2025, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

മനസിന്റെ ഒരു കാര്യേയ്!

ഭാഷ എന്നത് വെറും വാക്കോ വാചകമോ അല്ല, അത് ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമായും, കാലാവസ്ഥയുമായും ചരിത്രവുമായുമൊക്കെ ചേർന്നുള്ള ഒരുല്പന്നമാണെന്നു ഒരു സംശയവുമില്ലല്ലോ? വിവർത്തന സാഹിത്യത്തിൻറെ പരാജയവും (പരാദീനതയും) വിജയവും നോക്കിയാൽ ഈ ഒരു ഘടകം കാണാം. വരികൾ ഒരു ഭാഷയിൽ ഉരുവം കൊള്ളുന്നത് മറ്റൊരു ഭാഷയിൽ പദാനുപദമായി വിവർത്തനം ചെയ്താലുള്ള അവസ്ഥ. ആശയം മൊത്തത്തിൽ ഉൾക്കൊണ്ട് മറ്റൊരു ഭാഷയിൽ അവതരിപ്പിച്ചാലും പലതും ചോർന്നു പോയേക്കാം. ചിലത്  രസകരവുമാകാം. ചിലതു മൂലകൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു സ്വതന്ത്ര സൃഷ്ടിയുമാകാം - ബാലചന്ദ്രൻ ചുളളിക്കാടിന്റെ വിവർത്തന കവിതകൾ. 

പരീക്ഷണം:

 ഈ മനസിന്റെ ഒരു കാര്യേയ് 

കടലാസ്സ് ചിറകുകൾ മാത്രം പിടിച്ച് അവൻ പറന്നു പോകുന്നു, 

പോകാൻ പാടില്ലാത്തേടത്തിക്കൊക്കെ പഹയൻ പോകും 

പ്രായത്തിന്റെ കുന്തോം കൊടച്ചക്രോം ഓനുണ്ടോ 'മനസ്സിലാവുന്നു'

നാക്കിൽ പതിഞ്ഞ മോഹമായകൾ അവനെ വശീകരിക്കുന്നു, ഹൂയ്...

ഓന് മുന്നും പിന്നുമില്ലന്നേയ് 

വള്ളിപൊട്ടിയ എൻ മനം, ഹൂശ് ....




Kaagaz ke do pankh leke, Uda chala jaaye re

Jahaan nahin jaana tha ye, Wahin chala haye re

Umar ka yeh taana baana, samajh na paaye re

Zubaan pe jo moh maaya, Namak lagaye re

Ke dekhe na bhale na jaane na daayre

Disha hara kemon boka
Monn-ta re..

കോട്ടകളെല്ലാം കീഴടക്കിയിട്ടും, മതിലുകളെല്ലാം തച്ചുടച്ചിട്ടും, 
പ്രേമം ഒരു കുറ്റമെന്നോണം കരുതുന്നു പഹയൻ 

ആങ്ങട്ടോ ഇങ്ങാട്ടോന്നും പറഞ്ഞിങ്ങനെ 

ചാടിക്കളിക്കുന്ന കുട്ടിക്കൂരങ്ങൻ 

ഹൃദയമൊന്നുമല്ല പൊന്നോ 

അടിക്കുമ്പോഴെല്ലാം പാറിപ്പറക്കുന്നൊരു 

അഞ്ചാം നമ്പർ പന്തെന്നെ ..



Fateh kare kile saare, bhed jaaye deewareinPrem koi sendh laage.. 
Sendh laage re laage
Agar magar bari bari,
Jiya ko yoon uchhale,
Jiya nahin gend laage, gend laage re laage

ചന്ദനമെന്നു ധരിച്ച് മണ്ണിനെ  

നെറ്റിയിലലങ്കാരമായ് കുറിയിട്ടിരിക്കുന്നു 

നാക്കിൽ പതിഞ്ഞ മോഹമായകൾ അവനെ വശീകരിക്കുന്നു, ഹൂയ്

ആങ്ങട്ടോ ഇങ്ങാട്ടോന്നും പറഞ്ഞിങ്ങനെ 

ചാടിക്കളിക്കുന്ന കുട്ടിക്കൂരങ്ങൻ തന്നെ ഇഷ്ടോ!



Maati ko ye chandan sa, maathe pe sajaye re

Zubaan pe jo moh maaya, namak lagaye re

Ke dekhe na bhale na jaane na daayre

Disha hara kemon boka
Monn-ta re..

---------------------------------------------------------------------------

ഗാനം: Monta Re  

ചിത്രം : Lootera (2013)

Written by Amitabh Bhattacharya, Composed by Amit Trivedi & Sung by Swanand Kirkire & Amitabh Bhattacharya

2025, ഓഗസ്റ്റ് 10, ഞായറാഴ്‌ച

മുക്തകണ്ഠം വികെഎൻ

മുക്തകണ്ഠം വികെഎൻ - ഞ് ച്ചാൽ , ഒരു വികെഎൻ  ജീവിതാഖ്യായിക! ഓലയിലാക്കിരിക്കുന്നത് നാണ്വാരുടെ സ്വന്തം ചാത്തൻസ്, അല്ലെങ്കിൽ പയ്യന്റെ സ്വന്തം രാമൻസ് (ആരോഹണം) - കെ രാഘുനാഥൻ.

സഹപയ്യന്മാരെ, വികെഎൻ സൃഷ്ടികളിലെ ചൂഡാരത്നങ്ങളേ, സ്ഥാനം തെറ്റിച്ച ഭാഷാ പ്രയോഗങ്ങളെ, വിവർത്തനങ്ങളേ ഇതിലേ വന്നാലും, ഈ പുത്തിരിക്കണ്ടം മൈതാനിയിൽ നിരന്നു നിന്ന് (വിവാഹപ്പിറ്റേന്ന്) നമുക്കൊരു റൂട്ട്മാർച്ച് നടത്താം.

ഈ പുസ്തകം വായിക്കാത്തവർക്കും വികെഎൻ സൃഷ്ടികൾ ഒട്ടുമിക്കതും വായിച്ചതുമായ സഹപയ്യന്സിനു പുസ്തകത്തിന്റെ അവതരണ വാക്യം കേൾക്കുമ്പോൾ (ഒരു വികെഎൻ  ജീവിതാഖ്യായിക) ഓർമ്മവരിക മറ്റൊരു വികെഎൻ ഉദ്ധരണിയെ അനുസ്മരിപ്പിക്കുന്ന പ്രയോഗമാണ് - 'വിരുദ്ധോക്തിയുടെ (Oxymoron) തിരുവാതിരക്കളി'- "ദേവിക്കെന്തിനാ ഇലക്‌ട്രിസിറ്റി" എന്ന മറ്റൊരു പയ്യനായ ദേവമാതാ ബസ്സോണർ ബാബുവിന്റെ (തൂവാനത്തുമ്പികൾ) ശിലാലിഖിതം പശ്ചാത്തല സംഗീതമായും, എട്ടു കട്ടയിൽ (ചിത്രം ചലിച്ചപ്പോൾ വിവാഹപ്പിറ്റേന്ന് താണ്ടിയ സ്വപുത്രൻ അപ്പുണ്ണിയും അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ കയറിയ ദത്തുപുത്രൻ സക്കറിയയും 'മുക്തകണ്ഠം' ഒന്ന് വായിച്ചിരുന്നെങ്കിലെന്മനം)

സംഭവം വായിച്ചു തീരുമ്പോൾ നമുക്ക് മുന്നിൽ നിൽക്കുന്നത് മനുഷ്യരൂപം പൂണ്ടതും വിശ്വരൂപം പൂണ്ടതുമായ പയ്യനും പയ്യന്റെ സൃഷ്ടാവും തിരിഞ്ഞും മറിഞ്ഞും വേഷം കെട്ടി തകർത്താടുന്ന ഒരു കല്യാണ സൗഗന്ധികമാണ്. ഒപ്പം രസനകളായി പയ്യന്റെ ഭൂതഗണങ്ങളും! 

Statutory warning for Political correctness (പരിമിത പരിക്കുകളാൽ നന്മമരം കെട്ടിയാടൽ): പയ്യൻ എന്നത് ഒരു 'ജൻഡർ ന്യൂട്രൽ' പദമാകുന്നു.

'അശ്വമേധം' എന്ന വിപരീതസമസ്യയിലൂടെ പ്രശസ്തനായ ജി എസ് പ്രദീപ് തന്റെയൊരു വിചിത്ര വായനാനുഭവത്തെ പറ്റി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഷെർലക് ഹോംസ് അവസാനത്തെ അധ്യായത്തിൽ നിന്ന് തുടങ്ങി തിരികെ വായിച്ച ഒരു അനുഭവം. അദ്ദേഹത്തിന്റെ വിപരീതസമസ്യയിലെ ഡിഡക്ടിവ് അനാലിസിസിന്റെ രസനകളായ വായനകളെ പറ്റി പറയുമ്പോഴാണെന്നു തോന്നുന്നു. കെ രഘുനാഥന്റെ മുക്തകണ്ഠം വികെഎൻ എന്ന പുസ്തകം വായിച്ചു തുടങ്ങിയപ്പോൾ ആദ്യം ഓർമ്മയിൽ വന്നത് ഇതാണ്. ചട്ടക്കൂടിൽ ഒതുങ്ങാത്ത ഏതൊരു വികെഎൻ സൃഷ്ടികളെയും പോലെ, മുക്തകണ്ഠം വികെഎൻ  തുടങ്ങുന്നതും വികെഎന്നിന്റെ മരണത്തിൽ നിന്നും അനുബന്ധ സംഭവങ്ങളിൽ നിന്നുമാണ്. അവിടെ നിന്ന് പുരോഗമിച്ച് കാലഗണനക്രമത്തിൽ പുറകിലോട്ടു സഞ്ചരിച്ച് മുന്നോട്ടു നീങ്ങി പിന്നെ പലപ്പോഴും പുറകിലോട്ടു സഞ്ചരിച്ച്‌ ഒരു യാത്ര. 'ഒരു കിണ്ടി വെള്ളത്തിൽ പോലും കഴുത്തോളമിറങ്ങി ഭൂത ഭാവി വർത്തമാനങ്ങളിൽ നീരാടാൻ കഴിയുന്ന വികെഎൻ ഭാഷയുടെ' അതേ രചനാ പാടവത്തോടെ തന്നെ ഈ പുസ്‌തകവും തന്റെ സഹപയ്യൻസ് ('വികെഎൻ എന്നത് ഒരു മാനസികാവസ്ഥയുടെ പേരാകുന്നു'!) ആവാഹിക്കണമെന്ന ബോധ്യമുള്ളതു പോലെ. കയ്യെഴുത്തുപ്രതി വായിച്ചശേഷം അപ്പോൾ ഭാഷാപോഷിണി എഡിറ്റർ ആയിരുന്ന കെ സി നാരായണൻ ചോദിച്ച 'ഇത് ഫിക്ഷൻ ആണോ" എന്ന ചോദ്യം സാക്ഷ്യം! ഈ സൃഷ്ടിയെ സാമ്പ്രദായിക ജീവചരിത്രങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നതും അതു തന്നെ

പല മുൻധാരണകളെയും പോലെ, വികെഎൻ എന്ന വ്യക്തിപ്രഭാവം തന്റെ ഒട്ടു മിക്ക കൃതികളിലും, പയ്യനായും, ചാത്തൻസായും വായനക്കാരെ വിശ്വസിപ്പിച്ചിരുന്ന വികെഎൻ എന്ന എഴുത്തുകാരന്റെ ഉള്ളിലേക്കിറങ്ങി ചെന്ന് വായനക്കാരന് വടക്കേ കൂട്ടാല നാരായണന്കുട്ടിയെ അനാവരണം ചെയ്യുന്നൊരു ഗംഭീര - എഴുത്തുകാരൻ തന്നെ മുഖവുരയിൽ പറയുന്നതായ "ഉൾനാട്ടു ഗ്രാമങ്ങളിലൂടെ അജ്ഞാതരായ മനുഷ്യരെ കണ്ട് ഗ്രാമ്യമായ മൊഴികൾ കേട്ടലഞ്ഞ നാരായണൻകുട്ടി, വികെഎൻ എന്ന എഴുത്തുകാരനായത് എങ്ങനെ എന്ന അന്വേഷണമാണ് മുക്തകണ്ഠം വികെഎൻ" എന്നത് അച്ചട്ടാണെന്ന് അനുഭവപ്പെടുന്ന - കൃതി

വായിച്ചു കഴിയുമ്പോൾ കളിമൺ പശിമയിൽ വികെഎൻ വായനയിലൂടെ നാം സ്വയം സൃഷ്ടിച്ചെടുത്ത ഒരു വികെഎൻ ശിൽപ്പം തട്ടിയുടച്ചു മറ്റൊരു ഗംഭീര ശില്പമായി വടക്കേ കൂട്ടാല നാരായണൻകുട്ടി നിൽക്കുന്ന അതിമനോഹരമായ ശില്പഭംഗി - അതാണ് മുക്തകണ്ഠം വികെഎൻ എന്ന വായനാനുഭം. ഈ വരി എഴുതുമ്പോൾ പോലും പയ്യൻ പണ്ട് തേക്കിൻകാട്  മൈതാനിയിൽ രാത്രി കിടന്ന് ആകാശത്തെ വർണ്ണിക്കുമ്പോൾ ഇട്ടൂപ്പ് പറഞ്ഞതാണ് ഉള്ളിലെ വികെഎൻ 'ബാധ' ഓർമ്മിപ്പിക്കുന്നത് - " ജെമ്മണ്ടങ്ങേ ഇവറ്റോള് ആകാശംന്നാങ്ങട്  പറയില്ല്യട" (ഏകദേശ രൂപം). വികെഎൻ സൃഷ്ടികളുമായി ബന്ധപ്പെട്ട ഏതൊരു സംഭവം എഴുതുമ്പോളും ഭാഷയിൽ ഉടക്കി നിൽക്കുന്ന, എഴുതിത്തുടങ്ങുമ്പോൾ തന്നെ അന്തം വിട്ടു കുന്തം പോകുന്ന, എഴുതുന്നയാൾ  നേരിടുന്ന ബ്ലോക്ക് അഥവാ "രാമായണം വായിച്ചോണ്ടിരിക്കുമ്പോൾ നോനും രാമനാണെന്നു തോന്നി" ശ്രീലങ്കൻ എയർലൈൻസ് പിടിച്ചാലുള്ള  അവസ്ഥ - വികെഎന്നെ ഭാഷയിലാക്കാൻ മറ്റൊരാൾ ശ്രമിച്ചാലുണ്ടാകുന്ന ശീഘ്രസ്ഖലനം എന്ന് പറഞ്ഞാലും മുഷിയില്ല്യ. പക്ഷെ ഈ ജീവിതാഖ്യായിക അതിനെയും മറികടക്കുന്നു എന്ന് അടിവരയിട്ടു പറയാം. 

ഇതിലെ മറ്റൊരു രസകരമായ വിവരണമാണ് ഓരോ വികെഎൻ വായനക്കാരനും പലപ്പോഴും മനഃപാഠമാക്കിയ വിവർത്തന രസങ്ങളും, പ്രയോഗങ്ങളും അതിന്റെ ചരിത്രപരമായപരിണാമദശയും. പറഞ്ഞു പതിഞ്ഞൊരു വിഷയമായതിനാൽ ക്ലീഷേ ആകാനുള്ള എല്ലാ സാധ്യതകളുമുള്ള ഈ ഭാഗം പക്ഷേ ഇത്ര മനോഹരമായി അവതരിപ്പിച്ച ഈ നിരീക്ഷണ രീതി ഏതൊരു സഹപയ്യന്മാർക്കുമുള്ള അസ്സൽ സദ്യ തന്നെ. എഴുത്ത്‌കൃഷിയിൽ നാണ്വാര് എങ്ങിനെ വിത്തെറിഞ്ഞു  നൂറുമേനി കൊയ്ത്തു എന്നതിന്റെ ആഖ്യായിക (അധ്യായം - തർജ്ജമകൾ ചൂഡാരത്നങ്ങൾ). യുവാർ ഡിസ്ഗ്രേസ് (നീയൊരു അപമാനമാണ് ) എന്ന പദാനുപദ വിവർത്തങ്ങളിൽ തുടങ്ങി ഇട്ടൂപ്പിൽ കുടിയേറി - ഡേ എക്സ്പെൻസസ് അമേരിക്ക കോർണർ (അമേരിക്കയിൽ നിത്യച്ചെലവിന് എന്ത് ചെയ്യും)- പുരോഗമിച്ചു മൂലത്തെ ആശ്രയിച്ചു സ്ഥലജല പ്രമാണമുണ്ടാക്കി കൂത്താടി വിദൂരമായ മറ്റൊരര്ഥത്തെ പ്രക്ഷേപണം ചെയ്യുന്ന- You can spring a leak anywhere  anytime you want (മേലാസകലം കരയാൻ നങ്ങേമ്മയ്ക്കു നിമിഷാർധം മതി അല്ലെ) - ഘട്ടത്തിലേക്കുള്ള വിവർത്തന യാത്രാവിവരണം. 

അതുപോലെ "ഒഴിവാക്കപ്പെടുന്നവൻ ഒതേനനാവുമെന്നു" പറയുമെന്ന, "കണ്ണീർ പുറത്ത് വരാതിരിക്കാൻ പയ്യൻ ചിരിച്ച" സാമ്പ്രദായിക പയ്യനിൽ നിന്ന് വേറിട്ടു നിൽക്കുന്ന പ്രയോഗങ്ങൾ, അവയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ.   

അതുപോലെ തന്നെ ഏതൊരു വികെഎൻ വായനക്കാരനും വികെഎന്നെ ചുറ്റിപ്പറ്റി സൃഷ്ടിച്ചെടുത്ത മിത്തുകൾക്കു പുറകിലെ രസകരമായ യാഥാർഥ്യങ്ങളും, പലസമയങ്ങളിലായി മിത്തുകൾ വളർന്നു പന്തലിച്ചതിന്റെയും ചരിത്രം. കൽപ്പറ്റ മാഷ് ഒരു പ്രസംഗത്തിൽ പറഞ്ഞതു കടമെടുത്ത്  "അതേതൊരു വായനക്കാരന്റെയും അവകാശമായി കരുതാം".

ഇനിയും ഈ പുസ്തകത്തെ 'അതുപോലെകളാൽ' വിവരിക്കുമ്പോൾ, യോഗം പിരിച്ചു വിടാറായി എന്ന അനൗൺസ്‌മെന്റ്. തിരുവില്വാമലയിൽ നടന്ന ഒരു സാംസ്കാരിക സമ്മേളനത്തിലെ 'വാക്കുകളില്ലാത്ത ഒരു മറുപടി പ്രസംഗം' സ്മരിച്ചുകൊണ്ട് ഉപസംഹരിക്കുന്നു. "വികെഎൻ സൂക്ഷ്മമായി പറഞ്ഞാൽ ഒരു ഭാഷയാണ്; താൻ നിർമ്മിച്ച സവിശേമായിട്ടുള്ള ഒരു ഭാഷ " കൽപ്പറ്റ നാരായണൻ. ആ ഭാഷയിൽ മുങ്ങിക്കുളിച്ചവർക്കുള്ള ആണ്ടുബലിയാണ് ഈ പുസ്തകം.  

രഘുസാറെ നന്ദീണ്ട്!

തിരുവില്വാമലയിൽ അലൗദിൻ ഖിൽജി വന്നു വികെഎന്നിന്റെ നാടാണെന്നറിഞ്ഞപ്പോൾ എൻ്റെള്ളോന്നും പറഞ്ഞോടിയതിന്റെ, കവിയുടെ കാൽപ്പാടുകൾ പതിഞ്ഞതിന്റെ, ഐവർമഠം ശ്മശാനത്തിലെ ഹരിശ്ചന്ദ്രനെ (രമേശ് കോരപ്പത്ത്) തേടിയതിന്റെ ഏതാനും ചരിത്ര രേഖകളും താഴെ ചേർക്കുന്നു.

ഖിൽജി പോലും പേര് കേട്ടപ്പോൾ വിരണ്ടോടിയ ആ സ്ഥാനം 


 VKN എന്ന ഇംഗ്ലീഷ് എഴുത്തിനു കാരണമായ ഗേറ്റ് (stating the obvious എന്ന പദ്യമല്ല സുഹൃത്തുക്കളേ, പാഠഭാഗം വായിക്കുവിൻ, സ്റ്റഡി ക്ലാസ് അറ്റൻഡ് ചെയ്യുവിൻ)
പുസ്തകത്തിലെ പലസ്ഥലങ്ങളിലും പരാമർശിക്കുന്ന പ്രശസ്തമായ ആ പാത 


വികെഎന്നിന്റെ സ്വന്തം 'അസുരവാണി'


Accessories 

 അക്കരെ കുഞ്ചൻ ഇക്കരെ വന്നപ്പോൾ 

സിംഹാസൻ 

2025, ജൂലൈ 6, ഞായറാഴ്‌ച

ഒരു യുദ്ധക്കൊതിയൻ സമാധാനപ്രിയന് യുദ്ധം വിവരിച്ചുകൊടുക്കുന്നു

പുസ്തകങ്ങൾ പൊടിതട്ടി വെക്കുന്നതിനിടയിലാണ്, അന്നെന്തോ കൗതുകം കൊണ്ട് സൂക്ഷിച്ചു വച്ചിരുന്ന 2003 ജനുവരി-മാർച്ച് ലക്കം 'പച്ചക്കുതിര' ശ്രദ്ധയിൽ പെട്ടത്. എന്തെങ്കിലും കാണും അന്നത് സൂക്ഷിക്കാൻ എന്ന ചിന്തയിൽ മറിച്ചു നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടതാണ് താഴെ പറയുന്ന പരിഭാഷ.

2025ന്റെ ആഗോള രാഷ്ട്രീയ പശ്ചാത്തലത്തിൽ, 2003-ൽ എഴുതപ്പെട്ട ഈ വരികൾ ഇപ്പോൾ വീണ്ടും വായിക്കുമ്പോൾ, 'ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും' ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചരിത്രം നമ്മെ നോക്കി കൊഞ്ഞനം കൊത്തുന്ന കാഴ്ച കാണാം. ബ്ലാക്ക് ഹ്യൂമറിന്റെ ഒരു നിശബ്ദ താളംപോലെ! 
----------------------------------------------------------------------------------------------------------------------
ഉത്ഭവം അജ്ഞാതം, ഇൻ്റർനെറ്റിൽ നിന്ന് , 
പരിഭാഷ: കെ.സച്ചിദാനന്ദൻ

സമാധാനപ്രിയൻ: നമ്മൾ ഇറാക്ക് ആക്രമിക്കുന്നത് എന്തിനാണെന്നാണു പറഞ്ഞത്?


യുദ്ധക്കൊതിയൻ: നാം ഇറാക്കിനെ ആക്രമിക്കുന്നത് അത് സെക്യൂരിറ്റി കൗൺസിലിൻ്റെ 1441-ാം പ്രമേയം ലംഘിക്കുന്നതുകൊണ്ടാണ്. സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ലംഘിക്കാൻ ഒരു രാജ്യത്തെയും അനുവദിച്ചുകൂടാ.


സമാധാനപ്രിയൻ: പക്ഷേ, ഞാൻ കരുതിയത് ഇസ്രായേലുൾപ്പെടെ നമ്മുടെ പല സഖ്യകക്ഷികളും ഇറാക്കിനെക്കാളേറെ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ചിട്ടുണ്ടെന്നാണ്.


യുദ്ധക്കൊതിയൻ: ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ കാര്യം മാത്രമല്ലിത്. ഇറാക്കിന് കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങൾ ഉണ്ടാകാമെന്നതാണ്. ഒരു തോക്കു പൊട്ടിയതിൻ്റെ ആദ്യത്തെ അടയാളം ന്യൂയോർക്കിനു മുകളിൽ കൂണുപോലുള്ള ഒരു മേഘമായിക്കൂടെന്നില്ല.


സമാധാനപ്രിയൻ: കൂൺമേഘമോ? ആയുധപരിശോധകർ പറഞ്ഞത് ഇറാക്കിന് ആണവായുധങ്ങളേ ഇല്ലെന്നാണല്ലോ-അതാണു ഞാൻ ധരിച്ചത്.


യുദ്ധക്കൊതിയൻ: അതുശരി, പക്ഷേ, പ്രശ്‌നം രാസായുധങ്ങളും ജൈവായുധങ്ങളുമാണ്.


സമാധാനപ്രിയൻ: നമ്മളെയോ സഖ്യകക്ഷികളെയോ അത്തരം ആയുധങ്ങൾകൊണ്ടാക്രമിക്കാൻ ഇറാക്കിന് ദീർഘ ദൂരമിസൈലുകൾ ഇല്ലെന്നാണ് ഞാൻ കരുതിയത്.


യുദ്ധക്കൊതിയൻ: ഇറാക്ക് നേരിട്ടു നമ്മെ ആക്രമിക്കുന്നതല്ല അപകടം.


സമാധാനപ്രിയൻ: രാസായുധങ്ങളും ജൈവായുധങ്ങളും ഏതു രാജ്യവും വിറ്റെന്നുവരുമല്ലോ. എൺപതുകളിൽ നമ്മൾ തന്നെ ഇറാക്കിന് കുറെയധികം വിറ്റില്ലേ?


യുദ്ധക്കൊതിയൻ: അത് പഴയകഥ. സദ്ദാംഹുസൈൻ ഒരു ദുഷ്‌ടനാണെന്ന് ഓർക്കണം. എൺപതുകളുടെ തുടക്കം മുതലേ സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നതിൽ അയാൾ റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. ശത്രുക്കളെ അയാൾ പുകച്ചു കൊല്ലുന്നു. അയാൾ അധികാരക്കൊതിയനും, ഭ്രാന്തനും, കൊലപാതകിയുമാണെന്ന് ആരും സമ്മതിക്കും.


സമാധാനപിയൻ: അപ്പോൾ നമ്മൾ അധികാരക്കൊതിയനും, ഭ്രാന്തനും, കൊലപാതകിയുമായ ഒരാൾക്ക് രാസായുധങ്ങളും ജൈവായുധങ്ങളും വിറ്റുവെന്നോ?


യുദ്ധക്കൊതിയൻ: നമ്മൾ എന്തു വിറ്റുവെന്നതല്ല പ്രശ്ന‌ം. സദ്ദാം എന്തുചെയ്തു എന്നതാണ്. കുവൈറ്റിൽ മുൻകൂട്ടി തന്നെ ആദ്യത്തെ ആക്രമണം നടത്തിയത് അയാളാണ്.


സമാധാനപ്രിയൻ: മുൻകൂട്ടിയുള്ള ആദ്യത്തെ ആക്രമണം- ഹൊ, ഹൊ മോശംതന്നെ. പക്ഷേ, ഇറാക്കിലെ നമ്മുടെ സ്ഥാനപതി ഏപ്രിൽ ഗില്ലസ്‌പി, കുവൈറ്റിനുമേലുള്ള ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയുക മാത്രമല്ല അതിനു പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നില്ലേ?


യുദ്ധക്കൊതിയൻ: നമുക്ക് ഇപ്പോഴത്തെ കാര്യം സംസാരിക്കാം. ഇപ്പോഴത്തെ നിലയിൽ ഇറാക്ക് അൽഖൈദയ്ക്ക് രാസ-ജൈവായുധങ്ങളും വിറ്റുകൂടെന്നില്ല. ഒസാമാ ബിൻലാദൻ തന്നെ ഇറാക്കികളോട് നമുക്കെതിരെ ആത്മഹത്യാസ്ക്വാഡുകളുണ്ടാക്കുവാൻ ആഹ്വാനംചെയ്യുന്ന ഒരു ടേപ്പ് ഇറക്കിയിരുന്നു. അവരുടെ കൂട്ടുകെട്ടിന് വേറെ തെളിവുവേണോ?


സമാധാനപ്രിയൻ: ഒസാമാ ബിൻലാദനോ? അഫ്‌ഗാനിസ്ഥാനെ ആക്രമിച്ചത് അയാളെ കൊല്ലാനല്ലേ?


യുദ്ധക്കൊതിയൻ: ടേപ്പിൽ സംസാരിക്കുന്നത് ഒസാമാ ബിൻലാദനാണോ എന്ന് നൂറുശതമാനവും ഉറപ്പില്ല. പക്ഷേ, ടേപ്പിന്റെ പാഠം ഒന്നുതന്നെ നാം ഇടപെട്ടില്ലെങ്കിൽ ഒസാമയും സദ്ദാമും തമ്മിൽ കൂട്ടുകെട്ടുണ്ടാകാനിടയുണ്ട്.


സമാധാനപ്രിയൻ: ഒസാമാ സദ്ദാമിനെ അവിശ്വാസിയായ ദൈവനിന്ദകൻ എന്നു വിശേഷിപ്പിക്കുന്ന അതേ ടേപ്പിന്റെ കാര്യമാണോ നിങ്ങൾ പറയുന്നത്?


യുദ്ധക്കൊതിയൻ: ടേപ്പിൽമാത്രം കേന്ദ്രീകരിച്ചുകൊണ്ട് നിങ്ങൾ പ്രധാനകാര്യം മറക്കുകയാണ്. പവൽ ഇറാക്കിനെതിരെ ശക്തമായിത്തന്നെ വാദിച്ചിട്ടുണ്ട്.


സമാധാനപ്രിയൻ: ഉവ്വോ?


യുദ്ധക്കൊതിയൻ: ങ്ഹാ, ഇറാക്കിൽ അൽഖൈദയുടെ വിഷ നിർമ്മാണശാലയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ അദ്ദേഹം കാണിച്ചു.


സമാധാനപ്രിയൻ: പക്ഷേ, കുർദ്ദിഷ് പ്രതിപക്ഷക്കാർ നിയന്ത്രിക്കുന്ന ഇറാക്കിൻ്റെ ഭാഗത്തുള്ള ഒരു വെറും കുടിലാണതെന്ന് പിന്നീടു തെളിഞ്ഞില്ലേ?


യുദ്ധക്കൊതിയൻ: കൂടാതെ ഒരു ബ്രിട്ടീഷ് ഇൻ്റലിജൻസ് റിപ്പോർട്ട്...


സമാധാനപ്രിയൻ: അത് പഴയൊരു ബിരുദ വിദ്യാർത്ഥിയുടെ പേപ്പറിൽനിന്നു പകർത്തിയതാണെന്നു തെളിഞ്ഞില്ലേ?


യുദ്ധക്കൊതിയൻ: മൊബൈൽ ആയുധലബോറട്ടറികളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ...


സമാധാനപ്രിയൻ: അത് പഴയൊരു ബിരുദ വിദ്യാർത്ഥിയുടെ പേപ്പറിൽനിന്നു പകർത്തിയതാണെന്നു തെളിഞ്ഞില്ലേ?


യുദ്ധക്കൊതിയൻ: മൊബൈൽ ആയുധ ലബോറട്ടറികളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ...


സമാധാനപ്രിയൻ: അവ വെറുതെ കലാകാരന്മാർ ഭാവനയിൽനിന്നു വരച്ചതല്ലേ?


യുദ്ധക്കൊതിയൻ: ഇറാക്കികൾ ആയുധപരിശോധനകരിൽ നിന്ന് തെളിവുകൾ ഒളിപ്പിച്ചുവയ്ക്കുന്നതും...


സമാധാനപ്രിയൻ: ഹാൻസ് ബ്ലിക്സ‌്‌ എന്ന പ്രധാന പരിശോധകൻ ആയുധമൊന്നും കിട്ടിയില്ലെന്നു പറഞ്ഞല്ലോ-


യുദ്ധക്കൊതിയൻ: അതെ, പക്ഷേ, വേറെ കുറെ കടുത്ത തെളിവുകളുണ്ട്. അത് വെളിപ്പെടുത്തുന്നതു ശരിയല്ല. നമ്മുടെ സുരക്ഷിതത്വം അപകടത്തിലാവും.


സമാധാനപ്രിയൻ: ചുരുക്കിപ്പറഞ്ഞാൽ ഇറാക്കിൽ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങൾ ഉണ്ടെന്നതിന് പൊതുവേ ലഭ്യമായ തെളിവുകളൊന്നുമില്ല അല്ലേ?


യുദ്ധക്കൊതിയൻ: പരിശോധകർ രഹസ്യാന്വേഷകരല്ല. തെളിവു കണ്ടെത്തുന്നത് അവരുടെ പണിയല്ല. നിങ്ങൾക്ക് കാര്യം മനസ്സിലാവുന്നില്ലെന്നു തോന്നുന്നു.


സമാധാനപ്രിയൻ: ഓ, അപ്പോൾ കാര്യം എന്താണ്?


യുദ്ധക്കൊതിയൻ: 1441-ാം പ്രമേയം 'കടുത്ത പ്രത്യാഘാതങ്ങ'ളുണ്ടാകുമെന്ന് താക്കീതു നൽകിയതനുസരിച്ചാണ് ഞങ്ങൾ ഇറാക്ക് ആക്രമിക്കുന്നത്. നാം പ്രവർത്തിച്ചില്ലെങ്കിൽ സെക്യൂരിറ്റികൗൺസിൽ അപ്രസക്തമായ ഒരു ചെറു ഡിബേറ്റിങ് ക്ലബ്ബായി മാറും.


സമാധാനപ്രിയൻ: അപ്പോൾ സെക്യൂരിറ്റി കൗൺസിലിന്റെ റൂളിങ് നടപ്പാക്കലാണോ പ്രധാനലക്ഷ്യം?


യുദ്ധക്കൊതിയൻ: തീർച്ചയായും. റൂളിങ് നമുക്ക് എതിരാകാത്തിടത്തോളം മാത്രം.


സമാധാനപ്രിയൻ: അവർ നമുക്കെതിരെ റൂളിങ് നല്‌കിയാലോ?


യുദ്ധക്കൊതിയൻ: എങ്കിൽ നാം ഇറാക്കിനെ ആക്രമിക്കാൻ തയ്യാറുള്ളവരുടെ ഒരു സഖ്യത്തിന് നേതൃത്വം നല്‌കും.


സമാധാനപ്രിയൻ: തയ്യാറുള്ളവരുടെ സഖ്യമോ? അത് ആരൊ ക്കെയാണ്?


യുദ്ധക്കൊതിയൻ: ബ്രിട്ടൻ, ടർക്കി, ബുൾഗേറിയ, സ്പെയിൻ, ഇറ്റലി - തുടക്കത്തിൽ ഇത്രയും.


സമാധാനപ്രിയൻ: നാം പത്തു ബില്യൻ ഡോളർ കൊടുത്താലേ ടർക്കി സഹായിക്കൂ എന്നു കേട്ടല്ലോ.


യുദ്ധക്കൊതിയൻ: ങാ, ങാ എന്നാലും ഇപ്പോൾ തയ്യാറായിക്കാണും.


യുദ്ധക്കൊതിയൻ: ഇപ്പറഞ്ഞ നാടുകളിലൊക്കെ ജനങ്ങൾ യുദ്ധത്തിനെതിരാണെന്നു കേൾക്കുന്നു.


സമാധാനപ്രിയൻ: ഇപ്പോഴത്തെ ജനഹിതം കാര്യമാക്കേണ്ടാ. ഭൂരിപക്ഷത്തിന്റെ ഇച്ഛപ്രകടിപ്പിക്കുന്നത് തീരുമാനങ്ങളെടുക്കാനുള്ള നേതാക്കളെ തെരഞ്ഞെടുത്തുകൊണ്ടാണ്.


യുദ്ധക്കൊതിയൻ: അപ്പോൾ ഭൂരിപക്ഷം തെരഞ്ഞെടുത്ത നേതാക്കളുടെ അഭിപ്രായങ്ങളാണോ പ്രധാനം?


യുദ്ധക്കൊതിയൻ: തന്നെ,തന്നെ.


സമാധാന പ്രിയൻ: പക്ഷേ, ജോർജ് ബുഷിനെ തെരഞ്ഞെടുത്തത് വോട്ടർമാരല്ലല്ലോ. അയാളെ തെരഞ്ഞെടുത്തത് സുപ്രീം...


യുദ്ധക്കൊതിയൻ: ഞാൻ പറഞ്ഞത് എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരായാലും നാം നമ്മുടെ നേതാക്കളുടെ തീരുമാനത്തെ പിന്തുണയ്ക്കണം എന്നാണ്. നമുക്കു വേണ്ടതെന്തെന്ന് അവർക്കറിയാം. രാജ്യസ്നേഹം എന്നുപറഞ്ഞാൽ ഇതാണ്. അതാണ് ഏറ്റവും അടിയിൽ.


സമാധാനപ്രിയൻ: പ്രസിഡൻ്റിൻ്റെ തീരുമാനങ്ങളെ പിൻതു ണച്ചില്ലെങ്കിൽ നമുക്കു രാജ്യസ്നേഹമില്ലെന്നാണോ?


യുദ്ധക്കൊതിയൻ: എന്നു ഞാൻ പറഞ്ഞില്ലല്ലോ.


സമാധാനപ്രിയൻ: അപ്പോൾ എന്താണാവോ നിങ്ങൾ പറയുന്നത്? നാം ഇറാക്കിനെ അക്രമിക്കുന്നതെ
ന്തിനാണ്?


യുദ്ധക്കൊതിയൻ: ഞാൻ പറഞ്ഞില്ലേ അവരുടെ കൈയിൽ കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങളുണ്ട്, അത് നമുക്കും സഖ്യ കക്ഷികൾക്കും ഭീഷണിയാണ്.


സമാധാനപ്രിയൻ: പക്ഷേ, പരിശോധകർക്ക് അത്തരം ഒരായുധവും കിട്ടിയില്ലല്ലോ?


യുദ്ധക്കൊതിയൻ: ഇറാക്ക് അതൊക്കെ ഒളിപ്പിച്ചുവച്ചിരിക്കയാണ്.


സമാധാനപ്രിയൻ: ഓ, നിങ്ങൾക്ക് അതെങ്ങനെ അറിയാം?


യുദ്ധക്കൊതിയൻ: പത്തു വർഷം മുമ്പേ അവർക്ക് ആയുധങ്ങളുണ്ടായിരുന്നു എന്ന് നമുക്കറിയാം, അതിപ്പോഴും കണക്കിൽപ്പെടുത്തിയിട്ടില്ല.


സമാധാനപ്രിയൻ: നമ്മൾ അവർക്കു വിറ്റ ആയുധങ്ങളുടെ കാര്യമാണോ?


യുദ്ധക്കൊതിയൻ: അതുതന്നെ.


സമാധാനപ്രിയൻ: പക്ഷേ, പത്തുവർഷംകൊണ്ട് ഈ രാസ-ജൈവ ആയുധങ്ങൾ ഉപയോഗരഹിതമാകുമെന്നാണ് ഞാൻ വിചാരിച്ചത്.


യുദ്ധക്കൊതിയൻ: ചിലതൊന്നും ഇപ്പോഴും ഉപയോഗരഹിതമായിട്ടില്ലെങ്കിലോ?


സമാധാനപ്രിയൻ: ആയുധങ്ങളുണ്ടെന്ന് ചെറിയൊരു സംശയം തോന്നിയാൽ നാം ആക്രമിക്കണമെന്നാണോ?


യുദ്ധക്കൊതിയൻ: തീർച്ചയായും.


സമാധാനപ്രിയൻ: പക്ഷേ, വടക്കൻ കൊറിയയ്ക്ക് ഉപയോഗയോഗ്യമായ ഏറെ രാസ,ജൈവ, ആണവ ആയുധങ്ങളുണ്ടല്ലോ. പടിഞ്ഞാറൻ തീരത്ത് അവയെ എത്തിക്കാനുള്ള ദീർഘദൂരമിസൈലുകളും ഉണ്ട്. എന്നിട്ടും അവർ പരിശോധകരെ പുറത്താക്കി, അമേരിക്കയെ ഒരു തീക്കടലാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടല്ലോ.


യുദ്ധക്കൊതിയൻ: അത് രാജ്യതന്ത്രത്തിന്റെ പ്രശ്നമാണ്.


സമാധാനപ്രിയൻ: എങ്കിൽ ഇറാക്കിലും രാജ്യതന്ത്രം പോരേ, എന്തിനീ ആക്രമണം?


യുദ്ധക്കൊതിയൻ: പറയുന്നതു കേട്ടില്ലേ? പരിശോധന ഇങ്ങനെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ല. അതുകൊണ്ടാണ് ഇറാക്കിനെ നാം ആക്രമിക്കുന്നത്. ഇറാക്ക് പത്തുവർഷമായി നീട്ടിവെയ്ക്കലും നിഷേധവും ചതിയുമായിക്കഴിയുന്നു. പരിശോധനയ്ക്കു നാം കോടിക്കണക്കിനു ഡോളർ ചെലവിട്ടു.


സമാധാനപ്രിയൻ: പക്ഷേ, യുദ്ധത്തിന് അതിൻ്റെ നൂറിരട്ടി ചിലവാവില്ലേ?


യുദ്ധക്കൊതിയൻ: ഉവ്വ്, പക്ഷേ, പ്രശ്‌നം പണമല്ല, സുരക്ഷിതത്വമാണ്.


സമാധാനപ്രിയൻ: പക്ഷേ ഇറാക്കിനെതിരെ മുൻകൂട്ടിയുള്ള
ഒരു യുദ്ധം നമുക്കെതിരെ മുസ്ലിം വികാരം ആളിക്കത്തിക്കില്ലേ, അപ്പോൾ നമ്മുടെ സുരക്ഷിതത്വം കുറയില്ലേ?


യുദ്ധക്കൊതിയൻ: അങ്ങനെ ഉണ്ടായേക്കാം. പക്ഷേ, നമ്മുടെ ജീവിതശൈലി മാറ്റാൻ ഭീകരവാദികളെ അനുവദിച്ചുകൂടാ. അതു ചെയ്താൽ ഭീകരവാദികൾ ജയിച്ചു എന്നാണർത്ഥം.


സമാധാനപ്രിയൻ: അപ്പോൾ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം, കളർ കോഡുകളുള്ള താക്കീതുകൾ, പാട്രിയട്ട് ആക്റ്റ് ഇവയുടെയൊക്കെ ഉദ്ദേശ്യമെന്താണ്? ഇതൊക്കെ നമ്മുടെ ജീവിതശൈലി മാറ്റില്ലേ?


യുദ്ധക്കൊതിയൻ: ഞാൻ വിചാരിച്ചത് ഇറാക്കിനെക്കുറിച്ച് നിങ്ങൾക്കു ചോദ്യങ്ങളുണ്ടെന്നാണ്.


സമാധാനപ്രിയൻ: ഉവ്വല്ലോ. നാം എന്തിനാണ് ഇറാക്കിനെ ആക്രമിക്കുന്നത്?


യുദ്ധക്കൊതിയൻ: അവസാനമായിപ്പറയുകയാണ്. ലോകം മുഴുവൻ സദ്ദാം ഹുസൈനോട് നിരായുധീകരണം നടത്താനാവശ്യപ്പെട്ടിട്ടും അയാളതു ചെയ്യാത്തതുകൊണ്ടാണ് നാം ഇറാക്കിനെ ആക്രമിക്കുന്നത്. അയാൾ ഫലമനുഭവിച്ചേ തീരു.


സമാധാനപ്രിയൻ: പക്ഷേ, അതുപോലെ ലോകം മുഴുവൻ നമ്മളോടും ചിലത് ആവശ്യപ്പെട്ടിരുന്നില്ലേ? സമാധാനപര മായ ഒരു പരിഹാരം കണ്ടെത്തണമെന്നും മറ്റും? അതു കേൾക്കാൻ നമുക്കും ബാദ്ധ്യതയില്ലേ?


യുദ്ധക്കൊതിയൻ: 'ലോകം' എന്നു പറഞ്ഞാൽ ഞാനുദ്ദേശിച്ചത് ഐക്യരാഷ്ട്രസഭയെന്നാണ്.


സമാധാനപ്രിയൻ: അപ്പോൾ ഐക്യരാഷ്ട്രസഭയെ നാം അനുസരിക്കണം എന്നാണോ?


യുദ്ധക്കൊതിയൻ: "ഐക്യരാഷ്ട്രസഭ' എന്നുവച്ചാൽ സെക്യൂരിറ്റി കൗൺസിൽ.


സമാധാനപ്രിയൻ: അപ്പോൾ നാം സെക്യൂരിറ്റി കൗൺസിൽ പറയുന്നതു കേൾക്കണം, അല്ലേ?


യുദ്ധക്കൊതിയൻ: എന്നുവച്ചാൽ സെക്യൂരിറ്റി കൗൺസിലിന്റെ ഭൂരിപക്ഷം.


സമാധാനപ്രിയൻ: അപ്പോൾ സെക്യൂരിറ്റി കൗൺസിലിന്റെ ഭൂരിപക്ഷത്തെ നാം അനുസരിക്കണമോ?


യുദ്ധക്കൊതിയൻ: ഉം...ഒരു യുക്തിയുമില്ലാത്ത ഒരു വീറ്റോ ചിലപ്പോൾ ഉണ്ടായെന്നുവരും.


സമാധാനപ്രിയൻ: അപ്പോൾ?


യുദ്ധക്കൊതിയൻ: അപ്പോൾ വീറ്റോ അവഗണിക്കാൻ നാം ബാദ്ധ്യസ്ഥരാണ്.


സമാധാനപ്രിയൻ: സെക്യൂരിറ്റി കൗൺസിലിന്റെ ഭൂരിപക്ഷം നമ്മെ പിന്തുണയ്ക്കുന്നില്ലെങ്കിലോ?


യുദ്ധക്കൊതിയൻ: അപ്പോൾ സെക്യൂരിറ്റി കൗൺസിലിനെ അവഗണിക്കാൻ നാം ബാദ്ധ്യസ്ഥരാണ്.


സമാധാനപ്രിയൻ: അത് അസംബന്ധമാണല്ലോ.


യുദ്ധക്കൊതിയൻ: ഇറാക്കിനോട് നിങ്ങൾക്ക് അത്ര പ്രേമമാണെങ്കിൽ അങ്ങോട്ടു പൊയ്ക്കെ‌ാള്ളൂ. അല്ലെങ്കിൽ ഫ്രാൻസിലേക്ക്. ചീസു തിന്നുന്ന, കീഴടങ്ങൽകാരായ മറ്റു കുരങ്ങു കൾക്കൊപ്പം. അവരുടെ വൈനും ചീസും ബോയ്കോട്ടു ചെയ്യാൻ സമയമായി, സംശയമില്ല... സമാധാനപ്രിയൻ: ഞാൻ കീഴടങ്ങുന്നു!

2025, ഏപ്രിൽ 20, ഞായറാഴ്‌ച

ഉത്തരം

"ഇരുൾ വീണൊരിടവഴിയിലെവിടെവെച്ചാരെന്റെ

 ചെറുകൈവിളക്കുമെടുത്തെറിഞ്ഞു" - സെലീന 

ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ ആസ്പദമാക്കി എംടി വാസുദേവൻ നായർ തിരക്കഥയെഴുതി പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം'(1989). വളരെ ചെറു പ്രായത്തിൽ കണ്ട ഈ ചിത്രം ആദ്യ കാഴ്ചയിൽ തന്ന അനുഭവം വിടാതെ പിൻതുടരുന്നതായിരുന്നു. പിന്നീട്, പലപ്പോഴായി ടിവിയിൽ വരുമ്പോഴൊക്കെ ഈ ചിത്രം  കാണാറുണ്ട്. ഈയടുത്ത് എന്റെ സ്കൂൾ സഹപാഠിയായ റോഷനുമായുള്ള പതിവായ വാരാന്ത്യ സംഭാഷണങ്ങളിൽ ഈ ചിത്രം വീണ്ടും വന്നത് ഒരു വട്ടം കൂടി 'ഉത്തരം' കാണാനിടയാക്കി. ആദ്യ കാഴ്ചയിലേതിനേക്കാൾ പതിന്മടങ്ങു പ്രഹരശക്തി ആ ചിത്രം സംവേദനശക്തിയായി ആവാഹിച്ചിട്ടുണ്ടെന്നു തോന്നുന്നു. അല്ല , പതീറ്റാണ്ടുകൾക്കു ശേഷം മറ്റൊരാളായ നാമാണല്ലോ കാണുന്നത് ("ഓരോ പതീറ്റാണ്ടു കഴിയുമ്പോഴും നിങ്ങൾ മറ്റൊരാളാകും "- ഹനീഫ് ഖുറേഷി- ബ്രിട്ടീഷ് എഴുത്തുകാരൻ). 

തിരക്കഥ (എംടി), സംവിധാനം (പവിത്രൻ), ഛായാഗ്രഹണം (രാമചന്ദ്രബാബു), അഭിനേതാക്കൾ, ഇതിലൊക്കെ കൊതിപ്പിക്കുന്ന താരപ്രഭ,  ഈ ചേരുവകളുടെയൊക്കെ അതിമനോഹരമായ കൃത്യവിധാനത്തിന്റെ പിൻബലത്തിൽ മലയാളത്തിൽ  ഇറങ്ങിയ ഏറ്റവും കൗതുകകരമായ അന്വേഷണാത്മക സസ്പെൻസ് ത്രില്ലറുകളിലൊന്നായ ഈ ചിത്രം പക്ഷെ  വളരെ ന്യൂനമൂല്യം കല്പിക്കപ്പെട്ട , ആഘോഷിക്കപ്പെടാതെ പോയ ഒരു ചിത്രമായി തോന്നിയിട്ടുണ്ട്. ഈയടുത്തു സോഷ്യൽ മീഡിയയിലൂടെയും മറ്റുമുള്ള പരിചയപ്പെടുത്തലുകളിലൂടെ ഈ ചത്രം വീണ്ടും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും.

ചിത്രത്തിന്റെ മന്ദഗതിയിലുള്ള ആഖ്യാന രീതി, സെലീനയുടെ (സുപർണ്ണ) ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ പ്രേക്ഷകന് പിൻതുടരാനും അവളുടെ ഭൂതകാലത്തിലേക്കും ആത്മഹത്യയുടെ കാരണങ്ങളിലേക്കും വൈകാരികമായി പ്രേക്ഷകനെ കൂട്ടികൊണ്ടു പോകുന്ന രീതിയിലാണ് എംടിയും പവിത്രനും നെയ്തെടുത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിർവഹണത്തിലെ എംടി പവിത്രൻ ക്രാഫ്റ്റ്! അത് തന്നെയാണ് സെലീനയുടെ ആവർത്തിച്ചുള്ള "ആരാണ് നീ" എന്ന ചോദ്യത്തിന് 'ഉത്തരമായി' ഇമ്മാനുവൽ ആന്റണി എന്ന് ആക്രി പെറുക്കാൻ വന്ന കുട്ടി പറഞ്ഞശേഷം  വെടിയൊച്ച കേൾക്കുമ്പോൾ പ്രേക്ഷകനിൽ അവശേഷിക്കുന്ന മൗനത്തിന്റെ വിസ്ഫോടനവും. 'മറവി അനുഗ്രഹമായി' അർദ്ധവിരാമത്തിൽ ജീവിച്ചിരുന്ന സെലീനക്ക് ഇമ്മാനുവലിലൂടെ കിട്ടിയ ഉത്തരം! 

ജീവിതത്തിന്റെ പൂർണ്ണവിരാമത്തിലേക്കു നയിച്ച ഉത്തരം!

ഈ ചിത്രത്തിലെ ക്രാഫ്റ്റ് പറയുമ്പോൾ എടുത്ത് പറയേണ്ട മറ്റൊന്നാണ്, എംടി എന്ന എഴുത്തുകാരൻ എഴുത്തിനെയും എഴുത്തുകാരെയും ശക്തമായി സെലീനയിലൂടെ അവതരിക്കുന്ന നിമിഷങ്ങൾ. വരികൾക്കിടയിലെ മൗനം കൊണ്ട് പ്രേക്ഷനെ ഭ്രമിപ്പിക്കുന്ന സംവേദനത്തിൻ്റെ അനുഭവതലങ്ങൾ. കവയത്രി നന്ദിതയെ  അനുസ്മരിപ്പിക്കുന്ന രീതിയിൽ തന്റെ തൂലികയിൽ പരകായപ്രവേശം ചെയ്യിച്ചെഴുതുന്ന നിമിഷങ്ങൾ.

സെലീനയുടെ കഥാപാത്രസൃഷ്ടിയുടെ പുരോഗതി തന്നെ എംടി, ബാലു (മമ്മുട്ടി) എന്ന തന്റെ കഥാപാത്രത്തിന്റെ സെലീനയുമായുള്ള സാഹിത്യ സംഭാഷണങ്ങളിലൂടെ മനോഹരമായി വികസിപ്പിക്കുന്നതു  കാണാം ഓരോഘട്ടത്തിലും. തുടക്കത്തിൽ തന്നെ അതിനൊരു ഉദാഹരണം സെലീന തന്നെ അവളുടെ സൃഷ്ടികളെ ബാലുവിനുള്ള കത്തിലൂടെ  പരിചയപ്പെടുത്തുന്ന രംഗം "സക്കറിയയെ അനുകരിച്ചുകൊണ്ട് പറഞ്ഞാൽ ഒരു നസ്രാണി വീട്ടമ്മയുടെ അലസയാമങ്ങൾ എന്നോ മറ്റോ പേരിട്ടാലോ എന്നാദ്യം ആലോചിച്ചു", പിന്നീട് സെലീനയുടെ സുഹൃത്ത് ശ്യാമള (പാർവ്വതി) പറയുന്ന ഹോസ്റ്റൽ വിശേഷങ്ങൾ, ഊട്ടിയിലെ തടാകത്തിലേക്ക് നോക്കി "ഇതിൽ ബോട്ടിംഗ്  അനുവദികരുത്, മേഘങ്ങൾ സൗകര്യമായി ഇടയ്ക്കു മുഖം നോക്കട്ടെ ", "അൽപ്പായുസ്സുകളായ പകലുകൾ " എന്നീ  രംഗങ്ങലൂടെയൊക്കെ കാണാം. ശില ശില്പമായി മാറുന്ന തച്ചൻ്റെ വിരുത്. 

അതുപോലെ മലയാളി കവയത്രിയെ, എഴുത്തുകാരെ ഇവിടുത്തെ അന്നത്തെ വായനാസമൂഹം അവഗണിക്കുന്ന(തുഞ്ചൻപറമ്പു കെട്ടിപ്പടുത്ത) എംടിയൻ രോഷവും കാണാം ബാലുവിൻ്റെ ശ്യാമളയുമായുള്ള ഈ സംഭാഷണത്തിൽ - "ഒരു ചെറിയ പ്രദേശത്ത് ചെറിയ ഭാഷയിൽ എഴുതി എന്നൊരു കുഴപ്പം മാത്രമേ ഉള്ളു . സിൽവിയ പ്ലാത്ത് അമേരിക്കയിൽ ജനിച്ചു ഇംഗ്ലീഷിൽ എഴുതി. അതുകൊണ്ടു ആത്മഹത്യ ചെയ്തപ്പോൾ ഭാഷ്യങ്ങളെഴുതാൻ ഇവിടുത്തെ പ്രൊഫസ്സർമാരടക്കം നൂറുപേരുണ്ടായി" (സിൽവിയ പ്ലാത്ത് എന്ന കാവയത്രിയുടെ പേര് കേൾക്കുന്നത് അന്നാദ്യമായി തന്നെ).

പുനർവായനയില് കണ്ട മറ്റൊരു മനോഹാരിതയാണ് ഉത്തരത്തിലെ സൗഹൃദങ്ങൾ - ബാലുവും സെലീനയും, ബാലുവും മാത്യുവും( സുകുമാരൻ), സെലീനയും ശ്യാമളയും, ശ്യാമളയും ബാലുവും ....

മുന്നേ കുറിച്ച സുഹൃത്ത് റോഷനുമായി ഉണ്ടായ വാരാന്ത്യ സംഭാഷണവും അതിലെ ഈ സിനിമയുടെ പരാമർശവും അവന്റെ പുനർവീക്ഷണത്തിലെ അനുഭവങ്ങളും എല്ലാം ചേർന്നുണ്ടായ ഈ പോസ്റ്റ്, ഇതെങ്ങിനെ അവസാനിപ്പിക്കുമെന്നോർത്തു കുഴയുന്ന എനിക്ക് എംടി തന്ന കച്ചിത്തുരുമ്പിൽ കേറിപ്പിടിച്ച്  സംഗ്രഹിമിപ്പിച്ചാൽ -  ചിത്രത്തിലുടനീളം ആരായിരുന്നു സെലീന എന്ന് പിന്തുടർന്നിരുന്ന നാം, പിന്നീടത് വികസിച്ച്  എന്തിനവൾ ജീവിതം ഇങ്ങനെ അവസാനിപ്പിച്ചു എന്നതിനുത്തരം ബാലു ശ്യാമളയോട് വെളിപ്പെടുത്തുന്ന എംടി മാജിക് "കവി ഉപാസിച്ച ഇരുട്ട് മറവിയായിരുന്നു " -  അതിൽ എല്ലാമുണ്ട് !


തുടർന്നുള്ള ബാലുവിന്റെ ആത്മഗതമോ ശ്യാമളയോടുള്ള ഉത്തരമോ എന്നമട്ടിലുള്ള സംഭാഷണമായ്‌  "പ്രകൃതി ദയാപൂർവ്വം അടച്ചിട്ട ഓർമ്മയുടെ ഒരറ അപ്പോൾ തുറന്നിരിക്കണം. സത്യത്തിന്റെ വികൃതമായൊരു മുഖം!!" എന്ന് ബാലു പറഞ്ഞു നിർത്തുമ്പോൾ ശിൽപ്പം അതിന്റെ പൂർണ്ണഭംഗിയിൽ പ്രേക്ഷനുമുന്നിലേക്കു അനാവരണം ചെയ്യപ്പെടുകയല്ലേ?

PS: Roshan's instagram reel on Utharam: https://www.instagram.com/reel/DI-u_o7RWf8/?igsh=YzAyMDM1MGJkZA==

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്