2017, ജൂൺ 7, ബുധനാഴ്‌ച

ഒരു "ജാതിക്കുമമി" ' സ്റ്റാ

എന്നോട് "അവൻ " (1911):

" ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം
മാനവന്മാർക്കു ലഭിക്കയില്ല,
ജ്ഞാനിക്കു ജാതിയും തീണ്ടലുമില്ലല്ലോ
ആനന്ദമേയുള്ളൂ യോഗപ്പെണ്ണേ!- ബ്രഹ്മ -
ദ്ധ്യാനം തന്നേയുള്ളൂ ജ്ഞാപ്പെണ്ണേ !"

അവനോട് "ഞാൻ "( 2017):

ജാതിയില്ലെനിക്ക് ജാതിയില്ല!
ചേർക്കില്ലൊരിക്കലും ജാതിവാലും
എന്നുടെ നാമം 'ജാതവേദൻ'
നാലാംവരിയാണേൽ കയ്യിലില്ല (തോഴീ )

എന്നോട് "അവൻ " :

"ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരു ജാതി
നീക്കി നിറുത്താമോ സമസൃഷ്ടിയെ ?ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!- തീണ്ടൽ
ധിക്കാരമല്ലയോ ? ജ്ഞാനപ്പെണ്ണേ! "

അവനോട് "ഞാൻ ":

ജാതിവാൽ ചേർക്കില്ല മക്കളിലും
ജാതിക്കോളത്തിൽ ഞാൻ 'വെട്ടും - കുത്തും'
മൂത്തോന്റെ പേര് 'വിഷ്ണുദത്തൻ'
ഇളയവൾ പേര് 'ദേവസേന'

എന്നോട് "അവൻ " :

"മലയാള രാജ്യത്തെ ഹിന്തുക്കളിൽ
പലയാളുകളുമുണ്ടിസ്സാധുക്കളെ
വിലയാളുകളാക്കി വഴിയിൽ നടക്കുമ്പോൾ
വിലക്കിയകറ്റുന്നു യോഗപ്പെണ്ണേ! - എന്തു
കൊലക്കുടുക്കാണിതു ജ്ഞാനപ്പെണ്ണേ! "

അവരോട് ഞങ്ങൾ:

പായുന്ന 'കുമ്മിക്ക്' ഒരുമുഴം മുന്നെയീ
നവയുഗ 'പഞ്ചകം' എൻ വഹയായ്
വരൂ, രാമനീ ഏറ്റു പാടൂ (വൃത്തമൊപ്പിച്ചില്ലെങ്കിലും മുഷിയില്യ)
" കപട ലോകത്തിലെന്നുടെ കാപട്യം
സകലരും കണ്മതാണെൻ പരാജയം"
ഭേഷ് !!!

അവൻ പൂർവ്വസൂരിയോട്:

പൊറുക്കുക (കവി)തിലകനെ
കേ പി കറുപ്പനെ
നവയുഗ 'ബ്രാഹ്മണർ' പേരില്ലാത്തോർ
പുറംമേനിയിലവൻ സമാജ്വാദി
ഉള്ളിന്റെയുള്ളിലോ അസ്സൽ ജന്മി
നീ തന്ന ജ്ഞാനത്താൽ ഞാനവനെയറിയുന്നു

അറിഞ്ഞുതന്നെയാണ് നൂറ്റാണ്ട് പിന്നിട്ട 'കവിതിലകൻ' പണ്ഡിറ്റ് കെ പി കറുപ്പന്റ "ജാതിക്കുമ്മി" എന്ന ചരിത്രപ്രസിദ്ധമായ സൃഷ്ടിയിലെ വരികൾ ഉദ്ധരിച്ച്  ഇങ്ങിനെയൊരു വികലസൃഷ്ടി. പരസ്പര സഹായ  പൊറംചൊറിയൽ സഹകരണ സംഘം _ പ്രിവിലേജ്ഡ് / എലീറ്റ്  വിഭാഗം ഇമേജ് ബിൽഡിംഗിനായി പടച്ചുവിടുന്ന ഉപരിപ്ലവ-അസംബന്ധങ്ങൾ നിത്യ വ്യവഹാരങ്ങളിൽ പെരുകുമ്പോൾ , അവയുടെ ആവർത്തനങ്ങൾ അവിതർക്കിതമായി പൊതുബോധത്തിൽ ലയിക്കുമ്പോൾ, അവയിലെ ഉപരിപ്ലവത ചോദ്യം ചെയ്യപ്പെടാതെ പ്രതിഷ്ഠ നേടുമ്പോൾ, അസംബന്ധ നാടകങ്ങളായി ഇങ്ങിനെയും ചില 'ചവറുകൾ'.

കൂട്ടുകാരന്റെ കയ്യിലിരിക്കുന്ന പുസ്തകം ഏതെന്ന് വാങ്ങി നോക്കി, തലക്കെട്ട് " ഒരു 'ജാതി' കുമ്മിസ്റ്റാ" എന്നും പറഞ്ഞ് , പുച്ഛച്ചിരിയാൽ 'പണ്ഡിറ്റ് കറുപ്പൻ' എന്ന് ഒന്ന് നീട്ടി വായിച്ച് ", അതിലൊരു വിരുദ്ധോക്തിയില്ലേ " എന്ന് നിഷ്കളങ്കമായി 'സ്ഥതിസമത്വവാദി ' സംശയിക്കുന്നയീ  'സംഘി' കാലത്ത് സമത്വവാദിക്കുള്ളിലെ 'സംഘി'ബോധം വലിച്ച് പുറത്തിടേണ്ടതല്ലേ?

കൊല്ലം നൂറിൽക്കൂടുതലായി ജാതി വ്യത്യാസത്തിന്റെ നിരർത്ഥകതയെ നിശിതമായി സാഹിത്യ രൂപേണ വിമർശിച്ചെഴുതിയ 'ജാതിക്കുമ്മി'യെഴുതിയിട്ട്. ഇന്നും 'എന്റെ മകനെ പള്ളിക്കൂടത്തിൽ ചേർക്കുമ്പോൾ ജാതിയില്ല' എന്ന് ജാതിക്കോളത്തിൽ എഴുതുന്നത് ഉദാരതയിൽ കലർന്ന വാർത്തയാണ് നമുക്ക്. അതും, ഇത്തരം പ്രവർത്തിയുടെ ഉറവിടങ്ങൾ സംവരണത്തിന്റെ ആനുകൂല്യത്തിന്  ജാതിയുടെ രേഖപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രിവിലേജ് ക്ലാസ്സിൽ നിന്ന്. പുലയൻ - ഇനിയിപ്പൊ അധികാര ശ്രേണിയിലെ തന്നെയായാലും- "എനിക്ക് ജാതിയില്ല " എന്ന് പറഞ്ഞാൽ, അതെങ്ങനെ വാർത്തയാകും? വാർത്തയായാൽ തന്നെ, ഇത്തരം വാർത്തകൾ സംവരണത്തിന് വേണ്ടി, ജാതി കോളത്തിൽ എഴുതിക്കൊണ്ട് തന്നെ ഇന്നും പൊരുതുന്ന കീഴ്ജാതിക്കാരനെ എങ്ങിനെ സഹായിക്കും? അപ്പോൾ ഇവർ പറഞ്ഞത് , ഞങ്ങൾ സവർണ്ണർ 'ജാതിയില്ല' എന്ന് എഴുതി ഞങ്ങളുടെ സവർണ്ണ ഉദാരത പ്രകടിപ്പിക്കും, നിങ്ങൾ " എന്താലേ "ന്ന് ആശ്ചര്യപ്പെടുവിൻ എന്ന്. (അറിഞ്ഞോ അറിയാതെയോ?)

നാട്ടിൽ ഹരിജൻ കോളനിയിൽ കല്യാണമോ സദ്യയോ ഉണ്ടായാൽ "നായരുട്ടി ന്നാലും ഉണ്ണാൻ വന്നൂലോ!!" ന്ന്. ഉള്ളിൽ പുളകിതനായി, പുറമേക്ക് വിനയാന്വിതനായി ' നായരുട്ടി'.  ഓ, പന്തിഭോജനത്തിന്റെയും നൂറാം വാർഷികമാണല്ലോലേ ഇത്? പറഞ്ഞ് വന്നത് , നവോത്ഥാനിച്ച് നവോത്ഥാനിച്ച്,  എവിടെ നിന്ന് നാം എവിടെ വരെയെത്തിയെന്ന തിരിഞ്ഞു നോട്ടം.

ചരിത്ര പുരുഷൻ കെ.പി കറുപ്പന്റ അടയാളപ്പെടുത്തൽ എത്രമാത്രം എന്ന് ഇന്നിൽ നിന്ന് ഇന്നലെകളിലൂടെ നോക്കിയാൽ വ്യക്തമാകും. 'ജാതിക്കുമ്മി ' പോലുള്ള സൃഷ്ടികൾ ചരിത്രത്തിന്റെ ഇരുട്ടറകളിൽ പൊടിപിടിച്ച് കിടക്കുമ്പോൾ ഏതെങ്കിലും വഴി ഈ കുടിയിൽ എത്തുന്നവർക്കായി ഏതാനും ചരിത്ര വസ്തുതകൾ -വിക്കിയിലില്ലാത്തത് - പല ലേഖനങ്ങളിലായി വായിച്ചതിൽ പ്രസക്തമെന്ന് എനിക്ക് തോന്നിയ ഏതാനും വിവരങ്ങൾ താഴെ പകർത്തുന്നു. എല്ലാം അറിയുന്ന 'ജഗന്നാഥർ' പൊറുക്കുക (സ്മൈലി)

'ഞാനും നീയും ഒരേ ചൈതന്യംതന്നെ' എന്ന അദ്വൈതസിദ്ധാന്തം ഭാരതത്തിലെമ്പാടും പ്രചരിപ്പിച്ചു കൊണ്ടു നടന്ന ആചാര്യ ശങ്കരൻ, ഒരിക്കൽ കാശിയിൽ വച്ച് ഒരു ചണ്ഡാളനോട് വഴിമാറാൻ പറഞ്ഞുവത്രേ. ആചാര്യരെ പരീക്ഷിക്കുവാൻ പറയന്റെ വേഷത്തിൽ വന്ന സാക്ഷാൽ ശങ്കരൻ അദ്ദേഹത്തോട് ചോദിച്ചു: "എല്ലാവരും ഒരേ ചൈതന്യം എന്ന നിലയിൽ തുല്യരായിരിക്കേ ആർ ആരിൽ നിന്ന് മാറണമെന്നാണ് അങ്ങ് ഉദ്ദേശിക്കുന്നത്?". ഇതിനുള്ള ഉത്തരമത്രേ 'മനീഷാപഞ്ചകം'. ശ്രീ ശങ്കരാചാര്യരുടെ 'മനീഷാപഞ്ചകം' എന്ന ലഘുകാവ്യമാണ് ജാതികുമ്മിയുടെ മൂലം.
ശങ്കരസ്മൃദിയിലെ പന്ത്രണ്ടാം അദ്ധ്യായത്തിലെ ഒരു അനാചാരത്തെ എഴുതി ചേർത്തിരിക്കുന്നത് ഇവിടെ കൂട്ടിച്ചേർക്കുന്നു. ശ്ലോകം എന്ന് ഭാഷ്യം.
"ശൂദ്രാദിസ്സർശനേ സ്നാനം
കുര്യശ്ശുദ്ധിമ ദീപ്സിവ:
അന്ത്യ ജാനാം സന്നികർഷേ
ചാപി മജ്ജനമാചരേൽ
ഈ മട്ടിൽ പോകുന്നു അതിലെ വിധികൾ. എഡി ഏഴാം നൂറ്റാണ്ടുവരെ വർണ്ണ വ്യത്യാസമില്ലാതെ ഇവിടെ നിലനിന്നിരുന്ന ബുദ്ധമതത്തെ തുരുത്തി ഇവിടെ ബ്രഹ്മണ്യം അതിന്റെ ആധിപത്യം സ്ഥാപിച്ചതിന്റെ രാഷ്ട്രീയപശ്ചാത്തലം പിടികിട്ടിക്കാണും.

കൊല്ലവർഷം 1078 നടുത്ത കാലഘട്ടത്തിൽ കെ.പി.കറുപ്പൻ കൊടുങ്ങല്ലൂർ കോവിലകത്തെ പഠനത്തിനു വേണ്ടി  കോവിലകത്തിനടുത്തുള്ള ആനാപ്പുഴയിൽ താമസ്സിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിനും 'പൊയ്യ' എന്ന ഗ്രാമത്തിനുമിടയിലെ കൊച്ചുഗ്രാമം - ആനാപ്പുഴ. അക്കാലത്ത് (1080) ശ്രീ ശങ്കരാചാര്യരുടെ  'മനീഷാപഞ്ചകം' സ്വാനുഭവങ്ങൾ കൂട്ടിച്ചേർത്തു കവി സോദ്ദേശ്യമായി വിവർത്തനം ചെയ്തിട്ടുള്ളതാണ് ജാതിക്കുമ്മി. 'അമ്മാനക്കുമമി' എന്ന നാടോടി വൃത്തത്തമാണ് സ്വീകരിച്ചത്. അക്കാലം മുതൽ ആനപ്പുഴയിലും സമീപപ്രദേശങ്ങളിലുമുള്ള തന്റെ സതീർത്ഥ്യരും മറ്റു സ്നേഹിതന്മാരും കൃതി ഹൃദിസ്ഥമാക്കിയിരുന്നു. അച്ചടി പുസ്തക രൂപത്തിൽ പുറത്ത് വന്നത് 1087 ൽ.

മലയാള സാഹിത്യത്തിൽ ഇത്തരം ഒരു പ്രസ്ഥാനം ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അതു കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥകൾ മാത്രമാണ്. അമ്പലവാസിയായ നമ്പ്യാർ പുരാണ കഥാ വ്യാജേന തന്റെ പരിചയത്തിൽപ്പെട്ട ബ്രാഹ്മണർ തുടങ്ങി നായന്മാർ വരെയുള്ള സവർണ്ണ സമുദായങ്ങളുടെ ചില ദുർനടപടികളെ പരിഹാസപൂർവ്വം വെളിച്ചത്തു വിളിച്ചോതി വർണ്ണാശ്രമധർമ്മത്തിനൊത്തു ജീവിക്കുവാൻ അവയിൽ പ്രേരിപ്പിച്ചിരുന്നു. കറുപ്പനാകട്ടെ, കുറച്ചു കൂടി വിശാലമായൊരു അന്തരീക്ഷത്തിലേക്ക് കടന്ന്, ജാതി സോപാനത്തിന്റെ ഏറ്റവും മുകൾതട്ടിലുള്ള ബ്രാഹ്മണർ തൊട്ട് അതിന്റെ ഏറ്റവും അടിത്തട്ടിലുള്ള പുലയർ പറയർ വരെയുള്ള മനുഷ്യ ജാതിയുടെ വൈകൃതജീവിതത്തെ മനീഷാപഞ്ചക വ്യാഖ്യാനം എന്ന വ്യാജേന സോപഹാസം വെളിപ്പെടുത്തി യഥാർത്ഥത്തിൽ സംഭവിക്കേണ്ട സർവസമുദായ മൈത്രിക്കും ഉൽക്കർഷത്തിനുമായി തന്റെ തൂലികയെ വ്യാപരിപ്പിച്ചിരിക്കുന്നു.

മനുഷ്യാവകാശവാദം മുഴക്കുന്ന ജാതിക്കുമ്മി അവശരും അവർണ്ണരുമായ വമ്പിച്ച ഒരു ജനവിഭാഗത്തിന്റെ മാഗ്നാകാർട്ടാ തന്നെയായിരുന്നു.

( കൂടുതൽ വായനക്കായി ജാതിക്കുമ്മി - ജന്മശതാബ്ദിപ്പതിപ്പ്, കേരള സാഹിത്യ അക്കാദമി )

അഭിപ്രായങ്ങളൊന്നുമില്ല:

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.