2026 ജനുവരി 26, തിങ്കളാഴ്‌ച

ഭൂമികുലുക്കത്തിനായി കാത്തിരിക്കുന്ന മോണ്ടിനെഗ്രോയിലെ തോക്കുകൾ

ആനക്കോട്ടിലെ മരപ്പാലത്തിന് മുകളിൽ സന്ധ്യാസമയം. ചാത്തൻസ് തന്റെ പട്ടണം പൊടിപ്പാട്ട തുറന്ന് ഒരു ടോമഹാക് മൂക്കിലേക്ക് വലിച്ചു കയറ്റിയ ശേഷം അർദ്ധനീലിമ നേത്രാവതി ഭാവേ പയ്യനെ നോക്കി ഒന്നു കണ്ണിറുക്കി. പട്ടണം പൊടിയുടെ ആ ഒരു കിക്ക് തലയ്ക്കു പിടിച്ചപ്പോൾ ചാത്തന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ദൂരെ പടിഞ്ഞാറൻ ശ്വേതമന്ദിരത്തിലെ വലിയ ടെലിസ്ക്രീനിൽ സ്വർണ്ണത്തലമുടിയുള്ള ആ 'ഓറഞ്ച് തിരുമേനി' കൈകൾ വീശി എന്തൊക്കെയോ അലറുന്നുണ്ട്.

"എന്താ പയ്യൻസ്, കളി കണ്ടാ? പടിഞ്ഞാറൻ ഏമാൻ ആ വെനിസ്വേലൻ ബസ് കണ്ടക്ടറെ അപ്പടി പൊക്കി തറവാടിന്റെ അറയിൽ കെട്ടിയിടുമ്പോൾ അങ്ങ് കിഴക്കേ ഡ്രാഗൺ കാരണവർ പശുത്തൊഴുത്തിന്റെ ആധാരം തപ്പുകയാണ്!"

പയ്യൻസ് തന്റെ പപ്പയുടെ കിഴവനും കഴുതയും മാറ്റി വെച്ച് പറഞ്ഞു, "കിഴക്കൻ കാരണവരുടെ കാര്യം അതൊരു പഴയ കിസ്സയാണ് ചാത്തൻസ്. അയൽവക്കത്തെ ആ കിമോണോ ഉടുത്ത സമുറായി കുട്ടിച്ചാത്തന്മാർ പണ്ട് മാടമ്പിത്തരത്തിന് തല്ലിപ്പിടിച്ചെടുത്ത ആ പശുത്തൊഴുത്ത്, അംശം അധികാരി കൈഷാക്ക് അടിച്ചുമാറ്റിയതാണ്. തറവാട് നഷ്ടപ്പെട്ട ആ കാരണവർ അപ്പുറത്തെ ദ്വീപ് പറമ്പിലിരുന്ന് ആധാരത്തിന്റെ ഫോട്ടോസ്റ്റാറ്റ് കാണിക്കുന്ന അവസ്ഥയായിരുന്നു അത്! അത് 'ഒരൊറ്റ തറവാടാണെന്നാണ്' ഡ്രാഗൺ കാരണവരുടെ ഭാഷ്യം. ചരിത്രം അവിടുത്തെ കഞ്ഞിപ്പശ പോലെ ഒട്ടിപ്പിടിച്ചു കിടക്കുകയാണ് ചാത്തൻസ്. ഈ 'ഒരൊറ്റ തറവാട്' (One China) എന്ന് പറഞ്ഞാൽ നയതന്ത്രത്തിലെ ഒരു ഒന്നാന്തരം കവിതാസമാഹാരമാണ്! അതായത്, ഒരേ ആധാരത്തിലേക്കു നോക്കി രണ്ട് കാരണവന്മാർക്ക് രണ്ട് കാര്യങ്ങൾ കാണാം. ഒരാൾക്ക് അത് സ്വന്തം പശുത്തൊഴുത്താണെന്ന് തോന്നും, മറ്റെയാൾക്ക് അത് തന്റെ സ്വതന്ത്ര പറമ്പാണെന്നും തോന്നും. രണ്ടും ശരിയാണെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്യും — പക്ഷേ ഒരു നിബന്ധന മാത്രം, സംഗതി ആരും ഉറക്കെ പറഞ്ഞുപോകരുത്. നമ്മുടെ പഴയ നായർ തറവാടുകളിലെ സംബന്ധം പോലെയാണത്. രാത്രി വന്ന് സംബന്ധം കൂടി തിരിച്ചു പോകുന്ന കാരണവർക്ക് തറവാടിന്റെ മേൽ അധികാരമില്ല, പക്ഷേ അത് തന്റെ തറവാടാണെന്ന് ലോകത്തോട് പറയാം!

പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി. കിഴക്കേ തറവാട്ടിലെ ഡ്രാഗൺ കാരണവർ 'യു' (Yu) രാഗത്തിൽ തന്റെ ഡിസി (Dizi) ഊതുന്നത് ഈ ഇരുട്ടിലെ സംബന്ധം ഇനി നടപ്പില്ല എന്നാണ്! തായ്‌വാൻ പടിക്കൽ നിന്ന് മൂപ്പർ ഈ ചൈനീസ് പല്ലവി പാടുമ്പോൾ പടിഞ്ഞാറൻ ഏമാന്മാർക്ക് അത് വെറുമൊരു ഓടക്കുഴൽ വിളി മാത്രമാണ്. പക്ഷേ, ഈ രാഗം മുറുകിയാൽ പിന്നെ അവിടെ നടക്കുക ബീജിംഗ് ഓപ്പറയായിരിക്കും! മൂപ്പർക്ക് ആ പശുത്തൊഴുത്ത് ആധാരത്തിൽ എഴുതിച്ചേർത്ത് ഒഫീഷ്യൽ തറവാടാക്കി മാറ്റണം. അതോടെ പടിഞ്ഞാറൻ തറവാട്ടിലെ സംബന്ധക്കാരൻ ഏമാൻ വെള്ളം കുടിക്കും! കേരളത്തിലെ പോലെ അവിടെയും ഭൂപരിഷ്കരണം വന്ന സ്ഥിതിക്ക് ഇനി പ്രതിവിപ്ലവത്തിനു നേരമായി 
എന്ന് പുള്ളിക്ക് അറിയാം.

പക്ഷേ ചാത്തൻസ്, പടിഞ്ഞാറൻ തറവാട്ടിലെ ആ ഓറഞ്ച് തിരുമേനി ഇപ്പോൾ ഇറക്കിയിരിക്കുന്ന പുതിയ ഐറ്റം ഡാൻസ് കണ്ടോ? ഈ കുളിരൻ (ICE) ഐറ്റം ഡാൻസുകാർ ഇപ്പോൾ തറവാടിന് ചുറ്റും 'അടി അളന്നു' നടക്കുന്നത് കണ്ടാൽ പഴയ ജർമ്മൻ ചാത്തന്മാരുടെ ആ 'സ സ' (SS) കുട്ടിച്ചാത്തന്മാരെ ഓർമ്മ വരും! ആധാരമില്ലാത്തവനെ പിടിച്ചു കുഴിയിലിട്ട് ഒരു പ്രത്യേക തരം 'സേവനം' നടത്താനാണ് ഏമാൻ ലിസ്റ്റ് കൊടുത്തിരിക്കുന്നത്. അടുക്കളയിൽ ഇരിക്കുന്നവന്റെയും അട്ടം വരിക്കുന്നവന്റെയും ജാതകം കൃത്യമായി ആ ഡിജിറ്റൽ ലിസ്റ്റിലുണ്ട്. സ്വന്തം പറമ്പിൽ പണിയെടുക്കുന്നവന്റെ 'അടിത്തട്ടിലേക്ക്' ഇറങ്ങിച്ചെല്ലുന്ന ഈ പരിപാടി മറ്റേതു തന്നെ, പണ്ട് സ്വസ്തികം കമിഴ്ത്തിവരച്ച് ബങ്കറിൽ ഇരുന്നു വിറച്ച ആ മീശച്ചീളൻ ഉണ്ടാക്കിയ ബ്ലാക്ക് ലിസ്റ്റിന്റെ ഒരു ഡെമോക്രാറ്റിക്‌ പതിപ്പ്!"

അപ്പോഴാണ് അന്താരാഷ്ട്ര തറവാടുകളിലെ വക്കാണങ്ങൾ അളന്നു തൂക്കുന്ന മിയർഷീമർ തന്റെ പടികയറി വന്നത്. പയ്യനെ നോക്കി മൂപ്പർ ഗൗരവത്തിൽ പറഞ്ഞു: "ഇതിനെയാണ് ഞങ്ങൾ 'അഫൻസീവ് റിയലിസം' എന്ന് വിളിക്കുന്നത്. അയൽക്കാരന്റെ പറമ്പിൽ ഒരു വലിയ മഴു ഇരിക്കുന്നത് കണ്ടാൽ നമ്മളും കയ്യിൽ ഒരു കുറുവടി എടുത്തു വെക്കും. ശക്തിയുള്ളവൻ ചക്ക വെട്ടും, അതാണ് പ്രകൃതി നിയമം. കിഴക്കേ കാരണവർ കരുത്തനായപ്പോൾ അയാൾ പഴയ സംബന്ധം ഒഫീഷ്യലാക്കാൻ നോക്കുന്നു. പടിഞ്ഞാറൻ ഏമാൻ ദൂരെ നിന്ന് വേലി നീട്ടിയതാണ് ഈ വിനയായത്. ഇതിനെയാണ് 'ട്രാജഡി ഓഫ് ഗ്രേറ്റ് പവർ പൊളിറ്റിക്സ്' എന്ന് പറയുന്നത്!"

വിഷു പക്ഷികൾ മിനിജെറ്റുകൾ മാതിരി ആകാശത്തിലൂടെ പറന്നു പോകുന്ന ഈ വേളയിലാണ്, പാലത്തിന് താഴെയുള്ള ചാരായക്കടയിൽ നിന്ന് അല്പം വിറയലുള്ള ശരീരവും, എപ്പോഴും മൂക്ക് തുടക്കുന്ന സ്വഭാവവുമായി ഒരാൾ പടികൾ കയറി വന്നത്. അതെ, കിഴക്കൻ തറവാട്ടിലെ ഇരുമ്പ് വേലിക്കുള്ളിൽ നിന്ന് നയതന്ത്രപരമായ് മുങ്ങിയെങ്കിലും, പടിഞ്ഞാറൻ പുകയിലയുടെ മണത്തിലും അസ്വസ്ഥനാകുന്ന ആ പഴയ അപകടകാരിയായ ഫിലോസഫർ സീസെക് (Zizek) ആയിരുന്നു അത്.

സീസെക് പയ്യനെ നോക്കി പറഞ്ഞു: "നോക്കൂ പയ്യൻസ്... ആൻഡ് സോ ഓൺ ആൻഡ് സോ ഓൺ... ഈ ഓറഞ്ച് തിരുമേനിയുടെ ആത്മാത്ഥതയെപ്പറ്റി സാൻഡേഴ്സ് പറയുന്നത് കേട്ടില്ലേ? ഇതൊരു ശുദ്ധമായ ഐഡിയോളജിക്കൽ കെണിയാണ്! പഴയ സ്റ്റാലിൻ തന്റെ പ്രസംഗത്തിനിടെ ഒരാൾ തുമ്മിയപ്പോൾ 'ആരാണത്?' എന്ന് ചോദിച്ച കഥ ഓർമ്മയില്ലേ? ആരും മിണ്ടിയില്ല. സ്റ്റാലിൻ ആദ്യത്തെ പത്തു വരിയിലുള്ളവരെ വെടിവെക്കാൻ ഉത്തരവിട്ടു. വീണ്ടും ചോദിച്ചു, എന്നിട്ടും മറുപടിയില്ല. അടുത്ത പത്തു പേരെ കൂടി തീർത്തു. ഒടുവിൽ ഒരാൾ കൈ പൊക്കി പറഞ്ഞു, 'ഞാനാണ് തുമ്മിയത്'. അപ്പോൾ സ്റ്റാലിൻ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ആരോഗ്യം ശ്രദ്ധിക്കണം സുഹൃത്തേ!'. ഇതാണ് സിൻസിയർ ആത്മാർത്ഥത! ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ കാര്യങ്ങൾ ഒരു സൈബീരിയൻ കഥ പോലെയാണ് പയ്യാ. സൈബീരിയയിൽ പണിക്ക് പോയ ജർമ്മനിക്കാരൻ സുഹൃത്തുക്കൾക്ക് കത്തെഴുതി: 'നീല മഷിയിൽ എഴുതുന്നത് സത്യവും ചുവന്ന മഷിയിലേത് നുണയുമായിരിക്കും'. ഒരു മാസം കഴിഞ്ഞ് അവന്റെ കത്ത് വന്നു, നീല മഷിയിൽ! അവൻ എഴുതി, 'ഇവിടെ എല്ലാം സുഭിക്ഷമാണ്. കടകളിൽ സാധനങ്ങൾ നിറഞ്ഞിരിക്കുന്നു, വീടുകൾക്ക് നല്ല ചൂടുണ്ട്, സുന്ദരികളായ പെണ്ണുങ്ങളുണ്ട്. ഇവിടെ ആകെയുള്ള ഒരു കുറവ് ചുവന്ന മഷി കിട്ടാനില്ല എന്നതാണ്!'. ഇതാണ് ഓറഞ്ച് ഏമാന്റെ ലോകം. എല്ലാം സത്യമാണെന്ന് നീല മഷിയിൽ എഴുതി വെച്ചിരിക്കുന്നു, പക്ഷേ ചുവന്ന മഷി ആരും കണ്ടുപിടിക്കില്ല!"

പയ്യൻ ചിരിച്ചുകൊണ്ട് സീസെക്കിനെ നോക്കി. "പക്ഷേ ഇതിലും വലിയ കോമഡി ഈ പടിഞ്ഞാറൻ തറവാട്ടിലെ മറ്റു കാരണവന്മാരുടെ ഈ തറവാടിത്തമാണ്."

സീസെക് തുടർന്നു: "ഈ പടിഞ്ഞാറൻ തറവാടിത്തം കണ്ടാൽ എനിക്ക് മോണ്ടിനെഗ്രോയിലെ ആ പഴയ മടിയനെയാണ് ഓർമ്മ വരുന്നത്. അവിടെ ഒരാൾ തന്റെ സുഖം കണ്ടെത്തുന്നത് എങ്ങനെയെന്നറിയാമോ? നിലത്ത് ഒരു കുഴിയുണ്ടാക്കി തന്റെ തോക്ക് അതിൽ ഇറക്കി വെച്ച്, കാഞ്ചിയിൽ വിരൽ പോലും തൊടാതെ ഒരു ഭൂമികുലുക്കത്തിനായി കാത്തിരിക്കും! സ്വന്തമായി ഒന്നും ചെയ്യാതെ പടിഞ്ഞാറൻ തറവാടിത്തത്തിന്റെ അതേ മടിശീലയാണ് ഓറഞ്ച് തിരുമേനി ഇപ്പോൾ പൊളിച്ചടുക്കുന്നത്. ഒന്നും ചെയ്യാതെ ഭൂമികുലുക്കത്തിന് കാത്തിരിക്കുന്നവന്റെ മുന്നിൽ ഏമാൻ തന്നെ ഒരു ഭൂമികുലുക്കമായി മാറിയിരിക്കുന്നു!"

പാലത്തിന്റെ തൂണിൽ ചാരിനിന്ന് ചാരായം കിട്ടാത്ത സങ്കടത്തിൽ ബുക്കോവ്സ്കി പറഞ്ഞു, "കേരളത്തിലെ അർണ്ണോസ് പാതിരി അന്തോണ്യാപ്ല ചാരായം നിരോധിച്ച ആ ഒരു മണ്ടത്തരം കഴിഞ്ഞാൽ പിന്നെ ലോകം കണ്ട ഏറ്റവും വലിയ കോമഡി ഈ 'സിൻസിയർ' ഏകാധിപത്യമാണ്.."

അവരുടെ അടുത്തേക്ക് പൈപ്പും വലിച്ച് ആനക്കോട്ടെ യുക്തിപരമ്പരയിലെ ആറാം തമ്പുരാനായ റസ്സൽ തിരുമേനി നടന്നു വന്നു. റസ്സൽ തിരുമേനി തന്റെ പൈപ്പിലെ പുക ഊതിവിട്ടുകൊണ്ട് പറഞ്ഞു, "യുക്തി മരിച്ച ഈ ലോകത്ത്, ഭ്രാന്തന്മാരാണ് ഏറ്റവും വലിയ സത്യസന്ധർ പയ്യാ. പടിഞ്ഞാറൻ കാരണവർ ആധാരം ലംഘിച്ചു വേലി നീട്ടിയപ്പോൾ, അങ്ങ് വടക്കേ പഴയ കെ.ജി.ബി തറവാട്ടിലെ ആ കടുപ്പക്കാരനായ 'വോഡ്ക' കാരണവർ തന്റെ പറമ്പിന് ചുറ്റും മഞ്ഞുപുതച്ച് മഴുവും പിടിച്ചു നിൽക്കുന്നത് കണ്ടോ? പണ്ട് ഓർവെൽ എഴുതിയ 'യുദ്ധം എന്നാൽ സമാധാനം' എന്ന വാചകം ഈ കാരണവന്മാരെല്ലാം ചേർന്ന് പകുത്തെടുത്തിരിക്കുകയാണ്."

പയ്യന്റെ പ്രിയപ്പെട്ട 'പപ്പ' (Hemingway) തന്റെ മൽസ്യബന്ധന വല നന്നാക്കിക്കൊണ്ട് പറഞ്ഞു, "മനുഷ്യനെ തോൽപ്പിക്കാം, പക്ഷേ തകർക്കാൻ കഴിയില്ല പയ്യാ. വടക്കേ തറവാട്ടിലെ ആധാരം ലംഘിച്ചതും പശുത്തൊഴുത്തിന് ചുറ്റും ഡ്രാഗൺ കറങ്ങുന്നതും കണ്ടാൽ എനിക്ക് പഴയ കാളപ്പോരാണ് ഓർമ്മ വരുന്നത്. പക്ഷേ ഇവിടെ കാളകൾക്ക് പകരം കാരണവന്മാരാണ് പരസ്പരം കൊമ്പുകോർക്കുന്നത്."

ചാത്തൻ തന്റെ പട്ടണം പൊടി ഒന്നുകൂടി വലിച്ചുകേറ്റി. ദൂരെ ടെലിസ്ക്രീനിൽ ഓറഞ്ച് തിരുമേനി ആത്മാഭിമാനത്തോടെ ചിരിക്കുന്നു. പശ്ചാത്തലത്തിൽ വോഡ്ക കാരണവരും ഡ്രാഗൺ കാരണവരും താടി തടവുന്നു. ചാത്തൻ പയ്യന്റെ കാതിൽ സ്വകാര്യം പറഞ്ഞു, "പയ്യൻസ്, 1984 എന്നത് ഒരു നോവലല്ല, അതൊരു ജോയിന്റ് ഫാമിലി റിയാലിറ്റി ഷോയാണെന്ന് ലോകം തിരിച്ചറിയുമ്പോഴേക്കും കാരണവന്മാർ തറവാട് ഭാഗം വെച്ചു കഴിഞ്ഞു."

പയ്യൻ തന്റെ ഡയറിയിൽ ഇത്രയും കുറിച്ച് ആകാശത്തേക്ക് വെടിയും വെച്ചു: '"അന്തോണ്യപ്ല ചാരായം നിരോധിച്ചു, ഓറഞ്ച് ഏമാൻ ലോകത്തെയും നിരോധിച്ചു. എല്ലാ പൗരന്മാരും തുല്യരാണ് പയ്യൻസ്, പക്ഷേ ചില കുടിയാന്മാർക്കു  തറവാടിന്റെ അടിയാധാരം കാണിക്കാൻ ഉള്ളതുകൊണ്ട് അവർ മറ്റുള്ളവരേക്കാൾ കൂടുതൽ തുല്യരാണ്! സീസെക് പറഞ്ഞ മോണ്ടിനെഗ്രോ തോക്ക് പോലെയാണ് പടിഞ്ഞാറൻ തറവാട്—സുഖം കിട്ടാൻ അവർ ഇപ്പോഴും ആ ഭൂമികുലുക്കത്തിനായി കാത്തിരിക്കുന്നു!  വടക്കേ വോഡ്ക കാരണവർ മഴു മിനുക്കുമ്പോൾ, പടിഞ്ഞാറൻ ഏമാന്മാർക്ക് ആ പഴയ 'നീലഗുളിക'യുടെ ഒരു സ്ട്രിപ്പും കൂടെ അന്തോണിയാപ്പിള്ള നിരോധിച്ച നാടൻ ബ്രാൻഡും അയച്ചു കൊടുക്കേണ്ടിയിരിക്കുന്നു"

അഭിപ്രായങ്ങളൊന്നുമില്ല:

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്