2025, ജനുവരി 17, വെള്ളിയാഴ്‌ച

Meiyazhagan

തന്റേതല്ലാത്ത കാരണങ്ങളാൽ മനുഷ്യാവസ്ഥയുടെ ചില ചക്രവാതച്ചുഴിയിലകപ്പെടുകയും, അതിനെ കുറിച്ച് ആത്മാവബോധമില്ലാതിരിക്കുകയുമായ അവസ്ഥയിൽ പ്രത്യേക ഘട്ടത്തിൽ മറ്റുചില സംഭവങ്ങളുടെ പ്രേരണയാൽ ഇടിമിന്നൽ പോലെ ഒരു വെളിപാടായി മുന്നവസ്ഥകളിലേക്കുള്ള ഓർമ്മകളുടെ ഒരു മിന്നൽപ്രവേശം. അതല്ലെങ്കിൽ ഭൗതികമായി തന്നെ ഹ്രസ്വമായ കാലദൈർഘ്യമെങ്കിലും, അത്തരം സാഹചര്യങ്ങളിലേക്കൊരു തിരഞ്ഞു നടത്തത്തിനുള്ള അവസരം !! ഏറിയും കുറഞ്ഞുമുള്ള തീവ്രതയോടെ ഇത്തരം അവസ്ഥകളിലൂടെ ഒട്ടു മിക്ക മനുഷ്യരും കടന്നു പോയിട്ടുണ്ടാകും. ഈ അനുഭവത്തിന്റെ അല്ലെങ്കിൽ മാനസികാവസ്ഥയുടെ പദവിന്യാസം ചലിക്കുന്ന ഏതാനും ഫ്രെയിമുകളാൽ കവിതാ രൂപത്തിൽ അവതരിപ്പിച്ചാൽ കിട്ടുന്ന അനുഭവം, അതായിരുന്നു 'മെയ്യഴകൻ '.

മുഴച്ചു നിൽക്കുന്ന ലാളിത്യം വാരി വിതറാതെ, അധികം 'നന്മമര' മുദ്രാവാക്യ പ്രഘോഷങ്ങളില്ലാതെ -സംവിധായകന്റെ തന്നെ പ്രഥമ ചിത്രത്തിൽ ചിലപ്പോഴെങ്കിലും തോന്നിയത്- എന്നാൽ ഇതിന്റെയൊക്കെ സമികൃതാഹാരം തന്നെയാണ് തന്റെ രാവണൻ കോട്ടയെന്ന് മനോഹരമായി പ്രഖ്യാപിച്ചിരിക്കുന്നു സി പ്രേംകുമാർ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ. പൂര്ണ്ണാര്ത്ഥത്തിൽ ഒരു പ്രേംകുമാർ ചിത്രം. ചില സൃഷ്ടികളെ മനോഹരം എന്ന് പറഞ്ഞാൽ അത് ഭാഷയുടെ പരിമിതിയാകും . 'കാലവും', 'മഞ്ഞും' 'വാരണാസിയും' അനുഭവിച്ച മലയാളിക്ക്, 'അയൽവാസി' 2024'ൽ തന്ന ദൃശ്യാനുഭവം - മെയ്യഴകൻ !

"കേൾക്കുന്നുണ്ടോ എന്നുടെ ഒച്ച " എന്ന് മന്ദസ്വരത്തിലെങ്കിലും മൊഴിയണമെങ്കിൽ സൗഹൃദ വലയത്തിലെ മറ്റാരെങ്കിലും ശക്തമായി കുലുക്കേണ്ടി വരുന്ന ചില സവിശേഷവ്യക്തിത്വങ്ങൾ നമ്മുടെയൊക്കെ സൗഹൃദ വലയങ്ങളിൽ കാണും. അത്തരമൊരു  വ്യക്തിത്വമായി അനുഭവപ്പെട്ടു അരുൾമൊഴിയും, അരുൾമൊഴിയെ അവതരിപ്പിച്ച അരവിന്ദ് സ്വാമിയും അരുൾമൊഴിക്കു ജന്മം നൽകിയ  പ്രേംകുമാറും. കന്നിചിത്രമായ '96' ഇറങ്ങി ആറുവര്ഷങ്ങള്ക്കു ശേഷം തന്റെ തന്നെ നോവലിന് ചലച്ചിത്ര ഭാഷ്യം കൊടുക്കാൻ എടുത്ത ആ ഇടവേളയിൽ തന്നെയുണ്ട് പ്രേംകുമാർ എന്ന മനുഷ്യന്റെ സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ഇഴപിരിയിലന്റെ ആഖ്യാന രഹസ്യം . 'റോജക്കും' 'ബോംബെ'യ്ക്കും ശേഷം അവിടെയിവിടെയായി മിന്നി മാഞ്ഞിരുന്ന അരവിന്ദ് സ്വാമി എന്ന നടന്റെ, അരുൾ മൊഴിയെ അടിമുടി ആവാഹിച്ചുള്ള പൂണ്ടു വിളയാടൽ - മെയ്യഴകൻ .

കഥാപാത്രഘടനയിൽ (character design ) തന്നെ - മുന്നേ പറഞ്ഞ ആ പിടിച്ചുകുലുക്കലിന് - മെയ്യഴകൻ ആയി കാർത്തിക്കു പൊലിപ്പിക്കാനുണ്ടായിരുന്നു. സ്വഭാവ സവിശേഷതയാൽ അരുൾ മൊഴിയുടെ 180 ഡിഗ്രി വിപരീത ദിശയിലുള്ള കഥാപാത്രമായി കാർത്തി മനോഹരമാക്കി എന്ന് തന്നെ പറയാം . 'ക്ലിഷേ ' യിലേക്ക്  വഴുതി വീഴുമായിരുന്ന പലയിടങ്ങളിലും കാർത്തി രക്ഷപ്പെടുത്തി എന്ന് തന്നെ പറയേണ്ടി വരും. സൗഹൃദത്തിൽ മാത്രം സാധ്യമാകുന്ന കൊടുക്കൽ വാങ്ങലുകൾ മനോഹരമാക്കി ചെയ്ത 'കോംബോ', "ഒരു കഥ സൊല്ലട്ടുമാ" എന്ന വിജയ് സേതുപതിയുടെ ആ പ്രസിദ്ധ സ്റ്റെമെന്റ്റ് മറ്റൊരു രൂപത്തിൽ പൂരിപ്പിച്ചു ഇവിടെ മെയ്യഴകനിലൂടെ അക്ഷരാർത്ഥത്തിൽ .

ചിത്രത്തിന്റെ തുടക്കത്തിൽ പ്രേക്ഷകനൊരുപക്ഷെ ഇഴച്ചിൽ തോന്നിയെങ്കിൽ (എനിക്ക് തോന്നി ) അത് തന്നെയാണ് മുന്നേ പറഞ്ഞ നാം അകപ്പെട്ട ചുഴി. ഒഴിവാക്കാവുന്ന/ ഒഴിവാക്കാൻ പറ്റാത്ത ഓട്ടപ്പാച്ചിലുകളുടെ ചുഴി. അവിടെ നഷ്ടപ്പെടുന്ന , അല്ല സമരസപ്പെടുന്ന, മറുപുറത്തിന്റെ ആസ്വാദനതലം . ഈ ചിത്രന്റെ ആസ്വാദനതലത്തിന്റെ അനുഭൂതിയുടെ ആകെത്തുകയിൽ ആ ഇഴച്ചിൽ അനുഭവം കൂടി ചേർന്നതാണ് (Intentional) എന്ന് തോന്നുന്നു. മേളത്തിൽ തുടക്കത്തിലേ ഓരോ കാലങ്ങളും കൊട്ടി തീർക്കുന്നത് ആസ്വദിച്ചാൽ മാത്രം മേളം ആസ്വാദനതലത്തിൽ നിങ്ങള്ക്ക് അനുഭൂതി തരുന്നുന്നള്ളു എന്ന തത്വം തന്നെ ഇവിടെയും.

എടുത്ത് പറയേണ്ട മറ്റൊന്ന് , ഈ ചിത്രത്തിലെയും (96 ഇലെ തൃഷ) നായിക (എന്ന് പറയാവുന്ന ) കഥാപാത്രം തന്നെ . അരുളിന്റെ സ്വഭാവ സവിശേഷതയുടെ ആവിഷ്കാരം ഹേമയിലൂടെ മാത്രമേ പൂര്ണമാകുന്നുള്ളു ,അതെ സമയം ഹേമ ഫോണിലൂടെ അരുൾമൊഴിയോട് "നാട്ടിൽ പോയപ്പോഴേക്കും നാട്ടു ഭാഷയിലേക്ക് വന്നല്ലോ " എന്നൊക്കെയുള്ള രംഗങ്ങളിൽ കടത്തിയും വെട്ടുന്നു. വ്യക്തമായി കൊത്തിയെടുത്ത വ്യക്തിത്വം സംസാരിക്കുന്ന  കഥാപാത്രങ്ങൾ.

ഒരു ക്ലൈമാക്സ് ഇല്ലാതെ, ഒരു ട്വിസ്റ്റും ഇല്ലാതെ, ഇനിയെന്ത് നടക്കും എന്ന് കൃത്യമായി നമുക്കൂഹിക്കാമായിരുന്നിട്ടും നാം ഇരുന്നെങ്കിൽ അത് പറയുന്നത് ആ കാര്യം തന്നെയല്ലേ ? - മനുഷ്യന് പറയാൻ കുറച്ചു കഥകളെ ഉള്ളു എന്നാൽ പറയുന്ന രീതിയിലാണ് കാര്യം!

ചുരുക്കി പറഞ്ഞാൽ ഇതൊരു  WEEKEND WATCH'ഇൽ നിങ്ങളെയും കൊണ്ട് തഞ്ചാവൂരിലേക്കും, ആ കാലത്തെ ചുറ്റിപ്പറ്റിയുള്ള ഓർമ്മസ്ഥലികളിലേക്കും ഊളയിടിയിക്കും. അതല്പം കൂടിയെങ്കിൽ , കുറഞ്ഞ പക്ഷം, ഷെയറിട്ടു വാങ്ങിയ 'OCR' അരയിൽ നിന്നെടുത്ത് തുറക്കാൻ നേരം നിലത്ത് വീണു പൊട്ടിയപ്പോൾ ഏതോ പടത്തിൽ ശ്രീനിവാസൻ ചിരിച്ച ആ പ്രസിദ്ധ ചിരി ചിരിച്ച കൂട്ടുകാരനെയെങ്കിലും ഓർക്കും

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്