2009 ഡിസംബർ 17, വ്യാഴാഴ്‌ച

സ്മരണകള്‍, ഡിസംബറിലൂടെ.

കഥാപുരുഷന്‍: "വ്യത്യസ്ഥതയുടെ വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ച് കൊണ്ട്, രൂപത്തിലും ഭാവത്തിലും അതാതുകാലങ്ങളില്‍ പുതു സങ്കല്‍പ്പങ്ങള്‍ നല്‍കി പ്രകൃതി അവളെ അവതരിപ്പിക്കുന്നു- 12 വ്യത്യസ്ഥ മുഖം മൂടികള്‍ അണിയിച്ചുകൊണ്ട്. കവാടങ്ങളുടെ ദേവനായ 'ജാനസ്സിന്ടെ' ഓര്‍മ്മകളില്‍ ജനുവരിയില്‍ തുടങ്ങി, നമ്മുടെ കഥാപാത്രം ഡിസംബറിന്റെ ഊഴമെത്തുമബോള്‍്, പാലക്കാടന്‍ ചുരം താണ്ടി വരുന്ന വൃശ്ചികക്കാറ്റെന്ന 'MGR' പാറിപ്പറത്തുന്ന മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത വസ്ത്രം ഒതുക്കി വെക്കാന്‍ കഷ്ടപ്പെടുന്ന ജയലളിതയായി മാറുന്നു അവള്‍- ഡിസംബര്‍. 'പാര്‍വ്വണ ചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു, പരിഭവം ഞാന്‍ മറന്നു' എന്ന് പാടുന്ന നായകന്‍റെ മുന്‍പില്‍ ലജ്ജാവതിയായി നില്‍കുന്ന നമ്മുടെ നായിക - ഡിസംബര്‍."

വഴിപോക്കന്‍് : " ഹലോ, എന്താ പരിപാടി? പറയാനുള്ളത് വേഗം പറഞ്ഞു പോയാല്‍ തടി കേടാകില്ല"

കഥാപുരുഷന്‍: "ശരി മാഷേ, കുറച്ചു കൊഴുപ്പ് കൂട്ടാനായി കാച്ചി പോയതാണ്. എന്തായാലും ഉള്ള സ്റ്റോക്ക്‌ കഴിഞ്ഞു, ഇനി പറയാനുള്ളത് വളച്ചു കെട്ടില്ലാതെ തന്നെ പറഞ്ഞോളാം, കഴുത്തില്‍ നിന്ന് കയ്യെടുക്ക്.
അപ്പൊ പറഞ്ഞു വന്നത് ഡിസംബറിനെ പറ്റി. എങ്ങും ഭസ്മത്തിന്റെയും കര്പ്പൂരത്തിന്ടെയും സുഗന്ധത്താല്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷം. ശരണംവിളികളാല്‍ തുടങ്ങുന്ന ദിവസങ്ങള്‍. വൃശ്ചിക കാറ്റിന്റെ കുളിര്‍മ്മയില്‍ മയങ്ങി നില്‍ക്കുന്ന പുലരികള്‍. വെള്ളരിപൂജയുടെ താളലയത്തില്‍ നില്‍ക്കുന്ന സന്ധ്യ സമയത്തെ ആമ്പലംകാവ് ക്ഷേത്ര പരിസരം. ആമ്പലംകാവിലമ്മയുടെ ഇഷ്ട വഴിപാടായ വെള്ളരി പൂജ. അടാട്ടെ ഇളം തലമുറയുടെ ഇഷ്ട വഴിപാടും വെള്ളരി പൂജ. ഇളം തലമുറ എന്ന് പറയുമ്പോള്‍ തുടര്ന്നുളള പ്രയോഗങ്ങള്‍്ക്കു ചില സാങ്കേതിക പ്രയാസങ്ങള്‍ വരുമെന്ന കാരണത്താല്‍, ആ കൂട്ടത്തിന്റെ പ്രതിനിധി എന്ന നിലക്ക് വിവരണങ്ങള്‍ക്കായി നമുക്ക് ഒരുത്തനെ തിരഞ്ഞെടുക്കാം. 13 വയസ്സോളം പ്രായമുള്ള അവനെ നമുക്ക് "അവന്‍" എന്നു തന്നെ വിളിക്കാം.
അവന്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യ സ്വാദറിയുന്നതും വെള്ളരിപൂജ രാത്രികളില്‍. തുള്ളല്‍കാരനായി വേഷമിടുന്ന അവന് അത് ജീവിതത്തിലെ ആദ്യ അംഗീകാരമായിരുന്നു. ചെണ്ട കൊട്ടിനനുസരണമായി ചുവടു വെക്കുന്ന അവന്‍റെ മനസ്സും കണ്ണും മാധവേട്ടനിലായിരിക്കും. മാധവേട്ടനായിരുന്നു വെള്ളരി പൂജ തുള്ളല്‍ പഠിപ്പിച്ചിരുന്നത്. മാധവേട്ടന്റെ തുള്ളല്‍ കളരിയില്‍ നിന്നും പുറത്തു കടന്നിട്ടുള്ള ശിഷ്യഗണങ്ങള്‍ ഇപ്പോള്‍ എവിടെയൊക്കെയോ ആയി ചിതറി കിടക്കുന്നു. ചുവടുകള്‍ പിഴക്കുമ്പോള്‍ ചെണ്ടക്കോല്‍ കൊണ്ടുള്ള സ്നേഹലാളനം, എവിടെയൊക്കെയോ ഇരുന്ന് ഇത് വായിക്കുന്ന അവന്‍ അയവിറക്കുന്നുണ്ടാകും. രാത്രി ഏഴു മണിയോടെ തുടങ്ങി ഒന്‍പതു മണിയുടെ കളം മായ്ക്കല്‍ തുള്ളലില്‍ അവസാനിച്ചിരുന്ന വെള്ളരിപൂജ ചുരുങ്ങി ചുരുങ്ങി ഏഴരയോടെ അവസാനിക്കുന്ന നിലയിലായി; അതും കാലത്തിന്റെ ആവശ്യകത.

കളം വരയ്ക്കുന്ന പരിപാടിയാണ് വെള്ളരിപൂജയുടെ പ്രധാന ഒരുക്കങ്ങളില്‍ ഒന്ന്. ഈ പണി മിക്കതും കിട്ടിയിരുന്നത് വെള്ളരിപൂജയിലെ അരങ്ങേറ്റകാര്ക്കായിരുന്നു. രണ്ടോ മൂണോ വര്ഷം പഴക്കമുള്ള തുളളല്‍കാര്‍, ഈ അരങ്ങേറ്റകാരുടെ മുന്‍പില്‍ ആശാന്‍മാരായി. അങ്ങിനെ തുടങ്ങി അരങ്ങേറ്റകാരനായ അവന്റെ ട്രെയിനിംഗ്. അരിപ്പൊടിയില്‍ മഞ്ഞളും, ചുണ്ണാമ്പും, പച്ചിലപ്പൊടിയും കൂട്ടി വിവിധ വര്‍ണ്ണങ്ങള്‍ കളങ്ങളായി മാറുമ്പോള്‍ അവന്‍റെ അന്നത്തെ ദിവസം സഫലമാവുകയായിരുന്നു. ഓരോ ദിവസങ്ങളിലും ഓരോ കളങ്ങളായിരുന്നു. അവയ്ക്കോരോന്നിനും ഓരോ പേരുകളും.

പോക്കറ്റ്‌ മണി എന്തെന്നറിയാതിരുന്ന അവന്റെ മുന്‍പില്‍ തുള്ളലിലൂടെയുള്ള വരുമാനം പുതിയ വാതായനങ്ങള്‍ തുറന്നിട്ടു. ഈ പോക്കറ്റ്‌ മണി ചിറ്റിലപ്പിള്ളി മിനി, മുതുവറ താര എന്നീ സിനിമ കൊട്ടകകളിലെ ടിക്കെററ്കളായ് മാറാന്‍ തുടങ്ങിയപ്പോള്‍, അവന്‍ സാമ്പത്തിക ശാസ്ത്രത്തിലെ Law of diminishing marginal utility യും ക്രെഡിറ്റ്‌ സിസ്റ്റവും എന്തെന്നറിഞ്ഞു. പൂജക്കുള്ള സമയം വൈകുമ്പോള്‍ സിനിമക്കു പോകാനുള്ള അവസാനത്തെ ബസ്‌ മിസ്സ്‌ ആകുമോ എന്ന വിങ്ങലായിരുന്നു അവന്‍റെ മനസ്സില്‍. ബസ്‌ മിസ്സ്‌ ആകുന്ന ദിവസങ്ങളില്‍ പൂജ നടത്തിയിരുന്ന പട്ടരെയും ചെണ്ട കൊട്ടിയിരുന്ന മാധവേട്ടനെയും ഉള്ളില്‍ ശപിച്ചിരുന്ന ദിവസങ്ങള്‍.
ഡിസംബറിലെ അവസാനത്തോടെയുള്ള (ധനുമാസത്തില്‍) പള്ളിപ്പാനയില്‍് വെള്ളരിപൂജ അവസാനിക്കുമ്പോള്‍ വരുമാനത്തിന്റെ തുറന്നിട്ട വാതിലുകളായിരുന്നു കൊട്ടിയടക്കപ്പെട്ടിരുന്നത്. Who moved my cheese എന്ന പുസ്തകം അന്നാരും എഴുതിയിരുന്നില്ലെങ്കിലും, പറമ്പിലെ കശുവണ്ടിയും മറ്റും പുതിയ വരുമാന സ്രോതസ്സുകളാണെന്ന അറിവുണ്ടായി അവന്. വെളളരിപൂജ തുള്ളലിനു മുന്‍പത്തെ ഇടവേളകളില്‍, അമ്പലത്തിനു പിന്നിലെ ആലിന്ടെ പരിസരവും മറ്റും, പുത്തനറിവുകളുടെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയായി അവന്. ഒരുനാള്‍ തടുപ്പിള്ളിയില്‍ ആരുമറിയാതെ പൊറോട്ട ഉണ്ടാക്കി വെച്ചതും, തുള്ളല്‍ കഴിഞ്ഞപ്പോളേക്കും ആ പോറോട്ടകള്‍ ആരാരുമറിയാതെ അപ്രത്യക്ഷമായതും മറ്റൊരു കഥ.

പള്ളിപ്പാന എന്ന് പറയുമ്പോള്‍ അവനാദ്യം ഓര്‍മ്മ വരുന്നത് ഉണ്ണിപ്പിണ്ടിയുടെയും മഞ്ഞള്‍ പൊടിയുടെയും മണമാണ്. പാന നാളിലെ കളം അതിഗംഭീരം തന്നെ. തിരിയുഴിച്ചില്‍ നടത്തുന്ന ആള്‍ പാന നാളിലെ നായകനായിരുന്നു. കുരുത്തോല തണ്ടിന്റെ അറ്റത്ത് എണ്ണയില്‍ മുക്കിയ പന്തം കൊണ്ട് മായാജാലങ്ങള്‍ കാട്ടിയിരുന്ന ഈ നായകനിലായിരിക്കും എല്ലാവരുടെയും കണ്ണുകള്‍. ഇക്കാരണം കൊണ്ട് തന്നെ ഒരുപാട് lobbying നടന്നിരുന്ന ഒരു സ്ഥാനമായിരുന്നു അത്.
പാന നാളിലെ രാത്രികള്‍ അതി മനോഹരമാണ്. തുള്ളുന്നവന് അന്ന് രാത്രി ഉറക്കമില്ല. അമ്പലത്തിനടുത്തെ സ്റ്റേജില്‍ ആരെങ്കിലും തല ചയ്ച്ചാല്‍ അന്നവന്റെ കഷ്ടകാലം. അതുപോലെ തന്നെ തുള്ളല്‍കാര്‍ക്കിടയിലെ പഴയകാല വൈരാഗ്യങ്ങള്‍ തീര്ത്തിരുന്നതും ഈ രാത്രി.ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ഈ കുടിപ്പകകള്‍ തീര്‍ത്തിരുന്നത്‌. ഒരു ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ കണക്കുകള്‍ ചിലപ്പോള്‍ അടുത്ത വര്‍ഷത്തെ പാന നാളുകള്‍ വരെ നീട്നു നിന്നിരുന്നെന്നു കേട്ട് കേള്‍വി. 'God Father' എന്ന നോവലെഴുതുമ്പോള്‍ 'Puzo' ചേട്ടന്‍ ഇതിനെപ്പറ്റിയൊന്നും അറിഞ്ഞു കാണില്ല . അറിഞ്ഞിരുന്നെങ്കില്‍ ഒരു ലോക്കല്‍ 'Vito Corleone', അടാട്ട് നിന്നും പിറവിയെടുത്തേനെ. Puzo ചേട്ടന്‍ അറിയാതെ തന്നെ ഞങ്ങള്‍ക്കിടയിലെ രഘുവും മൂപ്പനും മറ്റും ഈ വേഷങ്ങള്‍ ആടി തകര്‍ത്തു.
പാന നാളിലെ പുലര്ച്ചക്കുള്ള കളം മായ്ക്കലില്‍് ഈ കൊച്ചു തല്ലു കൂട്ടങ്ങളും അവിടെ വെച്ച് മായ്ക്കപ്പെട്ടിരുന്നു. (അടുത്ത വര്ഷം വരേയ്ക്കും).
പള്ളിപാനക്ക് ചില സ്ഥിരം കാണികള്‍ ഉണ്ട്. അങ്ങിനെ ഒരാളായ പാറു ചേച്ചിയുടെ പേര് കുറിക്കാതെ എങ്ങിനെ ഈ പോസ്റ്റ്‌ പൂര്‍ണ്ണമാകും?
പാനനാളില്‍് പൂജക്ക്‌ ശേഷം ഉപേക്ഷിച്ചിരുന്ന മരം കൊണ്ടുണ്ടാക്കിയ കരണ്ടി, അവന്‍ നിധി പോലെ കാത്തു സൂക്ഷിച്ചിരുന്നു. പാന കഴിഞ്ഞു പിറ്റേ ദിവസം, തന്റെ കളിക്കൂട്ടുകാരിയുമൊത്ത്(അല്ലെങ്കില്‍ കൂട്ടുകാരനുമായി) വീട്ടു മുറ്റത്ത്‌ സാങ്കല്‍പ്പിക കളം വരച്ച്, പൂജയും, തിരിയുഴിച്ചലും, ചെണ്ട കൊട്ടും ഏകാകിയായി നടത്തിയിരുന്ന അവന്‍, അവളുടെ കണ്ണിലെ വീര നായകന്‍.

ഡിസംബറിനെ പറ്റി പറയുമ്പോള്‍ പിന്നയും ഉണ്ട് പറയാന്‍. പാടത്ത് പണിയിലെ വീണ്ടി വലിക്കലിന്റെയും പുല്ലു പറിക്കലിന്റെയും സമയം. ആര്‍മ്മിയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്ക്‌ പൂരത്തിന് ലീവ് കിട്ടാതിരുന്നപ്പോള്‍, "VEENDI VALI STARTED, REACH IMMEDIATELY" എന്ന് കമ്പി അടിച്ചതും, അത് വായിച്ച ശേഷം അദ്ധേഹത്തിന്റെ 'CO' ഇതെന്തൊ പന്തികേടാണെന്ന് കരുതി ഉടനെ ലീവ് അനുവദിച്ചതും മറ്റൊരു ചരിത്രം. ആല്‍ത്തറ പരിസരത്ത് SHUTTLE BADMINTON കളിക്ക് വിരാമമിട്ടിരുന്നതും ഡിസംബര്‍. കാരണം പാലക്കാടന്‍ ചുരം താണ്ടി വരുന്ന MGR കാറ്റ് തന്നെ. ഓര്‍മ്മകള്‍ അങ്ങിനെ പോകുന്നു.

ഇതെല്ലാം വായിക്കുന്ന അടാട്ടുകാരന്‍, കാലിന്മേല്‍ പഴയ മഞ്ഞപ്പൊടിയുടെ പാടുകള്‍ ഉണ്ടോ എന്ന് പരതുന്നുണ്ടെങ്കില്‍ അവനെ കുറ്റം പറയുന്നില്ല; ഈ ഓര്‍മ്മകള്‍ അവന്റെ DNA യില്‍ അലിഞ്ഞു കഴിഞ്ഞു. അവയ്ക്ക് ഒരു പക്ഷെ മങ്ങലേറ്റിട്ടുണ്ടാകാം, പക്ഷെ ഇവയൊന്നുമില്ലാതത അവന്‍ അപൂര്ണണന്‍. നിരര്‍ത്ഥകമായ ദുഖത്തിന്റെ ധാരാളിത്തത്തില്‍ ജീവിക്കുന്ന പ്രവാസിയായ അവന്‍, അതുകൊണ്ട് തന്നെയാണ് ജീവിതസായാഹ്നത്തില്‍ ആല്‍ത്തറയില്‍ തിരിച്ചെത്തുന്നതും, സൃഷ്ടി സ്ഥിതി ലയങ്ങളുടെ ദുരൂഹതയെ ഭയക്കാന്‍ ഇഷ്ടപ്പെടുന്നതും . യുക്തിക്കും വിശ്വാസങ്ങള്‍ക്കും അതീതമായി ഇരുട്ടിന്ടെ ദുരൂഹതയെ അവന്‍ പ്രേമിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ട്.
എല്ലാ അടാട്ടുകാര്‍ക്കും ഈ പോസ്റ്റ്‌ സമര്‍പ്പിച്ചു കൊണ്ട് തല്‍ക്കാലം വിട വാങ്ങുന്നു. അതിനു മുന്‍പ് തുടക്കത്തില്‍ കഴുത്തില്‍ പിടിച്ച വഴിപോക്കനോടുള്ള ഒരു വെല്ലുവിളിയായി ആ മനോഹര വരികള്‍ കടമെടുത്ത് ഇവിടെ കുറിക്കുന്നു.
"സായാഹ്നയാത്രകളുടെ അച്ഛാ, വിട തരിക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ന്ന് തുന്നിയ പുനര്‍ജ്ജനിയുടെ കൂട് വിട്ട് ഞാനിതാ യാത്രയാകുന്നു......................."

2009 ഡിസംബർ 1, ചൊവ്വാഴ്ച

ഇതെന്നാത്തിന്‍ കിളിയാ?

"ഞാന്‍ജോണിക്കുട്ടി. ഇപ്പോള്‍ കുടുംബസമേതം കേരളത്തിന് പുറത്തെവിടെയോ താമസിക്കുന്നു. കഴിഞ്ഞ ആഴ്ച ഇറങ്ങിയ KERALA CAFE എന്ന സിനിമ സമാഹാരത്തിലെ ആദ്യ സിനിമയായ NOSTALGIA' യില്‍ നിങ്ങളെന്നെ കണ്ടു കാണും. മറുനാടന്‍ മലയാളികളുടെ കപട ഗ്രിഹാതുരതയെ പദ്മകുമാര്‍ എന്ന സംവിധായകന്‍ രസകരമായി അവതരിപ്പിച്ചു. ജോണിക്കുട്ടി എന്ന എന്നെ ദിലീപ് എന്ന നടന്‍ സാമാന്യം മോശമില്ലാതെ അവതരിപ്പിച്ചു. പക്ഷെ ഉള്ളത് പറയാലോ, എനിക്ക് കാണിക്കാനുള്ള വിക്രിയകള്‍ മുഴുവനും കാണിക്കാന്‍ സമയം കിട്ടിയില്ല. അതിന് പപ്പേട്ടനെ (സംവിധായകനെ ഞാന്‍ അങ്ങിനെയാ വിളിക്ക്യാ) കുറ്റം പറയാന്‍ പറ്റില്യാട്ട. ആകെ പത്ത് മിനിട്ട് സമയാണ് രഞ്ജിത്ത് കൊടുത്തത്. എളുപ്പല്ല പത്ത് മിനിട്ട് കൊണ്ട് എന്റെ വിക്രിയകള്‍ മൊത്തം കാണിക്കാന്‍. അതുകൊണ്ട് ഞാന്‍ ഈ ബ്ലോഗില്‍ വന്നു, കുറച്ചുകൂടി വിശദീകരിക്കാന്‍.
കപടമായ ഗ്രിഹാതുരതയെ മുഖമുദ്രയാക്കിയ ജോണിക്കുട്ടിമാര്‍ എല്ലാ നാട്ടിലും കാണും.അടാട്ട് ഇല്ല്യേ രാമാ? ഉണ്ടെങ്കിലും അവന്‍ ഇല്ല്യ എന്നെ പറയൂ.

നാട്ടില്‍ വരുമ്പോള്‍ ഞാന്‍ നാടിനെ പറ്റി മൊത്തം കുറ്റം പറയും. നാട്ടിലെ Planning ഇല്ലയ്മ്മ, റോഡുകളുടെ ശോചനീയാവസ്ഥ, രാഷ്ട്രീയത്തിന്റെ അതിപ്രസരം, അങ്ങിനെ അങ്ങിനെ. തിരിച്ചു മറുനാട്ടിലെത്യാലൊ, ദാസേട്ടന്റെ പഴയകാല ഗാനങ്ങളും, ഗ്രാമഭംഗിയെ പറ്റിയുള്ള വാതോരാതെയുള്ള പ്രസംഗവും.

ലീവില്‍ വരുമ്പോള്‍ മുടി നീട്ടി വളര്‍ത്തും, അല്ലെങ്കില്‍ പറ്റ വെട്ടും. ഞാന്‍ സെമി ക്ലാസിക്കല്‍ ടച്ച്‌ ഉള്ള ഗാനങ്ങളാ മൂളിപ്പാട്ടായി കൂടുതലും പാടി നടക്കുക; യേശുദാസിനെ ദാസേട്ടന്‍ എന്നേ വിളിക്കൂ, രവീന്ദ്രനെ രവീന്ദ്രന്‍ മാഷെന്നും. സിനിമയെ പറ്റി പറയുമ്പോള്‍ ജോണിന്റെ അമ്മയെ കാണാന്‍, അടൂരിന്റെ സ്വയം വരം ഇവയൊക്കെ തലങ്ങും വെലങ്ങും പ്രയോഗിക്കും ഞാന്‍. ജോണിനെ മനസ്സിലായി കാണുമല്ലോ? അതെ ജോണ്‍ അബ്രഹാം തന്നെ. നാട്ടിലായിരുന്നപ്പോള്‍് അദ്ധേഹത്തിന്റെ ഒരു സിനിമ പോലും കണ്ടിരുന്നില്ല. പക്ഷെ ഇപ്പൊ അതാണോ സ്ഥിതി. ബുദ്ധിജീവിയായ കോടീശ്വരന്‍ ആകണമെങ്കില്‍ ഇത്തരം കൈക്രിയകള്‍ കൂടിയേ തീരൂ.
കലാഭവന്‍ മണി എന്റെ ജന്മ ശത്രു. അതൊക്കെ കാവാലത്തിന്റെയും കടമ്മനിട്ടയുടെയും കവിതകള്‍ എന്ന് പറയും ഞാന്‍. ശാന്തേ..........
പൂരത്തിന് വരുമ്പോള്‍ ഞാന്‍ തനി നാടനാ. തോര്‍ത്തുമുണ്ട് കൊണ്ട് തലേക്കെട്ടും കെട്ടി കാവി മുണ്ടും ചുറ്റി. കയ്യില്‍ Blackberry നിര്‍ബന്ധം. ഓഫീസിലെ mail access ചെയ്യണ്ടേ? നാട്ടില്‍ ജോലി ചെയ്യുന്നസുഹൃത്തിനോട്‌ പറയും "നീയെത്ര ഭാഗ്യവാന്‍, അവിടെ ജീവിതമുണ്ടോ? വിഷുവുണ്ടോ, കണിക്കൊന്നയുണ്ടോ, ഓണമുണ്ടോ ..." എഴുതാന്‍ പറ്റുമെങ്കില്‍ ബ്ലോഗിലൂടെ നുറുങ്ങു സാഹിത്യവും അടിച്ച് വിടും.

ഇതൊക്കെ പറഞ്ഞപ്പോള്‍ ഒരു സംഭവം ഓര്മ്മ വന്നു. ഞങ്ങളുടെ നാട്ടിലെ ഒരാള്‍ മദ്രാസില്‍ പോയിതിരിച്ചു വന്നു. ഒരു നാള്‍ കാലത്തു പല്ലു തേച്ചു കൊണ്ടിരിക്കുമ്പോള്‍, മുറ്റത്ത്‌ നില്‍കുന്ന കോഴിയെകണ്ടു. മുറ്റമടിച്ചു കൊണ്ടിരിക്കുന്ന അദ്ധേഹത്തിന്റെ അമ്മുമ്മയോടു ചോദിച്ചത്രേ, "ഇതെന്നാത്തിന്‍കിളിയാ" എന്ന്. ചൂല് താഴെയിട്ടു അദ്ധേഹത്തിന്റെ അമ്മൂമ്മ പറഞ്ഞ തൃക്ഷരി ഇവിടെ പറയാന്‍ പറ്റില്ല.
പക്ഷെ അതോടെ തീര്ന്നു അദ്ധേഹത്തിന്റെ ഗ്രിഹാതുരതയും മറ്റും. അതുപോലുള്ള അമ്മുമ്മമാര്‍ ഇന്നില്ലാതെ പോയി, അതൊകൊണ്ട് എന്നെ പോലുള്ള ജോണിക്കുട്ടിമാര്‍ വിളയാടുന്നു.
Excuse me, mobile അടിക്കുന്നു. (Ring tone : വെറുതെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായിഗ്രാമം കൊതിക്കാറുന്ടെന്നും...)

ഞാന്‍ ജോണികുട്ടി, നമ്മള്‍ എല്ലവരിലുമുളള ജോണികുട്ടി. തല്‍ക്കാലം ഞാന്‍ ഇവിടെ നിന്നും വിടവാങ്ങുന്നു. "

2009 നവംബർ 23, തിങ്കളാഴ്‌ച

"അടുത്ത ഒരു ബെല്ലൊടു കൂടി ...."

"സഹൃദയരായ നാട്ടുകാരെ ,
അടുത്ത ഒരു രംഗത്തോട് കൂടി ഞങ്ങള്‍ ഈ വേദിയില്‍്നിന്നും താല്‍ക്കാലികമായി വിടവാങ്ങുന്നു. ആമ്പലംകാവിലമ്മയുടെ തിരുമുറ്റത്ത്‌ വന്ന് ഞങ്ങളുടെ ഈ ചെറിയ കാലാശകലമ് അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയ ദേവസം ഭാരവാഹികളോടും, ശബ്ദവും വെളിച്ചവും തന്നു സഹായിച്ച ശ്രീദുര്ഗ ചൂരക്കാട്ടുകരയോടും, ഓരോ രംഗങ്ങളിലും ഞങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന അമ്പലംകാവ് നിവാസികളോടും , ഓച്ചിറ നിള ഹൃദയങ്കമമായ നന്ദി അറിയിക്കുന്നു. അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചവര്‍............................"
ഹൈ ബേസില്‍് ഉള്ള ഈ Announcement ഓര്മമയില്ലെ ? ഓര്‍മ്മയുടെ തിരശീലക്കു പുറകിലോളിച്ചു പോയ ഈ ശബ്ദം വീണ്ടും കേള്‍ക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു, ആ രാത്രികളെ കുറിച്ച് . മേടഭരണി നാളിലെ പൂരപ്പറമ്പിലെ രാത്രികളെക്കുറിച്ച്.......

ചന്ദ്രനാകുന്ന മഹാ നടന്റെ വെളിച്ചത്തില്‍ പൂരപ്പറമ്പ്........ തെക്കു വശത്തായി സ്റ്റേജ്. അതിന്റെ മുന്‍പില്‍ ചുമന്ന നിറമുള്ള Curtain. അതിന്റെ കരയായി നീല നിറത്തില്‍ ഒരു border, അതില്‍വെല്ല്യ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാകും- ഓച്ചിറ "നിള", അല്ലെങ്കില്‍ ആലപ്പുഴ "സൂര്യസോമ". ഇടയ്ക്കും തലക്കും "ചെക്ക്, ചെക്ക്" എന്ന മൈക്കിലൂടെയുളള സാമ്പിള്‍ വെടിക്കെട്ട്‌ പോലെയുള്ള ശബ്ദം. അക്ഷമരായി ഇടതുവശത്ത് സ്ത്രീ ജനം, ഇവരെ നോക്കി വലതു വശത്ത് ആദാമിന്റെ പിന്മുറക്കാര്‍. കര്‍ട്ടന്‍ ഉയരുമ്പോള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ചിരിച്ചും കരഞ്ഞും ജീവിച്ച ഒരു കൂട്ടം നാട്ടുകാര്‍.
അതെ, പറഞ്ഞു വരുന്നത് അമ്പലംകാവ് ഭരണി നാളില്‍ അരങ്ങേറിയിരുന്ന നാടകങ്ങളെ പറ്റി തന്നെ.

പ്രൊഫഷണല്‍ നാടകങ്ങള്‍ അരങ്ങുകള്‍ തകര്തതാടിയിരുന്ന കാലം.
കാലമാകുന്ന കലാകാരന്‍ പ്രയാണം തുടര്‍ന്നപ്പോള്‍, തിരിഞ്ഞു നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് , ഏതൊരു കലാരൂപതെയും പോലെ കാലത്തിന്റെ കണ്ണാടിയായി ഈ നാടകങ്ങള്‍. നാടകങ്ങള്‍ ഒരു സംസ്കാരമായി മാറിയപ്പോള്‍ നാടക നടന്മാര്‍ പൂരപ്പറമ്പിലെ നാടക വേദികളിലൂടെയും , റേഡിയോ നാടകങ്ങളിലൂടെയും കാണികളുടെയും, ശ്രോതാക്കളുടെയും മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടി. ആ കാലത്തിന്റെ അടാട്ടെ പ്രതിഫലനങ്ങളായിരുന്നു അമ്പിളി തീയറ്റെര്സും , നളന്ദ തീയറ്റെര്സും.

പ്രേമചന്ദ്രന്‍ എന്ന നടന്‍ (പ്രേംജിയുടെ മകന്‍, നാടക വേദിക്ക് തൃശൂരിന്റെ മറ്റൊരു സംഭാവന) "ഒഥെല്ലൊ" ആയി ആടിത്തകര്‍ത്ത ശേഷം തന്റെ പ്രേയസി "Desdemona"യുടെജീവനെടുക്കുന്ന സീനില്‍് തിരശീല വീഴുമ്പോള്‍ഒഥെല്ലൊ എന്ന പ്രേമചന്ദ്രനെയും, "Iago"എന്ന ശ്യമാനെയും ശപിച്ചു അടാട്ടുകാര്‍. "മോളെ സാരല്ല്യ, നമുക്ക് കല്ല്യങ്ങാട്ടു നീലിയായിവന്നു അടുത്ത വേലനാളിലെ നാടകത്തില്‍ അവന്റെ കഥ കഴിക്കാം " എന്ന് ആശ്വസിപ്പിച്ചു അവളെ, "Desdemona" എന്ന രാഗിണി യെ .......

KPAC യുടെ അശ്വമേധം അരങ്ങില്‍ തകര്‍ക്കുമ്പോള്‍, പാമ്പുകളുടെ മാളങ്ങളെ പേടിച്ചു പൂരപ്പറമ്പിലെതൊട്ടടുത്ത വീടിന്റെ(പുണോത്തെ) വേലിയരികില്‍് നിന്നു മാറിയിരുന്നു സ്ത്രീജനങ്ങള്‍.......

കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന കാലത്തു സ്റ്റേജില്‍ aeroplane ഇറക്കിഅമ്ബലംകാവിലെ വേദിയില്‍. സ്തബ്ദരായി നിന്നു അന്നത്തെ ജനം.........

Rajan.P.DEV എന്ന നടന്‍ സിനിമയില്‍ എത്തുന്നതിനു മുന്പ് തന്നെ അടാട്ടുകാര്‍ ആ പ്രതിഭയുടെ കഴിവുകള്‍ കണ്ടു- "മുല്ലപ്പൂക്കള്‍ ചുമന്നപ്പോള്‍" എന്ന നാടകത്തിലൂടെ.അതുപോലെ തന്നെ ഒരു വര്ഷം നാടക കമ്പനി യുടെ ബസ്സ് ബ്രേക്ക്‌ ഡൌണ്‍ ആയപ്പോള്‍ നാടക നടന്മാര്‍ മൊത്തം നാടക വേഷത്തില്‍ തന്നെ വന്നിറങ്ങി തുറന്ന ലോറിയില്‍. ഇതെന്തു പുതിയ technique ആണെന്ന് വിചാരിച്ച് ഒരു നിമിഷത്തേക്ക് ജനം ഒന്ന് അന്ടാലിച്ചു പോയത്രേ.

കണ്ണ് , ഗംഗയുടെ തീരത്ത്, സാരസ്വതം, കാട്ടുകുതിര, സമസ്യ .... അങ്ങിനെ എത്രയെത്ര നാടകങ്ങള്‍.

ഓച്ചിറ നിളയും ആലപ്പുഴ സൂര്യസോമയും (S.L.പുരം), പൂഞ്ഞാര്‍ നവധരയും ഏതൊരു BIG BANNER ചിത്രങ്ങളെയും വെല്ലുവിളിച്ചിരുന്ന കാലം.

ഓരോ വര്ഷവും അവസാന സീനോടു കൂടി ചുമന്ന കര്‍ട്ടന്‍ വീഴുമ്പോളും ഒരു വിങ്ങലായിരുന്നു മനസ്സില്‍, അടുത്ത വര്ഷം വരെയുള്ള കാത്തിരിപ്പിന്റെ ദൈര്‍ഗ്യത്തെ ഓര്‍ത്ത്. കാലം മാറി. നാടകങ്ങള്‍ ഗാനമേളകള്‍ക്ക് വഴി മാറി കൊടുക്കേണ്ടി വന്നു.
എങ്കിലും തളരാതെ നിന്നു അമ്ബലംകാവിലെ ഭരണി നാളിലെ നാടക വേദി.

"നാടകം തുടങ്ങുന്നതിനു മുന്പ് ഈ പരിസരത്തെ എല്ലാ വിളക്കുകളും ആണക്കണമെന്നു താഴ്മയായിഅഭ്യര്‍ത്ഥിക്കുന്നു" എന്ന വിളംബരത്തിനു ശേഷം ഉള്ള ബെല്ലടി. ഓരോ അടട്ടുകാരന്ടെയുമ്, അല്ല കേരളീയന്റെയും മനസ്സില്‍ ഇപ്പോഴും മുഴങ്ങുന്നു.......

"മധുരിക്കും ഓര്‍മ്മകളെ ..മലര്‍ മഞ്ചല്‍ കൊണ്ടു വരൂ

കൊണ്ടുപോകു ഞങ്ങളെയാ.. മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ ......."

2009 ഒക്‌ടോബർ 25, ഞായറാഴ്‌ച

"മിനി" എന്ന നഷ്ട സ്വപ്നം

മിനി, ഇന്നു നിന്നെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ വിതുമ്പി പോയി. ഞാന്‍ മാത്രമല്ല, നല്ലകാലത്ത് നിന്റെ പുറകെ കൂടിയിരുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെയായിരിക്കും. "കാവടിയാട്ടം" ആടിത്തകര്‍ക്കുന്നത് കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ വിചാരിച്ചില്ല അത് നിന്നെ കാണാനുള്ള അവസാനത്തെ വരവാണെന്ന്. "നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍്ത്തു ഞാനിരിപ്പൂ" എന്ന് നീ പാടുമ്പോള്‍ ദൂരെ നിന്നു തന്നെ ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടിയിരുന്നത് നീയറിഞ്ഞിരുന്നോ? ആഴ്ച്ചയിലോരിക്കലുള്ള ആ കൂടിക്കാഴ്ചകള്‍ , അതിന്റെ മാധുര്യം അവിസ്മരണീയമാണ് കുട്ടി,അവിസ്മരണീയമാണ്. ശനിയാഴ്ച രാത്രി നിന്നെ കാണാനുള്ള ഒരുക്കങ്ങള്‍ വെള്ളിയാഴ്ച്ച അതിരാവിലെ തന്നെ തുടങ്ങിയിരുന്നു.

"ഒരു commercial break"- വായനക്കാരാ(കാരി) തെറ്റിധരിക്കാതിരിക്കന്‍് വേണ്ടി പറയട്ടെ, മിനി എന്റെ കാമുകിയോ മറ്റോ അല്ല. അടാട്ടിനടുത്ത് ചിറ്റിലപ്പിളളി മൂലയില്‍ നീണ്ടു നിവര്‍ന്നു നിന്നിരുന്ന സിനിമ കൊട്ടക, അതായിരുന്നുചിറ്റിലപ്പിളളിമിനി .കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാവാതെ തളര്‍ന്നു വീണ സുന്ദരി.

ശനിയാഴ്ചയിലെ second show കാണാനുള്ള പോക്ക് ഉത്സവമായിരുന്നു ഞങ്ങള്‍ക്ക്. പാലക്കാട് ജോലിചെയ്തിരുന്ന സഖാവ് ജോലി കഴിഞ്ഞു വരുന്ന ബസ്സില്‍ ആ സഖാവിനെയും പോക്കിയിട്ടായിരുന്നു സിനിമക്കുപോക്ക്.

സിനിമയുടെ പോസ്റ്റര്‍ ഉണ്ണിമാന്റെ പെട്ടിക്കടയുടെ മുമ്പിലായിടുന്നു ഒട്ടിച്ച്ചിരുന്നത്. അതിന്റെ വകയായിഉണ്ണിമാന് ഫ്രീപാസ്സും ഉണ്ടായിരുന്നു. ആ ഫ്രീ പാസ്‌ അടിച്ചു മാറ്റാന്‍ ഉണ്നിമാനോട് അടാട്ടുകാര്‍ക്ക്എന്തെന്നില്ലാത്ത ബഹുമാനമായിരുന്നു. സിനിമ മാറുന്ന വെള്ളിയാഴ്ചകളില്‍, അതിരാവിലെ തന്നെ പുതിയസിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ കൃഷ്ണേട്ടന്റെ ഒരു വരവുണ്ട്. സൈക്കിളിന്റെ കാരിയറില്‍ മൈതപശയുംപോസ്ടറും വെച്ചുകൊട്നുള്ള slow motion'ല്‍് ഉള്ള വരവ്. കടയുടെ മുന്‍പില്‍ ഏതാണ് "പുതിയ പടം" എന്ന് കാണാന്‍ ഒരുപുരുഷാരം തന്നെ കൂടിയിരുന്നു. ഇവരുടെ ആകാംഷ അറിഞ്ഞുകൊട്നു തന്നെ കൃഷ്ണേട്ടന്‍പോസ്റ്റര്‍ ഒട്ടിക്കല്‍് പതുക്കെയാക്കും. പശ തേഛതിനു ശേഷം ഒരു ബീഡിവലി ഒക്കെ കഴിഞ്. ആ അഞ്ചു മിനിട്ട്നേരത്തേക്ക് കൃഷ്ണേട്ടന്‍ ആണ് അടാട്ട് കളക്ടര്‍.
നസീര്‍ ആരോമാലായുമ്, ഷീല കള്ളിച്ചെല്ലമ്മയായും, ശങ്കര്‍ ചോക്ലേറ്റ് ഹീറോ ആയും, മോനിഷ, മേനകഎന്നിവര്‍ ശാലീന സുന്ദരിമാരായും, സില്‍ക്ക് സ്മിത ശ്രിന്കാര നോട്ടം നോക്കിയിരുന്നതും, മമ്മുട്ടി ബേബിശാലിനിയെ എടുത്തു ഡോക്ടര്‍ ആയി നിന്നതും, മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ടാനായി മീശ പിരിച്ചതുംഉണ്ണിമാന്റെ പെട്ടിക്കടക്ക് മുന്‍പില്‍.

മിനിയുടെ പരിസരത്ത് എത്തുമ്പോള്‍ തന്നെ മണലില്‍ ഇട്ടു കൊണ്ടു കപ്പലണ്ടി വരുക്കുന്നതിന്റെ ഒരു മണംവരും, എല്ലാ സിനിമ കൊട്ടകയുടെയുമ് സ്ഥായി ആയ മണം. അതുപോലെ തന്നെ സൈഡിലെ തട്ടികയില്‍അടിച്ചിട്ടുള്ള crude ഓയിലിന്റെ.

സിനിമ തുടങ്ങാന്‍ വൈകിയാല്‍ ഉള്ള തെറിവിളികള്‍ ശമിപ്പിക്കാനായി സ്ലൈഡ്കള്‍ രംഗപ്രവേശം ചെയ്യും. "ദയവായി സീറ്റില്‍ ചവിട്ടരുട്", "മൂന്നു വയസ്സിനു മേലെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ്‌ എടുക്കണം", "പുകവലിപാടില്ല" അങ്ങിനെ പോകുന്നു. സ്ലൈഡ് എണ്ണം കൂടുമ്പോള്‍ തെറിവിളിയുടെ നീളവും കൂടിയിരുന്നു. കട കടശബ്ദത്തില്‍ Projector പ്രവര്‍ത്തിച്ച്‌ CBFC സര്‍ട്ടിഫിക്കറ്റ് സ്ക്രീനില്‍ തെളിയുമ്പോള്‍ ആ തെറിവിളികള്‍ ഒരുവേലിയിറക്കം പോലെ കുറഞ്ഞു വരും. സര്‍ട്ടിഫിക്കറ്റ്ന്‍റെ വലത്തേ മൂലയില്‍ ഇംഗ്ലീഷ് അക്ഷരം "A" എന്നെഴുതി വട്ടമിട്ടിട്ടുന്ടെന്കില്‍ അവ പിന്നെ കയ്യടികളായി മാറിയിരുന്നതും ചരിത്രം. സിനിമയുടെ കഥപുരോഗമിക്കുമ്പോള്‍് തന്നെ അടുത്തിരിക്കുന്ന ചില സഖാക്കള്‍ കൂര്‍ക്കം വലി തുടങ്ങിയിരുന്നു. ഇന്നിപ്പോള്‍ദുഫായീലുള്ള ഒരു സഖാവ് ഉള്ളില്‍ കാല് നീട്ടി വച്ചു കിടന്നുറങ്ങാന്‍ പ്രത്യേകം ഇഷ്ടിക വരെ സെറ്റ്ചെയ്തിരുന്നത്രേ.
-INTERMISSION-
.................നിം നിം കപ്പലണ്ടി , കപ്പലണ്ടി, ചായ, കാപ്പി........

ഇന്റെര്‍വെല്ലിനു ശേഷം വീണ്ടും ഉറക്കത്തിലേക്കു അല്ലെങ്കില്‍ മിനിയുടെ വളര്‍ത്തു പുത്രന്മാരായ മൂട്ടകളുടെ ലാളനത്തിലേക്ക്.

സിനിമ കഴിഞ്ഞു പുറത്തു കടക്കുമ്പോള്‍ കോളാമ്പിയിലൂടെ മിനി ചോദിക്കുന്നുണ്ടാകും- "ഇനിയെന്ന് കാണുംനമ്മള്‍?" . "അടുത്ത ശനി", എന്നും പറഞ്ഞു പുറത്തു കടക്കുമ്പോള്‍ മനസ്സു നിറയെ ചാരിതാര്‍ത്ഥ്യം തേട്ടിവന്നിരുന്നു (ഇന്റെവേല്‍ നു കുടിച്ച കടുപ്പന്‍ സുലൈമാനിയുടെ) . അപ്പോഴും കോളാമ്പിയിലൂടെ നേര്ത്ത ശബ്ദത്തില്‍ ഗാനം കേള്‍ക്കാം...
"അല്ലിയാമ്പല്‍ കടവിലന്നരക്ക് വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ഞിലാകെ അനുരാഗ കരിക്കിന്‍ വെള്ളം ......................."



2009 ഒക്‌ടോബർ 7, ബുധനാഴ്‌ച

"ഒരു പ്രവാസിയുടെ ഞായറാഴ്ച "

--SCENE 1--
കീര്‍ര്‍ര്‍ര്‍ര്‍ണീമം..............കേരളത്തിന് പുറത്ത് ഏതോ ഒരു വിദൂര ദേശത്ത് ഏതോ ഒരു വീടിലെ ഏതോ ഒരു നായകന്റെ ഉറക്കത്തെ ഭേദിഛ അലാറം ആണ് ഇപ്പൊ നിങ്ങള്‍ കേട്ടത്.

"ഹൊ , നേരം പുലര്ന്നല്ലോ . വീണ്ടും ഒരു ദിവസം. പതുക്കെ പതുക്കെ പ്രഭാതത്തിന്റെ ചിറകില്‍ നിന്നു പുറത്ത് കടക്കുന്ന നായകന്റെ ശ്രമം ആണ് ഇപ്പൊ ക്യാമറയുടെ ഫോക്കസ്.
ഇന്നു ഞായരാഴ്ച്ചയല്ലേ? . ഇപ്പൊ സമയം ആറരയല്ലേ ആയിട്ടുള്ളൂ. അപ്പൊ അലാറം അടിച്ചത് സ്വപ്നത്തില്‍ ആയിരുന്നു. ദൈവമ്മേ.....ഈ monotonous life സ്വഭാവങ്ങളെ മാത്രമല്ല, ചിന്തകളെ വരെ program ചെയ്തിരിക്കുന്നു. എന്തായാലും ഇതില്‍നിന്ന് ഇനി മോചനമില്ല. അപ്പൊ ഇനി ഒരു കുഞ്ഞി ഉറക്കം കൂട്യാവാം."
പഴയ ഏതോ ഒരു audio C.D. തപ്പിയെടുത്ത് വെച്ചപ്പോള്‍ ഒഴുകി വന്ന ഗാനം കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി. വീണ്ടും ഒരു മയക്കത്തിനു പറ്റിയത് തന്നെ. പുതപ്പിനടിയിലേക്കു ഒറ്റ പോക്കാണ്. ഇന്നൊരു അവധി ദിവസാമാനെന്ന മധുര യാഥാര്ത്യതില്‍് പിന്നെ പാതി മയക്കത്തില്‍ കിടന്നു കൊണ്ട് അടാട്ടേക്കൊരു യാത്രയാ. പാറപ്പുറത്തും, കുളക്കടവിലും നടന്നു സുന്ദര സുരഭില സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഒഴുകിയിരുന്ന ഗാനം " നീലവാന ചോലയില്‍ നീന്തിവന്ന ചന്ദ്രികേ". കാപ്പിയുമായി വിളിച്ചുണര്‍ത്തിയ സ്ത്രീരൂപം ഭാര്യയായിരുന്നെന്നു തിരിച്ചറിയാന്‍ ഒരു നിമിഷമെടുത്തു.
നായിക : "ഇതെന്താവോ കാലത്തന്നെ ഗാനമേള "
ചോദ്യം തകര്‍ത്തു. ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഗാനമേളക്ക് എത്രയോ തരുണികളുടെ മനം കവര്‍ന്ന ഗാനമാണ് ഇപ്പൊ പാടികൊണ്ടിരിക്കുന്നത് എന്ന് പറയാന്‍ തോന്നി നായകന്. സന്തോഷകരമായ കുടുംബ ജീവിതത്തിനു അച്ചടക്കം വളരെ വളരെ അത്യാവശ്യമാണെന്ന ഇന്നസെന്‍റ് DIALOGUE ഓര്‍മ്മയില്‍ വന്നപ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ തന്നെ നിന്നു. "മിഴികളില്‍ കോപമോ വിരഹമോ" ഗായകന്‍ ചോദിക്കുന്നു.ഇതൊന്നുമല്ല, "വേണമെങ്കില്‍ ചായ കുടിച്ച്‌ കപ്പു താട" എന്ന ഭാവമാണ് മുഖത് എന്ന് ഗായകനോട് മറുപടി പറയാന്‍ തോന്നി. മിഴികളില്‍ വിരഹവും അമുട്ടും മെത്താപ്പും ഒക്കെ കവിതയിലല്ലേ മാഷേ, അല്ല ഗായകാ. ----

--SCENE 2--
പ്രവാസിയായ നായകന്‍ ഒരു ഞായറാഴ്ച്ചയെ വരവേല്‍ക്കുന്നു, എല്ലാവിധ അലസതയോടും കൂടി. നാട്ടിലായിരുന്നപ്പോള്‍് എല്ലാം ഞായര്‍. അതിന്റെ ഒരംശമെങ്കിലും ഇന്നു തിരിച്ചു പിടിച്ചേ പറ്റൂ. വാശിയില്‍ നോക്കിയാനില്‍ ഒരറ്റത്ത് നിന്നും സുഹൃത്തുക്കള്‍ക്ക് അങ്ങട് കുത്തി തുടങ്ങി.

"HELOOOOOOO. എന്ത്? അമ്പലംകാവില്‍ കൊടിമരം എത്യാ,ഇത്ര പെട്ടന്നോ.....പൂരം ഇപ്രാവശ്യം ഏപ്രില്‍ ലോ അതോ മേയിലോ, ആരാവോ പഞ്ചവാദ്യം .....കോഴിചാതന്‍ എന്ത് പറയുന്നു. .... കൊണ്ട്രു പോയില്ലേ ..പട്ടാളത്തില്‍ നിന്നുപിരിച്ചു വിട്ടോ ..മണി, പാണ്ടി, രഘു ഒക്കെ നാട്ടിലുന്ടെന്നോ, എന്റമ്മേ........രാമന്‍ വരുണ്ടോ ഇപ്പൊ എങ്ങാനും .....LOUD SPEAKER കണ്ടോ, നല്ലതാണോ ? ........നാട്ടില്‍ മഴാന്നോ?........................."
ഫോണ്‍ വെച്ച് തിരിച്ച് ബാല്‍ക്കണി നില്‍ക്കുന്ന നായകന്‍. മുഖത്തെ ഭാവം ഗൃഹാതുരത.
---CAMERA IN LONG FOCUS---
സമയം ഒരു പത്തു പത്തരായിക്കാണുO.
നായകന്‍ നായികയോട് : "ഇന്നെന്താ break fast "
നായിക നായകനോട്: " വേഗം വന്ന് ചപ്പാത്തിക്ക് മാവ് കുഴക്കു മനുഷ്യാ"

--FLASH BACK SCENE , CAMERA BACK TO ജന്മനാട്‌-- കാലത്തു തുമ്പപ്പൂ പോലത്തെ ഈഡ്ഡാളിടെ മുന്‍പില്‍ ഇരുന്നു കൊണ്ട് കല്ല്‌ കടിച്ചെന്നും പറഞ്ഞു അമ്മയുമായി വഴക്കുണ്ടാക്കി ഫുഡ്‌ അടിച്ച് വിടുന്ന നായകനന്റെ ബാല്യകാലം.
background score "രണ്ടു നാള് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"
--CAMERA zoom BACK TO SCENE ----
നായകന്റെ തലച്ചോറിന്റെ philosophical hemisphere
സട
കുടഞ്ഞെണീട്ടു. രണ്ടു പേരും ഒരുമിച്ചു പാചകം ചെയ്തു കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്ന്യാ. . ഭക്ഷണശേഷം ഏഷ്യാനെറ്റ്‌, സൂര്യ, കൈരളി ഇത്യാദികള്‍ പടച്ചു വിടുന്ന capsule വികാരങ്ങളില്‍ മുഴുകി, നീന്തി, തുഴഞ്ഞ്, ഏങ്ങി വലിച്ച് ഉച്ചാക്കി. പുറത്ത് ഭൂമിയെ ബലാത്സംഗം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യന്‍. (കടപ്പാട് VKN). ഉച്ചയൂണിനു ശേഷം വീട്നും കൈരളി തന്നെ. (വിരഹവും, നൊസ്റ്റാള്‍ജിയ യും ഒക്കെ readymade capsule ആക്കി തരുന്ന T.V.Doctor, നീയില്ലായിരുന്നെങ്കില്‍ ഞാനൊരു മനോരോഗിയായേനെ) അങ്ങിനെ ഇരുന്നു ഒരു മയക്കമായി. ഇപ്പൊ രംഗം നായകന്റെ ഉറക്കം ഒരു theme song കൂടി.
--Camera വീണ്ടും back to അടാട്ട് -- ഉച്ചക്കുറങ്ങുന്നവരെ പരിഹസിച്ചു കൊണ്ടു , സൂര്യനെയും വെല്ലു വിളിച്ചു നടക്കുന്ന നായകനും കൂട്ടരും. നായകന്‍ ഉച്ചയുറക്കത്തില്‍് നിന്നും ഉണര്‍്ന്നു . മുഖത്ത് നാളെ ആപ്പീസില്‍് പോകാനുള്ള മടി എന്ന ഭാവം തളം കെട്ടി കിടക്കുന്നുണ്ടോ എന്നൊരു സംശയം. നായകന്റെ ആത്മഗതം "ഇന്നൊന്നു അമ്പലത്തില്‍ പോകണം. (അരക്ഷിതത്വം ഭക്തിയെ ഉണര്‍ത്തുന്നു എന്ന സുഹൃത്തിന്റെ ആപ്തവാക്യം ഓര്‍മ്മയില്‍ വന്നു) .
--Camera in AYYAPPA TEMPLE --
കേരളം മൊത്തത്തില്‍ അമ്പലത്തില്‍ വന്ന പോലെ തോന്നി തൃശൂര്‍ കാരന്‍ നായകനും നായികക്കും ."ഓ എന്നതാ ... " "ഇങ്ങള്ന്താപ്പ ഈ പരീനെ ...." ഇങ്ങനീള്ള പ്രയോഗങ്ങള്ക്കിടയില് "എന്താ ഗടിമോന്‍ വിശേഷം" എന്ന വിശേഷ സ്വരത്തിനായി പരതി നായകന്റെയും നായികയുടെയും കര്‍ണ്ണങ്ങള്‍. --Background score യേശുദാസിന്റെ ഗംഗാ തീര്‍ത്ഥം --

നായകന്റെ വാമഭാഗം ഗമ്പീരമായി നിന്നു പ്രാര്‍ത്ഥന. "വൈകിയാല്‍ നായരേട്ടന്റെ ചായക്കട അടയ്ക്കും" എന്ന നായകന്റെ പ്രഖ്യാപനം വേണ്ടി വന്നു വാമഭാഗത്തെ പ്രാര്‍ത്ഥനയില്‍ നിന്നും ഉണര്‍ത്താന്‍ . നായകന്റെ ആത്മഗതം" നായരേട്ടന്റെ ചായക്കടയില്ലെന്കില്‍ ഇവിടെ ഒരു അമൃതാനന്ദമയി പിറവിയെടുതെനെ , അമ്മേ ഭാഗ്യം, ഒരു Competition ഒഴിവായി"
ചായക്കടയിലെ ചൂടുള്ള ദോശയുടെ രുചിയില്‍ നായകന്‍ ആലോചിക്ക്യായിരുന്നു. "ഈ എഴുതികൊണ്ടിരിക്കുന്ന കഥയ്ക്ക് എന്ത് പേരിടണം" എന്ന്.
ചിന്തയെ
വ്യാഖ്യാനിച്ചു കൊണ്ടു നായികയുടെ ഉത്തരം: "ഒരു പ്രവാസിയുടെ ഞായറാഴ്ച"
നായകന്‍: അമ്പടി ഭയങ്കരി, നീ SIGMOND FREUD നെ കടത്തി വെട്ടിയിരിക്കുന്നു.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്