2009 ജൂലൈ 10, വെള്ളിയാഴ്‌ച

അമ്പലംകാവിലെ അണ്ട കടാഹ വിസ്മയങ്ങള്‍

ഷാജഹാന്‍ തന്റെ പ്രണയിനിക്ക് സമര്‍പ്പിച്ച താജ് മഹല്‍ പോലെ, ഞങ്ങള്‍ അടാട്ടുകാര്‍ക്കും ഉണ്ടായിരുന്നു , അല്ല ഉണ്ട് ഒരു പാടു സ്ഥലങ്ങള്‍. അതെ നമ്മടാള് പറയും പോലെ "അണ്ട കടാഹ വിസ്മയങ്ങള്‍" .
സഹ്യര്‍ദ്രിയുടെ സൌന്ദര്യത്തെ വെല്ലുവിളിച്ചിരുന്ന അടാട്ട് കുന്ന് ഇപ്പോള്‍ സുന്നത്ത് കഴിഞ്ഞിട്ടും പഴയ സൌന്ദര്യം ഒട്ടും കളയാതെ "ജെ . ഡി. എഫ്‌ " മൂല എന്ന പുനര്‍ നാമം സ്വീകരിച്ചപ്പോള്‍ വേദനിച്ചവര്‍ ഉണ്ടായിരുന്നു.(ഇവിടെ ഇരുന്നു അടിക്കുന്ന വീരന്റെ നാമധേയം പിന്നീട് സ്ഥല പേരായി എന്ന് ചരിത്രം) പക്ഷെ ഈ വട്ടം ആ സ്ഥലം പോയി കണ്ടപ്പോള്‍ ഓര്മ്മ വന്നത് "തൂവനതുംബികളില്‍" ജയകൃഷ്ണനും ക്ലാരയും ചിലവഴിച്ച കുന്നുംപുറത്തെ ആ രസികന്‍ സീന്‍ ആണ്. മണ്ണെടുത്ത്‌ മൊട്ടയായി നില്‍്ക്കുന്ന കുന്ന് ഇപ്പോളും കിടിലന്‍ തന്നെയാ എന്ന് പറഞ്ഞു ആരോ. ആ പറഞ്ഞവനു തന്നെയാവട്ടെ ആദ്യത്തെ തേങ്ങ . മൊത്തം അടട്ടിന്റെ സൌന്ദര്യം രാത്രിയുടെ നിലാവില്‍ കാണിച്ചുകൊടുത്തു , കാഴ്ചയില്‍ മതിവരാതെ നില്‍കുന്ന പ്രവാസിയെ തോളില്‍ തട്ടി "കാണാം നമുക്കു ഇനി അടുത്ത വരവില്‍ " എന്ന് പറഞ്ഞു യാത്രയാക്കുന്നു ഈ സ്ഥലം.

കുന്നിന്‍ പുറത്തു നിന്നും ഇറങ്ങി നേരെ വന്നാല്‍ ഉള്ള ഇടവഴി . നേരെ എത്തി മുണ്ടന്‍ സ്മാരകം പണ്ടു നിന്നിരുന്ന ഇടം . അതെ, നേരത്തെ പോസ്റ്റില്‍ പറഞ്ഞ ജോസേട്ടന്റെ ആസ്ഥാനമായിരുന്ന തുന്നല്‍ കട മണ്ണോടു ചേര്‍ന്നപ്പോള്‍ വിദൂരങ്ങളില്‍ ഇരുന്ന് വേദനിച്ചു ഒരുപാടുപേര്‍. മുണ്ടന്‍ സ്മാരകം ഒരു കാലത്ത് അടാടിന്റെ , ഹൃദയമായിരുന്നു, സ്പന്ദനമായിരുന്നു, പിന്നെന്തൊക്കെയാണോ അതോക്ക്യായിരുന്നു. ജയലളിതയും, ദാരസിങ്ങും, സ്പീല്‍ ബര്‍ഗും, പെലെയും ജോസേട്ടന്റെ കളിതോഴന്മാരായി വിളയാടിയിരുന്ന പുലിമട. ഒരു തലമുറയുടെ "ഇന്നെന്ത്‌ ?" എന്ന ചോദ്യത്തിന്റെ ഉത്തരം. അവിടെ പിറവിയെടുത്ത ഇതിഹാസങ്ങളുടെ ചെറിയ ഒരു മണം അടിക്കാന്‍ പഴയ പോസ്റ്റ് ഒന്നു നോക്ക്യാല്‍ നന്നാവും. ജോസേട്ടന്‍ തിരിച്ചു വരികയാണെങ്കില്‍ അമേരിക്കയിലും ദുബായിലും ബോംബയിലും ഒക്കെ ഉള്ള ഒരുപാടു പ്രവാസികള്‍ അടാട്ട് സ്ഥിരതാമാസമാകും എന്നത് കുറച്ചു അതി ഭാവുകത്വത്തോടെ തന്നെ ഇവിടെ പറയുന്നു. അതിരാവിലെ തന്നെ ജോസേട്ടന്റെ അമൃത വാണി ഒരക്ഷരം പോലും വിടാതെ കേട്ടു കൊണ്ടു അവസാനം "താന്‍ ഈ പറയുന്നതു മുഴുവന്‍ നുണയല്ലെടോ?" എന്നും പറഞ്ഞിറങ്ങി അത് മുഴുവന്‍ പ്രസിദധമാക്കിയിരുന്ന ഒരു കൂട്ടം പ്രസാദകര്‍, ആത്മാര്‍ഥതയുടെ പര്യായമായി..... ഒട്ടും പരിഭവമില്ലാതെ വീണ്ടും ഈ ചാക്രിക പ്രവൃത്തി തുടര്‍ന്നിരുന്ന ദിവസങ്ങള്‍. കുറച്ചു അങ്ങട് മുന്നോട്ടു വച്ചാല്‍ വായനശാല . വായനശാല - നാടക റിഹേഴ്സല്‍ മുതല്‍ മൂട്ട പിടുതതങ്ങളുടെ വരെ കേന്ദ്രമായിരുന്ന ഈ സ്ഥലം ; അടാട്ടിന്റെ സാംസ്കാരിക കേന്ദ്രം ഇന്നു നില്‍ക്കുന്ന കാഴ്ച കണ്ടാല്‍ കഷ്ടം തന്യാ. നാല് വശവും മൂടികെട്ടി കോണ്‍ക്രീറ്റ് കാടാക്കിയത് മുതല്‍ തുടങ്ങിയ കഷ്ട കാലം ഇനിയും തീര്‍ന്നിട്ടില്ല എന്ന് തോന്നുന്നു. അത് കൊണ്ടു അധികം ആ വഴക്ക് പോണ്ട.
നേരെ ഇറങ്ങിയാ നമ്മള്‍ ആല്‍തതറ എത്തി. അനിയേട്ടന്‍, കൃഷ്ണകുമാരേട്ടന്‍, ജോസഫേട്ടന്‍ എന്നീ നിര വക്കുകള്‍ കൊണ്ടു അംഗം കുറിക്കുന്ന തട്ട്. ആല്‍ത്തറയില്‍ ഇരുന്നുള്ള സന്ദ്യകളിലെ കൂട്ടം കൂടല്‍ സത്യന്‍ അന്തികാട് സിനിമയിലെ രംഗങ്ങളുടെ പുനസ്രിഷ്ടിയാകും.ഇക്കാരണം കൊണ്ടു തന്നെ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" എന്ന ചിത്രം കണ്ടപ്പോളുണ്ടായ സന്തോഷം കുറച്ചൊന്നുമല്ല. (നിങ്ങള്‍ ഗ്രാമങ്ങളെ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ആ സിനിമ ഒന്നു പോയി കാണുക)ശിശിര - വസന്ത - ഹേമന്ത- ഗ്രീഷ്മ -വര്‍ഷങ്ങളില്‍ വിവിധഭാവങ്ങളില്‍ നില്‍കുന്ന ഈ പരിസരം ഞങ്ങള്‍ അടാട്ടുകാരുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നു തന്നെ. ഇരിക്കട്ടെ ഒരു തേങ്ങ കൂടി ആല്‍തറ ദേവിക്ക്. നേരെ നടന്നു പോസ്റ്റ് ഓഫീസിലെ ഇടവഴി യിലെത്തി.
പോസ്റ്റ് ഓഫീസിനെ പറ്റി പറയുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പറയാതെ വയ്യ. പോസ്റ്റ് ഓഫീസിലെ കറുത്ത കറക്കുന്ന ഫോണ്‍, പോസ്റ്റ് മാന്‍ പ്രേമേട്ടന്‍, ടീച്ചര്‍. കറക്കുന്ന ഫോണ്‍ - അടട്ടുകാരനെ നിമിഷര്ധം കൊണ്ടു പുറം ലോകവുമായി , എന്ന് പറഞ്ഞാല്‍ തൃശൂര് വരെ (കാരണം ലോക്കല്‍ മാത്രേ ഉണ്ടായിരുന്നു ഉള്ളോ) ബന്ദിപ്പിചിരുന്ന യന്ത്രം. നമ്പര്‍ കറക്കുമ്പോള്‍ ഉള്ള കര കര ശബ്ദം .....
പിന്നെ പ്രേമേട്ടന്‍- പ്രേമലേഖനങ്ങള്‍ മാത്രം എത്തിച്ചു കൊടുത്തിരുന്നത് കൊണ്ടല്ല പ്രേമേട്ടനായത്. അത് അദ്ധേഹത്തിന്റെ പേരാണ്. കാമുകീ കാമുകന്മാര്ര്‍ക്കും, ഊമക്കതെഴുതിയിരുന്നവര്ക്കും ഏക ആശ്രയം പ്രേമേട്ടന്‍. നിഷ്കളങ്കമായ ആ ട്രേഡ് മാര്‍ക്ക്‌ ചിരി. അതിലൂടെ കൈമാറിയിട്ടുള്ള സന്ദേശങ്ങള്‍, അവയ്ക്ക് വല്ല കണക്കുമുണ്ടോ? തിരുത്തിലെ സയിവിനു കത്ത് വന്നാല്‍ മാത്രമാണ് പ്രേമേട്ടന്റെ മുഖത്തെ ചിരി മായുന്നത്. കാരണംരണ്ടു രണ്ടര കിലോമീറ്റര്‍ നടന്നും പിന്നെ മഴക്കാലമാനെന്കില്‍ വന്ജിയിലും യാത്ര ചെയ്താലാ തിരുതിലെതാ. നേരെ നമുക്കു രണ്ടടി വടക്കോട്ട്‌ വെച്ചു സണ്‍ വിന്റെ കടയിലെത്താം. ആനകളുടെ പടങ്ങള്‍ വെട്ടിയെടുത്തു ചുമര് അലങ്കരിച്ചിരുന്ന സണ്‍ വിന്‍. ഇപ്പൊ ആ ചുമരില്‍ ഒന്നും കാണാനില്ല. പത്രോസേട്ടന്റെ ഭാഷയില്‍ സണ്ണി എന്ന സണ്‍ വിന്‍. ഓ പത്രോസേട്ടന്‍- അമ്പലംകാവിന്റെ മറ്റൊരു മുഖ മുദ്ര അതാണ്‌ പത്രോസേട്ടന്‍. സ്നേഹം എന്ന വാക്ക് അവതാരമായി പിറവിയെടുത്തപ്പോള്‍ അത് പത്രോസേട്ടനായി. പത്രങ്ങളില്‍ നിന്നും പത്രങ്ങളിലെക്കുള്ള പ്രയാണത്തിനിടയില്‍ എല്ലാറ്റിനും സാക്ഷിയായി പത്രോസേട്ടനുണ്ടാകും സണ്‍ വിന്റെ ബെന്ജിന്മേല്‍. ഇപ്പോള്‍ ഇരിപ്പ് ആല്‍തതറയിലാക്കി. വെടിക്കെട്ടില്ലാത്ത തൃശൂര്‍ പൂരം ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പറ്റോ , അതുപോലെയാ പത്രോസേട്ടന്‍ ഇല്ലാത്ത അമ്പലംകാവ്. ഒരു എം. ടി. ഭാഷയില്‍ പറയാണെങ്കില്‍ ജനനവും, മരണവും, പ്രേമവും കണ്ട പാത്രോസേട്ടന്‍. ഗുഡ് മോണിംഗ് പറയുമ്പോള്‍ അട്ടഹാസതോടെയുള്ള ആ മറുപടി ചിരി ഏത് അടാട്ടുകരനാ മറക്കാന്‍ കഴിയാ?

രണ്ടടി തെക്കോട്ട്‌ വെക്കാം നമുക്കിനി. ഹൈ , വലതു വശത്ത് അമ്പലം കാവ് ദേവിയോട് ചേര്‍ന്നു നില്ക്കുന്നു ഭീമ വേഷത്തില്‍ ആരായാലും ആല്‍ത്തറയും. "കുട്ടിക്കാലം "എന്ന മലയാള വാക്ക് കേള്‍കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന ആദ്യ ചിത്രം. ആല്‍ത്തറ ഞങ്ങളില്‍ എന്ത് ഭാവമാണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ഇപ്പൊ വാക്കില്ല. തപ്പിയെടുത്തിട്ട് പിന്നീടെഴുതാം. എന്നാലും ഇപ്പൊ പറയാണെങ്കില്‍ ഈ ഒരിടവും ഒരു അണ്ട കടാഹ സ്പോട്ട് തന്നെ. കാലത്തു മുതല്‍ പോകുന്ന ബസുകളുടെ കണക്കെടുതിരുന്നും, വഴിയിലൂടെ പോകുന്നവനെ കുറിച്ചു പറഞ്ഞും, പോകുന്നവളെ കുറിച്ചു പറഞ്ഞും ചിലവഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും അടാട്ട്.
നേരെ തെക്കോട്ട്‌ വക്കാം ഇനി. ലക്ഷൃം കുറൂര്‍ പാറയാണ്. ആര്യംപാടം മൂലയിലെതിയപ്പോഴേക്കും കവി സമ്മേളനം പോലെ എന്തോ ഒരു അന്തരീക്ഷം. ഏതോ മഹാ കവി ഇരുന്നു പാടുന്നു
ആടുപാമ്പേ ആടാടുപാമ്പേആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

അതെ നിങ്ങള്‍ വിചാരിച്ചത് ശര്യന്യാ . തിരുവില്‍ നില്‍ക്കുന്ന ഈ മന്ദിരം കള്ള് ഷാപ്പ്‌ തന്നെ. ആര്ര്‍ക്കും ഒരു ശല്യവുമില്ലാതെ ആടുപാമ്പേ കളിക്കുന്ന ഒരുപാടു കലാകാരന്മാരെ വാര്‍ത്തെടുത്ത അടാട്ടിന്റെ കലാമണ്ഡലം.

മുന്‍പില്‍ നില്ക്കുന്ന ആര്യന്‍ പാടം. വേനലവധിക്ക് ഫുട്ബാള്‍ കളിച്ചിരുന്ന സ്ഥലം എന്ന പേരിലാണ് ആര്യന്‍ പാടം ചരിത്രത്തില്‍ കുറിക്കപ്പെടെണ്ടത് എന്ന് പറയും ഞങ്ങള്‍. കൊയ്ത്തു കഴിഞ്ഞു നിരപ്പായി കിടക്കുന്ന ഇവിടെ കളിയ്ക്കാന്‍ ഇറങ്ങുമ്പോള്‍ ഉള്ള വൈക്കോലിന്റെയും ഉണങ്ങിയ ചേറിന്റെയും കലര്ന്ന ഒരു മണമുണ്ട്. അത് ഒരിക്കലും മറക്കാന്‍ പറ്റില്ല. വലതു കാലിലും ഇടതു കാലിലും ഒരേ കാലിന്റെ ബൂട്ട് ഇട്ടു ഇറങ്ങി എല്ലാവരെയും അമ്പരപ്പിച്ച രാധേട്ടന്‍, അങ്ങിനെ എത്രയെത്ര അവധാരങ്ങള്‍ക്ക് പിറവി കൊടുത്തു ഈ ഇടം. അടുത്ത വെടി ആര്യന്‍ പാടത്തിനും അവിടെ പിറവിയെടുത്ത കഥാപാത്രങ്ങള്‍ക്കും വേണ്ടി. നേരെ തെക്കോട്ട്‌ വച്ചു കുരിശു പള്ളി വഴി കുറൂര്‍ പാറയില്‍ എത്തി ഇപ്പൊ. ഏത് പ്രളയത്തിലും മു‌ടാത്ത കുറൂര്‍ പാറ - കൊയ്ത്തു കാലമായാല്‍ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ഈ സ്ഥലം ഒരു നിഘൂട സൌന്ദര്യത്തിന്റെ ഇടമാണ്. ഇവിടെ ഇരുന്നുള്ള സൂര്യാസ്തമയക്കാഴ്ച, അതിന്റെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ ഞാന്‍ ആളല്ലേ. ....
കുറൂര്‍ പാറയില്‍ നിന്നു പടിഞ്ഞാട്ടു പുത്തന്‍ കോള്‍ വഴി വച്ചു മുള്ളൂര്‍ ബണ്ടില്‍ എത്തിയപ്പോള്‍ അവിടെ കണ്ടത് കായലിനോട് കിന്നാരം പറഞ്ഞു നില്ക്കുന്ന കല്പ്പവൃക്ഷങ്ങളെ. (ചോദ്യം: തെങ്ങ് എന്ന് പറഞ്ഞാല്‍ പോരെ മോനേ. . ഉത്തരം: പോര പോസ്റ്റ് അവസാനിക്കാറായി, അപ്പൊ കുറച്ചു കനം വേണമെന്നു പറഞ്ഞിട്ടുണ്ട് ഗുരുക്കള്‍ ). എന്താണ് പറഞ്ഞെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞ തെങ്ങ് ഒരു കുഞ്ഞുണ്ണി മാഷ്‌ ഫാന്‍ ആയിരുന്നു.

"അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ സൃഷ്ടിച്ചതീശ്വരനെന്നെ നന്നായ്‌ ,
എന്നിട്ടതില്‍ ബാക്കിയെടുത്താവാം ഒപ്പിച്ചതീ പ്രപഞ്ചത്തെയും"

അതെ പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ പൊന്തി വന്ന അണ്ടകടാഹത്തിലെ രണ്ടു വിസ്മയങ്ങള്‍. കുറൂര്‍ പാറയും, മുള്ളൂര്‍ ബണടുഠ. സിന്ദൂര വര്‍ണ്ണം ചാര്‍ത്തിയ സന്ദ്യ തന്‍ ചായത്തില്‍ സുന്ദരിയായി നില്‍കുന്ന കുറൂര്‍ പാറയുടെ എതിര്‍ ഭാഗത്ത് വെല്ലുവിളിയായി നിലാവില്‍ കുളിച്ചു നില്‍ക്കുന്ന മുള്ളൂര്‍. അടാട്ടുകാരന്റെ അസ്തിത്വത്തെ വാര്‍ത്തെടുത്ത അണി്യറകള്‍. രാത്രിയുടെ ആലസ്യത്തില്‍ ചിലവഴിക്കാറുള്ള സൌഹൃദത്തിന്റെ ഒത്തുചേരലുകള്‍ ,ഓരോരുത്തന്റെയും സ്വത്വമാക്കിയ വിസ്മയക്കാഴ്ച്ചകള്‍. .....

ഗൃഹാതുരത എന്താണെന്നറിയാതിരുന്ന നാളുകളില്‍ ഈ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കിയിരുന്നത് "ഇന്നലെകള്‍ എന്ന ഓര്‍മ്മകളുടെ ധാന്യ ശേഖരവും, അതില്‍ ഏകാകിയായ സ്വപ്നാടകന്റെ നാളെകള്‍ക്ക് വേണ്ടിയുള്ള കതിരുകളുമായിരുന്നു" ................. മരങ്ങള്‍ തോളുരുമ്മി നില്‍ക്കുന്ന ഗ്രാമം മാത്രം ലോകമായിരുന്ന അവന്‍ പുതിയ വാതയാനങ്ങള്‍ തേടി യാത്രയാരാമ്പിച്ചപ്പോള്‍, നഷ്ടപ്പെട്ട ഈ സ്വപ്ന ഭൂമി കയ്യെത്താ ദൂരെയായി. എങ്കിലും ഈ പെരുവഴിയമ്പലട്തില്‍ എത്തിയവന് ആ സ്വപ്നഭൂമിയിലെക്കുള്ള ഒരു ഇടത്താവളം, അല്ലെങ്കില്‍ ജീവിതത്തിന്റെ സായന്തനതിലുള്ള ഒരു പ്രതീക്ഷ തന്‍ ചൂണ്ടുപലകയാകട്ടെ ഈ പോസ്റ്റ് എന്നാശിച്ചു കൊണ്ടു അവസാനത്തെ തേങ്ങയും ഉടക്കുന്നു, ഇത്രയും വായിച്ചിരുന്ന നിങ്ങള്‍ക്ക് വേണ്ടി.

ശുഭം...............

2009 ജൂലൈ 8, ബുധനാഴ്‌ച

മുണ്ട വേലായുധ ചരിതം


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അമ്പലംകാവിന്റെ നിത്യഹരിത നായകന്മാര്‍ ആയ ജോസേട്ടനിലെക്കും വേലയിധേട്ടനിലെക്കും വീണ്ടും ഒന്നു കൂടി തിരിച്ചു പോകാമെന്ന് തോന്നുന്നു. കാരണം അത് കാലത്തിന്റെ ആവശ്യമത്രേ. ഇങ്ങനെയുള്ള "സംഗതികള്‍" പേറ്റന്റ്‌ ചെയ്യാമെന്ന ഒരവസ്ഥ വരികയാണെങ്കില്‍ തീര്ച്ചയായും ഫയല്‍ ചെയ്യുന്ന ഓഫീസിലെ ആള്‍ ശരിക്കും തെണ്ടിയത് തന്നെ . അതുകൊണ്ട് ഇനി പറയുന്ന സംഗതികള്‍ "അമ്പലംകാവ് കോപ്പി റൈറ്റ് നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു".
(കാലം: "ഒരിടത്തൊരു ഫയല്‍വാന്‍" എന്ന സിനിമ റിലീസ് ചെയ്തിരുന്ന സമയം) ജോസേട്ടന്‍ ഒരു നാള്‍ തന്റെ പൂര്‍വ സുഹൃത്ത് ദാര സിംഗിനെ കാണാന്‍ പോയി. രണ്ടു പേരും സംസാരമൊക്കെ കഴിഞ്ഞപ്പോള്‍ ദാര സിങ്ങിന് ഒറ്റ വാശി. "പഴയപോലെ " രണ്ടു പേര്‍ക്കും ഗുസ്തി ഒന്നു പരീക്ഷിക്കണം എന്ന്. ദാര സിങ്ങിന്റെയ്‌ നിര്ഭന്തത്തിനു അവസാനം ജോസേട്ടന് വഴങ്ങേണ്ടി വന്നു. ഇനി കുറച്ചു നേരത്തേക്ക് സ്ക്രീനില്‍ പൊട്ടലും ചീറ്റലും മാത്രം. അടുത്ത രംഗത്തില്‍ ജോസേട്ടന്‍ കാലത്തു പല്ലു തേച്ചു കൊണ്ടു വീടിനു ഉമ്മറത്ത്‌ നില്‍കുമ്പോള്‍ ദാരസിംഗ് ചടഞ്ഞു കൂടി ടൂത്ത് പേസ്റ്റ് എടുത്തു ഇരിക്കുന്നു. ജോസേട്ടന്‍ പറഞ്ഞു -" തേക്കു ദാരൂ, എന്താ കുട്ടികളെ പോലെ ". പിന്നെ നിര്ഭന്തിപ്പിച്ചപ്പോളാണ് കാര്യം മനസ്സിലായത്, ദാരുവിന്റെ പെരുവിരല്‍ ഓടിഞ്ഞിരിക്കുന്നു. അതിന് ശേഷം ജോസേട്ടന്‍ ഒരിക്കലും ദാരസിങ്ങുമായ് ഗുസ്തി പിടിച്ചിട്ടില്ലത്രേ.

2009 ജൂൺ 24, ബുധനാഴ്‌ച

ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം -4

മുന്‍പത്തെ പോസ്റ്റിന്റെ തുടര്‍ച്ച ---
രാത്രി കലാപരിപാടിയൊക്കെ കഴിഞ്ഞു ഓരോരുത്തനും വീട്ടിലെത്തുമ്പോള്‍ പുഞ്ചിരി തൂകിയിരിക്കുന്ന പഠന പുസ്തകങ്ങള്‍ . നാണ്‌ാരെ പറയുന്ന പോലെ "ഇതു നോവലില്‍ പറയുന്നത്". ശരിക്ക് പറഞ്ഞാല്‍, വൃത്തികെട്ട ഈ വര്‍ഗത്തിനെ കാണുമ്ബൊള്‍് അപ്പോഴത്തെ അവസ്ഥ പറയാണെങ്കില്‍ "ഉള്ള കാശിനു പട്ടയുമടിച്ച്‌ ഒന്നുമാകാതെ, ഇതെല്ലാം എന്തിനായിരുന്നു" എന്ന ഭാവത്തില്‍ നില്‍ക്കുന്ന സര്‍ക്കസ്‌ കുഞ്ഞയ്യപ്പേട്ടന്റെ മാനസികാവസ്ഥായിരുന്നു അപ്പോള്‍.
ഇനി വാസൂന്റെ ഭാഷയില്‍ കുറച്ച് ആലങ്കാരികമായി തെന്നെ പറയണംച്ചാല്‍ ഇന്ന പിടിചോളിന്‍. "കളിയുടെ ആലസ്യവും, സന്ദ്യയെന്ന സുന്ദരിതന്‍ സൌന്ദര്യവും നുണഞ്ഞു നാലുകെട്ടിലെത്തുമ്പോള്‍, ഒരു ചെറു പുഞ്ചിരിയോടെ എതിരേറ്റീരുന്ന പുസ്തകങ്ങള്‍. അവരെ കാണുമ്പോള്‍ ദ്രൌപദിയെ പോലും ചൂതില്‍ നഷ്ടപ്പെട്ട് കൌരവ സഭയില്‍ നമ്രശിരസ്കനായി നില്‍ക്കുന്ന യുധിഷ്ടിരനെയാ ഓര്മ്മ വര്യാ ". എന്താ പോരെ.

വാടാ ഒരു കൈ നോക്കാമെന്ന് വെല്ലു വിളിച്ചു നില്‍ക്കുന്ന സയന്‍സ്. അതിനുള്ളില്‍ അഹങ്കാരത്തോടെ അതാ ഇരിക്കുന്നു ലോകത്തുള്ള എല്ലാ കണ്ടുപിടുതതങ്ങളിലും കൈ വെച്ച ന്യൂട്ടെട്ടന്‍. എല്ലാ കണ്ടുപിടുതങ്ങളെയും രണ്ടു "കുഞ്ഞു കുട്ടി" അണുവിനെ കൊണ്ടു അവസാനിപ്പിച്ച ഐന്ന്സ്ററീന്‍ എന്ന വെടിക്കെട്ടുകാരന്‍ ജോസേട്ടന്‍ (തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിലൂടെ കവിത വിരിച്ച ആളാണ് ജോസേട്ടന്‍) . ന്യൂട്ടണ്‍'സ ലോ പഠിക്കുമ്പോള്‍ ഒരുമ്പെട്ടോന്റെ തലയില്‍ ആപ്പിളല്ല ഇടിത്തീയാണ് വീഴെണ്ടിയിരുന്നത് എന്ന് തോന്നിയിരുന്ന നിമിഷങ്ങള്‍. ഇന്നേരമായിരിക്കും കളിയില്‍ പറ്റിയ പരിക്കിന്റെ ഒക്കെ നീറ്റല്‍ പുറത്തു വരുന്നത്. ഈ വേദനയെങ്ങാനും പുറത്തു കാണിച്ചാല്‍ ഇടിയുടെ പെരുന്നാളാകുമെന്ന ഭീകര സത്യം അറിയുന്നത് കൊണ്ടു "മൌനം വിദ്വാനു ഭൂഷണം" ആയിരുന്നു ഭാവം.
മേല്പ്പറഞ്ഞ ഈ ദുര്യോടന ദുശാസനന്മാര്‍ക്കിടയിലും “Cheeses from Liverpool” എഴുതിയ Jerome.K Jerome ,ഇന്ദുലേഖ എന്ന മോഹന കാവ്യം സൃഷ്‌ടിച്ച ചന്തു മേനോന്‍. കബൂളിവാലയിലൂടെ പുതിയ ഒരു ലോകം തന്നെ തുറന്നിട്ട ടാഗോര്‍, പരിണാമ സിദഥാന്തലൂടെ ലോകത്തിലെ മതങ്ങളെ മൊത്തം വെല്ലു വിളിച്ച Nexalite Darwin. ,ഇവരൊക്കെ പഠന പുസ്തകങ്ങളിലെ ആരാദ്യ പുരുഷന്മാരായിരുന്നു എന്ന് പറഞ്ഞാല്‍ അത് ജാടയാകില്ല.

പഠന കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ, നമുക്കു വീണ്ടും അമ്പലംകാവ് മൂലയിലേക്ക് തന്നെ പോകാം. .. ഇനി പറയാന്‍ പോകുന്നത് ഗ്രാമങ്ങളിലെ ഒളിമ്പിക്സ് ആയിരുന്ന പഞ്ചായത്ത് മേളകള്‍ എന്ന കേരളോത്സവങ്ങളെ കുറിച്. സെപ്റ്റംബര്‍ മാസത്തില്‍ തുടങ്ങിയിരുന്ന ഈ മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ വളരെ നേരത്തെ തന്നെ തുടങ്ങും. ഒരുക്കങ്ങളെ കുറിച്ചു പറയുമ്പോള്‍ ഓട്ടം പ്രാക്ടീസ് ചെയ്യ്യാന്‍ എന്ന വ്യാജേന അതിരാവിലെ നടത്താറുള്ള വിക്രിയകളെ കുറിച്ചു എങ്ങിനെ പറയാതിരിക്കും. പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ വീട്ടില്‍ നിന്നും ചാടും. പിന്നെ ഓരോ വീട്ടില്‍ കയറി ഓരോരുതനെയും വിളിച്ചിറക്കി കൊണ്ടു വരിക എന്നതാണ് പണി. ഇതിന്റെ കാര്‍മികത്വം ജോഷി , റാവു എന്നീ സ്ഖാക്കള്‍്ക്കാ. വിളിയുടെ ഉത്തരമായി വീട്ടില്‍ വെളിച്ചം കണ്ടാല്‍ അവന്‍ വരുമെന്നാണ് സിഗ്നല്‍. ഈ സാങ്കേതികത്വം ഏറ്റവും കൂടുതല്‍ ഉപയോകിച്ചത് ദിനേശന്‍ എന്ന ഞങ്ങളുടെ "കൊമ്പന്‍". വിളി കേട്ട ഉടനെ കൊമ്പന്‍ ലൈറ്റ് ഇടും. വരുമെന്ന പ്രതീക്ഷയില്‍ എല്ലാവരും അടുത്ത വീട്ടിലേക്ക് പോകുമ്പോളായിരിക്കും കൊമ്പന്റെ "രണ്ടാമുറക്കം" . അമ്പലംകാവ് മൂല മുതല്‍ അടാട്ട് ചന്ത വരെയാണ് ഓട്ടം.ഓട്ടം കഴിഞ്ഞു വന്നാല്‍ പിന്നെ EXERCISEആണ്. DAMPELSആയി ഉപയോകിച്ചിരുന്നത് അമ്പലംകാവില്‍ വെടിപോട്ടിക്കാന്‍ ഉള്ള കതിനയായിരുന്നു. ഏറ്റവും വലിയ കതിനാ തേടിപ്പിടിച്ചു അലറിയിരുന്ന ഞങ്ങളുടെ കൊണ്ടരാന്‍. പാണ്ടി നയിച്ചിരുന്ന അരി്വെപ്പുകാര് എന്ന സംഘം ചെറിയ കതിനകളില്‍ അഭയം പ്രാപിച്ചിരുന്നു എന്നതും ഇവിടെ ഇപ്പോഴാണ് ഓര്‍ത്തത്‌ . ഓട്ടത്തിനിടയില്‍ പിറവിയെടുത്ത കഥകളുടെ ഒരു നിര തന്നെയുണ്ട്‌. ഒരു തലമുറ പിന്ഗാമികള്‍്ക്ക് കൊടുക്കുന്ന നിധിയായ കഥകള്‍. ഇങ്ങനെ ഞങ്ങള്‍ മുന്‍ തലമുറയില്‍ നിന്നും കേട്ട ഒരു ഓട്ട കഥ ഇവിടെ വിവരിക്കുന്നു.
അവരുടെ കാലത്തു കൊഴിയായിരുന്നത്രേ അലാറം. ഏറ്റവുമാദ്യം കൊഴികൂവല്‍ കേട്ടവന്‍ മറ്റുള്ളവരെ വിളിച്ചുര്ത്തുഠ എന്ന് അലിഖിത നിയമം. അങ്ങിനെ ഒരു ദിവസം ഓട്ടവും EXERCISE കഴിഞ്ഞിട്ടും നേരം പുലരുന്നുമില്ല പപ്പേട്ടന്റെ RAJDOOT വരുന്നുമില്ല. പുലരിയുടെ നിഘൂടമായ നിശബ്ദദയെ ഭേതിച്ചുകൊണ്ടുള്ള പപ്പേട്ടന്റെ രാജ്ദൂതില്‍ ഉള്ള വരവായിരുന്നു നേരം വെളുക്കാന്‍ പോകുന്നതിന്റെ ലക്ഷണം. പിന്നെയും രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടനത്രേ സൂര്യന്‍ സുഗുനേട്ടന്ടെ വീടിന്റെ മുകളില്‍ വന്നു "GOODMORNING" പറഞ്ഞത് . അന്ന് കോഴി നേരത്തെ കൂവിയതാണോ , സൂര്യന്‍ വൈകി ഉദിച്ചതാണോ എന്ന ചര്ച്ച ഇന്നും നടക്കുന്നു ആല്‍ത്തറയില്‍.

പറഞ്ഞു വന്നത് പഞ്ചായത്ത് മേളകളെ കുറിച്ച്. ക്ലബ്ബ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍. കല കായിക വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിന്റെ കുത്തകാവകാശികളായി ബ്ലൂ സ്റ്റാര്‍ മരതകയും ആര്‍ട്സ് ക്ലബ്ബ് പുരനാട്ടുകരയും. സമ്മാനദാനചടങ്ങില്‍ "ബ്ലൂ സ്റ്റാര്‍ മരതക" എന്ന ബാലെന്ദ്രേട്ടന്റെ നീട്ടിയുള്ള വിളി ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നു. മൊത്തം പോയിന്റ്‌ നിലയില്‍ ഞങ്ങളുടെ ക്ലബ്ബ് ആയ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്ട് ക്ലബ്ബ്, അടാട്ട് മൂന്നോ നാലോ സ്ഥാനതായിരുന്നെന്കിലും തിരഞ്ഞെടുത്ത ഇനങ്ങളായ ക്രോസ് കണ്‍ട്രി , ഷട്ടില്‍ ബട്മിന്റോന്‍, ശാസ്ത്രീയ സംഗീതം, കവിതാരചന, തിരുവാതിരക്കളി, എന്നീ ഇനങ്ങളില്‍ മുടിചൂടാമാന്നന്മാരായിരുന്നു ഞങ്ങള്‍.

വാശിയേറിയ മത്സരം നടന്നിരുന്ന ഇനം പിന്നെ നാടകമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയിപ്പിച്ചിരുന്ന നടകവേദികള്‍. പേരുകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പൊ തന്നെ അതിന്റെ ആ ചൂടു കേറും . SAMUEL BECKETTന്‍റെ "ഗോഥോയെ കാത്തു"എന്ന നാടകവുമായി പുറനാട്ടുകര ക്ലബ്ബ്, ചെമ്പകരാമന്‍ എന്ന നാടകവുമായി രചനയിലും സംവിധാനത്തിലും ഏവരേയും ഇരുത്തിയ തോമാസേട്ടന്‍, "മരിക്കാനാ പേടി, കിഴവനും കഴുതയും" എന്നീ നാടകങ്ങളുമായി ഞങ്ങളുടെ സ്വന്തം ഗോപാലേട്ടന്‍. പുതുമയുടെ പര്യായമായ അദ്ധേഹത്തെ കുറിച്ചു പറയാന്‍ ഒരു പോസ്റ്റ് തന്നെ വേണ്ടി വരും. അതുകൊണ്ട് ഇപ്പൊ തത്‌കാലം നിര്ത്തുന്നു.

2009 ജൂൺ 17, ബുധനാഴ്‌ച

ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം -3

നക്ഷത്രങ്ങളേ കാവല്‍:

"ഉദകപ്പോള" വഴി "തൂവാനതുമ്പികള്‍" എന്ന സുന്ദരവിസ്മയം വടക്കും നാഥന് മുന്‍പില്‍ സമര്‍പ്പിച്ച പത്മരാജന്റെ നോവലിന്റെ ആ പേരു തന്ന്യാവട്ടെ സബ് ടൈറ്റില്‍. അതെന്തായാലും അവടെ നിക്കട്ടെ. പറഞ്ഞു വന്നത് പാറപ്പുറത്തെ രാത്രികളെ കുറിച്ചു. ഗാനമേള ഒക്കെ കഴിഞ്ഞു വരുമ്പോള്‍ മണി ഏകദേശം എട്ട് എട്ടര ആയിക്കാണും. ഭൂമിയില്‍ മേഘ മാലകള്‍ സൃഷ്ടിച്ചു കൊണ്ടു മടിക്കുത്തിലെ "വില്‍സന്‍ " ചൂട്ടുകള്‍ ഇപ്പൊ കലാപരിപാടി തുടങ്ങിയിട്ടുണ്ടാകും. അടാട്ടിനടുത്തുള്ള പെരാമന്കലമ്, ചൂണ്ടല്‍ എന്നീ സ്ഥലങ്ങളിലെ ഒട്ടു കമ്പനി യിലെ ചൂള പൊളിച്ചാലുള്ള പ്രതീതിയാണ് പിന്നേ പാറപ്പുറത്ത്. "ആത്മാവിനൊരു പുക" എന്ന പ്രയോഗം ഇവിടെ സ്മരിക്കുന്നു. ഞങ്ങള്‍ക്കിടയിലെ കൊമ്പന്‍ എന്ന ദിനേശന്റെ അച്ഛനാണെന്ന് പറഞ്ഞു മേക്കായി അയ്യപ്പെട്ടനെ കാണിച്ചു കൊണ്ടു കൊമ്പന്റെ വിലയേറിയ ആ ചൂട്ടു അവന്‍ വിദൂരതയിലേക്ക് ഉപേക്ഷിച്ചതും, പിന്നേ കൊമ്പന്‍ രഘുവിനോട് പറഞ്ഞ ഗീതോപദേശവും .....കുത്ത്, കുത്ത്, കുത്ത്, (ഇവിടെ പറയാന്‍ ചില സാങ്കേതിക പ്രശ്നം ഉള്ളത് കൊണ്ടു ട്യ്പ്പുന്നില്ല)

ഇന്നേരം ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നാമിന്നികളായി രംഗപ്രവേശം ചെയ്തിട്ടുണ്ടാവും. ആകാശ ഗംഗയിലെ ഒരുപാടു നക്ഷത്രങ്ങള്‍ക്കിടയിലെ, ഒരേ വരിയില്‍ നിന്നിരുന്ന മൂന്നു നക്ഷത്രങ്ങള്‍ !!! (ഓറിയോണ്‍ എന്ന വേട്ടക്കാരന്‍). അവ ഞങ്ങള്‍ക്കെന്നും പ്രിയപ്പെട്ടവയാണ് . ലോകത്തിന്റെ ഏത് മൂലയിലായിരുന്നാലും അന്ന് പാറപ്പുറത്ത് ഞങ്ങള്‍ക്കിടയില്‍ ഇരുന്നിരുന്ന ഏതൊരുത്തനും , ഈ നക്ഷത്രങ്ങളെ കാണുമ്പോള്‍ ഇതിനെ ചുറ്റിപറ്റിയുള്ള സംഭവങ്ങള്‍ ഓര്‍ക്കാതിരിക്കില്യ. "വില്‍‌സണ്‍" തമ്പുരാന്‍ ആണേ, "ഓ .സി. ആര്‍." തമ്പുരാട്ടി ആണേ സത്യം.

സംഭവം ഇങ്ങനെ. ആകാശത്തിലെ ത്രിമൂര്‍ത്തി നക്ഷത്രങ്ങളെ തുടര്‍ച്ചയായി നാല്പതോ നാല്പ്പതഞ്ഞോ ദിവസം കണ്ടാല്‍ മനസ്സില്‍ വിചാരിക്കുന്ന ഏത് ആഗ്രഹവും നടക്കുമെന്ന് ഏതോ ഒരുത്തന്‍ പറഞ്ഞു. അങ്ങിനെ ഓരോരുത്തനും ഓരോ ആഗ്രഹങ്ങളില്‍ മുഴുകി ദിവസേന വാന നിരീക്ഷണം തുടങ്ങി. ആഗ്രഹങ്ങളുടെ ഭീകരതയില്‍് സൌരയൂഥത്തിലെ വെല്യ കാര്‍നോരായ സൂര്യമാന്‍ പോലും ഞെട്ടി. ചെറിയ കാര്‍നോരായ ചന്ദ്രൂനോട് കല്‍പ്പിച്ചു. "ലൈറ്റ് ഓഫ്‌" (വിവര്‍ത്തനം: വിളക്കനക്ക് ഒരുമ്പെട്ടോനെ) . അങ്ങിനെ മനസ്സില്ല മനസ്സോടെ അമാവാസി സൃഷ്ടിച്ചു ചന്ദ്രന്‍ ഭൂമിയിലെ തൂവാനതുമ്പികളായ ഈ തെമ്മാടിക്കൂട്ടത്തിന്റെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. സൂര്യന്‍ അന്ന് ആ സ്റ്റാന്റ് എടുത്തില്ലായിരുന്നെങ്കില്‍് എന്തൊക്കെ നടന്നേനെ . സൂര്യ ദേവോ നമ: ചന്ദ്ര ദേവോ നമ:

2009 ജൂൺ 12, വെള്ളിയാഴ്‌ച

ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം - 2




---മുന്‍പത്തെ പോസ്റ്റിന്റെ തുടര്‍ച്ച ---

നിഘണ്ടുവില്‍ ഇനിയും ചേര്‍ക്കാത്ത എത്രയോ പദങ്ങള്‍ ഇവിടെ പിറവിയെടുത്തു . അന്നത്തെ വിജയികളായ ടീമിന്എതിര്‍ ടീമിന്റെ വക കിട്ടിയിരുന്ന ട്രോഫി ആയിരുന്നു അനിയേട്ടന്റെ കടയിലെ സര്‍വത്ത്. "TORINO" എന്നപേരില്‍ അന്ന് പ്രശസ്തമായിരുന്ന ശീതള പാനീയം ഞങ്ങളുടെ ആര്‍ഭാടത്തിന്റെ അതിര്‍വരമ്പ് നിര്‍ണയിച്ചിരുന്നു . കത്രിക (സിസര്‍) വില്‍‌സണ്‍ (WILLS) എന്നീ നാമധേയം പൂണ്ട ചൂട്ടുകള്‍ അതീവ രഹസ്യമായി പാപഭാരത്തോടെ മടിക്കുത്തില്‍ ഇടം നേടിയിരുന്നതും ഈ സായം കാലങ്ങളില്‍. മീനം, മേടമാസങ്ങളിലെ ജല ക്ഷാമം രൂക്ഷമായ കാലമാനെങ്ങില്‍ പിന്നെയുള്ള കലാപരിപാടി കുളിയാണ്.

കുളിയെ പറ്റി പറയുമ്പോള്‍ ഒരു കാര്യം പറയാതെ വയ്യ. സോപ്പ് വാങ്ങുന്ന സംഗതി ROTATION സിസ്റ്റം ആണ്. മിക്കതും "ചോപ്പ " നിറത്തില്‍ കൂവള കായയുടെ കാടിന്യമുള്ള ലൈഫ് ബോയ്‌ ആയിരിക്കും ഒഫീഷ്യല്‍ സ്പോണ്‍സര്‍ ഓഫ് ബാത്ത്. അറ്റ കൈക്ക് "ഇയ്യപ്പന്‍" എന്ന തൃശൂര്‍ ന്‍റെ മാത്രം സന്തതി ആയ ഒരു ബ്രണ്ടും പരീക്ഷിച്ചിട്ടുണ്ട്. ഇവന്റെ പ്രത്യേകത എന്ടാനെന്ന്നു വെച്ചാല്‍, എല്ലാ തൃശൂര്‍ കാരെയും പോലെ എത്ര വെള്ളടിചാലും ജമ്മമുന്ടെങ്ങില്‍ അവന്‍ വെള്ളത്തില്‍ താന്നു പോകില്യാ എന്നതാ.
കുളി സ്ഥലങ്ങള്‍ മധു ഏട്ടന്റെ മോട്രും പുര അല്ലെങ്കില്‍ ശിവന്റെ അമ്പലക്കുളം . "ലിറില്‍ "എന്ന സോപ്പിന്റെ പേരു "രിളില്‍" എന്നാക്കിയ പട്ടര്‍ജിയെ വാഴ്ത്തുന്നു ഇവിടെ. പിന്നെ നേരെ വെച്ചടി അമ്പലപ്പറമ്ബിലെ പാറപപുറേതതക്കാ. അന്നത്തെ കളിയിലെ ഓരോരുത്തന്റെയും പിഴവുകള്‍,ഗാട്ട് കരാര്‍, നരസിംഹ റാവു ന്‍റെ "തുറന്ന വാതില്‍ " സാമ്പത്തിക നയം ശരിയോ? എന്നീ വിഷയങ്ങള്‍ മുതല്‍ രാഗം, രാംദാസ്‌, ബിന്ദു, സ്വപ്ന, "സതി" ആയി അഗ്നിയില്‍ ആത്മാഹുതി ചെയ്തു "പാര്‍വ്വതി" ആയി ഉയര്തെഴുന്നേറ്റ "ഗിരിജ" ("തറവാട്" എന്നും ഞങ്ങള്‍ പറയും) എന്നീ സിനിമ തീയറ്ററുകളില്‍ ഇറങ്ങിയ പുതിയ സിനിമകളുടെ നിരൂപണം വരെ എത്തി നിന്നിരുന്ന ചര്‍ച്ചകള്‍.

പത്മരാജന്‍, ഭരതന്‍, സിബിമലയില്‍-ലോഹിതദാസ്, ഹരിഹരന്‍, എം. ടി. , അജയന്‍, വേണു നാഗവള്ളി ഇവരെ നെഞ്ചോടു ചേര്ത്തു ഒരു പക്ഷം. അടൂരിലും അരവിന്ദനിലും അപ്പുറം കടക്കാതെ ഇടതുപക്ഷം മറുഭാഗത്ത്.

അതിനിടയിലായിരിക്കും ഞങ്ങളുടെ ആസ്ഥാന ഗായകരായ. "കൊമ്പനും, മന്നുവും, വെടിയും, മൂപ്പനും " നീല രാവിലിന്നു നിന്റെ താരഹാരമിളക്കിയും (കുടുംബസമേതമ്), "പത്തു വെളുപ്പിന് മുറ്റത്ത് നില്‍കണ കസ്തൂരി മുല്ലക്ക് കാതു കുത്തിയും" (വെങ്കലം), കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടിയും" (കിരീടം), ഉച്ച വെയിലേറ്റു തളര്‍ന്ന പാറയെ പാടി ഉണര്‍ത്തിയിരുന്നത്‌ - ഈ ശീലങ്ങലെല്ലാം ഞങ്ങള്‍ പാരമ്പര്യമായി മുന്‍ തലമുറയില്‍ നിന്നും പൂണ്ടത്. ആ തലമുറയുടെ കൂടിച്ചേരലിന്റെ മായാത്ത ഓര്‍മ്മയായ്‌,"തപ്പിക്കുഴി" എന്ന കളിയുടെ പാടുകള്‍ ഇന്നുമുണ്ട് അമ്പലംകാവ് പാറമേല്‍.

ഇന്നേരമായിരിക്കും വലതു വശത്തെ നട വഴിയിലൂടെ ദീപാരാധന തോഴാനെന്ന പേരില്‍ അമ്പലംകാവിന്‍ ഭാവി വാഗ്ദാനങ്ങള്‍ എന്നറിയപ്പെട്ടിരുന്ന തരുണികള്‍ നടന്നകലുന്നത്. ഇടം കണ്ണിലൂടെയെലു‌ാ ഒരു കള്ള നോട്ടത്തിന്‍ പ്രതീക്ഷയില്‍ ഗാനാലാപനത്തിന്റെ തരനക ദൈര്‍ഗ്യം ഏറിയിരുന്നത് പ്രകൃതിയുടെ മറ്റൊരു വികൃതി. നളന്മാര്‍ എന്ന കാമുകവേഷമായി ഒരു ന്യൂന പക്ഷം ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയിലും. "കാണികള്‍ ഒരുപാടു ഉണ്ടെങ്കിലും അരങ്ങിലെ നളന്‍ ആടുന്നത് തെരഞ്ഞെടുക്കപ്പെട്ട ദമയന്തി ക്ക് വേണ്ടി മാത്രമത്രേ !!!".
ഈ നളന്മാരെ കളിയാക്കി ഇടതുപക്ഷത്തിന്റെ ഒരു ഭൂരിപക്ഷം മറുവശത്തും. അന്നേരം ഇടതുപക്ഷത്തിലെ അസുരന്മാര്‍ ആയ പയ്യന്‍സ് ഇറക്കിയിരുന്ന, കറുത്ത നര്‍മ്മത്തില്‍ ചാലിച്ച ഒരു ഡയലോഗ് ഓര്‍മയില്‍ വരിയാ. സര്‍വ്വകലാശാല എന്ന സിനിമയിലെ നെടുമുടി കാച്ചുന്നത്.

" പടിഞ്ഞാറ് മാറുന്ന സൂര്യന്‍ വിളറിയ വെളിച്ചത്തില്‍ ബ്രഷ് മുക്കി മനസ്സില്‍ വരക്കാറുള്ള ഒരു ചിത്രമുണ്ടല്ലോ; അത് യാത്ര പറയുന്ന കാമുകിയുടെതോ , തഴഞ്ഞ കാമുകിയുടെതോ ആയിരിക്കും!!!"

ഇന്നേരം ദീപാരാധനയുടെ മണിനാദം, ആകാശത്തെ സിന്ദൂര വര്ന്നമാക്കിയ സൂര്യന്‍, അരയാലിന്‍ ഇളം കാറ്റ ഇതിന്റെ ഒക്കെ സമ്മിശ്രമായ അന്ടരീക്ഷം സൃഷ്ടിക്കുന്ന ഒരു തിമില വറവുണ്ട് മനസ്സില്‍..... ഹൊ ...... പറയാന്‍ ഇപ്പൊ വാക്കുകള്‍ ഇല്ല്യ.(ഇനി അടുത്ത പോസ്റ്റില്‍ ആകാം)

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്