2020, മേയ് 3, ഞായറാഴ്‌ച

ഒരു ലോക് ഡൗൺ അപാരത

അങ്ങനെ ഒരു കുത്തിയിരിപ്പുകാലം.

അപ്പുറത്തെ ടറസ്സിൻ്റെ മൂലയിൽ ഏകാകിയായ് ഒരു അഞ്ചാം നമ്പർ പന്ത് (ഇപ്പൊ ഫുഡ്ബോളിന് നമ്പറുകൾ ഉണ്ടോ എന്നറിയില്ല, പക്ഷേ ഒരു കാലത്ത് മൂന്നാം നമ്പർ, അഞ്ചാം നമ്പർ എന്നൊക്കെ കേട്ടിരുന്നു). ഓർമക്രമം കീഴ്മേൽ മറഞ്ഞപ്പോൾ രേഖ (മെമ്മറിലേൻ) ഫാസ്റ്റ് റിവേഴ്സിസിൽ നേരെ ചെന്നു തട്ടി നിന്നത് തൊണ്ണൂറുകളുടെ ഒരു (ചായകുടി കഴിഞ്ഞ) വൈകുന്നേരത്ത്. അതായത് വീട്ടിൽ പോയി വേഷം മാറി വന്നാൽ വോളിബോളിൽ  സ്ഥാനം പോകുമെന്ന 'നിലനിൽപ്പീയ' പ്രശ്നം ഉള്ളതിനാൽ, കാക്കി യൂണിഫോമിനുള്ളിൽ കളിക്കാനുള ട്രൗസറിട്ട് പോയി വൈകുന്നേരം 'സൺവിൻ സ്റ്റോർ കോർണറിൽ' വണ്ടിയിറങ്ങി നേരെ കോർട്ടിൽ ക്രാഷ് ലാൻ്റ് ചെയ്തിരുന്ന കാലം എന്നും വ്യാഖ്യാനം. (ബീവറേജസ് മൊത്തം അടവായ ലോക് ഡൗൺ കാലത്തും എങ്ങിനെ ഒപ്പിച്ചെടുക്കുന്നു എന്നിങ്ങനെയുള്ള കുത്തിതിരുപ്പുകളേ,  ''കടക്ക് പുറത്ത്'' ന്ന് 😀)

ഒരു ലോക്ഡൗൺ അപാരത:


മണി നാലരയായി. നെറ്റ് കെട്ടാൻ നേരായില്യേ. ശെന്തായീ ചെക്കന് ഇങ്ങനെ ഉത്തരവാദിത്യമില്യാണ്ടായാ. ശ്രീകുമാറെ ആ ബോളിങ്ങ് എടുക്കടോ.


എന്താ രാമ, ഇങ്ങനെ വൈക്യാ മൂന്ന് ഗെയ്മ്  കളിക്കാൻ പറ്റ്വോ? നിങ്ങക്കൊക്കെ പറഞ്ഞ സമയത്ത് കോർട്ടി വന്നാ എന്താ കൊഴപ്പം.

ഏയ് ചൂടാവല്ലെ ഡോ. ഹേയ്, കാറ്റ് കൊറവാലോ ശ്രീകു. ഇന്നലെ അടിച്ചതല്ലേ.

അയ്ന് ഞാനാ കാറ്റ് കളഞ്ഞെ?

അതല്ല ബോൾ താ, നേരം പോയ്

Mr,ബോംബ്, രഥം ബാബ്വേട്ടൻ്റെ സൈക്കിൾ കടയിലേക്ക് പോട്ടെ.

ഹാ. ഒരിത്തിരി കൂട്ടിയടിച്ചോ, ബാക്ക് നിക്കാ സ്ഥിരം മറ്റോ --നാ, സ്ഥിരം കളി തൊടങ്ങാൻ നേരം നേരെ 'മേനോനായി' വന്ന് നിക്കും. കോർട്ട് വരക്കാനുല്യ, നെറ്റ് കെട്ടാനുല്യ. സാരഥിയേട്ടൻ്റെ ഒരോ സ്മാഷിനും അവൻ്റെ കൈ തറമ്പണം. ഹൗ, പമ്പ് എത്ര അടിച്ചട്ടും കാറ്റ് കേറ്ണില്ലലോ. 'ജവാൻ', 'ജോഹർ' സഹോദരങ്ങൾ ഇല്യാത്തേൻ്റ കൊറവാ. ഇനിപ്പോ സൂചി പഞ്ചറാ?

നീയടിച്ചേ, മണി അഞ്ചായി. ആ ശശ്യേട്ടൻ ഇപ്പൊ കാറ് സൈഡാക്കിണ്ടാകും. തെറി തൊടങ്ങ്യാ പിന്നെ മഹാ മോശാ.

വോളി കോർട്ടിലെത്തുമ്പോ മുന്നെ കൂട്ടി സ്ഥാനം പിടിച്ച് ഫ്രൻ്റ് സെൻററായി വടക്കുംനാഥൻ ചന്ദ്രശേഖരൻ, വലത്കുട്ടൻകുളങ്ങര രാമദാസ്, ഇടത് മംഗലാംകുന്ന് ഗണപതി, ബാക്ക് സെൻ്റർ തെച്ചിക്കോട്ട്കാവ്, സെർവ് കോങ്ങാട് കുട്ടിശങ്കരൻ. ബാക്ക് കോർണർ കാലി. ഈരാറ്റുപേട്ട അയ്യപ്പൻ കാണിയായും- മദപ്പാട് കാലായോണ്ട് ഡോക്ടർ റെസ്റ്റ് പറഞ്ഞേക്കാത്രേ.

വടക്കുംനാഥൻ ചന്ദ്രശേഖരൻ തെക്ക്ന്ന് വരുണോള്ളോ. അപ്പൊ ഒരു സീറ്റും പോയ  മട്ടാ

ഒളരിക്കര കാളിദാസൻ അഞ്ചരക്ക്  നാലാം കാലത്തിലേ എങ്ങൂ. കാലിൻ്റെ കൊഴ തെറ്റിരിക്യാ.

നന്തിലത് അർജ്ജുനന് പണി ഇന്ന് ദൂര്യാ, എത്താൻ വൈകും. അപ്പോൾ മി.സന്തോഷ് ആദ്യ ഗെയ്മിൽ ക്രമപട്ടിക പ്രകാരം ഞാൻ ഇറങ്ങുക, രണ്ടാമത്തേതിൽ നിങ്ങൾ. വരൂ കോർട്ട് വരക്കാം. ആ കശുമാവിൻ്റെ കൊമ്പ് ചാഞ്ഞ് നിക്കണോടത്തക്ക് കേറ്റി വരക്കണ്ട ട്ടാ. പൂവ് മൊത്തം കൊഴിയും, കശുവണ്ടി ലേലം ഇക്കൊല്ലം മമളല്ലേ. ആ കാശോണ്ട് നെറ്റ് മാറ്റാനുള്ളതാ.

അപ്പുറത്തെ ടറസ്സിൽ പന്തിനുടമ എട്ടു വയസ്സൻ പയ്യൻസും വെയ്റ്റിങ്ങ് ഫോർ വിസിൽ. ബാക്കിയൊക്കെ  വായനക്കാരന് പൂരിപ്പിക്കാൻ....



Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്