2010, ഡിസംബർ 1, ബുധനാഴ്‌ച
എന്തൂട്ട് കൂട്ടം
ഒരാള്‍ക്ക് വന്ന് വിപ്ലവം വിസര്‍ജിക്കണം, മറ്റൊരുവന് അവന്റെ പുതിയകാറിനെ പറ്റി, ഒരുത്തന് ഗ്രാമ ഭംഗിയെ പറ്റി വാതോരാതെ വാചാലനാകണം, ഇനിയുള്ളവനു ഈ ലോകം തന്നെ മറിഞ്ഞാലും ഞാന്‍ ആണ് ലോകം എന്ന്സ്ഥപിച്ചേ ഒക്കൂ, വേറൊരുത്തന് യുവ കവിയാകണം, ഇവന്റെ തന്നെവേറൊരുത്തന്‍ സാഹിത്യത്തിന്‍റെ ഒറ്റജാലകമാകണം, ഒരുത്തന് കുടിച്ചിട്ടുംലഹരി പിടിക്കാത്ത മദ്യത്തിനെ പഴിച്ച് Capacity ഉള്ളവനാകനം, ഇനിയോരുവന്ഭക്തിയെ മൊത്തം കയ്യിലെടുത്ത് ആത്മീയനാകണം, ഇനിയോരുവനോ ഈപറഞ്ഞ എല്ലാവനുമാകണം, പക്ഷെ അതൊക്കെ instant Capsule ആയി കിട്ടേമംവേണം. ഇനിപ്പാരാ ശേഷിച്ചിട്ടുള്ളത് - ഇതൊക്കെ കാലാകാലമായി കണ്ടുകൊണ്ടിരിക്കുന്ന ആല്‍മരം തന്നെ.
2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച
തലമുറകളിലൂടെ
പോന്മുടിത്തറവാടിന്റെ ചോദ്യകുതൂഹലം ആര് വയസ്സായ ഈ കുശാഗ്രബുദ്ധിയില്‍ ആവര്‍ത്തിക്കുന്നത് ദേവകിമുത്തശ്ശി അറിഞ്ഞു... മുത്തശ്ശിയില്‍നിന്ന് തിരിഞ്ഞ് ചന്ദ്രന്‍ പക്ഷിയുടെ വിലാപത്തിലും കൊച്ചു കുഞ്ഞുങ്ങളുടെ നിസ്സഹായതയിലും മുഴുകി, വേടന്റെ കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നു, മാറില്‍ തറഞ്ഞ അമ്പുമായി പക്ഷി തപിക്കുന്നു, മരക്കൊമ്പില്‍നിന്ന് ഇണയുടെ വിഫലമായ മൃതസഞ്ജീവനി.
"മുത്തശ്ശി," ചന്ദ്രന്‍ പറഞ്ഞു, "എനിയ്ക്ക് ഈ രാമനെ ഇഷ്ടമല്ല"
"രാമനിന്ദ പാപമാണ്, കുട്ടീ," ദേവകിയമ്മ പറഞ്ഞു.
"എന്താ പാപം?"
സംഭാഷണം ചെവികൊണ്ട് തന്റെ ചാരുകസേരയില്‍ക്കിടന്ന മുത്തച്ച്ചന്‍ ചിരിച്ചു, "കുട്ടീ അങ്ങിനെ ചോദിക്കാന്‍ പടിയ്ക്കൂ,"
"തലമുറകള്‍" ആദ്യ ഖണ്ഡിക വായിച്ച തലമുറിയന്‍ ചെക്കന്‍ സീതയ്ക്ക് Inspirin കഴിക്കേണ്ടി വന്നു. പേനയെടുത്ത് വാളാക്കാന്‍ അവന്റെ പൂര്‍വികന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. എന്നാല്‍ സംഗതി തലമുറകളെ പറ്റി തന്നെ. അല്ല, സീത എങ്ങനെ ചെക്കനായി,. "ഓ അതോ, രാമന്‍ ആണ് ചെക്കനാകേണ്ടത്, പക്ഷെ അത് ഈ ബ്ലോഗ് എഴുതുന്ന അഞ്ചാം തലമുറിയന്‍ബ്ലോഗന്റെ നാമമാകുന്നു. മുമ്പൊരുതവണ അ നാമത്തില്‍ ഒരു "മേടം" എഴുതിയത് ചെക്കനത്ര പിടിച്ചിട്ടില്ല. അതുകൊണ്ട് സീതചെക്കന്‍ എന്ന ചീതക്കുട്ടിയുടെ തലമുറകള്‍ക്കിടയിലെ പ്രയാണത്തിന്റെ കഥ
ഓരോ തലമുറക്കും ഒരു മുഖമുദ്ര എന്നൊന്ന് ഉണ്ടെങ്കില്‍ അതിവിടെ ചൊല്ലാന്‍ ശ്രമിക്കാം.
ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിച്ച മുത്തച്ചന്മാരില്‍ നിന്ന് , ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പകച്ചുനിന്നവര്ക്കിടയിലൂടെ സീതചെക്കന്റെ ഒരു യാത്ര.
കാലം ഇശ്ശി പിന്നിലേക്ക് Rewind ചെയ്തപ്പോള്‍ ചാത്തന്‍ കോളില്‍ വെള്ളമിറങ്ങിയ സമയമായിരുന്നു. സന്ദ്യ മൂടിയ അരണ്ട വെളിച്ചത്തില്‍ പാറപ്പുറത്ത് തപ്പിക്കുഴി കളിക്കുമ്പോള്‍ ഉദിച്ച ആശയമായിരുന്നു പിണ്ടി വഞ്ചി ഇറക്കുക എന്നത്.
പിറ്റേന്ന് തന്നെ അത് പ്രാവര്‍ത്തികമാക്കാന്‍ സങ്കതിന്റെ സമ്മതം. ബാലറ്റിലൂടെ അതികാരത്തിലെത്തിയ മന്ത്രിസഭയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഉണ്ണികള്‍ക്ക് പിന്നെ വേറെയെന്തു ചിന്തിക്കാന്‍. എല്ലാവര്ക്കും പാഠങ്ങള്‍ ചൊല്ലിത്തരുന്ന മാഷിന്റെ അനുവാദവും. പിണ്ടികള്‍ കൂട്ടിക്കെട്ടി വെള്ളത്തിലിട്ടപ്പോള്‍് അതൊരു തോണിയായി. കൂട്ടി യോജിപ്പിച്ച് നിര്‍ത്താന്‍, കുരുത്തോലത്തണ്ട് ആണിയുടെ വേഷം കെട്ടി. എല്ലാവരും കയറിയിരുന്നു തുഴഞ്ഞു നീങ്ങുമ്പോള്‍ സമയം എന്ന കഥാപാത്രത്തിനു വലിയ വിലയൊന്നുമുണ്ടായിരുന്നില്ല. തുഴഞ്ഞെത്തിയത് അങ്ങ് ദൂരെ കെട്ടിന്ടവിടെ. സൂര്യന്‍ ചതി എന്ന സംഭവം അപ്പോഴേക്കും നടത്തിയിരുന്നു. ബ്ടും എന്ന് പറഞ്ഞു അങ്ങേര് താണുപോയി. വിവരം ഓരോ വീട്ടിലുമറിഞ്ഞപ്പോള്‍ അത് പിന്നീടെറങ്ങാന്‍ ഇരിക്കുന്ന "കോളിളക്കം" എന്ന ചലച്ചിത്രമായി. സംഭവങ്ങള്‍ ഇനിയും കാണും, പക്ഷെ ആ തലമുറയെ പറ്റി പറയാന്‍ ചീതക്കുട്ടിക്കു ഇത്ര മാത്രം. പരീക്ഷിച്ചു പയറ്റി അനുഭവങ്ങള്‍ ഉണ്ടാക്കി അതിന്റെ അനന്തരഫലങ്ങള്‍ അവനവന്‍ അറിയുക എന്ന മന്ത്രം ഈ തലമുറയുടെ മുഖമുദ്രയായി.പിന്നീടവര്‍ പലരും നാവികരായി... സിനിമാ നടന്‍ ജയന്‍ അന്ന് നാവികസേനയില്‍ നിന്നും സിനിമയിലേക്ക് വന്നിട്ടില്ലാത്തതുകൊണ്ട് അന്ന് "ചിറ്റിലപ്പിള്ളി മിനി" എന്ന സിനിമ കൊട്ടക ഇല്ല. തൃശൂര്‍ ജീവിത നൌക പടം. (N.S മാധവ സങ്കേതം )
ഒരു ഗ്ലാസ് ചുക്കുവെള്ളം മോന്തി ചീത അടുത്ത ഫ്രേയ്മിലേക്ക്. അതില്‍ ചീതക്കുട്ടി കണ്ടത് കാല്‍പ്പനികത തളം കെട്ടി കിടക്കുന്നതും, ഗള്‍ഫ് spray മണക്കുന്നതും, എണ്ണ ക്കമ്പനിക്കാരുടെയും , വന്ജിക്കാരുടേതുമായ ഒരു മിശ്രാജി തലമുറ. ഈ കൂട്ടം തങ്ങളുടെ മുന്‍ഗാമികള്‍ തീര്‍ത്ത മായാത്ത തപ്പിക്കുഴിയുടെ ഗൃഹാതുരതയുടെ പാടുകളെ ലാളിച്ചുകൊണ്ട് "ഇനിയെങ്ങനെ മുന്നോട്ട്" എന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഓണത്തിനു എല്ലാ വീടുകളില്‍നിന്നും ത്രിക്കാരപ്പനെ മോഷ്ടിച്ച് ഗ്രാമചാതുര്യനില്‍ പ്രതിഷ്ടിച്ചു ചരിത്രത്തില്‍ ഇടം നേടാനുള്ള തത്രപ്പാടിലായിരുന്നു അവര്‍. പല വീടുകളിലും ത്രിക്കാരപ്പന് കാവല്‍ നിന്നിരുന്ന കാലമത്രേ അത്.
ഈ പ്രൊജക്റ്റ് implementation ന്‍റെ ഭാഗമായി മൂന്നുപേര്‍, ഓരോരുത്തരായി ഏതോഒരു വീടിന്റെ മതില്‍ ചാടി. കാലില്‍ കുപ്പിച്ചില്ല് കേറിയ ഒന്നാമന്‍ വേദന കടിച്ചമര്‍ത്തി നില്‍ക്കുമ്പോള്‍ രണ്ടാമന്‍ land ചെയ്യുന്നു. ഉറക്കെ കരയാന്‍ തുടങ്ങിയ രണ്ടാമന്റെ വായപൊത്തിക്കൊണ്ട് " മിണ്ടരുത്, ഇനി ഒരുത്തനും കൂടിണ്ട്, അവനും അറിയട്ടെ കല്ലും മുള്ളും കാലുക്ക് മെത്തൈ എന്ന ശരണംവിളി, അത് കഴിഞ്ഞ് മൂന്നുപെര്‍ക്കും കൂടി കൂട്ടക്കരച്ചിലാകാം "
ഇതേ തലമുറയില്‍ മറ്റൊരു വിഭാഗത്തെയും ചീത കണ്ടു. കാല്‍പ്പനികതയുടെ വസന്ത കാലം കേരളമാകെ കൊണ്ടാടുമ്പോള്‍ അതിന്റെ മണം അടാട്ടുമെത്തിച്ചവര്‍.
Commander Pep, അളിഞ്ഞ വാര്‍ത്തകള്‍,ചെമ്പകരാമന്‍ എന്നിങ്ങനെയുള്ള നാടകങ്ങളും, കടമനിട്ട കവിതകളും, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ കാലില്‍ പട്ടി കടിച്ചു നില്‍ക്കുന്ന പാടു കൂറ്റന്‍ plaster of paris പ്രതിമ അമ്ബലംകാവ് സെന്ററില്‍ ഒരു സുപ്രഭാതത്തില്‍ ഉയര്ന്നതും, ആകാശവാണിയില്‍ "കണ്ടതും കേട്ടതും" വിസ്മയിച്ച് നിന്നിരുന്ന അടാടുകാരും, ഒപ്പം ചീതക്കുട്ടിയും. ചീതക്കുട്ടിക്കു അന്ന് ആരാധന എന്ന വികാരമുണ്ടായി.
ചിറ്റിലപ്പിള്ളി മിനിയില്‍ അന്ന് സിനിമ "മീനമാസത്തിലെ സൂര്യന്".
ഓരോ വിവാഹ തലേന്നുകളിലും കഥകളുടെ പുതിയ അദ്ധ്യാങ്ങള്‍ ചേര്‍ക്കപ്പെട്ടു.
ചിറ്റിലപ്പിള്ളി മിനിയില്‍ അന്ന് സിനിമ "തൂവാനത്തുമ്പികള്‍ ".
ചീത തളര്‍ന്നു, പിന്നീട് കുറച്ചു നാള്‍ ചീതക്കുട്ടിക്കു ആശയദാരിദ്യത്തിന്ടെ അസുഖം ഭാധിച്ചു കിടപ്പിലായി. അസുഖം മാറി ഉഷാറായപ്പോള്‍ കാലചക്രത്തെ 600RPM ല്‍ കറക്കി. Frame ല്‍ തെളിഞ്ഞത് മഞ്ഞ പതിറ്റടി പറ്റുമ്പോള്‍ മൊട്ട ബിസ്കറ്റുമായി മൊട്ടത്തലയന്‍ ചേട്ടനും, പപ്പടവുമായി വേലപ്പേട്ടന്‍ , Good Morning ബാബുമോന്‍ എന്നും പറഞ്ഞ് സിമെന്റ് ചാക്കുമായി ശ്രീധരേട്ടനും സൈക്കിളില്‍ വരുന്ന അടാട്ടാണ്.
മൊട്ടബിസ്കറ്റേട്ടന്‍: അടാട്ടുകാര്‍ക്ക് വൈകുന്നേരത്തെ ചായക്ക് കടി എന്ത് എന്ന ചോദ്യത്തിനു ഉത്തരം കിട്ടണമെങ്കില്‍ മൊട്ടത്തലയന്‍ ചേട്ടന്‍ സൈക്കിളില്‍ ബിസ്കറ്റുമായി എത്തിയേ തീരൂ. ഒരേ പ്രായത്തില്‍ നില്‍ക്കുന്നതില്‍ "ദേവാനന്തിനെ" വെല്ലു വിളിച്ചിരുന്ന ഇദ്ദേഹം പെട്ടന്നൊരു ദിവസം വരാതെയായി. അത് മരണത്തിലൂടെയല്ല എന്ന് കരുതാന്‍ ഇഷ്ടപ്പെടുന്നു ചീത തന്‍ മനം.
വേലപ്പേട്ടന്‍: Scotland കാരന്‍ കൊല്ലന്‍ മാക്മില്ലന്‍, സൈക്കിള്‍ എന്തിനു കണ്ടുപിടിച്ചു എന്ന ചോദ്യതിനുത്തരമായി വേലപ്പ - മൊട്ടബിസ്ക്കറ്റാതി- ശ്രീധര എന്നീ കവിത്രയങ്ങള്‍ക്ക് വേണ്ടി എന്ന് പറയാന്‍ ഇഷ്ടപ്പെടും ചീതക്കുട്ടി.
"എവിടേക്ക സൈക്കിളില്‍ പോണേ ?", "ഇവടെ കൊടുങ്ങല്ലൂരു വരെ" എന്ന് പറയുന്ന ചിലര്‍ക്ക് വേണ്ടിയും എന്നും ഉത്തരമുണ്ടാത്രേ. പാവറട്ടി, ചിറ്റാട്ടുകര , ആളൂര്‍, മറ്റം താണ്ടി അമ്പലംകാവിലെത്തി കളത്തുംപടിയുടെ (Sonwin Senior)കടയില്‍ നിന്നുകൊണ്ട് ബീടിക്കു തീ കൊളുത്തുന്നത് ഒരു കാഴ്ചയായിരുന്നു ചീതക്ക്. ഇത് കാണാന്‍ വേണ്ടി മാത്രം, അന്നൊക്കെ ചീത തന്റെ അച്ഛമ്മയുടെ കൂടെ, കളത്തുംപടിചേട്ടന്ടെ കടയില്‍ സാമാനം വാങ്ങുക എന്ന നാടകം അഭിനയിക്കാന്‍ സ്ഥിരമായി വരാറുണ്ട്. ഓരോ ചെറിയ കെട്ടുകളാക്കി പപ്പടം കയ്യിലിട്ടു താളാത്മകമായി കൈകാര്യം ചെയ്യുന്ന സംഗീതത്തിനൊപ്പമായിരുന്നു ആ നാടകം. ഒപ്പം കളത്തുംപടി ചേട്ടന്റെ "അരവെട്ടു മിട്ടായി" എന്ന സമ്മാനവും.
ശ്രീധരേട്ടന്‍: പറ്റി പറയുമ്പോള്‍ സൈക്കിള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ കൊള്ളാന്‍ മില്ലന്‍ കൂട്ടിയ PayLoad ന്‍റെ എല്ലാ കണക്കുകളും തെറ്റാണെന്ന് പറയേണ്ടിവരും. ഒരു പെട്ട്യോട്രഷയില്‍ വരുന്ന Load സിമന്റ് അദ്ദേഹം സൈക്കിളില്‍ കൊണ്ടു വരും . ഹലോ എന്ന ചോദ്യത്തിനു Good Morning ബാബു മോന്‍ എന്ന ഉത്തരം സ്ഥായിയായുള്ള ശ്രീധരേട്ടനും എവിടയാന്ന് ചീതക്കുട്ടിക്കു ഒരു നിശ്ശല്ല്യ.
ഇവരൊക്കെ ചീതക്കുട്ടി ഇപ്പൊ വന്നു നില്‍ക്കുന്ന തലമുറ കണ്ടു വളര്‍ന്ന കഥാപാത്രങ്ങളെന്നു പറയാന്‍ ആണ് ഈ കയ്യാങ്കളി . അത് കൊറച്ചു കൂടിപ്പോയില്ലേ എന്ന് ചോദിച്ചാല്‍ കൂടിപ്പോയി എന്ന് തന്നെ ഉത്തരം. വികാരങ്ങള്‍ക്ക് മേല്‍ വാക്കുകള്‍ക്ക് കടിഞ്ഞാണിടാനുള്ള നാണു സൂത്രം ഇവടെ പ്രായോഗ്യമല്ല. ഈ തലമുറയ്ക്ക് മുന്‍പ് frame ല്‍ തെളിഞ്ഞവരെ പോലെ , എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് ചെയ്യാന്‍ മോഹണ്ട്. അങ്ങിനെ വീണ്ടും അവര്‍ പാറപ്പുറത്ത് കൂട്ടം കൂടുന്നു. അതില്‍ Challenge എന്ന ക്ലബ് ഉദയം ചെയ്യുന്നു. കൂപ്പണ്‍ വച്ച് നറുക്കെടുപ്പുകള്‍ നടക്കുന്നു. അതൊരു Challenge ആയി തന്നെ അസ്തമിക്കുന്നു. ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമകള്‍ "അമൃധം ഗമയ", "നാടോടിക്കാറ്റ്", "ലയനം". വീണ്ടും ആര്‍ട്ട്‌ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അടാട്ട് എന്ന പേരില്‍ Challenge പുന സ്രിഷ്ടിക്കപ്പെടുത്തു. പിന്നീടങ്ങോട്ട് സംഭവം ബഹുലേയനായ കഥ. ആദ്യ വാര്‍ഷികത്തില്‍ തൃശൂര്‍ orchestra യുടെ പാര്‍ഥന്‍ വന്നു "കേരളം കേരളം"പാടി അടാട്ടുകാരെ കയ്യിലെടുത്തു, അടുത്ത വര്ഷം Atle orchestra , സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പുകൊണ്ട് കളമിട്ട് കൊടിഉയര്‍ത്തല്‍. കൊടി ഉയര്‍ത്തിയപ്പോള്‍ ഓറഞ്ച് താഴെയായി, വീണ്ടും അഴിച്ചു വീണ്ടും ഉയര്‍ത്തല്‍, ഓണത്തിനു വായനശാലയിലെ പൂക്കളമത്സരത്തില് സമ്മാനം കിട്ടാത്തതിന് Judge നെ വിമര്‍ശനം, കല്യാണത്തിന് ദഹണണത്തിനു പോക്ക്, അതിന് കിട്ടിയ കാശെടുത് ഷോട്ട് പുട്ട്, ജാവലിന്‍ ഇത്യാദി കള്‍, പഞ്ചായത്ത് മേളയില്‍ ഫുട്ബോള്‍ കളിയില്‍ "അടുത്ത ഗോളി നീ തന്നെ" എന്ന് പട്ടരോടു പറഞ്ഞു GoalKeeper വാങ്ങിപ്പിക്കല്‍, ആ Gloves, പട്ടരില്ലാത്തപ്പോള്‍ എടുത്തു ചക്ക മൊളഞ്ഞു തുടക്കല്‍, രക്ത ഗ്രൂപ്പ് നിര്ണ്ണയക്യാമ്പ്, ഓണത്തിനു "ചാക" എന്ന ഗോപാലേട്ടന്റെ നാടകം, ബള്‍ബ് Team എന്ന ഉപ വിഭാഗം അങ്ങനെ അങ്ങനെ പറയാന്‍ ഏറെയുണ്ട് ചീതക്ക്. ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമ ദേവാസുരം. ഈ പോസ്റ്റിനു നീളം കൂടുന്നു എന്ന രാമന്റെ താക്കീതു മാനിച്ചു ചീത അടുത്ത തലമുറയിലേക്കു കടക്കാന്‍ നേരായി.
ഇപ്പൊ അവര്‍ ഇരിക്കുന്നത് പാരപ്പുറത്തല്ല, മുള്ളുര്‍ ബണ്ടിലാ. വൈകുന്നേരം കളി കഴിഞ്ഞു, അമ്പലക്കുളത്തിലെ കുളി കഴിഞ്ഞു കവിത, കാറ്റ് ചര്‍ച്ചകള്‍ എന്നിങ്ങനെ കാല്‍പ്പനികതക്കും, യാധര്ത്യതിനും ഇടയിലൂടെ ഒരു നൂലിന്മേല്‍ കളിയാ ഇവര്‍ക്കിഷ്ടം. പദ്മരാജനും, ഭരതനും , അടൂരും ആസ്വതിക്കുമ്പോള്‍ തന്നെ ഷാരൂഖ്‌ഖാന്‍റെ കുച്ച് കുച്ച്, Mohabatein വിട്ടുള്ള കളീല്ല്യ . നാലാള്‍ ഒരുമിച്ചിരുന്നു അന്ജാമന്റെ കാര്‍ന്നോരെ കുറ്റം പറയല്‍ ആണ് പ്രധാന ഹോബി. ഒരുത്തനെകൊണ്ട് നീ മുടി വളര്ത്തിപ്പിച്ച് , പാവല്ലേ ബുദ്ധീല്ല്യാത്ത കുട്ടി എന്ന് പറഞ്ഞു പരിതപ്പിച്ചു ഇവര്‍. ക്യാമറ കൊണ്ടു വന്നു കാണിച്ചു കൊടുതവന്ന്റെ ക്യാമറ വെള്ളത്തിലെറിഞ്ഞപ്പോള്‍ അവന്റെ മുഖത്തെ വികാരം അസ്വതിച്ചവര്‍.
ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമ കുഞ്ചാക്കോ ബോബന്റെ നിറം.
രാമന്റെ രണ്ടാമത്തെ warning വന്നു. നിര്‍ത്തെടാ മോനെ....
ചീത ഇപ്പൊ ഒരു പരുവത്തിലായി. ഒരാവേശത്തിന്റെ പുറത്തു തുടങ്ങിയതാ, അവസാനിപ്പിക്കാന്‍ ഒരു തുമ്പും കിട്ടുന്നില്ലല്ലോ. ആപ്പീസിലെ ടെസ്കില്‍ വച്ചിട്ടുള്ള ടോപ്പില്‍ ഉള്ള ഗൂഗിളാനേ കുത്തിത്തുറന്ന്, തന്റെ സുഹൃത്ത് നാണുവുമായി ഒരു ചാറ്റില്‍ അവസാനിപ്പിക്കാം.
ചിറ്റിലപ്പിള്ളി മിനിയില്‍ സിനിമ "പലേരി മാണിക്ക്യം, അതിലെ കഥാപാത്രം പൊക്കന്‍ മുത്തശ്ശിയോടു ചോദിക്കുന്നു പ്രേതാത്മക്കളോട് മുത്തശ്ശിക്ക് സംസാരിക്കാമോ എന്ന്, മുത്തശ്ശി പറയുന്നു പിന്നേ.... നു , "
(ചിറ്റിലപ്പിള്ളിമിനി അതിന് മുന്‍പ് പുട്ടേണ്ടാതാ, പക്ഷെ കഥയുടെ ഒഴുക്ക് നിന്ന് പോകാതിരിക്കാന്‍ കഥാന്ത്യത്തില്‍ പൂട്ടുന്നതാണ്)
ആന്കലേയം മലയാളീകരിച്ചപ്പോള്‍ ഇങ്ങന്യായിത്രേ
ചീത: "ഈ വര്ഷം ഓണത്തിനു താന്‍ നാട്ടില്‍ പൊണില്ല്യെ, ദുബായീനും എല്ലാവരും എത്തുന്ടല്ലോ"
നാണു: "ഇല്ല്യട മോള്‍ക്ക് സ്കൂളുണ്ട്, ഇപ്പൊ ഇതാ ടീച്ചര്‍ നോട്ട് കൊടുത്തയച്ചിരിക്കുന്നു, മൂന്നൂസം മോടക്കാന്"
ചീത: " മൂന്നൂസം മോടക്കാന്പറഞ്ഞത് ടീച്ചറല്ലട്ട മ്മ്മടെ അമ്പലംകാവിലെ തള്ള്യാ നാണു: " ശര്യാ, പക്ഷെ ഞാന്‍ പ്ലാന്‍ ചെയ്തുണ്ടാര്‍ന്നില്ല്യ, അതുകൊണ്ട് ഓഫീസില്‍ വേറെ രണ്ടു പേര്‍ ലീവെടുത്തു, ഇനിപ്പോ പറ്റില്ല്യ, അല്ല നീയിപ്പോ ബ്ലോഗ് ഒന്നുമെഴുത്തില്ല്യെ"
ചീത: "തലമുറകളെ പറ്റി എഴുതാന്‍ മോഹംണ്ട് , ഓരോ തലമുറക്കും ഒരു പ്രത്യേക Identity ഉണ്ടല്ലോ അതൊക്കെ ഒന്ന് എഴുത്യാലോനാ, ഇപ്പോഴത്തെ ഈ തലമുറയ്ക്ക് ഒരു ചിത്രം, നൊസ്റ്റാള്‍ജിയ എന്നത് വേണ്ട അങ്ങനൊന്ന് ഇല്ല്യാന്ന എഴാംകടലിന്നക്കാരെ ഉള്ള എനിക്ക് ആരാധനയുള്ള ഒരു സുഫി വര്യന്‍ പറയുന്നത്, നാം ജീവിക്കുമ്പോള്‍ വരച്ചിട്ട ചിത്രങ്ങള്‍ പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ സുര്യതാപമേറ്റ് മഞ്ഞ നിറമാകുന്നു. അത് ആള്‍ക്കാര്‍ നൊസ്റ്റാള്‍ജിയ എന്നൊക്കെ പറയും. അടുത്ത തലമുറ വന്നു അതൊക്കെ മാച്ചു പുതിയ ചിത്രങ്ങള്‍ വരക്കും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതവരുടെ നൊസ്റ്റാള്‍ജിയ. അടുത്ത തലമുറയുടെ പുച്ചവും, വീണ്ടും മാക്കുന്നു, പുതിയത് സൃഷ്ടിക്കുന്നു. Henry David Thoreau എന്ന ഒരു രസികന്റെ ഒരു Quote കൂടി കുറിച്ച് ഈ ചാറ്റും എഴുതികൊണ്ടിരിക്കുന്ന പോസ്റ്റും നിരത്താ നാണു,
"Every generation laughs at the old fashions, but follows religiously the new.”
നാണു: "ശരിന്നാ"
frame ല്‍ "തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഗ്രാമം കൊതിക്കാറുണ്ടെന്നും " background music ആയി
സ്ക്രീനില്‍ : കഥ, തിരക്കഥ, സംഭാഷണം, സംവിധാനം
ചീതക്കുട്ടി & Crew
ഏറ്റവും വലിയ നുണയുടെ പര്യായമായ ഒരു text കൂടി കേറ്റാന്‍ മറന്നു ആദ്യം വേണ്ടതാ ഇനി ഇവടെ ഇരിക്കട്ടെ.
" ഇതിലെ കഥയും, കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ്, ജീവിച്ചിരിക്കുന്നവരോ, കാളന്‍ നെയ്ത യവനിക പൊക്കി ഉള്ളില്‍ പോയവരോ ആയി ആരുമായി ഇതിനു സാമ്യമുണ്ടെങ്കില്‍ അത് തീര്‍ത്തും ആകസ്മികം മാത്രം"
രാമന്‍: നിര്‍ത്തെടാ ഇത്, ഇല്ല്യാച്ചാല്‍ കഴുത്തിനു പിടിച്ച് പൊറത്താക്കും"
ചീത: "ഞ്ച്ചാല് എല്ലാം തീര്‍ന്നുനര്‍ത്ഥം"
(ചിറ്റിലപ്പിള്ളി മിനി ഇപ്പൊ ഇല്ല്യാന്നും)
2010, ജൂലൈ 27, ചൊവ്വാഴ്ച
ടാര്‍പ്പായിട്ട തമ്പ്രാന്‍

വടക്കുംനാഥന്റെ കിഴക്കേ വശത്ത് സഖി പാറുക്കുട്ടിയെ ഓര്‍മിപ്പിച്ചു "സ്വപ്ന" (Theatre).
ഈ ദ്രിശ്യത്തില്‍ നിറം അല്ല 'നെറം' കൂട്ടാനായി 'പാറുക്കുട്ടി', 'സെന്റ് മേരീസ്' പുണ്യാളത്തി എന്നിവര്‍ വക രണ്ടു കോളേജുകള്‍. സമയം വൈകുന്നേരം നാല് മണി. നിറങ്ങളെ കണ്ട ആര്ത്തിയില്‍, ചാലക്കുടി, കൊടകര ബസ്സുകള്‍ നിര്‍ത്തുന്ന സ്ടോപ്പിനടുത്ത് നിന്ന് സെന്റ് തോമാസ്സിലെ ഒരു വണ്ട്, പിന്നിലുള്ള പാര്‍ക്കില്‍ നില്‍ക്കുന്ന കറുത്ത പ്രതിമയെ നോക്കി (തന്റെ പാരമ്പര്യ ജ്ഞാനം അറിയിക്കാന്‍) ഉറക്കെ : "മ്മടെ പൂര്‍്വ്വികനാ, എന്താ തലയെടുപ്പ് ലെ "
ഇത് കേട്ട്, അങ്ങ് കെഴക്കുന്നു വന്ന, 'കേരള വര്‍മ്മയിലെ' സഖാവ് വണ്ട്, മുഖത്ത് തന്റെ സ്ഥായീ ഭാവമായ പുച്ചംവരുത്തി കൊണ്ട്: " ഹും, ടാര്പ്പായിട്ട തമ്പ്രാന്‍, Sadist ശക്തന്റെ പിന്‍ഗാമി."പാറുക്കുട്ടി, സെന്റ് മേരീസ് എന്നീ പേരുകളിലുള്ള അനന്തതയില്‍ നിന്ന് കൂട്ടച്ചിരിയുടെ മാലപ്പടക്കം.
-ശുഭം-
2010, ജൂൺ 26, ശനിയാഴ്‌ച
പാലേരി മാണിക്യം എന്ന സിനിമാനുഭവം

"സിനിമ എന്നത് സംവിധായകന്റെ കലയാണ് " ഇത് നമ്മള്‍ ഒരു പാട് സ്ഥലങ്ങളില്‍ കേട്ടിട്ടുള്ളതാണ് . ഈ വാചകം അന്വര്‍തമാക്കുന്ന സിനിമ, അതാണ് 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'.
കയ്യൊപ്പ് , തിരക്കഥ, കേരള കഫെ - ranjith നല്ല സിനിമകള്‍ തേടിയുള്ള പ്രയാണം തുടരുന്നു. The Brand Ranjith വീണ്ടും വേരുകള്‍ ഉറപ്പിക്കുന്നു. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വാങ്ങിയ ശേഷം അദ്ധേഹത്തിന്റെ തന്നെ വരികള്‍ ഉദ്ധരിക്കുകയാനെങ്കില്‍ "പൊട്ടക്കുളത്തില്‍ കിടന്നു നീന്തുകായാണ് നീ, ..." അതെ Rock N Roll, നസ്രാണി, പ്രജാപതി എന്നീ പൊട്ടക്കുളത്തില്‍ കിടന്നു നീന്തുകയായിരുന്നു. ഈ തിരിച്ചറിവ് മലയാള സിനിമയ്ക്കു ഇനിയും ഇതുപോലുള്ള നല്ല ചിത്രങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കാം.
-ആകെ മൊത്തം പറഞ്ഞാല്‍-
2010, ജൂൺ 10, വ്യാഴാഴ്‌ച
അവര്‍ വരുന്നു, കാലുകളാല്‍ കവിത വിരിയിക്കാന്‍
കൊളംമ്പിയയുടെ ഗോളിയായ ഹിഗ്വിറ്റയെ N.S. മാധവന്‍ തന്റെ ചെറുകഥയായ 'ഹിഗ്വിറ്റയില്‍ 'പരിചയപ്പെടുത്തുന്ന വരികളാണിത്. മറ്റൊരു കഥാപാത്രമായ ഗീവര്ഗീസച്ചനിലൂടെ ഇങ്ങനെയും "മറ്റ് ഗോളികളെ ത്യജിച്ച് ഹിഗ്വിറ്റയെ മാത്രമായി ശ്രദ്ധിക്കുവാന്‍ തുടങ്ങിയത് അയാള്‍ പെനാല്റ്റി കിക്ക് നേരിടുന്നത് ആദ്യമായി കണ്ടപ്പോഴാണ്. രണ്ട് കൈകളും വായുവില്‍ വീശി, ഒരു ഓര്ക്കസ്ട്ര കണ്ടക്ടറെപ്പോലെ, ചന്ദ്രക്കല വളഞ്ഞു കിടക്കുന്ന സ്റ്റേഡിയത്തില്‍ കാണികള്‍്ക്കായി അശ്രാവ്യമായ സംഗീതത്തിന്റെ ഉച്ചസ്ഥായികള്‍ ഹിഗ്വിറ്റ തീര്ത്തു. പന്തടിക്കുവാന്‍ നില്ക്കുന്ന കളിക്കാരനാകട്ടെ, അയാളുടെ വാദ്യവൃന്ദത്തിലെ ഒന്നാം വയലിന്‍്കാരന്റെ പ്രാമുഖ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അവസാനം ഒരു നാള്‍ അത് സംഭവിച്ചു. മുന്നോട്ട് കയറിയ ഹിഗ്വിറ്റയുടെ കാലില്‍ നിന്ന് എതിരാളി പന്ത് തട്ടിയെടുത്ത് ഒഴിഞ്ഞ പോസ്റ്റില്‍ ഗോളിടിച്ച് കൊളംമ്പിയയെ ലോകകപ്പില്‍ നിന്ന് പുറത്താക്കി. പക്ഷേ ഹിഗ്വിറ്റ ഈ സംഭവിത്തിന്റെ സൃഷ്ടിയിലും താന്‍ വഹിച്ച പങ്കോര്‍ത്ത് മൃദുവായി ചിരിക്കുന്നത് ഗീവര്ഗീസച്ചന്‍ മാത്രം കണ്ടു..!”
ഒരു സെല്‍ഫ് ഗോളിന്റെ ശിക്ഷ സ്വന്തം ജീവനായിരുന്നെന്നു കണ്ടു 1994 ലെ ലോക കപ്പ്. കൊളംബിയന്‍ താരം എസ്കോബര്‍ അങ്ങിനെ ലോക കപ്പിന്റെ രക്ത സാക്ഷിയായി . അത് നമ്മള്‍ സ്തബ്ദരായി നോക്കി കണ്ടു. കണ്ടക്റ്റ് ചെയ്ത സംഗീതത്തിനെതിരെ താളങ്ങള്‍ നിരത്തിയ വയലിന്‍കാരന് കിട്ടിയ ശിക്ഷ. പിറ്റെനത്തെ പത്രങ്ങളില്‍ ആര്‍ത്തിയോടെ പരതിയപ്പോള്‍ കണ്ടു "ഒരു സെല്‍ഫ് ഗോളിന്റെ വില" ഇത് പോലെ എത്രയെത്ര സംഭവങ്ങള്‍.
ഇതെല്ലാം അന്താരാഷ്‌ട്ര കാര്യങ്ങള്‍. കേരളത്തിലെ മറ്റെല്ലാ ഗ്രാമങ്ങളും പോലെ അടാട്ടും ലോക കപ്പിന്റെ അലയൊലികള്‍ ഒട്ടും കുറവായിരുന്നില്ല. Flex വരുന്നതിനു മുന്‍പ് കുംമ്മായത്തിലും നീലഛായത്തിലും കലാകാരന്മാര്‍ കൈകള്‍ കൊണ്ടു വരച്ച് cut-out കള്‍ അലങ്കരിച്ചിരുന്ന കവലകള്‍. കളിയുടെ ഓരോ കണികയും പറുക്കിയെടുത്ത് ആദികാരികമായി വിശകലനം ചെയ്യുന്ന കൂട്ടങ്ങള്‍. Formation നെ പറ്റിയും, ശൈലികളെ പറ്റിയും ടീമിന്റെ കോച്ചിനേക്കാള്‍ അദികാരികമായി സംസാരിക്കാന്‍ കഴിവുണ്ടായിരുന്നവര്‍. "Pyramid Formation വിജയിക്കില്ലെന്ന് അന്നേ പറഞ്ഞതാ. ", "കളി ആസ്വദിച്ചു കാണണമെങ്കില്‍ ലാറ്റിന്‍ അമേരിക്കന്‍ ശൈലി തന്നെ, നിങ്ങള്‍ യൂറോപ്യന്മാരുടെ defensive ശൈലിയില്‍ എവിട്യാ സൌന്ദര്യം ", "ഇപ്രാവശ്യം പെരേര കു പിഴച്ചത് തന്നെ." ഇവയെല്ലാം കളി TV യില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്കിടയിലെ commentators'ല്‍ നിന്ന് കേട്ടിരുന്ന live commentary കളിലെ ഏതാനും ശകലങ്ങള്‍ മാത്രം.
കളിയുടെ ലഹരി ശരിക്കും അറിയാന്‍ കേരളത്തില്‍ തന്നെ പോണം. ഓരോ ലോക കപ്പും നടക്കുന്നത് കേരളത്തിലായിരുന്നു (ഞങ്ങള്‍ക്ക് ആര്യന്‍പാടം ഗ്രൌണ്ടിലും ) എന്ന പ്രതീതിയാ ഉണര്‍ത്തിയിരുന്നെ. ഒരു വീട്ടില്‍ എല്ലാവരും കൂടിയിരുന്നു കളി കണ്ടിരുന്നതിന്റെ ഒരു സുഖം ഇപ്പോള്‍ എവിടെയിരുന്നു കണ്ടാലും കിട്ടില്ല. നാല് ചുമരുകള്‍ക്കുള്ളില്‍ റൊമാരിയോക്കും, ബാജിയോക്കും ഒരേ സമയം ആര്പ്പു വിളികള്‍ ഉയര്‍ന്നു. ഗോളടിച്ചതിന്റെ replay കാണുമ്പോള്‍ "ദേ വീണ്ടും ഗോള്‍, ദേ പിന്നീം, ഇവന്‍ മോശല്ല്യാട്ട......." കൊച്ചുമാണിയേട്ടന്ടെ ഈ live commentary ക്ക് മുന്‍പില്‍ സ്തബ്ദരായി നിന്ന കാണികള്‍. ഇടവേളകളില്‍ പഴയ ലോകകപ്പില്‍ ചരിത്രത്തിന്റെ ഭാഗമായ ഗോളുകള്‍ കാണിക്കുമ്പോള്‍ , മറഡോണയുടെ ദൈവത്തിന്റെ കൈയ്യു കൊണ്ടുള്ള ഗോളും, England ന്‍റെ ആറു കളിക്കാരെ മറികടന്നുള്ള നൂറ്റാണ്ടിന്റെ ഗോളും കണ്ട് ഞെട്ടി നിന്നു ഞങ്ങള്‍. അ ഗോളിനെ പറ്റി ആദികാരികമായി പറഞ്ഞു തന്നിരുന്ന സീനിയര്‍ കാണികള്‍. തീര്‍ത്തും നിസ്സാരമായി "ചെക്കന്റെ ഗോളാ" എന്ന് പറയുന്ന ശശിഏട്ടന്‍- മറഡോണയുടെ അടാട്ടെ ശബ്ദം.
പുതിയ തലമുറ പൂര്‍വികന്മാരില് നിന്ന് ആവേശത്തിന്റെ തീപന്തം ഏറ്റെടുത്തു കഴിഞ്ഞു. "ആയിരം മെസ്സിക്കു അര കാക്ക", "കഴിഞ്ഞ അസ്തമയങ്ങളില്‍ ഞങ്ങള്‍ക്ക് നിരാശയില്ല, ഇനി വരുന്ന ഉദയങ്ങലിലാണ് ഞങ്ങളുടെ പ്രതീക്ഷ" , "കോട്ട കീഴടക്കാന്‍ വേനലുകളും മരുഭൂമികളും താണ്ടി വരുന്ന ആശ്വാരൂദര്‍ ഞങ്ങള്‍" എന്നിങ്ങനെ മലപ്പുറത്തും കോഴിക്കോടും തൃശ്ശൂരും അടാട്ടും പടുകൂറ്റന്‍ flex കള്‍ നിരന്നു കഴിഞ്ഞു.
ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഒരുമിച്ചിരുന്ന് കളി കാണുന്നതിന്റെ ഓര്‍മ്മകള്‍ അയവിറക്കി ഓരോരോ ഇടങ്ങളിലിരുന്നു വീണ്ടും നമുക്കാലഹരിയില്‍ ചേരാം. കാണാം നമുക്ക് മെസ്സിയും, കാക്കയും റൂണിയും കാലുകളാല്‍ കവിതവിരിയിക്കുന്നത് . ഗോള്‍ മുഖം കാക്കുന്ന ബുഫ്ഫോനും, സീസറും, കാസ്സിലാസ്സും രണ്ട് കൈകളും വായുവില്‍ വീശി, ഒരു ഓര്ക്കസ്ട്ര കണ്ടക്ടറെപ്പോലെ എകാഗ്ര മനസ്സുമായി നില്‍ക്കുന്നത് , താണ്ഢവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ കുതിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ, ഒരു വൈദികന്റെ ക്ഷമയോടെ മുന്നേറുന്ന യൂറോപ്യന്‍ ശൈലിയുടെ ഒക്കെ ദ്രിശ്യ ചാരുത ആസ്വദിക്കാം നമുക്കിനി.
2010, മേയ് 26, ബുധനാഴ്‌ച
ആല്‍ത്തറയിലെ വെടിക്കെട്ടുകാര്‍.
പദ്മരാജന്‍, ഭരതന്‍ സിനിമാ കളരിയിലൂടെ വളര്‍ന്ന ജയരാജും, ബ്ലെസ്സിയും സ്വതന്ത്ര സംവിധായകരായ പോലെ ഇവര്‍ വാതിച്ചു തിരികൊളുത്തി കൊണ്ടിരുന്നു. അങ്ങിനെ അവിടത്തെ സായന്തനങ്ങള്‍ സ്വര്ഗതുല്ല്യമായി. തൃശൂര്‍ പൂരത്തിന്റെ ജോസേട്ടനെ വെല്ലുന്ന ഗുണ്ടും അമിട്ടും ആല്‍ത്തറയില്‍ പൊട്ടിവിടര്‍ന്നു, ഇപ്പോഴും വിടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഭൂമിക്കു മുകളിലും ആകാശത്തിനു താഴെയും , സമയമുണ്ടെങ്കില്‍ ബഹിരാകാശത്തെ പറ്റിയുമുള്ള വിഷയങ്ങള്‍ ഇവിടെ സംസാരവിഷയം. പൊട്ടി വിടര്‍ന്ന അമിട്ടുകള്‍ക്ക് വര്ണ്ണങ്ങളേറെയായിരുന്നു. ഞങ്ങടെ അനിയേട്ടനും, കൃഷ്ണകുമാരേട്ടനും, ജോസഫേട്ടനും മത്സരിച്ചു തിരി കൊളുത്തി.
അങ്ങിനെ പൊട്ടി വിടര്‍ന്ന ഏതാനും അമിട്ടുകള്‍.
ഒരേ വാഴയില്‍ രണ്ടു കുലകള്‍ - സംവിധാനം ജോസഫ് and Crew
അതെ ആല്‍ത്തറയിലെ ഒരു സന്ധ്യാ നേരം. ചാവക്കടടുത്തു ഒരു വീട്ടില്‍ ഒരു വാഴയില്‍ രണ്ടിനത്തില്‍ പെട്ട കുലകള്‍ എന്ന് Mr.X . ഒരു സൈഡില്‍ പൂവന്‍, മറ്റേ സൈഡില്‍ പളയംകുടന്‍. ഈ അമിട്ട് വിരിഞ്ഞ ഉടനെ ആല്‍ത്തറയിലെ വേദി തിരുവമ്പാടി, പാറമേക്കാവ് വിഭാകങ്ങളെ പോലെ വാക്കുകള്‍ കൊണ്ടു കുടമാറ്റം തുടങ്ങി. ഇത് നടക്കുന്ന പ്രശ്നമേ ഇല്ലെന്നു ശശിയേട്ടന്റെ നേത്രത്തത്തിലുള്ള തിരുവമ്പാടി. "ഏയ് ചെലപ്പോ നടക്കാം" എന്ന് പാറമേക്കാവ്. തര്‍ക്കം രൂക്ഷമായി. ഇതിനിടയില്‍ ഇതെല്ലം കേട്ട് , ബീടി സൈഡ് ചുണ്ടില്‍ വച്ച് ജോസഫേട്ടന്‍ തന്റെ തനതു ശൈലിയില്‍ താളാത്മകമായി" അ വാഴ അവടെ നിന്ന് കൊലച്ചോട്ര, നിങ്ങക്ക് വെല്ല ചെലവൂണ്ട" . അങ്ങനെ അ വിഷയത്തിനു സമാധാനായി.
കേരള ഗവര്‍ണര്‍ മരിച്ചതിങനെ സംവിധാനം Aniyettan and Crew
ഗവര്‍ണര്‍ surjit Singh Barnala തന്നെ ആണെന്നാണ് ഓര്‍മ്മ. ഏതോ ഒരു ചികിത്സയില്‍ വന്ന പിഴവ് മൂലമാണ് ഗവര്ണ്ണ-റുടെ മരണം എന്ന് പത്രങ്ങളില്‍ വിവാദം. വിഷയം പേരാമംഗലം പോലീസ് സ്റ്റേഷനില്‍ വിഷയമായി വന്നു. അന്ന് അനിയേട്ടന്‍ പേരാമംഗലം സ്റ്റേഷനില്‍ ആണ്ജോലി.ഓ അത് പറഞ്ഞപ്പോ ഒരു കാര്യം, അടാട്ടുകാരനല്ലാത്ത വായനക്കാര്‍ക്ക്. അനിയേട്ടന്‍ എന്ന പ്രസ്ഥാനത്തെ കുറിച്ച് ഒരു ചെറിയ ആമുഖം. അദ്ധേഹം ആല്‍ത്തറ പരിസരത്ത് എത്ത്യാല്‍ ആല്‍ത്തറയില്‍ ആള്‍കൂട്ടം തനിയെ വന്നു ചേരും. കാന്തം കടലാസ്സിന്റെ അടിയില്‍ വച്ചാല് കടലാസിലെ മണ്ണ് കാന്തത്തിന്റെ അടുത്തേക്ക് കൂടുന്ന അതെ പ്രതിഭാസം. Faraday's law, Burnauli's theorem എന്നൊക്കെ പോലെ ഇതിനെ "പച്ചുമാന്‍സ് law of marginal utility" എന്ന് പറയും. അനിയേട്ടന്‍ വന്നാല്‍ ആല്‍ത്തറയിലെ utility ഗ്രഫ് കുതിച്ചുയരും.
വിഷയത്തിലേക്ക് തിരിച്ചെത്താം. ഗവര്ണ്ണറുടെ മരണ കാരണമായി പേരാമംഗലം പോലീസിന്റെ വിലയിരുത്തല്‍ ഇങ്ങന്യാത്രേ. "ചുള്ളന്റെ വയറു പോളിച്ച് നോക്ക്യപ്പോ ശക്തന്‍ മര്ക്കെറ്റിലെ പിന്‍ഭാഗം പോല്യെര്‍ന്നു - ആകെ അളിഞ്ഞ് കേടക്കല്ലേ, ഒപ്പറേഷനു മുന്‍പ് എനിമ കൊടക്കാന്‍ മരന്നുടാ, ചുള്ളന്‍ കാല്യായി അത്രേന്നെ. " വളരെ വിഷമകരമായ വിഷയത്തിന്റെ post mortem report പെരാമംഗലം സ്റ്റേഷനില്‍ നിമിഷാര്‍ദ്ധം കൊണ്ട് അങ്ങിനെ അടിക്കുറിപ്പായി.
യുദ്ധം എങ്ങിനെ പരിഹരിക്കാം? സംവിധാനം ജോസഫ് and Crew
കാര്‍ഗില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. എല്ലായിടത്തും ചര്‍ച്ചാവിഷയം യുദ്ധം തന്നെ ഇന്ത്യ ഓരോ പോയിന്റ് പിടിച്ചെടുത്തതും ആല്‍ത്തറയില്‍ വളരെ ആധികാരികമായ് ചര്‍ച്ചാ വിഷയമായികൊണ്ടിരിക്കുന്നു. അതിനിടയില്‍ ജോസഫേട്ടന്റെ കമെന്റ്."ഇത്രയ്ക്കു ബുദ്ധിമുട്ടണ്ട വല്ല കാര്യണ്ട, മ്മട വറീദേട്ടനെ അതിര്തിയിലന്ഗടാ പാര്‍പ്പിച്ചാ മതി. ഒരു മാസത്തിനു പാക്കിസ്ഥാന്‍ മൊത്തം ഇന്ത്യയിലാ "
ഇപ്പൊ ഓര്‍മ്മയില്‍ വന്നത് ഇത്ര മാത്രം. ഇത് ഇനിയും തുടരുന്നതാണ്.
2010, മേയ് 17, തിങ്കളാഴ്‌ച
ഇന്നലെ കണ്ട സിനിമ
(Meaning of Title:
Gupy gane- Gupy the singer
Bagha Byne- Bagha the Drummer(Dhol മാതിരിയുള്ള സംഗീത ഉപകരണം)
2010, മേയ് 7, വെള്ളിയാഴ്‌ച
സുഖമോ ദേവി

----------------------------------------------
വീണ്ടും ഒരു പൂരം കൊടിയേറി.(അമ്പലംകാവ് പൂരം മെയ് 13 നു. പഴയ ഒരു പോസ്റ്റ് ഇതാ വീണ്ടും )
----------------------------------------------
രാമന്‍: നാണു നായരെ ,
പയ്യന്‍: പയ്യന്‍ സാറേ നു വിളിക്കെടാ ചെക്കാ
രാമന്‍ : പയ്യന്‍ സാറേ, അമ്പലംകാവ് പൂരത്തിനെ പറ്റിയും മറ്റും ചെറിയ ഒരു "കാച്ചിപ്പൊരിക്കല്" ആയാല്‍കൊള്ളാം .
പയ്യന്‍ : ഓ ഗൃഹാതുരന്റെ വിമ്മിഷ്ടം ലെ. അതിന് വാസുവാണ് കേമന്‍. തൂലിക കൊടുക്ക്.
വാസു: അത് ഞാനേറ്റു.
"അതിജീവനത്തിനായി അടിച്ചേല്‍പിച്ച പക്ക്‌ാതയുടെ മുഖംമൂടിയോട് വിടചൊല്ലി, നഗരത്തില്‍നിന്നു ഒരു മേടമാസപ്പുലരിയില്‍ ഞാന്‍ അമ്പലംകാവിലെത്തിയനേരം അമ്പലപ്പറമ്പിലെ അരയാലിനോടായ് ചോദിച്ചു "സുഖമോ ദേവി" .
നിലാവില്‍ മതിമയങ്ങി നില്‍ക്കുകയായിരുന്ന "അവള്‍" എന്നെ മന്ദമാരുതനാല്‍ തഴുകി. ലാസ്യമോ, ശ്രിന്കാരമൊ , വാത്സല്യമോ എന്നറിയാത്ത കാറ്റിന്റെ ആ തലോടല്‍ എന്നെ വര്‍ഷങ്ങള്‍്ക്കു പുറകിലേക്കെത്തിച്ചു . അഹങ്കാരത്തിനും ആത്മവിശ്വാസതിനുമിടയിലെ നേരിയ നൂല്‍പ്പാലത്തില്‍ നിന്നിരുന്ന കൌമാരത്തിലേക്ക്.
അമ്പലംകാവിന്റെ താളലയസ്പന്ദനങ്ങള്‍ മറ്റാരേക്കാളും കൂടുതല്‍ അറിയുകയും ആസ്വതിക്കുകയും ചെയ്തിരുന്നു എന്ന് അഹങ്കരിച്ചിരുന്ന ഞങ്ങള്‍.......
നിലാവുള്ള രാത്രിയില്‍ അമ്പലപ്പറമ്പിലെ പാറയില്‍ കിടന്നു നാളെയുടെ സ്വപ്‌നങ്ങള്‍ നെയ്തിരുന്ന ഞങ്ങള്‍ ......
നാളെയെന്തെന്നറിയാഞ്ഞിട്ടും സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ഞങ്ങളെ നോക്കി പുഞ്ചിരി തൂകിയിരുന്ന ചന്ദ്രന്‍. ഈ സ്വപ്നങ്ങളുടെ വര്ണപ്പൊലിമയില്‍് അമ്പലംകാവിലെ രാത്രികള്‍ പകലുകളായ് മാറിയിരുന്നു. രജനിയെ പരിണയിച്ച ഞങ്ങളെ അസൂയയോടെ കള്ളനോട്ടം നോക്കിയിരുന്ന പകലുകള്‍ . ഈ സ്വപ്നങ്ങള്‍്ക്കുളള ഉത്തരം തേടലില്‍് ഞങ്ങള്‍ പല നഗരങ്ങളിലായി ഒറ്റപ്പെട്ടു. "ഞങ്ങളെ" വെറും "ഞാന്‍" ആക്കിയ നഗരങ്ങള്‍".
പ്രവാസം- "ബാല്യകൌമാരത്തില്‍ സ്വരുക്കൂട്ടിയ ഛായാബിംബങ്ങളുടെ, ഗന്ധ സ്പര്‍ശത്തിന്റെ തവണകളായുളള പിന്‍വലിക്കല്‍. ജന്മനാട്ടിലേക്കുല്ല ഓരോ മടക്കുയാത്രയുടെ ഒരുക്കങ്ങളും അവന് വര്ണ്ണിക്കാനാവാത്ത വികാരമാകുന്നു. ഓരോ മടക്കുയാത്രയും ഓര്‍മ്മകളുടെ ഉത്സവങ്ങളും.
ആകാശത്തെ മേഘമാലകളെ ചുംബിച്ചു നിലക്കുന്ന പശ്ചിമഘട്ടത്തിന്റെ സൌന്ദര്യം നുകര്‍ന്ന് പാലക്കാടന്‍ ചുരവും താണ്ടി കേരളക്കരയിലേക്ക് വരുമ്പോള്‍ ,മണിയറയിലേക്ക് പ്രവേശിക്കുന്ന നവവധുവിന്റെ ജിഞാസയായിരുന്നു ഓരോ തവണയും. പിന്നീടുള്ള ഓരോ വഴിയോരക്കാഴ്ച്ചകളും ഓര്‍മ്മകളുടെ മധുവിധുവും.
പ്രഭാതത്തെ വരവേല്‍ക്കുന്ന ശിവപുരി. നേരിയ ഇരുട്ടില്‍ സുപ്രഭാത സംഗീതത്തില്‍ ലയിച്ചുനില്‍ക്കുന്ന തേക്കിന്‍കാടും വടക്കുംനാഥനും. പ്രഭുദ്ധനായ മലയാളിക്കു, വാര്‍ത്തകളുടെ പ്രാതല്‍ എത്തിക്കാന്‍ പരക്കം പായുന്ന മുന്‍സിപ്പല്‍ സ്റ്റാന്റിലെ പത്രവിതരനക്കാര്‍. ചന്ദനത്തിരിയുടെ മാസ്മരിക ഗന്ധത്തില്‍ മുങ്ങി നില്‍കുന്ന ബസ്സുകള്‍. പുത്തന്‍ പള്ളിയുടെ സൌന്ദര്യം നോക്കി ഇനിയും മതിവന്നിട്ടില്ലാത്ത രാമവര്‍മ്മ തമ്പുരാന്‍. പാല്‍ക്കാരന്റെ വിളിച്ചുണര്‍ത്തലുകള്‍ . പാല്‍കുപ്പി മതിലിന്മേല്‍ വച്ചു പോയനേരം മതിലും പാല്‍ കുപ്പിയും പറയുന്ന നിഷ്ക്കളങ്കതയുടെ കഥകള്‍. ഈ ദ്രിശ്യങ്ങളിലെല്ലാം ഇത്ര വശ്യ സൌന്ദര്യം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നോ? ഞാന്‍ മധുരനൊമ്പരത്തോടെ സ്മരിക്കുന്നു, ഇതായിരുന്നു നിന്‍റെ നഷ്ടങ്ങള്‍, അല്ലെന്കില്‍് പുതിയ കണ്ടെത്തലുകള്‍.
നഷ്ട ലാഭങ്ങളുടെ തുലനത്തില്‍ സൂര്യന്റെ ആദ്യകിരണം വീണിരുന്നു. അമ്പലംകാവിലെ സുപ്രഭാതം. ഓര്‍മ്മകളുടെ ഭാരം ഇറക്കി വെച്ചു നേരെ ചെന്നത് അമ്പലക്കുളത്തിലേക്ക്. കടവിനും പറയാനുണ്ടായിരുന്നു ഒരുപാടു കഥകള്‍. വൈകുന്നേരത്തെ കളിയും കഴിഞ്ഞു സൂര്യനെയും "മുള്ളൂരെക്ക്" യാത്രയാക്കി ചിലവഴിച്ചിരുന്ന സന്ദ്യകളുടെ കഥകള്‍ . മുങ്ങി നിവര്ന്നപ്പോഴേക്കും കാലം ഒരുപാടായി. ഓര്‍മ്മകള്‍ക്ക് മങ്ങലായോ? ഇല്ല. ഓര്‍മ്മകള്‍ക്കും വീഞ്ഞിനുമുള്ള സ്വഭാവം , പഴക്കം മാധുര്യം വര്‍ധിപ്പിക്കുന്നു"
പയ്യന്‍: "വാസൂ അത് കൊനീആക്(COGNAC) ആയിരുന്നോ?"
വാസു: "രാമാ, കാല്‍കപ്നികതയുടെ വിരസതയില്‍ പയ്യന്‍ തെറി വിളി തുടങ്ങി , തൂലിക നാണു വിനു കൈമാറുന്നു."
പയ്യന്‍:" ഇനി ഞാനും ഒരു പിടുത്തം പിടിക്കാം "
"കുളക്കടവില്‍ നിന്നും നേരെ എത്തിയത് പഴയ പൂര്‍ത്തീകരിക്കാത്ത കഥയിലെ നായകന്മാര്‍ക്കിടയിലേക്ക് ---
"തുലാക്കാറ്റു പോലെ കടന്നുപോയ ഒരു തലമുറ ". (വി.ടി. യോട് സലാം)
കാലമെന്ന കാഥികന്‍ അവരെ വിവിധ ദേശങ്ങളിലെത്തിച്ചപ്പോള്‍ പിന്നീടുള്ള ഓരോ മേട മാസത്തിലുമവര്‍ ഒന്നിച്ചു, കഥകള്‍ പങ്കുവച്ചു . അതില്‍ ദുഖമുണ്ടായിരുന്നു വിരഹമുണ്ടായിരുന്നു ,സന്തോഷമുണ്ടായിരുന്നു
അമ്പലംകവിലംമ്മയുടെ പിറന്നാളിന്‍ തലേനാള്‍ . തന്റെ പൊന്നോമനകളോടായി മുകളില്‍നിന്നൊരു അശരീരി: " ദാഹത്താല്‍ വലയുന്നോ എന്റെ മക്കളെ?". അയലത്തെ സുന്ദരിയുടെതായിരുന്നു അത്. അമ്പലംകാവിലമ്മ കള്ളച്ചിരിയോടെ നോക്കി . അരയാലിനെകൊണ്ട് സംഗീതമാലഭിപ്പിച്ചു. ആശരീരിയെ പിന്‍തുടര്‍ന്ന് അവര്‍ എത്തിയത് ആത്മാക്കളുടെ വിശ്രമ സ്ഥലമായ മുള്ളുര്‍ ഷാപ്പില്‍ . ശാലീന നിലാവില്‍ കുളിച്ചു നില്‍ക്കയായിരുന്നു "ഷാപ്പ്" സുന്ദരി . അത് തലമുറകളുടെ സംഗമം ആയി . വൃതഭങ്ങിയറിയട്ടെ എന്ന് കൂട്ടത്തിലൊരുവന്‍ കളിവാക്ക് ചോദിച്ചപ്പോള്‍ നൂറു ജന്മം നോമ്പ് നോറ്റൊരു "ഷാപ്പ്ണി " യാന്നീ രാധയെന്നവള്‍ മറുപടി പറഞ്ഞു (എത്ര കുടിച്ചാലും ബോധം പോകില്ല എന്ന് വായിക്കുക) . കഥകളുടെ നിര അങ്ങിനെ പോകുന്നു ."
പയ്യന്‍: "വാസു ഇനി താനായിക്കോ "
വാസു: " അതെ ഇന്നു പൂരം. ഓരോ നിമിഷവും മണിക്കൂറുകളും ഞങ്ങള്‍ക്ക് മേളപ്പൊരിക്കലാകുമ്പോള്‍ അതില്‍ വര്‍ത്തമാനകാലം ഭൂതകാലമാകുന്നത് നോക്കി നിശ്വസമാടക്കിയിരുന്ന ഞങ്ങളും.
ഇനി ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായി. ഞങ്ങളില്‍ നിന്നും "ഞാന്‍" ലേക്കുള്ള തിരിച്ചു പോക്ക്. പോകാന്‍ നേരം ഞാന്‍ വീണ്ടും ആരാഞ്ഞു. "സുഖമോ ദേവി?" . മറുപടി മഴയായിരുന്നു. വേനല്‍മഴ പുതു മണ്ണില്‍ തീര്‍ത്ത മാസ്മരിക ഗന്ധത്തില്‍ മതിമറന്നു ഞാനങിനെ നിന്നു.
തുലാവര്‍ഷത്തെ വേനല്‍മഴയുടെ പുതു രൂപത്തില്‍ കണ്ടപ്പോള്‍ മഴയുടെ തോഴനായ മണ്ണിന്ടെ കണ്ണുനീരില്‍ കലര്‍ന്ന പുഞ്ചിരിയോ ഈ ഗന്ധം.
ആ കണ്ണുനീര്‍ അമ്പലംകാവിലെ രാത്രികളെ സ്വര്‍ഗതുല്ല്യമാക്കിയിരുന്ന മിന്നമിന്നികളുടെതായിരുന്നോ?
ആ കണ്ണുനീര്‍ വിട ചൊല്ലുന്ന കാമുകിയുടെതായിരുന്നോ? അമ്മയുടേതായിരുന്നോ? ഭാര്യയുടെതായിരോന്നോ?
മഴയില്‍ ലയിച്ച് ഞാന്‍ വീണ്ടും ഉരുവിട്ടു "സുഖമോ ദേവി, സുഖമോ ദേവി, .........."
പയ്യന്‍: " ഇതു പോരെടാ ചെക്കാ?"
രാമന്‍: "പൊടിപൂരം തിരുനാളില്‍ , നിര്‍മാല്യം"
-പിന്നീടുള്ള അവരുടെ പ്രവാസ ദിനങ്ങള്‍ക്കുള്ള ലഹരിയായി ഈ സ്മരണകള്‍. അടുത്ത കാത്തിരിപ്പിന്റെ തുടക്കവും-
*******************************************************************
2010, ഏപ്രിൽ 27, ചൊവ്വാഴ്ച
കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍
2010, ഏപ്രിൽ 22, വ്യാഴാഴ്‌ച
എത്തീട മോനെ മ്മടെ പൂരം.
ദാ കാണണദണ് "Elite"- ആര്യന്പാടത്ത് സാമ്പിള്‍ വെടിക്കെട്ട് കാണുമ്പോള്‍ അന്ന് (എന്ന് ,ന്ന് ചോദിച്ചാല്‍, അന്നെന്നെനു ഉത്തരം) കണ്ടിരിന്ന ഒരേഒരു ചുവപ്പ് വെളിച്ചം, അത് elite ഹോട്ടലിന്റെതു മത്രം. അടാട്ടുന്ന് നോക്കുമ്പോള്‍ കാണണ അ 'ചോപ്പ'വെളിച്ചണ് ഗടി ഞങ്ങടെ തൃശ്ശൂര് .
അരമനീം, പ്രതീക്ഷീം കാല്യ, കവിതെലോന്നു മുട്ടാം - ഞ്ച്ചാല്‍ പൂരം പ്രമാണിച്ച് "പ്രതീക്ഷ" "അരമന" എന്നീ ബാറിലെ ദാഹജലം കാല്യാ, ദൂരെള്ള കവിത ബാറില് ഒന്ന് പോയി നോക്കാംനു സാരം .
ഇന്ന് അബ്ദുള്ള ആറാ മോനേ കളി - തൃശൂര്‍ പൂരത്തിന് തീയെറ്ററുകളില് അന്ന് പല ചിത്രങ്ങളുടെയും രണ്ടാം എഡിറ്റിംഗ് നടക്കും. ഒരുകൊല്ലം ജോസ് തിയേറ്ററില് അന്നത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്ന "His Highness Abdulla", സിബി മലയില്‍ അനാവശ്യമായി കുത്തി കയറ്റി എന്ന് തൃശൂര്‍കാര്‍ക്ക് തോന്നിയ പല രംഗങ്ങളും വെട്ടി ആറ് show വരെ ഓടി . പിറ്റേന്ന് വന്ന കമന്റ് - ഇന്ന് അബ്ദുള്ള ആറാ മോനേ കളി.
എരമ്പി- പൂരത്തിന് പൂരപ്പറമ്പില്‍ നിന്ന് കിട്ടുന്ന സംഭാരവും മോന്തി അതിലെ പച്ച മെളകും മാറ്റി, ഗ്ലാസ്സിനെയും അത് കൊടുത്തവനെയും നോക്കി തൃശൂര്‍ സ്റ്റൈല്‍ കള്ളച്ചിരിയോടെ പറയും "എരമ്പി ചക്കരെ, എരമ്പി നീയ് ".
മടത്തില്‍ വരവിനും, തെക്കോട്ടിറക്കത്തിനും, കുട മാറ്റത്തിനും, ഇലഞ്ഞിത്തറ മേളത്തിനും , വെടിക്കെട്ടിനും ഒക്കെ അപ്പുറം ഞങ്ങള്‍ തൃശൂര്‍ ത്രിശുകാര്ക്ക് ഇതുപോലെ കുറെ വെടിക്കെട്ട് കൂടെയുണ്ട് തൃശൂര്‍ പൂരവുമായി ചേര്‍ന്ന്.
നാളെ തൃശൂര്‍ പൂരം ആയ സ്ഥിതിക്ക് , അങ്ങിനെ ചില സംഗതികള്‍ ജയരാജ് വര്യര്‍് പൊരിക്കുന്നത് താഴെ വായിക്കാം(മാതൃഭുമിയില്‍ വന്നത് )
കണ്ട പൂരം... കേട്ടതും
ജയരാജ് വാര്യര്‍ (മാതൃഭൂമി article: Posted on: 08 Apr 2010)
വെളിയന്നൂരില്‍ ബസ്സിറങ്ങി പലേടത്തുനിന്നും സംഭാരം കുടിച്ച്, കടുകിട്ട ബലൂണുകള്‍ വീശി, താളംപിടിച്ച് ആനച്ചൂരും പന്തത്തിന്റെ ഗന്ധവും ആസ്വദിച്ച ബാല്യം തന്നെയാണ് ഇന്നും. കൊമ്പും കുഴലും തീര്‍ക്കുന്ന 'പെപ്പരപേ' എന്ന ശബ്ദത്തിന് സമാനമായി ഒരു ബലൂണുണ്ടായിരുന്നു. ഊതിവിട്ടാല്‍ അത് 'പേ' എന്നാണ് ശബ്ദിക്കുക. കടുകിട്ട ബലൂണും 'പേ' എന്ന് മിണ്ടുന്ന ബലൂണും കിട്ടിയാല്‍ അന്ന് ആഹ്ലാദമായിരുന്നു.ആനകളും വാദ്യകലാകാരന്മാരുമായിരുന്നു അന്നത്തെ താരങ്ങള്‍. പൊന്നില്‍കുളിച്ച കരിവീരന്മാരും വിയര്‍പ്പില്‍ മുങ്ങിയ വാദ്യമേളക്കാരും എന്നും വിസ്മയം ജനിപ്പിച്ചവരായിരുന്നു.കാലം ഒരുപാട് കഴിഞ്ഞിട്ടും നമ്മെ ചിന്തിപ്പിക്കുന്ന ഏറ്റവും വലിയ ആഘോഷം തന്നെയാണ് തൃശ്ശൂര്‍ പൂരം. മതേതരമഹിമയുടെ ഉയര്‍ന്ന മസ്തകം, ഘടകകക്ഷികള്‍ക്ക് (പൂരങ്ങള്‍ക്ക്) തുല്യസ്ഥാനം, കാഴ്ചക്കാര്‍ക്ക് ഒരേ മനം, ഒരേ സ്വരം... ഒരേ താളം.ഒരേ കോമ്പൗണ്ടില്‍ താമസിക്കുന്നവര്‍ തമ്മില്‍ പരസ്പരം അറിയാത്ത കാലമാണിത്. പുതിയ കോളനി, ഫ്‌ളാറ്റ് സംസ്‌കാരം- അവര്‍ക്കുള്ള സന്ദേശമാണ് ഈ പൂരം.
ദേവീദേവന്മാരുടെ കണ്ടുമുട്ടല്‍, പരസ്പരം തിരിച്ചറിയാത്ത അയല്‍ക്കാര്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍. ദേവദേവനായ വടക്കുന്നാഥനെ വണങ്ങി, പരസ്പരം കണ്ടുമുട്ടി താളത്തില്‍ അലിഞ്ഞ്, ചമയത്തില്‍ക്കുണുങ്ങി പിരിഞ്ഞുപോകുന്ന പൂരങ്ങള്‍.ഷര്‍ട്ടും പാന്റ്‌സും ജുബ്ബയും ചുരിദാറും ചെരിപ്പും ധരിച്ച് ജാതിമതങ്ങള്‍ക്കതീതരായി ക്ഷേത്രമതിലകത്ത് ആര്‍ക്കും പ്രവേശനം നല്‍കുന്ന സമത്വസുന്ദരദിനം.ആകാശച്ചിറകില്‍ ഒരേ ഈണത്തില്‍ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം. ഇരുട്ടിന്റെ മഹാഗര്‍ഭത്തില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം വെളിച്ചവും പൊന്നും പൂവും വിതറി ആകാശച്ചെരുവില്‍ പൂത്തിറങ്ങുന്ന പൂര രാത്രി.കഴിഞ്ഞദിവസം ഷൊര്‍ണൂര്‍ റോഡില്‍വെച്ച് ഒരാളെ കണ്ടു. ഡല്‍ഹിയിലാണ് ജോലി. പൂരത്തിന് പത്തുദിവസം മുമ്പ് പതിവായി നാട്ടിലെത്തുന്ന പൂരസ്നേഹി.''പത്തൂസം മുമ്പ് ഇമ്മളെത്തും. ലീവ് കിട്ടീലെങ്കിലും ജോലി പോട്ടേന്നുവെയ്ക്കും. മ്മക്ക് എന്തൂട്ട് തേങ്ങ്യാ? മ്മക്ക് പൂരം കഴിഞ്ഞിട്ടേള്ളൂ ജോലീം കീലീം... പൂരം മ്മക്ക് അലക്കണം... പൂരംന്ന് പറഞ്ഞാ പെടക്ക്യന്നെ.. പെടാന്ന് പറഞ്ഞാ... ജാതി പെടാ...''വര്‍ഷങ്ങള്‍ക്കുമുമ്പ് പത്തനംതിട്ടയില്‍നിന്ന് ഒരാള്‍ പൂരം കാണാന്‍ വന്നു. കൂട്ടുകാരന്റെ ക്ഷണപ്രകാരമാണ് വരവ്. സാക്ഷാല്‍ തൃശ്ശൂര്‍ക്കാരനായ ചങ്ങാതി സംഘാടകരില്‍ പ്രധാനിയുമാണ്. മൊബൈല്‍ ഫോണോ, മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കാലമാണ്. അമ്പലത്തിന്റെ മുമ്പില്‍ വന്നിട്ട് കമ്മിറ്റി ഓഫീസില്‍ കയറി രാമചന്ദ്രനെ ചോദിച്ചാല്‍ മതി എന്നാണ് പറഞ്ഞിരുന്നത്.പത്തനംതിട്ടക്കാരന്‍ എത്തിയപ്പോള്‍ രാത്രിയായി. ക്ഷേത്ര ഓഫീസിലെത്തി ചോദിച്ചു.രാമചന്ദ്രന്‍ ഒണ്ടോ?ഓഫീസിലെ ഗൗരവക്കാരന്‍ പറഞ്ഞു.''പ്പന്നെ ഇവിടെ ഇണ്ടാര്‍ന്നു. കുളിപ്പിക്കാന്‍ കെണ്ടോയി''.പത്തനംതിട്ടക്കാരന്‍ ഞെട്ടി. 'ഈശ്വര...രാമചന്ദ്രനെ കുളിപ്പിക്കാന്‍ കൊണ്ടുപോയിരിക്കുന്നു. അപ്പോള്‍...?വീണ്ടും ഒന്നുകൂടെ കറങ്ങിയശേഷം മറ്റൊരു കമ്മിറ്റിയംഗത്തോട് തിരക്കി.''നമ്മുടെ രാമചന്ദ്രനെ കണ്ടോ?കമ്മിറ്റിക്കാരന്‍ പറഞ്ഞു: ''അയ്... ഇപ്പന്നെ കൊണ്ടോയേള്ളോ... പട്ട ഇടുക്കാന്‍ പോയിരിക്ക്യാ...''''എന്റമ്മേ... കുളിപ്പിച്ചതും പോരാതെ... വീണ്ടും പട്ടയടിക്കാന്‍ പോയോ..?പത്തനംതിട്ടക്കാരന്‍ ശരിക്കും വിയര്‍ക്കാന്‍ തുടങ്ങി. ഒന്നുംകൂടി കറങ്ങിത്തിരിഞ്ഞ് ഓഫീസിലെത്തി. ഇത്തവണ കണ്ടുപിടിക്കും, തീര്‍ച്ച.'രാമചന്ദ്രന്‍ എവിടെ ഒണ്ട്?''ഓഫീസില്‍ ഇരുന്ന മൂന്നാമന്‍ കമ്മിറ്റി പറഞ്ഞു: 'തലേക്കെട്ട് കെട്ടിക്കാന്‍ കൊണ്ടുപോയി'(ആദ്യം കുളിപ്പിച്ചു...പിന്നെ പട്ടയടിച്ചു..., ഇനി തലേക്കെട്ടും കെട്ടിച്ചാല്‍ പൂരം കുശാലായല്ലേ.)അവസാനം രണ്ടും കല്പിച്ച് രാമചന്ദ്രനെ തിരിച്ചറിയാന്‍ ഒരു സൂചന 'ക്ലൂ' (അന്നില്ലാത്തത്) നല്‍കി.''നല്ലപോലെ തടിച്ച്...വെളുത്ത് മീശയില്ലാത്തയാളാ രാമചന്ദ്രന്‍...''കമ്മിറ്റിക്കാരന്‍ പറഞ്ഞു.''മാഷേ, ഇവിടെ ഒരു രാമചന്ദ്രനെ ഉള്ളൂ. അതും വെളുത്തിട്ടല്ല. കറുത്ത് തടിച്ച്... രണ്ടുകൊമ്പും നാലുകാലും രണ്ട് ചെവിയുമുള്ള രാമചന്ദ്രന്‍.''അപ്പോഴാണ് ആഗതന് വിഷയം പിടികിട്ടിയത്.ഇതൊരു കഥയാണോ യാഥാര്‍ത്ഥ്യമാണോ ഫലിതമാണോ? അറിയില്ല.
മറ്റു തൃശൂര്‍ പൂരം വിശേഷങ്ങള്‍ താഴയൂള്ള മാതൃഭൂമി link ക്ലിക്ക് ചെയ്‌താല്‍ വായിക്കാം.
http://www.mathrubhumi.com/thrissurpooram/index.php
2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച
മേടം
പൂനേച്ചി സുപ്രജാ രാമാ
പൂര്‍വ്വാ സന്ദ്യാ പ്രവര്ത്തതേ
ഉത്തിഷ്ഠ നായരധ്വജ
ത്രൈലോക്യം വിപ്ലവം കുരു."
-പ്ര: രാമന്‍സ് - (ഗ്രോ വാസു. സ:ശിവരാമന്‍ എന്നൊക്കെ പറയുമ്പോലെ പ്ര:രാമന്‍സ് എന്നാല്‍ പ്രവാസി രാമന്‍സ് എന്നാകുന്നു)രാമന്‍സ് പായില്‍ എഴുനേറ്റിരുന്നു ചുമരില്‍ നോക്കി.

ഭൂ" തീര്‍ത്ത വട്ടത്തില്‍ നിന്ന് പുറത്ത് ചാടാന്‍ വെമ്പുന്ന മാതൃഭുമി തന്നെ നോക്കി ചിരിക്കുന്നു, ഇടത്ത് മീനം- മേടം, വലത്ത് പൈങ്കുനി ചിത്തിരൈ"നടുവില്‍ ഏപ്രില്‍്. മേടം കണ്ടപ്പോള്‍ രാമന്സിന് അസ്കിത വന്നു. ഏതിന്റെ? ഗൃഹാതുരന്റെ. കണ്ണടച്ച് കുറച്ചു നേരം പത്മാസനത്തിലിരുന്നു. "ചെമ്പും നീലയും നിറമായ ആകാശത്തിലൂടെ താണ് പറക്കുന്ന മിനിജെറ്റുകള്‍ മാതിരി വിഷുപക്ഷികള്‍ ഊളയിട്ടു പോയി. ഇലക്ട്രിക് ഹോണിന്റെ ശബ്ദത്തില്‍ "കീ" എന്ന് അവ കാലത്തെ വിളിച്ചറിയിച്ചു.കിഴക്കേ വാ, വിത്തും കൈകൊട്ടുംഇന്‍ക്വിലാബ് സിന്ദാബാദ് !" (@#$%#^)
വിഷുപക്ഷിയുടെ താഴെ മലര്‍ന്നടിച്ചു കിടക്കുകയാണ് കടവില്‍ കോള്‍,ആക്കറ്റാന്‍, ഒമ്പതുമുറി, പുത്തന്‍കോള്‍, കരിമ്പാടം എന്നീ നാമധേയങ്ങളില്‍ പാടശേഖരന്മാര്‍. തിളയ്ക്കുന്ന പകലും അതിന്റെ ചൂടില്‍ വാടി സ്ഥബ്ദമായി നില്‍ക്കുന്ന രാത്രിയും. കാററ് എന്നവന്‍ പണി മുടക്കിലും. മറ്റെല്ലാം അണഞ്ഞിട്ടും ആളിക്കത്തുന്ന തീ പോലെ പൂത്തു നില്‍ക്കുന്ന പൂമരങ്ങള്‍.
നാണു: "രാമാ, ഞാന്‍ 'ചാത്തന്‍സ്' എഴുതിയത് ഇത് കട്ടിട്ടാണ് എന്നുകൂടി കാച്ച് നീ. മാറ്റി കുറുക്കിയ സംഗതി മുഷിയില്ല്യാ, തുടര്‍ന്നും കാച്ച് "രാമന്‍: "Thank you Mr.നാണു നായര്‍" (നനുആരെ, ഇത് മറന്നാലും ഞാന്‍ മരിക്കില്ല്യ) , ഞച്ചാല്‍ നമുക്ക് തൊടങ്ങാനര്‍ത്ഥം." വിഷയം എന്താന്ന് വെച്ചാല്‍ ഏപ്രില്‍ എന്ന മേടം തന്നെ. മേടത്തെ ഓര്‍മ്മകളില്‍നിന്നു ഒന്ന് tune ചെയ്തപ്പോ ചിതറിയ കുറെ ചിത്രങ്ങള്‍.

ചാണകം കൊണ്ട് മെഴുകി വൃത്തിയാക്കിയ കളങ്ങളില്‍, കൊയ്തെടുത്ത കറ്റകള്‍ വെക്കാനൊരിടം തേടി നടക്കുന്നവര്‍.
നെല്ല് മൂട്ടാനുള്ള ചാക്കിനായി പരക്കം പായുന്നവര്‍, ഇവരെ നോക്കി ആടി തീര്‍്ന്ന നാടകത്തിലെ നായകനെ പോലെ വറ്റി വരണ്ടു വിണ്ടു നില്‍ക്കുന്ന ചാലുകള്‍ .
നെല്ലും വൈക്കോലും വേനല്‍മഴയ്ക്ക് മുന്‍പേ അവരവരുടെ വീട്ടിലെത്തിക്കാന്‍ നെട്ടോട്ടമോടുന്ന കൂട്ടം. കാലിലടിച്ച ലാടവും, കഴുത്തില്‍ കെട്ടിയ മണിയും, വണ്ടിയുടെ മരച്ചക്രത്തില്‍ കെട്ടിയ ഇരുമ്പുപട്ടയും കൊണ്ട് വെട്ടുവഴിയില്‍ ചെമ്പട താളം തീര്‍ത്ത് ഇതിനൊക്കെ സംഗീത സംവിധായകനായി നീങ്ങുന്ന കാളവണ്ടി, അവ ടാറിടാത്ത വഴികളില്‍ നിന്നും ഉയര്‍ത്തുന്ന ചെമ്മണ്‍ പൊടിയുടെ പുകമറ. പുറകെ വരുന്ന ഉണങ്ങിയ വൈക്കോലിന്റെ മണം. വണ്ടിയുടെ ഡ്രൈവന്റെ സ്ഥാനത്തായി കട്ടിയുള്ള കോട്ടന്‍ ഷര്ട്ടിട്ടു ചന്തുമാന്‍.
എല്ലാം കഴിഞ്ഞു പടിഞ്ഞാട്ടു പോകാന്‍ യാത്രയാകുന്ന നാല് മണി സൂര്യന്‍, സൂര്യന് സാക്ഷിയായി ആര്യന്പാടം. മധ്യവേനല്‍ അവധിയില്‍ പുതിയ കളിയിടങ്ങള്‍ തേടിയുള്ള യാത്രയില്‍ നിധിയായി കിട്ടിയ ആര്യന്പാടം. കൊയ്ത്തു കഴിഞ്ഞ പാറപോലെ ഉണങ്ങി കിടക്കുന്ന സ്ഥലം ഓരോ ദിവസവും പഞ്ഞി പോലെ മാര്ധവമായത് ഫുട്ബോള്‍ കളിയുടെ അനന്തരഫലം. ഓരോ ലോങ്ങ് കിക്കിലും ബോളിനോപ്പം പറന്നുയരുന്ന പൊടിയും അതിന്റെ മണവും- അത് മേടമാസത്തിന്റെ മണം. നാലുമണി സൂര്യനെയും യാത്രയാക്കി ഒറഞ്ഞു നിറത്തിലുള്ള പട്ടീസണിഞ്ഞു പടത്തിന്റെ ഓരത്ത് വാമപ്പു ചെയ്യുന്നവര്‍. പെനാല്‍ടി കിക്ക് ബെലാംടി ആയതും, ലോഡിറക്കിയ ശേഷം യൂണിയന്കാര്‍ നേരെ കളിക്കളത്തിലിറങ്ങി 'പെലെയും', 'ഗുള്ളിറ്റും', 'ഹിഗ്വിറ്റ യും' ആയിരുന്നതും, ശശിയേട്ടന്‍ 'മറഡോണയായി ' തകര്ത്തിരുന്നതും ഈ ആര്യന്പാടത്ത്.
2010, മാർച്ച് 30, ചൊവ്വാഴ്ച
ഇതിഹാസത്തിന്റെ സ്പര്‍ശം - O.V. വിജയന്‍
തസ്രാക്കിലെ മണ്ണില്‍ വളര്‍ന്നു ഖസാക്കെന്ന സാങ്കല്‍പ്പിക ദേശം സൃഷ്ടിച്ചു ഇതിഹാസം തീര്‍ത്ത, "മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ന്ന് തുന്നിയ പുനര്‍ജനിയുടെ കൂട് വിട്ടു ഞാനിതാ യാത്രയാകുന്നു " എന്ന്‍ പറഞ്ഞു ഭാഷയുടെ മാസ്മരികത മലയാളിക്ക് സമ്മാനിച്ച ആ അതികായന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു ഈ മാര്‍ച്ച് 30 നു അഞ്ചു വര്‍ഷം തികയുന്നു.
"ഖസാക്കിന്റെ ഇതിഹാസം" എന്ന തന്റെ ആദ്യ നോവലിലൂടെ, മലയാള നോവല്‍ ശാഖയെ ഖസാക്കിനു മുന്‍പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി ഖണ്ടിച്ച O.V. വിജയന്‍ .
ഒരുപാട് വായനക്കാര്‍ അരച്ച് കലക്കി വായിച്ചും, മല്‍സരിച്ച് നിരൂപണങ്ങള്‍ എഴുതിയതും ആയ ഒരു വിഷയമായതിനാല്‍, ഈ പോസ്റ്റ് മറ്റൊരു നിരൂപണമാക്കാന്‍് ആഗ്രഹമില്ല. ഓര്‍മ്മപ്പെടുതുമ്പോള്‍ നിങ്ങളുടെ ബുക്ക് ഷെല്‍ഫില്‍ മയങ്ങി കിടക്കുന്ന ആ ക്ലാസ്സിക് ഗൃഹാതുരതയോടെ ഒന്ന് കൂടി വായിക്കാന്‍ പ്രേരകമാക്കാനുള്ള ഒരു ശ്രമം മാത്രം .
ആദ്യമായി ഈ നോവല്‍ എന്താണെന്നറിയുന്നത് പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള വേനലവധിയില്‍ ഗോപാലേട്ടനുമായി ആല്‍ത്തറയില്‍ സന്ദ്യ സമയത്തെ ഒരു ഒത്തു ചേരലില്‍. വായിക്കുമ്പോള്‍ ഓരോ തവണയും ഓരോ അനുഭവം തരുന്ന ക്ലാസ്സിക്. അത്ര മാത്രം പറയാനേ ഞാനാളുളളൂ.
രവിയും, പദ്മയും, മൈമുനയും, നീല ഞരമ്പുകള്‍ തുടിക്കുന്ന കൈതണ്ടയും, ഒത്തുപള്ളിയിലെ അള്ളാപിച്ചാ മൊല്ലാക്കയും, മൊല്ലാക്കയുടെ കാലിലെ വൃണവും, ചെതലി മലയും ഏകാദ്ധ്യാപക വിദ്യാലയവും, ഖസാക്കിലെ ചിലന്തികളും, അപ്പുക്കിളിയും, കുട്ടാടന്‍ പൂശാരിയും, ദൈവപ്പുരയും, കൂമങ്കാവും, പാലക്കാടന്‍ ഭാഷയും, കരിമ്പനക്കൂട്ടങ്ങളും കഥാപാത്രങ്ങളായി നടനമാടിയപ്പോള്‍് മലയാളികള്‍ ഒരു പുതിയ ശൈലിയിലുള്ള നോവല്‍ വായിക്കുക മാത്രമായിരുന്നില്ല. ആസ്തിത്വദുഃഖങ്ങളും, ഉല്‍പത്തിയുടെ ഉറവിടം തേടിയുള്ള യാത്രകളും, അറിവാരഞ്ഞവന്റെ വ്യര്ത്ഥതയും അനുഭവിക്കുകയായിരുന്നു. ആ അനുഭവം തലമുറകളിലൂടെ കൈമാറി കൊണ്ടേയിരിക്കുന്നു.
മലയാള സാഹിത്യത്തിലെ മറ്റു രണ്ടു അതികായന്മാരുടെ കൂടി(VKN, കൃഷ്ണന്‍ നായര്‍) പരാമര്‍ശം കുറിച്ച് , ആ മഹത് കൃതിക്കും വിജയന്‍ എന്ന ഇതിഹാസത്തിനും പ്രണാമം അര്‍പ്പിച്ചു കൊണ്ടു നിര്ത്തുന്നു.
-VKN- " വിജയന്റെ കഥകളും നോവലുകളും വച്ച് ഉപജീവനം നടത്തുന്ന നിരൂപകന്‍മാരുടെ പറ്റവും അവരുടെ എഴുത്തും സമാന്തരമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുപതും ഇരുപത്തിഒന്നും നൂറ്റാണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ജീനിയസ്സായി മലയാള സാഹിത്യത്തിലെ അതികായനായി വിജയന്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.വിജയന്‍റെ തന്നെ ഒരു വാചകത്തിനു പാഠഭേദം പറയുകയാണെങ്കില്‍ അവരോഹണമില്ലാതെ ആരോഹണം മാത്രമായി വിജയന്‍റെ സാഹിത്യം മലയാണ്മയക്കു മീതെ ഉദാത്തമായ സമാധി കൊള്ളുകയാണ്. ജീവസ്സുറ്റ ഈ അവസ്ഥ നീണ്ട കാലം നിലനില്‍ക്കട്ടെ! ച്ചാല്‍ നീണ്ടും ചുരുണ്ടും നിബിഡമായും എന്നര്‍ത്ഥം"
- കൃഷ്ണന്‍ നായര്‍. (സാഹിത്യ വാരഫലം)- “ഇനി ഒരു 50 വര്‍ഷം കഴിഞ്ഞാലും ഇപ്പോള്‍ മലയാളത്തിലുള്ള ഏതെങ്കിലും ഒരു നോവല്‍ വായിക്കപ്പെടും എന്ന് ഉറപ്പുണ്ടെങ്കില്‍ അത് ‘ഖസാക്കിന്റെ ഇതിഹാസം’ആയിരിക്കും”
കൂടുതല്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഒരു വിശദമായ പഠനം:
1. ആത്മായനങ്ങളുടെ ഖസാക്ക് - (M K Harikumar's full text )
അനുകൂലമായും പ്രതികൂലമായും വന്ന മറ്റ് പോസ്റ്റുകള്‍ :
2. ഒ.വി.വിജയന്‍ : ഇതിഹാസങ്ങളുടെ കളിത്തോഴന്‍
3. ഡിങ്കന്‍ : ഖസാക്ക് ഒരു ദാര്‍ശനിക പൈങ്കിളിയാണോ..?
4. ഖസാക്ക് പുനര്‍വിചാരണയും സത്യസന്ധതയും..
2010, മാർച്ച് 16, ചൊവ്വാഴ്ച
ചെകുത്താന്റെ പണിപ്പുരകള്‍
തല്‍ക്കാലം അതൊക്കെ അവടെ നിക്കട്ടെ, നമുക്ക് നമ്മുടെ പഴഞ്ചൊല്ലിലേക്ക് തിരിച്ചു വരാം. മലയാളം വാര്‍ത്ത കാണുന്ന ഏതൊരാള്‍ക്കും ഈ ഒഴിഞ്ഞ മനസ്സിലെ ചെകുത്താന്‍മാരുടെ കളിവിളയാട്ടങ്ങളെ കുറിച്ച് പെട്ടന്ന് പിടികിട്ടും. കേരളത്തില്‍ നടക്കുന്ന വിവാദ നാടകങ്ങള്‍് തന്നെ വിഷയം. വാര്‍ത്തകളില്‍ തൊണ്ണൂറു ശതമാനവും വിവാദങ്ങള്‍ തന്നെ. ഇതൊക്കെ കൊട്ടിഘോഷിക്കാന്‍് ഒരുപാട് പേര്‍ മാധ്യമ, പത്ര ധര്‍മ്മവും ഉദ്ഘോഷിച്ചു കൊണ്ട്. കേള്‍്ക്കാനുംകാണാനും നമ്മളെ പോലുള്ള ഒരുപാട് പ്രേക്ഷകര്‍, ശ്രോധാക്കള്‍. ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ pattern ആണ്. തിരി കൊളുത്താന്‍ ഒരാള്‍, അതിന് എതിരഭിപ്രായമായി മറ്റൊരു genius, ഇവരെ പിന്താങ്ങി ഒരു കൂട്ടം, സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും. ഇവര്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കി മാധ്യമ രാജാക്കന്മാര്‍.
ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ Cycle time ഉണ്ട്. വിവാധത്ത്തിനു തിരി കൊളുത്തുന്നവന്റെ ശക്തി പോലെയിരിക്കും അത്. തറ sorry താര രാജാക്കന്മാരും മാഷുമ്മാരും ("തത്ത്വമസി" വായിച്ചില്ലെന്കില്‍് കേരളത്തിലേക്ക് കടക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍) തമ്മിലാണെങ്കില്‍ പിന്നെയുള്ള വെടിക്കെട്ട് മിനിമം ഒരു ആറ് മാസം ഉറപ്പാ. മാധ്യമനു TRP ഇനത്തില്‍ കൊയ്ത്തു തന്നെ. (ഒരു വിവാദത്തിനു തിരി കൊളുത്തുമ്പോള്‍ Nambiar മാരും, ലൂക്കാ ചേട്ടനും, സാക്ഷി കുട്ടിയും പാടുന്നുണ്ടാവും "ചാകര ചാകര, പുറക്കാട്ടു കടപ്പുറത്ത് ചാകര" എന്ന്). നാലുകെട്ടില്‍ 50 വര്‍ഷം പൊറുത്തത് കൊണ്ടാടിയാല്‍ ബഷീറിന്റെ ആടിനെ നോക്കിയില്ലെന്നു പറഞ്ഞു വിവാദം,
പരീക്ഷ നടത്തിയാല്‍് വിവാദം, നടത്തിയില്ലെങ്കില്‍ വിവാദം, ഹെല്‍മെറ്റ് നിയമം കൊണ്ട് വന്നാല്‍ കുഴപ്പം, ഇല്ലെങ്കില്‍ വിവാദം, പാട്ടിന്റെ വരി സംഗീതത്തിന് ഒത്തു വന്നില്ലെങ്കില്‍ അതും വിവാദം, നടന്മാര്‍ TV യില്‍ അവധാരകരായാല്‍ വിവാദം, തിലകന്‍ മിണ്ടിയാല്‍ തൃശൂര്‍ പൂരം, മിണ്ടിയില്ലെങ്കില്‍ സുകുമാര പൂരം, ഇതിനിടയില്‍ ലാലുവിനും മറ്റും ഓഷോക്ക് പഠിക്കാന്‍ പോലും നേരമില്ല (പാവം പൊടിപ്പും തൂവലും വച്ച് ഓഷോയെ quote ചെയ്തും മറ്റും ഒരു വിധത്തില്‍ genius actor ആയി വരികയായിരുന്നു, മാഷ് അതും തകര്‍ത്തു). ഇതിനിടയില്‍ മുഖ്യന്റെ പിണറായി പ്രേമവും, ടി. പദ്മനാഭനും, വയനാടും, മൂന്നാറും, അതിഥി താരങ്ങളായി വന്നു പോകുന്നു. ആകെ കൂടി പറഞ്ഞാല്‍ ഒരു വിവാദ ഫാക്ടറി ആണ് കേരളം.
ഇതെല്ലാം എവിടെ നിന്നുണ്ടാകുന്നു എന്ന് ആലോചിച്ചാല്‍ നമ്മള്‍ സാധാരണ ജനത്തിനു കിട്ടുന്ന കാരണങ്ങള്‍ വളരെ ലളിതം. നമ്മുടെ പഴഞ്ചൊല്ല് - ഒഴിഞ്ഞ മനസ്സുകള്‍ . ഇവര്‍ക്കൊക്കെ എന്തെങ്കിലും പണി കോടുക്കൂ കൂട്ടരേ. സാധാരണ ജനങ്ങള്‍ എങ്ങിനെയെങ്കിലും പിഴച്ചു പോകട്ടെ.
എല്ലാം അറിയുന്നവരായ വിവാദ നായകന്മാര്‍ക്ക് അടിക്കുറിപ്പായി VKN എഴുതിയ ചാത്തന്സിലെ രണ്ടു വരികള്‍. (ഇതൊന്നും കാണാന്‍ നീയില്ലാതെ പോയല്ലോ പയ്യന്‍സേ)
-ഗുരുവായൂരപ്പനെ തൊഴാനായി അടിച്ചു മൂളി എത്തുന്ന ഭക്തനോട് ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്നു ഗുരുവായൂരപ്പന്‍ " ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അങ്ങോട്ട് വരുമായിരുന്നല്ലോ. ഇത്ര വിഷമിക്കണോ? " -
2010, മാർച്ച് 11, വ്യാഴാഴ്‌ച
ഗോപാലേട്ടനും കൂട്ടര്‍ക്കും അവാര്‍ഡ്
The Complete List of Awardees for Spinal cord from META 2010
Category: BEST LIGHTING DESIGN -Jose Koshy (Spinal Cord)
Category: BEST STAGE DESIGN -Deepan Sivaraman (Spinal Cord)
Category: BEST CHOREOGRAPHY -Deepan Sivaraman (Spinal Cord)
Category: BEST SUPPORTING ACTOR – Male-James Elia (Spinal Cord)
Category: BEST DIRECTOR -Bidyawati Phukan (Guti Phulor Gamusa) & Deepan Sivaraman (Spinal Cord)
Category: BEST PRODUCTION -Spinal Cord (Oxygen Theatre Company)
2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച
നെല്ലിയാമ്പതി- ഒരു യാത്രാ വിവരണം.
സൌഹൃദത്തിന്റെ പുതിയ ഭാവങ്ങള്‍് കുറിച്ച, ഓര്‍മ്മകള്‍ പിന്നിലേക്കോടിയ ആ യാത്ര. മക്കള്‍ നടത്തിയ ആ യാത്രയുടെ ഒരു വിവരണ ശ്രമം.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു യാത്രയുടെ ഒരുക്കങ്ങള്‍. ഒരു കൂട്ടുകാരന്റെ കല്യാണവുമായ് ബന്ധപ്പെട്ട് ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒത്തു ചേരുന്നു. മാസങ്ങളായി ഇ-മെയിലിലൂടെ നടക്കുന്ന അവരുടെ ചര്ച്ചകള്‍് പ്രാവര്‍ത്തികമാകുന്നു. അങ്ങിനെയാണ് ഈ യാത്ര നടക്കൂന്നത്. അതിരാവിലെ എട്ടു മണിക്ക് തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും പത്തു മണിക്കേ Tempo traveller നു ചുറ്റും ഭക്ത ജനങ്ങള്‍ എത്തിയുള്ളൂ. ഇയ്യാനി സുനി എന്ന നാട്ടില്‍ തന്നെ കാര്‍ ഓടിച്ചിരുന്ന രസികന്‍ ഒരാളായിരുന്നു സാരഥിയായി; നീലകണ്ടന് മാത്രമല്ലല്ലൊ ഡ്രൈവനെ സാരഥി എന്ന് വിളിക്കാന്‍ അവകാശം. തൃശൂര്‍ കഴിഞ്ഞു അഷ്ടദിക്പാലകന്‍മാര്‍ക്കായി സമര്‍പ്പിച്ച ദ്രവ്യം ഉള്ളില്‍ ചെന്നപ്പോള്‍ എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ മംഗലശ്ശേരി നീലകണ്ടന്മാരായി എന്നത് വേറെ കാര്യം. കണ്ടത്തില്‍ ദ്രാവകം നീലയോ ചുമപ്പോ എന്നത് ചോദ്യം.
പതിനാറോളം പേര്‍ വരുന്ന യാത്ര അവിസ്മരണീയമാക്കിയത്, പോയ ആള്‍ക്കാരുടെ ഒത്തൊരുമ തന്നെയാണ്. ഒരുപാട് പേര്‍ വേറെയും വരുമെന്ന് പറഞ്ഞെങ്കിലും, പലരുടെയും ജോലി സംബന്ധമായ തിരക്കിനാല്‍ നാട്ടില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും കൂടാന്‍ കഴിയാതെ പോയി. അവര്‍ കൂടെ വന്നിരുന്നെങ്കില്‍ ഒന്ന് കൂടെ രസകരമായേനെ.
അടാട്ട് നിന്നും യാത്ര തിരിച്ച വണ്ടി തൃശൂര്‍ ഷൊര്ണൂര് റോട്ടില്‍ എത്തിയപ്പോള്‍, Vigilance ഓഫീസിലേക്ക് ഒരു സൈഡ് വലി വന്നു. അവിടെ ജോലി ചെയ്യുന്ന സുരേഷിനെ (ഞങ്ങളുടെ മൂപ്പന്‍) പൊക്കാന്‍. പക്ഷെ "തൃശൂര്‍ നഗരത്തിന്റെ ക്രമസമാധാനം നോക്കാന്‍ ആര്‍?" എന്ന മൂപ്പന്റെ ചോദ്യത്തിന് മുന്‍പില്‍ കൂട്ടം പകച്ചു നിന്നു. അങ്ങിനെ ആ ശ്രമം വിഫലമായി. ആ ദേഷ്യത്തിന് കാടന്‍ എന്ന ഞങ്ങളുടെ K.K മേനോന്‍ (K.K മേനോന്‍ ബസ്സുമായി യാതൊരു ബന്ധവുമില്ല്യട്ടോ, അവനും പേരിന്ടെ അറ്റത്ത് ഒരു മേനോന്‍് വേണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കാട്ടറബി കാട്ടം മേനോന്‍ എന്ന പേര്‍ K.K മേനോന്‍ ആക്കി ഫിറ്റ് ചെയ്തു കൊടുത്തതാണ്) പഴക്കടയില്‍ നിന്നും ഒരു കുല പഴവുമായി വണ്ടിയില്‍ കയറി. വണ്ടി വടക്കുംനാഥനെ ചുറ്റി കറങ്ങുമ്പോള്‍ പഴക്കുലയുമായി താണ്ഡവമാടി ആമ്പലങ്കാവിന്റെ മക്കള്‍.
അടുത്ത ശ്രമം പാണ്ടി എന്ന സുഹൃത്തിനെ പൊക്കുക എന്നതായി. പുറകില്‍നിന്ന് , JDF എന്തിയ കവികള്‍ കുചേല, കേകാ വൃത്തങ്ങളില്‍ ഓതി- "വിടെട വണ്ടി മദിരാശിയിലേക്ക് "(മാന്നാര്‍ മത്തായി സിനിമയിലെ sequence ഓര്‍ക്കുക). മദിരാശിയില്‍ ജോലി ചെയ്യുന്ന പാണ്ടി നാല് ദിവസത്തെ ലീവില്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഫലിപ്പിച്ച ശേഷമാണ് പിന്നെ വണ്ടി ഒരടി മുന്നോട്ടു നീങ്ങിയത്.
അങ്ങിനെ വണ്ടി എത്തി നിന്നു കോലഴിയില്‍, പാണ്ടിയെയും പൊക്കി നേരെ accelerator അഹങ്കാരത്തോടെ എന്ജിനോട് ഓതി "ഓടെടാ........" വണ്ടി എത്തി നിന്നത് വാണിയംപാറയില്‍. അവിടത്തെ ചെറിയ ഒരു നിര്ത്തലിനു ശേഷം പിന്നെ സ്ക്രീനില്‍ തെളിഞ്ഞത് പോത്തുണ്ടി ഡാം ആയിരുന്നു. പോകുന്ന വഴി അതിമനോഹരമായിരുന്നു. പാലക്കാടന്‍ പാടശേഖരങ്ങളുടെ സൌന്ദര്യം അതിമനോഹരം തന്നെ. ഒരു P.കുഞ്ഞിരാമന്‍ നായര്‍ സ്റ്റൈലില്‍ - "പച്ചപ്പിന്റെ മാറില്‍ പൂണൂലിട്ട തോട് ", "ചളിപ്പാടത്തു താരങ്ങള്‍ പിടിത്താള് പെറുക്കവേ; അലക്കിത്തേച്ച കുപ്പയമിട്ടുലാത്തുന്ന വെണ്മുകില്‍." എന്നൊക്കെ കാച്ചാം.
പോത്തുണ്ടി ഡാം- പ്രകൃതി അതിന്റെ സൌന്ദര്യം ഒരു പിശുക്കും കാണിക്കാതെ പ്രദര്ശിപ്പിച്ചു നില്‍ക്കുന സ്ഥലം. സൂര്യന്‍ തലക്കുമീടെ നിന്ന് വരവേല്‍ക്കുമ്പോള്‍ ഡാമിലെ ജലം കണ്ണാടിയായി. ഡാമിന്റെ അടിവാരത്തെ പൂന്തോട്ടവും, അതിനു മുന്‍പിലെ മരവും, ഡാമിലെ വെള്ളത്തില്‍ കണ്ണാടി നോക്കി ചിരിക്കുന്ന സൂര്യമാനും ആയിരുന്നു ഞങ്ങളെ വരവേറ്റത് . നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഈ ഇടത്താവളത്തില്‍ എത്തിയപ്പോഴേക്കും ഓരോരുത്തരും തേന്‍ നുകര്‍ന്ന് മത്തുപിടിച്ച പൂമ്പാററകളായി പാറി നടന്നു. ഡാം പരിസരത്തേക്കു കയറുവാനായി പൂന്തോട്ടത്തിലൂടെ ചവിട്ടു പടികള്‍ ഉണ്ട്. ഇവ കണ്ടപ്പോള്‍ ഞങ്ങള്‍ക്കിടയിലെ പ്രവീണ്‍ എന്ന പൂമ്പാറ്റ, കാളിദാസന് പോലും വര്‍ണ്ണിക്കാന്‍ വെല്ലുവിളി ഉയര്‍ത്തികൊണ്ട്, "മേഘങ്ങളേ കീഴടങ്ങുവിന്‍" എന്ന് ചൊല്ലി ഒരു പറക്കല്‍ നടത്തി. പടികള്‍ കയറിയപ്പോഴേക്കും തളര്‍ന്നെങ്കിലും, ഉടയാടകള്‍ അഴിഞ്ഞു പോയ പാഞ്ചാലനായി അവന്‍ പൊരുതി, ആ രണഭൂവില്‍. മുകളിലെത്തി കൈകള്‍ മേലോട്ട് ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന പ്രവിയുടെ താങ്ങായി നില്‍ക്കുന്ന ഞങ്ങളുടെ പട്ടാളം എന്ന രാമചന്ദ്രന്‍ നായര്‍ വീണ്ടും അദ്ധേഹത്തിന് ദൌത്യത്തോടുള്ള അര്‍പ്പണബോധം പ്രകടിപ്പിച്ചു അവിടെ. മുകളില്‍ ചുറ്റി കറങ്ങി താഴേക്കുള്ള യാത്രയില്‍ പാണ്ടിയെ എടുത്തു ഓടിയ പട്ടാളത്തിന്റെ പ്രകടനവും ഇവിടെ മറക്കാന്‍ പറ്റില്ല.
അവിടെ നിന്ന് നേരെ നെല്ലിയാമ്പതിയില്‍ എത്തിയപ്പോഴേക്കും ഉച്ചയൂണിനുള്ള സമയമായിരുന്നു. താമസിക്കാനും അവിടെ തന്നെ സൌകര്യം ഉണ്ടായിരുന്നു. എല്ലാവരും ഉച്ചഭക്ഷണത്തിനായി മേശക്കു മുന്‍പില്‍ നിരന്നു നില്‍ക്കുന്ന കാഴ്ച ഒരു തീറ്റ മത്സരത്തിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അതിനിടയില്‍ പട്ടാളത്തിന്റെ Discipline, Discipline എന്ന ആക്രോശങ്ങള്‍, വെടിക്കെട്ട് കഴിഞ്ഞു പൊട്ടാത്ത പടക്കങ്ങള്‍ ചീറ്റുന്ന പോലെ കേള്‍ക്കുന്നുണ്ടായിരുന്നു.
അടുത്ത പരിപാടി Trekking ആയിരുന്നു. Poabs എസ്റ്റേറ്റ് ലെ തേയില തോട്ടങ്ങല്‍ക്കിടയിലൂടെ ഉള്ള നടപ്പാതയില്‍ വരി വരിയായി നടക്കുമ്പോള്‍ ഓര്‍മ്മ വന്നത് NCC ക്യാമ്പിനു ട്രെക്കിംഗ് നടത്തുന്ന cadet'കളെയാണ് . ലക്‌ഷ്യം സീതാര്‍കുണ്ട് എന്ന സ്ഥലമായിരുന്നു.വനവാസകാലത്ത് രാമനും ലക്ഷ്മണനും സീതയും ഇവിടെ താമസിച്ചിരുന്നു എന്ന് ഐതീഹ്യം. വഴിയിലെ മലനിരകളും അവയെ തഴുകുന്ന മന്തമാരുതനും അവര്‍ണ്ണനീയം!!!
ഈ മനോഹാരിതയില്‍ മതി മയങ്ങി വിക്ടര്‍ എന്ന സുഹൃത്തിന് കാല്‍പ്പനികതയുടെ പിടി വള്ളി പൊട്ടി. ആരും മൊബൈല്‍ എടുക്കരുത് എന്ന അലിഖിത നിയമം അവന് കുറച്ചു നേരത്തേക്ക് മറക്കേണ്ടി വന്നു. പിന്നില്‍ നടന്ന് അവന്‍ ഫോണിലൂടെ മധുരമായ സംഭാഷണം തുടങ്ങി. ഇത് കേട്ടുകൊണ്ട് ട്രെക്കിംഗ് Cadets മുന്‍പിലും. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു Alfred Hitchcock സിനിമ പോലെ ഒരു നിശബ്ദതയും ഒരു ദീന രോധനവും, അതിനിടയില്‍ "എത്ര പാട്ടുകളായിരുന്നു, എത്ര നമ്ബറുകളായിരുന്നു അതില്‍ എന്നറിയോ നിനക്ക്?" എന്ന വിട്ടു വിട്ട ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. മുന്‍പില്‍ നടക്കുന്നവര്‍ അപ്പോള്‍ പറയുന്നുണ്ടായിരുന്നു "ഇത് വിക്ടറിന്റെ ശബ്ദമല്ലേ?". തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്നത് പ്രൊഫഷണല്‍ നാടകങ്ങളിലെ നായകനെയും വില്ലനെയും പോലെ മൈക്കിനു മുന്‍പില്‍ നില്‍ക്കുന്ന രഘുവിനെയും വിക്ടറിനെയുമാണ് (background music ആയി വയലിനാല്‍് ഒരു Sorrow tune, എല്ലാ സങ്ങതികളോടും കൂടെ വേണമെന്ന് തോന്നി അപ്പോള്‍). വിക്ടറിന്റെ മൊബൈല്‍ നെല്ലിയാമ്പതിയിലെ കൊക്കയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. അതൊരു ആത്മഹത്യയോ അതോ?സംഗതി എന്താണെന്ന് വച്ചാല്‍, മൊബൈല്‍ ആരും എടുക്കെരുതെന്ന നിയമലംഘനം നടത്തിയതിന്റെ പേരില്‍ മൊബൈല്‍ കൊക്കയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഇന്നും കൊക്കയിലെ മൊബൈലില്‍ നിന്നുള്ള വിളികള്‍ വിക്ടറിനെ നിദ്രാ വിഹീനനാക്കുന്നുണ്ടത്രേ.
ഈ പ്രകടനത്തിന് ശേഷം ഞങ്ങള്‍ സീതര്‍കുണ്ടിന്റെ ഒരറ്റത്തെത്തി. അവിടെ വച്ച് വാര്യര് എന്ന സുഹൃത്ത് ഒരു പുതിയ വിഷയത്തിന്റെ ചര്‍ച്ചക്കുള്ള സ്ഫുരണം ഇട്ടു കൊടുത്തു. അത് കാലാകാലമായി റാവു, പപ്പടം എന്നീ സുഹൃത്തുക്കള്‍ക്കിടയില്‍ നില നിന്നിരുന്ന സൌന്തര്യപ്പിണക്കം തീര്‍ക്കുക എന്നതായിരുന്നു. അസ്തമയ സൂര്യനെ സാക്ഷിയാക്കി, വിക്ടറിന്റെ രോദനത്തിന്റെ പശ്ചാത്തലത്തില്‍ ആ സന്ധിസംഭാഷണം തുടങ്ങി. മാധ്യസ്ഥം സ്വാഭാവികമായി രഘു പട്ടാളം ജോഡി തന്നെ ഏറ്റെടുത്തു. അങ്ങിനെ സായന്തന സൂര്യനെ യാത്രയാക്കി ഞങ്ങള്‍ താമസ സ്ഥലത്തെത്തി. അവിടെ Camp fire നു ചുറ്റും ഇരുന്നുള്ള ഗാനമേളയായിരുന്നു. 80കളിലെയും 90കളിലെയും അവിസ്മരണീയമായ ഗാനങ്ങള്‍്ക്കായിരുന്നു മേല്‍ക്കോയ്മ. ഏഴു സ്വരങ്ങളും, പറന്നു പറന്നു പറന്നു ചൊല്ലാനും, നീലമല പൂങ്കുയിലെയും, നാഥാ നീവരും കാലൊച്ച കേള്‍ക്കുവാനും, അന്തിക്കടപ്പുറത്ത് ഓരോലക്കുടചൂടിയും അഗ്നിദേവന് മുന്‍പില്‍ അര്‍പ്പിക്കപ്പെട്ടു. ഗാനരചയിതാക്കള്‍ മുതല്‍ സംഗീത സംവിധായകന്മാര്‍ വരെ വളരെ ആധികാരികമായ Announcement ന്‍റെ ഊര്ജജത്തില്‍് വിക്ടറും രഘുവും, പുല്ലുവും, പാണ്ടിയും, ഗാനമേള തകര്‍ത്തു. അതിനിടയിലെ പട്ടാളത്തിനെ കുറ്റം പറച്ചിലും, അതിനെതിരെയുള്ള കൊണ്ദൃവിന്റെ പ്രകടനവും പിന്നെയുള്ള ഒത്തുതീര്‍പ്പുകളും മറക്കാന്‍ പറ്റില്ല. അതിനിടയില്‍ പശു എന്ന ഉണ്ണി കൊണ്ദൃവിന് മറന്നു പോയ ആള്‍ക്കാരെ കുറിച്ച് തെറി വിളിക്കാന്‍ ഓര്‍മിപ്പിക്കുന്നത് ഒരു കാഴ്ചയായിരുന്നു. എല്ലാം കഴിഞ്ഞു ഉറക്കത്തിലേക്കു പോയ പലരെയും വിളിച്ചുണര്‍ത്തി നീയുറങ്ങാ എന്ന് ചോദിച്ചു ഇനി ഉറങ്ങിക്കോ എന്നും പറഞ്ഞു വീണ്ടും കിടത്തി. അതിനു മറുപടിയായി അവര്‍ വൈലോപ്പിള്ളിയെയും തോല്‍പ്പിച്ചുകൊണ്ട് ശുദ്ധ മലയാളത്തില്‍ മറുമൊഴി നല്‍കി(കവിതാ രൂപത്തില്‍, വൃത്തം ഏതെന്നു നിശ്ചയമില്ല്യ). എല്ലാം കഴിഞ്ഞ്, ഏവരെയും കിടത്തി ഉറക്കി പട്ടാളം അണിഞ്ഞ ഷൂസുമായി കിടക്കയില്‍ അണഞ്ഞു. ഇതെന്താനെന്നു ചോദിച്ചപ്പോള്‍ "ഒരു പട്ടാളക്കാരന്‍ ഇപ്പോഴും ALERT ആയിരിക്കണം, ഏതു അക്രമങ്ങളെയും നേരിടാന്‍" എന്നായിരുന്നു മറുപടി. (നെല്ലിയാമ്പതിയില്‍ എന്തക്രമം എന്ന് ആലോചിച്ചു നിന്ന ശ്രോതാക്കളുടെ അന്തരങ്കം - പൊട്ടലും ചീറ്റലും)
അടുത്ത ദിവസം കാലത്തെഴുനേറ്റ് ഞങ്ങള്‍ ജോഗിംഗ് നടത്തി. വിസ്തൃതമായി കിടക്കുന്ന നെല്ലിയാമ്പതിയിലെ തോട്ടത്തിന്റെ നടുവിലൂടെ. തിരിച്ചു വരുമ്പോള്‍ ഞങ്ങളെയും കാത്തു കൊട്ന്രു നില്പ്പുണ്ടായിരുന്നു. ഒരു ഡ്രില്‍ മാഷുടെ എല്ലാ വിധ ആര്തിയോടും കൂടി. അത് കണ്ടപ്പോള്‍ പലര്‍ക്കും ഓടാന്‍ പോകേണ്ടെന്നു തോന്നി. പിന്നീടങ്ങോട്ട് ദുശ്ശാസനവധം കഥകളിയായിരുന്നു. ഓരോരുത്തര്‍ക്കും അതൊരു ആര്‍മി ക്യാമ്പ് ആക്കി മാറ്റി കോണ്ട്രൂ എന്ന രാമചന്ദ്രന്‍ നായര്‍.
പിന്നെ കുളിയും കഴിഞ്ഞു തിരിച്ചു പോകാന്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ പലരുടെയും മുഖത്തെ ഭാവം എന്തായിരുന്നെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. തിരിച്ചുള്ള യാത്രയില്‍ "ഇയ്യാനി സുനി" എന്ന ഞങ്ങളുടെ ഡ്രൈവന്‍, കണ്ടറിഞ്ഞു തന്നെ "പള്ളി വാള് ഭദ്രവട്ടകം " എന്ന ഗാനം എടുത്തിട്ടു. അതോടെ അടങ്ങിയ കോമരങ്ങള്‍ വീണ്ടും കൊടുങ്ങല്ലൂര്‍ ഭരണിയിലെ കോമരങ്ങളായി മാറി ടെമ്പോ ട്രാവലറിനുള്ളില്‍.
തിരിച്ചു വടക്കുംനാഥന്റെ തിരുമുററത്തെത്തിയപ്പോഴേക്കും ഒരിക്കലും മറക്കാത്ത ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച ഈ യാത്രയുടെ Flashback ലായിപ്പോയി ഓരോരുത്തരും. അങ്ങിനെ പാവപ്പെട്ടവന്റെ ഊട്ടി യില്‍ പോയി ഓര്‍മ്മകളാല്‍ ഒരുപാട് ധനികരായി ഞങ്ങള്‍ തിരിച്ചെത്തി. വീണ്ടും ഇനിയൊരു യാത്രയുടെ പ്രതീക്ഷകളുമായി......
-------------------------
"പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....
പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....
ഇനിയെല്ലാം മറന്നീടാം, നല്ലച്ചാ ഞാന്‍ ഗമിച്ചീടാം
ചതി പെരുകിയ ദാരികനെ കൊല്ലാന്‍, ചെയ്തു വന്നീടാം
അങ്ങനങ്ങനെ .....
പള്ളിവാള്......
വേതാള വാഹനമേറി, പോകുന്നു തമ്പുരാട്ടീ
ദാരിക പുരി സന്നിധി തന്നില്‍, ചെന്നടുക്കുന്നൂ
അങ്ങനങ്ങനെ .....
പള്ളിവാള്.....
പോരിക പോരിനു വേഗം, അസുരേശാ ദാരികനേ
പരമേശ പുത്രിയകനാകും ഭദ്ര ഞാനെന്നോര്ക്കെടാ
അങ്ങനങ്ങനെ .....
പള്ളിവാള്.....
ചങ്കില്‍് മുഴയില്ലാത്ത പെണ്ണിനോട് പോര്‍ചെയ്യാന്‍
തുനിഞ്ഞിറന്ഗുന്നോനല്ലെടി ദാരികവീരന്‍
അങ്ങനങ്ങനെ .....
പള്ളിവാള്.....
പെണ്ണെന്നു നിനച്ചു നീയും പോരില്‍ നിന്നോഴിഞ്ഞാലും
നിന്‍റെ അന്ത്യമായിയെന്നു നീയുറച്ചോടാ, അങ്ങനെ(2)
എന്റെ പള്ളി വാളിന്‍ മൂര്‍ച്ച ഇന്ന് നീയറിയേണം
നിന്‍റെ ശിരസു നല്ലച്ചനിന്നു കാഴ്ച വെക്കേണം, അങ്ങനെ
പോരിന്നു വന്നൊരു പെണ്ണിനെ കണ്ടിട്ട് പേടിച്ചൊളിക്കുന്നൊ കശ്മലാ നീ
പെണ്ണിന്ടെ കരുത്തൊന്നു കാണേണ്ടേ ദാരികാ പോരിന്നു നീയോന്നിറങ്ങി വാടാ
ആ വാക്ക് കേട്ടൊരു നേരം ഓടിയടുക്കുന്നു ദാരികനും
പിന്നെ പുലിപോലെ ഭദ്രയുമായവന്‍ പോര് തുടങ്ങുന്നു രാപ്പകലായ്
ആ നേരം മേലയം കൊണ്ടമ്മ പള്ളിവാള്‍ വീശുന്നു ശ്രീ കുറുംബാ
ഭദ്രന്റെ അറ്റ ശിരസു അന്നേരം ത്രിക്കയ്യിലേന്തുന്നു തമ്പുരാട്ടീ,(3)
അങ്ങനങ്ങനെ ...
പള്ളിവാള് ഭദ്ര വട്ടകം, കയ്യിലേന്തി തമ്പുരാട്ടി
നല്ലച്ചന്റെ തിരുമുന്‍പില്‍ നിന്നും കാളി ഗമിച്ചീടുന്നു
അങ്ങനങ്ങനെ .....
2010, ജനുവരി 18, തിങ്കളാഴ്‌ച
ഇടവേളയില്‍ കാണുന്നത്.
- അരിയില്‍ ഹരിശ്രീ എഴുതുമ്പോള്‍ വിരല്‍ത്തുമ്പില്‍ അറിയുന്ന സ്പര്‍ശം വിദ്യയുടെ ഇക്കിളി എന്ന തിരിച്ചറിവ്.
- അടാട്ട് സ്കൂളിന്റെ പടി കയറിയപ്പോള്‍ ആദ്ധ്യം കണ്ട മാഷ് വാരിയര്‍ മാഷ്, മാഷിന്റെ മേശ മുര്‍ക്കാന്‍ കട; മേശക്കുള്ളില്‍ വെറ്റില, ചുണ്ണാമ്പ്, അടക്ക, ഇത് മൂന്നും മാഷിന്റെ വായില്‍ കലര്‍ന്നപ്പോള്‍ ഉണ്ടായ നിറം ചുമപ്പ്.
-ഏറും പന്ത്, എന്തും പന്ത്, എന്തിനു കൊള്ളും, എറിയാന്‍ കൊള്ളും, ഏറു കിട്ടുമ്പോള്‍ നടുമ്പോറത്ത് ഉണ്ടായ സുഖം, നീറ്റല്‍.
- അടാട്ട് സ്ക്കൂളിന്റെ പിന്‍ഭാഗത്തെ മരം സപ്പോട്ട മരം, കല്ലെറിഞ്ഞു ഏറ്റവും കൂടുതല്‍ സപ്പോട്ടകള്‍ എറിഞ്ഞു വീഴ്തുന്നവന്‍ അന്നത്തെ രാജാവ്.
- പെന്‍സില്‍, സ്ലേറ്റില്‍് വരച്ച ചിത്രം കള്ളിച്ചെടി ചുംബിച്ചപ്പോള്‍ അത് മറവിയുടെ ചിത്രമായി. അപ്പോള്‍ പുറപ്പെടുവിച്ച മണം, ഒന്നാം ക്ലാസ്സിന്റെ മണം.
- ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ത്രേസ്സ്യ ടീച്ചര്‍, മൂന്നാം ക്ലാസ്സിലെ മാഷ് മോഹനന്‍ മാഷ്. കിണറ്റില്‍ തുപ്പിയതിനു മോഹനന്‍ മാഷ്, അസ്സെംബ്ലിയില്‍ എല്ലാവരുടെയും മുനമ്പില്‍ വച്ച് ആ കിണറ്റിലെ വെള്ളം കുടിപ്പിച്ചപ്പോള്‍ അറിഞ്ഞ ഭാവം -നാണം.
- 2-B ക്കടുത്തെ മരം നെല്ലിമരം, അതിന്റെ ചില്ലയിലിരുന്നു ചിലക്കുന്ന കിളി തലേക്കെട്ട് കിളി.
- വരാന്തയില്‍ തൂക്കിയ ഉരുക്കിന്റെ മണി അധികാരത്തിന്റെ മണി, ആദ്യത്തെ മണി അസ്സെംബ്ലി മണി, അവസാനത്തെ മണി, കൂട്ട മണി, കൂട്ട മണി അടിച്ചാല്‍ വരാന്തയില്‍ കൂട്ടയടി.
-അഞ്ചാം ക്ലാസെന്നാല്‍ പുറനാട്ടുകര ശ്രീരാമ കൃഷ്ണ ഗുരുകുല വിദ്യാ മന്ദിരം. ആദ്യം കണ്ട കൊടി, വെള്ള കൊടി, അതിന്റെ മൂലയ്ക്ക് ചുമന്ന നക്ഷത്രം. അതേന്തിയ ചേട്ടന്മാര്‍ പാടിയ ഗാനം "സ്വാതന്ത്ര്യം ജനാതിപത്യം, സോഷ്യലിസം സിന്താബാദ് ", അതില്‍ ചേരുന്നവന്‍ ബുദ്ധിജീവിയുടെ ഇളമുറക്കാരന്‍, നീലക്കൊടിയില്‍ ചേരുന്നവന്‍ ഭൂര്ഷുആസി, അങ്ങിനെ കിട്ടി അ രണ്ടു പദങ്ങള്‍.
- ആദ്ധ്യം കണ്ട സമരം പടിപൂട്ടി സമരം. അതിലെ നായകന്‍ -വീര നായകന്‍.
- മുന്‍പില്‍ കണ്ട സ്കൂള്‍ ശ്രീ ശാരദ സ്കൂള്‍ , അവിടെ പോകുന്ന വര്‍ഗം പെണ്‍്വര്‍ഗം- പഠനം മൊത്തം കോണ്ട്രാക്റ്റ് ആയി എടുത്തിട്ടുള്ളവര്‍്.
(അടിക്കുറിപ്പ് ഇങ്ങനെ- പടിപൂട്ടി സമരം വിജയിച്ച ലഹരിയില്‍ നില്‍ക്കുന്ന സഖാക്കള്‍. അവരെ അസൂയയോടെ കള്ളനോട്ടം നോക്കുന്ന ശ്രീ ശാരദയിലെ പെണ്‍ വര്‍ഗം. സഖാക്കള്‍ക്ക് അവരോടു തിരിച്ചു തോന്നിയ വികാരം? -ചോദ്യ ചിഹ്നം. അവരുടെ ബൈബിളില്‍ തപ്പിയപ്പോള്‍ കിട്ടിയ ഉത്തരം- വൈരുദ്ധ്യാത്മകഭൗതികവാദം.)
ഇപ്പൊ തല്‍ക്കാലം നിര്ത്തുന്നു. ഈ വട്ട് ഇനിയും തുടരുന്നതാണ്.
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.