തസ്രാക്കിലെ മണ്ണില്‍ വളര്‍ന്നു ഖസാക്കെന്ന സാങ്കല്‍പ്പിക ദേശം സൃഷ്ടിച്ചു ഇതിഹാസം തീര്‍ത്ത, "മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ന്ന് തുന്നിയ പുനര്‍ജനിയുടെ കൂട് വിട്ടു ഞാനിതാ യാത്രയാകുന്നു " എന്ന്‍ പറഞ്ഞു ഭാഷയുടെ മാസ്മരികത മലയാളിക്ക് സമ്മാനിച്ച ആ അതികായന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു ഈ മാര്‍ച്ച് 30 നു അഞ്ചു വര്‍ഷം തികയുന്നു.
"ഖസാക്കിന്റെ ഇതിഹാസം" എന്ന തന്റെ ആദ്യ നോവലിലൂടെ, മലയാള നോവല്‍ ശാഖയെ ഖസാക്കിനു മുന്‍പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി ഖണ്ടിച്ച O.V. വിജയന്‍ .
ഒരുപാട് വായനക്കാര്‍ അരച്ച് കലക്കി വായിച്ചും, മല്‍സരിച്ച് നിരൂപണങ്ങള്‍ എഴുതിയതും ആയ ഒരു വിഷയമായതിനാല്‍, ഈ പോസ്റ്റ് മറ്റൊരു നിരൂപണമാക്കാന്‍് ആഗ്രഹമില്ല. ഓര്‍മ്മപ്പെടുതുമ്പോള്‍ നിങ്ങളുടെ ബുക്ക് ഷെല്‍ഫില്‍ മയങ്ങി കിടക്കുന്ന ആ ക്ലാസ്സിക് ഗൃഹാതുരതയോടെ ഒന്ന് കൂടി വായിക്കാന്‍ പ്രേരകമാക്കാനുള്ള ഒരു ശ്രമം മാത്രം .
ആദ്യമായി ഈ നോവല്‍ എന്താണെന്നറിയുന്നത് പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള വേനലവധിയില്‍ ഗോപാലേട്ടനുമായി ആല്‍ത്തറയില്‍ സന്ദ്യ സമയത്തെ ഒരു ഒത്തു ചേരലില്‍. വായിക്കുമ്പോള്‍ ഓരോ തവണയും ഓരോ അനുഭവം തരുന്ന ക്ലാസ്സിക്. അത്ര മാത്രം പറയാനേ ഞാനാളുളളൂ.
രവിയും, പദ്മയും, മൈമുനയും, നീല ഞരമ്പുകള്‍ തുടിക്കുന്ന കൈതണ്ടയും, ഒത്തുപള്ളിയിലെ അള്ളാപിച്ചാ മൊല്ലാക്കയും, മൊല്ലാക്കയുടെ കാലിലെ വൃണവും, ചെതലി മലയും ഏകാദ്ധ്യാപക വിദ്യാലയവും, ഖസാക്കിലെ ചിലന്തികളും, അപ്പുക്കിളിയും, കുട്ടാടന്‍ പൂശാരിയും, ദൈവപ്പുരയും, കൂമങ്കാവും, പാലക്കാടന്‍ ഭാഷയും, കരിമ്പനക്കൂട്ടങ്ങളും കഥാപാത്രങ്ങളായി നടനമാടിയപ്പോള്‍് മലയാളികള്‍ ഒരു പുതിയ ശൈലിയിലുള്ള നോവല്‍ വായിക്കുക മാത്രമായിരുന്നില്ല. ആസ്തിത്വദുഃഖങ്ങളും, ഉല്‍പത്തിയുടെ ഉറവിടം തേടിയുള്ള യാത്രകളും, അറിവാരഞ്ഞവന്റെ വ്യര്ത്ഥതയും അനുഭവിക്കുകയായിരുന്നു. ആ അനുഭവം തലമുറകളിലൂടെ കൈമാറി കൊണ്ടേയിരിക്കുന്നു.
മലയാള സാഹിത്യത്തിലെ മറ്റു രണ്ടു അതികായന്മാരുടെ കൂടി(VKN, കൃഷ്ണന്‍ നായര്‍) പരാമര്‍ശം കുറിച്ച് , ആ മഹത് കൃതിക്കും വിജയന്‍ എന്ന ഇതിഹാസത്തിനും പ്രണാമം അര്‍പ്പിച്ചു കൊണ്ടു നിര്ത്തുന്നു.
-VKN- " വിജയന്റെ കഥകളും നോവലുകളും വച്ച് ഉപജീവനം നടത്തുന്ന നിരൂപകന്‍മാരുടെ പറ്റവും അവരുടെ എഴുത്തും സമാന്തരമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുപതും ഇരുപത്തിഒന്നും നൂറ്റാണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ജീനിയസ്സായി മലയാള സാഹിത്യത്തിലെ അതികായനായി വിജയന്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.വിജയന്‍റെ തന്നെ ഒരു വാചകത്തിനു പാഠഭേദം പറയുകയാണെങ്കില്‍ അവരോഹണമില്ലാതെ ആരോഹണം മാത്രമായി വിജയന്‍റെ സാഹിത്യം മലയാണ്മയക്കു മീതെ ഉദാത്തമായ സമാധി കൊള്ളുകയാണ്. ജീവസ്സുറ്റ ഈ അവസ്ഥ നീണ്ട കാലം നിലനില്‍ക്കട്ടെ! ച്ചാല്‍ നീണ്ടും ചുരുണ്ടും നിബിഡമായും എന്നര്‍ത്ഥം"
- കൃഷ്ണന്‍ നായര്‍. (സാഹിത്യ വാരഫലം)- “ഇനി ഒരു 50 വര്‍ഷം കഴിഞ്ഞാലും ഇപ്പോള്‍ മലയാളത്തിലുള്ള ഏതെങ്കിലും ഒരു നോവല്‍ വായിക്കപ്പെടും എന്ന് ഉറപ്പുണ്ടെങ്കില്‍ അത് ‘ഖസാക്കിന്റെ ഇതിഹാസം’ആയിരിക്കും”
കൂടുതല്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഒരു വിശദമായ പഠനം:
1. ആത്മായനങ്ങളുടെ ഖസാക്ക് - (M K Harikumar's full text )
അനുകൂലമായും പ്രതികൂലമായും വന്ന മറ്റ് പോസ്റ്റുകള്‍ :
2. ഒ.വി.വിജയന്‍ : ഇതിഹാസങ്ങളുടെ കളിത്തോഴന്‍
3. ഡിങ്കന്‍ : ഖസാക്ക് ഒരു ദാര്‍ശനിക പൈങ്കിളിയാണോ..?
4. ഖസാക്ക് പുനര്‍വിചാരണയും സത്യസന്ധതയും..