"മൂവന്തിനേരത്തെ ദുഃഖങ്ങളിൽനിന്നൊളിക്കാൻ പറ്റിയ ഒരു ഒളിവിടം എനിക്ക് ഒരിടത്തും ഒരുകാലത്തും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചുരുക്കം."
— അയ്മനം ജോൺ, "മൂവന്തിനേരത്തെ ദുഃഖങ്ങൾ"
കഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരൻ അയ്മനം ജോണിന്റെ "മൂവന്തിനേരത്തെ ദുഃഖങ്ങൾ" മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചപ്പോൾ ഉള്ളിൽ തോന്നിയ തന്മയീഭാവം തികച്ചും അപൂർവ്വമായ ഒരനുഭവമായിരുന്നു. കഥയിലെ... ഈ വരി വായിക്കുമ്പോൾ നമ്മെ ഈ വരികൾ പിന്നോട്ട് വലിക്കും. നമ്മൾ മാത്രം ഉള്ളിൽ ചുമന്നു നടക്കുന്നു എന്ന് കരുതിയ ഏകാന്തതയുടെ ആ അജ്ഞാത ഭാരം, മറ്റൊരാൾ ഇതാ വാക്കുകളിലേക്ക് ആവാഹിച്ചു വെച്ചിരിക്കുന്നു എന്ന തിരിച്ചറിവ്! വായന എന്ന അനുഭവം ഓരോ വായനക്കാരനും തരുന്നത് തികച്ചും വിഭിന്നവും അത്രമേൽ തീവ്രവുമായ ചില പുനർജന്മങ്ങളാണ്. ആരോ മുന്നെ കുറിച്ചത് പോലെ യഥാർത്ഥത്തിൽ, വായന എന്നത് മറ്റൊരു രാജ്യമാണ്; അവിടെ അതിരുകളില്ല, ഭൂപടങ്ങളില്ല. ആ രാജ്യത്തെ പൗരന്മാരായ വായനക്കാരെല്ലാം ഒരേ ഭാഷയിലാണ് അനുഭവങ്ങളെ തൊട്ടറിയുന്നത്.
സുഭാഷ് ചന്ദ്രന്റെ ഈയടുത്ത് കേട്ട ഒരു മനോഹരമായ സംസാരശകലം ഇതിനോട് ചേർത്ത് ഓർത്തുപോവുകയാണ്:
"മനുഷ്യന്റെ ജീവിതം ഒരു മേഘം കണക്ക് നമ്മുടെ ശരീരത്തിന് പുറത്ത് എവിടെയോ സഞ്ചിതമായിട്ട് സ്ഥിതിചെയ്യുന്നുണ്ട്. ആ ജീവിതത്തിന്റെ അനുഭൂതികളെയും അനുഭവങ്ങളെയും അക്ഷരങ്ങളിലേക്ക് ആവാഹിച്ചു വെക്കുവാൻ വേണ്ടി പ്രകൃതി അല്ലെങ്കിൽ കാലം ചില മനുഷ്യരെ നിയോഗിക്കുന്നുണ്ട്. അയാളതെഴുതുമ്പോൾ ഇത് നമ്മുടെയും കഥയാണല്ലോ, ഇത് നമ്മളും അനുഭവിച്ചതാണല്ലോ, ഇത് നമ്മുടെയും മനസ്സിലൂടെ അവ്യക്തമധുരമായിട്ട് മാഞ്ഞുപോയ ജീവിത സന്ദർഭങ്ങളാണല്ലോ എന്ന് വായനക്കാരോരുത്തരും തിരിച്ചറിയുകയാണ് ചെയ്യുന്നത്."
നാട്ടിലായിരുന്നപ്പോൾ പെയ്തിറങ്ങുന്ന സന്ധ്യകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. പകൽ വെളിച്ചം മങ്ങി ഇരുട്ടിലേക്ക് വഴിമാറുന്ന ആ ഒരു സന്ധിരേഖയിൽ ഉള്ളിലേക്ക് ഇരച്ചുകയറുന്ന ഒരു ശൂന്യതയുണ്ട്. പറഞ്ഞറിയിക്കാനാകാത്ത, കാരണങ്ങളൊന്നുമില്ലാത്ത ഒരുതരം വിങ്ങൽ. നാട്ടിലെ പരിചിതവും സുരക്ഷിതവുമായ ആ അന്തരീക്ഷത്തിൽ ഇരുന്ന് അനുഭവിച്ച അതേ സായാഹ്നനൊമ്പരം പിന്നീട് നാടുവിട്ടപ്പോഴും പിന്തുടർന്നു.
അനിവാര്യമായ മാറ്റങ്ങളുടെ ഭാഗമായി ഡൽഹിയുടെ തിരക്കേറിയ തെരുവുകളിലോ, ബംഗ്ലൂരിലെ നീണ്ട ട്രാഫിക്കുകൾക്കിടയിലോ, ഒടുവിൽ പൂനെയുടെ ഇളം കാറ്റിന്റെ തണുപ്പുള്ള സായാഹ്നങ്ങളിലോ ഒക്കെ എത്തിയപ്പോഴും ഈ മൂവന്തികൾക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. പല നഗരങ്ങളിൽ, പല മനുഷ്യർക്കിടയിൽ ജീവിക്കുമ്പോഴും ചില മൂവന്തിനേരങ്ങളിൽ അനുഭവപ്പെടുന്ന ആ പഴയ ശൂന്യത അതേ ഭാവതീവ്രതയോടെ ഉള്ളിലേക്ക് പെയ്തിറങ്ങാറുണ്ട്. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ഭൂമിശാസ്ത്രപരമായി നമ്മൾ എത്ര ദൂരേക്ക് മാറിയാലും ആകാശത്തിന്റെ ചുവപ്പിനും അതിലൂടെ പറന്നുപോകുന്ന പക്ഷികൾക്കും ഒരേ ഭാവമാണെന്ന്. നമ്മൾ ഉള്ളിൽ ചുമക്കുന്ന പ്രവാസത്തിന്റെയോ ശൂന്യതകളുടെയോ ഭാരം അതേപടി ആ സന്ധ്യാനേരങ്ങൾ ഹൃദയത്തിലേക്ക് തിരികെ തരും.
ഒരേ വരികൾ തന്നെയാവും ആയിരം പേർ വായിക്കുന്നത്. എന്നാൽ അത് ഓരോരുത്തരിലും ഉണ്ടാക്കുന്ന ചലനങ്ങൾ വ്യത്യസ്തമാണ്. നാട്ടിലെ തുറന്നിട്ട ജനലരികിലിരുന്ന് അതിലൂടെയുള്ള പറമ്പിന്റെ കാഴ്ചയിൽ, അതിനപ്പുറത്ത് ചക്രവാള സീമയിൽ വാരിവിതറിയ ചുവപ്പു ചായത്തിന്റെ മനോഹാരിതയിലും ശൂന്യതയിലും നാം അനുഭവിച്ച അതേ മൂവന്തിയുടെ ശൂന്യത, വർഷങ്ങൾക്കിപ്പുറം നഗരങ്ങളിലെ തിരക്കുകൾക്കിടയിൽ വെച്ച്... ഈ വരികളിലൂടെ വീണ്ടും നമ്മെ വന്ന് തൊടുമ്പോൾ, അത് വെറുമൊരു വായനയല്ലാതായി മാറുന്നു. അത് കാലത്തെയും ദേശത്തെയും റദ്ദ് ചെയ്തുകൊണ്ട് നമ്മെ നമ്മുടെ തന്നെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വായനയുടെ ആ മാന്ത്രിക രാജ്യത്തെ ഒരു വിദ്യയാണ്.
വായന ഒരു ഒറ്റത്തുരുത്താണ് എന്ന് പറയുന്നത് അതുകൊണ്ടാണ്. ലോകത്തിന്റെ ഏത് കോണിലായാലും, ചുറ്റും എത്ര വലിയ ആൾക്കൂട്ടമുണ്ടായാലും, ഒരു പുസ്തകത്തിന്റെ താളുകളിലേക്ക് നമ്മൾ ചുരുങ്ങുമ്പോൾ അവിടെ നമ്മൾ പൂർണ്ണമായും സുരക്ഷിതരാണ്. നമ്മുടെ ഏകാന്തതകൾക്ക് കൂട്ടാവാൻ, നമ്മുടെ വ്യഥകൾക്ക് കാതോർക്കാൻ അവിടെ ആരോ നമ്മെ കാത്തിരിപ്പുണ്ടാകും. എഴുത്തുകാരൻ ദൂരെ എവിടെയോ ഇരുന്ന് കോറിയിട്ട വാക്കുകൾ, പ്രവാസത്തിന്റെ ഏതോ ഒരു സന്ധ്യയിൽ നമ്മുടെ നെഞ്ചിലേക്ക് തുളച്ചുകയറുന്നത് വായന തരുന്ന ആത്മീയമായ ആ അനുഭൂതി കൊണ്ടാണ്.
ദേശങ്ങൾ മാറിയാലും, നഗരങ്ങൾ മാറിയാലും, ഉള്ളിലെ ആ മൂവന്തിച്ചുവപ്പ് മാറാതെ സൂക്ഷിക്കുന്ന ഒരു കൂട്ടം മനുഷ്യർ ഇനിയുമുണ്ടെന്ന് അയ്മനം ജോണിന്റെ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു; വായനയുടെ ആ വലിയ രാജ്യത്ത് നമ്മളൊരിക്കലും ഒറ്റയ്ക്കല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ