2010, ജൂൺ 26, ശനിയാഴ്‌ച

പാലേരി മാണിക്യം എന്ന സിനിമാനുഭവം

ഒരു ചെറിയ കാത്തിരിപ്പിന് ശേഷം ആ സിനിമ കാണാറായി.
"സിനിമ എന്നത് സംവിധായകന്റെ കലയാണ് " ഇത് നമ്മള്‍ ഒരു പാട് സ്ഥലങ്ങളില്‍ കേട്ടിട്ടുള്ളതാണ് . ഈ വാചകം അന്വര്‍തമാക്കുന്ന സിനിമ, അതാണ്‌ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'.
T.P രാജീവന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം എന്നതിലുപരി സിനിമ എന്ന മാധ്യമത്തിന്റെ എല്ലാ സങ്കേതങളും ഉപയോകിച്ച് ആവിഷ്ക്കരണ രീതിയില്‍ പുതുമകളുമായി ഒരു വ്യത്യസ്ത ദ്രിശ്യാനുഭവം നല്കാന്‍ രഞ്ജിത്തിനു കഴിഞ്ഞിട്ടുണ്ട് . ഒരു നോവല്‍ സിനിമയാക്കുമ്പോളുളള ഉള്ള പ്രധാന വെല്ലുവിളികളെ പലതും മറികടക്കാന്‍ രഞ്ജിത്തിന്ടെ തിരക്കഥക്കായിട്ടുണ്ട്. അത് ഒരു വലിയ വിജയം തന്നെ. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കഥയുടെ പ്രയാണം തുടരുമ്പോള്‍ പ്രേക്ഷകനും കാഥികനും ഒരേ സമയം ഇനിയെന്ത് എന്ന് ചോദിച്ചു പോകുന്നു.

ഒരേ ഷോട്ടില്‍ മാണിക്ക്യത്തിന്റെ പാലേരിയിലേക്കുള്ള വരവും, പായില്‍ പൊതിഞ്ഞുള്ള തിരിച്ചു പോക്കും, "ഈ രണ്ടു യാത്രക്കിടയിലെ പതിനൊന്നു ദിവസം" എന്ന്‍ ഹരിദാസ് എന്ന കാഥികന്റെ monolgue, ഹോ എന്റമ്മോ രണ്ജിതിനു 'a Standing ovation'.

അവതരണ രീതിയിലുള്ള മിതത്വവും എടുത്തു പറയേണ്ടത് തന്നെ. അല്ലെങ്കില്‍ ഒരു പക്ഷെ ഒരു കൊലപാതകത്തിന്റെ ഡോകുമെന്ററിയോ, ഒരു ഇക്കിളി പടത്തിന്റെ രസത്തിലോ ഒതുങ്ങിയേനെ ഈ സിനിമ.
കയ്യിലുള്ള 'തുരുപ്പു ഗുലാന്‍ ' മാരെയെല്ലാം പരീക്ഷിച്ചു തളര്‍ന്ന മമ്മുട്ടിക്ക്‌ കിട്ടിയ ഭാഗ്യം, അതാണ്‌ മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജി . അ വേഷം മമ്മുട്ടി അതി മനോഹരമാക്കിയിരിക്കുന്നു. ചീരു എന്ന കഥാപാത്രത്തെ കാണുമ്പോള്‍ ക്രൌര്യം നിറഞ്ഞു നില്‍ക്കുന്ന മുഖത്ത് ശ്രിന്കാര ഭാവത്തിലുള്ള ഒരു ചോദ്യം "ഉള്ള ചീത്തപ്പേര് കൂട്ടാനീ പെണ്ണുങ്ങള്‍ ഇങ്ങനെ ഇറങ്ങി നടക്കാന്‍ തുടങ്ങിയാ എങ്ങന്യാ" മമ്മുട്ടി എന്ന നടനിലെ കഴിവ് ഇടയ്ക്കും തലക്കുമുള്ള പോക്കിരി രാജമാര്‍ കെടുത്തുന്നില്ല എന്ന് വിളിച്ചറിയിക്കുന്നു.
എടുത്തു പറയേണ്ട വേറെ എത്രയോ കഥാപാത്രങ്ങള്‍ ഉണ്ട് ഇനിയും. പൊക്കനായ ശ്രീജിത്ത്‌ കൈവേലി, പഴയകാല കമ്മ്യൂണിസ്റ്റ്‌ നേതാവായി തിരക്കഥാകൃത്ത്‌ ടി ദാമോധരന്‍, കമ്മ്യൂണിസ്റ്റ്‌ നേതാവായി ശ്രീനിവാസന്റെ വൃദ്ധനായ ബാര്‍ബര്‍ കേശവന്‍, പിന്നെ ഒരു നിര നാടക നടന്മാര്‍എല്ലാവരും തകര്‍ത്തഭിനയിച്ചിട്ടുണ്ട് .
ഒപ്പം തന്നെ പറയേണ്ടതാണ് T.P. രാജീവന്റെ title song.
"പാലേറും നാടായ പാലേരീല്
പാടിപ്പതിഞ്ഞൊരു പാട്ടുണ്ടല്ലോ
പാലേരി മാണിക്യം പെണ്ണൊരുത്തി
പാതിരാ നീന്തിക്കടന്ന പാട്ട്
ആവളച്ചെറേലെ മീനിന്റൊപ്പം
നീന്തിത്തുടിച്ചു വളർന്ന പെണ്ണ്
കല്ലൂരെ കാട്ടിലെ മാനിന്റൊപ്പം
ഓടിക്കളിച്ചു വളർന്ന പെണ്ണ്
കുഞ്ഞോറക്കുന്നിന്നടിവാരത്തിൽ
തുമ്പപ്പൂച്ചിരിയും നുണക്കുഴിയും
ആകാശചന്ദ്രന്റെ വീട്ടിൽ നിന്ന്സമ്മാനം കിട്ടിയ കണ്ണും മൂക്കും
കവടി മണി പോലെ പൊക്കിൾക്കൊടി
പൂവിരിയും പോലെയാ ചുണ്ടും
മാഞ്ചോട്ടിൽ മകരത്തിൽ കാറ്റു പോലെ
ഇല നുള്ളി പൂ നുള്ളി നടന്ന പെണ്ണ്
ആ പെണ്ണിൻ പാട്ടിൽ തളിർക്കും നെല്ലിൽ
ഓളെപ്പോലുള്ള കതിരു വിളയും
പാലേരി മാണിക്യം പെണ്ണൊരുത്തിപാതിരാ നീന്തിക്കടന്ന പാട്ട് "
ഛായാഗ്രഹണംചില സമയങ്ങളില്‍ വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള മായജാലമായി തോനുമെങ്കിലും, പഴയ പാലേരിയെ കാണിക്കാന്‍ മഞ്ഞ നിറത്തിന്റെ പ്രയോഗം നന്നായി ഫലിച്ചിട്ടുണ്ട്. അതുപോലെ തന്നെ സംഗീതവും. ഓരോ രംഗങ്ങളുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു സംഗീതം. hats off to Sarath and Bijilal.
കയ്യൊപ്പ് , തിരക്കഥ, കേരള കഫെ - ranjith നല്ല സിനിമകള്‍ തേടിയുള്ള പ്രയാണം തുടരുന്നു. The Brand Ranjith വീണ്ടും വേരുകള്‍ ഉറപ്പിക്കുന്നു. ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ വാങ്ങിയ ശേഷം അദ്ധേഹത്തിന്റെ തന്നെ വരികള്‍ ഉദ്ധരിക്കുകയാനെങ്കില്‍ "പൊട്ടക്കുളത്തില്‍ കിടന്നു നീന്തുകായാണ് നീ, ..." അതെ Rock N Roll, നസ്രാണി, പ്രജാപതി എന്നീ പൊട്ടക്കുളത്തില്‍ കിടന്നു നീന്തുകയായിരുന്നു. ഈ തിരിച്ചറിവ് മലയാള സിനിമയ്ക്കു ഇനിയും ഇതുപോലുള്ള നല്ല ചിത്രങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കാം.
-ആകെ മൊത്തം പറഞ്ഞാല്‍-
- കാണാത്തവര്‍ എന്തായാലും പോയി കാണുക, മലയാളത്തില്‍ ഈയടുത്ത് ഇറങ്ങിയതില്‍ വെച്ച് ഒരു അതിമനോഹരമായ ചിത്രം.
-മുരിക്കിന്‍ കുന്നത് അഹമ്മദ് ഹാജി - ഭാസ്കര പട്ടേലര്‍ക്ക് ശേഷം മമ്മുട്ടിയുടെ മറ്റൊരു അസാദ്യ സംഗതി.
-മനോഹരമായ title Song
- ഒരു കൂട്ടം നാടക നടന്മാര്‍, തര്പ്പന്‍ അഭിനയം അങ്ങിനെ പോകുന്നു ....

-നായകന്‍റെ കൂടെ laptop ല്‍ നോക്കി, cigarette വലിച്ചിരിക്കുന്ന കാമുകി, ചിലയിടെങ്ങളിലെങ്കിലും കോളേജ് മാഗസിനിലെ പോലുള്ള സാഹിത്യം, ഡല്‍ഹിയില്‍ നിന്നുള്ള വരവ്, ഇതുപോലുള്ള cliche കള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നാ.
വാര്യര്‍ എന്ന സുഹൃത്ത്‌ ചോദിച്ച ചോദ്യം ഒരു വട്ടം കൂടി രഞ്ജിത്തിനോട് - VKN'ന്‍റെ പിതാമഹനിലെ ചാത്തു നായരായി രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മുട്ടിയെ ഇനിയെന്ന് കാണാന്‍ പറ്റും?

2010, ജൂൺ 10, വ്യാഴാഴ്‌ച

അവര്‍ വരുന്നു, കാലുകളാല്‍ കവിത വിരിയിക്കാന്‍

"താണ്ഢവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളന്‍ മുടിയും കറുത്ത കരിങ്കല്‍ മുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു."
കൊളംമ്പിയയുടെ ഗോളിയായ ഹിഗ്വിറ്റയെ N.S. മാധവന്‍ തന്റെ ചെറുകഥയായ 'ഹിഗ്വിറ്റയില്‍ 'പരിചയപ്പെടുത്തുന്ന വരികളാണിത്. മറ്റൊരു കഥാപാത്രമായ ഗീവര്ഗീസച്ചനിലൂടെ ഇങ്ങനെയും "മറ്റ് ഗോളികളെ ത്യജിച്ച് ഹിഗ്വിറ്റയെ മാത്രമായി ശ്രദ്ധിക്കുവാന്‍ തുടങ്ങിയത് അയാള്‍ പെനാല്റ്റി കിക്ക് നേരിടുന്നത് ആദ്യമായി കണ്ടപ്പോഴാണ്. രണ്ട് കൈകളും വായുവില്‍ വീശി, ഒരു ഓര്ക്കസ്ട്ര കണ്ടക്ടറെപ്പോലെ, ചന്ദ്രക്കല വളഞ്ഞു കിടക്കുന്ന സ്റ്റേഡിയത്തില്‍ കാണികള്‍്ക്കായി അശ്രാവ്യമായ സംഗീതത്തിന്റെ ഉച്ചസ്ഥായികള്‍ ഹിഗ്വിറ്റ തീര്ത്തു. പന്തടിക്കുവാന്‍ നില്ക്കുന്ന കളിക്കാരനാകട്ടെ, അയാളുടെ വാദ്യവൃന്ദത്തിലെ ഒന്നാം വയലിന്‍്കാരന്റെ പ്രാമുഖ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അവസാനം ഒരു നാള്‍ അത് സംഭവിച്ചു. മുന്നോട്ട് കയറിയ ഹിഗ്വിറ്റയുടെ കാലില്‍ നിന്ന് എതിരാളി പന്ത് തട്ടിയെടുത്ത് ഒഴിഞ്ഞ പോസ്റ്റില്‍ ഗോളിടിച്ച് കൊളംമ്പിയയെ ലോകകപ്പില്‍ നിന്ന് പുറത്താക്കി. പക്ഷേ ഹിഗ്വിറ്റ ഈ സംഭവിത്തിന്റെ സൃഷ്ടിയിലും താന്‍ വഹിച്ച പങ്കോര്‍ത്ത് മൃദുവായി ചിരിക്കുന്നത് ഗീവര്ഗീസച്ചന്‍ മാത്രം കണ്ടു..!”


ഒരു സെല്‍ഫ് ഗോളിന്റെ ശിക്ഷ സ്വന്തം ജീവനായിരുന്നെന്നു കണ്ടു 1994 ലെ ലോക കപ്പ്. കൊളംബിയന്‍ താരം എസ്കോബര്‍ അങ്ങിനെ ലോക കപ്പിന്റെ രക്ത സാക്ഷിയായി . അത് നമ്മള്‍ സ്തബ്ദരായി നോക്കി കണ്ടു. കണ്ടക്റ്റ് ചെയ്ത സംഗീതത്തിനെതിരെ താളങ്ങള്‍ നിരത്തിയ വയലിന്‍കാരന് കിട്ടിയ ശിക്ഷ. പിറ്റെനത്തെ പത്രങ്ങളില്‍ ആര്‍ത്തിയോടെ പരതിയപ്പോള്‍ കണ്ടു "ഒരു സെല്‍ഫ് ഗോളിന്റെ വില" ഇത് പോലെ എത്രയെത്ര സംഭവങ്ങള്‍.


ഇതെല്ലാം അന്താരാഷ്‌ട്ര കാര്യങ്ങള്‍. കേരളത്തിലെ മറ്റെല്ലാ ഗ്രാമങ്ങളും പോലെ അടാട്ടും ലോക കപ്പിന്റെ അലയൊലികള്‍ ഒട്ടും കുറവായിരുന്നില്ല. Flex വരുന്നതിനു മുന്‍പ് കുംമ്മായത്തിലും നീലഛായത്തിലും കലാകാരന്മാര്‍ കൈകള്‍ കൊണ്ടു വരച്ച് cut-out കള്‍ അലങ്കരിച്ചിരുന്ന കവലകള്‍. കളിയുടെ ഓരോ കണികയും പറുക്കിയെടുത്ത് ആദികാരികമായി വിശകലനം ചെയ്യുന്ന കൂട്ടങ്ങള്‍. Formation നെ പറ്റിയും, ശൈലികളെ പറ്റിയും ടീമിന്റെ കോച്ചിനേക്കാള്‍ അദികാരികമായി സംസാരിക്കാന്‍ കഴിവുണ്ടായിരുന്നവര്‍. "Pyramid Formation വിജയിക്കില്ലെന്ന് അന്നേ പറഞ്ഞതാ. ", "കളി ആസ്വദിച്ചു കാണണമെങ്കില്‍ ലാറ്റിന്‍ അമേരിക്കന്‍ ശൈലി തന്നെ, നിങ്ങള്‍ യൂറോപ്യന്മാരുടെ defensive ശൈലിയില്‍ എവിട്യാ സൌന്ദര്യം ", "ഇപ്രാവശ്യം പെരേര കു പിഴച്ചത് തന്നെ." ഇവയെല്ലാം കളി TV യില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്കിടയിലെ commentators'ല്‍ നിന്ന് കേട്ടിരുന്ന live commentary കളിലെ ഏതാനും ശകലങ്ങള്‍ മാത്രം.
കളിയുടെ ലഹരി ശരിക്കും അറിയാന്‍ കേരളത്തില്‍ തന്നെ പോണം. ഓരോ ലോക കപ്പും നടക്കുന്നത് കേരളത്തിലായിരുന്നു (ഞങ്ങള്‍ക്ക് ആര്യന്‍പാടം ഗ്രൌണ്ടിലും ) എന്ന പ്രതീതിയാ ഉണര്‍ത്തിയിരുന്നെ. ഒരു വീട്ടില്‍ എല്ലാവരും കൂടിയിരുന്നു കളി കണ്ടിരുന്നതിന്റെ ഒരു സുഖം ഇപ്പോള്‍ എവിടെയിരുന്നു കണ്ടാലും കിട്ടില്ല. നാല് ചുമരുകള്‍ക്കുള്ളില്‍ റൊമാരിയോക്കും, ബാജിയോക്കും ഒരേ സമയം ആര്പ്പു വിളികള്‍ ഉയര്‍ന്നു. ഗോളടിച്ചതിന്റെ replay കാണുമ്പോള്‍ "ദേ വീണ്ടും ഗോള്‍, ദേ പിന്നീം, ഇവന്‍ മോശല്ല്യാട്ട......." കൊച്ചുമാണിയേട്ടന്ടെ ഈ live commentary ക്ക് മുന്‍പില്‍ സ്തബ്ദരായി നിന്ന കാണികള്‍. ഇടവേളകളില്‍ പഴയ ലോകകപ്പില്‍ ചരിത്രത്തിന്റെ ഭാഗമായ ഗോളുകള്‍ കാണിക്കുമ്പോള്‍ , മറഡോണയുടെ ദൈവത്തിന്റെ കൈയ്യു കൊണ്ടുള്ള ഗോളും, England ന്‍റെ ആറു കളിക്കാരെ മറികടന്നുള്ള നൂറ്റാണ്ടിന്റെ ഗോളും കണ്ട് ഞെട്ടി നിന്നു ഞങ്ങള്‍. അ ഗോളിനെ പറ്റി ആദികാരികമായി പറഞ്ഞു തന്നിരുന്ന സീനിയര്‍ കാണികള്‍. തീര്‍ത്തും നിസ്സാരമായി "ചെക്കന്റെ ഗോളാ" എന്ന് പറയുന്ന ശശിഏട്ടന്‍- മറഡോണയുടെ അടാട്ടെ ശബ്ദം.

പുതിയ തലമുറ പൂര്‍വികന്മാരില് നിന്ന് ആവേശത്തിന്റെ തീപന്തം ഏറ്റെടുത്തു കഴിഞ്ഞു. "ആയിരം മെസ്സിക്കു അര കാക്ക", "കഴിഞ്ഞ അസ്തമയങ്ങളില്‍ ഞങ്ങള്‍ക്ക് നിരാശയില്ല, ഇനി വരുന്ന ഉദയങ്ങലിലാണ് ഞങ്ങളുടെ പ്രതീക്ഷ" , "കോട്ട കീഴടക്കാന്‍ വേനലുകളും മരുഭൂമികളും താണ്ടി വരുന്ന ആശ്വാരൂദര്‍ ഞങ്ങള്‍" എന്നിങ്ങനെ മലപ്പുറത്തും കോഴിക്കോടും തൃശ്ശൂരും അടാട്ടും പടുകൂറ്റന്‍ flex കള്‍ നിരന്നു കഴിഞ്ഞു.

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഒരുമിച്ചിരുന്ന് കളി കാണുന്നതിന്റെ ഓര്‍മ്മകള്‍ അയവിറക്കി ഓരോരോ ഇടങ്ങളിലിരുന്നു വീണ്ടും നമുക്കാലഹരിയില്‍ ചേരാം. കാണാം നമുക്ക് മെസ്സിയും, കാക്കയും റൂണിയും കാലുകളാല്‍ കവിതവിരിയിക്കുന്നത് . ഗോള്‍ മുഖം കാക്കുന്ന ബുഫ്ഫോനും, സീസറും, കാസ്സിലാസ്സും രണ്ട് കൈകളും വായുവില്‍ വീശി, ഒരു ഓര്ക്കസ്ട്ര കണ്ടക്ടറെപ്പോലെ എകാഗ്ര മനസ്സുമായി നില്‍ക്കുന്നത് , താണ്ഢവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ കുതിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ, ഒരു വൈദികന്റെ ക്ഷമയോടെ മുന്നേറുന്ന യൂറോപ്യന്‍ ശൈലിയുടെ ഒക്കെ ദ്രിശ്യ ചാരുത ആസ്വദിക്കാം നമുക്കിനി.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
'കണ്ണീർ പുറത്തു വരാതിരിക്കാൻ പയ്യൻ ചിരിച്ചു'

ബ്ലോഗ് ആര്‍ക്കൈവ്