2026 ജൂലൈ 10, വെള്ളിയാഴ്‌ച

മൊഴിയൊളിപ്പിച്ചൊരാ മുറി!

 

Javed Akhtar  

"Woh Kamra Yaad Aata Hai"

ഒരു സ്വതന്ത്ര പരിഭാഷ 


തേക്കിൻ തടികൊണ്ടുണ്ടാക്കിയ ആ ഭാരമേറിയ വാതിൽ,
തുറക്കുമ്പോഴൊക്കെയും അതൊരു നേർത്ത ശബ്ദമുണ്ടാക്കുമായിരുന്നു;
വളരെ പതുക്കെ, വളരെ താഴ്ന്ന സ്വരത്തിൽ,
അതെന്നോട് എന്തോ ചോദിക്കുന്നതുപോലെ...

ആ മുറിയിൽ വെച്ചിരുന്ന, കരിനിഴൽ വീഴ്ത്തിക്കിടന്ന, ആ പഴയ കറുകറുമ്പൻ മിനുങ്ങൻ മേശ,
അതിന്റെ കൺകോണുകളിലൂടെ എപ്പോഴും എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുമായിരുന്നു.

ഞാൻ വന്നിരിക്കാറുള്ള ആ കസേര,
അതിന്റെ കൈകളിൽ തലചായ്ക്കുമ്പോൾ,
മടിയിലിരുത്തി താരാട്ടു പാടുന്ന,
അമ്മയെപ്പോലെയായി മാറുമായിരുന്നു.

അതാ, ആ കോണിൽ നിൽക്കുന്ന,
ഒരു വൃദ്ധയായ പരിചാരികയെപ്പോലെ
കണ്ണാടിയെ ശാസിച്ചുകൊണ്ടിരുന്ന,
ആ ചെറിയ പൂപ്പാത്രം...
ചെറുതെങ്കിലും, വളരെ കുസൃതിയുള്ള ഒന്ന്.

അവർ രണ്ടുപേരെയും നോക്കി ചിരിക്കുമായിരുന്നു, ആ ജനൽ...
വിവേകം നിറഞ്ഞ ഒരു പുഞ്ചിരി.

ജനലിലേക്ക് ചാഞ്ഞുനിൽക്കുന്ന ആ വള്ളിച്ചെടി,
ഏതോ പച്ചപ്പാർന്ന രഹസ്യം മന്ത്രിക്കുകയായിരുന്നു.

പുസ്തകങ്ങൾ...
അലമാരയിലും തട്ടുകളിലുമായി,
ഗൗരവമുള്ള അധ്യാപികമാരെപ്പോലെ ഇരിപ്പുണ്ടായിരുന്നു.
എങ്കിലും അവയെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു,
ഞാൻ അവയോട് എന്തെങ്കിലും ചോദിക്കുമെന്നോർത്ത്.

തലയ്ക്കൽ,
ഉറക്കത്തിന്റെ കൂട്ടുകാരനായി,
ക്ഷീണം മാറ്റുന്ന വൈദ്യനായി, ആ മൃദുവായ തലയിണ...
അതിന്റെ മടിയിൽ തലചായ്ച്ചായിരുന്നു
ഞാൻ മേൽക്കൂരയിലേക്ക് നോക്കിക്കിടന്നിരുന്നത്.

ആ മേൽക്കൂരയുടെ പലകകൾക്കിടയിൽ,
ആർക്കറിയാം എത്രയെത്ര കഥകളുടെ കണ്ണികളുണ്ടായിരുന്നുവെന്ന്!

ആ ചെറിയ മേശപ്പുറത്തും, മുന്നിലെ ചുവരിലും
തൂക്കിയിട്ടിരുന്ന ആ ചിത്രങ്ങൾ...
അവ എന്നെ സ്നേഹത്തോടെയും വിശ്വാസത്തോടെയും നോക്കുമായിരുന്നു,
പുഞ്ചിരിക്കുമായിരുന്നു.

അവയ്ക്ക് ഒട്ടും സംശയമില്ലായിരുന്നു,
ഒരു ദിവസം...
ഞാൻ അവരെയെല്ലാം ഇങ്ങനെ ഉപേക്ഷിച്ചു പോകുമെന്ന്.
പിന്നീടൊരിക്കലും തിരിച്ചുവരാത്തവിധം...

ഞാൻ ഇപ്പോൾ താമസിക്കുന്ന ഈ വീട്, വളരെ മനോഹരമാണ്.
പക്ഷേ, പലപ്പോഴും ഞാൻ ഇവിടെ നിശബ്ദനായി ഇരുന്ന് ഓർക്കാറുണ്ട്...

ആ മുറി എന്നോട് സംസാരിക്കുമായിരുന്നു.

നിങ്ങൾ വിട്ടുപോന്ന ഏതെങ്കിലും ഒരു മുറി, ഏതെങ്കിലും ഒരു വസ്തു ഇപ്പോഴും നിങ്ങളോട് സംസാരിക്കാറുണ്ടോ? 



Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്