2010 മാർച്ച് 11, വ്യാഴാഴ്‌ച

ഗോപാലേട്ടനും കൂട്ടര്‍ക്കും അവാര്‍ഡ്‌

അടാട്ടുകാര്‍ക്കും മലയാളികള്‍ക്കും ഏറെ അഭിമാനമായി, ഈ വര്‍ഷത്തെ Mahindra Excellence in Theatre Arts അവാര്‍ഡുകള്‍, ഗോപാലേട്ടന്‍ അഭിനയിച്ച "Spinal cord" എന്ന നാടകത്തിനു കിട്ടി. നാടകത്തിന് താഴെ പറയുന്ന അവാര്‍ഡുകള്‍ കൂടി ഉണ്ട്.
Gabriel García Márquez, ന്‍റെ "Chronicle of a Death Foretold" എന്ന നോവെല്ല ആസ്പദമാക്കി Deepan Sivaraman സംവിധാനം ചെയ്ത നാടകമാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്. അവാര്‍ഡുകള്‍ താഴെ കൊടുക്കുന്നു.
The Complete List of Awardees for Spinal cord from META 2010
Category: BEST LEAD ACTOR – MALE -Gopalan.K (Spinal Cord) & Happy Ranajit (Roop Aroop)
Category: BEST LIGHTING DESIGN -Jose Koshy (Spinal Cord)
Category: BEST STAGE DESIGN -
Deepan Sivaraman (Spinal Cord)
Category: BEST CHOREOGRAPHY -
Deepan Sivaraman (Spinal Cord)
Category: BEST SUPPORTING ACTOR – Male-James Elia (Spinal Cord)
Category: BEST DIRECTOR -Bidyawati Phukan (Guti Phulor Gamusa) &
Deepan Sivaraman (Spinal Cord)
Category: BEST PRODUCTION -Spinal Cord (Oxygen Theatre Company)
ഡല്‍ഹിയിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു അവാര്‍ഡ്‌ ദാന ചടങ്ങ് . അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച 233 entry കളിള്‍ നിന്നായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. നാടകത്തെ കുറിച്ച് John elliot എന്ന Journalist പറഞ്ഞിരിക്കുന്നത് ഇവിടെ വായിക്കാം.
ഗോപാലേട്ടനും കൂട്ടര്‍ക്കും എല്ലാവരുടെയും അഭിവാദ്യങ്ങള്‍.

2010 ഫെബ്രുവരി 22, തിങ്കളാഴ്‌ച

നെല്ലിയാമ്പതി- ഒരു യാത്രാ വിവരണം.

അഷ്ടദിക്പാലകന്‍മാര്‍ക്കായി 8 JDF സമര്‍പ്പിച്ചുകൊണ്ട് , വടക്കുംനാഥന്റെ തിരുമുറ്റത്ത്‌ നിന്ന് , നെല്ലി ദേവതയുടെ ദേശമായ, നെല്ലികുളത്തിലെ പൊതിയായ (പൊതി എന്നാല്‍ തറ എന്നാണ് ഉത്തര പാലക്കാടന്‍ ഭാഷയില്‍ ) നെല്ലിയാമ്പതിയിലേക്ക് ഞങ്ങള്‍ തുടങ്ങി ആ യാത്ര; മധുരമായ ഓര്‍മ്മകളുടെ നിധികുംഭങ്ങള്‍ പിറവിയെടുത്ത യാത്ര. കൂടെയുണ്ടായിരുന്നു ഞങ്ങളുടെ തള്ള - ആമ്പലംകാവിലമ്മ, മക്കളുടെ രക്ഷക്കായി. കഥകള്‍ ഒരുപാട് പിറവിയെടുത്തു, കേള്‍വിക്കാര്‍ ഏറെയുണ്ടായ് !!!
സൌഹൃദത്തിന്റെ പുതിയ ഭാവങ്ങള്‍് കുറിച്ച, ഓര്‍മ്മകള്‍ പിന്നിലേക്കോടിയ ആ യാത്ര. മക്കള്‍ നടത്തിയ ആ യാത്രയുടെ ഒരു വിവരണ ശ്രമം.

തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു യാത്രയുടെ ഒരുക്കങ്ങള്‍. ഒരു കൂട്ടുകാരന്റെ കല്യാണവുമായ് ബന്ധപ്പെട്ട് ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒത്തു ചേരുന്നു. മാസങ്ങളായി ഇ-മെയിലിലൂടെ നടക്കുന്ന അവരുടെ ചര്ച്ചകള്‍് പ്രാവര്‍ത്തികമാകുന്നു. അങ്ങിനെയാണ് ഈ യാത്ര നടക്കൂന്നത്. അതിരാവിലെ എട്ടു മണിക്ക് തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും പത്തു മണിക്കേ Tempo traveller നു ചുറ്റും ഭക്ത ജനങ്ങള്‍ എത്തിയുള്ളൂ. ഇയ്യാനി സുനി എന്ന നാട്ടില്‍ തന്നെ കാര്‍ ഓടിച്ചിരുന്ന രസികന്‍ ഒരാളായിരുന്നു സാരഥിയായി; നീലകണ്ടന് മാത്രമല്ലല്ലൊ ഡ്രൈവനെ സാരഥി എന്ന് വിളിക്കാന്‍ അവകാശം. തൃശൂര്‍ കഴിഞ്ഞു അഷ്ടദിക്പാലകന്‍മാര്‍ക്കായി സമര്‍പ്പിച്ച ദ്രവ്യം ഉള്ളില്‍ ചെന്നപ്പോള്‍ എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ മംഗലശ്ശേരി നീലകണ്ടന്മാരായി എന്നത് വേറെ കാര്യം. കണ്ടത്തില്‍ ദ്രാവകം നീലയോ ചുമപ്പോ എന്നത് ചോദ്യം.

പതിനാറോളം പേര്‍ വരുന്ന യാത്ര അവിസ്മരണീയമാക്കിയത്, പോയ ആള്‍ക്കാരുടെ ഒത്തൊരുമ തന്നെയാണ്. ഒരുപാട് പേര്‍ വേറെയും വരുമെന്ന് പറഞ്ഞെങ്കിലും, പലരുടെയും ജോലി സംബന്ധമായ തിരക്കിനാല്‍ നാട്ടില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും കൂടാന്‍ കഴിയാതെ പോയി. അവര്‍ കൂടെ വന്നിരുന്നെങ്കില്‍ ഒന്ന് കൂടെ രസകരമായേനെ.
അടാട്ട് നിന്നും യാത്ര തിരിച്ച വണ്ടി തൃശൂര്‍ ഷൊര്ണൂര് റോട്ടില്‍ എത്തിയപ്പോള്‍, Vigilance ഓഫീസിലേക്ക് ഒരു സൈഡ് വലി വന്നു. അവിടെ ജോലി ചെയ്യുന്ന സുരേഷിനെ (ഞങ്ങളുടെ മൂപ്പന്‍) പൊക്കാന്‍. പക്ഷെ "തൃശൂര്‍ നഗരത്തിന്റെ ക്രമസമാധാനം നോക്കാന്‍ ആര്‍?" എന്ന മൂപ്പന്റെ ചോദ്യത്തിന് മുന്‍പില്‍ കൂട്ടം പകച്ചു നിന്നു. അങ്ങിനെ ആ ശ്രമം വിഫലമായി. ആ ദേഷ്യത്തിന് കാടന്‍ എന്ന ഞങ്ങളുടെ K.K മേനോന്‍ (K.K മേനോന്‍ ബസ്സുമായി യാതൊരു ബന്ധവുമില്ല്യട്ടോ, അവനും പേരിന്ടെ അറ്റത്ത് ഒരു മേനോന്‍് വേണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കാട്ടറബി കാട്ടം മേനോന്‍ എന്ന പേര്‍ K.K മേനോന്‍ ആക്കി ഫിറ്റ്‌ ചെയ്തു കൊടുത്തതാണ്) പഴക്കടയില്‍ നിന്നും ഒരു കുല പഴവുമായി വണ്ടിയില്‍ കയറി. വണ്ടി വടക്കുംനാഥനെ ചുറ്റി കറങ്ങുമ്പോള്‍ പഴക്കുലയുമായി താണ്ഡവമാടി ആമ്പലങ്കാവിന്റെ മക്കള്‍.
അടുത്ത ശ്രമം പാണ്ടി എന്ന സുഹൃത്തിനെ പൊക്കുക എന്നതായി. പുറകില്‍നിന്ന് , JDF എന്തിയ കവികള്‍ കുചേല, കേകാ വൃത്തങ്ങളില്‍ ഓതി- "വിടെട വണ്ടി മദിരാശിയിലേക്ക് "(മാന്നാര്‍ മത്തായി സിനിമയിലെ sequence ഓര്‍ക്കുക). മദിരാശിയില്‍ ജോലി ചെയ്യുന്ന പാണ്ടി നാല് ദിവസത്തെ ലീവില്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഫലിപ്പിച്ച ശേഷമാണ് പിന്നെ വണ്ടി ഒരടി മുന്നോട്ടു നീങ്ങിയത്.

അങ്ങിനെ വണ്ടി എത്തി നിന്നു കോലഴിയില്‍, പാണ്ടിയെയും പൊക്കി നേരെ accelerator അഹങ്കാരത്തോടെ എന്ജിനോട് ഓതി "ഓടെടാ........" വണ്ടി എത്തി നിന്നത് വാണിയംപാറയില്‍. അവിടത്തെ ചെറിയ ഒരു നിര്ത്തലിനു ശേഷം പിന്നെ സ്ക്രീനില്‍ തെളിഞ്ഞത് പോത്തുണ്ടി ഡാം ആയിരുന്നു. പോകുന്ന വഴി അതിമനോഹരമായിരുന്നു. പാലക്കാടന്‍ പാടശേഖരങ്ങളുടെ സൌന്ദര്യം അതിമനോഹരം തന്നെ. ഒരു P.കുഞ്ഞിരാമന്‍ നായര്‍ സ്റ്റൈലില്‍ - "പച്ചപ്പിന്റെ മാറില്‍ പൂണൂലിട്ട തോട് ", "ചളിപ്പാടത്തു താരങ്ങള്‍ പിടിത്താള് പെറുക്കവേ; അലക്കിത്തേച്ച കുപ്പയമിട്ടുലാത്തുന്ന വെണ്മുകില്‍." എന്നൊക്കെ കാച്ചാം.



പോത്തുണ്ടി ഡാം- പ്രകൃതി അതിന്റെ സൌന്ദര്യം ഒരു പിശുക്കും കാണിക്കാതെ പ്രദര്ശിപ്പിച്ചു നില്‍ക്കുന സ്ഥലം. സൂര്യന്‍ തലക്കുമീടെ നിന്ന് വരവേല്‍ക്കുമ്പോള്‍ ഡാമിലെ ജലം കണ്ണാടിയായി. ഡാമിന്റെ അടിവാരത്തെ പൂന്തോട്ടവും, അതിനു മുന്‍പിലെ മരവും, ഡാമിലെ വെള്ളത്തില്‍ കണ്ണാടി നോക്കി ചിരിക്കുന്ന സൂര്യമാനും ആയിരുന്നു ഞങ്ങളെ വരവേറ്റത് . നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഈ ഇടത്താവളത്തില്‍ എത്തിയപ്പോഴേക്കും ഓരോരുത്തരും തേന്‍ നുകര്‍ന്ന് മത്തുപിടിച്ച പൂമ്പാററകളായി പാറി നടന്നു. ഡാം പരിസരത്തേക്കു കയറുവാനായി പൂന്തോട്ടത്തിലൂടെ ചവിട്ടു പടികള്‍ ഉണ്ട്. ഇവ കണ്ടപ്പോള്‍ ഞങ്ങള്‍ക്കിടയിലെ പ്രവീണ്‍ എന്ന പൂമ്പാറ്റ, കാളിദാസന് പോലും വര്‍ണ്ണിക്കാന്‍ വെല്ലുവിളി ഉയര്‍ത്തികൊണ്ട്, "മേഘങ്ങളേ കീഴടങ്ങുവിന്‍" എന്ന് ചൊല്ലി ഒരു പറക്കല്‍ നടത്തി. പടികള്‍ കയറിയപ്പോഴേക്കും തളര്‍ന്നെങ്കിലും, ഉടയാടകള്‍ അഴിഞ്ഞു പോയ പാഞ്ചാലനായി അവന്‍ പൊരുതി, ആ രണഭൂവില്‍. മുകളിലെത്തി കൈകള്‍ മേലോട്ട് ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന പ്രവിയുടെ താങ്ങായി നില്‍ക്കുന്ന ഞങ്ങളുടെ പട്ടാളം എന്ന രാമചന്ദ്രന്‍ നായര്‍ വീണ്ടും അദ്ധേഹത്തിന് ദൌത്യത്തോടുള്ള അര്‍പ്പണബോധം പ്രകടിപ്പിച്ചു അവിടെ. മുകളില്‍ ചുറ്റി കറങ്ങി താഴേക്കുള്ള യാത്രയില്‍ പാണ്ടിയെ എടുത്തു ഓടിയ പട്ടാളത്തിന്റെ പ്രകടനവും ഇവിടെ മറക്കാന്‍ പറ്റില്ല.
അവിടെ നിന്ന് നേരെ നെല്ലിയാമ്പതിയില്‍ എത്തിയപ്പോഴേക്കും ഉച്ചയൂണിനുള്ള സമയമായിരുന്നു. താമസിക്കാനും അവിടെ തന്നെ സൌകര്യം ഉണ്ടായിരുന്നു. എല്ലാവരും ഉച്ചഭക്ഷണത്തിനായി മേശക്കു മുന്‍പില്‍ നിരന്നു നില്‍ക്കുന്ന കാഴ്ച ഒരു തീറ്റ മത്സരത്തിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അതിനിടയില്‍ പട്ടാളത്തിന്റെ Discipline, Discipline എന്ന ആക്രോശങ്ങള്‍, വെടിക്കെട്ട്‌ കഴിഞ്ഞു പൊട്ടാത്ത പടക്കങ്ങള്‍ ചീറ്റുന്ന പോലെ കേള്‍ക്കുന്നുണ്ടായിരുന്നു.

അടുത്ത പരിപാടി Trekking ആയിരുന്നു. Poabs എസ്റ്റേറ്റ്‌ ലെ തേയില തോട്ടങ്ങല്‍ക്കിടയിലൂടെ ഉള്ള നടപ്പാതയില്‍ വരി വരിയായി നടക്കുമ്പോള്‍ ഓര്‍മ്മ വന്നത് NCC ക്യാമ്പിനു ട്രെക്കിംഗ് നടത്തുന്ന cadet'കളെയാണ് . ലക്‌ഷ്യം സീതാര്‍കുണ്ട് എന്ന സ്ഥലമായിരുന്നു.വനവാസകാലത്ത് രാമനും ലക്ഷ്മണനും സീതയും ഇവിടെ താമസിച്ചിരുന്നു എന്ന് ഐതീഹ്യം. വഴിയിലെ മലനിരകളും അവയെ തഴുകുന്ന മന്തമാരുതനും അവര്‍ണ്ണനീയം!!!
ഈ മനോഹാരിതയില്‍ മതി മയങ്ങി വിക്ടര്‍ എന്ന സുഹൃത്തിന് കാല്‍പ്പനികതയുടെ പിടി വള്ളി പൊട്ടി. ആരും മൊബൈല്‍ എടുക്കരുത് എന്ന അലിഖിത നിയമം അവന് കുറച്ചു നേരത്തേക്ക് മറക്കേണ്ടി വന്നു. പിന്നില്‍ നടന്ന് അവന്‍ ഫോണിലൂടെ മധുരമായ സംഭാഷണം തുടങ്ങി. ഇത് കേട്ടുകൊണ്ട് ട്രെക്കിംഗ് Cadets മുന്‍പിലും. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു Alfred Hitchcock സിനിമ പോലെ ഒരു നിശബ്ദതയും ഒരു ദീന രോധനവും, അതിനിടയില്‍ "എത്ര പാട്ടുകളായിരുന്നു, എത്ര നമ്ബറുകളായിരുന്നു അതില്‍ എന്നറിയോ നിനക്ക്?" എന്ന വിട്ടു വിട്ട ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. മുന്‍പില്‍ നടക്കുന്നവര്‍ അപ്പോള്‍ പറയുന്നുണ്ടായിരുന്നു "ഇത് വിക്ടറിന്റെ ശബ്ദമല്ലേ?". തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്നത് പ്രൊഫഷണല്‍ നാടകങ്ങളിലെ നായകനെയും വില്ലനെയും പോലെ മൈക്കിനു മുന്‍പില്‍ നില്‍ക്കുന്ന രഘുവിനെയും വിക്ടറിനെയുമാണ് (background music ആയി വയലിനാല്‍് ഒരു Sorrow tune, എല്ലാ സങ്ങതികളോടും കൂടെ വേണമെന്ന് തോന്നി അപ്പോള്‍). വിക്ടറിന്റെ മൊബൈല്‍ നെല്ലിയാമ്പതിയിലെ കൊക്കയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. അതൊരു ആത്മഹത്യയോ അതോ?സംഗതി എന്താണെന്ന് വച്ചാല്‍, മൊബൈല്‍ ആരും എടുക്കെരുതെന്ന നിയമലംഘനം നടത്തിയതിന്റെ പേരില്‍ മൊബൈല്‍ കൊക്കയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഇന്നും കൊക്കയിലെ മൊബൈലില്‍ നിന്നുള്ള വിളികള്‍ വിക്ടറിനെ നിദ്രാ വിഹീനനാക്കുന്നുണ്ടത്രേ.
ഈ പ്രകടനത്തിന് ശേഷം ഞങ്ങള്‍ സീതര്‍കുണ്ടിന്റെ ഒരറ്റത്തെത്തി. അവിടെ വച്ച് വാര്യര് എന്ന സുഹൃത്ത്‌ ഒരു പുതിയ വിഷയത്തിന്റെ ചര്‍ച്ചക്കുള്ള സ്ഫുരണം ഇട്ടു കൊടുത്തു. അത് കാലാകാലമായി റാവു, പപ്പടം എന്നീ സുഹൃത്തുക്കള്‍ക്കിടയില്‍ നില നിന്നിരുന്ന സൌന്തര്യപ്പിണക്കം തീര്‍ക്കുക എന്നതായിരുന്നു. അസ്തമയ സൂര്യനെ സാക്ഷിയാക്കി, വിക്ടറിന്റെ രോദനത്തിന്റെ പശ്ചാത്തലത്തില്‍ ആ സന്ധിസംഭാഷണം തുടങ്ങി. മാധ്യസ്ഥം സ്വാഭാവികമായി രഘു പട്ടാളം ജോഡി തന്നെ ഏറ്റെടുത്തു. അങ്ങിനെ സായന്തന സൂര്യനെ യാത്രയാക്കി ഞങ്ങള്‍ താമസ സ്ഥലത്തെത്തി. അവിടെ Camp fire നു ചുറ്റും ഇരുന്നുള്ള ഗാനമേളയായിരുന്നു. 80കളിലെയും 90കളിലെയും അവിസ്മരണീയമായ ഗാനങ്ങള്‍്ക്കായിരുന്നു മേല്‍ക്കോയ്മ. ഏഴു സ്വരങ്ങളും, പറന്നു പറന്നു പറന്നു ചൊല്ലാനും, നീലമല പൂങ്കുയിലെയും, നാഥാ നീവരും കാലൊച്ച കേള്‍ക്കുവാനും, അന്തിക്കടപ്പുറത്ത്‌ ഓരോലക്കുടചൂടിയും അഗ്നിദേവന് മുന്‍പില്‍ അര്‍പ്പിക്കപ്പെട്ടു. ഗാനരചയിതാക്കള്‍ മുതല്‍ സംഗീത സംവിധായകന്മാര്‍ വരെ വളരെ ആധികാരികമായ Announcement ന്‍റെ ഊര്ജജത്തില്‍് വിക്ടറും രഘുവും, പുല്ലുവും, പാണ്ടിയും, ഗാനമേള തകര്‍ത്തു. അതിനിടയിലെ പട്ടാളത്തിനെ കുറ്റം പറച്ചിലും, അതിനെതിരെയുള്ള കൊണ്ദൃവിന്റെ പ്രകടനവും പിന്നെയുള്ള ഒത്തുതീര്‍പ്പുകളും മറക്കാന്‍ പറ്റില്ല. അതിനിടയില്‍ പശു എന്ന ഉണ്ണി കൊണ്ദൃവിന് മറന്നു പോയ ആള്‍ക്കാരെ കുറിച്ച് തെറി വിളിക്കാന്‍ ഓര്‍മിപ്പിക്കുന്നത്‌ ഒരു കാഴ്ചയായിരുന്നു. എല്ലാം കഴിഞ്ഞു ഉറക്കത്തിലേക്കു പോയ പലരെയും വിളിച്ചുണര്‍ത്തി നീയുറങ്ങാ എന്ന് ചോദിച്ചു ഇനി ഉറങ്ങിക്കോ എന്നും പറഞ്ഞു വീണ്ടും കിടത്തി. അതിനു മറുപടിയായി അവര്‍ വൈലോപ്പിള്ളിയെയും തോല്‍പ്പിച്ചുകൊണ്ട് ശുദ്ധ മലയാളത്തില്‍ മറുമൊഴി നല്‍കി(കവിതാ രൂപത്തില്‍, വൃത്തം ഏതെന്നു നിശ്ചയമില്ല്യ). എല്ലാം കഴിഞ്ഞ്, ഏവരെയും കിടത്തി ഉറക്കി പട്ടാളം അണിഞ്ഞ ഷൂസുമായി കിടക്കയില്‍ അണഞ്ഞു. ഇതെന്താനെന്നു ചോദിച്ചപ്പോള്‍ "ഒരു പട്ടാളക്കാരന്‍ ഇപ്പോഴും ALERT ആയിരിക്കണം, ഏതു അക്രമങ്ങളെയും നേരിടാന്‍" എന്നായിരുന്നു മറുപടി. (നെല്ലിയാമ്പതിയില്‍ എന്തക്രമം എന്ന് ആലോചിച്ചു നിന്ന ശ്രോതാക്കളുടെ അന്തരങ്കം - പൊട്ടലും ചീറ്റലും)

അടുത്ത ദിവസം കാലത്തെഴുനേറ്റ് ഞങ്ങള്‍ ജോഗിംഗ് നടത്തി. വിസ്തൃതമായി കിടക്കുന്ന നെല്ലിയാമ്പതിയിലെ തോട്ടത്തിന്റെ നടുവിലൂടെ. തിരിച്ചു വരുമ്പോള്‍ ഞങ്ങളെയും കാത്തു കൊട്ന്രു നില്പ്പുണ്ടായിരുന്നു. ഒരു ഡ്രില്‍ മാഷുടെ എല്ലാ വിധ ആര്തിയോടും കൂടി. അത് കണ്ടപ്പോള്‍ പലര്‍ക്കും ഓടാന്‍ പോകേണ്ടെന്നു തോന്നി. പിന്നീടങ്ങോട്ട് ദുശ്ശാസനവധം കഥകളിയായിരുന്നു. ഓരോരുത്തര്‍ക്കും അതൊരു ആര്‍മി ക്യാമ്പ്‌ ആക്കി മാറ്റി കോണ്ട്രൂ എന്ന രാമചന്ദ്രന്‍ നായര്‍.
പിന്നെ കുളിയും കഴിഞ്ഞു തിരിച്ചു പോകാന്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ പലരുടെയും മുഖത്തെ ഭാവം എന്തായിരുന്നെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. തിരിച്ചുള്ള യാത്രയില്‍ "ഇയ്യാനി സുനി" എന്ന ഞങ്ങളുടെ ഡ്രൈവന്‍, കണ്ടറിഞ്ഞു തന്നെ "പള്ളി വാള് ഭദ്രവട്ടകം " എന്ന ഗാനം എടുത്തിട്ടു. അതോടെ അടങ്ങിയ കോമരങ്ങള്‍ വീണ്ടും കൊടുങ്ങല്ലൂര്‍ ഭരണിയിലെ കോമരങ്ങളായി മാറി ടെമ്പോ ട്രാവലറിനുള്ളില്‍.

തിരിച്ചു വടക്കുംനാഥന്റെ തിരുമുററത്തെത്തിയപ്പോഴേക്കും ഒരിക്കലും മറക്കാത്ത ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച ഈ യാത്രയുടെ Flashback ലായിപ്പോയി ഓരോരുത്തരും. അങ്ങിനെ പാവപ്പെട്ടവന്റെ ഊട്ടി യില്‍ പോയി ഓര്‍മ്മകളാല്‍ ഒരുപാട് ധനികരായി ഞങ്ങള്‍ തിരിച്ചെത്തി. വീണ്ടും ഇനിയൊരു യാത്രയുടെ പ്രതീക്ഷകളുമായി......
-------------------------
"പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....
പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....
ഇനിയെല്ലാം മറന്നീടാം, നല്ലച്ചാ ഞാന്‍ ഗമിച്ചീടാം
ചതി പെരുകിയ ദാരികനെ കൊല്ലാന്‍, ചെയ്തു വന്നീടാം
അങ്ങനങ്ങനെ .....
പള്ളിവാള്......
വേതാള വാഹനമേറി, പോകുന്നു തമ്പുരാട്ടീ
ദാരിക പുരി സന്നിധി തന്നില്‍, ചെന്നടുക്കുന്നൂ
അങ്ങനങ്ങനെ .....
പള്ളിവാള്.....
പോരിക പോരിനു വേഗം, അസുരേശാ ദാരികനേ
പരമേശ പുത്രിയകനാകും ഭദ്ര ഞാനെന്നോര്ക്കെടാ
അങ്ങനങ്ങനെ .....
പള്ളിവാള്.....
ചങ്കില്‍് മുഴയില്ലാത്ത പെണ്ണിനോട് പോര്‍ചെയ്യാന്‍
തുനിഞ്ഞിറന്ഗുന്നോനല്ലെടി ദാരികവീരന്‍
അങ്ങനങ്ങനെ .....
പള്ളിവാള്.....

പെണ്ണെന്നു നിനച്ചു നീയും പോരില്‍ നിന്നോഴിഞ്ഞാലും
നിന്‍റെ അന്ത്യമായിയെന്നു നീയുറച്ചോടാ, അങ്ങനെ(2)
എന്റെ പള്ളി വാളിന്‍ മൂര്‍ച്ച ഇന്ന് നീയറിയേണം
നിന്‍റെ ശിരസു നല്ലച്ചനിന്നു കാഴ്ച വെക്കേണം, അങ്ങനെ
പോരിന്നു വന്നൊരു പെണ്ണിനെ കണ്ടിട്ട് പേടിച്ചൊളിക്കുന്നൊ കശ്മലാ നീ
പെണ്ണിന്ടെ കരുത്തൊന്നു കാണേണ്ടേ ദാരികാ പോരിന്നു നീയോന്നിറങ്ങി വാടാ
ആ വാക്ക് കേട്ടൊരു നേരം ഓടിയടുക്കുന്നു ദാരികനും
പിന്നെ പുലിപോലെ ഭദ്രയുമായവന്‍ പോര് തുടങ്ങുന്നു രാപ്പകലായ്
ആ നേരം മേലയം കൊണ്ടമ്മ പള്ളിവാള്‍ വീശുന്നു ശ്രീ കുറുംബാ
ഭദ്രന്റെ അറ്റ ശിരസു അന്നേരം ത്രിക്കയ്യിലേന്തുന്നു തമ്പുരാട്ടീ,(3)
അങ്ങനങ്ങനെ ...
പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....

2010 ജനുവരി 18, തിങ്കളാഴ്‌ച

ഇടവേളയില്‍ കാണുന്നത്.


ഊര്‍ദ്ധ്വന്‍, കുട്ടിചിന്നന്‍ എന്നിങ്ങനെ രണ്ട് അന്ത്യ വായുക്കള്‍ ഉണ്ടത്രേ. വാര്‍ദ്ധക്യസഹചമായി അവ വലിക്കാന്‍ യോഗമുള്ളവന് മുകളില്‍ ഇരിക്കുന്ന ആള്‍ ;ചെത്തുകാരനല്ല, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി തന്നെ, ഇതിനിടയിലെ ഒരു ചെറിയ ഇടവേളയില്‍, കുറച്ചു നേരം തരുമത്രേ. മൊത്തം കാര്യങ്ങള്‍ സിനിമയില്‍ flashback scene കാണുന്ന പോലെ ഓര്‍ക്കാന്‍. അതില്‍ രസകരവും, കോടി പോയ ചുണ്ടില്‍ പുഞ്ചിരി ഉളവാക്കുന്നതുമായ എന്തൊക്കെ സംഭവം വരും. അങ്ങിനെയുള്ള സംഭവങ്ങള്‍ എത്രയധികം ഉണ്ടോ, അതാവും അവന്റെ ജീവിത വിജയം. അങ്ങിനെ വരുന്ന കുറെ Flashback സീനുകള്‍ ഇവിടെ വരക്കാന്‍ ശ്രമിക്കാം.

- അരിയില്‍ ഹരിശ്രീ എഴുതുമ്പോള്‍ വിരല്‍ത്തുമ്പില്‍ അറിയുന്ന സ്പര്‍ശം വിദ്യയുടെ ഇക്കിളി എന്ന തിരിച്ചറിവ്.

- അടാട്ട് സ്കൂളിന്റെ പടി കയറിയപ്പോള്‍ ആദ്ധ്യം കണ്ട മാഷ്‌ വാരിയര്‍ മാഷ്‌, മാഷിന്റെ മേശ മുര്‍ക്കാന്‍ കട; മേശക്കുള്ളില്‍ വെറ്റില, ചുണ്ണാമ്പ്, അടക്ക, ഇത് മൂന്നും മാഷിന്റെ വായില്‍ കലര്‍ന്നപ്പോള്‍ ഉണ്ടായ നിറം ചുമപ്പ്.

-ഏറും പന്ത്, എന്തും പന്ത്, എന്തിനു കൊള്ളും, എറിയാന്‍ കൊള്ളും, ഏറു കിട്ടുമ്പോള്‍ നടുമ്പോറത്ത് ഉണ്ടായ സുഖം, നീറ്റല്‍.

- അടാട്ട് സ്ക്കൂളിന്റെ പിന്‍ഭാഗത്തെ മരം സപ്പോട്ട മരം, കല്ലെറിഞ്ഞു ഏറ്റവും കൂടുതല്‍ സപ്പോട്ടകള്‍ എറിഞ്ഞു വീഴ്തുന്നവന്‍ അന്നത്തെ രാജാവ്.

- പെന്‍സില്‍, സ്ലേറ്റില്‍് വരച്ച ചിത്രം കള്ളിച്ചെടി ചുംബിച്ചപ്പോള്‍ അത് മറവിയുടെ ചിത്രമായി. അപ്പോള്‍ പുറപ്പെടുവിച്ച മണം, ഒന്നാം ക്ലാസ്സിന്റെ മണം.

- ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ത്രേസ്സ്യ ടീച്ചര്‍, മൂന്നാം ക്ലാസ്സിലെ മാഷ്‌ മോഹനന്‍ മാഷ്‌. കിണറ്റില്‍ തുപ്പിയതിനു മോഹനന്‍ മാഷ്‌, അസ്സെംബ്ലിയില്‍ എല്ലാവരുടെയും മുനമ്പില്‍ വച്ച് ആ കിണറ്റിലെ വെള്ളം കുടിപ്പിച്ചപ്പോള്‍ അറിഞ്ഞ ഭാവം -നാണം.

- 2-B ക്കടുത്തെ മരം നെല്ലിമരം, അതിന്റെ ചില്ലയിലിരുന്നു ചിലക്കുന്ന കിളി തലേക്കെട്ട് കിളി.

- വരാന്തയില്‍ തൂക്കിയ ഉരുക്കിന്റെ മണി അധികാരത്തിന്റെ മണി, ആദ്യത്തെ മണി അസ്സെംബ്ലി മണി, അവസാനത്തെ മണി, കൂട്ട മണി, കൂട്ട മണി അടിച്ചാല്‍ വരാന്തയില്‍ കൂട്ടയടി.

-അഞ്ചാം ക്ലാസെന്നാല്‍ പുറനാട്ടുകര ശ്രീരാമ കൃഷ്ണ ഗുരുകുല വിദ്യാ മന്ദിരം. ആദ്യം കണ്ട കൊടി, വെള്ള കൊടി, അതിന്റെ മൂലയ്ക്ക് ചുമന്ന നക്ഷത്രം. അതേന്തിയ ചേട്ടന്മാര്‍ പാടിയ ഗാനം "സ്വാതന്ത്ര്യം ജനാതിപത്യം, സോഷ്യലിസം സിന്താബാദ്‌ ", അതില്‍ ചേരുന്നവന്‍ ബുദ്ധിജീവിയുടെ ഇളമുറക്കാരന്‍, നീലക്കൊടിയില്‍ ചേരുന്നവന്‍ ഭൂര്ഷുആസി, അങ്ങിനെ കിട്ടി അ രണ്ടു പദങ്ങള്‍.

- ആദ്ധ്യം കണ്ട സമരം പടിപൂട്ടി സമരം. അതിലെ നായകന്‍ -വീര നായകന്‍.
- മുന്‍പില്‍ കണ്ട സ്കൂള്‍ ശ്രീ ശാരദ സ്കൂള്‍ , അവിടെ പോകുന്ന വര്‍ഗം പെണ്‍്വര്‍ഗം- പഠനം മൊത്തം കോണ്ട്രാക്റ്റ് ആയി എടുത്തിട്ടുള്ളവര്‍്.

(അടിക്കുറിപ്പ് ഇങ്ങനെ- പടിപൂട്ടി സമരം വിജയിച്ച ലഹരിയില്‍ നില്‍ക്കുന്ന സഖാക്കള്‍. അവരെ അസൂയയോടെ കള്ളനോട്ടം നോക്കുന്ന ശ്രീ ശാരദയിലെ പെണ്‍ വര്‍ഗം. സഖാക്കള്‍ക്ക് അവരോടു തിരിച്ചു തോന്നിയ വികാരം? -ചോദ്യ ചിഹ്നം. അവരുടെ ബൈബിളില്‍ തപ്പിയപ്പോള്‍ കിട്ടിയ ഉത്തരം- വൈരുദ്ധ്യാത്മകഭൗതികവാദം.)

ഇപ്പൊ തല്‍ക്കാലം നിര്ത്തുന്നു. ഈ വട്ട് ഇനിയും തുടരുന്നതാണ്.

2009 ഡിസംബർ 17, വ്യാഴാഴ്‌ച

സ്മരണകള്‍, ഡിസംബറിലൂടെ.

കഥാപുരുഷന്‍: "വ്യത്യസ്ഥതയുടെ വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ച് കൊണ്ട്, രൂപത്തിലും ഭാവത്തിലും അതാതുകാലങ്ങളില്‍ പുതു സങ്കല്‍പ്പങ്ങള്‍ നല്‍കി പ്രകൃതി അവളെ അവതരിപ്പിക്കുന്നു- 12 വ്യത്യസ്ഥ മുഖം മൂടികള്‍ അണിയിച്ചുകൊണ്ട്. കവാടങ്ങളുടെ ദേവനായ 'ജാനസ്സിന്ടെ' ഓര്‍മ്മകളില്‍ ജനുവരിയില്‍ തുടങ്ങി, നമ്മുടെ കഥാപാത്രം ഡിസംബറിന്റെ ഊഴമെത്തുമബോള്‍്, പാലക്കാടന്‍ ചുരം താണ്ടി വരുന്ന വൃശ്ചികക്കാറ്റെന്ന 'MGR' പാറിപ്പറത്തുന്ന മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത വസ്ത്രം ഒതുക്കി വെക്കാന്‍ കഷ്ടപ്പെടുന്ന ജയലളിതയായി മാറുന്നു അവള്‍- ഡിസംബര്‍. 'പാര്‍വ്വണ ചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു, പരിഭവം ഞാന്‍ മറന്നു' എന്ന് പാടുന്ന നായകന്‍റെ മുന്‍പില്‍ ലജ്ജാവതിയായി നില്‍കുന്ന നമ്മുടെ നായിക - ഡിസംബര്‍."

വഴിപോക്കന്‍് : " ഹലോ, എന്താ പരിപാടി? പറയാനുള്ളത് വേഗം പറഞ്ഞു പോയാല്‍ തടി കേടാകില്ല"

കഥാപുരുഷന്‍: "ശരി മാഷേ, കുറച്ചു കൊഴുപ്പ് കൂട്ടാനായി കാച്ചി പോയതാണ്. എന്തായാലും ഉള്ള സ്റ്റോക്ക്‌ കഴിഞ്ഞു, ഇനി പറയാനുള്ളത് വളച്ചു കെട്ടില്ലാതെ തന്നെ പറഞ്ഞോളാം, കഴുത്തില്‍ നിന്ന് കയ്യെടുക്ക്.
അപ്പൊ പറഞ്ഞു വന്നത് ഡിസംബറിനെ പറ്റി. എങ്ങും ഭസ്മത്തിന്റെയും കര്പ്പൂരത്തിന്ടെയും സുഗന്ധത്താല്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷം. ശരണംവിളികളാല്‍ തുടങ്ങുന്ന ദിവസങ്ങള്‍. വൃശ്ചിക കാറ്റിന്റെ കുളിര്‍മ്മയില്‍ മയങ്ങി നില്‍ക്കുന്ന പുലരികള്‍. വെള്ളരിപൂജയുടെ താളലയത്തില്‍ നില്‍ക്കുന്ന സന്ധ്യ സമയത്തെ ആമ്പലംകാവ് ക്ഷേത്ര പരിസരം. ആമ്പലംകാവിലമ്മയുടെ ഇഷ്ട വഴിപാടായ വെള്ളരി പൂജ. അടാട്ടെ ഇളം തലമുറയുടെ ഇഷ്ട വഴിപാടും വെള്ളരി പൂജ. ഇളം തലമുറ എന്ന് പറയുമ്പോള്‍ തുടര്ന്നുളള പ്രയോഗങ്ങള്‍്ക്കു ചില സാങ്കേതിക പ്രയാസങ്ങള്‍ വരുമെന്ന കാരണത്താല്‍, ആ കൂട്ടത്തിന്റെ പ്രതിനിധി എന്ന നിലക്ക് വിവരണങ്ങള്‍ക്കായി നമുക്ക് ഒരുത്തനെ തിരഞ്ഞെടുക്കാം. 13 വയസ്സോളം പ്രായമുള്ള അവനെ നമുക്ക് "അവന്‍" എന്നു തന്നെ വിളിക്കാം.
അവന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ സ്വാദറിയുന്നതും വെള്ളരിപൂജ രാത്രികളില്‍. തുള്ളല്‍കാരനായി വേഷമിടുന്ന അവന് അത് ജീവിതത്തിലെ ആദ്യ അംഗീകാരമായിരുന്നു. ചെണ്ട കൊട്ടിനനുസരണമായി ചുവടു വെക്കുന്ന അവന്‍റെ മനസ്സും കണ്ണും മാധവേട്ടനിലായിരിക്കും. മാധവേട്ടനായിരുന്നു വെള്ളരി പൂജ തുള്ളല്‍ പഠിപ്പിച്ചിരുന്നത്. മാധവേട്ടന്റെ തുള്ളല്‍ കളരിയില്‍ നിന്നും പുറത്തു കടന്നിട്ടുള്ള ശിഷ്യഗണങ്ങള്‍ ഇപ്പോള്‍ എവിടെയൊക്കെയോ ആയി ചിതറി കിടക്കുന്നു. ചുവടുകള്‍ പിഴക്കുമ്പോള്‍ ചെണ്ടക്കോല്‍ കൊണ്ടുള്ള സ്നേഹലാളനം, എവിടെയൊക്കെയോ ഇരുന്ന് ഇത് വായിക്കുന്ന അവന്‍ അയവിറക്കുന്നുണ്ടാകും. രാത്രി ഏഴു മണിയോടെ തുടങ്ങി ഒന്‍പതു മണിയുടെ കളം മായ്ക്കല്‍ തുള്ളലില്‍ അവസാനിച്ചിരുന്ന വെള്ളരിപൂജ ചുരുങ്ങി ചുരുങ്ങി ഏഴരയോടെ അവസാനിക്കുന്ന നിലയിലായി; അതും കാലത്തിന്റെ ആവശ്യകത.

കളം വരയ്ക്കുന്ന പരിപാടിയാണ് വെള്ളരിപൂജയുടെ പ്രധാന ഒരുക്കങ്ങളില്‍ ഒന്ന്. ഈ പണി മിക്കതും കിട്ടിയിരുന്നത് വെള്ളരിപൂജയിലെ അരങ്ങേറ്റകാര്ക്കായിരുന്നു. രണ്ടോ മൂണോ വര്ഷം പഴക്കമുള്ള തുളളല്‍കാര്‍, ഈ അരങ്ങേറ്റകാരുടെ മുന്‍പില്‍ ആശാന്‍മാരായി. അങ്ങിനെ തുടങ്ങി അരങ്ങേറ്റകാരനായ അവന്റെ ട്രെയിനിംഗ്. അരിപ്പൊടിയില്‍ മഞ്ഞളും, ചുണ്ണാമ്പും, പച്ചിലപ്പൊടിയും കൂട്ടി വിവിധ വര്‍ണ്ണങ്ങള്‍ കളങ്ങളായി മാറുമ്പോള്‍ അവന്‍റെ അന്നത്തെ ദിവസം സഫലമാവുകയായിരുന്നു. ഓരോ ദിവസങ്ങളിലും ഓരോ കളങ്ങളായിരുന്നു. അവയ്ക്കോരോന്നിനും ഓരോ പേരുകളും.

പോക്കറ്റ്‌ മണി എന്തെന്നറിയാതിരുന്ന അവന്റെ മുന്‍പില്‍ തുള്ളലിലൂടെയുള്ള വരുമാനം പുതിയ വാതായനങ്ങള്‍ തുറന്നിട്ടു. ഈ പോക്കറ്റ്‌ മണി ചിറ്റിലപ്പിള്ളി മിനി, മുതുവറ താര എന്നീ സിനിമ കൊട്ടകകളിലെ ടിക്കെററ്കളായ് മാറാന്‍ തുടങ്ങിയപ്പോള്‍, അവന്‍ സാമ്പത്തിക ശാസ്ത്രത്തിലെ Law of diminishing marginal utility യും ക്രെഡിറ്റ്‌ സിസ്റ്റവും എന്തെന്നറിഞ്ഞു. പൂജക്കുള്ള സമയം വൈകുമ്പോള്‍ സിനിമക്കു പോകാനുള്ള അവസാനത്തെ ബസ്‌ മിസ്സ്‌ ആകുമോ എന്ന വിങ്ങലായിരുന്നു അവന്‍റെ മനസ്സില്‍. ബസ്‌ മിസ്സ്‌ ആകുന്ന ദിവസങ്ങളില്‍ പൂജ നടത്തിയിരുന്ന പട്ടരെയും ചെണ്ട കൊട്ടിയിരുന്ന മാധവേട്ടനെയും ഉള്ളില്‍ ശപിച്ചിരുന്ന ദിവസങ്ങള്‍.
ഡിസംബറിലെ അവസാനത്തോടെയുള്ള (ധനുമാസത്തില്‍) പള്ളിപ്പാനയില്‍് വെള്ളരിപൂജ അവസാനിക്കുമ്പോള്‍ വരുമാനത്തിന്റെ തുറന്നിട്ട വാതിലുകളായിരുന്നു കൊട്ടിയടക്കപ്പെട്ടിരുന്നത്. Who moved my cheese എന്ന പുസ്തകം അന്നാരും എഴുതിയിരുന്നില്ലെങ്കിലും, പറമ്പിലെ കശുവണ്ടിയും മറ്റും പുതിയ വരുമാന സ്രോതസ്സുകളാണെന്ന അറിവുണ്ടായി അവന്. വെളളരിപൂജ തുള്ളലിനു മുന്‍പത്തെ ഇടവേളകളില്‍, അമ്പലത്തിനു പിന്നിലെ ആലിന്ടെ പരിസരവും മറ്റും, പുത്തനറിവുകളുടെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയായി അവന്. ഒരുനാള്‍ തടുപ്പിള്ളിയില്‍ ആരുമറിയാതെ പൊറോട്ട ഉണ്ടാക്കി വെച്ചതും, തുള്ളല്‍ കഴിഞ്ഞപ്പോളേക്കും ആ പോറോട്ടകള്‍ ആരാരുമറിയാതെ അപ്രത്യക്ഷമായതും മറ്റൊരു കഥ.

പള്ളിപ്പാന എന്ന് പറയുമ്പോള്‍ അവനാദ്യം ഓര്‍മ്മ വരുന്നത് ഉണ്ണിപ്പിണ്ടിയുടെയും മഞ്ഞള്‍ പൊടിയുടെയും മണമാണ്. പാന നാളിലെ കളം അതിഗംഭീരം തന്നെ. തിരിയുഴിച്ചില്‍ നടത്തുന്ന ആള്‍ പാന നാളിലെ നായകനായിരുന്നു. കുരുത്തോല തണ്ടിന്റെ അറ്റത്ത് എണ്ണയില്‍ മുക്കിയ പന്തം കൊണ്ട് മായാജാലങ്ങള്‍ കാട്ടിയിരുന്ന ഈ നായകനിലായിരിക്കും എല്ലാവരുടെയും കണ്ണുകള്‍. ഇക്കാരണം കൊണ്ട് തന്നെ ഒരുപാട് lobbying നടന്നിരുന്ന ഒരു സ്ഥാനമായിരുന്നു അത്.
പാന നാളിലെ രാത്രികള്‍ അതി മനോഹരമാണ്. തുള്ളുന്നവന് അന്ന് രാത്രി ഉറക്കമില്ല. അമ്പലത്തിനടുത്തെ സ്റ്റേജില്‍ ആരെങ്കിലും തല ചയ്ച്ചാല്‍ അന്നവന്റെ കഷ്ടകാലം. അതുപോലെ തന്നെ തുള്ളല്‍കാര്‍ക്കിടയിലെ പഴയകാല വൈരാഗ്യങ്ങള്‍ തീര്ത്തിരുന്നതും ഈ രാത്രി.ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഈ കുടിപ്പകകള്‍ തീര്‍ത്തിരുന്നത്‌. ഒരു ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ കണക്കുകള്‍ ചിലപ്പോള്‍ അടുത്ത വര്‍ഷത്തെ പാന നാളുകള്‍ വരെ നീട്നു നിന്നിരുന്നെന്നു കേട്ട് കേള്‍വി. 'God Father' എന്ന നോവലെഴുതുമ്പോള്‍ 'Puzo' ചേട്ടന്‍ ഇതിനെപ്പറ്റിയൊന്നും അറിഞ്ഞു കാണില്ല . അറിഞ്ഞിരുന്നെങ്കില്‍ ഒരു ലോക്കല്‍ 'Vito Corleone', അടാട്ട് നിന്നും പിറവിയെടുത്തേനെ. Puzo ചേട്ടന്‍ അറിയാതെ തന്നെ ഞങ്ങള്‍ക്കിടയിലെ രഘുവും മൂപ്പനും മറ്റും ഈ വേഷങ്ങള്‍ ആടി തകര്‍ത്തു.
പാന നാളിലെ പുലര്ച്ചക്കുള്ള കളം മായ്ക്കലില്‍് ഈ കൊച്ചു തല്ലു കൂട്ടങ്ങളും അവിടെ വെച്ച് മായ്ക്കപ്പെട്ടിരുന്നു. (അടുത്ത വര്ഷം വരേയ്ക്കും).
പള്ളിപാനക്ക് ചില സ്ഥിരം കാണികള്‍ ഉണ്ട്. അങ്ങിനെ ഒരാളായ പാറു ചേച്ചിയുടെ പേര് കുറിക്കാതെ എങ്ങിനെ ഈ പോസ്റ്റ്‌ പൂര്‍ണ്ണമാകും?
പാനനാളില്‍് പൂജക്ക്‌ ശേഷം ഉപേക്ഷിച്ചിരുന്ന മരം കൊണ്ടുണ്ടാക്കിയ കരണ്ടി, അവന്‍ നിധി പോലെ കാത്തു സൂക്ഷിച്ചിരുന്നു. പാന കഴിഞ്ഞു പിറ്റേ ദിവസം, തന്റെ കളിക്കൂട്ടുകാരിയുമൊത്ത്(അല്ലെങ്കില്‍ കൂട്ടുകാരനുമായി) വീട്ടു മുറ്റത്ത്‌ സാങ്കല്‍പ്പിക കളം വരച്ച്, പൂജയും, തിരിയുഴിച്ചലും, ചെണ്ട കൊട്ടും ഏകാകിയായി നടത്തിയിരുന്ന അവന്‍, അവളുടെ കണ്ണിലെ വീര നായകന്‍.

ഡിസംബറിനെ പറ്റി പറയുമ്പോള്‍ പിന്നയും ഉണ്ട് പറയാന്‍. പാടത്ത് പണിയിലെ വീണ്ടി വലിക്കലിന്റെയും പുല്ലു പറിക്കലിന്റെയും സമയം. ആര്‍മ്മിയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്ക്‌ പൂരത്തിന് ലീവ് കിട്ടാതിരുന്നപ്പോള്‍, "VEENDI VALI STARTED, REACH IMMEDIATELY" എന്ന് കമ്പി അടിച്ചതും, അത് വായിച്ച ശേഷം അദ്ധേഹത്തിന്റെ 'CO' ഇതെന്തൊ പന്തികേടാണെന്ന് കരുതി ഉടനെ ലീവ് അനുവദിച്ചതും മറ്റൊരു ചരിത്രം. ആല്‍ത്തറ പരിസരത്ത് SHUTTLE BADMINTON കളിക്ക് വിരാമമിട്ടിരുന്നതും ഡിസംബര്‍. കാരണം പാലക്കാടന്‍ ചുരം താണ്ടി വരുന്ന MGR കാറ്റ് തന്നെ. ഓര്‍മ്മകള്‍ അങ്ങിനെ പോകുന്നു.

ഇതെല്ലാം വായിക്കുന്ന അടാട്ടുകാരന്‍, കാലിന്മേല്‍ പഴയ മഞ്ഞപ്പൊടിയുടെ പാടുകള്‍ ഉണ്ടോ എന്ന് പരതുന്നുണ്ടെങ്കില്‍ അവനെ കുറ്റം പറയുന്നില്ല; ഈ ഓര്‍മ്മകള്‍ അവന്റെ DNA യില്‍ അലിഞ്ഞു കഴിഞ്ഞു. അവയ്ക്ക് ഒരു പക്ഷെ മങ്ങലേറ്റിട്ടുണ്ടാകാം, പക്ഷെ ഇവയൊന്നുമില്ലാതത അവന്‍ അപൂര്ണണന്‍. നിരര്‍ത്ഥകമായ ദുഖത്തിന്റെ ധാരാളിത്തത്തില്‍ ജീവിക്കുന്ന പ്രവാസിയായ അവന്‍, അതുകൊണ്ട് തന്നെയാണ് ജീവിതസായാഹ്നത്തില്‍ ആല്‍ത്തറയില്‍ തിരിച്ചെത്തുന്നതും, സൃഷ്ടി സ്ഥിതി ലയങ്ങളുടെ ദുരൂഹതയെ ഭയക്കാന്‍ ഇഷ്ടപ്പെടുന്നതും . യുക്തിക്കും വിശ്വാസങ്ങള്‍ക്കും അതീതമായി ഇരുട്ടിന്ടെ ദുരൂഹതയെ അവന്‍ പ്രേമിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ട്.
എല്ലാ അടാട്ടുകാര്‍ക്കും ഈ പോസ്റ്റ്‌ സമര്‍പ്പിച്ചു കൊണ്ട് തല്‍ക്കാലം വിട വാങ്ങുന്നു. അതിനു മുന്‍പ് തുടക്കത്തില്‍ കഴുത്തില്‍ പിടിച്ച വഴിപോക്കനോടുള്ള ഒരു വെല്ലുവിളിയായി ആ മനോഹര വരികള്‍ കടമെടുത്ത് ഇവിടെ കുറിക്കുന്നു.
"സായാഹ്നയാത്രകളുടെ അച്ഛാ, വിട തരിക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ന്ന് തുന്നിയ പുനര്‍ജ്ജനിയുടെ കൂട് വിട്ട് ഞാനിതാ യാത്രയാകുന്നു......................."

2009 ഡിസംബർ 1, ചൊവ്വാഴ്ച

ഇതെന്നാത്തിന്‍ കിളിയാ?

"ഞാന്‍ജോണിക്കുട്ടി. ഇപ്പോള്‍ കുടുംബസമേതം കേരളത്തിന് പുറത്തെവിടെയോ താമസിക്കുന്നു. കഴിഞ്ഞ ആഴ്ച ഇറങ്ങിയ KERALA CAFE എന്ന സിനിമ സമാഹാരത്തിലെ ആദ്യ സിനിമയായ NOSTALGIA' യില്‍ നിങ്ങളെന്നെ കണ്ടു കാണും. മറുനാടന്‍ മലയാളികളുടെ കപട ഗ്രിഹാതുരതയെ പദ്മകുമാര്‍ എന്ന സംവിധായകന്‍ രസകരമായി അവതരിപ്പിച്ചു. ജോണിക്കുട്ടി എന്ന എന്നെ ദിലീപ് എന്ന നടന്‍ സാമാന്യം മോശമില്ലാതെ അവതരിപ്പിച്ചു. പക്ഷെ ഉള്ളത് പറയാലോ, എനിക്ക് കാണിക്കാനുള്ള വിക്രിയകള്‍ മുഴുവനും കാണിക്കാന്‍ സമയം കിട്ടിയില്ല. അതിന് പപ്പേട്ടനെ (സംവിധായകനെ ഞാന്‍ അങ്ങിനെയാ വിളിക്ക്യാ) കുറ്റം പറയാന്‍ പറ്റില്യാട്ട. ആകെ പത്ത് മിനിട്ട് സമയാണ് രഞ്ജിത്ത് കൊടുത്തത്. എളുപ്പല്ല പത്ത് മിനിട്ട് കൊണ്ട് എന്റെ വിക്രിയകള്‍ മൊത്തം കാണിക്കാന്‍. അതുകൊണ്ട് ഞാന്‍ ഈ ബ്ലോഗില്‍ വന്നു, കുറച്ചുകൂടി വിശദീകരിക്കാന്‍.
കപടമായ ഗ്രിഹാതുരതയെ മുഖമുദ്രയാക്കിയ ജോണിക്കുട്ടിമാര്‍ എല്ലാ നാട്ടിലും കാണും.അടാട്ട് ഇല്ല്യേ രാമാ? ഉണ്ടെങ്കിലും അവന്‍ ഇല്ല്യ എന്നെ പറയൂ.

നാട്ടില്‍ വരുമ്പോള്‍ ഞാന്‍ നാടിനെ പറ്റി മൊത്തം കുറ്റം പറയും. നാട്ടിലെ Planning ഇല്ലയ്മ്മ, റോഡുകളുടെ ശോചനീയാവസ്ഥ, രാഷ്ട്രീയത്തിന്റെ അതിപ്രസരം, അങ്ങിനെ അങ്ങിനെ. തിരിച്ചു മറുനാട്ടിലെത്യാലൊ, ദാസേട്ടന്റെ പഴയകാല ഗാനങ്ങളും, ഗ്രാമഭംഗിയെ പറ്റിയുള്ള വാതോരാതെയുള്ള പ്രസംഗവും.

ലീവില്‍ വരുമ്പോള്‍ മുടി നീട്ടി വളര്‍ത്തും, അല്ലെങ്കില്‍ പറ്റ വെട്ടും. ഞാന്‍ സെമി ക്ലാസിക്കല്‍ ടച്ച്‌ ഉള്ള ഗാനങ്ങളാ മൂളിപ്പാട്ടായി കൂടുതലും പാടി നടക്കുക; യേശുദാസിനെ ദാസേട്ടന്‍ എന്നേ വിളിക്കൂ, രവീന്ദ്രനെ രവീന്ദ്രന്‍ മാഷെന്നും. സിനിമയെ പറ്റി പറയുമ്പോള്‍ ജോണിന്റെ അമ്മയെ കാണാന്‍, അടൂരിന്റെ സ്വയം വരം ഇവയൊക്കെ തലങ്ങും വെലങ്ങും പ്രയോഗിക്കും ഞാന്‍. ജോണിനെ മനസ്സിലായി കാണുമല്ലോ? അതെ ജോണ്‍ അബ്രഹാം തന്നെ. നാട്ടിലായിരുന്നപ്പോള്‍് അദ്ധേഹത്തിന്റെ ഒരു സിനിമ പോലും കണ്ടിരുന്നില്ല. പക്ഷെ ഇപ്പൊ അതാണോ സ്ഥിതി. ബുദ്ധിജീവിയായ കോടീശ്വരന്‍ ആകണമെങ്കില്‍ ഇത്തരം കൈക്രിയകള്‍ കൂടിയേ തീരൂ.
കലാഭവന്‍ മണി എന്റെ ജന്മ ശത്രു. അതൊക്കെ കാവാലത്തിന്റെയും കടമ്മനിട്ടയുടെയും കവിതകള്‍ എന്ന് പറയും ഞാന്‍. ശാന്തേ..........
പൂരത്തിന് വരുമ്പോള്‍ ഞാന്‍ തനി നാടനാ. തോര്‍ത്തുമുണ്ട് കൊണ്ട് തലേക്കെട്ടും കെട്ടി കാവി മുണ്ടും ചുറ്റി. കയ്യില്‍ Blackberry നിര്‍ബന്ധം. ഓഫീസിലെ mail access ചെയ്യണ്ടേ? നാട്ടില്‍ ജോലി ചെയ്യുന്നസുഹൃത്തിനോട്‌ പറയും "നീയെത്ര ഭാഗ്യവാന്‍, അവിടെ ജീവിതമുണ്ടോ? വിഷുവുണ്ടോ, കണിക്കൊന്നയുണ്ടോ, ഓണമുണ്ടോ ..." എഴുതാന്‍ പറ്റുമെങ്കില്‍ ബ്ലോഗിലൂടെ നുറുങ്ങു സാഹിത്യവും അടിച്ച് വിടും.

ഇതൊക്കെ പറഞ്ഞപ്പോള്‍ ഒരു സംഭവം ഓര്മ്മ വന്നു. ഞങ്ങളുടെ നാട്ടിലെ ഒരാള്‍ മദ്രാസില്‍ പോയിതിരിച്ചു വന്നു. ഒരു നാള്‍ കാലത്തു പല്ലു തേച്ചു കൊണ്ടിരിക്കുമ്പോള്‍, മുറ്റത്ത്‌ നില്‍കുന്ന കോഴിയെകണ്ടു. മുറ്റമടിച്ചു കൊണ്ടിരിക്കുന്ന അദ്ധേഹത്തിന്റെ അമ്മുമ്മയോടു ചോദിച്ചത്രേ, "ഇതെന്നാത്തിന്‍കിളിയാ" എന്ന്. ചൂല് താഴെയിട്ടു അദ്ധേഹത്തിന്റെ അമ്മൂമ്മ പറഞ്ഞ തൃക്ഷരി ഇവിടെ പറയാന്‍ പറ്റില്ല.
പക്ഷെ അതോടെ തീര്ന്നു അദ്ധേഹത്തിന്റെ ഗ്രിഹാതുരതയും മറ്റും. അതുപോലുള്ള അമ്മുമ്മമാര്‍ ഇന്നില്ലാതെ പോയി, അതൊകൊണ്ട് എന്നെ പോലുള്ള ജോണിക്കുട്ടിമാര്‍ വിളയാടുന്നു.
Excuse me, mobile അടിക്കുന്നു. (Ring tone : വെറുതെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായിഗ്രാമം കൊതിക്കാറുന്ടെന്നും...)

ഞാന്‍ ജോണികുട്ടി, നമ്മള്‍ എല്ലവരിലുമുളള ജോണികുട്ടി. തല്‍ക്കാലം ഞാന്‍ ഇവിടെ നിന്നും വിടവാങ്ങുന്നു. "

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്