2012, നവംബർ 26, തിങ്കളാഴ്‌ച

'ശ്രീ' കള്‍ തന്‍ സ്വത്വ ദുഃഖം

http://www.mathrubhumi.com/story.php?id=320069

"പണ്ടു പണ്ട്,ഒന്തുകള്‍ക്കും മുന്‍പ്,ദിനോസറുകള്‍ക്കും മുന്‍പ്,ഒരു സായാഹ്നത്തില്‍ രണ്ടു (കുടുംബ,ജയ)ശ്രീകള്‍  നടക്കാനിറങ്ങി.അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ?ചെറിയ ശ്രീ വലിയതിനോട് ചോദിച്ചു.പച്ച പിടിച്ച താഴ്വര,ഏട്ടത്തി പറഞ്ഞു.ഞാനിവിടെത്തന്നെ നില്‍ക്കട്ടെ.

എനിക്ക് പോകണം.അനുജത്തി പറഞ്ഞു. (ഐസക്കിന്റെ കാലം കഴിഞ്ഞു , ഇനി ജോസപ്പനാ )
അവളുടെ മുമ്പില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.നീ ചേച്ചിയെ മറക്കുമോ?ഏട്ടത്തി ചോദിച്ചു. 

മറക്കില്ല,അനുജത്തി പറഞ്ഞു.(നീ പോടീ മ്മക്ക് കാണാം)

മറക്കും,ഏട്ടത്തി പറഞ്ഞു.ഇത് കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്‌.ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേയുള്ളൂ. (കീശയില്‍ കാശും, അല്ല ശ്രീയും)

അനുജത്തി നടന്നകന്നു.അസ്തമയത്തിന്റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു.പായല്‍ക്കുരുന്നില്‍നിന്നു വീണ്ടുമവള്‍ വളര്‍ന്നു.അവള്‍ വലുതായി.വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി(കുഞ്ഞുഞ്ഞു :"കര്‍ത്താവേ കുഞ്ഞാപ്പ എവിട്യാവോ? ").മൃതിയുടെ മുലപ്പാലുകുടിച്ചു ചില്ലകള്‍ പടര്‍ന്നു തിടംവച്ചു.കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി (തൊഴിലുറപ്പ്).അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു,അനുജത്തീ,നീയെന്നെ മറന്നുവല്ലോ....(ഐസക്കെ ചതിച്ചു ജോസപ്പന്‍ ). "
പരമപൂജ്യ ഗുരു വിജയന്‍ മാഷോട് മാപ്പ് ...
(ഗുണപാഠം : എതുശ്രീയായലെന്താ , മ്മക്  കീശയില്‍ ശ്രീ വീഴണം )

2012, നവംബർ 20, ചൊവ്വാഴ്ച

വെട്ടും തടയും

കഥാപശ്ചാത്തലം പൊന്നാനി. പൊന്നാനിയിലെ ഒരു അയ്യപ്പന്‍ വിളക്ക് .

മലയാള മാസം വൃശ്ചികം (അതാവാനെ തരമുള്ളൂ). സംഗതി കൊഴുപ്പിക്കാന്‍ കുറച്ചു ആലങ്കാരികന്‍ കേറ്റുന്നു : 'മൂടല്‍ മഞ്ഞിന്റെ മടിത്തട്ടില്‍ സ്വച്ചന്ദമായി വിശ്രമിക്കുന്നു നിലാവ് സുന്ദരി'. ഹൂശ് ...

പാലാഴിമഥനം, ശാസ്‌താവിന്‍െറ ജനനം, ശൂര്‍പകന്‍െറ തപസ്സ്‌, ശൂര്‍പകാസുരവധം, ശൂരപത്മാസുരകഥ, മഹിഷീമര്‍ദനം, പന്തളശ്ശേവുകം, പാണ്ടിശ്ശേവുകം എന്നിങ്ങനെ കഥാഭാഗങ്ങള്‍  കഴിഞ്ഞ് , അവസാന ഇനം  വെട്ടും  തടയ്ക്കും സമയായീന്നു. അയ്യപ്പന്‍ ഒരു വശത്തുന്നു കലാപരിപാടി തുടങ്ങി. കഥയില്‍ വാവര്  തടുക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രമായതിനാല്‍ തടുത്തുകൊണ്ടേയിരുന്നു. മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍, വാവരു  ഇടക്കൊരു വെട്ടു തിരിച്ചും കൊടുത്തു, എന്ന് വായിച്ചാലും വിരോധല്ല്യ .. 
അയ്യപ്പന് ഒടുക്കത്തെ മൂച്ച്. ആഞ്ഞ് ആഞ്ഞ്  വെട്ട് .. വാവര് ഒടുക്കത്തെ ഓട്ടം. വാവരുടെ ഓട്ടം 'ഇരുട്ട്  പുതപ്പായി മൂടിപ്പുതപ്പിച്ചുറങ്ങുന്ന' അപ്പുറത്തെ തെങ്ങിന്‍ പറമ്പിനെ വരെ ഉണര്‍ത്തി. ഇരുട്ടില്‍ വാവര് വീണ്ടും ഓടി . സഖാവ് അയ്യപ്പന്‍ പിന്നാലെ. (വാശീടെ കാര്യത്തില് മൂപ്പരും ഒട്ടും കുറവല്ലല്ലോ. പുലിയെ വംശനാശം നേരിടുന്ന വന്ന്യജീവിയായി അന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ; അന്ന് എന്ന് പറഞ്ഞാല്‍ യുഗങ്ങള്‍ക്കും മുന്നേ എന്ന് , പുലി  'Ready to  accelererate' position ഇല്‍ ferrari ആയി നില്‍ക്കുന്ന അഹങ്കാരവും അയ്യപ്പജിക്ക്). ഗാലറിയില്‍ ആരവങ്ങള്‍.. ..
പറമ്പിന്റെ ആരും കാണാത്ത ഒരു മൂലയില്‍ എത്തിയപ്പോള്‍, വവര്‍ജി താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ 'പോടാ പുല്ലേ' എന്നും പറഞ്ഞ് വലിച്ചെറിഞ്ഞു ,അയ്യപ്പേട്ടന്റെ കഴുത്തിന്‌ കേറിപ്പിടിച്ചു. ഇനി സംഭാഷണം.

വാവര് : " നായിന്റെ മോനെ, നാലാള്  കൂട്യപ്പോ, ഈയ്യങ്ങനെ കേറി ഷൈന്‍ ചെയ്യുല്ലേ. പണ്ട്  കടം വേടിച്ചു തരാത്തേന്റെ ദേഷ്യം യ്യ്  ഇബടെ  തീര്‍ത്താ, പള്ളേല് കത്തി കേറ്റും മ്മള് " 

അയ്യപ്പന്‍:  .,"പിടി വിടു  Mr . വാവര്‍ , ഞാന്‍ മറ്റാരോ രചിച്ച തിരക്കഥയിലെ  വെറും കഥാപാത്രം മാത്രം, ഇതൊക്കെ നാം ആടിയെ തീരു" (വിവര്‍ത്തനം : കാശ് തരുന്നത് കമ്മറ്റിക്കാരാകുന്നു, അവരുടെ വരുമാനം കാണികളുടെ കീശയില്‍ നിന്നാകുന്നു, കാണികളെ രസിപ്പിച്ചേ ഒക്കൂ)

പിടി ഒന്നുടെ മുറുക്കി വാവര് : "ഹമുക്കെ, യ്യ്  പൂരപ്പറമ്പിലെ 'ബാലെ' കളിക്ക്യാ, ഈ തെങ്ങിന്‍ പറമ്പീല്  പട്ടിക്കാട്ടം  ഇണ്ട്ന്നു അനക്ക്  മുന്നേ അറിയൂലടാ ... ഇന്നട്ടാ എന്നെ എടോം വാലോം ല്ല്യാണ്ട് ഓടിച്ചേ"

അയ്യപ്പന്‍:  :,: "ഇല്ല ഒരു തെറ്റ് ആര്‍ക്കും പറ്റും, പിടി വിട്. അടങ്ങാത്ത ആരവങ്ങള്‍ ഉണ്ടായാല്‍ ഏതു മറഡോണയാ ഗോളടിക്കാണ്ടിരിക്ക്യ , ഇനി ഉണ്ടാവില്ല ,പിടി വിടു "

കാഥാന്ത്യം രണ്ടു പേരും വെളിച്ചത്തില്‍ വന്നപ്പോള്‍ ഉറ്റ മിത്രങ്ങളായ കാഴ്ച, ആന്നത്തെ കാണികള്‍ കണ്ടു. അവരുടെ കാതുകള്‍ "അയ്യപപാ  ചങ്ങാതി വളോണ്ട് വെട്ടല്ലേ, വാളോണ്ട് വെട്ട്യാലോ , ..." എന്ന കവിതാ ശകലം, ഉടുക്കിന്റെ താളാത്മകമായ പശ്ചാത്തലസംഗീതത്തില്‍  ശ്രവിച്ചു ... 

'വെട്ടും തടയും' സമാപ്തം .

2012, നവംബർ 15, വ്യാഴാഴ്‌ച

മംഗലം മനോഹരന്‍

അമ്പലംകാവ് എന്ന ഞങ്ങളുടെ മനോഹരമായ സ്ഥലം അടാട്ട് പഞ്ചായത്തിലാണ്. തുടക്കം ഇത്തിരി cliche ആയി, എന്നാലും ഇങ്ങനെ തന്നെ തുടങ്ങാതെ നിര്‍വ്വാഹമില്ല. അമ്പലംകാവ് എന്ന ക്ഷേത്രത്തിന്റെ പേര് ആ സ്ഥലത്തിന്റെതന്നെ പേരായതു സ്വാഭാവികം. 'വേല' എന്നു ഒന്നാം തലമുറയും, 'ഭരണി' എന്ന് രണ്ടാം തലമുറയും, 'പൂരം' എന്ന് മൂന്നാം തലമുറയും ,'ഉത്സവം' എന്നും 'Festival' എന്നും നാലും അഞ്ചും തലമുറയും പറയുന്ന മേടത്തിലെ ഭരണി വേലയുമായി ബന്ധപ്പെട്ടായിരുന്നു അമ്പലംകാവുകാരന്റെ ഓരോ സംഭവവും. 
ഉദാഹരണങ്ങള്‍ : "വൈക്കോല്‍  ഉണക്കിക്കഴിഞ്ഞു വേലയ്ക്കു മുന്നേ പാറപ്പുറം കാലിയാക്കണം", "കൊയ്ത്തു കഴിഞ്ഞു ചാക്കും മുട്ടി നെല്ല് വേലയ്ക്കു മുന്നേ എത്തിക്കണംട്ടാ കണ്ടുന്ന്യേ"(പറഞ്ഞത് തങ്കേച്ചി) , "വേല ഇപ്രാവശ്യം വെള്ളത്തിലാവ്വോ", "ഇപ്രാവശ്യം തൃശൂര്‍ പൂരത്തിന് മുന്‍പോ അതോ കഴിഞ്ഞോ നമ്മടെ പൂരം", "ഓ ഇന്ന് എടവേല്യാലെ, മാസം ഒന്ന് കഴിഞ്ഞു വേല കഴിഞ്ഞിട്ട്"(ഇത് പറയുമ്പോള്‍ മാസം ഒന്ന് 'ദാ' ന്നും പറഞ്ഞു കഴിഞ്ഞതിന്റെ സുഖവും, ഇനിയുള്ള പതിനൊന്നു മാസത്തിന്റെ കാത്തിരിപ്പിന്റെ ദീര്‍ഘവും ഉള്ള സമ്മിശ്ര വികാരം), "മാസം ഒന്ന് കഴിഞ്ഞു വേല കഴിഞ്ഞിട്ട് മാനം കര്‍ക്കണ കാണാനില്ല്യാലോ" (ഇത് സാധാരണയായി പറയേണ്ടത് ഈ കഥയിലെ നിശബ്ദ കഥാപാത്രമായ അച്ചമ്മയാകുന്നു) അങ്ങിനെ, അങ്ങിനെ .. 

വത്സനാട് അടാട്ടായി, അമ്പലംകാവ്‌ ഉണ്ടായി, കോള്‍പ്പടവുകള്‍ ഉണ്ടായി. 'ആക്കറ്റാന്‍' എന്നും, 'പായിപ്പടവ് 'എന്നും, 'ഒമ്പതുമുറി' എന്നും, 'പുത്തന്‍കോള്‍' എന്നും, നാമധേയങ്ങള്‍ വന്നു(സ്വാഭാവികം). ചാലുണ്ടായി, ചാലിലൂടെ വെള്ളമൊഴുകി, നെല്ല് വെതച്ചു, വെതച്ചത് കൊയ്തു , വൈക്കോല്‍ വിറ്റു, പശു ഉള്ളവര്‍ വൈക്കൊലുണക്കി(പാറപപൊറത്ത് ) അമ്പലംകാവില്‍ വേലയുണ്ടായി, വേലയ്ക്കു ആനയുണ്ടായി, ആനകളുണ്ടായി , ആനകള്‍ക്ക് Sponser മാരുണ്ടായി. 

അതായത്  കാലമെന്ന കഥാപാത്രം, സിനിമയില്‍ കാണുന്ന പോലെ 'ദീം' എന്ന് പറഞ്ഞോടീന്ന് സാരം. ("സിനിമ ഒരു കലയല്ല" എന്ന് പറഞ്ഞ M.കൃഷ്ണന്‍ നായരോട് കലഹിക്കുന്നു ഇവിടെ)

സംഭവത്തിനു ഇത്തിരി ചരിത്ര പശ്ചാത്തലവും പോസ്റ്റിനു നീളവും കൂട്ടാന്‍ , രണ്ടു ലോക മഹായുദ്ധങ്ങള്‍ കഴിഞ്ഞു എന്നും, പെട്രോള്‍ ഒഴിച്ച് വണ്ടി ഓടി എന്നും, പെട്രോളിന് വേണ്ടി സദ്ദാം കുവൈറ്റ്‌നെ ആക്രമിച്ചു എന്നും, അമേരിക്ക സഹായത്തിനെത്തി എന്നുമൊക്കെ പറയാമെങ്കിലും, വിശദീകരിക്കാനുള്ള അനുഭവ ജ്ഞാനം കമ്മിയായതിനാലും, റിസര്‍ച്ച് എന്നപേരിലുള്ള മോഷണത്തിന് നേരമില്ലാതതിനാലും ഒരു Para'യില്‍ സങ്ങതി ചുരുക്ക്കുന്നു. (പ്രസാധകനും പേരുമുണ്ടെങ്കില്‍ മിനിമം അമ്പതു  പേജിനുള്ള scope ഉണ്ട്, രണ്ടുമില്ല്യാത്തതിനാല്‍ ഇത്ര മതി എന്നും വായിക്ക്യാ)


പിറക്കാന്‍ പോകുന്ന കഥക്കാസ്പദമായ സംഭവം നടക്കുന്നത് 90കളില്‍., അതും ഒരു ഭരണി വേലക്കാലത്ത്. (നരസിംഹന്‍ ഇന്ത്യയുടെ വാതിലുകള്‍ മന്മോഹനാല്‍ തുറന്നു എന്നും കുവൈറ്റ്‌ ഒന്നാം യുദ്ധം കഴിഞ്ഞു എന്നും ചരിത്ര ബോധമുള്ളവര്‍ ഒരു background ആയി വയിക്ക്യാ)

കഥാപാത്രം 'മംഗലം മനോഹരന്‍'. .. ചോദ്യം: മനോഹരന്‍ എന്തുകൊണ്ട്?
ഉത്തരം: "ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രം" എന്ന നുണ (ബാദ്ധ്യതാ നിരാകരണം എന്നും പറയുന്നു) പറയാന്‍ ഇത്തിരി ചേതമുള്ളോണ്ടും, മനോഹരന്‍ എന്ന പേരില്‍ ഒരാള്‍ അമ്പലംകാവില്‍ എന്റെ അറിവില്‍ ഇല്ല്യാത്തോണ്ടും.. കഴുത്തിനു പിടിക്കില്ല്യാ എന്ന ധൈര്യമുല്ലോണ്ടും. 


അപ്പൊ മേടഭരണി ആണ് പശ്ചാത്തലം. സ്പഷ്ടമായി ഭരണി തലേനാള്‍ .. തലേന്നാള്‍ അമ്പലംകാവിലെ ഉണ്ണികള്‍ കീചകനും രൌദ്രഭീമനും ആടുന്ന നാള്‍. ., ഞ്ച്ചാല്‍ അമ്പലംകാവിലമ്മയും, കട നടത്തുന്ന Sonwin ഉം, ഉണ്ണിമാനും ഒഴിച്ച് എല്ലാരും ബോധം ഭൂപണയ ബാങ്കില്‍ പണയം വയ്ക്കുന്ന സുദിനം. (സാക്ഷര, സദാചാര ഭക്തപ്രിയകള്‍ ക്ഷമിക്ക്യ ). കുഞ്ഞയ്യപ്പേട്ടന്റെ ഭാഷയില്‍ അടിച്ചു പൂഷ് ....
ഓരോ വര്‍ഷത്തെ ഭരണി തലേനാളുകളും ഉണ്ണികള്‍ ഓരോ Brand മായും ആണ് സംവേദനം ചെയ്യാ.
വീണ്ടും ഉദാഹരണങ്ങള്‍  : 1991- ഓ ..OCR(സംഗതി ഗൃഹാതുരനാ അതാ ആ 'ഓ...' ) , 1992- Tuskar (അഥവ മണവാട്ടി ), 1993-OMR , 1994- Honey Bee, അങ്ങിനെ അങ്ങിനെ 2010 ആയപ്പോഴേക്കും JDF, 2012- Romanov... കാലം പോയ പോക്ക്, .. "പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച നരസിംഹാ , മന്മോഹനാ, സ്തോത്രം സ്തോത്രം. അന്ന് ഇടതുപക്ഷ പരിശായി അതിനെയൊക്കെ എതിര്‍ത്തതിനു 'അമ്മ' സമക്ഷം 101 ഏത്തം ..".  വിഷയ ശുഷ്‌ക്കാന്തിയാല്‍ കഥ കുറച്ചു ഫോര്‍വേഡ് ആയി, വായനക്കാര്‍ വീണ്ടും Reverse ചെയ്തു 1992 കളില്‍ നില്‍ക്കണമെന്ന് അപേക്ഷിക്കുന്നു. അപ്പൊ അന്ന് അതായതു മേടത്തിലെ ഭരണി തലേന്നാള്‍ നിലാവുള്ള ഒരു അശ്വതി നാള്‍ രാത്രി.
ഇനിയുള്ള സങ്കേതം തിരക്കഥയുടെ . 

ക്യാമറ Long Focus. ഒരാള്‍ അമ്പലത്തിന്റെ തെക്കേ ഭാഗത്തെ മതിലും ചാരി രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തി, ഒറ്റ നോട്ടത്തില്‍ നിര്‍വ്വാണാവസ്ഥ പൂണ്ട മഹാര്ഷിയെന്നു തോന്നും. ക്യാമറ rolling , ആളെ തിരിച്ചറിയാമെന്നായി, lights on, അതെ മറ്റാരുമല്ല മനോഹരന്‍ തന്നെ. മംഗലം മനോഹരന്‍.. .. ..ക്യാമറ close . അയാള്‍ കഥ എഴുതുകയല്ല. പിറുപിറുക്കുന്നു. ക്യാമറ closeup. 
അമ്പലംകാവിലമ്മയോടു Communist കാരനായിരുന്ന മനോഹരന്റെ ഡയലോഗ്  : "ദേവി, എന്നെ ഇന്നലത്തെ സ്ഥിതിയിലാക്കി തരണേ, ആളറിയാതെ, ശക്തിയെന്തെന്നറിയാതെ അകത്താക്കീതാ ആ 'തസ്കരനെ'." ('Tuskar' എന്നത് ആ വര്ഷം release ആയ 'വീരശൂദ്രന്‍'* മദ്യമാകുന്നു ). Camera focus shift to ground - ലെന്‍സില്‍ മനോഹരന്‍ പാതിയുപേക്ഷിച്ചു പോയ 'പള്ളി വാള്‍'. (ബാക്കിയുള്ള 'പള്ളി വാളും' പുറത്തേക്കെറിഞ്ഞു ഇന്നലത്തെ പോലെ ബോധം തിരികെ താ ദേവി എന്ന് വിവക്ഷ )  
പിന്നീട് മനോഹരന്‍ താഴെ പറയും പ്രകാരം ഒരു 'Taoist' ആയി എന്നത് ചരിത്രം .

'താവോ എന്നാലെന്താണ് ?'

'ബോധമനസ്സ് തന്നെ '

'അതെങ്ങനെ നേടാം?'

'നേടാന്‍ ശ്രമിക്കും തോറും അത് നിന്നില്‍ നിന്ന് അകലുന്നു '

'അതിനോട് അടുക്കാതെ അതെങ്ങിനെ അറിയും?'

'അറിയുന്നതോ അറിയാതിരിക്കുന്നതോ അല്ല കാര്യം. അറിഞ്ഞുവെന്നു തോനുന്നത് ശുദ്ധ വിഭ്രാന്തി . അറിയാതിരിക്കുമ്പോള്‍ പുച്ഛം. തവോവിനെ നീ നേടുമ്പോള്‍ അത് ശുദ്ധമായ ആകാശം പോലെ അനന്തവും പ്രശാന്തവും ആയിരിക്കും. നീ സ്വീകരിക്കുകയോ തള്ളുകയോ  ചെയ്യുന്നതിനൊന്നും അവിടെ പ്രസക്തിയില്ല' .

(താവോ - തെ - ചിങ്ങ് )

*വീരശുദ്രന്‍ - ഒരു V K N കഥാപത്രം .

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്