"ഇരുൾ വീണൊരിടവഴിയിലെവിടെവെച്ചാരെന്റെ
ചെറുകൈവിളക്കുമെടുത്തെറിഞ്ഞു" - സെലീന
ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ ആസ്പദമാക്കി എംടി വാസുദേവൻ നായർ തിരക്കഥയെഴുതി പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം'(1989). വളരെ ചെറു പ്രായത്തിൽ കണ്ട ഈ ചിത്രം ആദ്യ കാഴ്ചയിൽ തന്ന അനുഭവം വിടാതെ പിൻതുടരുന്നതായിരുന്നു. പിന്നീട്, പലപ്പോഴായി ടിവിയിൽ വരുമ്പോഴൊക്കെ ഈ ചിത്രം കാണാറുണ്ട്. ഈയടുത്ത് എന്റെ സ്കൂൾ സഹപാഠിയായ റോഷനുമായുള്ള പതിവായ വാരാന്ത്യ സംഭാഷണങ്ങളിൽ ഈ ചിത്രം വീണ്ടും വന്നത് ഒരു വട്ടം കൂടി 'ഉത്തരം' കാണാനിടയാക്കി. ആദ്യ കാഴ്ചയിലേതിനേക്കാൾ പതിന്മടങ്ങു പ്രഹരശക്തി ആ ചിത്രം സംവേദനശക്തിയായി ആവാഹിച്ചിട്ടുണ്ടെന്നു തോന്നുന്നു. അല്ല , പതീറ്റാണ്ടുകൾക്കു ശേഷം മറ്റൊരാളായ നാമാണല്ലോ കാണുന്നത് ("ഓരോ പതീറ്റാണ്ടു കഴിയുമ്പോഴും നിങ്ങൾ മറ്റൊരാളാകും "- ഹനീഫ് ഖുറേഷി- ബ്രിട്ടീഷ് എഴുത്തുകാരൻ).
തിരക്കഥ (എംടി), സംവിധാനം (പവിത്രൻ), ഛായാഗ്രഹണം (രാമചന്ദ്രബാബു), അഭിനേതാക്കൾ, ഇതിലൊക്കെ കൊതിപ്പിക്കുന്ന താരപ്രഭ, ഈ ചേരുവകളുടെയൊക്കെ അതിമനോഹരമായ കൃത്യവിധാനത്തിന്റെ പിൻബലത്തിൽ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും കൗതുകകരമായ അന്വേഷണാത്മക സസ്പെൻസ് ത്രില്ലറുകളിലൊന്നായ ഈ ചിത്രം പക്ഷെ വളരെ ന്യൂനമൂല്യം കല്പിക്കപ്പെട്ട , ആഘോഷിക്കപ്പെടാതെ പോയ ഒരു ചിത്രമായി തോന്നിയിട്ടുണ്ട്. ഈയടുത്തു സോഷ്യൽ മീഡിയയിലൂടെയും മറ്റുമുള്ള പരിചയപ്പെടുത്തലുകളിലൂടെ ഈ ചത്രം വീണ്ടും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും.
ചിത്രത്തിന്റെ മന്ദഗതിയിലുള്ള ആഖ്യാന രീതി, സെലീനയുടെ (സുപർണ്ണ) ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ പ്രേക്ഷകന് പിൻതുടരാനും അവളുടെ ഭൂതകാലത്തിലേക്കും ആത്മഹത്യയുടെ കാരണങ്ങളിലേക്കും വൈകാരികമായി പ്രേക്ഷകനെ കൂട്ടികൊണ്ടു പോകുന്ന രീതിയിലാണ് എംടിയും പവിത്രനും നെയ്തെടുത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിർവഹണത്തിലെ എംടി പവിത്രൻ ക്രാഫ്റ്റ്! അത് തന്നെയാണ് സെലീനയുടെ ആവർത്തിച്ചുള്ള "ആരാണ് നീ" എന്ന ചോദ്യത്തിന് 'ഉത്തരമായി' ഇമ്മാനുവൽ ആന്റണി എന്ന് ആക്രി പെറുക്കാൻ വന്ന കുട്ടി പറഞ്ഞശേഷം വെടിയൊച്ച കേൾക്കുമ്പോൾ പ്രേക്ഷകനിൽ അവശേഷിക്കുന്ന മൗനത്തിന്റെ വിസ്ഫോടനവും. 'മറവി അനുഗ്രഹമായി' അർദ്ധവിരാമത്തിൽ ജീവിച്ചിരുന്ന സെലീനക്ക് ഇമ്മാനുവലിലൂടെ കിട്ടിയ ഉത്തരം!
ജീവിതത്തിന്റെ പൂർണ്ണവിരാമത്തിലേക്കു നയിച്ച ഉത്തരം!
ഈ ചിത്രത്തിലെ ക്രാഫ്റ്റ് പറയുമ്പോൾ എടുത്ത് പറയേണ്ട മറ്റൊന്നാണ്, എംടി എന്ന എഴുത്തുകാരൻ എഴുത്തിനെയും എഴുത്തുകാരെയും ശക്തമായി സെലീനയിലൂടെ അവതരിക്കുന്ന നിമിഷങ്ങൾ. വരികൾക്കിടയിലെ മൗനം കൊണ്ട് പ്രേക്ഷനെ ഭ്രമിപ്പിക്കുന്ന സംവേദനത്തിൻ്റെ അനുഭവതലങ്ങൾ. കവയത്രി നന്ദിതയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തന്റെ തൂലികയിൽ പരകായപ്രവേശം ചെയ്യിച്ചെഴുതുന്ന നിമിഷങ്ങൾ.
സെലീനയുടെ കഥാപാത്രസൃഷ്ടിയുടെ പുരോഗതി തന്നെ എംടി, ബാലു (മമ്മുട്ടി) എന്ന തന്റെ കഥാപാത്രത്തിന്റെ സെലീനയുമായുള്ള സാഹിത്യ സംഭാഷണങ്ങളിലൂടെ മനോഹരമായി വികസിപ്പിക്കുന്നതു കാണാം ഓരോഘട്ടത്തിലും. തുടക്കത്തിൽ തന്നെ അതിനൊരു ഉദാഹരണം സെലീന തന്നെ അവളുടെ സൃഷ്ടികളെ ബാലുവിനുള്ള കത്തിലൂടെ പരിചയപ്പെടുത്തുന്ന രംഗം "സക്കറിയയെ അനുകരിച്ചുകൊണ്ട് പറഞ്ഞാൽ ഒരു നസ്രാണി വീട്ടമ്മയുടെ അലസയാമങ്ങൾ എന്നോ മറ്റോ പേരിട്ടാലോ എന്നാദ്യം ആലോചിച്ചു", പിന്നീട് സെലീനയുടെ സുഹൃത്ത് ശ്യാമള (പാർവ്വതി) പറയുന്ന ഹോസ്റ്റൽ വിശേഷങ്ങൾ, ഊട്ടിയിലെ തടാകത്തിലേക്ക് നോക്കി "ഇതിൽ ബോട്ടിംഗ് അനുവദികരുത്, മേഘങ്ങൾ സൗകര്യമായി ഇടയ്ക്കു മുഖം നോക്കട്ടെ ", "അൽപ്പായുസ്സുകളായ പകലുകൾ " എന്നീ രംഗങ്ങലൂടെയൊക്കെ കാണാം. ശില ശില്പമായി മാറുന്ന തച്ചൻ്റെ വിരുത്.
അതുപോലെ മലയാളി കവയത്രിയെ, എഴുത്തുകാരെ ഇവിടുത്തെ അന്നത്തെ വായനാസമൂഹം അവഗണിക്കുന്ന(തുഞ്ചൻപറമ്പു കെട്ടിപ്പടുത്ത) എംടിയൻ രോഷവും കാണാം ബാലുവിൻ്റെ ശ്യാമളയുമായുള്ള ഈ സംഭാഷണത്തിൽ - "ഒരു ചെറിയ പ്രദേശത്ത് ചെറിയ ഭാഷയിൽ എഴുതി എന്നൊരു കുഴപ്പം മാത്രമേ ഉള്ളു . സിൽവിയ പ്ലാത്ത് അമേരിക്കയിൽ ജനിച്ചു ഇംഗ്ലീഷിൽ എഴുതി. അതുകൊണ്ടു ആത്മഹത്യ ചെയ്തപ്പോൾ ഭാഷ്യങ്ങളെഴുതാൻ ഇവിടുത്തെ പ്രൊഫസ്സർമാരടക്കം നൂറുപേരുണ്ടായി" (സിൽവിയ പ്ലാത്ത് എന്ന കാവയത്രിയുടെ പേര് കേൾക്കുന്നത് അന്നാദ്യമായി തന്നെ).
പുനർവായനയില് കണ്ട മറ്റൊരു മനോഹാരിതയാണ് ഉത്തരത്തിലെ സൗഹൃദങ്ങൾ - ബാലുവും സെലീനയും, ബാലുവും മാത്യുവും( സുകുമാരൻ), സെലീനയും ശ്യാമളയും, ശ്യാമളയും ബാലുവും ....
മുന്നേ കുറിച്ച സുഹൃത്ത് റോഷനുമായി ഉണ്ടായ വാരാന്ത്യ സംഭാഷണവും അതിലെ ഈ സിനിമയുടെ പരാമർശവും അവന്റെ പുനർവീക്ഷണത്തിലെ അനുഭവങ്ങളും എല്ലാം ചേർന്നുണ്ടായ ഈ പോസ്റ്റ്, ഇതെങ്ങിനെ അവസാനിപ്പിക്കുമെന്നോർത്തു കുഴയുന്ന എനിക്ക് എംടി തന്ന കച്ചിത്തുരുമ്പിൽ കേറിപ്പിടിച്ച് സംഗ്രഹിമിപ്പിച്ചാൽ - ചിത്രത്തിലുടനീളം ആരായിരുന്നു സെലീന എന്ന് പിന്തുടർന്നിരുന്ന നാം, പിന്നീടത് വികസിച്ച് എന്തിനവൾ ജീവിതം ഇങ്ങനെ അവസാനിപ്പിച്ചു എന്നതിനുത്തരം ബാലു ശ്യാമളയോട് വെളിപ്പെടുത്തുന്ന എംടി മാജിക് "കവി ഉപാസിച്ച ഇരുട്ട് മറവിയായിരുന്നു " - അതിൽ എല്ലാമുണ്ട് !