മുക്തകണ്ഠം വികെഎൻ - ഞ് ച്ചാൽ , ഒരു വികെഎൻ ജീവിതാഖ്യായിക! ഓലയിലാക്കിരിക്കുന്നത് നാണ്വാരുടെ സ്വന്തം ചാത്തൻസ്, അല്ലെങ്കിൽ പയ്യന്റെ സ്വന്തം രാമൻസ് (ആരോഹണം) - കെ രാഘുനാഥൻ.
സഹപയ്യന്മാരെ, വികെഎൻ സൃഷ്ടികളിലെ ചൂഡാരത്നങ്ങളേ, സ്ഥാനം തെറ്റിച്ച ഭാഷാ പ്രയോഗങ്ങളെ, വിവർത്തനങ്ങളേ ഇതിലേ വന്നാലും, ഈ പുത്തിരിക്കണ്ടം മൈതാനിയിൽ നിരന്നു നിന്ന് (വിവാഹപ്പിറ്റേന്ന്) നമുക്കൊരു റൂട്ട്മാർച്ച് നടത്താം.
ഈ പുസ്തകം വായിക്കാത്തവർക്കും വികെഎൻ സൃഷ്ടികൾ ഒട്ടുമിക്കതും വായിച്ചതുമായ സഹപയ്യന്സിനു പുസ്തകത്തിന്റെ അവതരണ വാക്യം കേൾക്കുമ്പോൾ (ഒരു വികെഎൻ ജീവിതാഖ്യായിക) ഓർമ്മവരിക മറ്റൊരു വികെഎൻ ഉദ്ധരണിയെ അനുസ്മരിപ്പിക്കുന്ന പ്രയോഗമാണ് - 'വിരുദ്ധോക്തിയുടെ (Oxymoron) തിരുവാതിരക്കളി'- "ദേവിക്കെന്തിനാ ഇലക്‌ട്രിസിറ്റി" എന്ന മറ്റൊരു പയ്യനായ ദേവമാതാ ബസ്സോണർ ബാബുവിന്റെ (തൂവാനത്തുമ്പികൾ) ശിലാലിഖിതം പശ്ചാത്തല സംഗീതമായും, എട്ടു കട്ടയിൽ (ചിത്രം ചലിച്ചപ്പോൾ വിവാഹപ്പിറ്റേന്ന് താണ്ടിയ സ്വപുത്രൻ അപ്പുണ്ണിയും അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ കയറിയ ദത്തുപുത്രൻ സക്കറിയയും 'മുക്തകണ്ഠം' ഒന്ന് വായിച്ചിരുന്നെങ്കിലെന്മനം).
സംഭവം വായിച്ചു തീരുമ്പോൾ നമുക്ക് മുന്നിൽ നിൽക്കുന്നത് മനുഷ്യരൂപം പൂണ്ടതും വിശ്വരൂപം പൂണ്ടതുമായ പയ്യനും പയ്യന്റെ സൃഷ്ടാവും തിരിഞ്ഞും മറിഞ്ഞും വേഷം കെട്ടി തകർത്താടുന്ന ഒരു കല്യാണ സൗഗന്ധികമാണ്. ഒപ്പം രസനകളായി പയ്യന്റെ ഭൂതഗണങ്ങളും!
Statutory warning for Political correctness (പരിമിത പരിക്കുകളാൽ നന്മമരം കെട്ടിയാടൽ): പയ്യൻ എന്നത് ഒരു 'ജൻഡർ ന്യൂട്രൽ' പദമാകുന്നു.
'അശ്വമേധം' എന്ന വിപരീതസമസ്യയിലൂടെ പ്രശസ്തനായ ജി എസ് പ്രദീപ് തന്റെയൊരു വിചിത്ര വായനാനുഭവത്തെ പറ്റി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഷെർലക് ഹോംസ് അവസാനത്തെ അധ്യായത്തിൽ നിന്ന് തുടങ്ങി തിരികെ വായിച്ച ഒരു അനുഭവം. അദ്ദേഹത്തിന്റെ വിപരീതസമസ്യയിലെ ഡിഡക്ടിവ് അനാലിസിസിന്റെ രസനകളായ വായനകളെ പറ്റി പറയുമ്പോഴാണെന്നു തോന്നുന്നു. കെ രഘുനാഥന്റെ മുക്തകണ്ഠം വികെഎൻ എന്ന പുസ്തകം വായിച്ചു തുടങ്ങിയപ്പോൾ ആദ്യം ഓർമ്മയിൽ വന്നത് ഇതാണ്. ചട്ടക്കൂടിൽ ഒതുങ്ങാത്ത ഏതൊരു വികെഎൻ സൃഷ്ടികളെയും പോലെ, മുക്തകണ്ഠം വികെഎൻ തുടങ്ങുന്നതും വികെഎന്നിന്റെ മരണത്തിൽ നിന്നും അനുബന്ധ സംഭവങ്ങളിൽ നിന്നുമാണ്. അവിടെ നിന്ന് പുരോഗമിച്ച് കാലഗണനക്രമത്തിൽ പുറകിലോട്ടു സഞ്ചരിച്ച് മുന്നോട്ടു നീങ്ങി പിന്നെ പലപ്പോഴും പുറകിലോട്ടു സഞ്ചരിച്ച് ഒരു യാത്ര. 'ഒരു കിണ്ടി വെള്ളത്തിൽ പോലും കഴുത്തോളമിറങ്ങി ഭൂത ഭാവി വർത്തമാനങ്ങളിൽ നീരാടാൻ കഴിയുന്ന വികെഎൻ ഭാഷയുടെ' അതേ രചനാ പാടവത്തോടെ തന്നെ ഈ പുസ്‌തകവും തന്റെ സഹപയ്യൻസ് ('വികെഎൻ എന്നത് ഒരു മാനസികാവസ്ഥയുടെ പേരാകുന്നു'!) ആവാഹിക്കണമെന്ന ബോധ്യമുള്ളതു പോലെ. കയ്യെഴുത്തുപ്രതി വായിച്ചശേഷം അപ്പോൾ ഭാഷാപോഷിണി എഡിറ്റർ ആയിരുന്ന കെ സി നാരായണൻ ചോദിച്ച 'ഇത് ഫിക്ഷൻ ആണോ" എന്ന ചോദ്യം സാക്ഷ്യം! ഈ സൃഷ്ടിയെ സാമ്പ്രദായിക ജീവചരിത്രങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നതും അതു തന്നെ
പല മുൻധാരണകളെയും പോലെ, വികെഎൻ എന്ന വ്യക്തിപ്രഭാവം തന്റെ ഒട്ടു മിക്ക കൃതികളിലും, പയ്യനായും, ചാത്തൻസായും വായനക്കാരെ വിശ്വസിപ്പിച്ചിരുന്ന വികെഎൻ എന്ന എഴുത്തുകാരന്റെ ഉള്ളിലേക്കിറങ്ങി ചെന്ന് വായനക്കാരന് വടക്കേ കൂട്ടാല നാരായണന്കുട്ടിയെ അനാവരണം ചെയ്യുന്നൊരു ഗംഭീര - എഴുത്തുകാരൻ തന്നെ മുഖവുരയിൽ പറയുന്നതായ "ഉൾനാട്ടു ഗ്രാമങ്ങളിലൂടെ അജ്ഞാതരായ മനുഷ്യരെ കണ്ട് ഗ്രാമ്യമായ മൊഴികൾ കേട്ടലഞ്ഞ നാരായണൻകുട്ടി, വികെഎൻ എന്ന എഴുത്തുകാരനായത് എങ്ങനെ എന്ന അന്വേഷണമാണ് മുക്തകണ്ഠം വികെഎൻ" എന്നത് അച്ചട്ടാണെന്ന് അനുഭവപ്പെടുന്ന - കൃതി
വായിച്ചു കഴിയുമ്പോൾ കളിമൺ പശിമയിൽ വികെഎൻ വായനയിലൂടെ നാം സ്വയം സൃഷ്ടിച്ചെടുത്ത ഒരു വികെഎൻ ശിൽപ്പം തട്ടിയുടച്ചു മറ്റൊരു ഗംഭീര ശില്പമായി വടക്കേ കൂട്ടാല നാരായണൻകുട്ടി നിൽക്കുന്ന അതിമനോഹരമായ ശില്പഭംഗി - അതാണ് മുക്തകണ്ഠം വികെഎൻ എന്ന വായനാനുഭം. ഈ വരി എഴുതുമ്പോൾ പോലും പയ്യൻ പണ്ട് തേക്കിൻകാട് മൈതാനിയിൽ രാത്രി കിടന്ന് ആകാശത്തെ വർണ്ണിക്കുമ്പോൾ ഇട്ടൂപ്പ് പറഞ്ഞതാണ് ഉള്ളിലെ വികെഎൻ 'ബാധ' ഓർമ്മിപ്പിക്കുന്നത് - " ജെമ്മണ്ടങ്ങേ ഇവറ്റോള് ആകാശംന്നാങ്ങട് പറയില്ല്യട" (ഏകദേശ രൂപം). വികെഎൻ സൃഷ്ടികളുമായി ബന്ധപ്പെട്ട ഏതൊരു സംഭവം എഴുതുമ്പോളും ഭാഷയിൽ ഉടക്കി നിൽക്കുന്ന, എഴുതിത്തുടങ്ങുമ്പോൾ തന്നെ അന്തം വിട്ടു കുന്തം പോകുന്ന, എഴുതുന്നയാൾ നേരിടുന്ന ബ്ലോക്ക് അഥവാ "രാമായണം വായിച്ചോണ്ടിരിക്കുമ്പോൾ നോനും രാമനാണെന്നു തോന്നി" ശ്രീലങ്കൻ എയർലൈൻസ് പിടിച്ചാലുള്ള അവസ്ഥ - വികെഎന്നെ ഭാഷയിലാക്കാൻ മറ്റൊരാൾ ശ്രമിച്ചാലുണ്ടാകുന്ന ശീഘ്രസ്ഖലനം എന്ന് പറഞ്ഞാലും മുഷിയില്ല്യ. പക്ഷെ ഈ ജീവിതാഖ്യായിക അതിനെയും മറികടക്കുന്നു എന്ന് അടിവരയിട്ടു പറയാം.
ഇതിലെ മറ്റൊരു രസകരമായ വിവരണമാണ് ഓരോ വികെഎൻ വായനക്കാരനും പലപ്പോഴും മനഃപാഠമാക്കിയ വിവർത്തന രസങ്ങളും, പ്രയോഗങ്ങളും അതിന്റെ ചരിത്രപരമായപരിണാമദശയും. പറഞ്ഞു പതിഞ്ഞൊരു വിഷയമായതിനാൽ ക്ലീഷേ ആകാനുള്ള എല്ലാ സാധ്യതകളുമുള്ള ഈ ഭാഗം പക്ഷേ ഇത്ര മനോഹരമായി അവതരിപ്പിച്ച ഈ നിരീക്ഷണ രീതി ഏതൊരു സഹപയ്യന്മാർക്കുമുള്ള അസ്സൽ സദ്യ തന്നെ. എഴുത്ത്‌കൃഷിയിൽ നാണ്വാര് എങ്ങിനെ വിത്തെറിഞ്ഞു നൂറുമേനി കൊയ്ത്തു എന്നതിന്റെ ആഖ്യായിക (അധ്യായം - തർജ്ജമകൾ ചൂഡാരത്നങ്ങൾ). യുവാർ ഡിസ്ഗ്രേസ് (നീയൊരു അപമാനമാണ് ) എന്ന പദാനുപദ വിവർത്തങ്ങളിൽ തുടങ്ങി ഇട്ടൂപ്പിൽ കുടിയേറി - ഡേ എക്സ്പെൻസസ് അമേരിക്ക കോർണർ (അമേരിക്കയിൽ നിത്യച്ചെലവിന് എന്ത് ചെയ്യും)- പുരോഗമിച്ചു മൂലത്തെ ആശ്രയിച്ചു സ്ഥലജല പ്രമാണമുണ്ടാക്കി കൂത്താടി വിദൂരമായ മറ്റൊരര്ഥത്തെ പ്രക്ഷേപണം ചെയ്യുന്ന- You can spring a leak anywhere anytime you want (മേലാസകലം കരയാൻ നങ്ങേമ്മയ്ക്കു നിമിഷാർധം മതി അല്ലെ) - ഘട്ടത്തിലേക്കുള്ള വിവർത്തന യാത്രാവിവരണം.
അതുപോലെ "ഒഴിവാക്കപ്പെടുന്നവൻ ഒതേനനാവുമെന്നു" പറയുമെന്ന, "കണ്ണീർ പുറത്ത് വരാതിരിക്കാൻ പയ്യൻ ചിരിച്ച" സാമ്പ്രദായിക പയ്യനിൽ നിന്ന് വേറിട്ടു നിൽക്കുന്ന പ്രയോഗങ്ങൾ, അവയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ.
അതുപോലെ തന്നെ ഏതൊരു വികെഎൻ വായനക്കാരനും വികെഎന്നെ ചുറ്റിപ്പറ്റി സൃഷ്ടിച്ചെടുത്ത മിത്തുകൾക്കു പുറകിലെ രസകരമായ യാഥാർഥ്യങ്ങളും, പലസമയങ്ങളിലായി മിത്തുകൾ വളർന്നു പന്തലിച്ചതിന്റെയും ചരിത്രം. കൽപ്പറ്റ മാഷ് ഒരു പ്രസംഗത്തിൽ പറഞ്ഞതു കടമെടുത്ത് "അതേതൊരു വായനക്കാരന്റെയും അവകാശമായി കരുതാം".
ഇനിയും ഈ പുസ്തകത്തെ 'അതുപോലെകളാൽ' വിവരിക്കുമ്പോൾ, യോഗം പിരിച്ചു വിടാറായി എന്ന അനൗൺസ്‌മെന്റ്. തിരുവില്വാമലയിൽ നടന്ന ഒരു സാംസ്കാരിക സമ്മേളനത്തിലെ 'വാക്കുകളില്ലാത്ത ഒരു മറുപടി പ്രസംഗം' സ്മരിച്ചുകൊണ്ട് ഉപസംഹരിക്കുന്നു. "വികെഎൻ സൂക്ഷ്മമായി പറഞ്ഞാൽ ഒരു ഭാഷയാണ്; താൻ നിർമ്മിച്ച സവിശേമായിട്ടുള്ള ഒരു ഭാഷ " കൽപ്പറ്റ നാരായണൻ. ആ ഭാഷയിൽ മുങ്ങിക്കുളിച്ചവർക്കുള്ള ആണ്ടുബലിയാണ് ഈ പുസ്തകം.
രഘുസാറെ നന്ദീണ്ട്!
തിരുവില്വാമലയിൽ അലൗദിൻ ഖിൽജി വന്നു വികെഎന്നിന്റെ നാടാണെന്നറിഞ്ഞപ്പോൾ എൻ്റെള്ളോന്നും പറഞ്ഞോടിയതിന്റെ, കവിയുടെ കാൽപ്പാടുകൾ പതിഞ്ഞതിന്റെ, ഐവർമഠം ശ്മശാനത്തിലെ ഹരിശ്ചന്ദ്രനെ (രമേശ് കോരപ്പത്ത്) തേടിയതിന്റെ ഏതാനും ചരിത്ര രേഖകളും താഴെ ചേർക്കുന്നു.
ഖിൽജി പോലും പേര് കേട്ടപ്പോൾ വിരണ്ടോടിയ ആ സ്ഥാനം
VKN എന്ന ഇംഗ്ലീഷ് എഴുത്തിനു കാരണമായ ഗേറ്റ് (stating the obvious എന്ന പദ്യമല്ല സുഹൃത്തുക്കളേ, പാഠഭാഗം വായിക്കുവിൻ, സ്റ്റഡി ക്ലാസ് അറ്റൻഡ് ചെയ്യുവിൻ)
പുസ്തകത്തിലെ പലസ്ഥലങ്ങളിലും പരാമർശിക്കുന്ന പ്രശസ്തമായ ആ പാത
വികെഎന്നിന്റെ സ്വന്തം 'അസുരവാണി'
അക്കരെ കുഞ്ചൻ ഇക്കരെ വന്നപ്പോൾ
സിംഹാസൻ