2026 ഫെബ്രുവരി 15, ഞായറാഴ്‌ച

ഹൃദയരാഗങ്ങൾ: നാല് തലമുറകൾ പാടിത്തീർത്ത ആ 'വല്ലാത്തൊരു കഥ'!

'Hum Tere Pyar Mein' എന്ന നിത്യസ്മാരകം

പാട്ടുകളിലൂടെ കഥകൾ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു; ഈണങ്ങൾക്കിടയിൽ ഹൃദയം നുറുങ്ങുന്ന നോവും ആത്മസമർപ്പണത്തിന്റെ ആഴവും ഒളിപ്പിച്ചുവെച്ച സുവർണ്ണകാലം. 1963-ൽ പുറത്തിറങ്ങിയ 'Dil Ek Mandir' എന്ന ചിത്രത്തിലെ ഈ ഗാനം ഇന്നും മായാത്ത ഒരു വിങ്ങലായി നമ്മുടെ ഉള്ളിലുണ്ട്.

മരണക്കിടക്കയിൽ ജീവിതത്തോട് മല്ലിടുന്ന ഭർത്താവ് (രാജ് കുമാർ), തന്റെ വേർപാടിന് ശേഷം പ്രിയപ്പെട്ടവൾ തനിച്ചാകരുതെന്ന് കരുതി മറ്റൊരാളെ വിവാഹം കഴിച്ച് സമാധാനമായി ജീവിക്കാൻ ആവശ്യപ്പെടുന്നു. സ്വന്തം ശ്വാസം നിലച്ചാലും പ്രിയപ്പെട്ടവളുടെ ഉള്ളിലെ വെളിച്ചം അണയരുതെന്ന് ആഗ്രഹിച്ച ഒരു മനുഷ്യന്റെ നിസ്സഹായമായ ആ ഹൃദയസമർപ്പണത്തിന് മുന്നിൽ സീത (മീന കുമാരി) പാടുന്ന മറുപടിയാണ് ഈ ഗാനം. "എന്നെ ഇത്ര പെട്ടെന്ന് മറന്നുകളയാൻ നിനക്കെങ്ങനെ പറയാൻ കഴിയുന്നു?" എന്ന പരിഭവവും "നിനക്ക് വേണ്ടി ഞാൻ എന്നെത്തന്നെ ഇല്ലാതാക്കിയിരിക്കുന്നു" എന്ന സത്യവും ആ വരികളിൽ വിങ്ങുന്നു.

ഈ വരികളുടെ യഥാർത്ഥ വശ്യത അവയിലെ ഹിന്ദി പദങ്ങളിലാണ്. പരിഭാഷപ്പെടുത്തുമ്പോൾ അർത്ഥം വ്യക്തമാകുമെങ്കിലും, ആ വാക്കുകൾ ഉള്ളിലുണ്ടാക്കുന്ന ആ ഒരു 'ഫീൽ' വിവർത്തനത്തിൽ പലപ്പോഴും നഷ്ടപ്പെട്ടുപോകുന്നുണ്ട്. ഹിന്ദിയിലെ 'Saara aalam' എന്ന പ്രയോഗത്തിന് നൽകുന്ന ഗാംഭീര്യം മലയാളത്തിലെ 'പ്രപഞ്ചം' എന്ന വാക്കിന് നൽകാൻ കഴിയില്ല. അതുപോലെതന്നെ "Kho baithe" എന്ന പ്രയോഗത്തിന് നൽകാൻ കഴിയുന്ന ആഴം മറ്റൊരു ഭാഷയ്ക്കും കടമെടുക്കാൻ കഴിയാത്തതുമാണ്.

Hum tere pyar mein saara aalam kho baithe, kho baithe...

(നിന്നോടുള്ള പ്രണയത്തിൽ എനിക്ക് ഈ പ്രപഞ്ചത്തെ തന്നെ നഷ്ടമായിരിക്കുന്നു...)

 Tum kehte ho ke aise pyar ko bhool jao, bhool jao...

(ഇത്രമേൽ തീവ്രമായ ഈ സ്നേഹത്തെ വെറുതെ മറന്നുകളയാൻ നിനക്കെങ്ങനെ പറയാൻ കഴിയുന്നു?)

Log marte hain kisi ek par, humne to khud ko maar dala...

(ഒരാൾക്ക് വേണ്ടി മരിക്കാൻ പലർക്കും കഴിഞ്ഞേക്കും, പക്ഷേ നിനക്കുവേണ്ടി ഞാൻ എന്നെത്തന്നെ ഇല്ലാതാക്കിയിരിക്കുന്നു...)


ലതാ മങ്കേഷ്‌കറുടെ ആലാപനവും മീന കുമാരിയുടെ വശ്യമായ അഭിനയവും ഹസ്രത്ത് ജയ്പുരിയുടെ വരികളും ശങ്കർ ജയ്കിഷന്റെ സംഗീതവും ഒത്തുചേരുമ്പോൾ ഇതൊരു കേവലമായ പാട്ടല്ല, മറിച്ച് പ്രണയത്തിന്റെ നിത്യസ്മാരകമായി മാറുന്നു.

നമ്മുടെ അപ്പൂപ്പന്മാർ റേഡിയോയിൽ കേട്ട് വിതുമ്പിയ അതേ ഈണം, ഇന്ന് കൊച്ചുമക്കൾ തങ്ങളുടെ പ്ലേലിസ്റ്റുകളിൽ 'ലോഫൈ' (Lofi) മൂഡിൽ ചേർത്തുപിടിക്കുന്നു. കാലം മാറി, പ്രണയിക്കുന്ന രീതികൾ മാറി, പക്ഷേ പ്രിയപ്പെട്ടവരുടെ സാമീപ്യത്തിനായി കൊതിക്കുന്ന ഹൃദയതാളം ഇന്നും ഒരേ രാഗത്തിലാണ്. പ്രണയം അതിന്റെ ഏറ്റവും ഉദാത്തമായ രൂപത്തിൽ, ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നൂലിനാൽ കോർത്തുവെച്ച ഒരു അനശ്വരമായ ഓർമ്മച്ചിത്രമാണിത്.

Song Credits

 * Movie: Dil Ek Mandir (1963)

 * Singer: Lata Mangeshkar

 * Music Director: Shankar Jaikishan

 * Lyricist: Hasrat Jaipuri

 * Actors: Meena Kumari, Raaj Kumar, Rajendra Kumar

2026 ഫെബ്രുവരി 12, വ്യാഴാഴ്‌ച

പേര്: എഴുതാത്ത ഒരു കവിത

ഗുൽസാർ സാബ് വീണ്ടും വിസ്മയിപ്പിക്കുന്നു;
ഓരോ തവണ വായിക്കുമ്പോഴും പുതിയൊരു അനുഭവം പകരുന്ന 
ആ വരികൾക്കിടയിൽ, 
വാക്കുകൾക്ക് വഴങ്ങാത്ത
ചില മൗനങ്ങളെ ഒരൊറ്റ പേരിൽ തളച്ചിടാൻ
അദ്ദേഹത്തിനല്ലാതെ മറ്റാർക്ക് കഴിയും?














നെഞ്ചിൽ ഒരു കവിത കുരുങ്ങിക്കിടപ്പുണ്ട്,

വരികളാകട്ടെ ചുണ്ടുകളിൽ തങ്ങിനിൽക്കുന്നു.

ശലഭങ്ങളെപ്പോലെ അവ പാറിനടക്കുകയാണ്,

ഈ കടലാസ്സിൽ ഒന്ന് ചെന്നിരിക്കാൻ അവ കൂട്ടാക്കുന്നില്ല.

​എത്ര നേരമായി ഞാനിവിടെ ഇരിക്കുന്നു;

അക്ഷരങ്ങൾ വഴങ്ങാത്ത ഈ വെള്ളക്കടലാസ്സിൽ

ആ പേര് മാത്രം ഒരു കവിതയായി തെളിയുന്നു.

അതുമാത്രം മതി, ഈ കവിത പൂർണ്ണമാകാൻ;

ഇതിലും മികച്ചൊരു വരി എനിക്ക് ഇനിയെവിടെ തിരയാനാണ്?

नज़्म उलझी हुई है सीने में

मिसरे अटके हुए हैं होठों पर

उड़ते फिरते हैं तितलियों की तरह

लफ़्ज़ कागज़ पे बैठते ही नहीं

​कब से बैठा हूँ मैं जानम

सादे कागज़ पे लिख के नाम तेरा

बस तेरा नाम ही मुकम्मल है

इससे बेहतर भी नज़्म क्या होगी

Poem by: Gulzar

Source: Rekhta / Rajibroy.com



2026 ഫെബ്രുവരി 8, ഞായറാഴ്‌ച

ഓർമ്മയുണ്ടോ?

വീണ്ടും ചില പഴയ ഗുൽസാറിഷുകൾ

ഓർമ്മയുണ്ടോ?

പണ്ടൊരിക്കൽ എന്റെ മേശയ്ക്കരികിലിരുന്ന്,

ഒരു സിഗരറ്റ് പാക്കറ്റിൽ നീ വരച്ച ആ കുഞ്ഞു ചെടി...

വന്ന് നോക്ക്,

അതിലൊരു പൂ വിടർന്നിരിക്കുന്നു!

Original NAZM from Gulzar

"याद है एक दिन...

मेरे मेज़ पे बैठे-बैठे,

सिगरेट की डिबिया पर तुमने

छोटे से एक पौधे का एक स्केच बनाया था...

आकर देखो,

उस पौधे पर फूल आया है!"

2026 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ഓർമ്മകളുടെ കടം


തിരിച്ചുനൽകാനാവാത്തൊരു  ഹൃദയവായ്പിനെ കുറിച്ച്..


ഒരു കൂടിക്കാഴ്ച കൂടി ബാക്കി വെക്കാം,

ഒരിക്കലും വീട്ടാത്തൊരു കടം പോലെ...

കേട്ടിട്ടുണ്ട്, കടം തന്നവരെ മനുഷ്യർ

അത്ര വേഗമൊന്നും മറക്കാറില്ലെന്ന്!

रहने दे उधार

एक मुलाकात यूं ही,

सुना है "उधार" वालों को

लोग भुलाया नहीं करते !!


വേരറ്റ വിടവാങ്ങൽ

 

ഗുൽസാറിൻ്റെ വരികളുടെ തണലിൽ ഒരിത്തിരി നേരം... ഒരു സ്വതന്ത്ര വിവർത്തനശ്രമം.


അകലെയേതോ ചക്രവാളങ്ങൾ തേടി, കൂടുവിട്ടിറങ്ങിയൊരാ പ്രാണൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, താൻ തങ്ങിനിന്നൊരാ ചില്ലയെയാണ്...

യാത്രമൊഴി തൊണ്ടയിൽ കുടുങ്ങിയ പോലെ, കാറ്റിലൊന്നു വിങ്ങിപ്പൊട്ടുകയായിരുന്നു ആ ചില്ല.

അതൊരു വിടവാങ്ങൽ മന്ത്രമോ? അതോ, ഇനിയൊരുവട്ടം കൂടി നെഞ്ചോട് ചേർക്കാൻ നീട്ടുന്ന കൈകളോ?

ഗുൽസാർ സാബ് !

ശ്വാസമെടുക്കുന്നതും എന്തൊരു ശീലമാണ്! ജീവിച്ചു പോകുന്നതോ, വെറുമൊരു കീഴ്‌വഴക്കവും...

ഉള്ളിലൊരനക്കം പോലുമില്ലെവിടെയും, കണ്ണുകളിലൊരു നിഴൽപോലും ബാക്കിയില്ല.

ബോധമറ്റ പാദങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു, നിലയ്ക്കാത്ത ഏതോ പ്രവാഹം പോലെയാ യാത്ര...

എത്ര വർഷങ്ങളായ്, എത്ര നൂറ്റാണ്ടുകളായ് നാം ജീവിച്ചു കൊണ്ടേയിരിക്കുന്നു.

ശീലങ്ങൾ... അവ എന്നും വിചിത്രം തന്നെ കേട്ടോ!

(ഗുൽസാറിൻ്റെ 'NAZM സ്വതന്ത്ര വിവർത്തനം)
https://youtu.be/hJb0EC53dHc

सांस लेना भी कैसी आदत है
जीये जाना भी क्या रवायत है
कोई आहट नहीं बदन में कहीं
कोई साया नहीं है आँखों में
पांव बेहिस हैं, चलते जाते हैं
इक सफ़र में जो बहता रहता है
कितने बरसों से कितनी सदियों से
जीये जाते हैं जीये जाते हैं


आदतें भी अजीब होती हैं

-------------------------------------------------------------------------------

2026 ജനുവരി 26, തിങ്കളാഴ്‌ച

ഭൂമികുലുക്കത്തിനായി കാത്തിരിക്കുന്ന മോണ്ടിനെഗ്രോയിലെ തോക്കുകൾ

ആനക്കോട്ടിലെ മരപ്പാലത്തിന് മുകളിൽ സന്ധ്യാസമയം. ചാത്തൻസ് തന്റെ പട്ടണം പൊടിപ്പാട്ട തുറന്ന് ഒരു ടോമഹാക് മൂക്കിലേക്ക് വലിച്ചു കയറ്റിയ ശേഷം അർദ്ധനീലിമ നേത്രാവതി ഭാവേ പയ്യനെ നോക്കി ഒന്നു കണ്ണിറുക്കി. പട്ടണം പൊടിയുടെ ആ ഒരു കിക്ക് തലയ്ക്കു പിടിച്ചപ്പോൾ ചാത്തന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ദൂരെ പടിഞ്ഞാറൻ ശ്വേതമന്ദിരത്തിലെ വലിയ ടെലിസ്ക്രീനിൽ സ്വർണ്ണത്തലമുടിയുള്ള ആ 'ഓറഞ്ച് തിരുമേനി' കൈകൾ വീശി എന്തൊക്കെയോ അലറുന്നുണ്ട്.

"എന്താ പയ്യൻസ്, കളി കണ്ടാ? പടിഞ്ഞാറൻ ഏമാൻ ആ വെനിസ്വേലൻ ബസ് കണ്ടക്ടറെ അപ്പടി പൊക്കി തറവാടിന്റെ അറയിൽ കെട്ടിയിടുമ്പോൾ അങ്ങ് കിഴക്കേ ഡ്രാഗൺ കാരണവർ പശുത്തൊഴുത്തിന്റെ ആധാരം തപ്പുകയാണ്!"

പയ്യൻസ് തന്റെ പപ്പയുടെ കിഴവനും കഴുതയും മാറ്റി വെച്ച് പറഞ്ഞു, "കിഴക്കൻ കാരണവരുടെ കാര്യം അതൊരു പഴയ കിസ്സയാണ് ചാത്തൻസ്. അയൽവക്കത്തെ ആ കിമോണോ ഉടുത്ത സമുറായി കുട്ടിച്ചാത്തന്മാർ പണ്ട് മാടമ്പിത്തരത്തിന് തല്ലിപ്പിടിച്ചെടുത്ത ആ പശുത്തൊഴുത്ത്, അംശം അധികാരി കൈഷാക്ക് അടിച്ചുമാറ്റിയതാണ്. തറവാട് നഷ്ടപ്പെട്ട ആ കാരണവർ അപ്പുറത്തെ ദ്വീപ് പറമ്പിലിരുന്ന് ആധാരത്തിന്റെ ഫോട്ടോസ്റ്റാറ്റ് കാണിക്കുന്ന അവസ്ഥയായിരുന്നു അത്! അത് 'ഒരൊറ്റ തറവാടാണെന്നാണ്' ഡ്രാഗൺ കാരണവരുടെ ഭാഷ്യം. ചരിത്രം അവിടുത്തെ കഞ്ഞിപ്പശ പോലെ ഒട്ടിപ്പിടിച്ചു കിടക്കുകയാണ് ചാത്തൻസ്. ഈ 'ഒരൊറ്റ തറവാട്' (One China) എന്ന് പറഞ്ഞാൽ നയതന്ത്രത്തിലെ ഒരു ഒന്നാന്തരം കവിതാസമാഹാരമാണ്! അതായത്, ഒരേ ആധാരത്തിലേക്കു നോക്കി രണ്ട് കാരണവന്മാർക്ക് രണ്ട് കാര്യങ്ങൾ കാണാം. ഒരാൾക്ക് അത് സ്വന്തം പശുത്തൊഴുത്താണെന്ന് തോന്നും, മറ്റെയാൾക്ക് അത് തന്റെ സ്വതന്ത്ര പറമ്പാണെന്നും തോന്നും. രണ്ടും ശരിയാണെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്യും — പക്ഷേ ഒരു നിബന്ധന മാത്രം, സംഗതി ആരും ഉറക്കെ പറഞ്ഞുപോകരുത്. നമ്മുടെ പഴയ നായർ തറവാടുകളിലെ സംബന്ധം പോലെയാണത്. രാത്രി വന്ന് സംബന്ധം കൂടി തിരിച്ചു പോകുന്ന കാരണവർക്ക് തറവാടിന്റെ മേൽ അധികാരമില്ല, പക്ഷേ അത് തന്റെ തറവാടാണെന്ന് ലോകത്തോട് പറയാം!

പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി. കിഴക്കേ തറവാട്ടിലെ ഡ്രാഗൺ കാരണവർ 'യു' (Yu) രാഗത്തിൽ തന്റെ ഡിസി (Dizi) ഊതുന്നത് ഈ ഇരുട്ടിലെ സംബന്ധം ഇനി നടപ്പില്ല എന്നാണ്! തായ്‌വാൻ പടിക്കൽ നിന്ന് മൂപ്പർ ഈ ചൈനീസ് പല്ലവി പാടുമ്പോൾ പടിഞ്ഞാറൻ ഏമാന്മാർക്ക് അത് വെറുമൊരു ഓടക്കുഴൽ വിളി മാത്രമാണ്. പക്ഷേ, ഈ രാഗം മുറുകിയാൽ പിന്നെ അവിടെ നടക്കുക ബീജിംഗ് ഓപ്പറയായിരിക്കും! മൂപ്പർക്ക് ആ പശുത്തൊഴുത്ത് ആധാരത്തിൽ എഴുതിച്ചേർത്ത് ഒഫീഷ്യൽ തറവാടാക്കി മാറ്റണം. അതോടെ പടിഞ്ഞാറൻ തറവാട്ടിലെ സംബന്ധക്കാരൻ ഏമാൻ വെള്ളം കുടിക്കും! കേരളത്തിലെ പോലെ അവിടെയും ഭൂപരിഷ്കരണം വന്ന സ്ഥിതിക്ക് ഇനി പ്രതിവിപ്ലവത്തിനു നേരമായി 
എന്ന് പുള്ളിക്ക് അറിയാം.

പക്ഷേ ചാത്തൻസ്, പടിഞ്ഞാറൻ തറവാട്ടിലെ ആ ഓറഞ്ച് തിരുമേനി ഇപ്പോൾ ഇറക്കിയിരിക്കുന്ന പുതിയ ഐറ്റം ഡാൻസ് കണ്ടോ? ഈ കുളിരൻ (ICE) ഐറ്റം ഡാൻസുകാർ ഇപ്പോൾ തറവാടിന് ചുറ്റും 'അടി അളന്നു' നടക്കുന്നത് കണ്ടാൽ പഴയ ജർമ്മൻ ചാത്തന്മാരുടെ ആ 'സ സ' (SS) കുട്ടിച്ചാത്തന്മാരെ ഓർമ്മ വരും! ആധാരമില്ലാത്തവനെ പിടിച്ചു കുഴിയിലിട്ട് ഒരു പ്രത്യേക തരം 'സേവനം' നടത്താനാണ് ഏമാൻ ലിസ്റ്റ് കൊടുത്തിരിക്കുന്നത്. അടുക്കളയിൽ ഇരിക്കുന്നവന്റെയും അട്ടം വരിക്കുന്നവന്റെയും ജാതകം കൃത്യമായി ആ ഡിജിറ്റൽ ലിസ്റ്റിലുണ്ട്. സ്വന്തം പറമ്പിൽ പണിയെടുക്കുന്നവന്റെ 'അടിത്തട്ടിലേക്ക്' ഇറങ്ങിച്ചെല്ലുന്ന ഈ പരിപാടി മറ്റേതു തന്നെ, പണ്ട് സ്വസ്തികം കമിഴ്ത്തിവരച്ച് ബങ്കറിൽ ഇരുന്നു വിറച്ച ആ മീശച്ചീളൻ ഉണ്ടാക്കിയ ബ്ലാക്ക് ലിസ്റ്റിന്റെ ഒരു ഡെമോക്രാറ്റിക്‌ പതിപ്പ്!"

അപ്പോഴാണ് അന്താരാഷ്ട്ര തറവാടുകളിലെ വക്കാണങ്ങൾ അളന്നു തൂക്കുന്ന മിയർഷീമർ തന്റെ പടികയറി വന്നത്. പയ്യനെ നോക്കി മൂപ്പർ ഗൗരവത്തിൽ പറഞ്ഞു: "ഇതിനെയാണ് ഞങ്ങൾ 'അഫൻസീവ് റിയലിസം' എന്ന് വിളിക്കുന്നത്. അയൽക്കാരന്റെ പറമ്പിൽ ഒരു വലിയ മഴു ഇരിക്കുന്നത് കണ്ടാൽ നമ്മളും കയ്യിൽ ഒരു കുറുവടി എടുത്തു വെക്കും. ശക്തിയുള്ളവൻ ചക്ക വെട്ടും, അതാണ് പ്രകൃതി നിയമം. കിഴക്കേ കാരണവർ കരുത്തനായപ്പോൾ അയാൾ പഴയ സംബന്ധം ഒഫീഷ്യലാക്കാൻ നോക്കുന്നു. പടിഞ്ഞാറൻ ഏമാൻ ദൂരെ നിന്ന് വേലി നീട്ടിയതാണ് ഈ വിനയായത്. ഇതിനെയാണ് 'ട്രാജഡി ഓഫ് ഗ്രേറ്റ് പവർ പൊളിറ്റിക്സ്' എന്ന് പറയുന്നത്!"

വിഷു പക്ഷികൾ മിനിജെറ്റുകൾ മാതിരി ആകാശത്തിലൂടെ പറന്നു പോകുന്ന ഈ വേളയിലാണ്, പാലത്തിന് താഴെയുള്ള ചാരായക്കടയിൽ നിന്ന് അല്പം വിറയലുള്ള ശരീരവും, എപ്പോഴും മൂക്ക് തുടക്കുന്ന സ്വഭാവവുമായി ഒരാൾ പടികൾ കയറി വന്നത്. അതെ, കിഴക്കൻ തറവാട്ടിലെ ഇരുമ്പ് വേലിക്കുള്ളിൽ നിന്ന് നയതന്ത്രപരമായ് മുങ്ങിയെങ്കിലും, പടിഞ്ഞാറൻ പുകയിലയുടെ മണത്തിലും അസ്വസ്ഥനാകുന്ന ആ പഴയ അപകടകാരിയായ ഫിലോസഫർ സീസെക് (Zizek) ആയിരുന്നു അത്.

സീസെക് പയ്യനെ നോക്കി പറഞ്ഞു: "നോക്കൂ പയ്യൻസ്... ആൻഡ് സോ ഓൺ ആൻഡ് സോ ഓൺ... ഈ ഓറഞ്ച് തിരുമേനിയുടെ ആത്മാത്ഥതയെപ്പറ്റി സാൻഡേഴ്സ് പറയുന്നത് കേട്ടില്ലേ? ഇതൊരു ശുദ്ധമായ ഐഡിയോളജിക്കൽ കെണിയാണ്! പഴയ സ്റ്റാലിൻ തന്റെ പ്രസംഗത്തിനിടെ ഒരാൾ തുമ്മിയപ്പോൾ 'ആരാണത്?' എന്ന് ചോദിച്ച കഥ ഓർമ്മയില്ലേ? ആരും മിണ്ടിയില്ല. സ്റ്റാലിൻ ആദ്യത്തെ പത്തു വരിയിലുള്ളവരെ വെടിവെക്കാൻ ഉത്തരവിട്ടു. വീണ്ടും ചോദിച്ചു, എന്നിട്ടും മറുപടിയില്ല. അടുത്ത പത്തു പേരെ കൂടി തീർത്തു. ഒടുവിൽ ഒരാൾ കൈ പൊക്കി പറഞ്ഞു, 'ഞാനാണ് തുമ്മിയത്'. അപ്പോൾ സ്റ്റാലിൻ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ആരോഗ്യം ശ്രദ്ധിക്കണം സുഹൃത്തേ!'. ഇതാണ് സിൻസിയർ ആത്മാർത്ഥത! ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ കാര്യങ്ങൾ ഒരു സൈബീരിയൻ കഥ പോലെയാണ് പയ്യാ. സൈബീരിയയിൽ പണിക്ക് പോയ ജർമ്മനിക്കാരൻ സുഹൃത്തുക്കൾക്ക് കത്തെഴുതി: 'നീല മഷിയിൽ എഴുതുന്നത് സത്യവും ചുവന്ന മഷിയിലേത് നുണയുമായിരിക്കും'. ഒരു മാസം കഴിഞ്ഞ് അവന്റെ കത്ത് വന്നു, നീല മഷിയിൽ! അവൻ എഴുതി, 'ഇവിടെ എല്ലാം സുഭിക്ഷമാണ്. കടകളിൽ സാധനങ്ങൾ നിറഞ്ഞിരിക്കുന്നു, വീടുകൾക്ക് നല്ല ചൂടുണ്ട്, സുന്ദരികളായ പെണ്ണുങ്ങളുണ്ട്. ഇവിടെ ആകെയുള്ള ഒരു കുറവ് ചുവന്ന മഷി കിട്ടാനില്ല എന്നതാണ്!'. ഇതാണ് ഓറഞ്ച് ഏമാന്റെ ലോകം. എല്ലാം സത്യമാണെന്ന് നീല മഷിയിൽ എഴുതി വെച്ചിരിക്കുന്നു, പക്ഷേ ചുവന്ന മഷി ആരും കണ്ടുപിടിക്കില്ല!"

പയ്യൻ ചിരിച്ചുകൊണ്ട് സീസെക്കിനെ നോക്കി. "പക്ഷേ ഇതിലും വലിയ കോമഡി ഈ പടിഞ്ഞാറൻ തറവാട്ടിലെ മറ്റു കാരണവന്മാരുടെ ഈ തറവാടിത്തമാണ്."

സീസെക് തുടർന്നു: "ഈ പടിഞ്ഞാറൻ തറവാടിത്തം കണ്ടാൽ എനിക്ക് മോണ്ടിനെഗ്രോയിലെ ആ പഴയ മടിയനെയാണ് ഓർമ്മ വരുന്നത്. അവിടെ ഒരാൾ തന്റെ സുഖം കണ്ടെത്തുന്നത് എങ്ങനെയെന്നറിയാമോ? നിലത്ത് ഒരു കുഴിയുണ്ടാക്കി തന്റെ തോക്ക് അതിൽ ഇറക്കി വെച്ച്, കാഞ്ചിയിൽ വിരൽ പോലും തൊടാതെ ഒരു ഭൂമികുലുക്കത്തിനായി കാത്തിരിക്കും! സ്വന്തമായി ഒന്നും ചെയ്യാതെ പടിഞ്ഞാറൻ തറവാടിത്തത്തിന്റെ അതേ മടിശീലയാണ് ഓറഞ്ച് തിരുമേനി ഇപ്പോൾ പൊളിച്ചടുക്കുന്നത്. ഒന്നും ചെയ്യാതെ ഭൂമികുലുക്കത്തിന് കാത്തിരിക്കുന്നവന്റെ മുന്നിൽ ഏമാൻ തന്നെ ഒരു ഭൂമികുലുക്കമായി മാറിയിരിക്കുന്നു!"

പാലത്തിന്റെ തൂണിൽ ചാരിനിന്ന് ചാരായം കിട്ടാത്ത സങ്കടത്തിൽ ബുക്കോവ്സ്കി പറഞ്ഞു, "കേരളത്തിലെ അർണ്ണോസ് പാതിരി അന്തോണ്യാപ്ല ചാരായം നിരോധിച്ച ആ ഒരു മണ്ടത്തരം കഴിഞ്ഞാൽ പിന്നെ ലോകം കണ്ട ഏറ്റവും വലിയ കോമഡി ഈ 'സിൻസിയർ' ഏകാധിപത്യമാണ്.."

അവരുടെ അടുത്തേക്ക് പൈപ്പും വലിച്ച് ആനക്കോട്ടെ യുക്തിപരമ്പരയിലെ ആറാം തമ്പുരാനായ റസ്സൽ തിരുമേനി നടന്നു വന്നു. റസ്സൽ തിരുമേനി തന്റെ പൈപ്പിലെ പുക ഊതിവിട്ടുകൊണ്ട് പറഞ്ഞു, "യുക്തി മരിച്ച ഈ ലോകത്ത്, ഭ്രാന്തന്മാരാണ് ഏറ്റവും വലിയ സത്യസന്ധർ പയ്യാ. പടിഞ്ഞാറൻ കാരണവർ ആധാരം ലംഘിച്ചു വേലി നീട്ടിയപ്പോൾ, അങ്ങ് വടക്കേ പഴയ കെ.ജി.ബി തറവാട്ടിലെ ആ കടുപ്പക്കാരനായ 'വോഡ്ക' കാരണവർ തന്റെ പറമ്പിന് ചുറ്റും മഞ്ഞുപുതച്ച് മഴുവും പിടിച്ചു നിൽക്കുന്നത് കണ്ടോ? പണ്ട് ഓർവെൽ എഴുതിയ 'യുദ്ധം എന്നാൽ സമാധാനം' എന്ന വാചകം ഈ കാരണവന്മാരെല്ലാം ചേർന്ന് പകുത്തെടുത്തിരിക്കുകയാണ്."

പയ്യന്റെ പ്രിയപ്പെട്ട 'പപ്പ' (Hemingway) തന്റെ മൽസ്യബന്ധന വല നന്നാക്കിക്കൊണ്ട് പറഞ്ഞു, "മനുഷ്യനെ തോൽപ്പിക്കാം, പക്ഷേ തകർക്കാൻ കഴിയില്ല പയ്യാ. വടക്കേ തറവാട്ടിലെ ആധാരം ലംഘിച്ചതും പശുത്തൊഴുത്തിന് ചുറ്റും ഡ്രാഗൺ കറങ്ങുന്നതും കണ്ടാൽ എനിക്ക് പഴയ കാളപ്പോരാണ് ഓർമ്മ വരുന്നത്. പക്ഷേ ഇവിടെ കാളകൾക്ക് പകരം കാരണവന്മാരാണ് പരസ്പരം കൊമ്പുകോർക്കുന്നത്."

ചാത്തൻ തന്റെ പട്ടണം പൊടി ഒന്നുകൂടി വലിച്ചുകേറ്റി. ദൂരെ ടെലിസ്ക്രീനിൽ ഓറഞ്ച് തിരുമേനി ആത്മാഭിമാനത്തോടെ ചിരിക്കുന്നു. പശ്ചാത്തലത്തിൽ വോഡ്ക കാരണവരും ഡ്രാഗൺ കാരണവരും താടി തടവുന്നു. ചാത്തൻ പയ്യന്റെ കാതിൽ സ്വകാര്യം പറഞ്ഞു, "പയ്യൻസ്, 1984 എന്നത് ഒരു നോവലല്ല, അതൊരു ജോയിന്റ് ഫാമിലി റിയാലിറ്റി ഷോയാണെന്ന് ലോകം തിരിച്ചറിയുമ്പോഴേക്കും കാരണവന്മാർ തറവാട് ഭാഗം വെച്ചു കഴിഞ്ഞു."

പയ്യൻ തന്റെ ഡയറിയിൽ ഇത്രയും കുറിച്ച് ആകാശത്തേക്ക് വെടിയും വെച്ചു: '"അന്തോണ്യപ്ല ചാരായം നിരോധിച്ചു, ഓറഞ്ച് ഏമാൻ ലോകത്തെയും നിരോധിച്ചു. എല്ലാ പൗരന്മാരും തുല്യരാണ് പയ്യൻസ്, പക്ഷേ ചില കുടിയാന്മാർക്കു  തറവാടിന്റെ അടിയാധാരം കാണിക്കാൻ ഉള്ളതുകൊണ്ട് അവർ മറ്റുള്ളവരേക്കാൾ കൂടുതൽ തുല്യരാണ്! സീസെക് പറഞ്ഞ മോണ്ടിനെഗ്രോ തോക്ക് പോലെയാണ് പടിഞ്ഞാറൻ തറവാട്—സുഖം കിട്ടാൻ അവർ ഇപ്പോഴും ആ ഭൂമികുലുക്കത്തിനായി കാത്തിരിക്കുന്നു!  വടക്കേ വോഡ്ക കാരണവർ മഴു മിനുക്കുമ്പോൾ, പടിഞ്ഞാറൻ ഏമാന്മാർക്ക് ആ പഴയ 'നീലഗുളിക'യുടെ ഒരു സ്ട്രിപ്പും കൂടെ അന്തോണിയാപ്പിള്ള നിരോധിച്ച നാടൻ ബ്രാൻഡും അയച്ചു കൊടുക്കേണ്ടിയിരിക്കുന്നു"

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്