2010 ഏപ്രിൽ 27, ചൊവ്വാഴ്ച

കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍

ഇതാ കുറെ ചുമര്‍ ചിത്രങ്ങള്‍.



കാലം മായ്ക്കാത്ത ചുമര്‍ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തിരഞ്ഞെടുത്ത് ഒന്ന് കൂടി എടുത്തു പ്രസിദ്ധീകരിക്കാന്‍ തോന്നി. അങ്ങിനെ പിറന്നു ഈ പോസ്റ്റ്‌. ഈ posters, (തൃശൂര്‍ കാരനാണെങ്കില്‍)നിങ്ങള്‍ക്ക് രാഗത്തിന്റെ, രാംദാസിന്റെ, ജോസിന്റെ, ബിന്ദുവിന്റെ അല്ലെങ്കില്‍ സ്വപ്നയുടെ ഗേറ്റ് തുറക്കുമ്പോള്‍ ഉള്ള തള്ളികയറ്റത്തിന്റെ ഒഴുക്കില്‍ പെട്ടുള്ള കൂട്ടയോട്ടത്തിന്ടെ, രാഗത്തിനടുത്തുള്ള കാപ്പിപ്പൊടി വില്പ്പനശാലയില്‍ നിന്നുള്ള കാപ്പിയുടെ മണത്തിന്റെ, noon show തുടങ്ങുന്നതിനു മുന്‍പ് കര്‍ട്ടന്‍ ഉയരുമ്പോള്‍ ഉള്ള The Man-Machine മ്യൂസിക്കിന്ടെ, സ്വപ്നക്കടുത്തുള്ള മണീസ് കാഫെയുടെ, ജോസിലെ കായ ഭജ്ജിയുടെ ഒക്കെ ഓര്‍മ്മ വരുത്തിയേക്കാം. ഇതൊന്നുമല്ലെങ്കില്‍ റിലീസ് ചെയ്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇറങ്ങുന്ന ചിറ്റിലപ്പിള്ളി മിനിയിലെ സിനിമ കാണലും.


2010 ഏപ്രിൽ 22, വ്യാഴാഴ്‌ച

എത്തീട മോനെ മ്മടെ പൂരം.

"കോട്ട വരെ, കോട്ട വരെ, റൌണ്ടീ പൂവില്ല്യാട്ടാ" - പൂരത്തിന് കിട്ടുന്ന, നെറ്റി മാത്രം മൂടുന്ന കടലാസ് തൊപ്പിയുമിട്ടു (സിനിമയുടെയും, രാധാസ് സോപ്പിന്റെയും പരസ്യമുള്ള), ചിരിയന്‍്കണ്ടത്ത് ബസ്സിലിരുന്ന് കിളിയന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ ഉറപ്പിക്കാം, വടക്കുംനാഥനെ വണങ്ങാന്‍ കണിമംഗലം ശാസ്താവ് എത്തീനു. പൂരത്തിന് റൌണ്ട് ബ്ലോക്ക്‌ ചെയ്തതിനാല്‍ ബസ്‌ പടിഞ്ഞാറേ കോട്ട വരെ എന്നാണ് കക്ഷി പറയുന്നേ..

ദാ കാണണദണ് "Elite"- ആര്യന്പാടത്ത് സാമ്പിള്‍ വെടിക്കെട്ട്‌ കാണുമ്പോള്‍ അന്ന് (എന്ന് ,ന്ന് ചോദിച്ചാല്‍, അന്നെന്നെനു ഉത്തരം) കണ്ടിരിന്ന ഒരേഒരു ചുവപ്പ് വെളിച്ചം, അത് elite ഹോട്ടലിന്റെതു മത്രം. അടാട്ടുന്ന് നോക്കുമ്പോള്‍ കാണണ അ 'ചോപ്പ'വെളിച്ചണ് ഗടി ഞങ്ങടെ തൃശ്ശൂര് .

അരമനീം, പ്രതീക്ഷീം കാല്യ, കവിതെലോന്നു മുട്ടാം - ഞ്ച്ചാല്‍ പൂരം പ്രമാണിച്ച് "പ്രതീക്ഷ" "അരമന" എന്നീ ബാറിലെ ദാഹജലം കാല്യാ, ദൂരെള്ള കവിത ബാറില് ഒന്ന് പോയി നോക്കാംനു സാരം .

ഇന്ന് അബ്ദുള്ള ആറാ മോനേ കളി - തൃശൂര്‍ പൂരത്തിന് തീയെറ്ററുകളില് അന്ന് പല ചിത്രങ്ങളുടെയും രണ്ടാം എഡിറ്റിംഗ് നടക്കും. ഒരുകൊല്ലം ജോസ് തിയേറ്ററില് അന്നത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്ന "His Highness Abdulla", സിബി മലയില്‍ അനാവശ്യമായി കുത്തി കയറ്റി എന്ന് തൃശൂര്‍കാര്‍ക്ക് തോന്നിയ പല രംഗങ്ങളും വെട്ടി ആറ് show വരെ ഓടി . പിറ്റേന്ന് വന്ന കമന്റ്‌ - ഇന്ന് അബ്ദുള്ള ആറാ മോനേ കളി.

എരമ്പി- പൂരത്തിന് പൂരപ്പറമ്പില്‍ നിന്ന് കിട്ടുന്ന സംഭാരവും മോന്തി അതിലെ പച്ച മെളകും മാറ്റി, ഗ്ലാസ്സിനെയും അത് കൊടുത്തവനെയും നോക്കി തൃശൂര്‍ സ്റ്റൈല്‍ കള്ളച്ചിരിയോടെ പറയും "എരമ്പി ചക്കരെ, എരമ്പി നീയ് ".

മടത്തില്‍ വരവിനും, തെക്കോട്ടിറക്കത്തിനും, കുട മാറ്റത്തിനും, ഇലഞ്ഞിത്തറ മേളത്തിനും , വെടിക്കെട്ടിനും ഒക്കെ അപ്പുറം ഞങ്ങള്‍ തൃശൂര്‍ ത്രിശുകാര്ക്ക് ഇതുപോലെ കുറെ വെടിക്കെട്ട്‌ കൂടെയുണ്ട് തൃശൂര്‍ പൂരവുമായി ചേര്‍ന്ന്.
നാളെ തൃശൂര്‍ പൂരം ആയ സ്ഥിതിക്ക് , അങ്ങിനെ ചില സംഗതികള്‍ ജയരാജ്‌ വര്യര്‍് പൊരിക്കുന്നത് താഴെ വായിക്കാം(മാതൃഭുമിയില്‍ വന്നത് )

കണ്ട പൂരം... കേട്ടതും
ജയരാജ് വാര്യര്‍ (മാതൃഭൂമി article: Posted on: 08 Apr 2010)
വെളിയന്നൂരില്‍ ബസ്സിറങ്ങി പലേടത്തുനിന്നും സംഭാരം കുടിച്ച്, കടുകിട്ട ബലൂണുകള്‍ വീശി, താളംപിടിച്ച് ആനച്ചൂരും പന്തത്തിന്റെ ഗന്ധവും ആസ്വദിച്ച ബാല്യം തന്നെയാണ് ഇന്നും. കൊമ്പും കുഴലും തീര്‍ക്കുന്ന 'പെപ്പരപേ' എന്ന ശബ്ദത്തിന് സമാനമായി ഒരു ബലൂണുണ്ടായിരുന്നു. ഊതിവിട്ടാല്‍ അത് 'പേ' എന്നാണ് ശബ്ദിക്കുക. കടുകിട്ട ബലൂണും 'പേ' എന്ന് മിണ്ടുന്ന ബലൂണും കിട്ടിയാല്‍ അന്ന് ആഹ്ലാദമായിരുന്നു.ആനകളും വാദ്യകലാകാരന്മാരുമായിരുന്നു അന്നത്തെ താരങ്ങള്‍. പൊന്നില്‍കുളിച്ച കരിവീരന്മാരും വിയര്‍പ്പില്‍ മുങ്ങിയ വാദ്യമേളക്കാരും എന്നും വിസ്മയം ജനിപ്പിച്ചവരായിരുന്നു.കാലം ഒരുപാട് കഴിഞ്ഞിട്ടും നമ്മെ ചിന്തിപ്പിക്കുന്ന ഏറ്റവും വലിയ ആഘോഷം തന്നെയാണ് തൃശ്ശൂര്‍ പൂരം. മതേതരമഹിമയുടെ ഉയര്‍ന്ന മസ്തകം, ഘടകകക്ഷികള്‍ക്ക് (പൂരങ്ങള്‍ക്ക്) തുല്യസ്ഥാനം, കാഴ്ചക്കാര്‍ക്ക് ഒരേ മനം, ഒരേ സ്വരം... ഒരേ താളം.ഒരേ കോമ്പൗണ്ടില്‍ താമസിക്കുന്നവര്‍ തമ്മില്‍ പരസ്​പരം അറിയാത്ത കാലമാണിത്. പുതിയ കോളനി, ഫ്‌ളാറ്റ് സംസ്‌കാരം- അവര്‍ക്കുള്ള സന്ദേശമാണ് ഈ പൂരം.
ദേവീദേവന്മാരുടെ കണ്ടുമുട്ടല്‍, പരസ്​പരം തിരിച്ചറിയാത്ത അയല്‍ക്കാര്‍ക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍. ദേവദേവനായ വടക്കുന്നാഥനെ വണങ്ങി, പരസ്​പരം കണ്ടുമുട്ടി താളത്തില്‍ അലിഞ്ഞ്, ചമയത്തില്‍ക്കുണുങ്ങി പിരിഞ്ഞുപോകുന്ന പൂരങ്ങള്‍.ഷര്‍ട്ടും പാന്റ്‌സും ജുബ്ബയും ചുരിദാറും ചെരിപ്പും ധരിച്ച് ജാതിമതങ്ങള്‍ക്കതീതരായി ക്ഷേത്രമതിലകത്ത് ആര്‍ക്കും പ്രവേശനം നല്‍കുന്ന സമത്വസുന്ദരദിനം.ആകാശച്ചിറകില്‍ ഒരേ ഈണത്തില്‍ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം. ഇരുട്ടിന്റെ മഹാഗര്‍ഭത്തില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം വെളിച്ചവും പൊന്നും പൂവും വിതറി ആകാശച്ചെരുവില്‍ പൂത്തിറങ്ങുന്ന പൂര രാത്രി.കഴിഞ്ഞദിവസം ഷൊര്‍ണൂര്‍ റോഡില്‍വെച്ച് ഒരാളെ കണ്ടു. ഡല്‍ഹിയിലാണ് ജോലി. പൂരത്തിന് പത്തുദിവസം മുമ്പ് പതിവായി നാട്ടിലെത്തുന്ന പൂരസ്നേഹി.''പത്തൂസം മുമ്പ് ഇമ്മളെത്തും. ലീവ് കിട്ടീലെങ്കിലും ജോലി പോട്ടേന്നുവെയ്ക്കും. മ്മക്ക് എന്തൂട്ട് തേങ്ങ്യാ? മ്മക്ക് പൂരം കഴിഞ്ഞിട്ടേള്ളൂ ജോലീം കീലീം... പൂരം മ്മക്ക് അലക്കണം... പൂരംന്ന് പറഞ്ഞാ പെടക്ക്യന്നെ.. പെടാന്ന് പറഞ്ഞാ... ജാതി പെടാ...''വര്‍ഷങ്ങള്‍ക്കുമുമ്പ് പത്തനംതിട്ടയില്‍നിന്ന് ഒരാള്‍ പൂരം കാണാന്‍ വന്നു. കൂട്ടുകാരന്റെ ക്ഷണപ്രകാരമാണ് വരവ്. സാക്ഷാല്‍ തൃശ്ശൂര്‍ക്കാരനായ ചങ്ങാതി സംഘാടകരില്‍ പ്രധാനിയുമാണ്. മൊബൈല്‍ ഫോണോ, മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കാലമാണ്. അമ്പലത്തിന്റെ മുമ്പില്‍ വന്നിട്ട് കമ്മിറ്റി ഓഫീസില്‍ കയറി രാമചന്ദ്രനെ ചോദിച്ചാല്‍ മതി എന്നാണ് പറഞ്ഞിരുന്നത്.പത്തനംതിട്ടക്കാരന്‍ എത്തിയപ്പോള്‍ രാത്രിയായി. ക്ഷേത്ര ഓഫീസിലെത്തി ചോദിച്ചു.രാമചന്ദ്രന്‍ ഒണ്ടോ?ഓഫീസിലെ ഗൗരവക്കാരന്‍ പറഞ്ഞു.''പ്പന്നെ ഇവിടെ ഇണ്ടാര്‍ന്നു. കുളിപ്പിക്കാന്‍ കെണ്ടോയി''.പത്തനംതിട്ടക്കാരന്‍ ഞെട്ടി. 'ഈശ്വര...രാമചന്ദ്രനെ കുളിപ്പിക്കാന്‍ കൊണ്ടുപോയിരിക്കുന്നു. അപ്പോള്‍...?വീണ്ടും ഒന്നുകൂടെ കറങ്ങിയശേഷം മറ്റൊരു കമ്മിറ്റിയംഗത്തോട് തിരക്കി.''നമ്മുടെ രാമചന്ദ്രനെ കണ്ടോ?കമ്മിറ്റിക്കാരന്‍ പറഞ്ഞു: ''അയ്... ഇപ്പന്നെ കൊണ്ടോയേള്ളോ... പട്ട ഇടുക്കാന്‍ പോയിരിക്ക്യാ...''''എന്റമ്മേ... കുളിപ്പിച്ചതും പോരാതെ... വീണ്ടും പട്ടയടിക്കാന്‍ പോയോ..?പത്തനംതിട്ടക്കാരന്‍ ശരിക്കും വിയര്‍ക്കാന്‍ തുടങ്ങി. ഒന്നുംകൂടി കറങ്ങിത്തിരിഞ്ഞ് ഓഫീസിലെത്തി. ഇത്തവണ കണ്ടുപിടിക്കും, തീര്‍ച്ച.'രാമചന്ദ്രന്‍ എവിടെ ഒണ്ട്?''ഓഫീസില്‍ ഇരുന്ന മൂന്നാമന്‍ കമ്മിറ്റി പറഞ്ഞു: 'തലേക്കെട്ട് കെട്ടിക്കാന്‍ കൊണ്ടുപോയി'(ആദ്യം കുളിപ്പിച്ചു...പിന്നെ പട്ടയടിച്ചു..., ഇനി തലേക്കെട്ടും കെട്ടിച്ചാല്‍ പൂരം കുശാലായല്ലേ.)അവസാനം രണ്ടും കല്പിച്ച് രാമചന്ദ്രനെ തിരിച്ചറിയാന്‍ ഒരു സൂചന 'ക്ലൂ' (അന്നില്ലാത്തത്) നല്‍കി.''നല്ലപോലെ തടിച്ച്...വെളുത്ത് മീശയില്ലാത്തയാളാ രാമചന്ദ്രന്‍...''കമ്മിറ്റിക്കാരന്‍ പറഞ്ഞു.''മാഷേ, ഇവിടെ ഒരു രാമചന്ദ്രനെ ഉള്ളൂ. അതും വെളുത്തിട്ടല്ല. കറുത്ത് തടിച്ച്... രണ്ടുകൊമ്പും നാലുകാലും രണ്ട് ചെവിയുമുള്ള രാമചന്ദ്രന്‍.''അപ്പോഴാണ് ആഗതന് വിഷയം പിടികിട്ടിയത്.ഇതൊരു കഥയാണോ യാഥാര്‍ത്ഥ്യമാണോ ഫലിതമാണോ? അറിയില്ല.

മറ്റു തൃശൂര്‍ പൂരം വിശേഷങ്ങള്‍ താഴയൂള്ള മാതൃഭൂമി link ക്ലിക്ക് ചെയ്‌താല്‍ വായിക്കാം.
http://www.mathrubhumi.com/thrissurpooram/index.php

2010 ഏപ്രിൽ 9, വെള്ളിയാഴ്‌ച

മേടം

"രാമന്‍ എന്ന പ്രവാസി തൊഴിലാളി പായില്‍ എഴുനേറ്റിരുന്നു. ആവശ്യമായ പാഠഭേദങ്ങളോടെ മംഗള ശ്ലോകങ്ങള്‍ മനസ്സിലുരുവിട്ടു.
പൂനേച്ചി സുപ്രജാ രാമാ
പൂര്‍വ്വാ സന്ദ്യാ പ്രവര്ത്തതേ
ഉത്തിഷ്ഠ നായരധ്വജ
ത്രൈലോക്യം വിപ്ലവം കുരു."
-പ്ര: രാമന്‍സ് - (ഗ്രോ വാസു. സ:ശിവരാമന്‍ എന്നൊക്കെ പറയുമ്പോലെ പ്ര:രാമന്‍സ് എന്നാല്‍ പ്രവാസി രാമന്‍സ് എന്നാകുന്നു)രാമന്‍സ് പായില്‍ എഴുനേറ്റിരുന്നു ചുമരില്‍ നോക്കി.

ഭൂ" തീര്‍ത്ത വട്ടത്തില്‍ നിന്ന് പുറത്ത് ചാടാന്‍ വെമ്പുന്ന മാതൃഭുമി തന്നെ നോക്കി ചിരിക്കുന്നു, ഇടത്ത് മീനം- മേടം, വലത്ത് പൈങ്കുനി ചിത്തിരൈ"നടുവില്‍ ഏപ്രില്‍്. മേടം കണ്ടപ്പോള്‍ രാമന്സിന് അസ്കിത വന്നു. ഏതിന്റെ? ഗൃഹാതുരന്റെ. കണ്ണടച്ച് കുറച്ചു നേരം പത്മാസനത്തിലിരുന്നു.
"ചെമ്പും നീലയും നിറമായ ആകാശത്തിലൂടെ താണ് പറക്കുന്ന മിനിജെറ്റുകള്‍ മാതിരി വിഷുപക്ഷികള്‍ ഊളയിട്ടു പോയി. ഇലക്ട്രിക്‌ ഹോണിന്റെ ശബ്ദത്തില്‍ "കീ" എന്ന് അവ കാലത്തെ വിളിച്ചറിയിച്ചു.കിഴക്കേ വാ, വിത്തും കൈകൊട്ടുംഇന്‍ക്വിലാബ്‌ സിന്ദാബാദ് !" (@#$%#^)
വിഷുപക്ഷിയുടെ താഴെ മലര്‍ന്നടിച്ചു കിടക്കുകയാണ് കടവില്‍ കോള്‍,ആക്കറ്റാന്‍, ഒമ്പതുമുറി, പുത്തന്‍കോള്‍, കരിമ്പാടം എന്നീ നാമധേയങ്ങളില്‍ പാടശേഖരന്മാര്‍. തിളയ്ക്കുന്ന പകലും അതിന്റെ ചൂടില്‍ വാടി സ്ഥബ്ദമായി നില്‍ക്കുന്ന രാത്രിയും. കാററ് എന്നവന്‍ പണി മുടക്കിലും. മറ്റെല്ലാം അണഞ്ഞിട്ടും ആളിക്കത്തുന്ന തീ പോലെ പൂത്തു നില്‍ക്കുന്ന പൂമരങ്ങള്‍.
നാണു: "രാമാ, ഞാന്‍ 'ചാത്തന്‍സ്' എഴുതിയത് ഇത് കട്ടിട്ടാണ് എന്നുകൂടി കാച്ച് നീ. മാറ്റി കുറുക്കിയ സംഗതി മുഷിയില്ല്യാ, തുടര്‍ന്നും കാച്ച് "രാമന്‍: "Thank you Mr.നാണു നായര്‍" (നനുആരെ, ഇത് മറന്നാലും ഞാന്‍ മരിക്കില്ല്യ) , ഞച്ചാല്‍ നമുക്ക് തൊടങ്ങാനര്‍ത്ഥം."
വിഷയം എന്താന്ന് വെച്ചാല്‍ ഏപ്രില്‍ എന്ന മേടം തന്നെ. മേടത്തെ ഓര്‍മ്മകളില്‍നിന്നു ഒന്ന് tune ചെയ്തപ്പോ ചിതറിയ കുറെ ചിത്രങ്ങള്‍.

മുന്‍പ് ഡിസംബറിനെ tune ചെയ്ത മാതിര്യല്ല, സംഗതി സംഭവഭഹുലമാണ് . M.T. സ്റ്റൈലില്‍ കണിക്കൊന്നയുടെ മഞ്ഞ നിറമുള്ള ഏപ്രില്‍. നാണു സ്റ്റൈലില്‍, പഴയ ഈസ്റ്മന്‍ ചിത്രങ്ങളോ, ആല്‍ബത്തിലെ പഴക്കം ചെന്ന ചിത്രങ്ങളോ പോലുള്ള മഞ്ഞച്ചന്‍ മേടം, ദിവാകരേട്ടന്‍ മേടം രാശിയില്‍ വന്നു നിന്ന് സലൂട്ടടിച്ചപ്പോള്‍ പിറന്നു വീണു സൌരമാസത്തിലെ പ്രഥമനായി മേടമാസം.

കൊയ്ത്തിന്‌ പണിക്കാരെ സ്വരൂപിക്കാന്‍ ഓടി നടക്കുന്ന ഇടനിലക്കാര്‍.
ചാണകം കൊണ്ട് മെഴുകി വൃത്തിയാക്കിയ കളങ്ങളില്‍, കൊയ്തെടുത്ത കറ്റകള്‍ വെക്കാനൊരിടം തേടി നടക്കുന്നവര്‍.
നെല്ല് മൂട്ടാനുള്ള ചാക്കിനായി പരക്കം പായുന്നവര്‍, ഇവരെ നോക്കി ആടി തീര്‍്ന്ന നാടകത്തിലെ നായകനെ പോലെ വറ്റി വരണ്ടു വിണ്ടു നില്‍ക്കുന്ന ചാലുകള്‍ .
നെല്ലും വൈക്കോലും വേനല്‍മഴയ്ക്ക് മുന്‍പേ അവരവരുടെ വീട്ടിലെത്തിക്കാന്‍ നെട്ടോട്ടമോടുന്ന കൂട്ടം. കാലിലടിച്ച ലാടവും, കഴുത്തില്‍ കെട്ടിയ മണിയും, വണ്ടിയുടെ മരച്ചക്രത്തില്‍ കെട്ടിയ ഇരുമ്പുപട്ടയും കൊണ്ട് വെട്ടുവഴിയില്‍ ചെമ്പട താളം തീര്‍ത്ത് ഇതിനൊക്കെ സംഗീത സംവിധായകനായി നീങ്ങുന്ന കാളവണ്ടി, അവ ടാറിടാത്ത വഴികളില്‍ നിന്നും ഉയര്‍ത്തുന്ന ചെമ്മണ്‍ പൊടിയുടെ പുകമറ. പുറകെ വരുന്ന ഉണങ്ങിയ വൈക്കോലിന്റെ മണം. വണ്ടിയുടെ ഡ്രൈവന്റെ സ്ഥാനത്തായി കട്ടിയുള്ള കോട്ടന്‍ ഷര്ട്ടിട്ടു ചന്തുമാന്‍.
ഇതിനിടയില്‍ മാനം നോക്കി "ഇപ്രാവശ്യം (ഭരണി)വേല വെള്ളത്തിലെന്നെ" എന്നും പറഞ്ഞു നടക്കുന്ന വെട്ടൂരാന്‍ മാര്‍(Veteran). വേലയ്ക്കു മുന്‍പേ ഒഴിക്കേണ്ട പൂരപ്പറമ്പിലെ പാറപ്പുറം എന്ന deadline'നുമായി, മുളവടിയുമായി മല്ലിടുന്ന വൈക്കോല്‍ ഉണക്കുന്നവര്‍. പാറപ്പുറത്തെ ചൂട് വൈക്കോലില്‍ തീര്‍ക്കുന്ന ഗന്ധം. രാത്രി എരിപൊരി കൊള്ളുന്ന പുഴുക്കത്തില്‍, ഉമ്മറത്തെ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്നു മുറ്റത്തെ മാവിലേക്ക്‌ നോക്കി "ഒരെല അനങ്ങുണ്ടോന് നോക്ക്യേ?"എന്ന് പറയുന്ന അച്ചമ്മമാര്‍.ഇവരുടെ വിളി കേട്ടിട്ടെന്ന പോലെ പുഴുക്കത്തില്‍ നിന്ന് ശാപമോചനമായി കിട്ടുന്ന ചാറ്റല്‍മഴ. മഴ ഉതിര്‍ക്കുന്ന പുതുമണ്ണിന്‍ ഗന്ധം. പിറ്റേ ദിവസം ONV യുടെ ഭൂമിക്കൊരു ചരമഗീതം പാടി സുഗുണേട്ടന്റെ വീടിന്റെ പിന്നിലൂടെ ഉദിച്ചുയരുന്ന ദിവാകര്‍ എന്ന സൂര്യേട്ടന്‍.
എല്ലാം കഴിഞ്ഞു പടിഞ്ഞാട്ടു പോകാന്‍ യാത്രയാകുന്ന നാല് മണി സൂര്യന്‍, സൂര്യന് സാക്ഷിയായി ആര്യന്പാടം. മധ്യവേനല്‍ അവധിയില്‍ പുതിയ കളിയിടങ്ങള്‍ തേടിയുള്ള യാത്രയില്‍ നിധിയായി കിട്ടിയ ആര്യന്പാടം. കൊയ്ത്തു കഴിഞ്ഞ പാറപോലെ ഉണങ്ങി കിടക്കുന്ന സ്ഥലം ഓരോ ദിവസവും പഞ്ഞി പോലെ മാര്ധവമായത് ഫുട്ബോള്‍ കളിയുടെ അനന്തരഫലം. ഓരോ ലോങ്ങ്‌ കിക്കിലും ബോളിനോപ്പം പറന്നുയരുന്ന പൊടിയും അതിന്റെ മണവും- അത് മേടമാസത്തിന്റെ മണം. നാലുമണി സൂര്യനെയും യാത്രയാക്കി ഒറഞ്ഞു നിറത്തിലുള്ള പട്ടീസണിഞ്ഞു പടത്തിന്റെ ഓരത്ത് വാമപ്പു ചെയ്യുന്നവര്‍. പെനാല്‍ടി കിക്ക് ബെലാംടി ആയതും, ലോഡിറക്കിയ ശേഷം യൂണിയന്കാര്‍ നേരെ കളിക്കളത്തിലിറങ്ങി 'പെലെയും', 'ഗുള്ളിറ്റും', 'ഹിഗ്വിറ്റ യും' ആയിരുന്നതും, ശശിയേട്ടന്‍ 'മറഡോണയായി ' തകര്ത്തിരുന്നതും ഈ ആര്യന്പാടത്ത്.
വിഷുവിനു പൊട്ടി തകര്‍ന്ന ഗുണ്ടിന്റെയും, ചീറ്റി പോയ ഓലപ്പടക്കത്തിന്റെയും, കറങ്ങിത്തിരിഞ്ഞ തലച്ചക്രത്തിന്റെയും, ഉയര്‍ന്നു പൊന്തിയ മൂളിയുടെയും, ഇഴഞ്ഞു നീങ്ങുന്ന പാമ്പ് ഗുളികയുടെയും കൂടി മണമുണ്ട് മേടത്തിനു. വിഷുപ്പുലരിയില്‍ കണികാണാനായി വിളിച്ചുണര്‍ത്തുമെന്ന പ്രതീക്ഷയില്‍ കിടക്കുമ്പോള്‍ കണ്ണുകളെ പൊതിയുന്ന കൈകള്‍. അ സ്പര്‍ശം പകരുന്ന രസം മേടമാസത്തിന്റെതായിരുന്നു. കണ്ണ് തുറന്നപ്പോള്‍ കണ്ട കണിയില്‍ ലോകത്തിന്റെ മൊത്തം സൗന്ദര്യവും ഐശ്വര്യവുമായിരുന്നെന്നറിയാന് കാലം ഒരുപാടെടുത്തു. ഈ ഓര്‍മ്മകള്‍ മേടതിന്റെ ഓര്‍മ്മകള്‍. " !@#^$$% 'tune' ചെയ്ത ചാനെലില്‍ സിഗ്നല്‍ പോയിരിക്കുന്നു. രാമന്സ് Back to Reality.

2010 മാർച്ച് 30, ചൊവ്വാഴ്ച

ഇതിഹാസത്തിന്റെ സ്പര്‍ശം - O.V. വിജയന്‍


തസ്രാക്കിലെ മണ്ണില്‍ വളര്‍ന്നു ഖസാക്കെന്ന സാങ്കല്‍പ്പിക ദേശം സൃഷ്ടിച്ചു ഇതിഹാസം തീര്‍ത്ത, "മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ന്ന് തുന്നിയ പുനര്‍ജനിയുടെ കൂട് വിട്ടു ഞാനിതാ യാത്രയാകുന്നു " എന്ന്‍ പറഞ്ഞു ഭാഷയുടെ മാസ്മരികത മലയാളിക്ക് സമ്മാനിച്ച ആ അതികായന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ടു ഈ മാര്‍ച്ച്‌ 30 നു അഞ്ചു വര്‍ഷം തികയുന്നു.


"ഖസാക്കിന്റെ ഇതിഹാസം" എന്ന തന്റെ ആദ്യ നോവലിലൂടെ, മലയാള നോവല്‍ ശാഖയെ ഖസാക്കിനു മുന്‍പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി ഖണ്ടിച്ച O.V. വിജയന്‍ .
ഒരുപാട് വായനക്കാര്‍ അരച്ച് കലക്കി വായിച്ചും, മല്‍സരിച്ച്‌ നിരൂപണങ്ങള്‍ എഴുതിയതും ആയ ഒരു വിഷയമായതിനാല്‍, ഈ പോസ്റ്റ്‌ മറ്റൊരു നിരൂപണമാക്കാന്‍് ആഗ്രഹമില്ല. ഓര്‍മ്മപ്പെടുതുമ്പോള്‍ നിങ്ങളുടെ ബുക്ക്‌ ഷെല്‍ഫില്‍ മയങ്ങി കിടക്കുന്ന ആ ക്ലാസ്സിക്‌ ഗൃഹാതുരതയോടെ ഒന്ന് കൂടി വായിക്കാന്‍ പ്രേരകമാക്കാനുള്ള ഒരു ശ്രമം മാത്രം .

ആദ്യമായി ഈ നോവല്‍ എന്താണെന്നറിയുന്നത് പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള വേനലവധിയില്‍
ഗോപാലേട്ടനുമായി ആല്‍ത്തറയില്‍ സന്ദ്യ സമയത്തെ ഒരു ഒത്തു ചേരലില്‍. വായിക്കുമ്പോള്‍ ഓരോ തവണയും ഓരോ അനുഭവം തരുന്ന ക്ലാസ്സിക്‌. അത്ര മാത്രം പറയാനേ ഞാനാളുളളൂ.

രവിയും, പദ്മയും, മൈമുനയും, നീല ഞരമ്പുകള്‍ തുടിക്കുന്ന കൈതണ്ടയും, ഒത്തുപള്ളിയിലെ അള്ളാപിച്ചാ മൊല്ലാക്കയും, മൊല്ലാക്കയുടെ കാലിലെ വൃണവും, ചെതലി മലയും ഏകാദ്ധ്യാപക വിദ്യാലയവും, ഖസാക്കിലെ ചിലന്തികളും, അപ്പുക്കിളിയും, കുട്ടാടന്‍ പൂശാരിയും, ദൈവപ്പുരയും, കൂമങ്കാവും, പാലക്കാടന്‍ ഭാഷയും, കരിമ്പനക്കൂട്ടങ്ങളും കഥാപാത്രങ്ങളായി നടനമാടിയപ്പോള്‍് മലയാളികള്‍ ഒരു പുതിയ ശൈലിയിലുള്ള നോവല്‍ വായിക്കുക മാത്രമായിരുന്നില്ല. ആസ്തിത്വദുഃഖങ്ങളും, ഉല്‍പത്തിയുടെ ഉറവിടം തേടിയുള്ള യാത്രകളും, അറിവാരഞ്ഞവന്റെ വ്യര്ത്ഥതയും അനുഭവിക്കുകയായിരുന്നു. ആ അനുഭവം തലമുറകളിലൂടെ കൈമാറി കൊണ്ടേയിരിക്കുന്നു.

മലയാള സാഹിത്യത്തിലെ മറ്റു രണ്ടു അതികായന്മാരുടെ കൂടി(VKN, കൃഷ്ണന്‍ നായര്‍) പരാമര്‍ശം കുറിച്ച് , ആ മഹത് കൃതിക്കും വിജയന്‍ എന്ന ഇതിഹാസത്തിനും പ്രണാമം അര്‍പ്പിച്ചു കൊണ്ടു നിര്ത്തുന്നു.

-VKN- " വിജയന്റെ കഥകളും നോവലുകളും വച്ച് ഉപജീവനം നടത്തുന്ന നിരൂപകന്‍മാരുടെ പറ്റവും അവരുടെ എഴുത്തും സമാന്തരമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുപതും ഇരുപത്തിഒന്നും നൂറ്റാണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ജീനിയസ്സായി മലയാള സാഹിത്യത്തിലെ അതികായനായി വിജയന്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.വിജയന്‍റെ തന്നെ ഒരു വാചകത്തിനു പാഠഭേദം പറയുകയാണെങ്കില്‍ അവരോഹണമില്ലാതെ ആരോഹണം മാത്രമായി വിജയന്‍റെ സാഹിത്യം മലയാണ്മയക്കു മീതെ ഉദാത്തമായ സമാധി കൊള്ളുകയാണ്. ജീവസ്സുറ്റ ഈ അവസ്ഥ നീണ്ട കാലം നിലനില്‍ക്കട്ടെ! ച്ചാല്‍ നീണ്ടും ചുരുണ്ടും നിബിഡമായും എന്നര്‍ത്ഥം"

- കൃഷ്ണന്‍ നായര്‍. (സാഹിത്യ വാരഫലം)- “ഇനി ഒരു 50 വര്‍ഷം കഴിഞ്ഞാലും ഇപ്പോള്‍ മലയാളത്തിലുള്ള ഏതെങ്കിലും ഒരു നോവല്‍ വായിക്കപ്പെടും എന്ന് ഉറപ്പുണ്ടെങ്കില്‍ അത് ‘ഖസാക്കിന്റെ ഇതിഹാസം’ആയിരിക്കും”

കൂടുതല്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഒരു വിശദമായ പഠനം:

1. ആത്മായനങ്ങളുടെ ഖസാക്ക് - (M K Harikumar's full text )

അനുകൂലമായും പ്രതികൂലമായും വന്ന മറ്റ് പോസ്റ്റുകള്‍ :

2. ഒ.വി.വിജയന്‍ : ഇതിഹാസങ്ങളുടെ കളിത്തോഴന്‍
3.
ഡിങ്കന്‍ : ഖസാക്ക് ഒരു ദാര്‍ശനിക പൈങ്കിളിയാണോ..?
4.
ഖസാക്ക് പുനര്‍വിചാരണയും സത്യസന്ധതയും..

5. മുന്‍പേ പറന്ന കിളി

2010 മാർച്ച് 16, ചൊവ്വാഴ്ച

ചെകുത്താന്റെ പണിപ്പുരകള്‍

"An idle mind is the devil's workshop". നമ്മള്‍ എല്ലാവരും കേട്ടിട്ടുള്ള പഴഞ്ചൊല്ല്. ഞാന്‍ ആദ്യമായി ഇത് കേള്‍ക്കുന്നത് English-2 പരീക്ഷക്കായി തായ്യാറെടുക്കുമ്പോളായിരുന്നു. ഇന്ദുലേഖ പോലെയുള്ള കഥകള്‍ പാഠ്യ വിഷയമായതുകൊണ്ടും, Grammer പഠിക്കുന്നതിന്റെ വിരസതയൊന്നും ഇല്ലാത്തതിനാലും, പഠിപ്പിച്ചിരുന്ന ടീച്ചര്‍മാരായ , സിന്ദു ചേച്ചിയും (tuition) , പത്താം ക്ലാസ്സിലെ രമണി ടീച്ചറും ഈ വിഷയം വളരെ രസകരമായി എടുത്തിരുന്നതിനാലും, English -2 ഒരു പഠനവിഷയമായിട്ടേ തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അന്നത്തെ ഓരോ കഥകളും പഴഞ്ചൊല്ലിനെ വിശദീകരിക്കലും എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്.

തല്‍ക്കാലം അതൊക്കെ അവടെ നിക്കട്ടെ, നമുക്ക് നമ്മുടെ പഴഞ്ചൊല്ലിലേക്ക് തിരിച്ചു വരാം. മലയാളം വാര്‍ത്ത കാണുന്ന ഏതൊരാള്‍ക്കും ഈ ഒഴിഞ്ഞ മനസ്സിലെ ചെകുത്താന്‍മാരുടെ കളിവിളയാട്ടങ്ങളെ കുറിച്ച് പെട്ടന്ന് പിടികിട്ടും. കേരളത്തില്‍ നടക്കുന്ന വിവാദ നാടകങ്ങള്‍് തന്നെ വിഷയം. വാര്‍ത്തകളില്‍ തൊണ്ണൂറു ശതമാനവും വിവാദങ്ങള്‍ തന്നെ. ഇതൊക്കെ കൊട്ടിഘോഷിക്കാന്‍് ഒരുപാട് പേര്‍ മാധ്യമ, പത്ര ധര്‍മ്മവും ഉദ്ഘോഷിച്ചു കൊണ്ട്. കേള്‍്ക്കാനുംകാണാനും നമ്മളെ പോലുള്ള ഒരുപാട് പ്രേക്ഷകര്‍, ശ്രോധാക്കള്‍. ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ pattern ആണ്. തിരി കൊളുത്താന്‍ ഒരാള്‍, അതിന് എതിരഭിപ്രായമായി മറ്റൊരു genius, ഇവരെ പിന്താങ്ങി ഒരു കൂട്ടം, സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും. ഇവര്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കി മാധ്യമ രാജാക്കന്മാര്‍.

ഓരോ വിവാദങ്ങള്‍ക്കും വളരെ കൃത്യമായ Cycle time ഉണ്ട്. വിവാധത്ത്തിനു തിരി കൊളുത്തുന്നവന്റെ ശക്തി പോലെയിരിക്കും അത്. തറ sorry താര രാജാക്കന്മാരും മാഷുമ്മാരും ("തത്ത്വമസി" വായിച്ചില്ലെന്കില്‍് കേരളത്തിലേക്ക് കടക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍) തമ്മിലാണെങ്കില്‍ പിന്നെയുള്ള വെടിക്കെട്ട്‌ മിനിമം ഒരു ആറ് മാസം ഉറപ്പാ. മാധ്യമനു TRP ഇനത്തില്‍ കൊയ്ത്തു തന്നെ. (ഒരു വിവാദത്തിനു തിരി കൊളുത്തുമ്പോള്‍ Nambiar മാരും, ലൂക്കാ ചേട്ടനും, സാക്ഷി കുട്ടിയും പാടുന്നുണ്ടാവും "ചാകര ചാകര, പുറക്കാട്ടു കടപ്പുറത്ത് ചാകര" എന്ന്). നാലുകെട്ടില്‍ 50 വര്‍ഷം പൊറുത്തത് കൊണ്ടാടിയാല്‍ ബഷീറിന്റെ ആടിനെ നോക്കിയില്ലെന്നു പറഞ്ഞു വിവാദം,
പരീക്ഷ നടത്തിയാല്‍് വിവാദം, നടത്തിയില്ലെങ്കില്‍ വിവാദം, ഹെല്‍മെറ്റ്‌ നിയമം കൊണ്ട് വന്നാല്‍ കുഴപ്പം, ഇല്ലെങ്കില്‍ വിവാദം, പാട്ടിന്റെ വരി സംഗീതത്തിന് ഒത്തു വന്നില്ലെങ്കില്‍ അതും വിവാദം, നടന്മാര്‍ TV യില്‍ അവധാരകരായാല്‍ വിവാദം, തിലകന്‍ മിണ്ടിയാല്‍ തൃശൂര്‍ പൂരം, മിണ്ടിയില്ലെങ്കില്‍ സുകുമാര പൂരം, ഇതിനിടയില്‍ ലാലുവിനും മറ്റും ഓഷോക്ക് പഠിക്കാന്‍ പോലും നേരമില്ല (പാവം പൊടിപ്പും തൂവലും വച്ച് ഓഷോയെ quote ചെയ്തും മറ്റും ഒരു വിധത്തില്‍ genius actor ആയി വരികയായിരുന്നു, മാഷ്‌ അതും തകര്‍ത്തു). ഇതിനിടയില്‍ മുഖ്യന്റെ പിണറായി പ്രേമവും, ടി. പദ്മനാഭനും, വയനാടും, മൂന്നാറും, അതിഥി താരങ്ങളായി വന്നു പോകുന്നു. ആകെ കൂടി പറഞ്ഞാല്‍ ഒരു വിവാദ ഫാക്ടറി ആണ്‌ കേരളം.

ഇതെല്ലാം എവിടെ നിന്നുണ്ടാകുന്നു എന്ന് ആലോചിച്ചാല്‍ നമ്മള്‍ സാധാരണ ജനത്തിനു കിട്ടുന്ന കാരണങ്ങള്‍ വളരെ ലളിതം. നമ്മുടെ പഴഞ്ചൊല്ല് - ഒഴിഞ്ഞ മനസ്സുകള്‍ . ഇവര്‍ക്കൊക്കെ എന്തെങ്കിലും പണി കോടുക്കൂ കൂട്ടരേ. സാധാരണ ജനങ്ങള്‍ എങ്ങിനെയെങ്കിലും പിഴച്ചു പോകട്ടെ.

എല്ലാം അറിയുന്നവരായ വിവാദ നായകന്മാര്‍ക്ക് അടിക്കുറിപ്പായി VKN എഴുതിയ ചാത്തന്സിലെ രണ്ടു വരികള്‍. (ഇതൊന്നും കാണാന്‍ നീയില്ലാതെ പോയല്ലോ പയ്യന്‍സേ)
-ഗുരുവായൂരപ്പനെ തൊഴാനായി അടിച്ചു മൂളി എത്തുന്ന ഭക്തനോട്‌ ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്നു ഗുരുവായൂരപ്പന്‍ " ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അങ്ങോട്ട്‌ വരുമായിരുന്നല്ലോ. ഇത്ര വിഷമിക്കണോ? " -

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്