2017, ജൂൺ 4, ഞായറാഴ്‌ച

അന്തോണ്യാപ്ല

വടക്ക്, അടാട്ട് കുന്നിൽ നിന്ന് കുത്തിയൊലിച്ച് വരുന്ന മഴവെള്ളത്തിന്റെ  വാഹകനായ ചാലിന് കുറുകെ, വായനശാലക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബിൽ നിന്ന്കൊണ്ട് , എൺപത് പിന്നിട്ട അന്തോണ്യാപ്ല ബീഡി ആഞ്ഞ് വലിക്കുന്നു. ആത്മാവിനുള്ള പൊക! ഇക്കൊല്ലം മേടത്തിലെ കൊയ്ത്തിൽ തരക്കേടില്ലാത്ത 'വെളവ് 'കിട്ടിയതിന്റെ ചാരിതാർത്ഥ്യം തൊലി ചുളിഞ്ഞ 'ചിറി'യുടെ ഒരു പാതിയിലും, എടവം പാതി പിന്നിട്ടിട്ടും 'എടവപ്പാതി'യാവാത്തതിലുള്ള നീരസം മറുപാതിയിലും ഫിറ്റ് ചെയ്ത് 'മോണോലിസ' ശില്പമായാണ് നിൽപ്പ്.

പാത്രസൃഷ്ടിക്കുവേണ്ടി അന്തോണ്യാപ്ലയെക്കുറിച്ച് പറയാണെങ്കിൽ ഒരുപാടുണ്ട്. പക്ഷേ  'നരൻ' സിനിമ നാലാംവട്ടവും ടിവിയിൽ കാണേണ്ടതിനാലും പഞ്ഞക്കാലമായതിനാലും ചുരുക്കുന്നു. ഒരേകദേശ രൂപം കിട്ടാൻ ഉതകുന്ന ഏറ്റവും ചെറിയ ഉപമ, കൊട്ടാരക്കര ശ്രീധരൻ നായർ തകർത്തഭിനയിച്ച "അരനാഴികനേരം" സിനിമ കണ്ടവർക്കോ, 'പാറപ്പുറത്ത്' അക്ഷരങ്ങളാൽ തീർത്ത ശില്പമായ 'കുഞ്ഞേനച്ചനെ' അനുഭവിച്ചവർക്കോ അന്തോണ്യാപ്ലയുടെ അനാട്ടമി വിവരിക്കേണ്ടതില്ല. അഗ്രഹമുണ്ടായിട്ടും ഇത് രണ്ടിനും ഭാഗ്യം സിദ്ധിക്കാത്തവരോട് - "കാണുവിൻ, അനുഭവിക്കിൻ, ഊർധ്വന് മുന്നെയെങ്കിലും"

വാക്കുപഞ്ഞക്കാലമായതിനാൽ, വായ്പ്പയെടുക്കുന്നു മൂലസൃഷ്ടിയിൽ നിന്ന്.

// ദീനാമ്മ: " അപ്പച്ചനു വല്യ മറവിയാ. ഇപ്പം പറേന്നതു പിന്നോർക്കത്തില്ല "
കുഞ്ഞേനച്ചൻ: "പോകാൻ നേരമാകുമ്പഴ് അങ്ങനാ "
"എവിടെ പോകാൻ?"
"ഇവിടത്തൊക്കെ കഴിഞ്ഞല്ലോ. സന്ധ്യയാകാറായി. ഇനി ഏറിയാൽ അരനാഴികനേരം"
"പിന്നെ, ആ കണക്കൊക്കെ അപ്പച്ചന്റെ കൈയിലല്ലേ ഇരിക്കുന്നത് "
" കണക്കറിയാം പെണ്ണേ! മോശയെപ്പോലെ ഞാൻ യെരീഹോവിനെതിരേയുളള നെബോ പർവതത്തിലേക്ക് കയറുകയാണ്. അതിന്റെ ഉയരത്തിൽ അവസാനം. യഹോവ മോശെയോട് പറഞ്ഞതെന്താണ്? നിന്റെ സഹോദരനായ അഹരോൻ ഹോർപർവ്വതത്തിൽവെച്ചു മരിച്ച് തന്റെ ജനത്തോട് ചേർന്നതുപോലെ, നീ കയറുന്ന പർവതത്തിൽവച്ചു നീയും മരിച്ച് നിന്റെ ജനത്തോടു ചേരും " //

അപ്പൊ, കുഞ്ഞേനാച്ചൻ, അല്ല അടാട്ടെ അന്തോണ്യാപ്ല വായനശാലക്ക് മുന്നിലെ സ്ലാബിൽ നിൽക്കുന്നു. ഇടവത്തിലെ ആകാശം ഒന്നിരുണ്ടിട്ടൊക്കെയുണ്ട്.
വടക്കുനിന്ന് കാറിൽ വന്നിറങ്ങിയ സുമേഷ് തിടുക്കത്തിൽ വായനശാലയിലേക്കുള്ള പോക്കിൽ മാപ്ലയെ ഒന്ന് വിഷ് ചെയ്തു " ഹായ് ആന്തു "
(വന്ന വഴി മറക്കാത്തവൻ)
"നീയാ പേർഷ്യക്കാരൻ രാമൻനായരെ ചെക്കനല്ലേരാ, നീയൊന്ന് കൊഴുത്തൂട്ടാ. എന്തേരാ പണ്യായില്ല്യാലെ നെനക്ക് "
കാറിൽ നിന്നിറങ്ങിയ തന്നോട്, പണിയായില്ലേ എന്ന് ചോദിച്ച മാപ്ലയോടുള്ള നീരസം ഉള്ളിലൊതുക്കി സുമേഷ് മറുപടി കൊടുത്തു.
" ഞാൻപ്പൊ ബാംഗ്ലൂരാ അന്തോണ്യേട്ടാ, ഒരു IT കമ്പനിയിൽ പൊജക്റ്റ് മാനേജരാ, 'എക്സ്റ്റന്റഡ് വീക്കെന്റിൽ' മൂന്നൂസം കിട്ട്യപ്പൊ വന്നതാ"
'ആന്തു' അന്തോണ്യേട്ടനായതിലെ പുഞ്ചിരി ഉള്ളിലൊതുക്കി മാപ്ല: "അയ്ശരി, ഇന്നാളീ പഞ്ചായത്താപ്പീസിലെ എഴുത്ത്കുത്ത് മുഴോൻ ഒരൂസം പൂട്ടിച്ച പരിപാടി. എന്തൂട്രാ മാക്രി കൂക്രിയാ "( ഇവനെക്കൊണ്ട് ഞാൻ എന്നെ 'സെയ്ന്റ് ആന്റണി' എന്ന് വിളിപ്പിക്കും)
"ഹാ, അത് 'വണാ ക്രൈ' , കൊള്ളാലോ അന്തോണ്യാപ്ല, എല്ലാം അറിയ്ണ്ട്"
"പെഴച്ച് പോണ്ട്രാ, ഹാ അപ്പൊ പണ്യായി, എന്ത് കിട്ടൂരാ ശമ്പളം?"
ഇക്കാലത്തിനുതകാത്ത ചോദ്യം സൃഷ്ടിച്ച നീരസം ഒതുക്കി , സുമേഷ് , മാപ്ലക്ക് മറുപടി കൊടുത്തു.
തലമുറകൾ സൃഷ്ടിച്ച ദൂരം മറന്ന് രണ്ടുപേരും കുറച്ച്നേരം നാട്ടുവർത്തമാനവും പറഞ്ഞ് നിന്ന ശേഷം സുമേഷ്: "വാ അന്തോണ്യേട്ടാ മ്മക്ക് വായനശാലയിൽ കേറാം, ഒരു പരിപാടിണ്ട് "
"അതെന്തൂട്ടന്റാ ഞാനറിയാണ്ടെ ഒര് പര്യാടി "
"നാളെ പരിസ്ഥിതി ദിനല്ലെ, ഞങ്ങൾ കുറച്ച് പേര് കൂടി ഒരു സെമിനാർ ഓർഗനൈസ് ചെയ്ത് ണ്ട് "
"അതെന്തൂട്ടാരാ?"
"ഈ മാഷ് മാര് വന്ന് ക്ലാസ്സ് എട്ക്കണ പോലത്തെ ഒരു പരിപാടിന്നേയ്"
"അയ്ശശരി, പണ്ട് സന്ധ്യക്ക് മ്മടെ ഈ കവലേല് നെല്ലിനടിക്കണ 'ഡൈമക്രോൺ' , പെട്ടിപ്പടായി കാണിക്കണ പോലെ "
"അത് വേ, ഇത് റേ, ഇവൻ ജൈവനാ, ഇപ്പൊ ഇതാ ട്രന്റ്, വിഷയം  'ദേശാടനക്കിളികളും പരിസ്ഥിതിയും'. വാ നേരം പോയ്"
രണ്ടു പേരും വായനശാല ഹാളിലെത്തിയപ്പോഴേക്കും സെമിനാർ തുടങ്ങിയിരിക്കുന്നു. FBB ജുബ്ബയിൽ അടക്കം ചെയ്ത വിശിഷ്ടാതിഥി പ്രസംഗിച്ച് കത്തിക്കേറുന്നു. സൈബീരിയയിൽ നിന്ന് ദൂരങ്ങൾ താണ്ടി ഇങ്ങ് ഈ കോൾപ്പടവിൽ എത്തിയിരുന്ന ദേശാടനക്കിളികൾ പരിസ്ഥിതിക്ക് നൽകുന്ന സംഭാവനകളും , ഈയിടെയായുള്ള അവയുടെ അഭാവവും ഒക്കെ വിസ്തരിക്കുന്നതിനിടയിൽ അന്തോ ണ്യാപ്ല സുമേഷിന്റെ ചെവിയിൽ "എന്തൂട്ട ണ്ട്രാ ഈ ദേശാടനക്കിളി?"
"അതീ ദൂരേന്ന് വരുന്ന ഒരു സംഭവാ, കൊക്കൊക്കെ പോലത്തെ ഒരു തരം"
" അയ് ശരി, വെത കഴിഞ്ഞ് എറങ്ങണ മ്മടെ 'എരണ്ടെ'രെ എളേപ്പൻ. അയ്ന്യാ ഇവൻ ഈ വർണ്ണിക്കണെ?"
" പതുക്കെ "
"എന്തൂറ്റ് "
അതും പറഞ്ഞ് സെയ്ന്റ് ആന്റണി ഉയർത്തെഴുന്നേറ്റു. തദനന്തരം ഇപ്രകാരം അരുളി. " അതേയ്, മാഷേ, മാഷ് പറേണതൊക്കെ ശര്യാ, പക്ഷീണ്ടല്ലാ, എരണ്ട എന്റെ കണ്ടത്തില് എറങ്ങ്യാ, നല്ലസ്സല് റവത്തോക്ക് വച്ച്  ചാമ്പും ഞാൻ ഒക്കേറ്റിനീം ".  ഇതും പറഞ്ഞ് ( മിനിജെറ്റായി) മുൻപേ പറന്നിറങ്ങിയ വിഷുപ്പക്ഷിയായി  മാപ്ല സ്ഥലം കല്യാക്കി.
ആകാശത്തേക്ക്  'ഠേേ...' ന്ന് മൂന്ന് തവണ ആചാരവെടിയുതിർത്ത് , "മീറ്റിങ്ങ് പിരിച്ച് വിട്ടിരിക്കുന്നു എന്ന് " പ്രഖ്യാപിച്ച പ്രതീതി! പ്രാസംഗികൻ, ഭൂപണയ ബാങ്കിൽ വച്ച തന്റെ പ്രജ്ഞ വീണ്ടെടുത്ത് പ്രസംഗം ഒരു വിധേന ഉപസംഹരിച്ചു.

ആകാശത്ത് കാലവർഷത്തിന്റെ പെരുമ്പറ കൊട്ടി ഒന്ന് രണ്ട് മിന്നൽ.. കുന്ന് സമതലമാക്കിയയിടത്ത് പണിത തന്റെ സൗധത്തിൽ ചാരുകസേരയിൽ ടി വി ക്ക് മുന്നിലിരിക്കുമ്പോൾ സുമേഷ് ഓർത്തു. നാളത്തെ പരിപാടികൾ? വായനശാലയിലെ കല്യാണ ഹാൾ ഒഴിച്ചുള്ള 'മിച്ചഭൂമിയിൽ' മരം നടൽ, അതിന്റെ പടം എടുക്കൽ, ലൈവ് ആയി അപ്ഡേഡേറ്റ് ചെയ്യൽ, കാർബൺ ഫുട് പ്രിന്റിനെക്കുറിച്ച് അന്തോണ്യാപ്ലയെ ബോധവൽക്കരിച്ച് പാരിസ്ഥിതിക സാക്ഷരനാക്കൽ അങ്ങനെ പിടിപ്പത് പണികൾ. ഉറക്കമില്ലാത്ത രാത്രികൾ. ടിവിയിൽ പടം എം ടിയുടെ 'ഒരു ചെറുപുഞ്ചിരി'. റിമോട്ടെടുത്ത് ചാനൽ മാറ്റി. ലാലേട്ടൻ 'മുള്ളംകൊല്ലി വേലായുധനായി' "മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്നവനായീ ഞാൻ " .വീണ്ടും മാറ്റി. വീണ്ടും ലാലേട്ടൻ ജഗനായി - "നീ ധാരാവി എന്ന പേര് കേട്ടിട്ടുണ്ടോ...... " . ഇത് മതി.
തന്റെ വീടിന്റെ വടക്കോറത്തുള്ള തൊഴുത്തിലെ, പശുവിന്റെ അന്നത്തെ ധാനവും ചാണക്കുണ്ടിൽ നിക്ഷേപിച്ച് ക്ഷീണിതനായ 'സെയ്ന്റ് ആന്റണി ' ചായ്പ്പിൽ വിശ്രമിക്കുന്നു. റേഡിയോയിൽ 'വയലും വീടും' ഇപ്പോഴുമുണ്ടാവോ? "സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു "
പാടിയത് അരനാഴികനേരം പിന്നിട്ട കുഞ്ഞേനച്ചനോ, മാപ്ലയോ? ഇനിയിപ്പോ റേഡിയോവിൽ നിന്ന് തന്നെയോ?

1 അഭിപ്രായം:

Unknown പറഞ്ഞു...

Paristhithikkum Anthony mappilakkum sthuthi...

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്