ്ഥയില്‍ എത്തിക്കാന്‍ കഴിവുള്ള ഏതാനും ഗാനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഈ ഗാനം മനസ്സിന്റെ അടിത്തട്ടില്‍ നിന്നും മേലേക്കെടുക്കാന് സഹായിച്ച എന്റെ ഒരു ഉറ്റ സുഹൃത്തിനു വേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു. ഒപ്പം O.N.V എന്ന തൂലികത്തുമ്പിനോടും, ഔസേപ്പച്ചന്‍ എന്ന സംഗീതത്തിനും നന്ദി പറയുന്നു.

ആ തൂലികയില്‍ നിന്നും ഇനിയും വേണം ഞങ്ങള്‍ക്ക് ഇതുപോലുള്ള അമ്രുതവര്ഷങ്ങള്‍. ..". ..യയാതിക്ക് മാത്രം എന്തേ ആ വരം കിട്ടാന്‍ ?"എന്ന് ഞങ്ങള്‍ ചോദിക്കുന്നു. വാര്ദ്ധക്യം സ്വീകരിക്കാന്‍ 'പുരു' ക്കള്‍ ഇവിടെ തയ്യാറായി നില്‍ക്കുമ്പോള്‍ ...

2011 നവംബർ 18, വെള്ളിയാഴ്‌ച

മടക്കുയാത്ര


Frame ന് അപ്പുറം പ്രതീക്ഷകളുടെ പച്ചപ്പ്‌ നിറഞ്ഞ ഒരു ലോകമുണ്ട്, ഒപ്പം ചുമന്ന Signalവിളിച്ചോതുന്ന മുന്നറിയിപ്പുകളും പാതയേതെന്നു തിരഞ്ഞെടുക്കേണ്ടത് പഥികന്‍.

2011 നവംബർ 7, തിങ്കളാഴ്‌ച

വിധി വൈപരീത്യത്തിന്റെ തിരുവാതിരക്കളി

പിള്ളയുടെ എട്ടു മാരക രോഗങ്ങളും മാറി , ആരോഗ്യ വകുപ്പിന് ആശംസകള്‍

ശംഭോ ശിവ ശംഭോ "ശുംമ്പോ" ശുഭം ശൂ .........

അമ്പോ, അപ്പൊ ആരാ ശശി. തീരുമാനായി സഖാവ് തന്നെ ..................

പൊതു പ്രവര്‍ത്തകള്‍ ജുഡിഷ്യറിയെ മാനിക്കണം: മുഖ്യമന്ത്രി.

എന്നെ ഒഴിവാക്കിയാല്‍ ഇനിയുള്ള ദിനങ്ങള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ versus മലയാള സിനിമയായിരിക്കും , - അപ്പൊ ശശി - സംശയില്ല്യ ജനങ്ങള്‍

"വിധി വൈപരീത്യത്തിന്റെ തിരുവാതിരക്കളി "

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

തിരുത്തിന്മേല് കാളി കാക്കണേ....

നോക്കേണ്ടവന് നോക്കേണ്ട പോലെ നോക്കിയാല്‍ നിഗൂഢസൌന്ദര്യം ഒളിഞ്ഞിരിക്കുന്ന ഞങ്ങടെ തിരുത്ത് . തിരുത്തില്‍ നിന്നുള്ള മടക്കു യാത്രയില്‍, വടക്ക് കിഴക്കോട്ടു നോക്കിയാല്‍ ദേശത്തെ കാക്കുന്ന ദേവന്മാരെ പോലെ മൂന്നു കുന്നുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ ഇപ്പോള്‍ പുഴക്കല്‍ പാടത്ത് മലര്‍ന്നടിച്ചു കിടക്കാ. ഒരു രക്ഷീല്ല്യ . തിരുത്തിന്മേല് കാളി കാക്കണേ....

2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

BAN ENDOSULFAN




ജനങ്ങളുടെ നിലവിളി കേള്‍ക്കാത്ത ഒരു ഭരണ സംവിധാനത്തെയാണോ നാം, സാക്ഷര കേരളം തിരഞ്ഞെടുത്തത്. അതോ തമ്മില്‍ ഭേദം തൊമ്മന്‍ മാരേയോ .......




കാത്തിരിക്കാം മെയ്‌ 13 വരെ.

2011 ഏപ്രിൽ 17, ഞായറാഴ്‌ച

ഗുല്‍മോഹര്‍

ചാത്തപ്പന്‍ ഒരു നവയുഗ ആദം ആകുന്നു . മണ്ണില്‍ നിന്ന് ദൈവം ആദാമിനെ സൃഷ്ടിച്ചു എന്ന തത്വപ്രകാരം പണ്ടേ ചാത്തപ്പന് മണ്ണിനോട് സ്നേഹമായിരുന്നു. മണ്ണ് ചുമന്നതായതിനാല്‍ ചുമപ്പിനോടും. പക്ഷേ ആ സ്നേഹം കൊണ്ടു മാത്രം കഞ്ഞികുടി നടക്കില്ല എന്ന "വിധിവൈപരീത്യത്തിന്ടെ തിരുവാതിരക്കളി " ഉള്ളതിനാല്‍ ചാത്തപ്പന്‍ നാട് വിട്ടു, ഒരു ജോലി സമ്പാദിച്ചു. ഇനിയെന്ത് എന്ന ചോദ്യത്തിന് സ്വാഭാവികമായും ഉത്തരം കണ്ടത്തേണ്ടതിനാല് പ്രിയതമക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍്പ്പെട്ടു. കണ്ടു മുട്ടി ചിരുതയെ. അതെ ഹവ്വ യുടെ പിന്മുറക്കാരി ചിരുത. ദൈവം രണ്ടാമത് സൃഷ്ടിച്ചതും ആദാമിന്റെ വാരിയെല്ലില്‍നിന്നും സൃഷ്ടിച്ചതും ആയാതിനാല്‍ അതിന്റേതായ ഒരു complex ഹവ്വക്കുട്ടിക്കുണ്ടായി, അല്ല ചീതക്കുട്ടിക്കുണ്ടായി. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ പഴം ഭക്ഷിച്ചത് വഴി, ദൈവം ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കാന്‍ കാരണം തന്നെ ഇവനോരുത്തനാണ് എന്ന് ഹവ്വ പക്ഷം, അല്ല എന്ന് adam പക്ഷം. ഇതന്നേ തുടങ്ങിയതാണ്‌ എന്ന് സാരം. ചാത്തപ്പന് ഒരു രക്ഷയുമില്ലതെയായി. ഭുദ്ധിജീവി ആയേ ഒക്കു എന്നായി. ഇതിനായി ആദ്യം പുസ്തകങ്ങള്‍ വഴിയുള്ള ഒരു attack ആണ് ആദ്യം ചാത്തപ്പന്‍ പ്ലാന്‍ ചെയ്തത്. പക്ഷേ ബി. മുരളിയുടെ Umberto eco വായിച്ച ചാത്തപ്പന്‍ അതിന് ഒരുമ്പെട്ടില്ല. "എന്റെ കണ്ണശ രാമായണം എവിടെ" എന്ന് തപ്പി പോകേണ്ടി വരുമെന്നറിയാമായിരുന്നു. ആയാതിനാല്‍ ഇനി സിനിമ വഴി തന്നെയാകാം പ്രയോഗം എന്നായി ചാത്തപ്പന്‍. അതും ഒരു സമാന്താരന്‍ ടൈപ്പ്. തന്റെ പ്രിയ പത്നി ചിരുതയെയും കൂട്ടി ആദ്യമായി ചാത്തപ്പന്‍ തെരഞ്ഞു പിടിച്ച് ഒരു സിനിമക്കായി പുറപ്പെട്ടു. സിനിമയുടെ പേര് "ഗുല്‍മോഹര്‍". ഇതില്‍ സംഗതി ഏറ്റത് തന്നെ. സിനിമ ഗംഭീരമായി പുരോഗമിക്കുന്നു. ഇടക്കൊക്കെ ചാത്തപ്പന്‍, ചിരുതയെ ഇടക്കണ്ണിട്ട് നോക്കും, "കണ്ടോ എന്റെ ആസ്വാദന നിലവാരം" എന്ന ചോദ്യവുമായി. സിനിമയുടെ അവസാന രങ്കം അടുക്കുന്നു, നായകനായ ഇന്ദുചൂടന്‍ ഭാര്യയോടും മക്കളോടും വിട ചൊല്ലി തന്റെ ഉള്‍വിളി അറിഞ്ഞു കൊണ്ടു പോരാട്ടത്തിനായി പോകുന്നു. ചെവിയില്‍ ചിരുത എന്തോ ഒരു സ്വകാര്യം പറയാന്‍ വന്നു. ചാത്തപ്പന്‍ മനസ്സില്‍ ഉറപ്പിച്ചു. "ഞാന്‍ ഇവളുടെ മനസ്സില്‍ ഒരു ഭുദ്ധിജീവി സ്ഥാനം ഉറപ്പിച്ചിരിക്കുന്നു". ഇനി ചിരുതയുടെ ഡയലോഗ്. "ഇങ്ങനത്തെ രണ്ടെണ്ണം ഉണ്ടായാ മതി, കുടുംബം വഴിയാധാരാവാന് ". സിനിമ മുഴുമിപ്പിക്കാതെ ചാത്തപ്പന്‍ സിനിമ ഹാളിനു പുറത്തേക്ക്. തിരികെയുള്ള യാത്രയില്‍ ചിന്താവിഷ്ടനായ ചാതപ്പന്റെ ആത്മഗതം ചിരുതക്കുട്ടി അറിഞ്ഞു. "you are too materialistic" ഇപ്പൊ മനസ്സിലായോ ദൈവം ഹവ്വയെ എന്തിന് സ്രിഷ്ടിച്ചെന്ന്......

2011 ജനുവരി 9, ഞായറാഴ്‌ച

VKN എന്ന ഭാഷ

ജനുവരി 25 നു , "അവനവന്‍ എന്ന കോട്ട നിര്‍മിച്ച് അതിനുള്ളില്‍ മാത്രം കഴിഞ്ഞിരുന്ന മലയാളിയെ, കണ്ണാടിയില്‍ നോക്കി സ്വയം ചിരിക്കെടാ എന്ന് പ്രഖ്യാപിച്ച" VKN എന്ന നാണുനായരുടെ ചരമ വാര്‍ഷികം.
ഈ ബ്ലോഗിലേക്കും സ്വാഗതം.
ആദ്യം പ്രാര്‍ത്ഥന. ആചാര വെടി മുഴക്കാം.
നോം, അതായത് വടക്കേ കൂട്ടലെ നാരായണന്‍ നായര്‍ എന്ന VKN തീപെട്ടപ്ഫൊല് (തീയില്‍ പെട്ടപ്പോള്‍ എന്നുംവായിക്കാം. നോമിനും കിള്ളിക്കുറിശിയിലെകുഞ്ചനും, ആശ്വകോശത്ത് അഷ്ടമുര്‍ത്തി തിരുമേനിക്കുംമാത്രമേ അങ്ങനെ മൃതിയടയാന്‍ തരമുള്ളൂ, അതാണ്‌ നിയമം) ഒരു വെടി പോലും പൊട്ടിക്കാത്ത "കാര്‍ത്തിക" നക്ഷത്രം ഇതില്‍ പങ്കെടുക്കേണ്ടതില്ല.

അപ്പൊ പ്രാര്‍ത്ഥനക്കായി നോം പടച്ചു വിട്ട സഖികളും, ആനന്ദവല്ലികളുമായ, നീനാകുമാരി അമ്മിണി, നോമിന്റെപ്രിയപത്നി ലേഡി ഷാറ്റ് ,ഊട്ടി കോലോത്തെ തമ്പ്രാട്ടി, വടക്ക് പഞ്ച നദികളും സമ്മേളിക്കുന്നിടത്തുനിന്നു വന്നവര്‍് സുനന്ദ, കേണല്‍ രേണു, നീലിമ, ബ്രഹ്മ മുഹൂര്‍ത്തത്തില്‍ കണ്ടവരില്‍ തിരോന്തരത്തെ പൊന്നമ്മ , നോമിന്റെ തട്ടകത്ത്നിന്നു വന്ന പാപ്പിയമ്മ, തലശ്ശേരിയില്‍ നിന്ന് വന്ന "പി. ഭാസ്കരന്‍ നിര്‍ദ്ദേശിച്ച മറ്റെല്ലാ വേഷവിധികളുമായി വന്ന പൈങ്കിളി മാക്കം", ലക്ഷ്മികുട്ടി, നേത്യാരമ്മപിന്നെ വിട്ടുപോയ ആരെങ്കിലും ഉണ്ടെങ്കില്‍ എല്ലാവര്ക്കും ചേര്‍ന്ന് മോങ്ങാം.

"കൊച്ചുകാളീ മനോഹരി
സ്വച്ചന്ദാമ്രുത ഭാഷിണി
കാന്താരീ മുളകെന്നത് മാതിരി"

അതെ നോം തന്നെ, "പപ്പന്റെ" ശൈലിയില്‍ പറഞ്ഞാല്‍, പയ്യനകാനും, പിതാമഹനാകാനും, ചാത്തുനായരാകാനും, ഇട്ടൂപ് മുതലാളിയാകാനും, ജനറല്‍ ചാത്തന്സും, ജെര്മ്മന്‍ ചാത്തന്‍സ് ആകാനും, വാരിക്കോടനാകാനും, നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത സവാരിഗിരിഗിരി. -"അപ്പുണ്ണിയില്‍"അന്തിക്കാട്ടെ ചെക്കന്‍, ലാലനെ കൊണ്ടഭിനയിപ്പിച്ചു ഒരു വിധാക്കി, ഇപ്പോള്‍ ലാലന്‍ സവാരിഗിരിഗിരി പറഞ്ഞു "ശിക്കാര്‍" നടത്തേണ്ട ഗതികേടിലാത്രേ .

ബ്ലോഗന്‍ ചെക്കന്‍: "ഹൂയി നാനുആരെ ഇതെപ്പോ എത്തി"

നനുആര്‍ : "നോമിന്റെ ബാധ കൂടിയവര്‍ ഒന്ന് കണ്ടു രണ്ടു വര്‍ത്താനം പറഞ്ഞാല്‍ മുഷിയില്ല്യാന്ന് നിരീച്ചു. മോളില്‍ ഇന്ദൃനു നോമിനെ കൊണ്ടു പൊരുതി മുട്ടീരിക്കുന്നു. അപ്പൊ ഒരു വരവാകാം എന്നായി. നോം തീപ്പെട്ടത്തിന്റെ വാര്ഷികുമല്ലേ തിരുല്ല്വാമാലേല് വില്ലൂനിം ഒന്ന് ദര്ശിക്കാനിച്ചു, ചെക്കാ നീയ്പ്രസംഗം തുടങ്ങിക്കോ, ഞ്ച്ചാല്‍ പുകഴ്ത്തി തൊടങ്ങിക്കോനെന്നെ"
ബ്ലോഗന്‍ ചെക്കന്‍: "ഒരു പോസ്റ്റിലൊന്നും തീരില്ല്ല്യാന്ന് സാരം:"
നാണു: "രസികന്‍, അനുകരിക്കുന്നു, നിന്‍റെ കാര്യം കഷ്ടാവില്ല്യ, ഒരു commercial break(പയ്യനും ബ്ലോഗനും ചായകുടിക്കാന്‍ പോകുന്നു) "
(തുടരും)

2010 ഡിസംബർ 1, ബുധനാഴ്‌ച

എന്തൂട്ട് കൂട്ടം

ഒരൂസം ഇങ്ങനെ ആല്‍ത്തറയില്‍ കാറ്റ് കൊണ്ടിരിക്കുന്നു.
ഒരാള്‍ക്ക്‌ വന്ന് വിപ്ലവം വിസര്‍ജിക്കണം, മറ്റൊരുവന് അവന്റെ പുതിയകാറിനെ പറ്റി, ഒരുത്തന് ഗ്രാമ ഭംഗിയെ പറ്റി വാതോരാതെ വാചാലനാകണം, ഇനിയുള്ളവനു ലോകം തന്നെ മറിഞ്ഞാലും ഞാന്‍ ആണ് ലോകം എന്ന്സ്ഥപിച്ചേ ഒക്കൂ, വേറൊരുത്തന് യുവ കവിയാകണം, ഇവന്റെ തന്നെവേറൊരുത്തന്‍ സാഹിത്യത്തിന്‍റെ ഒറ്റജാലകമാകണം, ഒരുത്തന് കുടിച്ചിട്ടുംലഹരി പിടിക്കാത്ത മദ്യത്തിനെ പഴിച്ച് Capacity ഉള്ളവനാകനം, ഇനിയോരുവന്ഭക്തിയെ മൊത്തം കയ്യിലെടുത്ത് ആത്മീയനാകണം, ഇനിയോരുവനോ പറഞ്ഞ എല്ലാവനുമാകണം, പക്ഷെ അതൊക്കെ instant Capsule ആയി കിട്ടേമംവേണം. ഇനിപ്പാരാ ശേഷിച്ചിട്ടുള്ളത്‌ - ഇതൊക്കെ കാലാകാലമായി കണ്ടുകൊണ്ടിരിക്കുന്ന ആല്‍മരം തന്നെ.

2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച

തലമുറകളിലൂടെ

" ആമരമീമരമാമരമീമരം, ചന്ദ്രന്‍ ചൊല്ലിത്തളര്‍ന്നു. മുത്തശ്ശി കാതില്‍ ഈറ്റിച്ച അമൂല്യസുധ; എത്രതന്നെ ശ്രമിച്ചിട്ടും മന്ത്രണം രാമനാമത്തില്‍ ചെന്നെത്തുന്നില്ല. മടുപ്പ് മറച്ചുവെയ്ക്കാതെ ചന്ദ്രന്‍ ചോദിച്ചു, " വാല്മീകിയ്ക്ക് എങ്ങനെയാ അത് കഴിഞ്ഞത്?"
പോന്മുടിത്തറവാടിന്റെ ചോദ്യകുതൂഹലം ആര് വയസ്സായ കുശാഗ്രബുദ്ധിയില്‍ ആവര്‍ത്തിക്കുന്നത് ദേവകിമുത്തശ്ശി അറിഞ്ഞു... മുത്തശ്ശിയില്‍നിന്ന് തിരിഞ്ഞ് ചന്ദ്രന്‍ പക്ഷിയുടെ വിലാപത്തിലും കൊച്ചു കുഞ്ഞുങ്ങളുടെ നിസ്സഹായതയിലും മുഴുകി, വേടന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വിശക്കുന്നു, മാറില്‍ തറഞ്ഞ അമ്പുമായി പക്ഷി തപിക്കുന്നു, മരക്കൊമ്പില്‍നിന്ന് ഇണയുടെ വിഫലമായ മൃതസഞ്ജീവനി.
"മുത്തശ്ശി," ചന്ദ്രന്‍ പറഞ്ഞു, "എനിയ്ക്ക് രാമനെ ഇഷ്ടമല്ല"
"രാമനിന്ദ പാപമാണ്, കുട്ടീ," ദേവകിയമ്മ പറഞ്ഞു.
"എന്താ പാപം?"
സംഭാഷണം ചെവികൊണ്ട് തന്റെ ചാരുകസേരയില്‍ക്കിടന്ന മുത്തച്ച്ചന്‍ ചിരിച്ചു, "കുട്ടീ അങ്ങിനെ ചോദിക്കാന്‍ പടിയ്ക്കൂ,"

"തലമുറകള്‍" ആദ്യ ഖണ്ഡിക വായിച്ച തലമുറിയന്‍ ചെക്കന്‍ സീതയ്ക്ക് Inspirin കഴിക്കേണ്ടി വന്നു. പേനയെടുത്ത് വാളാക്കാന്‍ അവന്റെ പൂര്‍വികന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. എന്നാല്‍ സംഗതി തലമുറകളെ പറ്റി തന്നെ. അല്ല, സീത എങ്ങനെ ചെക്കനായി,. " അതോ, രാമന്‍ ആണ് ചെക്കനാകേണ്ടത്, പക്ഷെ അത് ബ്ലോഗ്‌ എഴുതുന്ന അഞ്ചാം തലമുറിയന്‍ബ്ലോഗന്റെ നാമമാകുന്നു. മുമ്പൊരുതവണ നാമത്തില്‍ ഒരു "മേടം" എഴുതിയത് ചെക്കനത്ര പിടിച്ചിട്ടില്ല. അതുകൊണ്ട് സീതചെക്കന്‍ എന്ന ചീതക്കുട്ടിയുടെ തലമുറകള്‍ക്കിടയിലെ പ്രയാണത്തിന്റെ കഥ

ഓരോ തലമുറക്കും ഒരു മുഖമുദ്ര എന്നൊന്ന് ഉണ്ടെങ്കില്‍ അതിവിടെ ചൊല്ലാന്‍ ശ്രമിക്കാം.
ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിച്ച മുത്തച്ചന്മാരില്‍ നിന്ന് , ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചുനിന്നവര്ക്കിടയിലൂടെ സീതചെക്കന്റെ ഒരു യാത്ര.
കാലം ഇശ്ശി പിന്നിലേക്ക്‌ Rewind ചെയ്തപ്പോള്‍ ചാത്തന്‍ കോളില്‍ വെള്ളമിറങ്ങിയ സമയമായിരുന്നു. സന്ദ്യ മൂടിയ അരണ്ട വെളിച്ചത്തില്‍ പാറപ്പുറത്ത് തപ്പിക്കുഴി കളിക്കുമ്പോള്‍ ഉദിച്ച ആശയമായിരുന്നു പിണ്ടി വഞ്ചി ഇറക്കുക എന്നത്.
പിറ്റേന്ന് തന്നെ അത് പ്രാവര്‍ത്തികമാക്കാന്‍ സങ്കതിന്റെ സമ്മതം. ബാലറ്റിലൂടെ അതികാരത്തിലെത്തിയ മന്ത്രിസഭയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഉണ്ണികള്‍ക്ക് പിന്നെ വേറെയെന്തു ചിന്തിക്കാന്‍. എല്ലാവര്ക്കും പാഠങ്ങള്‍ ചൊല്ലിത്തരുന്ന മാഷിന്റെ അനുവാദവും. പിണ്ടികള്‍ കൂട്ടിക്കെട്ടി വെള്ളത്തിലിട്ടപ്പോള്‍് അതൊരു തോണിയായി. കൂട്ടി യോജിപ്പിച്ച് നിര്‍ത്താന്‍, കുരുത്തോലത്തണ്ട് ആണിയുടെ വേഷം കെട്ടി. എല്ലാവരും കയറിയിരുന്നു തുഴഞ്ഞു നീങ്ങുമ്പോള്‍ സമയം എന്ന കഥാപാത്രത്തിനു വലിയ വിലയൊന്നുമുണ്ടായിരുന്നില്ല. തുഴഞ്ഞെത്തിയത് അങ്ങ് ദൂരെ കെട്ടിന്ടവിടെ. സൂര്യന്‍ ചതി എന്ന സംഭവം അപ്പോഴേക്കും നടത്തിയിരുന്നു. ബ്ടും എന്ന് പറഞ്ഞു അങ്ങേര് താണുപോയി. വിവരം ഓരോ വീട്ടിലുമറിഞ്ഞപ്പോള്‍ അത് പിന്നീടെറങ്ങാന്‍ ഇരിക്കുന്ന "കോളിളക്കം" എന്ന ചലച്ചിത്രമായി. സംഭവങ്ങള്‍ ഇനിയും കാണും, പക്ഷെ തലമുറയെ പറ്റി പറയാന്‍ ചീതക്കുട്ടിക്കു ഇത്ര മാത്രം. പരീക്ഷിച്ചു പയറ്റി അനുഭവങ്ങള്‍ ഉണ്ടാക്കി അതിന്റെ അനന്തരഫലങ്ങള്‍ അവനവന്‍ അറിയുക എന്ന മന്ത്രം തലമുറയുടെ മുഖമുദ്രയായി.പിന്നീടവര്‍ പലരും നാവികരായി... സിനിമാ നടന്‍ ജയന്‍ അന്ന് നാവികസേനയില്‍ നിന്നും സിനിമയിലേക്ക് വന്നിട്ടില്ലാത്തതുകൊണ്ട് അന്ന് "ചിറ്റിലപ്പിള്ളി മിനി" എന്ന സിനിമ കൊട്ടക ഇല്ല. തൃശൂര്‍ ജീവിത നൌക പടം. (N.S മാധവ സങ്കേതം )

ഒരു ഗ്ലാസ്‌ ചുക്കുവെള്ളം മോന്തി ചീത അടുത്ത ഫ്രേയ്മിലേക്ക്. അതില്‍ ചീതക്കുട്ടി കണ്ടത് കാല്‍പ്പനികത തളം കെട്ടി കിടക്കുന്നതും, ഗള്‍ഫ്‌ spray മണക്കുന്നതും, എണ്ണ ക്കമ്പനിക്കാരുടെയും , വന്ജിക്കാരുടേതുമായ ഒരു മിശ്രാജി തലമുറ. കൂട്ടം തങ്ങളുടെ മുന്‍ഗാമികള്‍ തീര്‍ത്ത മായാത്ത തപ്പിക്കുഴിയുടെ ഗൃഹാതുരതയുടെ പാടുകളെ ലാളിച്ചുകൊണ്ട് "ഇനിയെങ്ങനെ മുന്നോട്ട്" എന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഓണത്തിനു എല്ലാ വീടുകളില്‍നിന്നും ത്രിക്കാരപ്പനെ മോഷ്ടിച്ച് ഗ്രാമചാതുര്യനില്‍ പ്രതിഷ്ടിച്ചു ചരിത്രത്തില്‍ ഇടം നേടാനുള്ള തത്രപ്പാടിലായിരുന്നു അവര്‍. പല വീടുകളിലും ത്രിക്കാരപ്പന് കാവല്‍ നിന്നിരുന്ന കാലമത്രേ അത്.

പ്രൊജക്റ്റ്‌ implementation ന്‍റെ ഭാഗമായി മൂന്നുപേര്‍, ഓരോരുത്തരായി ഏതോഒരു വീടിന്റെ മതില്‍ ചാടി. കാലില്‍ കുപ്പിച്ചില്ല് കേറിയ ഒന്നാമന്‍ വേദന കടിച്ചമര്‍ത്തി നില്‍ക്കുമ്പോള്‍ രണ്ടാമന്‍ land ചെയ്യുന്നു. ഉറക്കെ കരയാന്‍ തുടങ്ങിയ രണ്ടാമന്റെ വായപൊത്തിക്കൊണ്ട് " മിണ്ടരുത്, ഇനി ഒരുത്തനും കൂടിണ്ട്, അവനും അറിയട്ടെ കല്ലും മുള്ളും കാലുക്ക്‌ മെത്തൈ എന്ന ശരണംവിളി, അത് കഴിഞ്ഞ് മൂന്നുപെര്‍ക്കും കൂടി കൂട്ടക്കരച്ചിലാകാം "

ഇതേ തലമുറയില്‍ മറ്റൊരു വിഭാഗത്തെയും ചീത കണ്ടു. കാല്‍പ്പനികതയുടെ വസന്ത കാലം കേരളമാകെ കൊണ്ടാടുമ്പോള്‍ അതിന്റെ മണം അടാട്ടുമെത്തിച്ചവര്‍.
Commander
Pep, അളിഞ്ഞ വാര്‍ത്തകള്‍,ചെമ്പകരാമന്‍ എന്നിങ്ങനെയുള്ള നാടകങ്ങളും, കടമനിട്ട കവിതകളും, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ കാലില്‍ പട്ടി കടിച്ചു നില്‍ക്കുന്ന പാടു കൂറ്റന്‍ plaster of paris പ്രതിമ അമ്ബലംകാവ് സെന്ററില്‍ ഒരു സുപ്രഭാതത്തില്‍ ഉയര്ന്നതും, ആകാശവാണിയില്‍ "കണ്ടതും കേട്ടതും" വിസ്മയിച്ച് നിന്നിരുന്ന അടാടുകാരും, ഒപ്പം ചീതക്കുട്ടിയും. ചീതക്കുട്ടിക്കു അന്ന് ആരാധന എന്ന വികാരമുണ്ടായി.
ചിറ്റിലപ്പിള്ളി മിനിയില്‍ അന്ന് സിനിമ "മീനമാസത്തിലെ സൂര്യന്‍".

ഫോണിലൂടെആരെയെങ്കിലും അത്യാവശ്യമായി വിളിക്കാന്‍ പോസ്റ്റ്‌ ഓഫീസിലെ ടീച്ചറുടെ കാരുണ്യത്തിനായി വരി നിന്നിരുന്ന കാലം.

ടാക്സി എന്നാല്‍ പെട്രോളേട്ടന്റെ ടാക്സി. തൃശ്ശൂരില്‍ നിന്നുള്ള ബസ്സെന്നാല്‍ ജീസസ്സ്, ക്രൈസ്റ്റ്, ചാലക്കന്‍ , ചിര്യന്‍കണ്ടത്ത് , അതിലെ ഡ്രൈവന്‍ മാരായി (ഗുരു സൂക്തം : ഡ്രൈവര്‍ എന്നത് ബഹുവചനമാകുന്നു, ഡ്രൈവന്‍ എന്നത് ഏകവചനം) 50 km/h എന്തെന്നറിഞ്ഞിട്ടില്ലാത്ത പോളേട്ടന്, ഗിരിജേട്ടന്‍ , പിന്നെ 50 നു താഴെ എന്തെന്നറിഞ്ഞിട്ടില്ലാത്ത ഓലക്കുടയുടെ പുതിയ രൂപമായ രാജേഷ്‌ എന്ന ബസ്സിന്റെ ഡ്രൈവന്‍. കണ്ടക്ടന്‍ മാരായി ഈച്ച, പുഷ്പന്‍ എന്നീ ഓമനപ്പേരിലറിയുന്നവര്‍.


പാട്ട് ഉറക്കെ കേള്‍ക്കാന്‍ amplifier നെ ഓമനപ്പേരായി ആംപ്ലി എന്ന്‍ വിളിച്ചിരുന്ന കാലം. ഇവന് ഇടവും വലവുമായി നാലടി ഉയരത്തില്‍ സ്പീക്കര്‍ Box. ഇവന്മാര്‍ വീടുകളിലെ ആഡംബരം. ആംപ്ലി രാജാവായി വാണിടിരുന്ന ഇടം കല്യാണ വീടുകളായിരുന്നു.

ജാതിഭേതമന്യേ കല്ല്യാണം എല്ലാവരുടെയും ഉത്സവമായിരുന്ന സമയം. Catering സര്‍വീസ് എന്ന വാക്ക് കേട്ടുകേള്‍്വി പോലുമില്ല. പായസം വയ്ക്കാനുള്ള ഉറുളിയും മറ്റും മനക്കലില്‍നിന്ന് കൊണ്ടു വന്നു തിരിച്ചേല്‍പ്പിക്കുന്നതുവരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഏറ്റെടുത്ത് നടത്തിരുന്നു എന്ന് പറയുമ്പോള്‍, നീല ഷര്‍ട്ടിനു മാച്ചുള്ള നീലക്കര ഡബിള്‍ മുണ്ട് ചുറ്റി ആദ്യ പന്തിയില്‍ഇരുന്ന് സാമ്പാറില്‍ ഉപ്പു പോര എന്ന് പറയുന്ന, So called ' യാഥാര്‍്ത്ത്യവുമായി അടുത്ത് നില്‍ക്കുന്ന ഇന്നത്തെ യുവത്വം 'പുച്ചച്ചിരി ചിരിച്ചേക്കാം. അതവരുടെ നഷ്ടം- ഊര്‍ധ്വന്‍ വലിച്ചു കിടക്കുന്ന ഇടവേളകളില്‍ കോടിയ ചുണ്ടുമായി ഇതൊക്കെ ഓര്‍ത്തു ചിരിക്കാന്‍ ഒരവസരം കൂടി അവര്‍ക്ക് നഷ്ടായിനെന്നെ.

ഓരോ വിവാഹ തലേന്നുകളിലും കഥകളുടെ പുതിയ അദ്ധ്യാങ്ങള്‍ ചേര്‍ക്കപ്പെട്ടു.
ദഹണണത്തിന്റെ ചുക്കാന്‍ പിടിച്ച് , ചുമന്ന ട്രൌസറിന് മുകളില്‍ അനിയേട്ടന്‍ തോര്‍ത്ത്‌ മുണ്ട് ചുറ്റിയാല്‍ അത് കല്യാണപ്പണികളുടെ കൊടിയേററമായീനര്ത്ഥം. പിന്നെയങ്ങോട്ട് (ആങ്ങ്യ ഭാഷയിലുള്ള) നിര്ദേശങ്ങളുടെ കഥകളി പ്രയോകങ്ങളാണ്. ഈ പ്രയോകങ്ങള്‍ decode ചെയ്യാനായി വലം കൈ ആയി കയ്യാളന്മാര്‍. അനിയേട്ടന്‍ പാലില്‍ പന്സാരിടാന്‍ കാണിക്കുമ്പോള്‍ എല്ലാം അറിയുന്നവര്‍ എന്ന ഭാവമുള്ള ഈ കയ്യാളന്മാര്‍ ഓണ്‍ലൈന്‍ കമ്മെന്ററി പാസ്സാക്കും, "എയ്യ് ഇങ്ങന്യാ പന്‍സാരിടാ", അവിയലിന് നുര്ക്കുമ്പൊള്‍ ഉടനെ കലക്കും " ഇത് പോരാട്ട, തീപ്പെട്ടികൊള്ളി പോലെ വേണം കഷ്ണം", ഇത് കേട്ട് നുരുക്കുന്നവരിലെ പയ്യന്‍സ് തിരിച്ചടിക്കും "ന്നാ പോയി കൊരട്ടി വാഗീസ്സിനെ വിളിക്കെടോ". ഇവരുടെ പ്രധാന പണി ഒരു പണിയും എടുക്കാതെ നിര്‍ദേശങ്ങള്‍ നല്‍കുക എന്നുള്ളതാണ്. രാത്രി പന്ത്രണ്ടുമണിയാകുംമ്പോഴേക്കും ഏതെങ്കിലും മൂലയ്ക്ക് ഇവര്‍ സൈടായിട്ടുണ്ടാകും. ഇവരെ ഞങ്ങള്‍ അരി വെപ്പുകാര്‍ എന്ന് പറയും. പിറ്റേ ദിവസം എല്ലാം ഒരുങ്ങി കഴിയുമ്പോള്‍ അതിഥികളുടെ മുന്‍പില്‍ ഇവടെ വെളമ്പ്‌ നാടകങ്ങള്‍ വെളമ്പ്‌, ഇലയില്‍ മുട്ടിച്ചാ വെളമ്പാ, എന്നിങ്ങനെയുള്ള കഥകളിപദങ്ങള്‍ .
ചിറ്റിലപ്പിള്ളി മിനിയില്‍ അന്ന് സിനിമ "തൂവാനത്തുമ്പികള്‍ ".

ചീത തളര്‍ന്നു, പിന്നീട് കുറച്ചു നാള്‍ ചീതക്കുട്ടിക്കു ആശയദാരിദ്യത്തിന്ടെ അസുഖം ഭാധിച്ചു കിടപ്പിലായി. അസുഖം മാറി ഉഷാറായപ്പോള്‍ കാലചക്രത്തെ 600RPM ല്‍ കറക്കി. Frame ല്‍ തെളിഞ്ഞത് മഞ്ഞ പതിറ്റടി പറ്റുമ്പോള്‍ മൊട്ട ബിസ്കറ്റുമായി മൊട്ടത്തലയന്‍ ചേട്ടനും, പപ്പടവുമായി വേലപ്പേട്ടന്‍ , Good Morning ബാബുമോന്‍ എന്നും പറഞ്ഞ് സിമെന്റ് ചാക്കുമായി ശ്രീധരേട്ടനും സൈക്കിളില്‍ വരുന്ന അടാട്ടാണ്.

മൊട്ടബിസ്കറ്റേട്ടന്‍: അടാട്ടുകാര്‍ക്ക് വൈകുന്നേരത്തെ ചായക്ക്‌ കടി എന്ത് എന്ന ചോദ്യത്തിനു ഉത്തരം കിട്ടണമെങ്കില്‍ മൊട്ടത്തലയന്‍ ചേട്ടന്‍ സൈക്കിളില്‍ ബിസ്കറ്റുമായി എത്തിയേ തീരൂ. ഒരേ പ്രായത്തില്‍ നില്‍ക്കുന്നതില്‍ "ദേവാനന്തിനെ" വെല്ലു വിളിച്ചിരുന്ന ഇദ്ദേഹം പെട്ടന്നൊരു ദിവസം വരാതെയായി. അത് മരണത്തിലൂടെയല്ല എന്ന് കരുതാന്‍ ഇഷ്ടപ്പെടുന്നു ചീത തന്‍ മനം.

വേലപ്പേട്ടന്‍: Scotland കാരന്‍ കൊല്ലന്‍ മാക്മില്ലന്‍, സൈക്കിള്‍ എന്തിനു കണ്ടുപിടിച്ചു എന്ന ചോദ്യതിനുത്തരമായി വേലപ്പ - മൊട്ടബിസ്ക്കറ്റാതി- ശ്രീധര എന്നീ കവിത്രയങ്ങള്‍ക്ക് വേണ്ടി എന്ന് പറയാന്‍ ഇഷ്ടപ്പെടും ചീതക്കുട്ടി.
"എവിടേക്ക സൈക്കിളില്‍ പോണേ ?", "ഇവടെ കൊടുങ്ങല്ലൂരു വരെ" എന്ന് പറയുന്ന ചിലര്‍ക്ക് വേണ്ടിയും എന്നും ഉത്തരമുണ്ടാത്രേ. പാവറട്ടി, ചിറ്റാട്ടുകര , ആളൂര്‍, മറ്റം താണ്ടി അമ്പലംകാവിലെത്തി കളത്തുംപടിയുടെ (Sonwin Senior)കടയില്‍ നിന്നുകൊണ്ട് ബീടിക്കു തീ കൊളുത്തുന്നത് ഒരു കാഴ്ചയായിരുന്നു ചീതക്ക്. ഇത് കാണാന്‍ വേണ്ടി മാത്രം, അന്നൊക്കെ ചീത തന്റെ അച്ഛമ്മയുടെ കൂടെ, കളത്തുംപടിചേട്ടന്ടെ കടയില്‍ സാമാനം വാങ്ങുക എന്ന നാടകം അഭിനയിക്കാന്‍ സ്ഥിരമായി വരാറുണ്ട്. ഓരോ ചെറിയ കെട്ടുകളാക്കി പപ്പടം കയ്യിലിട്ടു താളാത്മകമായി കൈകാര്യം ചെയ്യുന്ന സംഗീതത്തിനൊപ്പമായിരുന്നു ആ നാടകം. ഒപ്പം കളത്തുംപടി ചേട്ടന്റെ "അരവെട്ടു മിട്ടായി" എന്ന സമ്മാനവും.

ശ്രീധരേട്ടന്‍: പറ്റി പറയുമ്പോള്‍ സൈക്കിള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ കൊള്ളാന്‍ മില്ലന്‍ കൂട്ടിയ PayLoad ന്‍റെ എല്ലാ കണക്കുകളും തെറ്റാണെന്ന് പറയേണ്ടിവരും. ഒരു പെട്ട്യോട്രഷയില്‍ വരുന്ന Load സിമന്റ്‌ അദ്ദേഹം സൈക്കിളില്‍ കൊണ്ടു വരും . ഹലോ എന്ന ചോദ്യത്തിനു Good Morning ബാബു മോന്‍ എന്ന ഉത്തരം സ്ഥായിയായുള്ള ശ്രീധരേട്ടനും എവിടയാന്ന് ചീതക്കുട്ടിക്കു ഒരു നിശ്ശല്ല്യ.

ഇവരൊക്കെ ചീതക്കുട്ടി ഇപ്പൊ വന്നു നില്‍ക്കുന്ന തലമുറ കണ്ടു വളര്‍ന്ന കഥാപാത്രങ്ങളെന്നു പറയാന്‍ ആണ് ഈ കയ്യാങ്കളി . അത് കൊറച്ചു കൂടിപ്പോയില്ലേ എന്ന് ചോദിച്ചാല്‍ കൂടിപ്പോയി എന്ന് തന്നെ ഉത്തരം. വികാരങ്ങള്‍ക്ക് മേല്‍ വാക്കുകള്‍ക്ക് കടിഞ്ഞാണിടാനുള്ള നാണു സൂത്രം ഇവടെ പ്രായോഗ്യമല്ല. ഈ തലമുറയ്ക്ക് മുന്‍പ് frame ല്‍ തെളിഞ്ഞവരെ പോലെ , എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് ചെയ്യാന്‍ മോഹണ്ട്. അങ്ങിനെ വീണ്ടും അവര്‍ പാറപ്പുറത്ത് കൂട്ടം കൂടുന്നു. അതില്‍ Challenge എന്ന ക്ലബ്‌ ഉദയം ചെയ്യുന്നു. കൂപ്പണ്‍ വച്ച് നറുക്കെടുപ്പുകള്‍ നടക്കുന്നു. അതൊരു Challenge ആയി തന്നെ അസ്തമിക്കുന്നു. ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമകള്‍ "അമൃധം ഗമയ", "നാടോടിക്കാറ്റ്", "ലയനം". വീണ്ടും ആര്‍ട്ട്‌ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ അടാട്ട് എന്ന പേരില്‍ Challenge പുന സ്രിഷ്ടിക്കപ്പെടുത്തു. പിന്നീടങ്ങോട്ട് സംഭവം ബഹുലേയനായ കഥ. ആദ്യ വാര്‍ഷികത്തില്‍ തൃശൂര്‍ orchestra യുടെ പാര്‍ഥന്‍ വന്നു "കേരളം കേരളം"പാടി അടാട്ടുകാരെ കയ്യിലെടുത്തു, അടുത്ത വര്ഷം Atle orchestra , സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പുകൊണ്ട് കളമിട്ട് കൊടിഉയര്‍ത്തല്‍. കൊടി ഉയര്‍ത്തിയപ്പോള്‍ ഓറഞ്ച് താഴെയായി, വീണ്ടും അഴിച്ചു വീണ്ടും ഉയര്‍ത്തല്‍, ഓണത്തിനു വായനശാലയിലെ പൂക്കളമത്സരത്തില് സമ്മാനം കിട്ടാത്തതിന് Judge നെ വിമര്‍ശനം, കല്യാണത്തിന് ദഹണണത്തിനു പോക്ക്, അതിന് കിട്ടിയ കാശെടുത് ഷോട്ട് പുട്ട്, ജാവലിന്‍ ഇത്യാദി കള്‍, പഞ്ചായത്ത് മേളയില്‍ ഫുട്ബോള്‍ കളിയില്‍ "അടുത്ത ഗോളി നീ തന്നെ" എന്ന് പട്ടരോടു പറഞ്ഞു GoalKeeper വാങ്ങിപ്പിക്കല്‍, ആ Gloves, പട്ടരില്ലാത്തപ്പോള്‍ എടുത്തു ചക്ക മൊളഞ്ഞു തുടക്കല്‍, രക്ത ഗ്രൂപ്പ്‌ നിര്ണ്ണയക്യാമ്പ്, ഓണത്തിനു "ചാക" എന്ന ഗോപാലേട്ടന്റെ നാടകം, ബള്‍ബ്‌ Team എന്ന ഉപ വിഭാഗം അങ്ങനെ അങ്ങനെ പറയാന്‍ ഏറെയുണ്ട് ചീതക്ക്. ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമ ദേവാസുരം. ഈ പോസ്റ്റിനു നീളം കൂടുന്നു എന്ന രാമന്റെ താക്കീതു മാനിച്ചു ചീത അടുത്ത തലമുറയിലേക്കു കടക്കാന്‍ നേരായി.

ഇപ്പൊ അവര്‍ ഇരിക്കുന്നത് പാരപ്പുറത്തല്ല, മുള്ളുര്‍ ബണ്ടിലാ. വൈകുന്നേരം കളി കഴിഞ്ഞു, അമ്പലക്കുളത്തിലെ കുളി കഴിഞ്ഞു കവിത, കാറ്റ് ചര്‍ച്ചകള്‍ എന്നിങ്ങനെ കാല്‍പ്പനികതക്കും, യാധര്ത്യതിനും ഇടയിലൂടെ ഒരു നൂലിന്മേല്‍ കളിയാ ഇവര്‍ക്കിഷ്ടം. പദ്മരാജനും, ഭരതനും , അടൂരും ആസ്വതിക്കുമ്പോള്‍ തന്നെ ഷാരൂഖ്‌ഖാന്‍റെ കുച്ച് കുച്ച്, Mohabatein വിട്ടുള്ള കളീല്ല്യ . നാലാള്‍ ഒരുമിച്ചിരുന്നു അന്ജാമന്റെ കാര്‍ന്നോരെ കുറ്റം പറയല്‍ ആണ് പ്രധാന ഹോബി. ഒരുത്തനെകൊണ്ട് നീ മുടി വളര്ത്തിപ്പിച്ച് , പാവല്ലേ ബുദ്ധീല്ല്യാത്ത കുട്ടി എന്ന് പറഞ്ഞു പരിതപ്പിച്ചു ഇവര്‍. ക്യാമറ കൊണ്ടു വന്നു കാണിച്ചു കൊടുതവന്ന്റെ ക്യാമറ വെള്ളത്തിലെറിഞ്ഞപ്പോള്‍ അവന്റെ മുഖത്തെ വികാരം അസ്വതിച്ചവര്‍.
ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമ കുഞ്ചാക്കോ ബോബന്റെ നിറം.

രാമന്റെ രണ്ടാമത്തെ warning വന്നു. നിര്‍ത്തെടാ മോനെ....
ചീത ഇപ്പൊ ഒരു പരുവത്തിലായി. ഒരാവേശത്തിന്റെ പുറത്തു തുടങ്ങിയതാ, അവസാനിപ്പിക്കാന്‍ ഒരു തുമ്പും കിട്ടുന്നില്ലല്ലോ. ആപ്പീസിലെ ടെസ്കില്‍ വച്ചിട്ടുള്ള ടോപ്പില്‍ ഉള്ള ഗൂഗിളാനേ കുത്തിത്തുറന്ന്, തന്റെ സുഹൃത്ത് നാണുവുമായി ഒരു ചാറ്റില്‍ അവസാനിപ്പിക്കാം.
ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമ "പലേരി മാണിക്ക്യം, അതിലെ കഥാപാത്രം പൊക്കന്‍ മുത്തശ്ശിയോടു ചോദിക്കുന്നു പ്രേതാത്മക്കളോട് മുത്തശ്ശിക്ക് സംസാരിക്കാമോ എന്ന്, മുത്തശ്ശി പറയുന്നു പിന്നേ.... നു , "
(ചിറ്റിലപ്പിള്ളിമിനി അതിന് മുന്‍പ് പുട്ടേണ്ടാതാ, പക്ഷെ കഥയുടെ ഒഴുക്ക് നിന്ന് പോകാതിരിക്കാന്‍ കഥാന്ത്യത്തില്‍ പൂട്ടുന്നതാണ്)

ആന്കലേയം മലയാളീകരിച്ചപ്പോള്‍ ഇങ്ങന്യായിത്രേ
ചീത: "ഈ വര്ഷം ഓണത്തിനു താന്‍ നാട്ടില്‍ പൊണില്ല്യെ, ദുബായീനും എല്ലാവരും എത്തുന്ടല്ലോ"
നാണു: "ഇല്ല്യട മോള്‍ക്ക്‌ സ്കൂളുണ്ട്, ഇപ്പൊ ഇതാ ടീച്ചര്‍ നോട്ട് കൊടുത്തയച്ചിരിക്കുന്നു, മൂന്നൂസം മോടക്കാന്"
ചീത: " മൂന്നൂസം മോടക്കാന്പറഞ്ഞത് ടീച്ചറല്ലട്ട മ്മ്മടെ അമ്പലംകാവിലെ തള്ള്യാ നാണു: " ശര്യാ, പക്ഷെ ഞാന്‍ പ്ലാന്‍ ചെയ്തുണ്ടാര്‍ന്നില്ല്യ, അതുകൊണ്ട് ഓഫീസില്‍ വേറെ രണ്ടു പേര്‍ ലീവെടുത്തു, ഇനിപ്പോ പറ്റില്ല്യ, അല്ല നീയിപ്പോ ബ്ലോഗ്‌ ഒന്നുമെഴുത്തില്ല്യെ"
ചീത: "തലമുറകളെ പറ്റി എഴുതാന്‍ മോഹംണ്ട് , ഓരോ തലമുറക്കും ഒരു പ്രത്യേക Identity ഉണ്ടല്ലോ അതൊക്കെ ഒന്ന് എഴുത്യാലോനാ, ഇപ്പോഴത്തെ ഈ തലമുറയ്ക്ക് ഒരു ചിത്രം, നൊസ്റ്റാള്‍ജിയ എന്നത് വേണ്ട അങ്ങനൊന്ന് ഇല്ല്യാന്ന എഴാംകടലിന്നക്കാരെ ഉള്ള എനിക്ക് ആരാധനയുള്ള ഒരു സുഫി വര്യന്‍ പറയുന്നത്, നാം ജീവിക്കുമ്പോള്‍ വരച്ചിട്ട ചിത്രങ്ങള്‍ പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ സുര്യതാപമേറ്റ് മഞ്ഞ നിറമാകുന്നു. അത് ആള്‍ക്കാര്‍ നൊസ്റ്റാള്‍ജിയ എന്നൊക്കെ പറയും. അടുത്ത തലമുറ വന്നു അതൊക്കെ മാച്ചു പുതിയ ചിത്രങ്ങള്‍ വരക്കും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതവരുടെ നൊസ്റ്റാള്‍ജിയ. അടുത്ത തലമുറയുടെ പുച്ചവും, വീണ്ടും മാക്കുന്നു, പുതിയത് സൃഷ്ടിക്കുന്നു. Henry David Thoreau എന്ന ഒരു രസികന്റെ ഒരു Quote കൂടി കുറിച്ച് ഈ ചാറ്റും എഴുതികൊണ്ടിരിക്കുന്ന പോസ്റ്റും നിരത്താ നാണു,
"Every generation laughs at the old fashions, but follows religiously the new.”
നാണു: "ശരിന്നാ"

frame ല്‍ "തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഗ്രാമം കൊതിക്കാറുണ്ടെന്നും " background music ആയി

സ്ക്രീനില്‍ : കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
ചീതക്കുട്ടി & Crew

ഏറ്റവും വലിയ നുണയുടെ പര്യായമായ ഒരു text കൂടി കേറ്റാന്‍ മറന്നു ആദ്യം വേണ്ടതാ ഇനി ഇവടെ ഇരിക്കട്ടെ.

" ഇതിലെ കഥയും, കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ്‌, ജീവിച്ചിരിക്കുന്നവരോ, കാളന്‍ നെയ്ത യവനിക പൊക്കി ഉള്ളില്‍ പോയവരോ ആയി ആരുമായി ഇതിനു സാമ്യമുണ്ടെങ്കില്‍ അത് തീര്‍ത്തും ആകസ്മികം മാത്രം"

രാമന്‍: നിര്‍ത്തെടാ ഇത്, ഇല്ല്യാച്ചാല്‍ കഴുത്തിനു പിടിച്ച് പൊറത്താക്കും"
ചീത: "ഞ്ച്ചാല് എല്ലാം തീര്‍ന്നുനര്‍ത്ഥം"
(ചിറ്റിലപ്പിള്ളി മിനി ഇപ്പൊ ഇല്ല്യാന്നും)

2010 ജൂലൈ 27, ചൊവ്വാഴ്ച

ടാര്‍പ്പായിട്ട തമ്പ്രാന്‍


വടക്കുംനാഥന്റെ കിഴക്കേ വശത്ത് സഖി പാറുക്കുട്ടിയെ ഓര്‍മിപ്പിച്ചു "സ്വപ്ന" (Theatre).

ഈ ദ്രിശ്യത്തില്‍ നിറം അല്ല 'നെറം' കൂട്ടാനായി 'പാറുക്കുട്ടി', 'സെന്റ്‌ മേരീസ്' പുണ്യാളത്തി എന്നിവര്‍ വക രണ്ടു കോളേജുകള്‍. സമയം വൈകുന്നേരം നാല് മണി. നിറങ്ങളെ കണ്ട ആര്ത്തിയില്‍, ചാലക്കുടി, കൊടകര ബസ്സുകള്‍ നിര്‍ത്തുന്ന സ്ടോപ്പിനടുത്ത് നിന്ന് സെന്റ്‌ തോമാസ്സിലെ ഒരു വണ്ട്‌, പിന്നിലുള്ള പാര്‍ക്കില്‍ നില്‍ക്കുന്ന കറുത്ത പ്രതിമയെ നോക്കി (തന്റെ പാരമ്പര്യ ജ്ഞാനം അറിയിക്കാന്‍) ഉറക്കെ : "മ്മടെ പൂര്‍്വ്വികനാ, എന്താ തലയെടുപ്പ് ലെ "

ഇത് കേട്ട്, അങ്ങ് കെഴക്കുന്നു വന്ന, 'കേരള വര്‍മ്മയിലെ' സഖാവ് വണ്ട്‌, മുഖത്ത് തന്റെ സ്ഥായീ ഭാവമായ പുച്ചംവരുത്തി കൊണ്ട്: " ഹും, ടാര്പ്പായിട്ട തമ്പ്രാന്‍, Sadist ശക്തന്റെ പിന്‍ഗാമി."പാറുക്കുട്ടി, സെന്റ്‌ മേരീസ് എന്നീ പേരുകളിലുള്ള അനന്തതയില്‍ നിന്ന് കൂട്ടച്ചിരിയുടെ മാലപ്പടക്കം.

-ശുഭം-

2010 മാർച്ച് 16, ചൊവ്വാഴ്ച

ചെകുത്താന്റെ പണിപ്പുരകള്‍

"An idle mind is the devil's workshop". നമ്മള്‍ എല്ലാവരും കേട്ടിട്ടുള്ള പഴഞ്ചൊല്ല്. ഞാന്‍ ആദ്യമായി ഇത് കേള്‍ക്കുന്നത് English-2 പരീക്ഷക്കായി തായ്യാറെടുക്കുമ്പോളായിരുന്നു. ഇന്ദുലേഖ പോലെയുള്ള കഥകള്‍ പാഠ്യ വിഷയമായതുകൊണ്ടും, Grammer പഠിക്കുന്നതിന്റെ വിരസതയൊന്നും ഇല്ലാത്തതിനാലും, പഠിപ്പിച്ചിരുന്ന ടീച്ചര്‍മാരായ , സിന്ദു ചേച്ചിയും (tuition) , പത്താം ക്ലാസ്സിലെ രമണി ടീച്ചറും ഈ വിഷയം വളരെ രസകരമായി എടുത്തിരുന്നതിനാലും, English -2 ഒരു പഠനവിഷയമായിട്ടേ തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അന്നത്തെ ഓരോ കഥകളും പഴഞ്ചൊല്ലിനെ വിശദീകരിക്കലും എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്.

തല്‍ക്കാലം അതൊക്കെ അവടെ നിക്കട്ടെ, നമുക്ക് നമ്മുടെ പഴഞ്ചൊല്ലിലേക്ക് തിരിച്ചു വരാം. മലയാളം വാര്‍ത്ത കാണുന്ന ഏതൊരാള്‍ക്കും ഈ ഒഴിഞ്ഞ മനസ്സിലെ ചെകുത്താന്‍മാരുടെ കളിവിളയാട്ടങ്ങളെ കുറിച്ച് പെട്ടന്ന് പിടികിട്ടും. കേരളത്തില്‍ നടക്കുന്ന വിവാദ നാടകങ്ങള്‍് തന്നെ വിഷയം. വാര്‍ത്തകളില്‍ തൊണ്ണൂറു ശതമാനവും വിവാദങ്ങള്‍ തന്നെ. ഇതൊക്കെ കൊട്ടിഘോഷിക്കാന്‍് ഒരുപാട് പേര്‍ മാധ്യമ, പത്ര ധര്‍മ്മവും ഉദ്ഘോഷിച്ചു കൊണ്ട്. കേള്‍്ക്കാനുംകാണാനും നമ്മളെ പോലുള്ള ഒരുപാട് പ്രേക്ഷകര്‍, ശ്രോധാക്കള്‍. ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ pattern ആണ്. തിരി കൊളുത്താന്‍ ഒരാള്‍, അതിന് എതിരഭിപ്രായമായി മറ്റൊരു genius, ഇവരെ പിന്താങ്ങി ഒരു കൂട്ടം, സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും. ഇവര്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കി മാധ്യമ രാജാക്കന്മാര്‍.

ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ Cycle time ഉണ്ട്. വിവാധത്ത്തിനു തിരി കൊളുത്തുന്നവന്റെ ശക്തി പോലെയിരിക്കും അത്. തറ sorry താര രാജാക്കന്മാരും മാഷുമ്മാരും ("തത്ത്വമസി" വായിച്ചില്ലെന്കില്‍് കേരളത്തിലേക്ക് കടക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍) തമ്മിലാണെങ്കില്‍ പിന്നെയുള്ള വെടിക്കെട്ട്‌ മിനിമം ഒരു ആറ് മാസം ഉറപ്പാ. മാധ്യമനു TRP ഇനത്തില്‍ കൊയ്ത്തു തന്നെ. (ഒരു വിവാദത്തിനു തിരി കൊളുത്തുമ്പോള്‍ Nambiar മാരും, ലൂക്കാ ചേട്ടനും, സാക്ഷി കുട്ടിയും പാടുന്നുണ്ടാവും "ചാകര ചാകര, പുറക്കാട്ടു കടപ്പുറത്ത് ചാകര" എന്ന്). നാലുകെട്ടില്‍ 50 വര്‍ഷം പൊറുത്തത് കൊണ്ടാടിയാല്‍ ബഷീറിന്റെ ആടിനെ നോക്കിയില്ലെന്നു പറഞ്ഞു വിവാദം,
പരീക്ഷ നടത്തിയാല്‍് വിവാദം, നടത്തിയില്ലെങ്കില്‍ വിവാദം, ഹെല്‍മെറ്റ്‌ നിയമം കൊണ്ട് വന്നാല്‍ കുഴപ്പം, ഇല്ലെങ്കില്‍ വിവാദം, പാട്ടിന്റെ വരി സംഗീതത്തിന് ഒത്തു വന്നില്ലെങ്കില്‍ അതും വിവാദം, നടന്മാര്‍ TV യില്‍ അവധാരകരായാല്‍ വിവാദം, തിലകന്‍ മിണ്ടിയാല്‍ തൃശൂര്‍ പൂരം, മിണ്ടിയില്ലെങ്കില്‍ സുകുമാര പൂരം, ഇതിനിടയില്‍ ലാലുവിനും മറ്റും ഓഷോക്ക് പഠിക്കാന്‍ പോലും നേരമില്ല (പാവം പൊടിപ്പും തൂവലും വച്ച് ഓഷോയെ quote ചെയ്തും മറ്റും ഒരു വിധത്തില്‍ genius actor ആയി വരികയായിരുന്നു, മാഷ്‌ അതും തകര്‍ത്തു). ഇതിനിടയില്‍ മുഖ്യന്റെ പിണറായി പ്രേമവും, ടി. പദ്മനാഭനും, വയനാടും, മൂന്നാറും, അതിഥി താരങ്ങളായി വന്നു പോകുന്നു. ആകെ കൂടി പറഞ്ഞാല്‍ ഒരു വിവാദ ഫാക്ടറി ആണ്‌ കേരളം.

ഇതെല്ലാം എവിടെ നിന്നുണ്ടാകുന്നു എന്ന് ആലോചിച്ചാല്‍ നമ്മള്‍ സാധാരണ ജനത്തിനു കിട്ടുന്ന കാരണങ്ങള്‍ വളരെ ലളിതം. നമ്മുടെ പഴഞ്ചൊല്ല് - ഒഴിഞ്ഞ മനസ്സുകള്‍ . ഇവര്‍ക്കൊക്കെ എന്തെങ്കിലും പണി കോടുക്കൂ കൂട്ടരേ. സാധാരണ ജനങ്ങള്‍ എങ്ങിനെയെങ്കിലും പിഴച്ചു പോകട്ടെ.

എല്ലാം അറിയുന്നവരായ വിവാദ നായകന്മാര്‍ക്ക് അടിക്കുറിപ്പായി VKN എഴുതിയ ചാത്തന്സിലെ രണ്ടു വരികള്‍. (ഇതൊന്നും കാണാന്‍ നീയില്ലാതെ പോയല്ലോ പയ്യന്‍സേ)
-ഗുരുവായൂരപ്പനെ തൊഴാനായി അടിച്ചു മൂളി എത്തുന്ന ഭക്തനോട്‌ ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്നു ഗുരുവായൂരപ്പന്‍ " ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അങ്ങോട്ട്‌ വരുമായിരുന്നല്ലോ. ഇത്ര വിഷമിക്കണോ? " -

2009 ഡിസംബർ 1, ചൊവ്വാഴ്ച

ഇതെന്നാത്തിന്‍ കിളിയാ?

"ഞാന്‍ജോണിക്കുട്ടി. ഇപ്പോള്‍ കുടുംബസമേതം കേരളത്തിന് പുറത്തെവിടെയോ താമസിക്കുന്നു. കഴിഞ്ഞ ആഴ്ച ഇറങ്ങിയ KERALA CAFE എന്ന സിനിമ സമാഹാരത്തിലെ ആദ്യ സിനിമയായ NOSTALGIA' യില്‍ നിങ്ങളെന്നെ കണ്ടു കാണും. മറുനാടന്‍ മലയാളികളുടെ കപട ഗ്രിഹാതുരതയെ പദ്മകുമാര്‍ എന്ന സംവിധായകന്‍ രസകരമായി അവതരിപ്പിച്ചു. ജോണിക്കുട്ടി എന്ന എന്നെ ദിലീപ് എന്ന നടന്‍ സാമാന്യം മോശമില്ലാതെ അവതരിപ്പിച്ചു. പക്ഷെ ഉള്ളത് പറയാലോ, എനിക്ക് കാണിക്കാനുള്ള വിക്രിയകള്‍ മുഴുവനും കാണിക്കാന്‍ സമയം കിട്ടിയില്ല. അതിന് പപ്പേട്ടനെ (സംവിധായകനെ ഞാന്‍ അങ്ങിനെയാ വിളിക്ക്യാ) കുറ്റം പറയാന്‍ പറ്റില്യാട്ട. ആകെ പത്ത് മിനിട്ട് സമയാണ് രഞ്ജിത്ത് കൊടുത്തത്. എളുപ്പല്ല പത്ത് മിനിട്ട് കൊണ്ട് എന്റെ വിക്രിയകള്‍ മൊത്തം കാണിക്കാന്‍. അതുകൊണ്ട് ഞാന്‍ ഈ ബ്ലോഗില്‍ വന്നു, കുറച്ചുകൂടി വിശദീകരിക്കാന്‍.
കപടമായ ഗ്രിഹാതുരതയെ മുഖമുദ്രയാക്കിയ ജോണിക്കുട്ടിമാര്‍ എല്ലാ നാട്ടിലും കാണും.അടാട്ട് ഇല്ല്യേ രാമാ? ഉണ്ടെങ്കിലും അവന്‍ ഇല്ല്യ എന്നെ പറയൂ.

നാട്ടില്‍ വരുമ്പോള്‍ ഞാന്‍ നാടിനെ പറ്റി മൊത്തം കുറ്റം പറയും. നാട്ടിലെ Planning ഇല്ലയ്മ്മ, റോഡുകളുടെ ശോചനീയാവസ്ഥ, രാഷ്ട്രീയത്തിന്റെ അതിപ്രസരം, അങ്ങിനെ അങ്ങിനെ. തിരിച്ചു മറുനാട്ടിലെത്യാലൊ, ദാസേട്ടന്റെ പഴയകാല ഗാനങ്ങളും, ഗ്രാമഭംഗിയെ പറ്റിയുള്ള വാതോരാതെയുള്ള പ്രസംഗവും.

ലീവില്‍ വരുമ്പോള്‍ മുടി നീട്ടി വളര്‍ത്തും, അല്ലെങ്കില്‍ പറ്റ വെട്ടും. ഞാന്‍ സെമി ക്ലാസിക്കല്‍ ടച്ച്‌ ഉള്ള ഗാനങ്ങളാ മൂളിപ്പാട്ടായി കൂടുതലും പാടി നടക്കുക; യേശുദാസിനെ ദാസേട്ടന്‍ എന്നേ വിളിക്കൂ, രവീന്ദ്രനെ രവീന്ദ്രന്‍ മാഷെന്നും. സിനിമയെ പറ്റി പറയുമ്പോള്‍ ജോണിന്റെ അമ്മയെ കാണാന്‍, അടൂരിന്റെ സ്വയം വരം ഇവയൊക്കെ തലങ്ങും വെലങ്ങും പ്രയോഗിക്കും ഞാന്‍. ജോണിനെ മനസ്സിലായി കാണുമല്ലോ? അതെ ജോണ്‍ അബ്രഹാം തന്നെ. നാട്ടിലായിരുന്നപ്പോള്‍് അദ്ധേഹത്തിന്റെ ഒരു സിനിമ പോലും കണ്ടിരുന്നില്ല. പക്ഷെ ഇപ്പൊ അതാണോ സ്ഥിതി. ബുദ്ധിജീവിയായ കോടീശ്വരന്‍ ആകണമെങ്കില്‍ ഇത്തരം കൈക്രിയകള്‍ കൂടിയേ തീരൂ.
കലാഭവന്‍ മണി എന്റെ ജന്മ ശത്രു. അതൊക്കെ കാവാലത്തിന്റെയും കടമ്മനിട്ടയുടെയും കവിതകള്‍ എന്ന് പറയും ഞാന്‍. ശാന്തേ..........
പൂരത്തിന് വരുമ്പോള്‍ ഞാന്‍ തനി നാടനാ. തോര്‍ത്തുമുണ്ട് കൊണ്ട് തലേക്കെട്ടും കെട്ടി കാവി മുണ്ടും ചുറ്റി. കയ്യില്‍ Blackberry നിര്‍ബന്ധം. ഓഫീസിലെ mail access ചെയ്യണ്ടേ? നാട്ടില്‍ ജോലി ചെയ്യുന്നസുഹൃത്തിനോട്‌ പറയും "നീയെത്ര ഭാഗ്യവാന്‍, അവിടെ ജീവിതമുണ്ടോ? വിഷുവുണ്ടോ, കണിക്കൊന്നയുണ്ടോ, ഓണമുണ്ടോ ..." എഴുതാന്‍ പറ്റുമെങ്കില്‍ ബ്ലോഗിലൂടെ നുറുങ്ങു സാഹിത്യവും അടിച്ച് വിടും.

ഇതൊക്കെ പറഞ്ഞപ്പോള്‍ ഒരു സംഭവം ഓര്മ്മ വന്നു. ഞങ്ങളുടെ നാട്ടിലെ ഒരാള്‍ മദ്രാസില്‍ പോയിതിരിച്ചു വന്നു. ഒരു നാള്‍ കാലത്തു പല്ലു തേച്ചു കൊണ്ടിരിക്കുമ്പോള്‍, മുറ്റത്ത്‌ നില്‍കുന്ന കോഴിയെകണ്ടു. മുറ്റമടിച്ചു കൊണ്ടിരിക്കുന്ന അദ്ധേഹത്തിന്റെ അമ്മുമ്മയോടു ചോദിച്ചത്രേ, "ഇതെന്നാത്തിന്‍കിളിയാ" എന്ന്. ചൂല് താഴെയിട്ടു അദ്ധേഹത്തിന്റെ അമ്മൂമ്മ പറഞ്ഞ തൃക്ഷരി ഇവിടെ പറയാന്‍ പറ്റില്ല.
പക്ഷെ അതോടെ തീര്ന്നു അദ്ധേഹത്തിന്റെ ഗ്രിഹാതുരതയും മറ്റും. അതുപോലുള്ള അമ്മുമ്മമാര്‍ ഇന്നില്ലാതെ പോയി, അതൊകൊണ്ട് എന്നെ പോലുള്ള ജോണിക്കുട്ടിമാര്‍ വിളയാടുന്നു.
Excuse me, mobile അടിക്കുന്നു. (Ring tone : വെറുതെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായിഗ്രാമം കൊതിക്കാറുന്ടെന്നും...)

ഞാന്‍ ജോണികുട്ടി, നമ്മള്‍ എല്ലവരിലുമുളള ജോണികുട്ടി. തല്‍ക്കാലം ഞാന്‍ ഇവിടെ നിന്നും വിടവാങ്ങുന്നു. "

2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

'ഋതുക്കള്‍ മാറുന്നു; നമ്മളോ..?'

ആവര്‍ത്തന വിരസതയുടെ തൊണ്ണൂറുകളില്‍ "ഉയര്ത്തെഴുന്നേല്പ്പ് " എന്ന ദൂരദര്‍ശന്‍ സീരിയലില്‍ കൂടി "ഇതാ ഒരു പ്രതിഭ, എന്റെ പേരു ശ്യാമപ്രസാദ്‌"; എന്ന് അറിയിച്ചു കൊണ്ടു വന്ന പുലി. വെറും നാല് ചിത്രങ്ങള്‍ കൊണ്ടു ആ പുലി മലയാളികള്‍ക്ക് ഓരോന്നിലും വ്യത്യസ്ഥ ദ്രിശ്യാനുഭവം പകര്‍ന്നു .

"
ഋതു"= ശ്യാമപ്രസാദ് എന്ന പുലി മലയാളികള്‍ക്ക് തന്ന ഓണ സമ്മാനം. ഒരു ദിവസം രാത്രി "പൂനെ" എന്ന നഗരത്തിന്റെവിരസതയെ പ്രേമിച്ചു കൊണ്ടു ഇരിക്കുമ്പോളാണ് വാരൃര്(അരുണ്‍) എന്ന എന്റെ സുഹൃത്തിന്റെ ഫോണ്‍ വരുന്നത്. എന്തെങ്കിലുംപുതുമകള്‍ അവന്റെ എല്ലാ ഫോണ്‍ വിളിയിലും ഉണ്ടാവാറുള്ളത് കൊണ്ടു ഈ കോളും കുറച്ചു പ്രതീക്ഷയോടെ തന്നെയാഎടുത്തത്‌. ഊഹം തെറ്റിയില്ല. "കുറെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ നല്ല ഒരു സിനിമ പിറന്നിരിക്കുന്നു" (കയ്യൊപ്പിനും, തിരക്കഥക്കുമ് ശേഷം) -"ഋതു". അവന്റെ കമന്റ്‌. സിനിമ റിലീസ് ആയ ദിവസമായിരുന്നു അത്. പിന്നെ ഓണത്തിന് വരുമ്പോള്‍ തൃശൂര്‍ കൈരളിയില്‍ ഒരുമിച്ചു പോയി കാണണം എന്നും. നാട്ടില്‍ എത്താനുള്ള കൊതി വീട്നും കൂട്ടുന്ന ഒന്നായിരുന്നു അവന്റെ ആ ഫോണ്‍ വിളി.

"കൈരളി" എന്ന സര്‍ക്കാര്‍ സിനിമ ഹാളിനോടു ഞങ്ങള്‍ക്ക് കുറച്ചു വൈകാരിക അടുപ്പം കൂടി ഉണ്ടെന്നു കൂട്ടിക്കോളൂ. ഇടവേളയിലുള്ള ചായ കുടിയും, സര്‍ക്കാര്‍ യുനിഫോമ് അണിഞ്ഞ വാച്ച് മാനും, കൈരളിയുടെ ഇടനാഴിയില്‍ ഫുട്പാത്തില്‍ വില്‍്കുന്ന പുസ്തകങ്ങള്‍് വായിച്ചിരിക്കുന്ന രാത്രിയുടെ സന്ചാരികള്‍്, ബിനിയില്‍ നിന്നു കൊണ്ടുള്ള "നില്‍്പ്പന്" ശേഷമുള്ള സിനിമ കാണലിന്റെ പഴയ സ്മരണയും, തൂവനതുംബികളില്‍ കാണിച്ചു തന്ന വടക്കേ സ്റ്റാന്റ് ന്‍റെ രാത്രിയുടെ സൌന്ദര്യവും ഒക്കെ കൂടിയുള്ള ഒരു അടുപ്പം എന്ന് പറയാം. ശ്യാമപ്രസാദിന്റെ ആദ്യ സിനിമ ആയ അഗ്നിസാക്ഷി കണ്ടതും ഇവിടെ വച്ചു തന്നെ. അതും പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പണിയോന്നുമില്ലാതെ തേരാപാര നടക്കുമ്പോള്‍ . ആ സമയതിലെക്കുള്ള ഒരു തിരിച്ചു പോക്ക് കൂടി ആശിച്ചു അവന്റെ ഫോണ്‍ വിളി.

പതിവുപോലെ തന്നെ ഞങ്ങള്‍ രാത്രി ഒന്പതരക്ക് തന്നെ എത്തി. സിനിമ "ശ്രീ" യില്‍ ആക്കിയിട്ടുണ്ടായിരുന്നു (ഫിലിം ഫെസ്റിവല്‍ കാരണംആണത്രേ). വാര്യര് പറഞ്ഞ പോലെ തന്നെ നല്ല രസികന്‍ സിനിമ. രാത്രി നിയോണ്‍ വെളിച്ചത്തില്‍ കുളിച്ച തൃശൂര്‍ രൌണ്ടിനെ ചുറ്റി ശ്രീയില്‍ എത്തിയപ്പോള്‍ ശരിക്കും പഴയ ആ കാലത്തിലേക്കുള്ള തിരിച്ചുപോക്ക് തന്നെയായിരുന്നു. സിനിമയുടെ വിഷയവുംഈ ഒരു വിചാരത്തിനോടു ചേര്ന്നതായപ്പൊള്‍് " ഇരട്ടി മധുരം" കഴിച്ച അവസ്ഥയായി.
'ഋതുക്കള്‍ മാറുന്നു; നമ്മളോ..?'എന്ന് ചോദിക്കുന്നു ശ്യാമപ്രസാദ്. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കൂട്ടി ചേര്ത്തുനോക്കുമ്പോള്‍ തോന്നുന്നു - ഇല്ലെന്ന്.
ശരത്തിന്റെയും സണ്ണിയുടെയും വര്‍ഷയുടെയും, സ്വപ്‌നങ്ങള്‍ ; ഇവ വെറും സ്വപ്‌നങ്ങള്‍ മാത്രാമാനെന്ന തിരിച്ചറിവിനെതിരെ പൊരുതുന്ന ശരത് വര്‍മ എന്ന ഐ ടി പ്രേഫെഷനല്‍്. ബാല്യം മുതല്‍ കളിക്കൂട്ടുകാരായി വളര്‍ന്ന് യൌവ്വനാരംഭത്തില്‍ വന്‍നഗരങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടവരാണിവര്‍. എയര്‍ പോര്‍ട്ടില്‍ നിന്നു വീട്ടിലേയ്ക്കു മടങ്ങുന്ന ശരത്തിന്റെ തിരിച്ചുവരവിന്റെ ആദ്യ ദൃശ്യത്തില്‍ തന്നെ ശ്യാമപ്രസാദ്‌ ഒരു നല്ല സിനിമയുടെ പിറവി വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഹൊ അതിന്റെ ഒരു ഹാങ്ങ്‌ഓവര്‍, ഇപ്പോളും ഉണ്ട്. കഥ എന്തായാലും പറഞ്ഞു ഒരു ബോറടി ഒരുക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ. സിനിമയുടെ ഫോട്ടോ ഗ്രാഫി, തിരക്കഥ (ജോഷുഅ ന്യൂട്ടണ്‍), എം.ജി. ശശി അവതരിപ്പിച്ച കഥാപാത്രം, പിന്നെ പാബ്ലോ നെരൂദ , പസ്സോവ, ഐ ടി പ്രയോകങ്ങളായ കഴുത്തിലെ നെയിം പ്ലേറ്റ്, വിപ്ലവത്തിന്റെ ഗ്രിഹാദുരത, വിഷയത്തിലെ റൊമാന്റിസം, dating ഇത്യാദി മസ്സാലകള്‍ (അറിഞ്ഞു കൊണ്ടു തന്നെ ഇതൊക്കെ ആസ്വദിക്കുക).
മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചേര്ത്ത് ഒന്നു സിനിമ കാണുകയാണെങ്കില്‍ മുഷിയില്ല എന്ന് തോന്നുന്നു. ഒരു കാര്യം കൂടി ഉണ്ടുട്ട. കലാലയ കാലത്തു വായിച്ചിരുന്ന പഴയ പൊടി പിടിച്ചിരിക്കുന്ന പുസ്തകങ്ങളെയും, നോട്ട് ബുക്കില്‍ കോറിയിട്ട പൈങ്കിളി ചുവയുള്ള എഴുത്തിനെയും മനസ്സില്‍ നിന്നും പൊടി തട്ടി എടുക്കാനുള്ള ഒരു പ്രചോദനം തരും ഈ സിനിമ.

ഇനി നിങ്ങള്‍ കണ്ടിട്ട് പറയാ. വായനക്കാരില്‍ ആരെങ്കിലും " പ്രായത്തില്‍ സിനിമയെ പറ്റി പറഞ്ഞാല്‍ അത് MATURITY 'കു കോട്ടമാണെന്ന്" വിചാരിക്കുന്ന ഒരു കൂട്ടം ഉണ്ടെങ്കില്‍ അവര്‍ രഹസ്യമായി കണ്ടു മിണ്ടാണ്ടിരിക്ക്യ.
കൂകു കൂകു തീവണ്ടി, കൂകി പായും തീവണ്ടി........

2009 മേയ് 20, ബുധനാഴ്‌ച

ഭാഷയുടെ വ(ത)ളര്ച്ച

ഭാഷയുടെ വളര്‍ച്ചയെ പറ്റി ആലോചിക്യായിരുന്നു. ഒരുത്തന്റെ അല്ലെങ്കില്‍ ഒരുത്തിയുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ അക്ഷരങള്‍ കൊണ്ട് വാക്കുകള്‍ പിറവി കൊണ്ടു . ഈ വാക്കുകള്‍ വികാരങ്ങളെ ഓരോ കഥാപാത്രമാക്കി അവതരിപ്പിച്ചപ്പോള്‍ ഭാഷ പിറവി കൊണ്ടു. സംസാരിച്ചുരുന്ന ഭാഷ എഴുത്തിലൂടെ കൈമാറിയപ്പോള്‍ അത് സാഹിത്യമായി. ഈ കഥാപാത്രങ്ങള്‍ ഒരു കൂട്ടം വരേണ്യ വര്‍ഗം മാത്രം എടുത്തു ആടാന്‍ തുടങ്ങിയതോടെ സാഹിത്യം ബുദ്ധിജീവികളുടെ മാത്രം കുത്തകയായി. സംസാര ഭാഷ, സാഹിത്യം എന്നിങ്ങനെ രണ്ടു ഭാഷ കളുടെ പിറവി അതിന്റെ വളര്ച്ചക്കല്ലേ കടിഞ്ഞാണിട്ടത്?

സായിപ്പ് നിരക്ഷരനായ ശകെസ്‌ പീരാനില്‍ നിന്നു ഭാഷയെ പരിപോഷിപ്പിച്ചപ്പോള്‍ നാം മലയാളികള്‍ വി. കെ. എന്‍ നെയും , ബഷീറിനെയും അകറ്റി നിര്ത്തി. കാരണം അവര്‍ ഭുദ്ധി ജീവികള്‍ അല്ലായിരുന്നല്ലോ. അല്ലെങ്കില്‍ താടിക്കരുടെ പേടി സ്വപ്‌നങ്ങള്‍ ആയിരുന്നല്ലോ. ഇതു മലയാളത്തില്‍ മാത്രം സംഭവിച്ച പ്രതിഭാസമാണോ. വായനക്കാരില്‍ ആരെങ്കിലും ബുദ്ധി ജീവികള്‍ ഉണ്ടെങ്കില്‍ , അല്ലെങ്കില്‍ ബുദ്ധിജീവികളില്‍ ഏതെങ്കിലും വായനക്കാര്‍ ഉണ്ടെങ്കില്‍ ഉത്തരം പറയാ.

"പയ്യന്‍ കഥകളിലെ" പയ്യന്റെ നീലിമയോടുള്ള പ്രേമം, കൊണാട്ട് പ്ലസിലെ ദോശ തീറ്റ എന്നിവ പഠന വിഷയമാകുന്ന ഒരു കാലം ഓര്‍ക്കാന്‍ രസമുള്ള സംഗതിയല്ലേ. അങ്ങിനെ വന്നാല്‍ ഒരു പക്ഷെ അടുത്ത തലമുറ യിലെ മോന്‍സ്റെര്സ് നമ്മോടു പറയുന്നതു "ഞ്ച്ചാല്‍ നല്ലകാലത്ത് പ്രത്യേകിച്ച് പണിയൊന്നും ഇല്ല്യാരുന്നു ലെ കാര്നോരേ " എന്നായിരിക്കും. അതുകൊണ്ട് ഊര്ദ്വാന്‍, കുട്ടിചിന്നന്‍ (അന്ത്യ വായു) എന്നീ കലാകാരന്മാരുടെ രണ്ങപ്രവേഷത്തിനു മുന്പ് എന്തെങ്കിലും ഒക്കെ അങ്ങട് ചെയ്യ്യാ.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്